Prabodhanm Weekly

Pages

Search

2013 ജൂലായ് 19

വ്രതശുദ്ധിയുടെ ശരീരസാക്ഷ്യം

പി.ടി കുഞ്ഞാലി

''താങ്കള്‍ തന്റെ നാഥന്റെ മാര്‍ഗത്തില്‍ സമര്‍പ്പിത പ്രയത്‌നം ചെയ്യുക. അപ്പോള്‍ ഈ കര്‍മശ്രീഘ്രത്തിനൊടുവില്‍ തന്റെ രക്ഷിതാവിനെ കണ്ടുമുട്ടുക തന്നെ ചെയ്യും.'' വിശ്വാസിയുടെ ജീവിതത്തില്‍ ഒരു നിയോഗമേ ഉള്ളൂ. തന്റെ ദൈവത്തെ ആഹ്ലാദചിത്തനായി കണ്ടെത്തുക. ഭൗതികലോകത്തുവെച്ചാണ് യഥാര്‍ഥത്തില്‍ ഈ കണ്ടെടുക്കല്‍ സംഭവിക്കേണ്ടത്. ഇതാണ് കര്‍മലോകം. ഫലമെടുക്കേണ്ടതാണ് മറുലോകം. വിളവെടുക്കണമെങ്കില്‍ കൃഷിയിറക്കേണ്ടതുണ്ട്. ഇതു ജീവിതമാകുന്ന കാര്‍ഷിക വൃത്തിയാണ്. ജീവിതത്തിലെ കിളയും വിതയും നടക്കേണ്ട ഞാറ്റുവേലക്കാലമാണ് ഭൗതികലോകം. ഏതു കൃഷിയും കൃത്യനിഷ്ഠയുള്ളതാണ്. സമയവും താളവും രാശിചക്രങ്ങളും സൂക്ഷിച്ചു ചെയ്തുതീര്‍ക്കേണ്ടത്. ഇല്ലെങ്കില്‍ കതിര് പതിരാവും. വിള കളയാകും. ക്ഷയിക്കാത്ത കര്‍മവേഗമാണ് കൃഷി; ജീവിതവും. ആത്മഹര്‍ഷത്തോടെ ഭൂമിയില്‍ നിന്നും തിരിച്ചുപോകണമെങ്കില്‍ ഭൂമിയിലെ ജീവിതകൃഷി ഉചിതവിധമാകണം.
വിശാസവും തദനുസാരം വികസിക്കുന്ന കര്‍മകാണ്ഡവും ഒരിക്കലും അനായാസകരമല്ല. അതൊരു കഠിനയത്‌നം തന്നെയാണ്. ക്ലേശകരവും. കേവല വിശ്വാസത്തിലല്ല കര്‍മലോകത്താണ് ക്ലേശം യാഥാര്‍ഥ്യമാകുന്നത്. ക്ലേശത്തിനു ശേഷമാണ് എളുപ്പമുള്ളത്. ''ദൈവമാര്‍ഗത്തില്‍ നിങ്ങള്‍ കര്‍മം ചെയ്യുക; ഉചിതമായ കര്‍മം.''
ഇസ്‌ലാമിക സാമൂഹികതയുടെ വര്‍ണാഭമായ ആവിഷ്‌കാരങ്ങള്‍ കൊണ്ടുവന്നത് വിശ്വാസി സമൂഹത്തിന്റെ സഹനവും സമര്‍പ്പണവും തന്നെയാണ്. അപ്പോള്‍ സാമൂഹികപരിവര്‍ത്തനം ഭൗതികലോകത്തിലും ആത്മീയമോക്ഷം മറുലോകത്തിലും ഒരുപോലെ സമാര്‍ജിക്കാന്‍ വിശ്വാസികള്‍ക്ക് സാധിക്കും. അതിനവര്‍ കണിശമായ അനുശീലനങ്ങളിലൂടെ നടന്നുപോകേണ്ടതുണ്ട്. ഇസ്‌ലാം വിശ്വാസികള്‍ക്കേര്‍പ്പെടുത്തിയത് മനസ്സും ശരീരവും ചേരുന്ന സമ്യക്കായ അനുശീലനമാണ്. ഇതിന്റെ മനോഹരമായ ആവിഷ്‌കാരമാണ് വ്രതശുദ്ധികാലം.
മനുഷ്യന്‍ ഏറ്റെടുത്ത ഉത്തരവാദിത്വം അത്രമേല്‍ പ്രോജ്ജ്വലമാണ്. അതുകൊണ്ടാണ് മാലാഖമാര്‍ അതു വിസമ്മതിച്ചത്. അവര്‍ ആത്മീയജീവികളാണ്. ഭൗതികലോകത്തിന്റെ പിണ്ഡമാനങ്ങള്‍ അവര്‍ക്ക് ബാധകമല്ല. ഭൗതികപ്രധാനമായ ലക്ഷ്യം കൂടി ഇസ്‌ലാം അതിന്റെ സംബോധനയില്‍ ഉള്‍പ്പെടുത്തുന്നു എന്നതുകൊണ്ട് അവര്‍ക്കതു പൂര്‍ത്തിയാക്കല്‍ അസാധ്യമാണ്. ഇസ്‌ലാമാകട്ടെ ആകാശത്തുനിന്ന് ഭൂമിയെ പുല്‍കുകയും ഭൂമിയില്‍ നിന്ന് ആകാശത്തെ പുണരുകയും ചെയ്യുന്നു. ഇങ്ങനെ ഒരു സമന്വയ നിയോജകമണ്ഡലത്തെ സംബോധന ചെയ്യാന്‍ മനുഷ്യര്‍ക്ക് മാത്രമേ സാധ്യമാകൂ. അതുകൊണ്ടാണ് മനുഷ്യനെ അതേല്‍പ്പിച്ചതും അവന്‍ അതേറ്റതും. ഈ ദൗത്യം മഹത്തരമാണ്. ഈയൊരു നിയോഗപ്രാപ്തി സിദ്ധമാകാന്‍ അതിനനുരോധമായ അനുശീലനത്തിലൂടെ അയാള്‍ കടന്നുപോകണം. ശരീരവും മനസ്സും ഒന്നിച്ചു പങ്കുചേരുന്ന അനുശീലനം. വ്രതകാലത്തില്‍ ഉള്ളടങ്ങുന്നത് ആത്മാവിന്റെ പ്രാര്‍ഥനയും ശരീരത്തിന്റെ ഉപവാസവുമാണ്. അഥവാ ശരീരബദ്ധമായ പ്രാര്‍ഥനയാണ് ഉപവാസം. തന്റെ സ്രഷ്ടാവിലുള്ള അഗാധമായ വിശ്വാസത്തില്‍ ഊന്നിയ പ്രതീക്ഷാനിര്‍ഭരമായ ഉപവാസ യത്‌നം. അതു വിശ്വാസിയുടെ ആത്മബോധത്തിലേക്ക് പ്രക്ഷേപിക്കുന്ന ഊര്‍ജപ്രസരം അത്ഭുതാവഹമായിരിക്കും. അപ്പോഴവര്‍ക്ക് ഇരമ്പുന്ന സമുദ്രങ്ങളെ കൊതുമ്പുനാവികവള്ളങ്ങള്‍ കൊണ്ടു മറിച്ചിടാന്‍പറ്റും. ഇങ്ങനെ ആത്മാവിനെയും ശരീരത്തെയും ഒരേപോലെ വിമലീകരിച്ചപ്പോഴാണ് മദീന നഗരം ലോകത്ത് വിസ്മയങ്ങള്‍ തീര്‍ത്തത്. ഉപവാസത്തിന്റെ പ്രഥമപരിഗണന പകലറുതി നീളുന്ന ഭക്ഷണത്തിന്റെ തിരസ്‌കാരം തന്നെയാണ്. വ്രതം അറുക്കേണ്ടത് ആഹാരശേഷിയുടെ അതിലാളിത്യത്തിലായിരിക്കണമെന്ന് നിരീക്ഷിച്ചതും വെറുതെയല്ല.
ലോകത്തെവിടെയും സാമൂഹിക പരിവര്‍ത്തന യത്‌നം വിജയിച്ചത് അവര്‍ ഭൗതികസമൃദ്ധി പ്രാപിച്ചതിനു മുമ്പാണ്. സമൂഹത്തിന്റെ അതിസമൃദ്ധി പ്രതിലോമപരമൂല്യങ്ങളെ ഉല്‍പാദിപ്പിക്കും. മറിച്ച് വ്രതം സൃഷ്ടിക്കുന്ന ആഹാരസൂക്ഷ്മത ശരീരത്തിന്റെ ആത്മീയശുദ്ധിയാണ്. വ്രതദിനങ്ങള്‍ ആത്മീയ പ്രധാനങ്ങള്‍ കൂടിയാണ്. അത് ഭൗതിക പ്രകടനങ്ങള്‍ കൂടിയാണ്. സാമൂഹിക നിയമങ്ങള്‍ നൃത്തം ചെയ്യാത്ത ജീവിതാലസ്യങ്ങള്‍ക്ക് നടുവിലാണ് വെളിപാടുകള്‍ ഇറങ്ങി വന്നത്. കൊള്ളയും കൊലവെറിയും നിരങ്ങിനടന്ന ജീവിതാഘോഷത്തിന്റെ സമതലത്തില്‍ നിന്നാണ് പ്രവാചകത്വത്തിന്റെ പൊന്‍മലകള്‍ കയറി മുഹമ്മദ് ഗുഹയുടെ ഗഹനതയില്‍ അഭയമന്വേഷിച്ചത്. അവിടെ അദ്ദേഹം മോഹിച്ചത് ആത്മാവിന്റെ ആഹാരമാണ്. ശരീരത്തിന്റെയല്ല. അന്ന് ആ ഗുഹാഗഹനതയില്‍ ലഭിച്ചതാണ് കാലദീര്‍ഘത്തിലൂടെ ഗമനം ചെയ്യുന്ന മനുഷ്യാനുഭവത്തിന്റെ സംഘര്‍ഷസാന്ദ്രതക്കൊരു ശമനം. ഈയൊരു ശമനം കൊണ്ടുവന്നത് പരമമായ വിശ്വാസവും അപാരമായ സമര്‍പ്പണവും ചേര്‍ന്ന ആത്മീയ അനുഭൂതിയും ഒപ്പം വിശപ്പ് എന്ന തീക്ഷ്ണമായ ഭൗതികാവസ്ഥയുമാണ്.
സാമൂഹിക പരിവര്‍ത്തനത്തിന് ഒരായുധം വിശപ്പുതന്നെയാണ്. അഥവാ ആത്മീയതയുടെ ഭൗതികാവിഷ്‌കാരങ്ങളെ ത്വരിപ്പിക്കുക വിശപ്പ് എന്ന ത്വരകമായിരിക്കും. അതുകൊണ്ടാണ് കുടിലഭരണരൂപങ്ങളെ മറിച്ചിട്ട കലാപങ്ങള്‍ക്ക് വിശപ്പ് ഉപാദാനമായത്. ഭൗതികമായ നിരവധി സ്വപ്നസിദ്ധാന്തങ്ങളെ ഉല്‍പാദിപ്പിച്ചതും അതിന്റെ ആവിഷ്‌കാരത്തിനായി ബലിദാനങ്ങള്‍ സംഭവിച്ചതും വിശപ്പില്‍ നിന്നുള്ള വിമോചനം തേടിയാണ്. ഈ വിമോചനം അതിസമൃദ്ധിയിലേക്ക് വഴിതുറക്കുമ്പോഴാണ് വീണ്ടും പതിതദാരിദ്ര്യത്തിലേക്ക് വീണു പോകുന്നത്.
ഇസ്‌ലാം ഒരിക്കലും സമൃദ്ധിയെ ആഘോഷമാക്കുന്നില്ല. ദാരിദ്ര്യവും വിശപ്പും ഒട്ടും സംഭവിക്കാതെ സുഖദായകമായൊരു ലോകത്തിന്റെ സമൃദ്ധസാധ്യത അനന്തമായി അനുഭവിക്കാന്‍ ഈ ലോകത്തിന്റെ ത്രിമാനങ്ങളും ഇന്ദ്രിയങ്ങളും അപര്യാപ്തമാണ്. മാത്രമല്ല അതിസമൃദ്ധത ആലസ്യത്തിലേക്കും ആകര്‍മണ്യതയിലേക്കും ശീഘ്രം വഴുതിനില്‍ക്കും. അതുകൊണ്ടാണ് 'ഞാന്‍ ആശങ്കിക്കുന്നത് നിങ്ങളുടെ സമൃദ്ധിയെയാണ്' എന്ന് പ്രവാചകന്‍ നിരീക്ഷിച്ചത്. 'നിങ്ങളില്‍ ഇരുപതുപേര്‍ ഇരുനൂറാളുകള്‍ക്ക് മതിയായിരുന്നു, എന്നാലിന്ന് നിങ്ങളില്‍ നൂറുപേര്‍ക്കേ ഇരുനൂറ് ശത്രുക്കളെ തുരത്താന്‍ പറ്റൂ, കാരണം ഞാന്‍ നിങ്ങളില്‍ ബലക്ഷയം കാണുന്നു' എന്നു ഖുര്‍ആന്‍ നിരീക്ഷിക്കുന്നത് ബദ്‌റും ഉഹുദും പിന്നിട്ട് മദീനയിലെ സമൃദ്ധി വന്നുതുടങ്ങിയ കാലത്താണ്. സമൃദ്ധിയുടെ ആഘോഷം പ്രകടിത ശേഷിയില്‍ ക്ഷതം വരുത്തും. ക്ഷേമകാലം അങ്ങനെയാണ് വിശ്വാസികളില്‍ ദൗര്‍ബല്യം പണിതത്. അത് ഭൗതികസന്നാഹസമൃദ്ധത സൃഷ്ടിക്കുന്ന അലസതയാണ്. ജീവിതപ്രയാണത്തിലും ആഹാരസമൃദ്ധതയിലും മിതത്വത്തെപ്പറ്റി ഇസ്‌ലാം പേര്‍ത്തും പറയുന്നതിലെ യുക്തിയിതാണ്. ഭൗതികലോകത്ത് ഇസ്‌ലാം മുന്നോട്ടുവെക്കുന്ന സാമൂഹിക വ്യവസ്ഥയില്‍ ആര്‍ഭാടത്തിന്റെ പൊലിവോ കൊണ്ടാട്ടമോ ഇല്ല. പകരം ഉചിതവും മിതവും. ആര്‍ഭാടം കൊണ്ടുവരുന്ന പരിവര്‍ത്തനം പ്രതിലോമപരമാണ്. അത് നമ്മുടെ സര്‍വവിശുദ്ധ ലക്ഷ്യങ്ങളെയും അട്ടിമറിച്ചുകളയും. ഇതിനര്‍ഥം നല്ല ഭക്ഷണവും ശുദ്ധവസ്ത്രങ്ങളും വീടും വാഹനങ്ങളും ഉപേക്ഷിക്കണം എന്നല്ല. ഇതൊക്കെയും ലോഭമില്ലാതെ നമുക്കാകാവുന്നതാണ്. സമ്പാദനം ഉചിതവിഹിതവും വിനിമയം കൂലീനവുമാകണമെന്നേയുള്ളൂ. എന്നാല്‍ ആര്‍ഭാടവും പൊങ്ങച്ചവും അങ്ങനെയല്ല.
വിശ്വാസികള്‍ ഭൂമിയില്‍ മാന്യമായി സഞ്ചരിക്കുന്നവരാണ്. ഈ യാത്ര ജീവിതമെന്ന മഹാസഞ്ചാരത്തിലെ പൊതുവിനയസങ്കല്‍പ്പം തന്നെയാണ്. വിശപ്പും ദാഹവും സ്വയം ഏറ്റുവാങ്ങി അനുശീലിപ്പിക്കേണ്ട ഒരു സന്നദ്ധതയെ പ്രമാണങ്ങളുടെ സാങ്കേതികവിടവുകളിലൂടെ നാം നിര്‍ദയം അട്ടിമറിച്ചു കളയുന്നു. ഭക്ഷണത്താമ്പാളത്തിനുമുമ്പില്‍ പാലിക്കേണ്ട 'അമലിയ്യാത്തി'ലെ 'അദബി'നപ്പുറം ഭക്ഷണസംസ്‌കാരത്തിലെ യഥാര്‍ഥ അദബിലേക്ക് വിശ്വാസികളുടെ പ്രമാണമണ്ഡലം വികസിക്കുന്നില്ല.
രണ്ടു രീതിയിലാണ് റമദാനില്‍ നമ്മുടെ ആഹാര രൂപങ്ങളെ മറിച്ചിട്ടത്. കഴിപ്പിലെ ആര്‍ഭാടവും മറ്റൊന്ന് വെപ്പിലെ ആര്‍ഭാടവും. പകലന്തിയോളം വ്രതം ശീലിച്ചു സന്ധ്യയോടെ മാംസവും മത്സ്യവും മുട്ടയും ഹാരങ്ങളും വനസ്പതിയും വൈവിധ്യമാര്‍ന്ന രുചിസംവര്‍ധക ചേരുവകളും കൊണ്ടുള്ള ആറാട്ടുമേളം. ഇതൊന്നുമില്ലെങ്കില്‍ നമ്മുടെ ബാല്യകൗമാരങ്ങള്‍ തീന്‍മേശക്കരികില്‍ വന്നിരിക്കുകയില്ലത്രേ. തുടര്‍ച്ചയായ മാംസാഹാര മേധം നമ്മുടെ ശരീരഘടനയ്ക്ക് പറ്റിയതല്ല. ഈ തെളിഞ്ഞ അറിവിനെ ആയത്തും ഹദീസും ചൊല്ലി നാം തോല്‍പ്പിച്ചുകളയുന്നു. ബിരിയാണിയും എണ്ണയില്‍ മുങ്ങിച്ചീര്‍ത്ത രുചിപലഹാരങ്ങളും റമദാന്‍ പതിവാഹാരമായിരിക്കുന്നു. അപായകരമായ മസാലകള്‍ ചേര്‍ത്ത ഇത്തരം ഭക്ഷണസമൃദ്ധി റമദാന്‍ കാലത്ത് നമ്മുടെ ദൗര്‍ബല്യമാണ്. ലക്ഷക്കണക്കിന് ആടുമാടുകളും കോഴിവണ്ടികളുമാണ് ദിനേന കേരളത്തിലേക്കൊഴുകുന്നത്. സ്റ്റിറോയിഡുകള്‍ ഉള്‍പ്പെടെ നിരവധി രാസമാലിന്യങ്ങള്‍ അടിഞ്ഞുകൂടിയ മൃതപ്രായമായ ഈ ജീവികളുടെ മുഴുത്ത ശരീരഭാഗങ്ങള്‍ വൈവിധ്യമാര്‍ന്ന പേരുകളിലും ചേരുവകളിലും പൊതിഞ്ഞു നമ്മുടെ രസമുകുളങ്ങളെ ത്രസിപ്പിച്ചു തീന്‍മേശകളില്‍ പുലരുവോളം ഒഴുകിനടക്കുന്നു. ഇതുണ്ടാക്കുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ ഒരു പള്ളി മിമ്പറുകളിലും ചര്‍ച്ചയായില്ല.
കഴിപ്പിലെ ധൂര്‍ത്ത് മാത്രമല്ല വെപ്പിലെ ആര്‍ഭാടവും മുസ്‌ലിം വീടുകളിലും നോമ്പുതുറ തിമിര്‍ക്കുന്ന പൊതു സങ്കേതങ്ങളിലും ഇരമ്പുകയാണ്. നിരവധി ഇനം മാംസാഹാരങ്ങള്‍ ഒരു നോമ്പുതുറ സദ്യവട്ടങ്ങളിലും ഉണ്ടാവുന്നതു ഇസ്‌ലാമികമാവുകയില്ല. ഒഴിഞ്ഞ വയറില്‍ ഇത്രയും നിക്ഷേപിക്കുന്നത് അകര്‍മണ്യതയിലേക്കും മഹാമാരിയിലേക്കും നമ്മെ കൊണ്ടെത്തിക്കും. മാത്രമല്ല സാമൂഹിക നവോത്ഥാനത്തിന്റെ കര്‍മമണ്ഡലത്തില്‍ ദൗര്‍ബല്യങ്ങള്‍ ഏശാതെ സജീവമാകാന്‍ പറ്റാതെ വരും. അതുകൊണ്ടു വ്രതകാലഭക്ഷണം ലളിതവും സുഭഗവുമായിരിക്കണം. സമ്പന്നര്‍ നോമ്പുതുറക്ക് ഭക്ഷ്യമേളകള്‍ സംഘടിപ്പിച്ചു സാധുക്കളെ ഭയപ്പെടുത്തരുത്. സൗഹൃദത്തിന്റെയും പുണ്യമോഹത്തിന്റെയും ഉണരുന്ന പാരസ്പര്യങ്ങളായി ഇത്തരം സദസ്സുകളെ ആവിഷ്‌കരിക്കാന്‍ സാധാരണക്കാര്‍ക്ക് പറ്റാതെ വരും. ജീവിതത്തിന്റെ നിയോഗസൂത്രങ്ങള്‍ മറന്ന് സദ്യവട്ടങ്ങളുടെ മേദസ്സില്‍ പുളക്കുന്ന വിശ്വാസിക്ക് തന്റെ കര്‍മകാണ്ഡപ്പെരുമകള്‍ താങ്ങാന്‍ കഴിയാതെ വരും. ഇസ്‌ലാം ആവിഷ്‌കരിക്കാന്‍ ഉദ്ദേശിച്ച സാമൂഹികനിര്‍മിതി തുരന്നു തകര്‍ക്കുന്ന ക്ഷുദ്രകളായി നമ്മുടെ കര്‍മങ്ങള്‍ മാറാന്‍ പാടില്ല. വിശുദ്ധിയും വിമലീകരണവും മനസ്സിനുമാത്രം പോര. ശരീരത്തിനും വേണം. അപ്പോഴേ ഭൂമിക്ക് ആകാശത്തെ പുണരാന്‍ പറ്റൂ. ആകാശത്തിനു ഭൂമിയെ പുല്‍കാനും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 92-98
എ.വൈ.ആര്‍