Prabodhanm Weekly

Pages

Search

2013 മെയ്‌ 10

ഈഴവ ചരിത്രവും വര്‍ത്തമാനവും

മാധവദാസ് / പ്രതികരണം

'ഈ പുരാതന ചരിത്രം പൊളിച്ചെഴുതപ്പെടേണ്ടതാണ്' ഡോ. എം.എസ് ജയപ്രകാശുമായി സദ്‌റുദ്ദീന്‍ വാഴക്കാട് നടത്തിയ അഭിമുഖം (ലക്കം 43, 45) ചരിത്ര സത്യങ്ങളിലേക്കുള്ള ജാലകമായി. എഴുതപ്പെട്ട ചരിത്രം അധികാര വ്യവസ്ഥയുടെ അകത്തളങ്ങളുടെ ഭാഗമായിരുന്നു. അതിലേക്ക് പ്രവേശിക്കാനാവാത്തവരുടെ ചരിത്രം വാമൊഴി വഴക്കങ്ങളില്‍ നിലകൊള്ളുന്നു. ഈ വാമൊഴികളില്‍ ഗവേഷണം വളര്‍ന്നപ്പോഴാണ് അവര്‍ണരുടെ ചരിത്രത്തിലേക്ക് നാം ഉണര്‍ന്നത്. ലിഖിത ചരിത്രം എന്നതിനൊപ്പം തന്നെ അനുഷ്ഠാന കലകെളയും പുരാവൃത്തങ്ങളെയും കുടുംബ ചരിത്രങ്ങളെയും മറ്റും ഉപാദാനങ്ങളാക്കുമ്പോഴാണ് ജനകീയ ചരിത്രം വെളിപ്പെടുക. അല്ലാതെ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെയും പി. പരമേശ്വരന്റെയും ചരിത്രമെഴുത്തിന് പിന്നാലെ പോയാല്‍ സത്യം തിരിയില്ല.
ഈഴവര്‍/ തീയ്യര്‍ എന്ന ജനവിഭാഗത്തില്‍ പല കുലത്തൊഴിലുകളിലുമേര്‍പ്പെട്ട് ജീവിച്ച കുടുംബങ്ങള്‍ ഉണ്ടായിരുന്നു. നാലോ അഞ്ചോ തലമുറ മുമ്പത്തെ അവസ്ഥയും അതായിരുന്നു. കൃഷി, വൈദ്യം, നെയ്ത്ത്, അധ്യാപനം എന്നതിനൊപ്പം മദ്യനിര്‍മാണവും അതില്‍ ചിലതായിരുന്നു. ഈഴം എന്നത് ശ്രീലങ്കയാണെന്നും തീയ്യന്‍ എന്നത് ദ്വീപന്‍ എന്നതില്‍ നിന്ന് ഉരുത്തിരിഞ്ഞതാണെന്നും വാദങ്ങളുണ്ട്. തെങ്ങുമായി ഈഴവന് ഹൃദയബന്ധമാണുള്ളത്. മലബാറിലെ തീയ്യ കഴകങ്ങള്‍ ഇന്നും അനുഷ്ഠാനങ്ങളുമായി സജീവമാണ്. മലബാറിലെ തെയ്യങ്ങളുമായും വടക്കന്‍ പാട്ടുകളുമായും തീയ്യര്‍ക്ക് ബന്ധമുണ്ട്. നായാട്ട് ദൈവങ്ങളില്‍ നിന്നാണ് പിന്നീട് നാട്ടുദൈവങ്ങള്‍ പരിണമിച്ചത്. കാട്ടില്‍നിന്നും നാട്ടിലേക്കിറങ്ങിയ ജനതയോടൊപ്പം വന്ന ദൈവങ്ങള്‍. തീയ്യരുമായി ബന്ധപ്പെട്ട പുലിദൈവങ്ങള്‍ കാടിറങ്ങി നാട്ടിലേക്ക് വന്നു. വയനാട്ടു കുലവന്‍ ഇപ്രകാരമുള്ള ദേവതയാണ്. നാടുവാഴികളുടെയോ ജന്മിമാരുടെയോ ദുഷ്‌ചെയ്തികളെ എതിര്‍ത്ത തീയ്യ നേതാക്കള്‍ വധിക്കപ്പെട്ടതും പിന്നീട് തെയ്യങ്ങളായി വന്ന് ഇന്നും വിശ്വാസികളുടെ അബോധ മനസ്സില്‍ കുടികൊള്ളുന്നതും മലബാറിലെ ചരിത്ര യാഥാര്‍ഥ്യമാണ്. അധ്വാനവുമായി ബന്ധപ്പെട്ട തൊഴിലുകളില്‍ വ്യാപരിച്ചിരുന്ന ഇവര്‍ അവൈദികര്‍ ആയിരുന്നു. വര്‍ണ വ്യവസ്ഥക്ക് അതീതരായിരുന്നതിനാല്‍ അവര്‍ണരായിരുന്നു. ബൗദ്ധ ബന്ധവും ഇതിന് കാരണമായിരിക്കുന്നു. പിന്നീട് ബ്രിട്ടീഷ് മലബാറില്‍ ലഭിച്ച സൗകര്യങ്ങളെ സമര്‍ഥമായി ഉപയോഗിച്ച് തീയ്യര്‍ ഉയര്‍ന്നു വന്നു.
നാരായണ ഗുരുവിന്റെ ക്രിയാത്മക നേതൃത്വമാണ് സംഘടിതമായി അവകാശങ്ങള്‍ നേടാന്‍ ഈഴവരെ പ്രാപ്തരാക്കിയത്. നാരായണഗുരു വിഭിന്ന വീക്ഷണങ്ങള്‍ക്ക് വളരാനുള്ള സാഹചര്യം പ്രദാനം ചെയ്തു. ബൗദ്ധരായ മിതവാദി കൃഷ്ണനും സഹോദരന്‍ അയ്യപ്പനും ഹൈന്ദവ പക്ഷപാതികളായിരുന്ന കുമാരനാശാനും ടി.കെ മാധവനും ക്രൈസ്തവ ആഭിമുഖ്യമുള്ള സി.വി കുഞ്ഞുരാമനും മറ്റും ശ്രീനാരായണ പ്രസ്ഥാനത്തിന് വിവിധ രീതികളില്‍ ശക്തിപകര്‍ന്നവരാണ്. അന്ന് സമുദായത്തില്‍ ഉണ്ടായിരുന്ന സമ്പന്നരും ശ്രീനാരായണ പ്രസ്ഥാനത്തിനായി നിര്‍ലോഭം പ്രവര്‍ത്തിച്ചു. ജനങ്ങളിലേക്ക് ആഴത്തില്‍ അതിറങ്ങി. ജാതീയതയെ എതിര്‍ക്കുന്ന തരത്തിലൊക്കെ എതിര്‍ത്തു. മധ്യ തിരുവിതാംകൂറില്‍ കുറച്ച് ഈഴവര്‍ സിഖ് ധര്‍മം സ്വീകരിച്ചു. ക്ഷേത്ര പ്രവേശനത്തിന് വേണ്ടിയുള്ള സമരങ്ങള്‍ക്കൊപ്പം തന്നെ, സ്വന്തമായി വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് വിജയകരമായി നടത്താന്‍ ഈഴവര്‍ക്ക് കഴിഞ്ഞു. ഗത്യന്തരമില്ലാതെ അവര്‍ണര്‍ക്ക് സവര്‍ണ ക്ഷേത്രങ്ങളില്‍ പ്രവേശനം നല്‍കി അവരെ ഹൈന്ദവത്കരിക്കാന്‍ ആസൂത്രിതമായി ശ്രമിച്ചു. ഇതാണ് ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ പിന്നിലുള്ള തന്ത്രം. ഈഴവര്‍ ഉള്‍പ്പെടെയുള്ള അവര്‍ണരുടെ പണം ക്ഷേത്ര ഭണ്ഡാരങ്ങളെ നിറച്ചു. ഭൂപരിഷ്‌കരണം കൊണ്ടുണ്ടായ സാമ്പത്തിക വിഷമതയെ ക്ഷേത്രപ്രവേശനം കൊണ്ട് മറികടന്നു. ഇന്ന് ഈഴവരും സ്വന്തം ചരിത്രം മറന്ന് സ്വയം സവര്‍ണരാകാന്‍ മോഹിക്കുന്നു. എന്തൊരു ദുരവസ്ഥ! അവര്‍ണന്‍ സവര്‍ണ വിധേയത്വത്തിലേക്ക് സഞ്ചരിക്കുന്ന കാഴ്ചയാണ് തൊണ്ണൂറുകളിലെ കേരളം കണ്ടത്. ഈ പ്രവണത ഇപ്പോള്‍ വര്‍ധിച്ചിരിക്കുന്നു.
എന്നാല്‍, ഇന്നും അര്‍ഹിക്കുന്ന അവകാശങ്ങള്‍ ഈഴവന് നിഷേധിക്കപ്പെടുകയാണ്. ശബരിമലയും ഗുരുവായൂരും അടക്കമുള്ള ക്ഷേത്രങ്ങളില്‍ യോഗ്യരായ ഈഴവരെ ശാന്തികളായി നിയോഗിക്കാന്‍ ഇന്നും തയാറല്ല. അപ്പോള്‍ പിന്നെ ആരുടെ, എന്തിന് വേണ്ടിയുള്ള ഐക്യത്തിന് വേണ്ടിയാണ് നാടകങ്ങള്‍ അരങ്ങേറുന്നത്? അവര്‍ണനെ ഉപയോഗിച്ച് സ്വന്തം കാര്യം നേടുക എന്നതാണ് ഹൈന്ദവ ഐക്യത്തിന്റെ പൊരുള്‍. എസ്.എന്‍.ഡി.പി യോഗത്തെ ബ്രാഹ്മണിസത്തിന്റെ കീഴിലേക്ക് നയിക്കുന്നത് ആത്മഹത്യാപരമാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 50
എ.വൈ.ആര്‍