Prabodhanm Weekly

Pages

Search

2013 മെയ്‌ 10

ന്യൂനപക്ഷ കര്‍മശാസ്ത്രത്തിന്റെ പ്രസക്തി

ലേഖനം എം.എസ്.എ റസാഖ്‌

സ്‌ലാമിക ശരീഅത്തിന്റെ കാലിക പ്രയോഗരീതിയാണ് 'ഫിഖ്ഹ്' അഥവാ കര്‍മശാസ്ത്രം. മതവിധികളെ സംബന്ധിച്ച വിജ്ഞാനം എന്ന് സാധാരണയായി പറഞ്ഞുവരുന്നു. മനസ്സിലാക്കുക, ഗ്രഹിക്കുക, സമഗ്രമായി ഉള്‍ക്കൊള്ളുക എന്നീ അര്‍ഥങ്ങളില്‍ പ്രയോഗമുള്ള 'ഫിഖ്ഹ്' പില്‍ക്കാലത്ത് കര്‍മശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു സാങ്കേതിക പദമായി വ്യവഹരിക്കപ്പെട്ടുവന്നു. ദീനില്‍ വ്യുല്‍പത്തി നേടുകയെന്നാണ് യഥാര്‍ഥത്തില്‍ ഫിഖ്ഹിന്റെ വിവക്ഷ. 'ദീനില്‍ വ്യുല്‍പത്തി നേടാന്‍ പുപ്പെടാത്തതെന്തുകൊണ്ട്' എന്നാണ് ഖുര്‍ആന്‍ ചോദിക്കുന്നത്. പ്രവാചകന്‍ (സ) അരുളി: 'ഏതൊരുവന് അല്ലാഹു നന്മ ഉദ്ദേശിക്കുന്നുവോ അവന് ദീനില്‍ അവഗാഹം നല്‍കുന്നതാണ്.'
ഡോ. ഖറദാവി എഴുതുന്നു: ''ഇല്‍മിനേക്കാള്‍ സവിശേഷമാണ് 'ഫിഖ്ഹ്' അഥവാ വ്യുല്‍പത്തി കരസ്ഥമാക്കല്‍.'' ഉപരിതലത്തെ മാത്രം സ്പര്‍ശിച്ചു നിര്‍ത്താതെ അകക്കാമ്പിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്ന സൂക്ഷ്മഗ്രാഹ്യമാണതുകൊണ്ട് വിവക്ഷിക്കുന്നത്. അത് ബുദ്ധിക്ക് വെളിച്ചവും ഹൃദയത്തിന് സജീവതയും നല്‍കുന്നു. ഖുര്‍ആന്റെയും സുന്നത്തിന്റെയും അര്‍ഥകല്‍പനയില്‍ നിന്നും ഭിന്നവും സ്വഹാബത്തും പൂര്‍വസൂരികളും മനസ്സിലാക്കിയതില്‍നിന്നും വ്യത്യസ്തവുമായി പില്‍ക്കാലത്ത് അര്‍ഥം നല്‍കപ്പെട്ട പദങ്ങളിലൊന്നാണ് 'ഫിഖ്ഹ്'. ഇക്കാര്യം ഇമാം ഗസ്സാലി ഇഹ്‌യായില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഫിഖ്ഹിന്റെ നിര്‍വചനം
ഇബ്‌നു ഖല്‍ദൂന്‍ എഴുതുന്നു: ''ഇസ്‌ലാമിക ദൃഷ്ട്യാ മതവിധികള്‍ അനുഷ്ഠിക്കാന്‍ ബാധ്യസ്ഥരായ വ്യക്തിയുടെ ജീവിത വ്യവഹാരങ്ങളില്‍ പാലിക്കേണ്ടതായ നിര്‍ബന്ധം, വിരോധം, അഭികാമ്യം, അനഭിലഷണീയം, അനുവദനീയം തുടങ്ങിയ ദൈവികവിധികളെ സംബന്ധിച്ച് പഠിക്കുന്ന വിജ്ഞാന ശാഖയാണ് 'ഫിഖ്ഹ്'. അതിന്റെ ഉറവിടം ദൈവികഗ്രന്ഥവും തിരുസുന്നത്തുമാകുന്നു'' (മുഖദ്ദിമ).
പൂര്‍വകാല പണ്ഡിതന്മാര്‍ അവരുടെ കാലത്തിനും ദേശത്തിനും അനുഗുണമായ കര്‍മശാസ്ത്ര വിധികള്‍ നല്‍കി. തല്‍ഫലമായി മദ്ഹബുകളും ഫിഖ്ഹ് ഗ്രന്ഥങ്ങളുമുണ്ടായി. അത് ആ സാഹചര്യത്തിന്റെയും കാലഘട്ടത്തിന്റെയും താല്‍പര്യമായിരുന്നു.
പില്‍ക്കാലത്ത് പൂര്‍വിക പണ്ഡിതന്മാര്‍ ആവിഷ്‌കരിച്ച കര്‍മശാസ്ത്രം അതേപടി അനുകരിക്കണമെന്ന അഭിപ്രായം ശക്തിപ്പെട്ടുവന്നു. അപ്രകാരം തന്നെ ചരിത്രത്തിന്റെ പ്രയാണത്തില്‍ ഇസ്‌ലാമിക ശരീഅത്ത് ഒരു പൊതുസാമൂഹിക സംവിധാനം എന്ന സ്ഥാനത്തുനിന്ന് തഴയപ്പെട്ടു. മതവും ദീനും വ്യക്തിയുടെ സ്വകാര്യ ജീവിതത്തില്‍ ഒതുങ്ങിയ പോലെ വ്യക്തിജീവിതത്തില്‍ അനുഷ്ഠിക്കാനുള്ള ആചാരങ്ങളുടെ സംഹിതയെന്ന തലത്തില്‍ പരിമിതമായി ശരീഅത്ത്.

ന്യൂനപക്ഷത്തിന്റെ വിവക്ഷ
ഭാഷ, മതം, വംശം എന്നിവയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചറിയുന്ന ഒറു സമൂഹം, കൂട്ടം എന്നാണു 'ന്യൂനപക്ഷ'ത്തിന്റെ പൊതുവിവക്ഷ. മതം, ആചാരം, ഭാഷ തുടങ്ങിയവയില്‍ ഭൂരിപക്ഷ സമുദായത്തില്‍ നിന്നും വിഭിന്നതയുള്ള ജനവിഭാഗമാണ് ന്യൂനപക്ഷം. പടിഞ്ഞാറന്‍ ക്രൈസ്തവ സമൂഹത്തില്‍ ജീവിക്കുന്ന മുസ്‌ലിം ന്യൂനപക്ഷം, ഇന്ത്യയിലെ ഭൂരിപക്ഷ ഹിന്ദു സമൂഹത്തില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍ എന്നിവ ഉദാഹരണം.
മുസ്‌ലിംകളെ രണ്ട് വിഭാഗമായി തിരിക്കാം. ഒന്ന്, ദാറുല്‍ ഇസ്‌ലാമില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍ അഥവാ ഇസ്‌ലാമിക സമൂഹങ്ങളില്‍, രാജ്യങ്ങളില്‍ താമസിക്കുന്ന മുസ്‌ലിംകള്‍. അവര്‍ ഭൂരിപക്ഷ സമൂഹമാണ്. രണ്ട്, ദാറുല്‍ ഇസ്‌ലാമിന് പുറത്ത് അഥവാ ഇസ്‌ലാമിക സമൂഹങ്ങളില്‍നിന്ന് പുറത്ത് താമസിക്കുന്ന മുസ്‌ലിംകള്‍. ഈ രണ്ടാം വിഭാഗത്തെ വീണ്ടും രണ്ടായി തിരിക്കാം. ഒന്ന്, ജന്മം കൊണ്ട് പണ്ടേമുതല്‍ സ്വദേശികളായ മുസ്‌ലിം ന്യൂനപക്ഷം. ഉദാ: ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷം. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് കുടിയേറിയ വടക്കെ അമേരിക്കയിലെയും മറ്റും മുസ്‌ലിംകള്‍. രണ്ട്, മുസ്‌ലിം നാടുകളില്‍നിന്നും ജോലി, പഠനം പോലുള്ള ആവശ്യത്തിന് വന്നവര്‍. തുടര്‍ന്നിവിടങ്ങളില്‍ പൗരത്വം നേടിയവര്‍. ദക്ഷിണ-പടിഞ്ഞാറന്‍ യൂറോപ്പിലെ മുസ്‌ലിംകള്‍ ഉദാഹരണം. മുസ്‌ലിം ന്യൂനപക്ഷം മതം, രാഷ്ട്രീയം, സാമ്പത്തികം, സംസ്‌കാരം തുടങ്ങിയ മേഖലകളില്‍ നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. ഇവയില്‍ മിക്കതും ഫിഖ്ഹുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. അവര്‍ക്ക് തങ്ങളുടെ മതപരമായ സ്വത്വം (ഐഡന്റിറ്റി) നിലനിര്‍ത്തേണ്ടതുണ്ട്. വിശ്വാസപരമായ ഐഡന്റിറ്റിയും ആരാധനാപരമായ ചിഹ്നങ്ങളും നിലനിര്‍ത്തണം. വിവാഹം, വിവാഹമോചനം, കുടുംബകാര്യങ്ങള്‍ തുടങ്ങിയവയിലെ ഹലാല്‍ ഹറാമുകള്‍, ഇതര സമൂഹവുമായുള്ള ബന്ധങ്ങള്‍ എന്നിങ്ങനെ ഒട്ടനവധി വിഷയങ്ങള്‍ അവര്‍ അഭിമുഖീകരിക്കുന്നു. ഈ വിഷയങ്ങളിലൊക്കെതന്നെ തികച്ചും വ്യതിരിക്തമായ മതനിര്‍ദേശങ്ങള്‍ അവര്‍ പാലിക്കേണ്ടതായിട്ടുണ്ട്. ഭൂരിപക്ഷ സമുദായത്തില്‍ നിന്നും അവര്‍ മാറി നില്‍ക്കണമോ, അവരില്‍ ലയിച്ചു ചേരണമോ, ഏത് പരിധിവരെ ഇഴുകിച്ചേരാന്‍ അവര്‍ക്ക് അനുവാദമുണ്ട്, ഇസ്‌ലാമിക ലോകത്തിന് പുറത്ത് ജീവിച്ചുകൊണ്ടിരിക്കുന്ന മുസ്‌ലിം സമൂഹം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളോട് നാം എങ്ങനെ സംവദിക്കുന്നു? ഈ ചോദ്യത്തില്‍നിന്നാണ് ഇത്തരമൊരു ഫിഖ്ഹ് ശാഖ ജന്മം കൊള്ളുന്നത്.
ആധുനിക കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ വികസിപ്പിച്ചെടുത്ത ഒരു കര്‍മശാസ്ത്ര ശാഖയാണ് ന്യൂനപക്ഷ കര്‍മശാസ്ത്രം (ഫിഖ്ഹുല്‍ അഖല്ലിയാത്ത്). ഇതൊരു നവീന സാങ്കേതിക പദമാണ്. ക്ലാസിക് കൃതികളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല. ഹിജ്‌റ 15-ാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിലാണിത് ഉത്ഭവിച്ചത്. കഴിഞ്ഞ നൂറ്റാണ്ടില്‍ പാശ്ചാത്യ രാജ്യങ്ങളില്‍ കുടിയേറിപ്പാര്‍ത്ത മുസ്‌ലിം കമ്യൂണിറ്റികളുടെ അവസ്ഥകളെക്കുറിച്ച് ചിന്തിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കുകയും ചെയ്ത ഇസ്‌ലാമിക സംഘങ്ങളും സംഘടനകളും പണ്ഡിതസഭകളുമാണ് ഈ പദം പ്രയോഗിച്ചു തുടങ്ങിയത്.

നിര്‍വചനം
ഇസ്‌ലാമിക ലോകത്തിന് പുറത്ത് ജീവിച്ചുകൊണ്ടിരിക്കുന്ന മുസ്‌ലിംകളുമായി ബന്ധപ്പെട്ട കര്‍മശാസ്ത്രപരമായ നിയമവിധികളെന്നാണ് യൂറോപ്യന്‍ പണ്ഡിതസഭ ന്യൂനപക്ഷ കര്‍മശാസ്ത്രത്തിന് നല്‍കിയ നിര്‍വചനം.
അമുസ്‌ലിം ഭൂരിപക്ഷ നാടുകളില്‍ ജീവിക്കുന്ന മുസ്‌ലിംകളുടെ സാഹചര്യവുമായി പൊരുത്തപ്പെടുന്ന വിധത്തില്‍ ഇസ്‌ലാമിക ശരീഅത്തിന് പ്രയോഗരീതി കണ്ടെത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്.
ഫിഖ്ഹുല്‍ അഖല്ലിയാത്ത് ഒരു കര്‍മശാസ്ത്ര ശാഖയാകുന്നു. ന്യൂനപക്ഷത്തിന്റെ കര്‍മശാസ്ത്രമെന്ന് നമുക്കതിനെ മലയാളത്തിലേക്ക് ഭാഷാന്തരം നടത്താം. ബഹുസ്വര സമൂഹത്തില്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട കര്‍മശാസ്ത്ര നിയമങ്ങളാണിത്. മുസ്‌ലിം സമൂഹത്തില്‍ ജീവിച്ചുകൊണ്ടിരുന്ന മുസ്‌ലിംകളെ മുന്നില്‍ കണ്ടുകൊണ്ട് തയാറാക്കിയ കര്‍മശാസ്ത്രം അതില്‍ നിന്നും തികച്ചും ഭിന്നമായ സാഹചര്യമുള്ള, ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്ന മുസ്‌ലിം ന്യൂനപക്ഷത്തിന് പൂര്‍ണമായും ഫിറ്റല്ല. ഒരു സംഘത്തിന്റെ അല്ലെങ്കില്‍ സമൂഹത്തിന്റെ ജീവിത ഭൂമികയുമായും സാഹചര്യവുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കുള്ള ശര്‍ഇയായ വിധികളും പരിഹാരങ്ങളും ഉള്‍ക്കൊള്ളുന്ന വിജ്ഞാനശാഖയാണത്. സവിശേഷ സാഹചര്യവുമായി വലയം ചെയ്യപ്പെട്ടിട്ടുള്ള സമൂഹത്തിന്റെ ഫിഖ്ഹാണത്. അവ മറ്റു സമൂഹങ്ങള്‍ക്ക് പ്രസക്തമായി കൊള്ളണമെന്നില്ല. അതേസമയം, പൊതുകര്‍മശാസ്ത്രത്തിന് പുറത്തല്ല ന്യൂനപക്ഷ കര്‍മശാസ്ത്രം. പക്ഷേ, അതിന്റെ പരിധിയില്‍ വരുന്ന വിഷയങ്ങള്‍ പുതുമയുള്ളതാണ്. പൂര്‍വിക കര്‍മശാസ്ത്രജ്ഞര്‍ അതിന് പ്രത്യേകം നാമകരണം ചെയ്തിട്ടില്ല. പൂര്‍വിക സമൂഹത്തില്‍ സമുദായം, ഇന്നത്തെപ്പോലെ സമ്മിശ്രമായിരുന്നില്ല. രാഷ്ട്രാന്തരീയ ബന്ധങ്ങള്‍ വികസിച്ചിരുന്നില്ല. നയതന്ത്രബന്ധങ്ങളോ അന്താരാഷ്ട്ര നിയമമോ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. അക്കാലത്തിന്റേതില്‍ നിന്നും ഭിന്നമായി ഈ കാലഘട്ടത്തില്‍ സംയോജനത്തിന്റെ അഥവാ അഡ്ജസ്റ്റ്‌മെന്റിന്റെ സമീപനമാണ് (ഫിഖ്ഹുത്തആയുശ്) വേണ്ടത്.

ന്യൂനപക്ഷ കര്‍മശാസ്ത്രത്തിന്റെ ലക്ഷ്യങ്ങള്‍
1. വ്യക്തി, കുടുംബം, സമൂഹം എന്നീ നിലകളില്‍ മുസ്‌ലിം ന്യൂനപക്ഷങ്ങളെ ദീനീ വിഷയത്തില്‍ ക്ലിഷ്ടതകള്‍ ഇല്ലാതെയും ഐഹിക ജീവിതത്തില്‍ അമിതഭാരം ഇല്ലാതെയും ജീവിക്കാന്‍ സഹായിക്കുക.
2. വിശ്വാസം, മതചിഹ്നങ്ങള്‍, സദാചാര ധാര്‍മിക മൂല്യങ്ങള്‍, സംസ്‌കാരത്തനിമ എന്നിവ കാത്തുസൂക്ഷിച്ചുകൊണ്ട് ഇസ്‌ലാമികവ്യക്തിത്വം നിലനിര്‍ത്താന്‍ സഹായിക്കുക.
3. ഇസ്‌ലാമിന്റെ സന്ദേശം പ്രബോധനം ചെയ്യാന്‍ പര്യാപ്തമാം വിധം കഴിവുറ്റ ഒരു സംഘമായി അവരെ വളര്‍ത്തിയെടുക്കുക.
4. തുറന്ന സമീപനത്തോടും ഫ്‌ളക്‌സിബിലിറ്റിയോടും കൂടി ഇതര സമൂഹവുമായി ഇടപഴകാന്‍ കഴിയുക. ഉത്തമമായതിനെ കൊള്ളാനും തിന്മയെ തള്ളാനും കഴിയുംവിധം അവര്‍ക്കിടയില്‍ ആദാനപ്രദാന പ്രക്രിയ നടത്താന്‍ സഹായിക്കുക. ഇസ്‌ലാമിക സ്വത്വം നിലനിര്‍ത്തിക്കൊണ്ട് അവരില്‍ ലയിച്ചുചേരാതെ ജീവിക്കാന്‍ മുസ്‌ലിം സമൂഹത്തിന് സഹായകമായിത്തീരുക.
5. സാംസ്‌കാരിക, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയാവകാശങ്ങളും മതസ്വാതന്ത്ര്യവും സംരക്ഷിച്ചുകൊണ്ട് ജീവിക്കാന്‍ മുസ്‌ലിം ന്യൂനപക്ഷ സമൂഹത്തെ ബോധവാന്മാരാക്കുക.
6. മതപരവും സാംസ്‌കാരികവും സാമൂഹികവുമായ ബാധ്യതകള്‍ നിര്‍വഹിക്കാന്‍ ഇസ്‌ലാമിക, സമൂഹങ്ങളെ സഹായിക്കുക.
നിര്‍ബന്ധ കാര്യങ്ങളില്‍ വീഴ്ച വരുത്താതെയും നിഷിദ്ധമായ കാര്യങ്ങളില്‍ വ്യാപരിക്കാതെയും ജീവിക്കാന്‍ പ്രേരിപ്പിക്കുക. അങ്ങനെ അവര്‍ക്ക് ഇസ്‌ലാം ആശ്വാസമായി പരിണമിക്കുക. പ്രത്യുത ഭാരമായി പര്യവസാനിക്കുന്നില്ല.
7. അമുസ്‌ലിം സമൂഹത്തില്‍ ജീവിക്കുന്ന മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ അഭിമുഖീകരിക്കുന്ന നവംനവങ്ങളായ പ്രശ്‌നങ്ങള്‍ക്ക് ഇജ്തിഹാദിലൂടെ മതപരമായ പരിഹാരം നിര്‍ദേശിക്കുക.

പ്രത്യേകതകള്‍
1. ഇസ്‌ലാമിക പൈതൃക ഫിഖ്ഹിനെ ഒരു ദൃഷ്ടികൊണ്ട് വീക്ഷിക്കുമ്പോള്‍ തന്നെ മറ്റേ ദൃഷ്ടികൊണ്ട് കാലഘട്ടത്തിന്റെ അവസ്ഥാന്തരങ്ങളെയും മാറ്റങ്ങളെയും ഗതിവിഗതികളെയും പ്രശ്‌നങ്ങളെയും നോക്കിക്കാണുന്നു. കഴിഞ്ഞ പതിനാല് നൂറ്റാണ്ടിലുടനീളം വികസിച്ചുവന്നിട്ടുള്ള മഹത്തായ പൈതൃക ഫിഖ്ഹിനെ അവഗണിക്കുന്നില്ല. അപ്രകാരം തന്നെ സമകാലിക ലോകത്തിന്റെ പ്രവാഹത്തെ മറന്നുകൊണ്ട് പാരമ്പര്യത്തില്‍ മുഴുകുന്നുമില്ല.
2. ഇസ്‌ലാമിന്റെ സാര്‍വകാലിക പ്രയോഗക്ഷമതയും സമൂഹങ്ങളുടെ നിലവിലെ യാഥാര്‍ഥ്യങ്ങളും പരിഗണിക്കുകയും അവ തമ്മില്‍ ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഫിഖ്ഹുല്‍ വാഖിഅ് എന്നിതിനെ വ്യവഹരിക്കാം.
3. ശര്‍ഇന്റെ സവിശേഷമായ പ്രമാണങ്ങളുടെയും പൊതുലക്ഷ്യത്തിന്റെയും ഇടയില്‍ സമതുലന വീക്ഷണത്തോടെ നോക്കിക്കാണുന്നു. ഒന്നിന്റെ പേരില്‍ മറ്റൊന്ന് അവഗണിക്കുന്നില്ല. ശരീഅത്തിന്റെ ലക്ഷ്യം, ഇസ്‌ലാമിന്റെ ആത്മാവ് എന്നിവ നിലനിര്‍ത്തണമെന്നവകാശപ്പെട്ട് ഖുര്‍ആന്റെയും സുന്നത്തിന്റെയും പ്രമാണങ്ങളെ പ്രവര്‍ത്തനക്ഷമമാക്കാതിരിക്കുന്നില്ല. ഫിഖ്ഹുല്‍ മഖാസിദ് (ലക്ഷ്യജ്ഞാനം) എന്നതിനെ വിളിക്കാം.
4. ശാഖകളെ അടിസ്ഥാനങ്ങളിലേക്ക് മടക്കുന്നു. പൊതുവായ, സമഗ്രമായതിന്റെ വെളിച്ചത്തില്‍ സവിശേഷങ്ങളെ പരിഹരിക്കുന്നു. അതേസമയം, അവ തമ്മിലുള്ള സന്തുലനം നിലനിര്‍ത്തുകയും ചെയ്യുന്നു. നിയമവിധികളുടെയും തത്ത്വങ്ങളുടെയും മുന്‍ഗണനാക്രമം പാലിക്കുകയും ചെയ്യുന്നു. ഇതിനെ ഫിഖ്ഹുല്‍ ഔലവിയാത്ത് എന്ന് പറയുന്നു.
5. ഫത്‌വകള്‍ കാലദേശമാറ്റത്തിനനുസരിച്ച് മാറുന്നതാണെന്ന പണ്ഡിത തീരുമാനം ഇവിടെ പരിഗണിക്കുന്നു.
6. സമൂഹവുമായുള്ള ബന്ധം നിലനിര്‍ത്തുന്നതില്‍ ശ്രദ്ധയൂന്നുന്നതോടൊപ്പം മുസ്‌ലിംകളുടെ വൈയക്തിക സ്വത്വവും സാമൂഹിക വ്യക്തിത്വവും സംരക്ഷിച്ചു നിര്‍ത്തുന്നു.

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 50
എ.വൈ.ആര്‍