Prabodhanm Weekly

Pages

Search

2013 മെയ്‌ 10

അസം ഗ്രാമങ്ങളില്‍ അവരിപ്പോഴും കര്‍മിരതരാണ്-2 / സാമുദായിക സൌഹാര്‍ദവും സാംസ്കാരിക വളര്‍ച്ചയും

സദ്റുദ്ദീന്‍ വാഴക്കാട്് / ഫീച്ചര്‍

കുറെ കെട്ടിടങ്ങളുടെ നിര്‍മാണത്തിനപ്പുറം ആത്മീയവും സാമൂഹികവും സാംസ്‌കാരികവുമായ മാനങ്ങളുള്ള ബൃഹത് പദ്ധതിയാണ് കലാപബാധിത പ്രദേശങ്ങള്‍ക്ക് വേണ്ടി ജമാഅത്ത് ആവിഷ്‌കരിച്ചിട്ടുള്ളത്. ബോഡോകളും മുസ്‌ലിംകളും തമ്മിലുള്ള സൗഹൃദപൂര്‍ണമായ സഹവര്‍ത്തിത്വത്തിനുള്ള പ്രവര്‍ത്തനങ്ങളാണ് അതിലൊന്ന്. ഈ രംഗത്ത് പ്രബോധനപരമായി തന്നെ മുന്നോട്ടുപോകാന്‍ ജമാഅത്തിന് സാധിച്ചിട്ടുണ്ട്.
സമാധാനം പുനഃസ്ഥാപിക്കാനും സാമുദായിക സൗഹാര്‍ദം രൂപപ്പെടുത്തിയെടുക്കാനുമുള്ള ശ്രമങ്ങള്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ ജമാഅത്ത് ആരംഭിക്കുകയുണ്ടായി. ബോഡോകളും മുസ്‌ലിംകളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാനുള്ള നടപടികള്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ ജമാഅത്ത് കൈകൊണ്ടു. രാഷ്ട്രീയ-സമുദായ നേതാക്കളും ഉദ്യോഗസ്ഥരും മുതല്‍ സാധാരണക്കാര്‍ വരെയുള്ളവരെ ഇതിനായി സമീപിക്കുകയുണ്ടായി. ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തില്‍ മുസ്‌ലിം മജ്‌ലിസെ മുശാവറയുടെ അംഗങ്ങള്‍ അടങ്ങുന്ന ഒരു സംഘം മുഖ്യമന്ത്രി, ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, അക്കാദമിക വിദഗ്ധര്‍, സാമൂഹിക പ്രവര്‍ത്തകര്‍, എം.പി-എം.എല്‍.എമാര്‍ തുടങ്ങിയവരെ സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തുകയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കുകയും ചെയ്തു. സാമുദായിക സൗഹാര്‍ദം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ടുതന്നെ, സംഘര്‍ഷ ബാധിത പ്രദേശങ്ങളിലെ മുസ്‌ലിംകളെയും ബോഡോകളെയും സംഘം സന്ദര്‍ശിച്ചു. ഗുജറാത്ത് വിശ്വഗ്രാമത്തിലെ തുലാ സജ്ഞയ്, ഗുജറാത്ത് ജമാഅത്ത് നേതാവ് ഉമര്‍ വോറ, മംമത ചൗഹാന്‍ (എജുക്കേഷന്‍ ഇന്‍സ്‌പെക്ടര്‍-ഗുജറാത്ത്), ഷലീഷ് ഭട്ട് (Upper Assam), ആസാമിലെ ബോഡോ ആക്ടിവിസ്റ്റായ മിസ് സേവിക, ജമാഅത്തെ ഇസ്‌ലാമി സേവന വിഭാഗം സെക്രട്ടറി മുഹമ്മദ് ശഫീ മദനി എന്നിവരടങ്ങിയ പ്രത്യേക ദൗത്യ സംഘം മുസ്‌ലിം -ബോഡോ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും ആള്‍ ബോഡോ സ്റ്റുഡന്‍സ് യൂനിയന്‍, ആള്‍ ബോഡോ ലാന്റ് മൈനോറിറ്റി സ്റ്റുഡന്‍സ് യൂനിയന്‍ എന്നീ സംഘടനാ നേതാക്കളുമായി പ്രത്യേകം ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. ഗുജറാത്ത് കലാപാനന്തരം സാമുദായിക സൗഹാര്‍ദത്തിന് വേണ്ടി നടത്തിയ ശ്രമങ്ങളുടെ അനുഭവങ്ങള്‍ കൂടി മുന്നില്‍ വെച്ച് അത് അസമില്‍ പ്രയോജനപ്പെടുത്താനുള്ള ശ്രമമായിരുന്നു ദൗത്യസംഘത്തിന്റേത്. സാമൂഹിക, രാഷ്ട്രീയ നേതാക്കളുമായും ദേശീയ, സംസ്ഥാന ഉദ്യോഗസ്ഥ പ്രമുഖരുമായും ഈ സംഘം കൂടിക്കാഴ്ചകള്‍ നടത്തുകയുണ്ടായി.
മുഹമ്മദ് ശഫീ മദനി സാഹിബിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ജമാഅത്ത് സംഘം ബോഡോ നേതാക്കളെ സമീപിച്ച് സമുദായ സൗഹാര്‍ദം പുനഃസ്ഥാപിക്കാനാവശ്യമായ നടപടികള്‍ ചര്‍ച്ച ചെയ്യുകയും സഹായങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു. ബി.ടി.സിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഹഗ്രാമ മൊഹിലാരിയുമായി ശഫീ മദനി നടത്തിയ കൂടിക്കാഴ്ച ഇതില്‍ പ്രധാനമാണ്. 2013 ജനുവരി 16-ന് ബോഡോ ലാന്റ് പീപ്പ്ള്‍ ഫ്രണ്ട് ഓഫീസിലായിരുന്നു ചര്‍ച്ച. ഈ കൂടിക്കാഴ്ചയിലാണ് കൊക്രാജറില്‍ വിപുലമായ സമാധാന റാലി സംഘടിപ്പിക്കാനുള്ള നിര്‍ദേശം ബി.ടി.എ.ഡി നേതാവ് മുന്നോട്ട് വെച്ചത്. മുസ്‌ലിംകളും ബോഡോകളും ഒന്നിച്ച് അണിനിരക്കുന്ന റാലിയില്‍ വിവിധ സാമൂഹിക, മത, രാഷ്ട്രീയ നേതാക്കളും വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും എഴുത്തുകാരും മറ്റും പങ്കെടുക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. സാമുദായിക സൗഹാര്‍ദം പുനഃസ്ഥാപിക്കാനുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ ശ്രമങ്ങളില്‍ ഒരു നാഴികക്കല്ലായിരുന്നു ഈ ചര്‍ച്ച. അതിന്റെ അനന്തര നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പ്രാദേശിക തലങ്ങളില്‍ സൗഹൃദ വേദികളുടെ രൂപീകരണം നടന്നുകൊണ്ടിരിക്കുന്നു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ജമാഅത്ത് പ്രവര്‍ത്തകര്‍ ബോഡോകളുമായി ഊഷ്മള ബന്ധം പുലര്‍ത്താനും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കളില്‍ അര്‍ഹരായ ബോഡോകളെയും ഉള്‍പ്പെടുത്തിയത് ഈ രംഗത്ത് മുന്നോട്ടുപോകാന്‍ ഏറെ സഹായകമാണ്.
ജമാഅത്തെ ഇസ്‌ലാമി ജനസേവന വിഭാഗം സെക്രട്ടറി മുഹമ്മദ് ശഫീ മദനിയുമായി ഉറ്റ സൗഹൃദമാണ് ബോഡോ നേതാക്കള്‍ പുലര്‍ത്തുന്നത്. ബോഡോകളുടെ എന്‍.ജി.ഒ ആയ നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബോഡോളജി, സാമുദായിക സൗഹാര്‍ദവും പിന്നാക്ക ജനതയുടെ ഉന്നമനവും ലക്ഷ്യം വെച്ച് സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യാതിഥി ശഫി മദനിയായിരുന്നു.
ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സംബന്ധിച്ച് ബോഡോകള്‍ക്കുള്ള തെറ്റിദ്ധാരണകള്‍ നീക്കാനുള്ള ശ്രമങ്ങളും ജമാഅത്ത് നടത്തുന്നുണ്ട്. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ 'സലാമത്തീ കാ രാസ്ത' (ഇസ്‌ലാം രക്ഷയുടെ മാര്‍ഗം) എന്ന പുസ്തകത്തിന്റെ അസമീസ്- ബോഡോ ഭാഷകളിലുള്ള പരിഭാഷകളുടെ ആയിരക്കണക്കിന് കോപ്പികളാണ് അച്ചടിച്ച് വിതരണം ചെയ്തത്. 'ഗജന്‍ ലാമ' എന്ന പേരിലുള്ള ബോഡോ ഭാഷയിലെ പരിഭാഷ തദാവശ്യാര്‍ഥം തയാറാക്കുകയും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ സാധാരണക്കാര്‍ വരെയുള്ള ബോഡോകള്‍ക്കിടയില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. ഭാവിയില്‍ ഇതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ജമാഅത്തിന്റെ അജണ്ടയിലുണ്ട്.
ജനങ്ങള്‍ക്കിടയില്‍ സാമൂഹിക-സദാചാര ബോധം വളര്‍ത്തുന്നതും സാംസ്‌കാരികമായ മുന്നേറ്റത്തിന് സഹായകവുമായ പ്രവര്‍ത്തനങ്ങളും ജമാഅത്ത് നടത്തുന്നുണ്ട്. ചെറിയ യോഗങ്ങള്‍, വര്‍ക്ക്‌ഷോപ്പുകള്‍, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ബോധവത്കരണ ക്ലാസ്സുകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നു. പ്രാഥമിക മതവിദ്യാഭ്യാസം പോലും കിട്ടിയിട്ടില്ലാത്ത ആളുകളെ യഥാര്‍ഥ ഇസ്‌ലാമിന്റെ മാതൃകകളാക്കി മാറ്റാന്‍ കഴിയുംവിധമുള്ള ദീനീ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ പുനരധിവാസ പദ്ധതിയുടെ ഭാഗമാണ്. ഒരു വീട് നിര്‍മിക്കുന്നതുപോലെ അത്ര എളുപ്പമല്ല ഇത്; വര്‍ഷങ്ങളെടുത്ത് പൂര്‍ത്തീകരിക്കേണ്ട ശ്രമകരമായ ദൗത്യമാണ്. ജമാഅത്തിന്റെ വികസന പദ്ധതിയില്‍ ഇതിന് കാര്യമായ സ്ഥാനമുണ്ട്.
പൊതുവെ വടക്കേ ഇന്ത്യയില്‍ വളരെ വ്യാപകമാണ് പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം. അസം ഗ്രാമങ്ങളും അതില്‍ നിന്ന് മുക്തമല്ല. പാന്‍മസാലകളുടെ ഉപയോഗം തടയാനും അതില്‍നിന്ന് ജനങ്ങളെ മോചിപ്പിക്കാനുമുള്ള ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികള്‍ ജമാഅത്ത് നടത്തുകയുണ്ടായി. ഒരാഴ്ച നീണ്ടുനിന്ന 'ടുബാകോ വിരുദ്ധ കാമ്പയിന്‍' സന്ദേശം മൂന്ന് ലക്ഷം ആളുകളില്‍ എത്തിക്കാനും പാന്‍മസാലയുടെ ഉപയോഗത്തിന്റെ അപകടം വളരെ പേരെ ബോധ്യപ്പെടുത്താനും സാധിച്ചിട്ടുണ്ട്.
വിവിധ സ്ഥലങ്ങളിലായി ജമാഅത്ത് സംഘടിപ്പിച്ച സമൂഹ വിവാഹത്തില്‍ 140 ദമ്പതികളാണ് വിവാഹിതരായത്. വധൂവരന്മാര്‍ക്ക് വസ്ത്രങ്ങളും വീട്ടുപകരണങ്ങളും നല്‍കുകയും ചെയ്തു.
2013 ഡിസംബര്‍ വരെയുള്ള, അഞ്ചു കോടിയിലേറെ രൂപയുടെ പുനരധിവാസ പദ്ധതിയും ദീര്‍ഘകാല വികസന പദ്ധതിയും പരിശോധിച്ചാല്‍, അസം പ്രദേശങ്ങളില്‍ ജമാഅത്ത് ലക്ഷ്യമിടുന്ന വൈജ്ഞാനിക-സാമ്പത്തിക-സാമൂഹിക വളര്‍ച്ചയുടെ സ്വഭാവവും വൈപുല്യവും മനസ്സിലാക്കാനാവും.

വിദ്യാഭ്യാസ മേഖല
കലാപത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം അനുഭവിക്കേണ്ടിവന്നത് വിദ്യാര്‍ഥികളാണ്. ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ പഠനമാണ് മുടങ്ങിയത്. അതുകൊണ്ടുതന്നെ, ഈ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ജമാഅത്ത് വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിംഗും ബോധവത്കരണവും നടത്തി പഠന താല്‍പര്യം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നു. സ്‌കൂള്‍-കോളേജ് അഡ്മിഷന്‍ ഫീസ്, പുസ്തകങ്ങള്‍, യൂനിഫോം, സ്‌കൂള്‍ ബാഗുകള്‍ എന്നിവ വിതരണം ചെയ്തു. ഏതാനും മദ്‌റസകളുടെയും സ്‌കൂളുകളുടെയും നടത്തിപ്പിനുള്ള സാമ്പത്തിക സഹായം നല്‍കി. 10,12 ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി ഭോമര്‍ബില്‍(bho morbil), തുല്‍സിബില്‍(tulshibil), ഷിമുതാബു (Simultabu) ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായി മൂന്ന് സ്‌പെഷ്യല്‍ കോച്ചിംഗ് സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കുറേയേറെ വിദ്യാര്‍ഥികളെ ജമാഅത്തെ ഇസ്‌ലാമി ദത്തെടുക്കുകയും ചെയ്തു. ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി പുതിയൊരു ഹോസ്റ്റല്‍ സ്ഥാപിക്കാനുള്ള ഭൂമി ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു. വിവിധ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും എഞ്ചിനീയറിംഗ് കോളേജുകളിലുമായി 78 വിദ്യാര്‍ഥികള്‍ക്ക് ജമാഅത്ത് അഡ്മിഷന്‍ വാങ്ങിക്കൊടുത്തു. കലാപബാധിത പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഇസ്‌ലാമിക വിദ്യാഭ്യാസം നല്‍കാനുള്ള സംവിധാനവും ഇതിനകം ആരംഭിച്ചുകഴിഞ്ഞു. റിലീഫ് ക്യാമ്പുകളോടനുബന്ധിച്ച് ടാര്‍പോളിനും മുളയും ഉപയോഗിച്ച് നിര്‍മിച്ചിരുന്ന ഷെഡുകളില്‍ 70 'മക്തബുകള്‍' ജമാഅത്ത് നടത്തുകയുണ്ടായി (പ്രാഥമിക ദീനീ പഠനസംവിധാനാണ് മക്തബ്). വിവിധ കലാപബാധിത ഗ്രാമങ്ങളിലായി ഇപ്പോള്‍ 97 മക്തബുകളാണ് ജമാഅത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. അസം ഗ്രാമങ്ങളെ സംബന്ധിച്ച് ഇതെല്ലാം പുതിയ അനുഭവങ്ങളാണ്.
നിയമസഹായം
ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എ.പി.സി.ആറിന്റെ സഹകരണത്തോടെ ഒരു ലീഗല്‍ സെല്‍ രൂപീകരിച്ചുകൊണ്ട് കലാപത്തിന്റെ ഇരകള്‍ക്ക് നീതി ലഭ്യമാക്കാനുള്ള പരിശ്രമങ്ങളും ജമാഅത്തെ ഇസ്‌ലാമി നടത്തിവരുന്നു. അസം തലസ്ഥാനമായ ഗുവാഹത്തിയില്‍ നിയമവിദഗ്ധരുടെ ഒരു പ്രത്യേക യോഗം ലീഗല്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ നടക്കുകയുണ്ടായി. കലാപത്തെയും കേസുകളെയും സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമീഷന് നിവേദനം നല്‍കി. 13000 പേര്‍ക്കാണ് ലീഗല്‍ സെല്‍ നിയമസഹായം നല്‍കിയത്. എ.പി.സി.ആറിന്റെ സഹായത്തോടെ അയ്യായിരം എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തു. മൊത്തം കലാപബാധിത പ്രദേശങ്ങളെ ബീജ്‌നി, ബിലാസിപാറ, ധുബ്‌രി, ഗുഷയ്ഗാവ് സോണുകളായി തിരിച്ചാണ് ലീഗല്‍ സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

സമഗ്ര സര്‍വെ
ബോഡോലാന്റിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്രമായൊരു സര്‍വെ സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ ജമാഅത്തെ ഇസ്‌ലാമി ആരംഭിച്ചുകഴിഞ്ഞു. പ്രദേശത്തിന്റെ ബഹുമുഖ വികസനം ലക്ഷ്യമിട്ട് ജമാഅത്ത് തയാറാക്കിയിട്ടുള്ള ദീര്‍ഘകാല പദ്ധതിയുടെ നടത്തിപ്പിനും പൗരത്വ പ്രശ്‌നവും മറ്റും ഉന്നയിച്ചുകൊണ്ടുള്ള വേട്ടയാടലുകള്‍ ചെറുക്കുന്നതിനും ഏറെ സഹായകമാകുന്നതാണ് സര്‍വെ. നൂറ് ഗ്രാമങ്ങളാണ് സര്‍വെയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സൂക്ഷ്മമായ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുംവിധമാണ് ഇതിന്റെ വിശദാംശങ്ങള്‍ തയാറാക്കിയിട്ടുള്ളത്. സാമ്പത്തികവും സാമൂഹികവുമായി മുസ്‌ലിംകള്‍ നേരിടുന്ന അനീതിയും അവഗണനയും ആധികാരികതയോടെ സര്‍വെ പുറത്തുകൊണ്ടുവരും. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍ എന്ന് നിരന്തരം പഴികേള്‍ക്കേണ്ടിവരുന്ന സാഹചര്യത്തില്‍ അതിന്റെ നിജസ്ഥിതി തുറന്നുകാട്ടുക എന്നതും സര്‍വെയുടെ ലക്ഷ്യമാണ്. ഈ സര്‍വെ ഗവണ്‍മെന്റിനും സംഘടനകള്‍ക്കും മറ്റു പ്രദേശങ്ങളില്‍ മാതൃകയാക്കാവുന്നതാണ്.
ജമാഅത്തെ ഇസ്‌ലാമിക്ക് തനിച്ച് പൂര്‍ത്തീകരിക്കാന്‍ കഴിയുന്നതല്ല കലാപബാധിതരുടെ പൂര്‍ണമായ പുനരധിവാസം. 1300 ഗ്രാമങ്ങളെ ബാധിച്ച കലാപത്തില്‍ 200-ലധികം ഗ്രാമങ്ങളില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ 40 ഗ്രാമങ്ങളിലാണ് ജമാഅത്തെ ഇസ്‌ലാമിയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഒരു സംഘടനക്ക് തനിച്ച് അതിലധികം ഏറ്റെടുക്കുക പ്രായോഗികമല്ല. അതുകൊണ്ടുതന്നെ ഒട്ടനവധി ഗ്രാമങ്ങളുടെ കലാപാനന്തര അവസ്ഥ വളരെ ശോചനീയമാണ്. അഖിലേന്ത്യാ തലത്തിലും സംസ്ഥാന തലത്തിലും സമുദായ സംഘടനകളുടെ കൂട്ടായ്മ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി രൂപപ്പെടുേണ്ടതായിരുന്നു. ആ ബാധ്യത നിര്‍വഹിക്കാനും അതിന് നേതൃത്വം നല്‍കാനും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഒരു നായകനില്ലാതെ പോയി!

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 50
എ.വൈ.ആര്‍