'അഹ്‌ലന്‍ യാ റമദാന്‍' കണ്ണും കാതും കരളും റമദാന് നേരെ തിരിച്ച് ലോക മുസ്ലിംകള്‍
'അഹ്‌ലന്‍ യാ റമദാന്‍' കണ്ണും കാതും കരളും റമദാന് നേരെ തിരിച്ച് ലോക മുസ്ലിംകള്‍
ഒരിക്കല്‍കൂടി ലോക മുസ്‌ലിം സമൂഹം വിശുദ്ധ റമദാനെ അതിരറ്റ ആദരവോടെ വരവേറ്റു. പതിവുപോലെ ചില മുസ്‌ലിം രാഷ്ട്രങ്ങള്‍ ഗോള ശാസ്ത്രമനുസരിച്ച് റമദാന്‍ ആരംഭം മുമ്പെ പ്രവചിച്ചപ്പോള്‍ ഭൂരിഭാഗവും മാനത്ത് റമദാന്‍ പൊന്നമ്പിളിയുടെ കീറ് കാണാന്‍ കാത്തിരുന്നു. ഗോളശാസ്ത്ര പ്രവചനങ്ങള്‍ക്കെതിരെ മാധ്യമങ്ങളില്‍ ചര്‍ച്ചകളും സാധാരണപോലെ നടന്നു. എന്നാല്‍ ഗോളശാസ്ത്ര പ്രവചനം നടത്തിയവരും നോമ്പെടുത്തത് 'മാസം' കണ്ട ശേഷം.
അറബ് വസന്തശേഷം വന്നണഞ്ഞ വിശുദ്ധ റമദാന്‍ മുസ്‌ലിം ലോകത്ത് പുതിയ പ്രതീക്ഷകള്‍ സമ്മാനിക്കേണ്ടതായിരുന്നുവെങ്കിലും ഈജിപ്തില്‍ പട്ടാളവും തല്‍പ്പരകക്ഷികളും ചേര്‍ന്നൊഴുക്കിയ രക്തപ്പുഴ അതിന് മങ്ങലേല്‍പ്പിച്ചു. സിറിയന്‍ ഏകാധിപതി നടത്തിവരുന്ന കൂട്ടക്കൊലയും മിഡിലീസ്റ്റിന്റെ റമദാന്‍ മുറിവുതന്നെ. റോഹിങ്ക്യകളുടെ രോദനങ്ങളും ഫലസ്ത്വീനിലെ പുതിയ സാഹചര്യങ്ങളുമെല്ലാം പ്രത്യേക പ്രാര്‍ഥന അര്‍ഹിക്കുന്നു.
യൂറോപ്പിലും അമേരിക്കന്‍ നാടുകളിലുമെല്ലാം മുസ്‌ലിം കൂട്ടായ്മകള്‍ വിവിധ സേവന പ്രവര്‍ത്തനങ്ങളുമായി റമദാനെ എതിരേറ്റു. മിക്കവാറും എല്ലാ ഗള്‍ഫ് നാടുകളിലും വിശാലമായ ഇഫ്ത്വാര്‍ ടെന്റുകള്‍ നോമ്പുകാരെയും കാത്ത് നാളുകള്‍ക്ക് മുമ്പ് തന്നെ തയാറായിരുന്നു. പ്രിന്റ്, ഇലക്‌ട്രോണിക്, സോഷ്യല്‍ മീഡിയയില്‍ റമദാന്‍ വിശേഷങ്ങളുമായി ചര്‍ച്ചകളും ഫീച്ചറുകളും പരന്നൊഴുകി. ഗള്‍ഫ് മലയാളികളുടെ പ്രഭാതഭേരിയായ ഗള്‍ഫ് മാധ്യമം 'അഹ്‌ലന്‍ റമദാന്‍' എന്നപേരില്‍ സ്‌പെഷല്‍ ബുള്ളറ്റിന്‍ തന്നെ ഇറക്കി. മീഡിയാവണ്‍ 'മരുഭൂമിയില്‍ പൂക്കുന്ന റമദാന്‍' എപിസോഡുകള്‍ സംപ്രേക്ഷണം ചെയ്യുന്നു.
മക്കയിലെ മസ്ജിദുല്‍ ഹറാമും മദീനയിലെ മസ്ജിദുന്നബവിയും ഭക്തിയില്‍ കുളിച്ച് നില്‍ക്കുന്നത് കാണുകതന്നെ വേണം. തീര്‍ഥാടക ലക്ഷങ്ങളെ പൂര്‍ണമായി ഉള്‍ക്കൊള്ളാനാകാതെ വീര്‍പ്പുമുട്ടുമ്പോഴും വ്രതമാസം ഹൃദയഹാരിയായ ഒരു അനുഭവമാണ് ഇരു ഹറമുകളിലും.
ലോകത്തെ ഈജിപ്തിലേക്ക് ചുരുട്ടിക്കൂട്ടിയ ഒരാഴ്ച
ലോകത്തെ പൊതുവെയും ഇസ്‌ലാമിക ലോകത്തെ പ്രത്യേകിച്ചും ഈജിപ്തിലേക്ക് ചുരുട്ടിക്കൂട്ടിയ ഒരു വാരമാണ് കടന്നുപോയത്. ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്കും മിത്രങ്ങള്‍ക്കുമെല്ലാം അത്രമാത്രം പ്രധാനപ്പെട്ടതായിരുന്നു ഈജിപ്തില്‍ കശാപ്പു ചെയ്യപ്പെട്ട അറബ് വസന്താനന്തര ജനാധിപത്യം. പട്ടാള അട്ടിമറിയോട് പ്രതികരിച്ച ലോക നേതാക്കളില്‍ പലരും തലയില്‍ മുണ്ടിട്ടും ഒട്ടകപ്പക്ഷിയായും ഇസ്‌ലാംപേടി പരത്തിയുമൊക്കെ പല രൂപഭേദങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്. കാരണം പട്ടാള അട്ടിമറിയെ അനുകൂലിച്ചാല്‍ ജനാധിപത്യ മൂടുപടം അഴിഞ്ഞു വീഴും. ജനാധിപത്യ സര്‍ക്കാര്‍ മുര്‍സിയുടെതായതുകൊണ്ട് അംഗീകരിക്കാനും വയ്യ. സൗകര്യപൂര്‍വം മൗനത്തിന്റെ വാല്‍മീകത്തില്‍ ഒളിച്ചവരും ഇക്കൂട്ടത്തിലുണ്ട്. ഈജിപ്തിലെ ജനാധിപത്യ സര്‍ക്കാറിനെ പട്ടാളം അട്ടിമറിച്ചതിനുശേഷം അതുമായി ബന്ധപ്പെട്ട് കേട്ട ചില വാര്‍ത്തകള്‍ കാണുക:
ഈജിപ്തില്‍ പട്ടാള അട്ടിമറി പദ്ധതി മാസങ്ങള്‍ക്കുമുമ്പ്തന്നെ തയാറാക്കിയതാണെന്ന് വാഷിംങ്ടണ്‍ പോസ്റ്റ് വെളിപ്പെടുത്തി. ഈജിപ്തില്‍ നടന്നത് ജനാധിപത്യത്തിനെതിരെയുള്ള പട്ടാള അട്ടിമറിയെന്ന് ബ്രിട്ടീഷ് വാരികയായ എകണോമിസ്റ്റ്. പട്ടാള ക്രൂരതകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ സി.എന്‍.എന്‍ റിപ്പോര്‍ട്ടറുടെ ക്യാമറ സൈന്യം പിടിച്ചെടുത്തു. ഇഖ്‌വാന്‍ മാധ്യമങ്ങളും അല്‍ജസീറയുടെ ഈജിപ്ത് ഓഫീസുമടക്കം മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങ്. മുര്‍സിയെ പിന്തുണക്കേണ്ടത് അനിവാര്യമെന്ന് ഖറദാവി. സൈന്യത്തെ പിന്‍വലിക്കണമെന്ന് പട്ടാളമേധാവി അല്‍സീസിയോട് അദ്ദേഹം ആവശ്യപ്പെട്ടു. യമനില്‍ മുര്‍സിയെ അനുകൂലിച്ച് കൂറ്റന്‍ റാലി. സത്യത്തിന്റെ പാതയില്‍ ക്ഷമയോടെ ഉറച്ചുനില്‍ക്കണമെന്ന് പുറത്താക്കപ്പെട്ട ശേഷം മുര്‍സിയുടെ പ്രഥമ സന്ദേശം. ഈജിപ്തില്‍ പട്ടാളം തിരിച്ചെത്തിയത് സന്തോഷകരമെന്നും ഈജിപ്തിലെ രാഷ്ട്രീയ അനിശ്ചിതത്വം ഇസ്രയേലിന് ഗുണകരമെന്നും ഇസ്രയേലീ മാധ്യമങ്ങള്‍. ഈജിപ്തിലെ ഏറ്റവും ശക്തിയുള്ള പാര്‍ട്ടി ഇഖ്‌വാനെന്ന് സി.എന്‍.എന്‍. കയ്‌റോയില്‍ ലക്ഷക്കണക്കിന് പേര്‍ പങ്കെടുത്ത, മൂന്നു കിലോമീറ്ററിലധികം നീണ്ട പ്രകടനമാണ് മുര്‍സിക്കനുകൂലമായി അരങ്ങേറിയത്. പ്രകടനക്കാര്‍ക്ക് നേരെ പട്ടാളം നടത്തിയ വെടിവെപ്പില്‍ കുട്ടികളടക്കം അനേകം പേര്‍ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുര്‍സിയെ അട്ടിമറിക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ വീഡിയോ പുറത്തായി. നമസ്‌കരിക്കുന്നവര്‍ക്ക് നേരെ പട്ടാളം വെടിയുതിര്‍ത്തത് ആഭ്യന്തര യുദ്ധത്തിനുള്ള വ്യക്തമായ ആഹ്വാനമെന്ന് പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ ഫഹ്മീ ഹുവൈദി. കൂട്ടക്കൊലക്കെതിരെ ജീവന്‍ നല്‍കി പ്രതികരിക്കുമെന്ന് ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ വനിതാ വിഭാഗം പ്രതിജ്ഞ ചെയ്തു. പ്രകടനക്കാര്‍ക്ക് നേരെ വെടിവെക്കാനുള്ള ഉത്തരവ് പാലിക്കുന്ന കാര്യത്തില്‍ പട്ടാളക്കാര്‍ക്കിടയില്‍ ഭിന്നിപ്പ്. മുര്‍സിയെ മോചിപ്പിക്കണമെന്ന് ശൈഖുല്‍ അസ്ഹറിന്റെ ഉപദേഷ്ടാവ് ശൈഖ് ഹസന്‍ അല്‍ശാഫിഇ. എന്നാല്‍ അസ്ഹര്‍ ഔദ്യോഗിക പത്രക്കുറിപ്പിലൂടെയല്ലാതെയുള്ള ആഹ്വാനങ്ങള്‍ വ്യക്തിപരമെന്ന് ശൈഖുല്‍ അസ്ഹര്‍ അഹ്മദ് ത്വയ്യിബിന്റെ ഓഫീസ്.
ബ്രെയ്ലി ലിപിയില്‍ സമ്പൂര്‍ണ ഖുര്‍ആന്‍
അന്ധത ബാധിച്ചവര്‍ വായിക്കാന്‍ ഉപയോഗിക്കുന്ന ബ്രെയ്‌ലി ലിപിയില്‍ സമ്പൂര്‍ണ ഖുര്‍ആന്‍ പതിപ്പ് തയാറായി. മദീനയിലെ പ്രശസ്തമായ കിംഗ് ഫഹദ് ഖുര്‍ആന്‍ പ്രിന്റിംഗ് കോംപ്ലക്‌സാണ് ഇതാദ്യമായി ബ്രെയ്‌ലി ലിപിയില്‍ സമ്പൂര്‍ണ ഖുര്‍ആന്‍ പതിപ്പ് പുറത്തിറക്കിയത്. ആറു ഭാഗങ്ങളായാണ് ഇത് തയാറാക്കിയതെന്ന് പദ്ധതിയുടെ മേല്‍നോട്ടം വഹിച്ച ഡോ. നാസിര്‍ ബിന്‍ അലി അല്‍മൂസ പറഞ്ഞു. ആവശ്യക്കാര്‍ക്കിത് സൗജന്യമായി വിതരണം ചെയ്യും. അന്ധത കാരണം ഖുര്‍ആന്റെ വെളിച്ചം പൂര്‍ണമായി ലഭിക്കാത്ത, ലോകത്തെ ലക്ഷക്കണക്കായ ആവശ്യക്കാര്‍ക്ക് ബ്രെയ്‌ലി ലിപിയിലുള്ള ഖുര്‍ആന്‍ വലിയ അനുഗ്രഹമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്മാര്‍ട്ട് ഫോണുകളിലും റമദാന്‍ വസന്തം
സ്മാര്‍ട്ട് ഫോണുകള്‍ ഏറ്റവും ആകര്‍ഷകമായ രീതിയില്‍ റമദാനെ വരവേല്‍ക്കാന്‍ രംഗത്ത്. വ്രതാനുഷ്ഠാനവുമായി ബന്ധപ്പെട്ട പ്രത്യേക കര്‍മങ്ങളുടെ എല്ലാ വിവരങ്ങളും സ്മാര്‍ട്ട് ഫോണുകളില്‍ ഏറ്റവും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന രീതിയില്‍ ലഭ്യമാണ്. വ്യത്യസ്ത നഗരങ്ങളിലെ ഇഫ്ത്വാര്‍ സമയം, നമസ്‌കാര സമയങ്ങളുടെ പട്ടിക, പ്രധാനപ്പെട്ട ഇസ്‌ലാമിക പരിപാടികള്‍ തുടങ്ങി ഖുര്‍ആന്‍ പാരായണം, ഹറമുകളിലെ തറാവീഹ് നമസ്‌കാരങ്ങള്‍, തസ്ബീഹുകള്‍, ദിക്‌റുകള്‍, പ്രാര്‍ഥനകള്‍, ഉംറ, റൗദ ശരീഫ് സിയാറ, മക്കയിലെയും മദീനയിലെയും ചരിത്ര സ്ഥലങ്ങള്‍, ഇഫ്ത്വാറിനും സുഹൂറിനും ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ഭക്ഷണ ക്രമങ്ങള്‍, ദീനീ ദര്‍സുകള്‍, റമദാന്‍-ഈദ് ആശംസകള്‍ വരെ എന്തും ഐഫോണ്‍, ഐപാഡ്, ബ്ലാക്‌ബെറി തുടങ്ങിയ സ്മാര്‍ട്ട്‌ഫോണുകളില്‍ ലഭ്യമാണ്. വിരല്‍തുമ്പുകൊണ്ട് സ്‌ക്രീനില്‍ ഒന്ന് 'തോണ്ടു'കയേ വേണ്ടൂ, എല്ലാം നിഷ്പ്രയാസം കറങ്ങിയെത്തും.
സുന്നി വിഭാഗത്തെ പീഡിപ്പിക്കുന്നതായി മനുഷ്യാവകാശ സംഘടനകള്‍
ലബനാനില്‍ സുന്നി വിഭാഗങ്ങള്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന അക്രമ സംഭവങ്ങളെ സുന്നി രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ സംഘടനകളും അപലപിച്ചു. കഴിഞ്ഞ മാസം സുന്നി നേതാവ് അഹ്മദ് അല്‍അസീര്‍ വിഭാഗത്തിനെതിരെ സൈനിക നടപടി സ്വീകരിച്ചതടക്കമുള്ള കാര്യങ്ങളാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഹിസ്ബുല്ലയാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് സുന്നി വിഭാഗം ആരോപിക്കുന്നത്. സൈന്യത്തിന്റെ പിടിയിലായി ജയിലുകളില്‍ കഴിയുന്നവരെ ശാരീരിക പീഡനങ്ങള്‍ക്ക് വിധേയമാക്കുന്നതായും ആരോപണമുണ്ട്. ജയില്‍ പീഡനങ്ങള്‍ക്ക് വിധേയമായി തടവറയില്‍ സുന്നിയുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് ആവശ്യപ്പെട്ടു.
അമേരിക്കന്‍ മുസ്ലിംകള്‍ക്ക് റമദാന്‍
സ്വയം ശാക്തീകരണ പ്രക്രിയയാണ്
റമദാനെ നിറഞ്ഞ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നതെന്ന് അമേരിക്കന്‍ മുസ്‌ലിംകള്‍. ഭക്തിപരമായ സ്വയം ശാക്തീകരണത്തിന് ഏറ്റവും അനുയോജ്യമായ അവസരമായാണ് റമദാനെ കാണുന്നതെന്നും അവര്‍ പറയുന്നു. റമദാനിലൂടെ ആത്മീയ വിപ്ലവം സാധ്യമാക്കാന്‍ കഴിയുമെന്ന് ഡര്‍ബണിലെ സ്‌കൂള്‍ അധ്യാപിക സൈനബ് ശാമി പറഞ്ഞു. വ്രതാനുഷ്ഠാനം ഭക്തിപരമായ ഉത്തേജനം നല്‍കുന്നുവെന്നും അവാച്യമായ അനുഭൂതിയാണ് റമദാനെന്നും അവര്‍ പറഞ്ഞു. സ്വയം ശാക്തീകരണത്തിലൂടെ അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുവാനുള്ള അപൂര്‍വ അവസരമായാണ് ഡര്‍ബണ്‍ മുസ്‌ലിംകള്‍ റമദാനെ കാണുന്നത്. റമദാന്‍ ആഗതമാകുന്നതോടെ ഡര്‍ബണിലെ വിവിധ പള്ളികളിലും ഇതര കേന്ദ്രങ്ങളിലും ഏഷ്യന്‍ നാടുകളില്‍നിന്നുള്ള 'ഹാഫിദുകള്‍' തറാവീഹ് നമസ്‌കാരത്തിനും മറ്റും നേതൃത്വം നല്‍കാന്‍ എത്തിത്തുടങ്ങും.
ഖത്തര്‍ അമീര്‍ ഇറാന്‍ മന്ത്രിയുമായി ചര്‍ച്ച നടത്തി
പുതിയ ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് ആല്‍ഥാനി ഇറാന്‍ വിദേശകാര്യ മന്ത്രി അലി സ്വാലിഹിയുമായി കൂടിക്കാഴ്ച നടത്തി. പൊതുകാര്യങ്ങളില്‍ ഇരു രാജ്യങ്ങളുടെയും പരസ്പര സഹകരണം ഉറപ്പുവരുത്തുമെന്ന് അലി സ്വാലിഹി പറഞ്ഞു. സിറിയന്‍ പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം ഉണ്ടാക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന ഇറാന്‍ പ്രസിഡന്റിന്റെ സന്ദേശം വിദേശകാര്യ മന്ത്രി കൈമാറി. സിറിയന്‍ പ്രതിസന്ധിയോടുള്ള നിലപാടില്‍ പുതിയ ഖത്തര്‍ നേതൃത്വം മാറ്റംവരുത്തുമെന്ന് ഇറാന്‍ ഭരണകൂടം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
Comments