ഇങ്ങനെ പരിഹസിക്കണോ, പാവങ്ങളെ?
ഏപ്രില് 20-ന് ലോക ബാങ്ക് പുറത്തുവിട്ട റിപ്പോര്ട്ടനുസരിച്ച്, ആര്ഷഭാരതത്തിലാണ് ലോകത്തിലെ ദരിദ്ര പരിഷകളില് മൂന്നിലൊന്നും. ഇക്കാര്യത്തില് സബ് സഹാറന് മേഖല മാത്രമേ നമ്മെ കടത്തിവെട്ടിയിട്ടുള്ളൂ. നേപ്പാളും ബംഗ്ലാദേശും വരെ നമ്മുടെ പിന്നിലാണ്. 22.4 കോടി ഇന്ത്യക്കാര്ക്ക് പോഷകാഹാരം ലഭിക്കുന്നില്ലെന്നാണ് ഗ്ലോബല് ഫുഡ് സെക്യൂരിറ്റി ഇന്റക്സ് പറയുന്നത്. രാജ്യത്തെ 20 ശതമാനം ജനങ്ങള് കടുത്ത ദാരിദ്ര്യത്തിന്റെ പിടിയിലാണെന്നാണ് കഴിഞ്ഞ വര്ഷത്തെ ഔദ്യോഗിക കണക്ക്. നാഷ്നല് സര്വെ റിപ്പോര്ട്ടില് പറയുന്നത് ജനങ്ങളില് 66 ശതമാനവും ജീവിക്കുന്നത് ദാരിദ്ര്യ രേഖക്കു താഴെയാണെന്നത്രെ. പന്ത്രണ്ട് കോടി ഭാരതീയ പൗരന്മാര് ദിവസം തള്ളിനീക്കുന്നത് കേവലം 17 രൂപ കൊണ്ടാണെന്നുംകണക്കാക്കിയിരിക്കുന്നു. ഗ്രാമീണരില് പകുതിയും ഒരു ദിവസം കഴിച്ചുകൂട്ടുന്നത് വെറും 34.70 രൂപ കൊണ്ടാണ്. ദേശീയ സാമ്പിള് സര്വെയുടെ കണക്കില് ഗ്രാമീണന്റെയും നഗരവാസിയുടെയും വരുമാനം യഥാക്രമം 16.78 രൂപയും 23.40 രൂപയുമാണ്. സക്സേന കമ്മിറ്റിയുടെ റിപ്പോര്ട്ട് പ്രകാരം ജനസംഖ്യയില് 27 ശതമാനവും സുരേഷ് ടെണ്ടുല്ക്കര് കമ്മിറ്റിയുടെ റിപ്പോര്ട്ട് പ്രകാരം 37.2 ശതമാനവുമാണ് ദരിദ്ര കോടികള്.
രാജ്യത്ത് ഭക്ഷ്യധാന്യങ്ങള് ഉല്പാദിപ്പിക്കപ്പെടാത്തതോ സമ്പദ്ഘടനയുടെ തകര്ച്ചയോ അല്ല ഈ ദുരവസ്ഥക്ക് കാരണം. കഴിഞ്ഞ വര്ഷം നാം 77.25 ലക്ഷം ടണ് ഭക്ഷ്യധാന്യങ്ങള് കയറ്റുമതി ചെയ്യുകയുണ്ടായി. ഇക്കൊല്ലം 6.5 ലക്ഷം ടണ് കയറ്റുമതി ചെയ്യാന് അനുമതി നല്കിയിരിക്കുന്നു. ആയിരക്കണക്കിന് ടണ് ഭക്ഷ്യധാന്യങ്ങള് ഗോഡൗണുകളിലും പുറത്തുമായി മഴ നനഞ്ഞ് പുഴുത്തു നശിച്ചുകൊണ്ടിരിക്കുന്നു. ചിലപ്പോള് കടലില് കലക്കിയും കത്തിച്ചു കളഞ്ഞുമാണ് 'മിച്ച ധാന്യം' ഒഴിവാക്കുന്നത്. പാശ്ചാത്യ ലോകത്തുണ്ടായ സാമ്പത്തിക തകര്ച്ചയൊന്നും ഇന്ത്യയെ കാര്യമായി ബാധിച്ചിട്ടില്ല. കഴിഞ്ഞ വര്ഷം അത്ര മികച്ചതല്ലെങ്കിലും 6.5 ശതമാനം സാമ്പത്തിക വളര്ച്ച തന്നെയാണ് ഇന്ത്യക്കുണ്ടായിട്ടുള്ളത്. വ്യവസായികളും വ്യാപാരികളും മോശമല്ലാത്ത ലാഭം നേടിയിട്ടുണ്ട്. എന്നിട്ടും രാജ്യത്തെ ജനകോടികള് പോഷകാഹാരക്കുറവ് മൂലം മരിക്കുന്നതെന്തുകൊണ്ടാണ്? ഉത്തരം ലളിതമാണ്. അവശ വിഭാഗങ്ങള്ക്ക് തൊഴിലും ഭക്ഷണവും ആരോഗ്യവും വിദ്യാഭ്യാസവും നല്കി സംരക്ഷിക്കേണ്ട സര്ക്കാര് അവരെ അവഗണിക്കുന്നു. പാവങ്ങള്ക്കുള്ള സബ്സിഡികള് നിര്ത്തലാക്കി പണക്കാര്ക്ക് വാരിക്കോരി കൊടുക്കുന്നു. അങ്ങനെ പണക്കാര് കൂടുതല് പണക്കാരാകുന്നു. പാവങ്ങള് കൂടുതല് പാവങ്ങളും. അതാണ് ഉദാരവത്കൃത സാമ്പത്തിക നയം.
പട്ടിണി നിര്മാര്ജന നിയമം എന്ന നിലയിലാണ് ഭക്ഷ്യ സുരക്ഷാ ബില് നിര്ദേശിക്കപ്പെട്ടത്. ഏപ്രില് 22-ന് തുടങ്ങിയ രണ്ടാം ഘട്ട ബജറ്റ് സമ്മേളനത്തിലും പാര്ലമെന്റ് അത് പാസ്സാക്കാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്. 2ജി സ്പെക്ട്രം കൊണ്ടും കല്ക്കരി ലേലം കൊണ്ടും ഭരണകക്ഷിക്ക് പാര്ലമെന്റില് ശരശയ്യയൊരുക്കുന്ന തിരക്കിലാണ് പ്രതിപക്ഷം. സമ്മേളനം എങ്ങനെയെങ്കിലുമൊന്നവസാനിപ്പിച്ച് ആ ശരശയ്യയില് നിന്ന് രക്ഷപ്പെടാനുള്ള ബദ്ധപ്പാടിലാണ് സര്ക്കാര്. ഭക്ഷ്യ സുരക്ഷാ ബില് നീണ്ടുപോകുന്നതില് ഭരണപക്ഷത്തിനുമില്ല പ്രതിപക്ഷത്തിനുമില്ല വേവലാതി. രാജ്യത്തെ ദരിദ്ര കോടികളുടെ ക്ഷേമത്തില് ഇരുപക്ഷവുമൊഴുക്കുന്ന മുതലക്കണ്ണീരിന്റെ യാഥാര്ഥ്യത്തിലേക്കാണത് വിരല് ചൂണ്ടുന്നത്. കേന്ദ്ര കാബിനറ്റ് സ്വയം താല്പര്യമെടുത്ത് തയാറാക്കിയതല്ല ഭക്ഷ്യ സുരക്ഷാ ബില്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാന് ഇങ്ങനെയെന്തെങ്കിലുമൊന്നില്ലാതെ പറ്റില്ല എന്ന് സോണിയാ ഗാന്ധിയുടെ നിര്ബന്ധത്തിനു വഴങ്ങുകയായിരുന്നു അവര്. ഗവണ്മെന്റിന്, ധനമന്ത്രി ചിദംബരത്തെപ്പോലുള്ളവര്ക്ക് പ്രത്യേകിച്ചും ബില് നടപ്പിലാക്കുമ്പോള് സബ്സിഡിയിനത്തില് 95000 കോടി രൂപയുടെ സാമ്പത്തിക ബാധ്യത വന്നുചേരുന്നതിന്റെ പേരില് എതിര്പ്പുണ്ടായിരുന്നു. അതേസമയം, കഴിഞ്ഞ നാലു കൊല്ലത്തിനിടയില് വന്കിട വ്യവസായികള്ക്ക് അഞ്ചു ലക്ഷം കോടിയുടെ സൗജന്യങ്ങള് അനുവദിക്കാന് ഒരു മടിയുമുണ്ടായിട്ടില്ല. അങ്ങനെ രാജ്യത്ത് ശതകോടീശ്വരന്മാരുടെ എണ്ണം വര്ധിച്ചു. ഇവരില് 54 പേരാണ് രാജ്യത്തെ മൊത്തം വരുമാനത്തിന്റെ മൂന്നിലൊന്ന് കൈയാളുന്നത്. ഇന്ത്യയിലെ ഏറ്റം മികച്ച 500 കമ്പനികള് 2011-2012-ല് 9.3 ലക്ഷം കോടി രൂപയുടെ നേട്ടമുണ്ടാക്കിയതായാണ് റിപ്പോര്ട്ട്.സാക്ഷരതയിലും സാമ്പത്തിക വളര്ച്ചയിലും മികച്ചുനില്ക്കുന്ന സംസ്ഥാനമാണ് കേരളം. ദേശീയ സാമ്പത്തിക വളര്ച്ച 6.5 ശതമാനമാണെങ്കില് കേരളത്തിന്റെ വളര്ച്ച 9.5 ശതമാനമാണ്. 60000 കോടിയുടെ പ്രവാസ വരുമാനമുണ്ടീ സംസ്ഥാനത്തിന്. ഇന്ത്യന് ജനസംഖ്യയുടെ 2.75 ശതമാനം മാത്രമാണ് മലയാളികള്. പക്ഷേ, രാജ്യത്തെ മൊത്തം ഉപഭോഗത്തില് 15-20 ശതമാനമാണവരുടെ പങ്ക്. അരക്കോടിയും ഒരു കോടിയുമൊക്കെ വിലയുള്ള കാറുകള് ധാരാളം വിറ്റു കൊണ്ടിരിക്കുന്നു. 20 ലക്ഷം വിലയുള്ള മോട്ടാര് ബൈക്ക് ഉപയോഗിക്കുന്ന ആയിരം കേരളീയരുണ്ട്. ഷോപ്പിംഗ് മാളുകളും ഫ്ളാറ്റുകളും വില്ലകളും തുരുതുരാ പൊങ്ങിക്കൊണ്ടിരിക്കുന്നു. ഇതേ കേരളത്തില് തന്നെയാണ് അട്ടപ്പാടിയിലെ ആദിവാസി കുട്ടികള് പോഷകാഹാരം കിട്ടാതെ മരിച്ചൊടുങ്ങുന്നതും.
ദാരിദ്ര്യം നിര്മാര്ജനം ചെയ്യാന് ഉത്തരവാദിത്വപൂര്ണമായ നടപടികള് കൈക്കൊള്ളേണ്ട സര്ക്കാറും അതിന്റെ ഏജന്സികളും ദരിദ്രരെ നിര്മാര്ജനം ചെയ്യുന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്. പാവങ്ങളെ ദാരിദ്ര്യ രേഖക്ക് മുകളില് കൊണ്ടുവരാന് പരേതനായ പ്രമുഖ സാഹിത്യകാരന് വി.കെ.എന് സ്വതഃസിദ്ധമായ ശൈലിയില് ഒരു വിദ്യ നിര്ദേശിക്കുകയുണ്ടായി. ദാരിദ്ര്യ രേഖക്കു മുകളില് ദരിദ്രവാസികളെ വരക്കുക. അതുതന്നെയാണ് നഗരങ്ങളില് 32 രൂപയും ഗ്രാമങ്ങളില് 28 രൂപയും നിത്യവരുമാനമുള്ളവര് ജീവിക്കാന് മതിയായ വരുമാനമുള്ളവരാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ആസൂത്രണ കമീഷന് ചെയ്തത്. മാസാന്തം 200 രൂപയുടെ റേഷന് കൊണ്ട് ഒരു കുടുംബത്തിന് കഴിഞ്ഞുകൂടാമെന്നാണ് ദല്ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് പറയുന്നത്. ഇത് നടപ്പിലാവുകയാണെങ്കില് ദാരിദ്ര്യമല്ല ദരിദ്രരായിരിക്കും നിര്മാര്ജനം ചെയ്യപ്പെടുന്നതെന്ന് വ്യക്തം. ഇതിലും വിചിത്രമാണ് റിസര്വ് ബാങ്ക് ഗവര്ണര് സുബ്ബറാവുവിന്റെ കണ്ടെത്തല്. കഴിഞ്ഞ അഞ്ചു വര്ഷത്തിനിടെ ഗ്രാമങ്ങളില് 20 ശതമാനം ജനസംഖ്യാ വര്ധനവുണ്ടായി. അവര് കൂടി സാധനങ്ങള് വാങ്ങാന് തുടങ്ങിയതാണ് രാജ്യത്ത് വിലക്കയറ്റത്തിന് കാരണമായത്! 28 രൂപയും അതില് താഴെയും വരുമാനമുള്ള ഗ്രാമീണരുടെ ഉപഭോഗാസക്തി മൂലം സമ്പന്നര് വിലക്കയറ്റത്തിനിരയാകുന്നു! ദാരിദ്ര്യം നിര്മാര്ജനം ചെയ്യാനാവില്ലെങ്കില് വേണ്ട, ദരിദ്രരെ പരിഹസിക്കാതിരിക്കുകയെങ്കിലും ചെയ്തുകൂടെ?
Comments