Prabodhanm Weekly

Pages

Search

2013 മെയ്‌ 10

ഗസ്സ പ്രതിരോധത്തിന്റെ പാഠശാല-10 / തൊട്ടിലുകളുടെ നഗരം

സി. ദാവൂദ് / യാത്ര

യ്‌റോവിലെ ഹോട്ടലില്‍ വെച്ചാണ് അയ്മന്‍ മസൂദിനെ പരിചയപ്പെടുന്നത്. വെസ്റ്റ്ബാങ്കിലാണ് അയ്മന്റെ ജനനം. ചെറുപ്പത്തിലേ കുടുംബത്തോടൊപ്പം നാടുവിടേണ്ടി വന്നു. സുഊദിയിലും ലബനാനിലുമായിരുന്നു പിന്നീട് ജീവിതം. ഇപ്പോള്‍ ലബനാന്‍ തലസ്ഥാനമായ ബൈറൂത്തില്‍ ഹമാസ് അനുകൂല സന്നദ്ധ സംഘടനയായ ഖുദ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡെപ്യൂട്ടി ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു. ബാംഗ്ലൂരില്‍ നിന്ന് എം.സി.എ ബിരുദം നേടിയയാളാണ് അയ്മന്‍. ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചിട്ടുണ്ട്. നമ്മുടെ കോഴിക്കോട്ടും പല തവണ വന്നിട്ടുണ്ട്. ഇന്ത്യയിലെ ഫലസ്ത്വീന്‍ വിദ്യാര്‍ഥികളെ സംഘടിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. അയ്മന് പ്രായം 35. ഞങ്ങള്‍ കാണുമ്പോള്‍, തന്റെ നാലാമത്തെ കുഞ്ഞ് പിറന്ന സന്തോഷത്തിലായിരുന്നു അയ്മന്‍. കുഞ്ഞുടുപ്പുകളുടെ ഒരു സെറ്റ്, കൂടെയുണ്ടായിരുന്ന ഷെഹിന്‍ അവന് നല്‍കി. കുഞ്ഞുങ്ങളുടെ കാര്യം പറയവെ, അക്കാര്യത്തില്‍ ഫലസ്ത്വീനികളെ തോല്‍പിക്കാന്‍ ആര്‍ക്കുമാവില്ലെന്ന് ഞാന്‍ വെറുതെ തമാശ പറഞ്ഞു. 'അത് ഞങ്ങളുടെ ആയുധമാണ്'-ഒറ്റയടിക്ക് അയ്മന്‍ മറുപടി പറഞ്ഞു. അയ്മന്‍ അപ്പറഞ്ഞത് തീര്‍ത്തും ശരിയാണ്. സുന്ദരികളും സുന്ദരന്മാരുമായ കുഞ്ഞുങ്ങളെക്കൊണ്ട് നിറഞ്ഞൊരു പ്രദേശമാണ് ഫലസ്ത്വീന്‍ പൊതുവെ; ഗസ്സ വിശേഷിച്ചും. പത്തും പന്ത്രണ്ടും മക്കള്‍ മിക്ക ദമ്പതികള്‍ക്കുമുണ്ട്. ബോംബുകളുടെ ശബ്ദവും ഫൈറ്റര്‍ ജെറ്റുകളുടെ സോണിക് ബൂം ശബ്ദവും ഡ്രോണിന്റെ ഇരമ്പവും മാറ്റിനിര്‍ത്തിയാല്‍ ഗസ്സയെ ശബ്ദമുഖരിതമാക്കുന്നത് ഈ കുഞ്ഞുങ്ങളുടെ കലപിലയായിരിക്കും. ഗസ്സയിലേക്ക് കടക്കുമ്പോള്‍ തന്നെ നിങ്ങള്‍ക്കത് ഫീല്‍ ചെയ്യും. കാറ്റിലാടുന്ന പനിനീര്‍ പൂക്കളെപ്പോലെ തെരുവുകളിലും ഗല്ലികളിലും പാതയോരത്തുമെല്ലാം കുഞ്ഞുങ്ങള്‍ നിറഞ്ഞിരിക്കുന്നു. വൈകുന്നേരങ്ങളിലാണ് അതിന്റെ ഹരം. മിഠായി വാങ്ങാനും ഐസ്‌ക്രീം നുണയാനും തെരുവോര പലഹാരക്കടകള്‍ക്ക് മുമ്പില്‍ ചുറ്റിപ്പറ്റി നില്‍ക്കാനുമൊക്കെയായി കുട്ടികള്‍ പടയായി ഇറങ്ങുന്നത് അപ്പോഴാണ്. പല വര്‍ണങ്ങളില്‍ കുപ്പായമിട്ട് പാടിപ്പറക്കുന്ന ഈ കുഞ്ഞുതുമ്പികള്‍ ആരെയാണ് പ്രസാദിപ്പിക്കാതിരിക്കുക? ഗസ്സ, പോരാളികളുടെ പറുദീസ മാത്രമല്ല; കുഞ്ഞുങ്ങളുടെ പൂങ്കാവനം കൂടിയാണ്.
കുഞ്ഞുങ്ങള്‍ ഞങ്ങളുടെ ആയുധമാണ് എന്ന് അയ്മന്‍ പറഞ്ഞത് വെറുതെയല്ല. അത് ശരിക്കും അവരുടെ ഒരു രാഷ്ട്രീയ ആയുധം തന്നെയാണ്. ഇസ്രയേല്‍ തങ്ങളുടെ ചെറുപ്പക്കാരെ കൊന്നുതീര്‍ക്കുമ്പോള്‍ പകരം നില്‍ക്കാന്‍ ആളുണ്ടാവുന്നു എന്ന ലളിത സൂത്രവാക്യം മാത്രമല്ല അത്. എന്തിനാണ് ഇത്രയധികം കുട്ടികള്‍ എന്ന ചോദ്യത്തിന്, മര്‍യം ഫര്‍ഹത് മുമ്പ് പറഞ്ഞത് പോലെ, ഇസ്രയേലിനെതിരെ പോരാടാന്‍ എന്ന മറുപടി മിക്ക ഫലസ്ത്വീനി മാതാക്കള്‍ക്കുമുണ്ട്. ദൈവമേ, എനിക്ക് നീ നൂറു കുഞ്ഞുങ്ങളെ തന്നിരുന്നെങ്കില്‍ അവരെ മുഴുവന്‍ ഇസ്രയേലിനെതിരെ പോരാടാന്‍ പറഞ്ഞയക്കാമായിരുന്നല്ലോ എന്നാണ് മര്‍യം ഫര്‍ഹത് പ്രാര്‍ഥിച്ചത്. ഗര്‍ഭ പാത്രത്തില്‍ വെച്ചുതന്നെ പ്രതിരോധത്തിന്റെ പാഠങ്ങള്‍ ആ ഉമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നുണ്ടാവണം. പെയ്തുവീഴുന്ന ബോംബുകള്‍ക്കിടയിലും പൊട്ടിച്ചിതറുന്ന തങ്ങളുടെ വീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയിലും നിസ്സംഗതയോടെ തങ്ങളുടെ കുഞ്ഞുടുപ്പും പുസ്തക സഞ്ചിയും കളിപ്പാട്ടങ്ങളും തേടിപ്പോവുന്ന ഗസ്സയിലെ കുഞ്ഞുങ്ങളുടെ ടെലിവിഷന്‍ ദൃശ്യങ്ങള്‍ നാമേറെ കണ്ടതാണ്.
ഇതിനുമപ്പുറം ചില രാഷ്ട്രീയ അര്‍ഥങ്ങളുണ്ട് ഈ കുട്ടിപ്പടക്ക്. ഇസ്രയേലി പത്രങ്ങളും വിശകലന വിശാരദന്മാരും ജനസംഖ്യാ ടൈംബോംബ് (Demographic Time Bomb) എന്നു വിശേഷിപ്പിക്കുന്ന പ്രതിഭാസം. മറ്റൊരര്‍ഥത്തില്‍ കൗതുകകരമായ കാര്യമാണത്. എന്തിനാണ് നിങ്ങള്‍ ചുമ്മാ സ്വതന്ത്ര ഫലസ്ത്വീന്‍ എന്നൊക്കെ പറഞ്ഞ് ബഹളം വെക്കുന്നത്; ഇസ്രയേല്‍ ഒരു ജനാധിപത്യ രാജ്യമാണ്; സ്വതന്ത്ര പൗരന്മാരായി, തുല്യാവകാശങ്ങളോടെ നമുക്കീ രാജ്യത്ത് ഒരുമിച്ച് ജീവിക്കാം എന്നായിരുന്നു മുമ്പ് ഇസ്രയേലികള്‍ ഫലസ്ത്വീനികളോട് പറയാറുണ്ടായിരുന്നത്. അതായത്, ഫലസ്ത്വീനികള്‍ക്കും ജൂതന്മാര്‍ക്കും തുല്യ വോട്ടവകാശം ലഭിക്കുന്ന ഒരു രാജ്യം. കവര്‍ന്നെടുക്കപ്പെട്ട തങ്ങളുടെ ദേശം സമ്പൂര്‍ണമായി തിരികെ വേണം എന്ന ഫലസ്ത്വീനി വാദത്തെ ദുര്‍ബലപ്പെടുത്താനായിരുന്നു ഇസ്രയേല്‍ ഈ ആശയം മുന്നോട്ട് വെക്കാറുണ്ടായിരുന്നത്. ജനാധിപത്യ, മനുഷ്യാവകാശ വേദികളില്‍ എളുപ്പം സ്വീകരിക്കപ്പെടാന്‍ സാധ്യതയുള്ള ആശയം. എന്നാല്‍, ഇന്ന് ഇസ്രയേല്‍ ഈ ആശയം മുന്നോട്ട് വെക്കുന്നില്ല. എന്നു മാത്രമല്ല, ഫലസ്ത്വീനികളെങ്ങാനും ഈ ആശയം ഗൗരവത്തില്‍ ഉന്നയിക്കുന്നതിനെ അവര്‍ ഭയപ്പെടുകയും ചെയ്യുന്നു. ദ്വിരാഷ്ട്ര സിദ്ധാന്തമാണ് സമാധാന വാദികളെന്ന് നടിക്കുന്ന ഇസ്രയേലികള്‍ പോലും ഇപ്പോള്‍ ഉയര്‍ത്തുന്നത്. അതായത്, സ്വതന്ത്രമായ ഒരു ജൂത രാഷ്ട്രവും മറ്റൊരു ഫലസ്ത്വീന്‍ രാജ്യവും. അതിന്റെ അതിര്‍ത്തികള്‍ ഏതായിരിക്കണമെന്ന കാര്യത്തിലാണ് തര്‍ക്കം. സമാധാന ചര്‍ച്ചകള്‍ അനന്തമായി നീണ്ടുപോകുന്നതിന്റെ പല കാരണങ്ങളിലൊന്നും അത് തന്നെ. ജറൂസലമിന്റെ പദവി, അഭയാര്‍ഥികളുടെ തിരിച്ചുവരവ് എന്നിവയാണ് ഇനിയും പാതിവഴിയില്‍ പോലുമെത്തിയിട്ടില്ലാത്ത സമാധാന ചര്‍ച്ചകളുടെ മറ്റ് പ്രധാന ഉടക്കുകള്‍. ഹമാസ് ആകട്ടെ, ഈ സമാധാന ചര്‍ച്ചകളെ തന്നെ അംഗീകരിക്കുന്നുമില്ല. സമാധാന ചര്‍ച്ചകളിലൂടെ ഫത്ഹ് പ്രസ്ഥാനത്തെ മരവിപ്പിച്ച് നിര്‍ത്താനും വിമോചന സമരം അവരെക്കൊണ്ട് തന്നെ റദ്ദ് ചെയ്യിക്കാനും കഴിഞ്ഞുവെന്നതാണ് ഇസ്രയേലിന്റെ വിജയം.
തുല്യാവകാശമുള്ള ജനാധിപത്യരാജ്യം എന്ന ആശയം ഇസ്രയേല്‍ ഇപ്പോള്‍ ഉന്നയിക്കാത്തതെന്താണ്? ഈ കുഞ്ഞുങ്ങള്‍ തന്നെയാണ് അതിന് കാരണം. തുല്യാവകാശമുള്ള ഇസ്രയേല്‍ എന്ന ആവശ്യമെങ്ങാനും അംഗീകരിക്കപ്പെട്ടാല്‍ അധികം വിദൂരത്തല്ലാത്ത ഭാവിയില്‍ ഇസ്രയേല്‍ ഫലസ്ത്വീനികള്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യമാകും. ലോകത്തെ ഏറ്റവും ജനന നിരക്കുള്ള പ്രദേശങ്ങളിലൊന്നാണ് ഫലസ്ത്വീന്‍. അതില്‍ ഗസ്സ കൂടുതല്‍ മുന്നിട്ടു നില്‍ക്കുന്നു. 39.45 ആണ് അവിടത്തെ ജനന നിരക്ക്. ഇസ്രയേലിന്റെതാവട്ടെ 18.97 ഉം. വെസ്റ്റ് ബാങ്കിലെ നിലവിലെ ജനസംഖ്യ 2.6 മില്യനാണ്. ഗസ്സയിലേത് 1.7 മില്യന്‍. കൂടാതെ 1.4 മില്യന്‍ അറബികള്‍/ഫലസ്ത്വീനികള്‍ ഇസ്രയേലിനകത്തുമുണ്ട്.1 (ഇതില്‍ ഒമ്പത് ശതമാനം ക്രിസ്ത്യാനികളും ഒമ്പത് ശതമാനം ദ്രൂസ്2 വിഭാഗവും പെടും). മൊത്തം ഇസ്രയേലി ജനസംഖ്യയുടെ 25 ശതമാനമാണ് അറബികള്‍. അതായത് ഗസ്സ, വെസ്റ്റ് ബാങ്ക്, ഇസ്രയേല്‍ എന്നിവ ചേര്‍ന്നാലുള്ള ഫലസ്ത്വീനി ജനസംഖ്യ 5.7 മില്യന്‍ വരും. ഇസ്രയേലി ജനസംഖ്യയാവട്ടെ ആകെ 7.8 മില്യനാണ്. ഇതില്‍ നിന്ന് അറബികളെ കിഴിച്ചാല്‍ 6.4 മില്യന്‍ ജൂതരാണ് അവിടെയുള്ളത്. അതായത്, നിലവില്‍ തന്നെ 0.7 മില്യന്‍ മാത്രമാണ് അറബികളും ജൂതരും തമ്മിലുള്ള ജനസംഖ്യാ വ്യത്യാസം. നിലവിലുള്ള ജനന നിരക്കും പ്രത്യുല്‍പാദന നിരക്കും വെച്ചു നോക്കിയാല്‍ 2015 ആവുമ്പോഴേക്ക് ഇസ്രയേലികളുടെയും ഫലസ്ത്വീനികളുടെയും ജനസംഖ്യ തുല്യമാകുമെന്നാണ് വിദഗ്ധര്‍ കണക്കു കൂട്ടുന്നത്. അപ്പോള്‍ പിന്നെ, തുല്യാവകാശങ്ങളുള്ള ജനാധിപത്യ രാജ്യത്തെ ഇസ്രയേല്‍ ഭയപ്പെടുമെന്ന് പറയേണ്ടതില്ലല്ലോ. ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ് 5.6 മില്യന്‍ ഫലസ്ത്വീനികള്‍ അഭയാര്‍ഥികളായി വിവിധ അറബ് രാജ്യങ്ങളില്‍ കഴിഞ്ഞു കൂടുന്നുണ്ട് എന്നത്. തിരിച്ചുവരവിനുള്ള അവകാശം (Right to Return) എന്ന ഫലസ്ത്വീനികളുടെ മുദ്രാവാക്യത്തെ ഇസ്രയേല്‍ ഏറ്റവും ഭയക്കുന്നത് വെറുതയല്ല.
മറ്റു ചില ജനസംഖ്യാ ഘടകങ്ങള്‍ കൂടി പരിശോധിക്കാം. ഫലസ്ത്വീന്‍ ജനസംഖ്യയിലെ 44.7 ശതമാനവും പൂജ്യം മുതല്‍ 14 വരെ പ്രായ ഘടനയിലുള്ളവരാണ്! അതായത്, ജനസംഖ്യയുടെ ഏതാണ്ട് പകുതിയോളം കുട്ടികളാണെന്നര്‍ഥം. 52.7 ശതമാനം ആളുകള്‍ 15 മുതല്‍ 64 വരെ പ്രായ ഘടനയിലുള്ളവരും. 2.7 ശതമാനം 65 വയസ്സിന് മുകളിലുള്ളവരും. അതായത്, ബാല്യത്തിന്റെയും കൗമാരത്തിന്റെയും യൗവനത്തിന്റെയും ഉത്സവപ്പറമ്പാണ് ഫലസ്ത്വീന്‍ എന്നര്‍ഥം. ത്രസിക്കുന്ന ജനത. ഭാവിയുടെ സൂക്ഷിപ്പുപുരകളാണ് ഓരോ ഫലസ്ത്വീനി കുടുംബവും. ഇസ്രയേലിന്റെ ശരാശരി പ്രായം 34 ആണെങ്കില്‍ ഫലസ്ത്വീനിന്റേത് 14. ഇസ്രയേലി ജനസംഖ്യയില്‍ 27.3 ശതമാനം മാത്രമാണ് പൂജ്യം മുതല്‍ 14 വരെ പ്രായഘടനയിലുള്ളവര്‍. ഇസ്രയേലി ജൂതരില്‍ പകുതിയിലേറെ പേരും ഇരട്ട പൗരത്വമുള്ളവരാണ്. ഇസ്രയേലി പൗരത്വത്തോടൊപ്പം അമേരിക്ക, കനഡ എന്നിവിടങ്ങളിലും കൂടി അവര്‍ പൗരത്വം സമ്പാദിക്കുന്നു. അതായത്, ഏത് നിമിഷവും വണ്ടി കയറിപ്പോകാനുള്ള മാനസിക അവസ്ഥയിലാണ് അവര്‍ അവിടെ താമസിക്കുന്നത്. ഭാവിയുടെ മരുപ്പറമ്പാണ് ആ അര്‍ഥത്തില്‍ ഇസ്രയേല്‍. ഇസ്രയേലിനകത്തുള്ള അറബികളുടെ ജനസംഖ്യാ വര്‍ധന നിരക്ക് 2.6 ശതമാനമാണ്. എന്നാല്‍ ജൂതരുടേത് 1.7 ശതമാനം മാത്രം. അതായത്, സ്വന്തം പൗരന്മാരുടെ ജനസംഖ്യ വര്‍ധിപ്പിക്കാനുള്ള ഇസ്രയേലിന്റെ നയവും ഫലത്തില്‍ ജൂതര്‍ക്കല്ല ഗുണം ചെയ്യുന്നതെന്നര്‍ഥം. കുട്ടികള്‍ ഞങ്ങളുടെ ആയുധമാണ് എന്ന് അയ്മന്‍ പറഞ്ഞതിന്റെ അര്‍ഥം ഇപ്പോള്‍ ശരിക്കും മനസ്സിലായിക്കാണും.
കുട്ടികളെക്കൊണ്ട് നിറഞ്ഞ നഗരമാണ് ഗസ്സയെങ്കിലും അതിന്റെ അലമ്പുകളൊന്നും അവിടെ കാണില്ല. അതായത്, മൂക്കളയൊലിക്കുന്ന നഗരമാണ് അതെന്ന് വിചാരിക്കേണ്ടതില്ല. കാര്യങ്ങളെല്ലാം വൃത്തിയില്‍ അവര്‍ നടത്തിക്കൊണ്ടു പോവുന്നു. അറബ് രാജ്യങ്ങളില്‍ തന്നെ സാക്ഷരതാ നിരക്കില്‍ അവര്‍ ഏറെ മുന്നിലാണ് - 95 ശതമാനത്തോളം വരുമത്. സ്‌കൂളുകളെക്കൊണ്ട് നിറഞ്ഞ നഗരമാണ് ഗസ്സ. ഓരോ സ്‌കൂളും ഒന്നിനൊന്ന് വൃത്തിയുള്ളത്. സ്‌കൂളുകളില്‍ നല്ലൊരു ശതമാനവും യു.എന്‍ മേല്‍നോട്ടത്തിലുള്ളതാണ്. പഠനവും ഉച്ചഭക്ഷണവും അധ്യാപകരുടെ ശമ്പളവുമെല്ലാം യു.എന്‍ ചെയ്തു കൊടുക്കുന്നു. യു.എന്‍ സൗകര്യങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ ഫലസ്ത്വീനികള്‍ മിടുക്കരുമാണ്.
ഇത്രയും പ്രതികൂലമായ സാഹചര്യത്തില്‍ ഇത്രയധികം കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കുകയും മുലയൂട്ടുകയും വളര്‍ത്തുകയും ചെയ്യുന്ന ഫലസ്ത്വീനി ഉമ്മമാരെ നാം അഭിവാദ്യം ചെയ്തു പോകും. പ്രസവം അവര്‍ക്കൊരാനന്ദവും വെല്ലുവിളിയുമാണെന്നു തോന്നുന്നു. ഉപരോധവും ആക്രമണവും കൊണ്ട് നിറഞ്ഞതാണ് ജീവിതമെങ്കിലും അതിന്റെ വടുക്കളൊന്നും ആ കുഞ്ഞുങ്ങളുടെ മുഖത്ത് കാണില്ല. അവര്‍ ആവേശഭരിതരാണ്. ഉത്സാഹത്തോടെ തുള്ളിച്ചാടുന്നു. ബഹളം വെക്കുന്നു. കടപ്പുറത്ത് വന്ന് കളിക്കുന്നു. അവരെ ആഹ്ലാദത്തോടെ വളര്‍ത്താന്‍ ആ ഉമ്മമാര്‍ക്കുമറിയാം. വീട്ടില്‍ ഒരാള്‍ ഗര്‍ഭിണിയാകുമ്പോള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുകയും ഗര്‍ഭിണി അതിന്റെ തടവുകാരിയാവുകയും ചെയ്യുന്ന നമ്മുടെ നാട്ടിലെ ശീലങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഗസ്സയിലെ സ്ത്രീകളും അവരുടെ ഭര്‍ത്താക്കന്മാരും നമ്മെ ഞെട്ടിച്ചു കളയും. പ്രസവവും പ്രതിരോധമാണ് എന്നാണ് അവര്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്.
കുറിപ്പുകള്‍
1. ഇസ്രയേലി സാമൂഹിക, രാഷ്ട്രീയ രംഗത്ത് സജീവമാണ് ഇസ്രയേലിനകത്തെ അറബ് മുസ്‌ലിംകള്‍. തആല്‍, ഹദശ്, ബലദ്, യുനൈറ്റഡ് അറബ് ലിസ്റ്റ് എന്നിവ ഇസ്രയേലി പാര്‍ലെമന്റില്‍ അംഗത്വമുള്ള അറബ് രാഷ്ട്രീയ പാര്‍ട്ടികളാണ്. ഇതില്‍ യുനൈറ്റഡ് അറബ് ലിസ്റ്റ് ഇസ്‌ലാമിസ്റ്റുകളുടെ പിന്തുണയുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ്. നിലവില്‍ ഇവര്‍ക്ക് രണ്ട് പാര്‍ലമെന്റ് അംഗങ്ങളുണ്ട്. ഈ വര്‍ഷത്തെ മികച്ച ഇസ്‌ലാമിക സേവനത്തിനുള്ള കിംഗ് ഫൈസല്‍ അവാര്‍ഡ് നേടിയ ശൈഖ് റാഇദ് സ്വലാഹ് ആണ് ഇസ്രയേലിനകത്തെ ഇസ്‌ലാമിക പ്രസ്ഥാനമായ അല്‍ ഹറകത്തുല്‍ ഇസ്‌ലാമിയയുടെ അധ്യക്ഷന്‍. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ഇസ്രയേലി പതിപ്പായാണ് ഇത് പരിഗണിക്കപ്പെടുന്നത്.
2. 11-ാം നൂറ്റാണ്ടില്‍ ഇസ്മാഈലിയ ശീഈ വിഭാഗത്തില്‍ നിന്ന് പിരിഞ്ഞ് രൂപപ്പെട്ട സ്വതന്ത്രമായ ഒരു മതവിഭാഗമാണ് ദ്രൂസ് (Druze). ദറൂസ് എന്ന് അറബിയില്‍ പറയും. ഇസ്രയേല്‍, ജോര്‍ദാന്‍, ലബനാന്‍ എന്നിവിടങ്ങളിലാണ് ഈ വിഭാഗം കൂടുതലായും വസിക്കുന്നത്. മൊത്തം ഒരു മില്യന്‍ വരും ലോകമാകെയുള്ള ദ്രൂസുകളുടെ ജനസംഖ്യ.. ദാവൂദ് യാത്രസി. ദാവൂദ് യാത്ര

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 50
എ.വൈ.ആര്‍