ദേശീയതയുടെ ചാവേറുകള്‍
ഇന്ത്യക്കാരനായ സരബ്ജിത്ത് സിംഗ് ഇതെഴുതുമ്പോള്‍ ജീവിതത്തിനും മരണത്തിനുമിടയിലെ നേര്‍ത്ത നൂല്‍പ്പാലം താണ്ടി ലാഹോറിലെ ജിന്നാ ആശുപത്രിയുടെ ഐ.സി.യുവില്‍ കിടക്കുകയാണ്. ഭീകരതയുമായി ബന്ധപ്പെട്ട കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെ സഹതടവുകാരുടെ ആക്രമണത്തില്‍ പരിക്കേറ്റാണ് ഇയാള്‍ ആശുപത്രിയിലായത്. പാകിസ്താനിലെ ഫൈസലാബാദിലും ലാഹോറിലും 1992-ല്‍ നടന്ന സ്‌ഫോടനങ്ങള്‍ 16 ജീവന്‍ അപഹരിച്ചതിന്റെ കുറ്റവിചാരണക്കൊടുവിലാണ് പാകിസ്താനിലെ നിയമം സരബ്ജിത്തിനെ ശിക്ഷിച്ചതും കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി ഇയാള്‍ കൊലമരം കാത്തു ജയിലില്‍ കഴിഞ്ഞതും. നിയമത്തിന്റെ വിശുദ്ധമായ നടപടിക്രമങ്ങള്‍ സരബ്ജിത്തിന്റെ ശിക്ഷ നടപ്പാക്കുന്നത് പലതരം കാരണങ്ങള്‍ കൊണ്ട് നീട്ടിവെച്ചപ്പോള്‍ ജയിലിലെ സഹതടവുകാരായ കൊലയാളികളുടെ കാടന്‍ നീതിയാണ് ഏറ്റവുമൊടുവില്‍ പാകിസ്താനില്‍ നടപ്പിലായത്. അതിന് അവിടത്തെ നിയമപാലകരുടെ കുറ്റകരമായ ഒത്താശയോ മൗനസമ്മതമോ ഉണ്ടായിരുന്നുവെന്നും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളിലുണ്ട്. അജ്മീറിലെ ദിവാന്‍ അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടിയതു പോലെ പാക് ജയിലില്‍ നടന്ന ഈ മനുഷ്യത്വരഹിതമായ ആ്രകമണം ഒരര്‍ഥത്തിലും മുസ്‌ലിം രാജ്യമായ പാകിസ്താനില്‍ സംഭവിക്കാന്‍ പാടുണ്ടായിരുന്നില്ല.
പക്ഷേ, ഇന്ത്യയിലെ പൊതുവികാരം മറ്റൊരു രീതിയിലാണ് ഉരുവപ്പെട്ടത്. 'ഭാരതത്തിന്റെ ഈ വീരപുത്രനെ എത്രയും പെട്ടെന്ന് മാതൃരാജ്യത്തേക്ക് മടക്കിക്കൊണ്ടുവരണ'മെന്ന് പയനിയര്‍ പത്രമെങ്കിലും മുന്‍പേജിലെ സു്രപധാന വാര്‍ത്തയിലൂടെ ആവശ്യപ്പെട്ടു. സരബ്ജിത്ത് ഏതര്‍ഥത്തിലാണ് ഇന്ത്യ ഏറ്റെടുക്കേണ്ട വീരനായതെന്നോ, എന്താണ് അദ്ദേഹം പാകിസ്താനില്‍ നടത്തിയ വീരകൃത്യങ്ങളെന്നോ വാര്‍ത്തക്കകത്ത് പരാമര്‍ശം ഉണ്ടാവാത്തതു കൊണ്ടുതന്നെ പാകിസ്താനില്‍ ഇയാള്‍ നടത്തിയ സ്‌ഫോടനങ്ങളാണ് ഇന്ത്യ അഭിമാനിക്കേണ്ട വീരകൃത്യങ്ങളെന്ന് ന്യായമായും സങ്കല്‍പ്പിക്കാവുന്നതാണ്. ഇന്ത്യയുടെ ചാരനാണ് സരബ്ജിത്ത് എന്ന പാകിസ്താന്റെ ആരോപണത്തെ പയനിയര്‍ ശരിവെക്കുകയാണ് ചെയ്തതെന്നും പറയാം. അതേസമയം സരബ്ജിത്തിന്റെ കുടുംബം ഇന്നോളം അവകാശപ്പെട്ടത് പാകിസ്താന്‍ ആളുമാറിയാണ് ഈ കേസില്‍ ഇദ്ദേഹത്തെ തടവിലാക്കിയതെന്നും അവരുടെ ഭര്‍ത്താവോ സഹോദരനോ പിതാവോ ആയ സരബ്ജിത്ത് ഒരിക്കലും ഇന്ത്യയുടെ ചാരനായിരുന്നില്ലെന്നുമാണ്. ആളുമാറി തടവിലായ ഒരു സാധാരണ കുടുംബനാഥനായിരുന്നു ഇയാളെങ്കില്‍ ഒരിക്കലും വീരപു്രതന്‍ എന്ന വിശേഷണത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. പാകിസ്താനില്‍ ആളുകളെ കൊന്നു എന്ന അവിടത്തെ കോടതിയുടെ ആരോപണമാണ് പയനിയര്‍ ശരിവെച്ചതെങ്കില്‍ കൊലപാതകങ്ങെള ജാതിയും മതവും നോക്കി എതിര്‍ക്കുന്ന രാജ്യമാണെന്ന ആരോപണത്തിന് അന്താരാഷ്ട്ര മുഖം നല്‍കുകയാണ് പത്രം ചെയ്തത്.
ഉദാഹരണമായിരുന്നു മായാബെന്‍ കോദ്‌നാനി. 96 പേരെ ചുട്ടുകൊല്ലുന്നതിന് നേതൃത്വം നല്‍കിയ മായക്ക് ഇന്ത്യയിലെ വിചാരണക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ വധശിക്ഷയാക്കി മാറ്റാന്‍ ഗുജറാത്ത് സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന എസ്.ഐ.ടിയുടെ ആവശ്യം മോഡി അംഗീകരിക്കണമോ വേണ്ടയോ എന്നതിനെ ചൊല്ലിയാണ് നിലവില്‍ തര്‍ക്കം മുറുകുന്നത്. 'ഹിന്ദുഹൃദയ സാ്രമാട്ട് 'എന്നപദവി നരേന്ദ്ര മോഡിക്ക് അവകാശപ്പെടണമെങ്കില്‍ മായയെയും ബാബു ഭജ്‌രംഗിയെയും ഇനിയും കൂടുതല്‍ ശിക്ഷിക്കുന്നതില്‍ നിന്നും ഗുജറാത്ത് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നാണ് ശിവസേന ആവശ്യപ്പെടുന്നത്. ഹിന്ദുത്വത്തിനു വേണ്ടി മായയും ഭജ്‌രംഗിയും നടത്തിയ െകാലപാതകങ്ങള്‍ വീരകൃത്യമാെണന്നും ഇവ നിയമവാഴ്ചയുടെ പൊതുതത്ത്വങ്ങള്‍ക്ക് അതീതമാവണംഎന്നുമല്ലേ ഇതിനര്‍ഥം? ഇന്ത്യ എന്ന രാജ്യത്ത് ജീവിക്കാന്‍ അര്‍ഹത ഒരു മതസമൂഹത്തിനു മാ്രതമാണെന്നാണ് ശിവസേനയും കൂട്ടരും പറയാതെ പറയുന്നത്. രാഷ്ട്രീയ മതത്തിനു വേണ്ടി കൊല്ലാനിറങ്ങുന്നത് സല്‍കൃത്യമാണെന്ന ഈ ആഭ്യന്തരനീതിയുടെ അന്താരാഷ്്രട വായനയല്ലേ സരബ്ജിത്തിന്റെ കാര്യത്തില്‍ മറ്റൊരു ഭാഷയില്‍ പയനിയര്‍ ആവശ്യപ്പെട്ടത്? ഒരു രാജ്യം കൊല്ലാനിറങ്ങുന്നത് കുറ്റമല്ലെങ്കില്‍ ഭീകരതയുെട പേരില്‍ മറ്റു രാജ്യങ്ങളെ നമുക്കെങ്ങനെ ഭാവിയില്‍ കുറ്റം പറയാനൊക്കും?
വിഷയത്തെ അങ്ങനെ സമീപിക്കാതിരിക്കലായിരുന്നു ഭംഗി. ഇന്ത്യ സൗകര്യപൂര്‍വം വിസ്മരിച്ച അനേകം ചാരന്മാരിലൊരാള്‍ മാ്രതമായിരുന്നു സരബ്ജിത്ത് സിംഗ്. പാകിസ്താനിലെ ജയിലില്‍ നാലുമാസം മുമ്പെ കൊല്ലപ്പെട്ട ചമേല്‍ സിംഗ് മുതല്‍ 36 വര്‍ഷം പാക് ജയിലില്‍ കിടന്ന് 2007-ല്‍ മോചിതനായ സുര്‍ജീത് സിംഗ് വരെയുള്ളവര്‍ ഗുജ്‌റാല്‍ 1997-ല്‍ നിര്‍ത്തലാക്കിയ കൗണ്ടര്‍ ഇന്റലിജന്‍സ് ടീം 'എക്‌സി'ലെയും 'വൈ'യിലെയും അംഗങ്ങളായിരുന്നു. 85 തവണ താന്‍ ഇന്ത്യക്കു വേണ്ടി പാകിസ്താന്‍ അതിര്‍ത്തി കടന്നുവെന്നാണ് സുര്‍ജീത് ബി.ബി.സിക്കു നല്‍കിയ അഭിമുഖത്തില്‍ പിന്നീട് അവകാശപ്പെട്ടത്. 27 വര്‍ഷം പാക് ജയിലില്‍ കഴിഞ്ഞ മറ്റൊരു ചാരനായ ഗോപാല്‍ദാസ് ഒടുവില്‍ കേന്ദ്രസര്‍ക്കാറിെനതിരെ നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ചു, അയാള്‍ കേസില്‍ തോറ്റുെവങ്കില്‍ പോലും. പയനിയര്‍ ഒരുപക്ഷേ സരബ്ജിത്ത് മരിക്കുമെന്ന് ഉറപ്പിച്ചു ഒരു മുഴം മുന്‍കൂട്ടി എറിഞ്ഞതാവാം. പക്ഷേ ഇയാള്‍ ആരായിരുന്നുവെന്ന് എപ്പോഴാണ് ഇന്ത്യ പറയുക?
Comments