Prabodhanm Weekly

Pages

Search

2013 മെയ്‌ 10

പ്രതിഷേധിക്കാം, പ്രക്ഷോഭം നടത്താം, സായുധമാവരുത്‌

ഡോ. അഹ്മദ് റയ്‌സൂനി / അഭിമുഖം

ലോക ശ്രദ്ധ നേടിയ തുനീഷ്യന്‍ പ്രക്ഷോഭങ്ങളുടെ നേരെ പണ്ഡിതന്മാര്‍ വ്യത്യസ്ത നിലപാടുകളാണല്ലോ സ്വീകരിച്ചിരുന്നത്. ബൂഅസീസിയുടെ ആത്മഹത്യ ഇസ്‌ലാമില്‍നിന്ന് പുറത്തുപോകാത്ത തരം സത്യനിഷേധമായി അഭിപ്രായപ്പെട്ട പണ്ഡിതന്മാര്‍, അദ്ദേഹത്തിനു വേണ്ടി അല്ലാഹുവിന്റെ കാരുണ്യത്തിനായി പ്രാര്‍ഥിക്കാന്‍ ജനങ്ങളെ അനുവദിക്കുകയുണ്ടായി. പ്രക്ഷോഭത്തിന്റെ കര്‍മശാസ്ത്രത്തിന് (ഫിഖ്ഹുല്‍ ഇഹ്തിജാജ്) ഇതര കര്‍മശാസ്ത്രശാഖയില്‍ നിന്ന് ഭിന്നമായ വല്ല വിധികളുമുണ്ടോ?
ആത്മഹത്യ ചെയ്യുന്നയാള്‍ കാഫിറാ(അവിശ്വാസി)ണെന്ന് ആരെങ്കിലും അഭിപ്രായപ്പെട്ടതായി അറിയില്ല. ആത്മഹത്യ ചെയ്ത മുസ്‌ലിം, മുസ്‌ലിം തന്നെയാണ്. അയാള്‍ ജീവിച്ചത് മുസ്‌ലിമായാണെങ്കില്‍ മരിച്ചതും മുസ്‌ലിമായി തന്നെയാണ്. ആത്മഹത്യ ഒരു സാഹചര്യത്തിലും കുഫ്‌റല്ല. അതേസമയം അത് കഠിനമായി വിലക്കപ്പെട്ടിട്ടുള്ള നിഷിദ്ധവുമാണ്. ബൂ അസീസിയുടെ ആത്മഹത്യ തികച്ചും വ്യത്യസ്തമായ മറ്റൊരു സംഭവമാണ്. ഒരു മനുഷ്യന്, അയാളുടെ സമസ്ത ബുദ്ധിയും ബോധവും സന്തുലിതത്വവും തെറ്റിയ ഘട്ടത്തില്‍ ആത്മഹത്യ ചെയ്യേണ്ടിവരുമ്പോള്‍, ഇസ്‌ലാമിക ഫിഖ്ഹില്‍ അത് മറ്റു ആത്മാഹുതികളില്‍ നിന്ന് വ്യത്യസ്തമായാണ് പരിഗണിക്കപ്പെടുക. സന്ദിഗ്ധഘട്ടങ്ങളില്‍ നിര്‍ബന്ധിതനായി എടുക്കേണ്ടിവരുന്ന തീരുമാനം മറ്റു സന്ദര്‍ഭങ്ങളില്‍ ചെയ്യുന്നതുമായി താരതമ്യപ്പെടുത്തിക്കൂടാ.
നിര്‍ബന്ധിത ഘട്ടത്തില്‍ എന്തു നിലപാട് സ്വീകരിക്കണം എന്നത് സംബന്ധിച്ച് ഇസ്‌ലാമിക ഫിഖ്ഹില്‍ വിശദമായ ചര്‍ച്ചകള്‍ കാണാം. ഉദാഹരണത്തിന്, നിര്‍ബന്ധിതമായി നടത്തുന്ന വിവാഹമോചനം സാധുവാകില്ല. ഓരോ സംഭവത്തിലും തദ്വിഷയകമായ സവിശേഷ സാഹചര്യങ്ങള്‍ പരിഗണിക്കപ്പെടണം. പൂര്‍ണ ബോധത്തോടെയും ഉദ്ദേശ്യത്തോടെയും നടത്തുന്ന ആത്മഹത്യയെക്കുറിച്ചാണ് വ്യക്തമായ വലിയ പാപം എന്ന് ഫിഖ്ഹില്‍ സാമാന്യേന പരാമര്‍ശിക്കുന്നത്. അതേസമയം, ബുദ്ധിയും വിവേകവും ഉദ്ദേശ്യവുമെല്ലാം ശിഥിലമാകുമാറ് സങ്കീര്‍ണമായ സാഹചര്യങ്ങളില്‍ നടത്തുന്ന ആത്മഹത്യ മറ്റൊരു വിഷയമാണ്. അത് കൊണ്ടുതന്നെ അത് മറ്റു രീതിയില്‍ പരിഗണിക്കപ്പെടണം.
ഈ യുവാവിനും അദ്ദേഹത്തെപ്പോലെ ഈ വിധം ചെയ്യേണ്ടിവരുന്നവര്‍ക്കും അല്ലാഹു അവന്റെ കരുണാകടാക്ഷങ്ങള്‍ വര്‍ഷിക്കുമാറാകട്ടെ എന്നാണ് നമ്മുടെ പ്രാര്‍ഥന. ഈ പരിഗണന ഇസ്‌ലാം നല്‍കിയതാണ്.
പ്രക്ഷോഭസമരങ്ങളില്‍ അനുവദനീയവും അല്ലാത്തതുമായ കാര്യങ്ങളുണ്ടാവും. അടിസ്ഥാനപരമായി പ്രതിഷേധ പ്രകടനം മതപരമായി അനുവദനീയമാണ്; രാഷ്ട്രീയമാവട്ടെ, അരാഷ്ട്രീയമാവട്ടെ അക്രമരഹിതമായ ഏതു മാര്‍ഗം ഉപയോഗിച്ചും പ്രതിഷേധമാവാം. ഭൂമിയില്‍ കുഴപ്പമുണ്ടാവുക, വധിക്കേണ്ടിവരിക, അക്രമങ്ങളുണ്ടാവുക മുതലായവയെല്ലാം ഒഴിവാക്കപ്പെടണം. അക്രമ/പാപ രഹിതമായിരിക്കണം പ്രതിഷേധമെന്നര്‍ഥം. അല്ലാഹു പറയുന്നു: ''ചീത്ത വാക്ക് പരസ്യമാക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുകയില്ല, ദ്രോഹിക്കപ്പെട്ടവന് ഒഴികെ. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു'' (അന്നിസാഅ് 148). സാമാന്യേന അനുവദനീയമല്ലാത്ത കാര്യങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ അനുവദനീയമാവും. മര്‍ദിതന് ചീത്ത കാര്യങ്ങള്‍ വെളിപ്പെടുത്താമെന്ന് പറയുന്നത് ഈ അടിസ്ഥാനത്തിലാണ്. 'നിങ്ങള്‍ ജനങ്ങളോട് നല്ലത് പറയുക' എന്ന ഖുര്‍ആനിക നിര്‍ദേശ പ്രകാരം, ചീത്ത കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത് അനുവദനീയമല്ല. ചീത്ത പരസ്യപ്പെടുത്തുന്നതില്‍ പരുഷതയുണ്ട്, മുറിപ്പെടുത്തലുണ്ട്. ആളുകള്‍ക്ക് മുന്നില്‍ ഉച്ചത്തില്‍ അത് വിളിച്ചു പറയേണ്ടിവരുന്നത് കൂടുതല്‍ പ്രയാസങ്ങളുണ്ടാക്കുന്നു. എന്നാല്‍, മര്‍ദിതര്‍ക്ക് അതില്‍ ഇളവുണ്ട്. തന്റെ മര്‍ദിതാവസ്ഥ അറിയിക്കേണ്ടവരെ അറിയിക്കാന്‍ ആവശ്യമായ അളവില്‍ അയാള്‍ക്ക് ഇളവുണ്ടായിരിക്കും.
പ്രതിഷേധ പ്രകടനം തിന്മയുടെ നിരാകരണമാണ്. തിന്മക്ക് പകരം നന്മ സ്ഥാപിക്കാനുള്ള യത്‌നമാണ്. പക്ഷേ, കൂടുതല്‍ വലിയ തിന്മ ചെയ്തുകൊണ്ട് നിലവിലെ ചെറിയ തിന്മ ഒഴിവാക്കാന്‍ ശ്രമിക്കരുത്. അത് അപ്രതീക്ഷിതവും ചിലപ്പോള്‍ അപരിഹാര്യവുമായ നാശനഷ്ടങ്ങള്‍ക്ക് കാരണമായെന്നു വരാം. വലിയ തിന്മകള്‍ക്ക് കടന്നുവരാന്‍ പഴുതുള്ള കാര്യങ്ങള്‍ ചെയ്തുകൊണ്ട് ചെറു തിന്മകളെ ചെറുത്തുകൂടാ. ചിലപ്പോള്‍ കാര്യങ്ങള്‍ അപ്രതീക്ഷിതമായാവും സംഭവിക്കുക. അതിന്റെ പേരില്‍ ആരെയും ആക്ഷേപിക്കരുത്. ഒരാള്‍ കച്ചവടത്തിനിറങ്ങിയതാണ്. വഴിമധ്യേ അയാള്‍ മരിക്കുന്നു. ഇവിടെ മരണം അപ്രതീക്ഷിതമായതിനാല്‍ അതിന്റെ പേരില്‍ അയാളെ ആക്ഷേപിക്കാവതല്ല. ഇനി മരിക്കാനിടയാകും എന്നറിഞ്ഞുകൊണ്ടാണ് യാത്രയെങ്കില്‍ അത് കുറ്റകരമാണ്. അപകടം തീര്‍ച്ചയാണെന്നറിഞ്ഞുകൊണ്ട് ആരും ജീവന്‍ ത്യജിച്ച് കച്ചവടത്തിനു പോവില്ല.
ഒരു വ്യക്തിയോ സംഘമോ തിന്മ വിപാടനം ചെയ്യാനായി ശ്രമിക്കുന്നു. ഈ ശ്രമത്തിനിടയില്‍ ചില ചെറിയ കഷ്ടനഷ്ടങ്ങളുണ്ടായാലും, തിന്മ വിപാടനം ചെയ്യാന്‍ കഴിയുമെന്നും അതിനേക്കാള്‍ വലിയ തിന്മക്കത് കാരണമാവില്ലെന്നും ഉറപ്പാണെങ്കില്‍ അത്തരം പ്രതിഷേധങ്ങള്‍ അനുവദനീയമാണ്. അതേസമയം ആയുധം ഉപയോഗിച്ചുള്ള പ്രതിഷേധ- പ്രതിരോധങ്ങള്‍ ഇസ്‌ലാമിക ശരീഅത്ത് വിലക്കുന്നു. അതൊഴികെയുള്ള പ്രതിഷേധങ്ങള്‍ അതത് സാഹചര്യങ്ങളില്‍ അനുവദനീയമാണ്, ചിലപ്പോള്‍ നിര്‍ബന്ധവുമാണ്.

പ്രതിഷേധത്തിന്റെ ചരിത്രവും അതിന്റെ സാഹചര്യങ്ങളും മൂന്നു ചിന്താധാരകളെ നമുക്ക് പരിചയപ്പെടുത്തുന്നു. ഒന്ന്, ആയുധമണിഞ്ഞുള്ള പ്രതിഷേധം. ചരിത്രത്തില്‍ ഖവാരിജ് വിഭാഗത്തിന്റെ ഉല്‍പന്നമാണ് ഈ രീതി. രണ്ട്, നിലപാടില്‍ ഉറച്ചുനില്‍ക്കുക എന്ന മുഅ്തസിലുകളുടെ സവിശേഷ രീതി. ഇതേ രീതി സ്വീകരിച്ച അഹ്‌ലുസ്സുന്നയുടെ, വിശിഷ്യാ ഹനഫികളുടെ രീതിയും ഈ ഗണത്തില്‍ വരും. മൂന്ന്, അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅഃയിലെ ബാക്കിയുള്ളവര്‍ സ്വീകരിക്കുന്ന, പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും ക്ഷമിക്കുക എന്ന രീതി. ഭരണാധികാരികളും ഭരണീയരും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ 'ക്ഷമിക്കുക' എന്ന ചരിത്രപരമായ രീതിയില്‍ നിന്ന് വ്യത്യസ്തമല്ലേ താങ്കള്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍?
യഥാര്‍ഥത്തില്‍ ഈ വിഷയകമായി രണ്ട് വീക്ഷണങ്ങളേയുള്ളൂ. മൂന്നാമതൊന്നില്ല. ഇസ്‌ലാമിന്റെ സാങ്കേതിക ഭാഷയില്‍ 'ഖുറുജ്' എന്നാല്‍ സായുധ പുറപ്പാട് ആണ്. ഭരണാധികാരി സത്യനിഷേധിയാകുമ്പോള്‍ മാത്രമേ അയാള്‍ക്കെതിരെ സായുധ പുറപ്പാട് പാടുള്ളൂ എന്നാണ് ഒരു വിഭാഗം പറയുന്നത്. ഈ വീക്ഷണങ്ങള്‍ക്കെല്ലാം ആധാരം നബി വചനങ്ങളാണ്. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിലെ ഭൂരിപക്ഷ പണ്ഡിതന്മാരും, വിശിഷ്യാ പില്‍ക്കാല പണ്ഡിതന്മാര്‍ ഏക കണ്ഠമെന്ന് പറയാവുന്ന വിധം പ്രസ്താവിക്കുന്നത്, ഭരണാധികാരിക്കെതിരെ പുറപ്പാട് അരുതെന്നാണ്. ക്ഷമ പാലിക്കുക എന്നാല്‍ സായുധ പുറപ്പാട് നടത്താതിരിക്കുക എന്നാണല്ലോ. എല്ലാറ്റിനും നേരെ മൗനം ഭജിക്കുക എന്ന അര്‍ഥത്തില്‍ ക്ഷമ പാലിക്കണമെന്നോ നിലവിലെ തിന്മകള്‍ സമ്മതിച്ചുകൊടുക്കണമെന്നോ ആരും പറയുന്നില്ല. അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിലെ ഒരു പണ്ഡിതനും അങ്ങനെ അഭിപ്രായമില്ല. തിരുചര്യയില്‍ അത്തരമൊരു ആശയവുമില്ല.
അക്രമമോ പീഡനമോ സ്വേഛാധിപത്യമോ തന്നെ ഉണ്ടായാലും ആയുധമെടുക്കാന്‍ അഹ്‌ലുസ്സുന്നത്തിലെ ഭൂരിപക്ഷ പണ്ഡിതന്മാരും അനുവദിക്കുന്നില്ല. ആയുധോപയോഗം സര്‍വ വ്യാപകമായ കുഴപ്പങ്ങള്‍ക്കും നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടാനും കാരണമാവുന്നതിനാലാണ് ഈ വിലക്ക്. ആയുധമെടുത്തുള്ള പോരാട്ടങ്ങളില്‍ ആദ്യമായി വധിക്കപ്പെടുക ഇരുപക്ഷത്തെയും നിരപരാധികളായിരിക്കും.
ഏത് നാട്ടില്‍ പ്രതിഷേധ സമരങ്ങളുണ്ടായാലും സിവിലിയന്മാരും പോലീസുകാരും വധിക്കപ്പെടും. തുനീഷ്യയില്‍ സംഭവിച്ചത് അതാണ്. അള്‍ജീരിയയില്‍ വധിക്കപ്പെട്ടത് സിവിലിയന്മാരും സൈനികരുമായിരുന്നു. സായുധരായ ചെറുപ്പക്കാരും പോലീസ്-മിലിട്ടറി വിഭാഗങ്ങളും തമ്മില്‍ നടന്ന സംഘട്ടനങ്ങള്‍ക്കിടയില്‍ പെട്ട് എനിക്ക് വര്‍ഷങ്ങളോളം കഴിയേണ്ടിവന്നിട്ടുണ്ട്. ഈ സംഘട്ടനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരാവട്ടെ, തങ്ങളുടെ വീടുകളിലും കേന്ദ്രങ്ങളിലും സുരക്ഷിതരും നിര്‍ഭയരുമായിരുന്നു. ഒരായുധവും അവരെ ലക്ഷ്യംവെച്ചില്ല. അതുകൊണ്ടാണ് സായുധ കലാപങ്ങള്‍ അന്ധവും ബധിരവുമായിരിക്കുമെന്ന് പറയുന്നത്. വിനാശത്തിന്റെ ഈ വാതായനങ്ങളെല്ലാം നബി(സ) അടച്ചുകളഞ്ഞിരിക്കുന്നു. സായുധ പ്രതിഷേധവും, അക്രമിയായ ഭരണാധികാരിക്കും ഭരണകൂടത്തിനുമെതിരെയുള്ള സായുധ പ്രത്യാക്രമണവും നബി(സ) നിരോധിച്ചു. അതേസമയം, ഇതല്ലാത്ത, സായുധമല്ലാത്ത എല്ലാ പ്രക്ഷോഭങ്ങളും അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ പക്ഷമനുസരിച്ച് അനുവദനീയമാണ്.

ബലാല്‍ക്കാര രൂപേണയല്ലാത്ത, സമാധാനപൂര്‍ണമായ എല്ലാ പ്രക്ഷോഭങ്ങളും ഈ ഗണത്തില്‍ പെടുമോ?
അതെ. അല്ലാഹു നിഷിദ്ധമാക്കിയതേ നിഷിദ്ധമാവുകയുള്ളൂ. ജനങ്ങള്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുക പ്രക്ഷോഭങ്ങളിലൂടെയാണ്. അത് അവര്‍ക്ക് തുറന്ന സാധ്യതകള്‍ നല്‍കുന്നു. അല്ലാഹു പറുയന്നു: ''നബിയേ, താങ്കള്‍ പറയുക: അല്ലാഹു നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയത് ഞാന്‍ നിങ്ങള്‍ക്ക് പാരായണം ചെയ്തുതരാം.'' അല്ലാഹു നിഷിദ്ധമായി പഠിപ്പിച്ചിട്ടില്ലാത്ത കാര്യം മൗലികമായി അനുവദനീയമാണെന്നര്‍ഥം.
രാഷ്ട്രീയമുള്‍പ്പെടെയുള്ള മേഖലകളിലെ പ്രക്ഷോഭങ്ങളില്‍ കൈയേറ്റം, വധം, നശീകരണം, അഗ്നിക്കിരയാക്കല്‍, തകര്‍ക്കല്‍ മുതലായ എല്ലാത്തരം വിധ്വംസക പ്രവര്‍ത്തനങ്ങളും ഇസ്‌ലാം വിലക്കുന്നു. അവ നിഷിദ്ധമാണെന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. ഏതു കാരണത്തിന്റെ പേരിലും അവ ന്യായീകരിക്കപ്പെടാവതല്ല. നശീകരണ സ്വഭാവത്തിലല്ലാതെ, ഭരണാധികാരി അക്രമം നിര്‍ത്താനും മര്‍ദകന്‍ മര്‍ദനം അവസാനിപ്പിക്കാനും കലാപകാരികള്‍ കലാപം നിര്‍ത്താനുമായി നടത്തുന്ന പ്രക്ഷോഭങ്ങള്‍ സംശയലേശമന്യെ അനുവദനീയമാണ്, ശരീഅത്തനുസൃതമായ നടപടിയാണ്, തെറ്റുകള്‍ തിരുത്താനുള്ള ശ്രമമാണ്, തെറ്റുകളെ തെറ്റായി കാണാനുള്ള ത്വരയാണ്.

സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഭരണാധികാരി സൈനുല്‍ ആബിദീന്‍ ബിന്‍ അലി ജനങ്ങള്‍ക്ക് നേരെ ആയുധം പ്രയോഗിക്കാന്‍ സൈന്യത്തോട് ആവശ്യപ്പെട്ടു. അതേസമയം ജനറല്‍ റശീദ് അമ്മാര്‍ തുനീഷ്യന്‍ ജനതക്കെതിരെ ആയുധമെടുക്കരുതെന്ന് ഉത്തരവിട്ടു. ഈ സാഹചര്യത്തില്‍, സായുധ നടപടികള്‍ പ്രഖ്യാപിച്ച ഭരണാധികാരിയുടെ നിലപാടിനെ താങ്കള്‍ എങ്ങനെയാണ് വിലയിരുത്തുക?
പ്രക്ഷോഭകരും പ്രതിഷേധക്കാരും സായുധരാകുന്നതും ആയുധം പ്രയോഗിക്കുന്നതും അനുവദനീയമല്ലെന്ന് ഞാന്‍ വിശദീകരിച്ചു കഴിഞ്ഞു. ഇത് രാഷ്ട്രത്തിനും ഭരണാധികാരികള്‍ക്കും ബാധകമാണ്. ജനങ്ങള്‍ സായുധരാണെങ്കില്‍ ഭരണകൂടത്തിന് സായുധ നടപടിയാവാം എന്നു മാത്രം. അപ്പോള്‍ ആയുധ പ്രയോഗം നിര്‍ത്തല്‍ ചെയ്യുന്നതിന് സര്‍ക്കാറിന് ആയുധം പ്രയോഗിക്കാം. 'രണ്ട് കക്ഷികളില്‍ ഒരു കക്ഷി മറ്റെ കക്ഷിയെ ആക്രമിച്ചാല്‍' എന്ന ഹുജുറാത്ത് അധ്യായത്തിലെ പരാമര്‍ശം ഈ വിധമുള്ള ആക്രമണമുദ്ദേശിച്ചാണ്.
കലാപകാരികള്‍ക്ക് രാഷ്ട്രത്തിനെതിരെയോ സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തിനെതിരെയോ സായുധ പ്രയോഗം നടത്താന്‍ അനുവാദമില്ല. ഇതേ പ്രകാരം, രാഷ്ട്രമോ പോലീസോ സൈന്യമോ സായുധ പ്രയോഗം നടത്താവതല്ല. സായുധാക്രമണം തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി മാത്രമേ അവര്‍ സായുധ ഇടപെടല്‍ നടത്താവൂ. 'സായുധ സാഹചര്യത്തില്‍ മാത്രം സായുധമാവുക' ഇതാണ് തത്ത്വം. അതായത്, ജനം ആയുധമെടുക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രത്തിന് ആയുധമെടുക്കാം. അതേസമയം, സിവിലിയന്മാര്‍ക്കും പ്രക്ഷോഭകാരികള്‍ക്കും പ്രകടനം നടത്തുന്നവര്‍ക്കും എതിരെ സായുധ നടപടി അരുത്. ഈ സാഹചര്യത്തില്‍ വധം നടന്നാല്‍ അത് മനഃപൂര്‍വമുള്ള വധമായാണ് പരിഗണിക്കപ്പെടുക. ഘാതകന്‍ പോലീസോ സൈനികനോ ജനറലോ ആരായിരുന്നാലും ശരി.
സിവിലിയന്മാരെ വധിക്കാന്‍ ഉത്തരവിടുന്നവര്‍ നിസ്സംശയം കുറ്റവാളികളാണ്; ഘാതകരാണ്.അത് നടപ്പില്‍ വരുത്തുന്നവരും കുറ്റവാളികളും ഘാതകരുമാണ്. സമാധാനപരമായ പ്രകടനങ്ങളെയും പ്രക്ഷോഭങ്ങളെയും അവയുടെ പാട്ടിനു വിടണം. വികസിത നാഗരിക നാടുകളിലേതു പോലെ ഇവക്കെല്ലാം വ്യവസ്ഥാപിത നടപടികള്‍ ഉണ്ടായിരിക്കണം.

'നന്മ കല്‍പിക്കുക, തിന്മ വിരോധിക്കുക' എന്നത് അനിവാര്യ ബാധ്യതയായാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. 'താങ്കളില്‍ വല്ല വക്രതയും കണ്ടാല്‍ ഞങ്ങള്‍ അത് ഞങ്ങളുടെ വാളുകള്‍ കൊണ്ട് ശരിപ്പെടുത്തും' എന്ന് ഒരു സ്വഹാബി ഖലീഫ ഉമറിനോട് മുഖത്തടിച്ചതുപോലെ പ്രതികരിച്ചത് പ്രസിദ്ധമാണല്ലോ. എന്നാല്‍, പാരമ്പര്യ ഫിഖ്ഹ് ഈ വിഷയത്തില്‍ സംശയവിധേയമാണ്. സമുദായത്തിന്റെ നിഷേധാത്മകമായ സമീപനത്തിന് അതാണ് കാരണമെന്ന വീക്ഷണം ഇന്ന് പ്രബലമാണ്. കുവൈത്തിലെ പ്രമുഖ സലഫി പണ്ഡിതന്‍ ഹാതിമുല്‍ മത്വീരി 'അല്‍ഹുര്‍രിയ്യത്തു വത്തൂഫാന്‍' എന്ന കൃതിയില്‍ സമൂഹത്തില്‍ പല മാര്‍ഗേണ വിധേയത്വ മനസ്സ് വളര്‍ത്തിയെടുക്കപ്പെടുന്നു എന്ന് നിരീക്ഷിക്കുന്നു. കുഴപ്പം തടയുക എന്നതിന്റെ മറുവശം നിര്‍ബന്ധിച്ച് അനുസരണ പ്രതിജ്ഞ ചെയ്യിക്കാം, അധികാരം തട്ടിയെടുക്കാം മുതലായ ഫിഖ്ഹീ വീക്ഷണങ്ങള്‍ അദ്ദേഹം ഇതിനായി ഉദാഹരിക്കുന്നു. വിമര്‍ശന വിധേയമായ ഈ വീക്ഷണങ്ങളെ താങ്കള്‍ എങ്ങനെ കാണുന്നു? അവയെ എങ്ങനെ മറികടക്കാം?
നിലവിലെ സാഹചര്യവുമായി സമരസപ്പെടുക, ശാന്തത പാലിക്കുക, നിസ്സംഗത പാലിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ വലിയ തോതില്‍ ഗ്രന്ഥങ്ങളില്‍ രേഖപ്പെട്ടു കിടക്കുന്നു. ഭരണകൂടവുമായി ഒരു പറ്റം പണ്ഡിതന്മാര്‍ എല്ലാ കാലത്തും ചങ്ങാത്തത്തിലായിരിക്കുമല്ലോ. ഈ പണ്ഡിതന്മാര്‍ ജനങ്ങളെ ശാന്തരാക്കുന്നവരും, ഭരണാധികാരികളുടെ അക്രമത്തെ പറ്റി മൗനം ഭജിക്കുന്നവരും, ജനങ്ങളെ ശാന്തത പാലിക്കാന്‍ ഉപദേശിക്കുന്നവരുമായിരിക്കും. മുന്‍ നൂറ്റാണ്ടുകളിലെ എല്ലാ പണ്ഡിതന്മാരും ഈ നിലപാടുകാരായിരുന്നു എന്നു പറയാനാവില്ല. വ്യത്യസ്ത നിലപാടുള്ളവരും ഉണ്ടായിരുന്നു. എതിരഭിപ്രായം, കൂടുതല്‍ പ്രസിദ്ധമല്ലാത്ത വീക്ഷണം, കൂടുതല്‍ കാമ്യമല്ലാത്തത് എന്നീ നിലകളില്‍ അവ ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അവ പൊതുവെ സ്വീകാര്യമായിരുന്നില്ല. ഭരണകൂടത്തിനെതിരെ സായുധ സമരം നടത്തുന്നതു മാത്രമേ പണ്ഡിതന്മാരുടെ ഏകകണ്ഠാഭിപ്രായത്തിന് വിരുദ്ധമായുള്ളൂ. അതേസമയം, ഭരണാധികാരികളെ അനുസരിച്ചും അവര്‍ക്ക് വിധേയപ്പെട്ടൊതുങ്ങിയും കഴിയണമെന്ന വിശാല വീക്ഷണം സ്വീകരിച്ചവരും ഉപദേശിച്ചവരും ഉണ്ടുതാനും. അവരുടെ നിലപാടനുസരിച്ച് ഭരണാധികാരിക്കെതിരെ ഒരു തരത്തിലുള്ള സമരവും അനുവദീയമല്ല. സൂക്ഷ്മ വിശകലനത്തില്‍ ഈ നിലപാട് ശരിയല്ലെന്ന് കണ്ടെത്താന്‍ കഴിയും. ചില പ്രത്യേക ചരിത്ര സാഹചര്യങ്ങളില്‍ രൂപവത്കൃതമായതാണ് ഈ വീക്ഷണം എന്നതാണ് വസ്തുത.

ആധുനിക ഫിഖ്ഹില്‍ പ്രക്ഷോഭകര്‍മശാസ്ത്ര (ഫിഖ്ഹുല്‍ ഇഹ്തിജാജ്)ത്തെ വ്യവസ്ഥപ്പെടുത്താനും ക്ഷമാപണ മനസ്ഥിതിയെ മറികടക്കാനും ശ്രദ്ധേയമായ ശ്രമങ്ങളൊന്നും നടന്നുകാണുന്നില്ല. മാറ്റങ്ങള്‍ വരുത്താനുള്ള സാമൂഹികോത്തരവാദിത്വം ഏറ്റെടുക്കാന്‍ പ്രേരണയോ പ്രചോദനമോ നല്‍കുന്നില്ല. നമ്മുടെ പണ്ഡിതന്മാര്‍ ആരും ഇതിന് വേണ്ട പരിഗണന നല്‍കിയതായി കാണുന്നില്ല. ഇതെന്തുകൊണ്ടാണ്?
താങ്കള്‍ പറഞ്ഞത് ശരിയാണ്. ഇതിനൊരു ചരിത്ര പശ്ചാത്തലമുണ്ട്. ഇന്നു നാം ജീവിക്കുന്നത് ആധുനികതയുടെ സൃഷ്ടിയായ രാഷ്ട്രത്തിലാണ്. അതിന് മുമ്പ് മുസ്‌ലിം ലോകം അധിനിവേശ ഘട്ടത്തിലായിരുന്നു. ഇസ്‌ലാമിക ലോകം ഒരു നൂറ്റാണ്ട് കാലത്തോളം സാമ്രാജ്യത്വത്തിന്റെ നുകക്കീഴിലായിരുന്നു. അള്‍ജീരിയ നൂറ്റിമുപ്പത് വര്‍ഷം അധിനിവേശത്തിനു കീഴില്‍ കഴിഞ്ഞു; മറ്റു ചില രാഷ്ട്രങ്ങള്‍ അതില്‍ കുറഞ്ഞ കാലവും. നമ്മുടെ പണ്ഡിതന്മാര്‍ ആ കാലയളവില്‍ ചെറുത്തുനില്‍പ് കര്‍മശാസ്ത്ര (ഫിഖ്ഹുല്‍ മുഖാവമ)ത്തെക്കുറിച്ച് സംസാരിച്ചു. അതേക്കുറിച്ച് വ്യക്തമായ നിലപാട് സ്വീകരിച്ചു. ചെറുത്തുനില്‍പ് നിര്‍ബന്ധമാണെന്ന് വാദിച്ച അവര്‍ അതില്‍ ഭാഗഭാക്കാവുകയും ചെയ്തു.
അതിനു ശേഷം നാം ഈ ഘട്ടത്തിലെത്തി. ഈ കാലഘട്ടത്തെ നബി(സ) ദീര്‍ഘദര്‍ശനം ചെയ്ത 'സ്വേഛാധിപത്യ വാഴ്ചക്കാലം' എന്നാണ് ചില എഴുത്തുകാര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍, ഈ കാലഘട്ടത്തെ വ്യവഹരിക്കാന്‍ ഫിഖ്ഹിന്റെ ഭാഗത്തുനിന്ന് കൃത്യവും സുസ്ഥിരവുമായ ഒരു നിലപാട് ഉരുത്തിരിയുകയുണ്ടായില്ല. മുമ്പില്ലാത്ത വിധമുള്ള മനുഷ്യാവകാശ ധ്വംസനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ശരീഅത്തിനെ മുസ്‌ലിം ലോകത്ത് പോലും മൊത്തമായി നിര്‍വീര്യമാക്കിക്കൊണ്ടിരിക്കുന്നു. ഇത് മുന്‍കാലങ്ങളിലുണ്ടായിട്ടില്ല. ശരീഅത്തെന്ന് കേള്‍ക്കുമ്പോഴേക്ക് പല ഭാഗങ്ങളില്‍ നിന്നും പലരും ഇളകിവശാവുന്നു. എഴുത്തുകാരും ഭരണാധികാരികളും സുരക്ഷാ സംവിധാനങ്ങളും ജാഗരൂകരാവുന്നു.
സകാത്തിന്റെ കാര്യമെടുക്കാം. ഇന്ന് മിക്ക മുസ്‌ലിം നാടുകളിലും സകാത്ത് പ്രയോഗത്തിലില്ല. പാവങ്ങളുടെ അവകാശവും പീഡിത വിഭാഗങ്ങളുടെ ആശ്രയവുമായ സകാത്ത് മുന്‍ കാലത്തെ ഏകാധിപത്യ ഭരണകൂടങ്ങളില്‍ പോലും ഒരുതരം സാമൂഹിക സന്തുലിതത്വം നിലനിര്‍ത്തിയിരുന്നു. പീഡിത വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടിരുന്നു. ഇതിനായി ബൃഹത്തായ വഖ്ഫ് സ്വത്തുക്കള്‍ സമാഹരിച്ചിരുന്നു. അനാഥകള്‍, വിധവകള്‍, വികലാംഗര്‍, വഴിപോക്കര്‍, ആട്ടിയോടിക്കപ്പെട്ടവര്‍ തുടങ്ങി സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളുടെ വിവിധ ജീവിതാവശ്യങ്ങള്‍ ഇതുവഴി ഭദ്രമാക്കപ്പെട്ടു. ഇന്ന് ഇവയെല്ലാം തകിടംമറിഞ്ഞു. സകാത്തും വഖ്ഫും വ്യക്തിതലത്തില്‍ മാത്രമേ ഭാഗികമായെങ്കിലും ഇന്ന് നടക്കുന്നുള്ളൂ. മുമ്പ് അവ സാമൂഹിക സംരംഭങ്ങളായിരുന്നു. ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുന്ന ഭരണാധികാരികള്‍ പോലും വന്‍ സമ്പത്ത് സല്‍ക്കാര്യങ്ങള്‍ക്കായി വഖ്ഫ് ചെയ്യുന്ന കാലമുണ്ടായിരുന്നു.
മുന്‍ കാലങ്ങളേക്കാള്‍ സങ്കീര്‍ണമാണ് ആധുനിക സാമൂഹിക സാഹചര്യങ്ങള്‍. അതുകൊണ്ടുതന്നെ അക്രമങ്ങളെയും അനീതികളെയും ഇല്ലായ്മ ചെയ്യാന്‍ തക്ക നിലപാടുകള്‍ പണ്ഡിതന്മാര്‍ സ്വീകരിക്കണം. പക്ഷേ, മിക്ക പണ്ഡിതന്മാരും തങ്ങള്‍ ജീവിക്കുന്നത് എല്ലാം അടക്കിവാഴുകയും കൈപിടിയിലൊതുക്കുകയും അട്ടിമറിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രത്തിലാണെന്ന യാഥാര്‍ഥ്യം മറന്ന് പഴയകാല നിലപാടുകളുമായി കഴിഞ്ഞുകൂടുകയാണ്. ഈ നിലപാട് അതിക്രമത്തിന്റെയും സ്വേഛാധിപത്യത്തിന്റെയും വൃത്തത്തെ കൂടുതല്‍ വലുതാക്കുകയാണ് ചെയ്യുക. മുഴുവന്‍ അധികാര മണ്ഡലങ്ങളിലും അള്ളിപ്പിടിച്ച വര്‍ത്തമാനകാല ഏകാധിപത്യ രൂപങ്ങളെയും ജീര്‍ണതകളെയും എതിരിടാന്‍ വിപുലമായ സംവിധാനങ്ങള്‍ വികസിപ്പിക്കേണ്ടിയിരിക്കുന്നു. അങ്ങനെ പുതിയൊരു ഫിഖ്ഹിന് ജന്മം നല്‍കേണ്ടിയിരിക്കുന്നു. ഡോ. ഹാതിം മത്വീരിയെ പോലുള്ളവരുടെ ചിന്തകള്‍ ഇത്തരുണത്തില്‍ ഏറെ പ്രസക്തമാണ്.

താങ്കളുടെ 'അശ്ശൂറാ' (കൂടിയാലോചന) എന്ന കൃതിയില്‍ ജനാധിപത്യം ശരീഅത്തിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കും എന്ന് താങ്കള്‍ എഴുതിയതായി കാണുന്നു?
ആധുനിക കാലത്ത് ശരീഅത്തിന്റെ ലക്ഷ്യങ്ങള്‍ വിശദീകരിച്ച പണ്ഡിതന്മാരാണ് ശൈഖ് ഇബ്‌നു ആശൂറും ശൈഖ് ഇലാലുല്‍ ഫാസിയും. ഞാന്‍ സ്വാഭാവികമായും അവരുടെ പക്ഷത്താണ്.
ശരീഅത്തിന്റെ ലക്ഷ്യമാണ് സ്വാതന്ത്ര്യം എന്ന കാര്യത്തില്‍ ഞാനും അവരും ഒരേ കാഴ്ചപ്പാടുകാരാണ്. അത് പണ്ഡിതന്മാര്‍ക്ക് അറിയാത്തതല്ല. പക്ഷേ, അത് പ്രത്യേക പേരുകളില്‍ അവര്‍ വ്യവഹരിച്ചില്ലെന്നു മാത്രം. സ്വാതന്ത്ര്യം പ്രകൃതിയില്‍ നിലീനമാണ്. അങ്ങനെയാണ് അല്ലാഹു സൃഷ്ടിപ്പ് നടത്തിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള യത്‌നങ്ങളെല്ലാം തന്നെ ശരീഅത്തിന്റെ ലക്ഷ്യങ്ങള്‍ സാധ്യമാക്കുന്നവയാണ്. സ്വാതന്ത്ര്യം എന്ന വിഷയം കൈകാര്യം ചെയ്യുമ്പോള്‍ നമ്മുടെ ചില പണ്ഡിതന്മാര്‍ അതിനെ വല്ലാതെ ചുരുക്കിക്കാണാറുണ്ട്. ശരീഅത്ത് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയല്ല, പരിമിതപ്പെടുത്തുകയാണ് ചെയ്തതെന്നാണ് അവരുടെ വാദം. ഇത് ആപേക്ഷികമായി ശരിയാണ്. സ്വാതന്ത്ര്യത്തെ വ്യവസ്ഥപ്പെടുത്താന്‍ തന്നെയാണ് ശരീഅത്ത് ആഗതമായിരിക്കുന്നത്. പക്ഷേ, സ്വാതന്ത്ര്യം നല്‍കിയ ശേഷമല്ലേ അതിനെ നിയന്ത്രിക്കാന്‍ പറ്റൂ. ഇല്ലാത്ത സ്വാതന്ത്ര്യത്തെ എങ്ങനെയാണ് നിയന്ത്രിക്കുക? വ്യക്തിപരവും സാമൂഹികവുമായ സ്വാതന്ത്ര്യമാണ് അടിസ്ഥാനം. മനഃസാക്ഷി സ്വാതന്ത്ര്യം, ചിന്താ സ്വാതന്ത്ര്യം, ആശയ പ്രകാശന സ്വാതന്ത്ര്യം, പ്രകടന സ്വാതന്ത്ര്യം, പ്രക്ഷോഭ സ്വാതന്ത്ര്യം ഇങ്ങനെ പലയിനമുണ്ട്. വ്യക്തി സ്വാതന്ത്ര്യം ഇവയില്‍ പ്രധാനമാണ്. യഥേഷ്ടം സഞ്ചരിക്കാനും ഉദ്ദേശിക്കുന്നത് പ്രവര്‍ത്തിക്കാനും കഴിയണം. പൗരന്മാര്‍ക്ക് ആദ്യം സ്വാതന്ത്ര്യം വകവെച്ചു കിട്ടണം. നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് അത് വകവെച്ചു കൊടുത്ത ശേഷമാണ്. നിലവില്‍ അനുവദനീയമായ കാര്യങ്ങളില്‍ മാത്രമേ നിയന്ത്രണം വരുത്താന്‍ കഴിയൂ. ദുരുപയോഗപ്പെടുത്തുന്ന സ്വാതന്ത്ര്യത്തിന് മാത്രമേ നിയന്ത്രണം സാധ്യമാവുകയുള്ളൂ. സ്വാതന്ത്ര്യം അനുവദിക്കുന്നതിലും നിയന്ത്രിക്കുന്നതിലും മനുഷ്യ സമൂഹം കൈവരിച്ച ഏറ്റവും നല്ല പരീക്ഷണമാണ് ജനാധിപത്യം എന്നതില്‍ രണ്ടു പക്ഷമില്ല. ജനാധിപത്യം ഒരേ സമയം സ്വാതന്ത്ര്യം പ്രദാനം ചെയ്യുന്നു; സ്വാതന്ത്ര്യത്തിന്റെ നിയന്ത്രണവും ഉറപ്പുവരുത്തുന്നു. ജനാധിപത്യമാണ് ജനാധിപത്യത്തിന്റെ പരിധി. അഥവാ ജനാധിപത്യത്തെ എങ്ങനെ നിയന്ത്രിക്കാമെന്ന് ജനാധിപത്യം തന്നെ നിര്‍ണയിച്ചിട്ടുണ്ട്.
ജനാധിപത്യം ഇസ്‌ലാമിക വിധികളെ നിര്‍വീര്യമാക്കും, ഹറാമുകളെ ഹലാലാക്കും മുതലായ വാദങ്ങളിലൊന്നും കഴമ്പില്ല. അത് സംഭവിക്കുകയില്ല. നമ്മുടെ കാലത്ത് ശരീഅത്തിനെ ഏത് ജനാധിപത്യ രൂപമാണ് അസാധുവാക്കിയത്? ഇസ്‌ലാമിക ലോകത്ത് ഒരു ശരീഅത്ത് നിയമവും ജനാധിപത്യ തീരുമാനത്തിലൂടെയോ ഇടപെടലിലൂടെയോ അസാധുവാക്കപ്പെട്ടിട്ടില്ല. സ്വേഛാധിപത്യവും പട്ടാള ഭരണവുമൊക്കെയാണ് ശരീഅത്തിനെ കശാപ്പ് ചെയ്തത്. അത്താത്തുര്‍ക്കാണ് അത് തുടങ്ങിവെച്ചത്. അയാള്‍ ശരീഅത്തിനെ നിര്‍വീര്യമാക്കിയത് പട്ടാള അട്ടിമറിയിലൂടെയാണ്, അല്ലാതെ ജനാധിപത്യത്തിലൂടെയല്ല.
ജനാധിപത്യവും ശരീഅത്തും എങ്ങനെ യോജിച്ചു പോവും എന്നത് സംബന്ധിച്ച് സന്ദേഹമുണ്ടാവേണ്ടതില്ല. ജനാധിപത്യത്തെ ദുരുപയോഗം ചെയ്യുന്നതും സ്വേഛാധിപത്യ താല്‍പര്യങ്ങള്‍ക്കായി ശരീഅത്ത് നിയമങ്ങളെ ഭേദഗതി ചെയ്യുന്നതുമാണ് യഥാര്‍ഥ പ്രശ്‌നം. സാധുവും മഹത്തരവുമായ കാര്യങ്ങളെ അവയുടെ യഥാര്‍ഥ സഞ്ചാരപഥത്തില്‍ നിന്ന് വഴിതെറ്റിക്കാനുള്ള പ്രവണത പൊതുവെ കണ്ടുവരുന്നു. ജനാധിപത്യ രംഗത്തേക്കാള്‍ മതരംഗത്താണ് ഇത് കൂടുതലായി കണ്ടുവരുന്നത്.

താങ്കളുടെ 'അശ്ശൂറാ' എന്ന കൃതിയില്‍ 'ശൂറാ' എന്ന പദത്തിന് 'ജനാധിപത്യം' എന്ന പദം പ്രയോഗിക്കാമെന്ന് എഴുതിക്കണ്ടു. ജനാധിപത്യം തന്നെയാണ് ശൂറാ എന്ന് താങ്കള്‍ അഭിപ്രായപ്പെടുന്നതായാണ് ഇതില്‍ നിന്ന് മനസ്സിലാവുന്നത്. അങ്ങനെ വരുമ്പോള്‍ ശൂറാ എന്ന ആശയത്തിന് ഖുര്‍ആനും തിരുചര്യയും കല്‍പിച്ചുകൊടുത്ത ധാര്‍മികവും സാംസ്‌കാരികവുമായ അര്‍ഥതലങ്ങള്‍ ജനാധിപത്യത്തിനും ലഭിക്കില്ലേ?
ജനാധിപത്യം തന്നെയാണ് 'ശൂറാ' (കൂടിയാലോചന) എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ശൂറാക്ക് ജനാധിപത്യം എന്ന വാക്കും പ്രയോഗിച്ചിട്ടില്ല. ശൂറായും ജനാധിപത്യവും തമ്മിലുള്ള വ്യത്യാസങ്ങള്‍ ഞാന്‍ വിശദീകരിച്ചിട്ടുണ്ട്. ജനാധിപത്യം എന്ന പദം പ്രയോഗിക്കുന്നതിലോ ജനാധിപത്യവാദി എന്ന് ആളുകള്‍ എന്നെ വിശേഷിപ്പിക്കുന്നതിലോ എനിക്ക് പ്രയാസമില്ല. ഞാന്‍ എന്നെ പ്രകാശിപ്പിക്കാന്‍ ജനാധിപത്യവാദി എന്ന് പ്രയോഗിക്കുന്നില്ല. കാരണം, എനിക്ക് എന്നെ പ്രകാശിപ്പിക്കാന്‍ അതിനേക്കാള്‍ നല്ല പ്രയോഗങ്ങളുണ്ട്. അതേസമയം, മറ്റുള്ളവര്‍ക്ക് എന്നെ 'ജനാധിപത്യ ചിന്തയുള്ളയാള്‍' എന്ന് വിശേഷിപ്പിക്കണമെങ്കില്‍ അങ്ങനെയാവാം എന്നു മാത്രം. കാരണം, ജനാധിപത്യത്തിന്റെ ഉള്ളടക്കമാണ് പരിഗണിക്കുന്നത്, ഉള്ളടക്കം തീര്‍ത്തും സ്വീകാര്യമാണ്.
അതേസമയം, പൊതു രാഷ്ട്രീയത്തില്‍ ശൂറായും ജനാധിപത്യവും സന്ധിക്കുന്ന സവിശേഷ മേഖലകളുണ്ട്. ജനാധിപത്യം എന്ന സാങ്കേതിക പദം ഉപയോഗിക്കുന്നതിലും ജനാധിപത്യത്തെ ആശ്രയിക്കുന്നതിലും ജനാധിപത്യത്തിനു വേണ്ടി ആഹ്വാനം ചെയ്യുന്നതിലും എന്തെങ്കിലും അപാകതയുള്ളതായി ഞാന്‍ കരുതുന്നില്ല. എന്നെ സംബന്ധിച്ചേടത്തോളം ജനാധിപത്യം ശൂറായുടെ ഭാഗമാണ്. ജനാധിപത്യത്തേക്കാള്‍ വിശാലതയുണ്ട് ശൂറാ എന്ന പദത്തിന്. വ്യക്തിജീവിതത്തിലും മതപരവും കുടുംബപരവുമായ ജീവിതമേഖലകളിലും ശൂറായുണ്ട്. വിവാഹത്തിലും വിവാഹമോചനത്തിലും ഗാര്‍ഹിക വിഷയങ്ങളിലും ശൂറായുണ്ട്. ശൂറാ അത്രയും വിശാലമാണെന്നര്‍ഥം. കൂടിയാലോചന നടത്തേണ്ടതില്ലാത്തതോ നിര്‍ബന്ധമല്ലാത്തതോ ആയ വിഷയങ്ങളില്‍ കൂടിയാലോചന നടത്തുന്നതുപോലും ഇസ്‌ലാമികമായി പുണ്യകരമാണ്. കൂടിയാലോചന നടത്തുന്നത് നല്ല സ്വഭാവമായതിനാലാണ് അത് പുണ്യകരമായത്. ഇത് ജനാധിപത്യത്തിന് എത്തിപ്പിടിക്കാന്‍ കഴിയാത്ത ഉയര്‍ന്ന തലമാണ്.
അതായത്, ശൂറാ ഇടപെടുന്ന ചില വശങ്ങളില്‍ മാത്രമാണ് ജനാധിപത്യം ഇടപെടുന്നത്. ജനാധിപത്യം കൃത്യമായി നിര്‍വചിക്കപ്പെട്ടിരിക്കെ, അതേക്കുറിച്ച് മതപരമായി സംശയിക്കേണ്ടതില്ല. പദപ്രയോഗങ്ങളെക്കുറിച്ചല്ല, പദങ്ങളുടെ ആശയോദ്ദേശ്യങ്ങളെക്കുറിച്ചാണ് നാം ജാഗ്രത പാലിക്കേണ്ടത്. ജനാധിപത്യത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ മുഴുവനായും ശൂറായുടെ ലക്ഷ്യങ്ങളില്‍ നിക്ഷിപ്തമാണ്.

ജനാധിപത്യത്തില്‍ ഭരണാധികാരിയെ ചോദ്യം ചെയ്യാം, നിരീക്ഷിക്കാം എന്ന ആശയം ഉള്ളടങ്ങിയിട്ടുണ്ട്. ഈ രണ്ട് ആശയങ്ങളും ശൂറായുടെ ഭാഗമാണോ? ശൂറാ ജനാധിപത്യത്തേക്കാള്‍ വ്യാപകാര്‍ഥമുള്ളതാണെന്ന താങ്കളുടെ പ്രസ്താവനയുടെ വെളിച്ചത്തില്‍ ഒരു വിശദീകരണം?
'(നബിയേ) താങ്കള്‍ അവരുമായി കൂടിയാലോചിക്കുക' എന്ന സൂക്തത്തില്‍ നിന്ന് ഭിന്നമായി 'അവരുടെ കാര്യം അവര്‍ക്കിടയില്‍ കൂടിയാലോചിച്ചായിരിക്കും' എന്ന സൂക്തം മൊത്തം മുസ്‌ലിംകളെ ഉദ്ദേശിച്ചുകൊണ്ടാണ്. ഖുര്‍ആന്‍ സൂക്തങ്ങളെയും ഇത്തരം പ്രമാണങ്ങളെയും സംയോജിപ്പിച്ചാല്‍ ഇതില്‍ ഒട്ടും സംശയത്തിനിടമില്ല. രണ്ട് വ്യക്തികള്‍ക്കിടയില്‍ എന്ന പോലെയുണ്ടാവുന്ന ഏതു വിഷയത്തിലും കൂടിയാലോചന സ്വാഭാവിക പ്രക്രിയയായിരിക്കണമെന്നാണ് 'അവരുടെ കാര്യം അവര്‍ക്കിടയില്‍ കൂടിയാലോചിച്ചായിരിക്കും' എന്ന സൂക്തത്തിന്റെ വിവക്ഷ. എല്ലാം പങ്കാളിത്തപരമായിരിക്കണമെന്ന് സാരം. ജനാധിപത്യത്തേക്കാള്‍ വിശാലാര്‍ഥമുണ്ട് ശൂറാക്ക് എന്നു പറഞ്ഞത് അതുകൊണ്ടാണ്. പക്ഷേ, താങ്കളുടെ ചോദ്യം മറ്റൊന്നാണ്. 'നിരീക്ഷണം', 'വിചാരണ' മുതലായവയെല്ലാം ഇസ്‌ലാമിക പ്രമാണങ്ങളില്‍ വിവിധ സന്ദര്‍ഭങ്ങളില്‍ കൈകാര്യം ചെയ്യപ്പെട്ടിട്ടുണ്ട്. ജനാധിപത്യത്തില്‍ ഇതു പക്ഷേ പ്രായോഗികമായി ഏറെ പരീക്ഷിക്കപ്പെട്ടിട്ടുണ്ടെന്നത് നാം നിഷേധിക്കേണ്ടതില്ല.
എന്റെ 'അശ്ശൂറാ' എന്ന കൃതിയില്‍, ചരിത്രത്തില്‍ മുസ്‌ലിം സമുദായത്തിന്റെ ശൂറാ പരീക്ഷണങ്ങള്‍ ദുര്‍ബലമായിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ശൂറായുടെ വൃത്തം അതീവ ശുഷ്‌കമായി പോയിരിക്കുന്നു. അതേസമയം, മുമ്പും ഇപ്പോഴും ജനാധിപത്യം വികസ്വരമായിരുന്നു. ആധുനിക ജനാധിപത്യത്തിന്റെ പ്രയോഗ മേഖലകളും ദിനേന വികസിച്ചുവരുന്നു.
ജനാധിപത്യത്തെയും അതിന്റെ നിരീക്ഷണ സംവിധാനത്തെയും കുറിച്ച് പറയുമ്പോള്‍ പത്രപ്രവര്‍ത്തന സ്വാതന്ത്ര്യം അതിന്റെ മുഖ്യ സ്ഥാനത്ത് വരുന്നുണ്ട്. ഇതും ഇസ്‌ലാമില്‍ ഉള്ളതാണ്. അതു പക്ഷേ, ശൂറാ എന്ന ശീര്‍ഷകത്തിലല്ല എന്നു മാത്രം. തിന്മകള്‍ ദൂരീകരിക്കുക, നിഷിദ്ധങ്ങളെ നിഷിദ്ധങ്ങളായി ഗണിക്കുക, വിചാരണ നടത്തുക മുതലായ ഫിഖ്ഹീ ശീര്‍ഷകങ്ങളിലാണവ കൈകാര്യം ചെയ്യുന്നത്. അതിനാല്‍, ഇന്ന് ജനാധിപത്യത്തിന്റെ ഭാഗമായി നടക്കുന്ന വിചാരണയും നിരീക്ഷണവുമെല്ലാം ശരീഅത്തനുസൃതമാണ്, നിര്‍ബന്ധമാണ്. അത് ശൂറാ എന്ന ശീര്‍ഷകത്തില്‍ വരുന്നില്ല എന്ന വ്യത്യാസമേയുള്ളൂ.
വിവ: അബ്ദുല്ലത്വീഫ് കൊടുവള്ളി

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 50
എ.വൈ.ആര്‍