Prabodhanm Weekly

Pages

Search

2013 മെയ്‌ 10

പതറാതെ മുന്നോട്ട്‌

മുഹമ്മദുല്‍ ഗസ്സാലി

നുഷ്യാ, സ്വന്തം നിലനില്‍പിന് ഭീഷണിയായി വല്ല വിപത്തും വന്നുഭവിച്ചാല്‍ നീ എന്തു ചെയ്യും? ആ ഭീതി നിന്റെ ഹൃദയത്തെ കവര്‍ന്നെടുക്കുമോ? അതിവിദൂരതയിലേക്ക് നിന്നെ വലിച്ചെറിയുമോ? അതല്ല, മനസ്സമാധാനത്തോടെയും സ്ഥിരചിത്തതയോടെയും വിപത്തുകള്‍ക്ക് മുമ്പില്‍ പിടിച്ചുനിന്ന് ശരിയായ രക്ഷാമാര്‍ഗങ്ങള്‍ തേടാന്‍ നീ വെമ്പല്‍കൊള്ളുമോ? അമേരിക്കന്‍ ചിന്തകനായ ഡേല്‍ കാര്‍നേഗ് പറഞ്ഞു. 'മനുഷ്യാ, നീ നിന്നോട് തന്നെ ചോദിക്കുക, വന്നുഭവിക്കാന്‍ സാധ്യതയുള്ള ഏറ്റവും പ്രയാസമേറിയ കാര്യം ഏതാണ്? പിന്നീടത് തരണം ചെയ്യാനുള്ള മാനസിക തയാറെടുപ്പ് നടത്തുക. അതില്‍ നിന്നു സാധ്യമായവിധം രക്ഷപ്പെടാനുളള ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുക.'
ബുദ്ധിയും മതവും ഒരുപോലെ പിന്തുടരാന്‍ ഉപദേശിച്ച മാര്‍ഗമാണിത്. പരീക്ഷണങ്ങള്‍ ഏറ്റുവാങ്ങി, പതറാതെ അടിയുറച്ച് നിന്നു വിജയംവരിച്ച ധാരാളം ധീരാത്മാക്കളുടെ സംഭവബഹുലമായ ചരിത്രം അറബ് സാഹിത്യത്തിലുണ്ട്. അമേരിക്കന്‍ എഞ്ചിനീയറായ വില്യം കാരിയര്‍ പറഞ്ഞു. ''ഒരു കാര്യത്തില്‍ ശ്രദ്ധിക്കാനുള്ള ബുദ്ധിയുടെ കഴിവിനെ ശിഥിലമാക്കും മനസ്സിന്റെ അസ്വസ്ഥത. അസ്വസ്ഥരാകുമ്പോഴേക്കും നമ്മുടെ ചിന്തകള്‍ ചിതറുന്നു. പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനും ദൃഢമായ തീരുമാനങ്ങളെടുക്കാനും കഴിയാതെ വരുന്നു. എന്നാല്‍, വന്നുഭവിക്കാന്‍ സാധ്യതയുള്ള, ഏറ്റവും പ്രയാസമേറിയ കാര്യങ്ങളെ അഭിമുഖീകരിക്കാനും സഹിക്കാനും മനസ്സിനെ ഒരുക്കുകയും പാകപ്പെടുത്തുകയും ചെയ്താല്‍ ആകസ്മിക വിപത്തുകളുടെ ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലാന്‍ സാധിക്കും. അതില്‍ നിന്ന് നല്ലൊരു മോചനവും ലഭിക്കും''. വിപത്തുകളുണ്ടാകുമ്പോള്‍ പതറാതെ സ്വന്തത്തെ പിടിച്ചു നിര്‍ത്താനും കാര്യങ്ങളെ ശരിയാംവണ്ണം വിലയിരുത്താനും കഴിഞ്ഞാല്‍ വിജയമായിക്കും അന്തിമഫലം. പ്രവാചകന്‍ പറഞ്ഞു: ''തീര്‍ച്ചയായും, ക്ഷമ വേണ്ടത് ആദ്യ 'ഷോക്ക്' ഉണ്ടാകുന്ന സമയത്താണ് '' (ബുഖാരി).
ചിലപ്പോള്‍ ഭീതിയുളവാക്കുന്ന വിപത്തുകളെ മനുഷ്യന്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കും. അപ്പോഴവന്‍ അസ്വസ്ഥതയാല്‍ പിടയുകയായി. അത് മരണത്തേക്കാള്‍ കഠിനമായി തോന്നും. അന്നപാനീയങ്ങളെ പോലും വെറുക്കും. ചുണ്ടില്‍ പുഞ്ചിരിപോലും വിടരാതാവും. അങ്ങനെ ദാരിദ്ര്യത്തെ പേടിച്ച് ദാരിദ്ര്യത്തില്‍ തന്നെ കഴിഞ്ഞുകൂടുന്നു. പതനം പേടിച്ച് പതനത്തില്‍ തന്നെ നിലക്കൊള്ളുന്നു. ഈ നിലപാട് ശരിയല്ല. വിവേകശാലിയായ വിശ്വാസിക്ക് ചേര്‍ന്നതുമല്ല. അസ്വസ്ഥതയുണ്ടാക്കുന്ന വല്ലതും സംഭവിച്ചാല്‍ എങ്ങനെയെങ്കിലും അതില്‍ നിന്ന് മോചനം നേടാനും സമാധാനത്തോടെ ജീവിതം നയിക്കാനുമായിരിക്കും അവന്‍ ശ്രമിക്കുക. പ്രവാചകന്‍ പറയുകയുണ്ടായി, 'എനിക്കുണ്ടായ പ്രയാസങ്ങള്‍ മുസ്‌ലിംകളെ സ്പര്‍ശിക്കാതിരിക്കുന്നതിന് വേണ്ടി' എന്ന്. അഥവാ പ്രവാചകന്‍ അഭിമുഖീകരിച്ചത് പോലുള്ള പ്രയാസങ്ങള്‍ മുസ്‌ലിംകള്‍ക്ക് ഒരിക്കലും ഉണ്ടാവുകയില്ല. അവിടുത്തെ ജീവിതം അവര്‍ക്കൊരു അനുഗ്രഹമായിരുന്നു. എല്ലാ പ്രയാസങ്ങളും അവര്‍ക്ക് എളുപ്പമായി തോന്നി.
പരിചിതമായത് നിഷേധിക്കപ്പെടുമ്പോഴും അസഹ്യമായത് സംഭവിക്കുമ്പോഴും മനുഷ്യന്‍ ഭീതിപൂണ്ടവനും അസ്വസ്ഥനുമാകും. ഈ രണ്ട് അവസ്ഥകളിലും യാതൊരു പ്രയാസവും കൂടാതെ അതിനെ അഭിമുഖീകരിക്കുന്നവരുണ്ട്. ഒരിക്കല്‍ ഞാന്‍, പാദം മുറിച്ചു മാറ്റിയ ഒരാളെ സന്ദര്‍ശിക്കാന്‍ പോയി. ബുദ്ധിമാനും പണ്ഡിതനുമായിരുന്നു അദ്ദേഹം. ഞാന്‍ അയാളോട് പറയാന്‍ കരുതിവെച്ച വാക്കുകള്‍ ഇതാണ്: 'താങ്കള്‍ മികച്ച ഓട്ടക്കാരനോ ഗുസ്തിക്കാരനോ ആകുമെന്ന് സമൂഹം പ്രതീക്ഷിക്കുന്നില്ല. നല്ല തീരുമാനങ്ങളും ഉദാത്തമായ ചിന്തകളുമാണ് അവര്‍ കാംക്ഷിക്കുന്നത്. അതിപ്പോഴും താങ്കളിലുണ്ടല്ലോ'. ഞാന്‍ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു. 'അല്ലാഹുവിന് സര്‍വ സ്തുതിയും. മുറിച്ചു മാറ്റിയ എന്റെ പാദം കൊല്ലങ്ങളോളം എന്നോടൊപ്പം ആരോഗ്യത്തോടെ കഴിഞ്ഞതാണല്ലോ. മതം യഥാവിധി ഉള്‍കൊണ്ടവനാണ് മനസ്സമാധാനമുള്ളത്'.
കഴിഞ്ഞ കാലത്ത് സംഭവിച്ച പ്രയാസങ്ങളും പരാജയങ്ങളുമോര്‍ത്ത് ദുഃഖിക്കുകയും കരയുകയും ചെയ്യുന്നത് ദൈവ നിഷേധത്തിന്റെയും വിധിവിശ്വാസത്തിലെ തൃപ്തിയില്ലായ്മയുടെയും പ്രകടനമാണ്. അത്തരം ഭൂതകാലങ്ങള്‍ മറന്ന് പ്രതീക്ഷയോടെ കര്‍മോത്സുകനായി മുന്നേറുക. ഇതാണ് യഥാര്‍ഥ വിശ്വാസത്തിന്റെ തേട്ടം. അല്ലാഹു പറയുന്നു: ''വിശ്വസിച്ചവരേ, നിങ്ങള്‍ സത്യനിഷേധികളെപോലെ സംസാരിക്കാതിരിക്കുക. തങ്ങളുടെ ബന്ധുമിത്രാദികള്‍ ഭൂമിയില്‍ സഞ്ചരിക്കുകയോ യുദ്ധത്തില്‍ പങ്കാളികളാവുകയോ (വല്ല വിപത്തുകള്‍ക്കും വിധേയരാകുകയോ) ചെയ്താല്‍ അവര്‍ പറയുന്നു: ഞങ്ങളുടെ അടുക്കല്‍ തന്നെയായിരുന്നുവെങ്കില്‍ മരിക്കുകയോ വധിക്കപ്പെടുകയോ ചെയ്യുകയില്ലായിരുന്നു. ഇത്തരം കാര്യങ്ങളെ അല്ലാഹു അവരുടെ ഹൃദയങ്ങള്‍ക്കു ദുഃഖനിമിത്തങ്ങളായി വെക്കുന്നു. യഥാര്‍ഥത്തില്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവന്‍ അല്ലാഹു മാത്രമാകുന്നു'' (ആലു ഇംറാന്‍ 156).
സുഖാസ്വാദനങ്ങളില്‍ ധാര്‍ഷ്ട്യത്തോടെയും അല്ലാതെയും മുഴുകിയ ദുസ്വഭാവിയായ മനുഷ്യന്‍. ചിലപ്പോള്‍ അവനെ കാലവിപത്ത് പിടികൂടും. ആ സമയത്ത് യാതൊരു വൈമനസ്യവും കൂടാതെ അവനതിനെ വരവേല്‍ക്കും. അല്ലെങ്കില്‍, ഇംറുല്‍ ഖൈസ് പറഞ്ഞതുപോലെ പറയും. 'ഇന്നു മദ്യം, നാളെ കാര്യം'. എല്ലാറ്റിനെയും നിന്ദ്യവും നിസ്സാരവുമായി കാണുന്ന ചിലരുണ്ട്. വിപത്ത് വന്നാല്‍ ഉന്നംപിഴച്ച അമ്പ് പാദത്തില്‍ തുളച്ചുകയറിയിട്ടും ശ്രദ്ധകൊടുക്കാത്തവനെ പോലെ, സ്വന്തം കാര്യങ്ങളില്‍ മുഴുകുന്നവരാണവര്‍. ഇത്തരക്കാരെ മാതൃകയാക്കരുത്.
പ്രയാസങ്ങളെ കീഴ്‌പ്പെടുത്താനും വിപത്തുകളെ നിസ്സാരമായി കാണാനും ജീവിതവുമായുള്ള ഏറ്റുമുട്ടലില്‍ വിജയം വരിക്കാനുമുള്ള ശക്തി മാനസികമായ പരിശീലനത്തിലൂടെ വര്‍ധിപ്പിക്കാമെന്ന കാര്യം നാം നിഷേധിക്കുന്നില്ല. ഉമര്‍ ഖയാമിന്റെ വരികളിലുള്ളതുപോലെ, മരണത്തെ കേവലം നാശമായി കാണുന്നവരുമുണ്ട്. ഐഹിക ജീവിതമവസാനിക്കും മുമ്പ് സാധ്യമായത്ര ജീവിതം ആസ്വദിക്കുക എന്നതാണവരുടെ വഴി. താന്തോന്നികളും അധര്‍മകാരികളും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന തെറ്റായ ജല്‍പനങ്ങളാണിവ.
മരണത്തിന്റെ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് അതനുസരിച്ച് ജീവിതം നയിക്കുകയാണ് വിശ്വാസികളുടെ കടമ. വിശാലമായ മറ്റൊരു ജീവിതത്തിലേക്കുള്ള പ്രവേശനമാണ് മരണം. ചിലര്‍ ഐഹിക ജീവിതം വെറും കളിയും വിനോദവുമായി കരുതുന്നു. അതുകൊണ്ടാണ് പരിശുദ്ധ ഖുര്‍ആന്‍ ശക്തമായ ഭാഷയില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നത്: ''ഈ ഭൗതിക ജീവിതം ഒരു വിനോദവും ഉല്ലാസവുമല്ലാതൊന്നുമല്ല. സാക്ഷാല്‍ ജീവിതഗേഹം പരലോകമാകുന്നു. കഷ്ടം! ഇക്കൂട്ടര്‍ അറിഞ്ഞിരുന്നുവെങ്കില്‍'' (അന്‍കബൂത്ത് 64). മരണം പൂര്‍ണ നാശമാണെന്ന തെറ്റിദ്ധാരണ അധികമാളുകളിലും പ്രചരിച്ചിരിക്കുന്നു. ആത്മഹത്യയിലൂടെ ഐഹികലോകത്ത് നിന്നു രക്ഷപെടാന്‍ ശ്രമിക്കുന്നവരുടെ മനസ്സിലും ഈയൊരു ചിന്തയാണ് നിറയുന്നത്. സിരകളില്‍ ദുഃഖവും പ്രയാസവും പേറി കഴിയുകയാണവര്‍. അതില്‍ നിന്നു അവര്‍ക്ക് ആശ്വാസമേകാന്‍ ആരാണുള്ളത്? എല്ലാവിധ ചിന്തകളില്‍ നിന്നുമുള്ള അന്ത്യവും മോചനവുമാണ് മരണമെന്ന് അവര്‍ വിചാരിക്കുന്നു.
നശിക്കുമെന്ന് അവര്‍ കരുതിയ ആത്മാവ് അതേ നിലയില്‍ അവശേഷിക്കുമെന്നും, ബോധത്തിനോ ഓര്‍മകള്‍ക്കോ യാതൊരു കുറവും സംഭവിക്കില്ലെന്നും അതിനെ വലയം ചെയ്തിരുന്ന ഭൗതിക ശരീരം മാത്രമാണ് മരണത്തോടെ നശിക്കുന്നതെന്നും അവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍!. തീര്‍ച്ചയായും മരണം മനുഷ്യ ജീവിതത്തിന്റെ മറ്റൊരു ഘട്ടമാണ്. പ്രാണികള്‍ ചത്തുപോകുന്നതു പോലെ തന്നെയാണ് മുഴുവന്‍ മനുഷ്യരുടെയും അന്ത്യം എന്ന് ഒരു ഭൗതികവാദി എഴുതിയത് വായിച്ചിട്ടുണ്ട്. മുകളിലും താഴെയും മണ്ണ്, അതിനിടയില്‍ ഒന്നും അവശേഷിക്കാത്തവിധം മനുഷ്യ ജഡം മണ്ണിനോട് ചേര്‍ന്നു നശിച്ചുപോകുമെന്ന് പറഞ്ഞ് 'ഖയാം' കവിതകളെഴുതിയിട്ടുണ്ട്. അതുപോലെയുള്ള വാദങ്ങളില്‍ ആരെങ്കിലും കുടുങ്ങി ജീവിതം കെട്ടിപ്പടുത്താല്‍ അതിന് മൂഢത്വമെന്നേ പറയൂ. അതില്‍ വഞ്ചിതരാകുന്നത് വിവേകശാലിയായ മനുഷ്യന് ഒട്ടും ഭൂഷണമല്ല.

വിവ: അബ്ദുറഹ്മാന്‍ തുറക്കല്‍
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 50
എ.വൈ.ആര്‍