ഇല്ലായ്മകളില്‍ ഇത്തിരി ഈത്തപ്പഴം തന്ന ആ നോമ്പുകാലങ്ങള്‍
കുട്ടിക്കാലത്തെ കഥകള്‍ ഖബ്‌റോളം യാത്ര ചെയ്യും എന്ന് പറയുന്നുണ്ട് പി.കെ പാറക്കടവ് 'മീസാന്‍ കല്ലുകളുടെ കാവല്‍' എന്ന നോവലില്‍. കുഞ്ഞു കാലങ്ങളിലെ ഓര്‍മകളാണ് നമ്മുടെ തല ബലൂണാകാതെ നമ്മെ കാക്കുന്നത്. നോമ്പുകാല ഓര്‍മകള്‍ ചികഞ്ഞെടുക്കാനും എല്ലാവരും മണ്ടിപ്പാഞ്ഞ് ചെല്ലുന്നതും കുട്ടിക്കാലങ്ങളിലേക്ക്. നിഷ്‌കളങ്കതയുടെ നോമ്പ് നേരങ്ങള്‍ പങ്കുവെക്കുന്നു തുഷാരത്തുള്ളികള്‍ ബ്ലോഗില്‍ (tkkareem.blogspot.in) കരീം മാഷ്.
''നോമ്പ് കാലം വന്നാല്‍ അതൃപ്പത്തോടെ കോഴിക്കോട് ചന്തയില്‍നിന്ന് കാരക്ക വാങ്ങിക്കൊണ്ട് വരുന്നത് വല്ല്യുപ്പ. അതൊരു മാസത്തേക്ക് വീട്ടംഗങ്ങള്‍ക്കെല്ലാം എല്ലാ നോമ്പിനും നോമ്പു തുറക്ക് തൊട്ടുമുമ്പേ തലയെണ്ണി വീതം വെക്കുന്നത് വല്ല്യുമ്മ.
പരാതിക്കിടയാക്കാതെ അത് തുല്യമായി പങ്കിടുമ്പോള്‍ ഒരാള്‍ക്ക് കിട്ടുന്നത് ഒരു തുണ്ട്...
ആ കാരക്ക തുണ്ടും കീശയിലിട്ട് മഗ്‌രിബ് ബാങ്ക് കൊടുക്കാന്‍ മാനം ചോക്കുന്നതും കാത്ത്, ഏലംകുളത്തുകാരുടെ ഒറവു കണ്ടത്തിന്റെ നടുക്കുള്ള കരിമ്പാറയില്‍ ഞങ്ങള്‍ കുട്ടികള്‍ മലര്‍ന്നു കിടക്കും. മാനത്തൊഴുകുന്ന മേഘക്കീറുകളില്‍ ഇഷ്ടരൂപങ്ങള്‍ സങ്കല്‍പ്പിച്ച്, ആ രൂപത്തിലേറി സങ്കല്‍പ്പ സവാരി നടത്തി പരസ്പരം മത്സരിക്കാറുണ്ടായിരുന്ന ബാല്യകാലം. ചക്കിലാട്ടിയ പരിശുദ്ധമായ വെളിച്ചെണ്ണയില്‍ പൊരിച്ചെടുത്ത പുഴവാള മീനിന്റെ നടുക്കഷ്ണം കൂട്ടിയുള്ള അത്താഴമുണ്ടുള്ള റമദാന്‍ നോമ്പെടുക്കല്‍... എല്ലാം ഇന്നത്തെപോലെ തോന്നുന്നു.
ഇപ്പോഴും കാരക്കയുടെ പുറന്തൊലി കാണുമ്പോള്‍ വല്യുപ്പാന്റെ വാര്‍ധക്യം ബാധിച്ച വിരലുകള്‍ ഓര്‍മ വരും. മടിയില്‍ ചേര്‍ത്ത് നിര്‍ത്തി മേലാസകലം സ്‌നേഹത്തോടെ ഒഴുകി നീങ്ങുന്ന ശുഷ്‌കിച്ച വിറയാര്‍ന്ന വിരലുകള്‍. ബാല്യകാല വികൃതിയുടെ ബാക്കിപത്രമായി ഞങ്ങള്‍ കുട്ടികളുടെ മൃദുല മേനിയില്‍ പുതുതായി രൂപം കൊണ്ട മുറിപ്പാടുകള്‍ തലോടി കണ്ടുപിടിച്ച് അവിടെ വിരലുകളുടെ ചലനം ഇത്തിരിനേരം നിര്‍ത്തി വല്ല്യുപ്പ മെല്ലെ ചോദിക്കും...
'ഇന്നാരുമായിട്ടാ സ്‌കൂളില്‍ അടിയുണ്ടാക്കിയത്...?'
കാരക്കയുടെ കൊതിക്കെറുവില്‍ വല്യുമ്മാനെ പറ്റി പരാതി പറയുമ്പോള്‍, തൊടിയില്‍ നില്‍ക്കുന്ന പന ചൂണ്ടി വല്യുപ്പ പറയും. 'അറബ് നാട്ടില്‍ ഇതുപോലെ ഒരുപാട് ഈന്തപ്പനയുണ്ട്. അതിലൊക്കെ ഒരുപാട് കുലകളുണ്ട്. ആ കുലകളിലെ ഈത്തപ്പഴം വെറുതെ പഴുത്ത് ചാടിപ്പോവുകയാണ്. വലിയൊരു ചാക്കുമായിപ്പോയാല്‍ അതൊക്കെ പെറുക്കിക്കൊണ്ടുവരാം. വല്യ ആളായിട്ട് നീ ഒരുപാട് പെറുക്കിക്കൊണ്ട് വരണം....'
* * * *
പത്ത് പന്ത്രണ്ട് കൊല്ലം മുമ്പത്തെ ഒരു നോമ്പ്കാലം ഓര്‍ത്തെടുക്കുന്നു മുഖ്താര്‍ ഉദരംപൊയില്‍, 'മുഖ്താറിയനിസം' ബ്ലോഗില്‍ (Muktharuda.blogspot.in).
''അത് അഞ്ചാമത്തെ നോമ്പായിരുന്നു. മഗ്‌രിബ് നമസ്‌കരിച്ച് പുറത്തിറങ്ങിയപ്പോള്‍ ഒരാള്‍ കുശലാമ്പേഷണത്തിന് എത്തി.
'ഇങ്ങ് ബരീന്ന്. ഞമ്മക്കിന്ന് പൊരീല് കൂടാം'
അയാളെന്റെ കൈയും പിടിച്ച് നടന്നു.
'ഹോട്ടലീന്നാണോ എന്നും'
'ങ്ഹാ..'
'ഇങ്ങക്ക് എന്നും പൊരീല് പോരാല്ലോ... മഗ്‌രിബിനിവ്‌ടെ വന്നാമതി. ഞാന്ണ്ടാവും...'
നടക്കുമ്പോള്‍ ഹൃദയത്തില്‍ ആനന്ദം. സന്തോഷം. ദൈവത്തിന് സ്തുതി. നന്നായൊന്ന് ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി. റമദാന്‍ തുടങ്ങുന്നതിന് മുമ്പും എനിക്ക് നോമ്പുകാലമായിരുന്നു. കൈയില്‍ അഞ്ച് പൈസയില്ല. കുറ്റിച്ചിറ മദ്‌റസയിലാണ് ജോലി. താമസവും അവിടെത്തന്നെ. നാനൂറ് രൂപയാണ് മാസ ശമ്പളം. പകല്‍ പഠനം. കോഴിക്കോട് യൂനിവേഴ്‌സല്‍ ആര്‍ട്‌സില്‍...
മറ്റുള്ളവരോട് പട്ടിണിയും പായാരവും പറയുന്നതിനോട് മനസ്സ് പാകപ്പെട്ടില്ല. ഇല്ലെങ്കിലും ഉള്ളത് പോലെ നടന്നു. അടുത്തറിയുന്നവരില്‍ നിന്ന് മാത്രം പറ്റെ കുടുങ്ങിയ നേരത്ത് അഭിമാനം പണയം വെച്ചു.
മദ്‌റസാ കമ്മിറ്റിക്കാര്‍ക്ക് ഞങ്ങള്‍ കൃത്യസമയത്ത് മദ്‌റസയിലെത്തിയാല്‍ മാത്രം മതി. വേറെയൊന്നും അവരറിയില്ല.
ഞാനങ്ങനെ അയാളുടെ വീട്ടിലെത്തി. മറച്ച് കെട്ടിയ ഒരൊറ്റ മുറി വീട്. വലിയങ്ങാടിയില്‍ പഴയ ചാക്ക് തുന്നുന്ന പണിയാണയാള്‍ക്ക്. ഊഷ്മളമായ സ്വീകരണം. നിലത്ത് പായ വിരിച്ച് വട്ടമിട്ടിരുന്നു. പത്തിരി, ഇറച്ചിക്കറി, സമൂസ. ചായ... എന്തൊരു സ്വാദ്... ഇത്ര നല്ലൊരു നോമ്പുതുറ മുമ്പുണ്ടായിട്ടില്ല... ശേഷവും.. ഓരോ നോമ്പുകാലവും ഓരോ നോമ്പ്തുറയും ആ സ്‌നേഹവിരുന്നിന്റെ ഓര്‍മപ്പെടുത്തലാണെനിക്ക്. ഇല്ലായ്മകള്‍ക്കിടയിലും അന്യനെ ഊട്ടുന്നതില്‍ സംതൃപ്തി കണ്ടെത്തുന്ന ഇത്തരം മനുഷ്യര്‍ ജീവിച്ചിരിക്കുന്നത് കൊണ്ടാകാം അല്ലാഹു അന്ത്യനാള്‍ നീട്ടിക്കൊണ്ട് പോകുന്നത്.''
* * * *
'അത്താഴം മുട്ടി'കള്‍ക്കൊപ്പം കാലവും എത്ര വേഗമാണ് പടിയിറങ്ങിപ്പോകുന്നതെന്ന് പറയുന്നു 'എന്റെ നുറുങ്ങു കിനാക്കള്‍' ബ്ലോഗില്‍ സക്കീനാ ഫൈസല്‍ (Sakeenafaisal.blogspot.in).
''നോമ്പിനെക്കുറിച്ചുള്ള ഓര്‍മകള്‍ തുടങ്ങുന്നത് തന്നെ അത്താഴം മുട്ടികളില്‍ നിന്നാണ്. അത്താഴം മുട്ടികളെന്നാല്‍ മുട്ടിപ്പാടി പുലര്‍ച്ചെ വീടുകളിലെത്തി വിളിച്ചുണര്‍ത്തുന്നവര്‍ എന്നര്‍ഥം.
റമദാന്‍ പടിവാതില്‍ക്കല്‍ വന്നുനില്‍ക്കുകയാണ്. അന്നേരം ആണുങ്ങളാരും വീട്ടിലുണ്ടാകില്ല. മാസം കണ്ടോന്ന് അറിയാന്‍ പോയതാണ്. മാനത്ത് ചന്ദ്രിക കണ്ടാലേ റമദാന്‍ പിറന്നത് തീര്‍പ്പ് കല്‍പ്പിക്കാനാകൂ...
നാട്ടില്‍ ചുരുക്കം വീടുകളിലേ റേഡിയോ ഉണ്ടാവൂ. ഫോണ്‍ പ്രമുഖ പള്ളികളില്‍ മാത്രം. ടി.വി ഇല്ലേയില്ല. അടുത്ത് റേഡിയോ ഉള്ള വീട്ടിലാകും നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും.
'ആകാശവാണി.. ഒരു പ്രത്യേക അറിയിപ്പ്.. കോഴിക്കോട് വെള്ളയില്‍ കടപ്പുറത്ത് റമദാന്‍ മാസപ്പിറവി കണ്ടതായി സംയുക്ത ഖാസിമാരായ.....'
അല്‍ഹംദുലില്ലാഹ്... മാസം കണ്ടേ... പിന്നെ ഒരാര്‍പ്പാണ്. അടുക്കളയില്‍ ഇത്താത്തമാരെല്ലാം ചര്‍ച്ചയിലായിരിക്കും... കഴിഞ്ഞ തവണ നോമ്പ് നോറ്റവരില്‍ ആരൊക്കെ പോയീന്നും ആരൊക്കെ ജീവിച്ചിരിപ്പുണ്ടെന്നും ആരെയൊക്കെ കെട്ടിച്ചുവിട്ടുവെന്നും... അപ്പോള്‍ ഉമ്മയുടെ പ്രാര്‍ഥന കേള്‍ക്കാം...
'യാ റബ്ബീ... വര്ന്ന നോമ്പിന് ആരൊക്കെയുണ്ടാവൂന്ന് ആര്‍ക്കറിയ്യ്വാ... തമ്പുരാനേ, കാത്തോളണേ... നോമ്പ് നോല്‍ക്കാനുള്ള അനുഗ്രഹം തന്ന്, ഒടുക്കം ഈമാനോടെ മരിപ്പിച്ച് ജന്നാത്തുല്‍ ഫിര്‍ദൗസില്‍... അള്ളാ ഞങ്ങളെ ഒരുമിച്ച് കൂട്ടണേ...''
mehdmaqbool.blogspot.in
Comments