Prabodhanm Weekly

Pages

Search

2013 മെയ്‌ 10

വെര്‍ച്ച്വല്‍ കാപ്പിറ്റലും സമുദായത്തിന്റെ ഡെഡ് മണിയും

മുഹമ്മദ് റോഷന്‍ പറവൂര്‍ / കുറിപ്പുകള്‍

ച്ചവടത്തെ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ച മതമാണ് ഇസ്‌ലാം. സത്യസന്ധമായി കച്ചവടം ചെയ്യുന്ന വിശ്വാസി സ്വര്‍ഗാവകാശിയായിരിക്കുമെന്നാണ് നബിവചനം. മധ്യേഷ്യയില്‍ അന്താരാഷ്ട്ര വ്യാപാരങ്ങള്‍ക്ക് തുടക്കമിട്ടതും യൂറോ ഏഷ്യന്‍ രാജ്യങ്ങളുമായി വാണിജ്യബന്ധം സ്ഥാപിച്ചതും മുസ്‌ലിംകളായിരുന്നു. ഉപഭൂഖണ്ഡങ്ങള്‍ക്കിടയിലെ കപ്പല്‍ ചാലുകള്‍ നൂറ്റാണ്ടുകളോളം നിയന്ത്രിച്ചിരുന്നത് മുസ്‌ലിം സമൂഹങ്ങളായിരുന്നു. പിന്നീട് പാശ്ചാത്യ രാജ്യങ്ങള്‍ ഈ ചാനലുകള്‍ കൈവശപ്പെടുത്തിയാണ് തങ്ങളുടെ കോളനികള്‍ ഏഷ്യയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും സ്ഥാപിച്ചത്. ചരിത്രപരമായി മുസ്‌ലിംകള്‍ക്ക് കച്ചവടവുമായി അഭേദ്യമായ ബന്ധമാണുള്ളതെങ്കിലും കേരളമടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കേവലം ചെറുകിട കച്ചവടങ്ങളിലേര്‍പ്പെട്ടുകൊണ്ട് സ്വയം തൊഴില്‍ ചെയ്ത് ജീവിക്കുന്നവരാണ് മുസ്‌ലിംകളില്‍ ഭൂരിഭാഗവും. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടനുസരിച്ച് സ്വയം തൊഴിലില്‍ മറ്റു മതക്കാരേക്കാള്‍ ശരാശരിയില്‍ കൂടുതലാണ് മുസ്‌ലിംകള്‍. എന്നാല്‍, ഈ സ്വയം തൊഴില്‍ കേവലം രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ സഹായിക്കുന്നുവെന്നല്ലാതെ ജീവിതനിലവാരം ഉയര്‍ത്തുന്നതില്‍ കാര്യമായ പങ്കു വഹിക്കുന്നില്ല.
സത്യസന്ധമായ മാര്‍ഗത്തിലൂടെ, ഉദ്ദേശ്യശുദ്ധിയോടെ എല്ലാ റിസ്‌കുകളും ഏറ്റെടുത്തുകൊണ്ട് അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് ബിസിനസ് ചെയ്യാന്‍ സാധിക്കുമായിരുന്ന മുസ്‌ലിംകള്‍ക്ക് യഥാര്‍ഥത്തില്‍ ബിസിനസ് രംഗത്ത് വന്‍വിജയങ്ങള്‍ കൊയ്യാന്‍ കഴിയേണ്ടതായിരുന്നു. എന്നാല്‍, ജനങ്ങളുടെ ജീവിത നിലവാരം ഉയരുന്നതിനനുസരിച്ച് സാധ്യതകള്‍ കണ്ടെത്തി മാര്‍ക്കറ്റിലേക്കാവാശ്യമായ പുതിയ പ്രൊഡക്റ്റുകളും സര്‍വീസുകളും ലഭ്യമാക്കുന്നതില്‍ മറ്റുള്ളവര്‍ മുന്നേറിയപ്പോള്‍ മുസ്‌ലിംകള്‍ പരമ്പരാഗതമായി ചെയ്തു വന്നിരുന്ന ബിസിനസ് മേഖലകള്‍ക്കപ്പുറത്തേക്ക് ചിന്തിച്ചില്ല. തലമുറകളായി ചെയ്തുവന്നിരുന്ന കംഫര്‍ട്ടബിളായ ബിസിനസുകളില്‍ മാത്രം ഇന്‍വെസ്റ്റ് ചെയ്യാനാണ് ഭൂരിഭാഗം പേരും ശ്രമിച്ചത്.
കാലങ്ങളായി വിദ്യാഭ്യാസ രംഗത്ത് പിന്നാക്കം നിന്നിരുന്ന മുസ്‌ലിം സമൂഹം ഇന്ന് മറ്റു സമൂഹങ്ങളുമായി കിടപിടിക്കുന്ന സ്ഥിതിയിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. വിവിധ വിഷയങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നേടി പുതിയ ആശയങ്ങളുമായി വരുന്ന യുവതലമുറയെയും നിലവിലുള്ള ബിസിനസ് സംരംഭകരെയും ഇന്‍വെസ്റ്റ് ചെയ്യാന്‍ കഴിവുള്ളവരെയും സംയോജിപ്പിച്ച് കൊണ്ട് ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതികളിലൂടെ മുസ്‌ലിംകള്‍ക്ക് ഈ രംഗത്ത് നഷ്ടമായ പ്രതാപം വീണ്ടെടുക്കാവുന്നതും അതിലൂടെ സമുദായ പുരോഗതിയും സമൂഹ പുരോഗതിയും സാധ്യമാക്കാവുന്നതുമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ആദ്യ ഇരുപത് ബിസിനസ് സംരംഭകരില്‍ ഒരേയൊരു മുസ്‌ലിമായ അസിം പ്രേംജി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ ദിവസം തന്റെ കമ്പനി ഓഹരിയില്‍ നിന്ന് 12,300 കോടി രൂപയാണ് സംഭാവന ചെയ്തത്. ഇതിന് മുമ്പ് 2010-ല്‍ 10,000 കോടി രൂപ സംഭാവന ചെയ്ത അസിം പ്രേംജി തന്നെയാണ് സ്വാതന്ത്രാനന്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ ബിസിനസ് സംരംഭകന്‍.

സംരംഭകര്‍ക്കായുള്ള വര്‍ക്ക്‌ഷോപ്പുകള്‍
ബിസിനസ് സ്‌കൂളുകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്ന യുവതലമുറയില്‍ നല്ലൊരു പങ്ക് കമ്പനികളില്‍ നിന്ന് ആകര്‍ഷകമായ ഓഫറുകള്‍ ലഭിച്ചിട്ടുപോലും തങ്ങളുടെ ആശയങ്ങള്‍ ഉപയോഗപ്പെടുത്തി സ്വന്തമായി ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും വേണ്ടത്ര പ്രോത്സാഹനം ലഭിക്കാത്തതിനാല്‍ ഉദ്യോഗത്തിലേക്ക് തന്നെ അവര്‍ തിരിഞ്ഞെന്നും വരും. സമുദായ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, ബിസിനസ് മേഖലയില്‍ പുതിയ ആശയങ്ങളുള്ള വ്യക്തികളെയും ഗ്രൂപ്പുകളെയും കണ്ടെത്തി അവര്‍ക്ക് വര്‍ക്‌ഷോപ്പുകള്‍ (Enterprenurial Workshop) സംഘടിപ്പിക്കുന്നത് നന്നായിരിക്കും.
ലോകത്തിലെ മികച്ച യൂനിവേഴ്‌സിറ്റികളിലൊന്നായ ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റി എന്റര്‍പ്രനര്‍ഷിപ്പില്‍ സ്‌പെഷലൈസ് ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈനില്‍ കൃത്രിമമായി (Virtual Business) ബിസിനസ് ചെയ്ത് പരിശീലിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. സ്വന്തമായി ഇന്‍വെസ്റ്റ് ചെയ്തുകൊണ്ടും ഷെയറുകള്‍ സ്വീകരിച്ച് കൊണ്ടും നടത്താവുന്ന വിവിധ തരം ബിസിനസുകളില്‍ സോഫ്റ്റ്‌വെയര്‍ തന്നെ എതിരാളിയെ സൃഷ്ടിക്കുകയും പരിശീലകന്റെ മാര്‍ക്കറ്റിംഗ്, ഓപ്പറേഷന്‍, ഡിസ്ട്രിബ്യൂഷന്‍ സ്ട്രാറ്റജികള്‍ക്ക് എതിരായി തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ട് വിവിധതരം ഭീഷണികള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഓരോ റൗണ്ട് പരിശീലനം കഴിയുന്തോറും ലാഭ-നഷ്ട വിവരങ്ങള്‍ സ്‌ക്രീനില്‍ തെളിയുന്നു. ഇത്തരത്തിലുള്ള പരിശീലനം സംരംഭകന് വിവിധ സന്ദര്‍ഭങ്ങളില്‍ വേണ്ട സ്ട്രാറ്റജിയെക്കുറിച്ച അവബോധവും ആത്മവിശ്വാസവും നല്‍കാന്‍ സഹായകമാകുന്നു. പഠനാവശ്യാര്‍ഥം ഇത്തരം സോഫ്റ്റ്‌വെയര്‍ ലൈസന്‍സുകള്‍ ബിസിനസ് സ്‌കൂളുകള്‍ക്കും എന്‍.ജി.ഒ കള്‍ക്കും വിദേശ യൂനിവേഴ്‌സിറ്റികള്‍ നല്‍കാറുണ്ട്.

പുതിയ സംരംഭങ്ങള്‍ക്കുള്ള ഇന്‍വെസ്റ്റ്‌മെന്റ്
(Venture Capital)
പുതിയ ആശയങ്ങളെ അടിസ്ഥാനപ്പെടുത്തിയ ബിസിനസ് സംരംഭങ്ങള്‍ക്ക് റിസ്‌ക് കൂടുതലാണെന്ന നിഗമനത്തില്‍ ഇന്‍ഡസ്ട്രിയല്‍ ബാങ്കുകള്‍ ലോണ്‍ അനുവദിക്കാറില്ല. ഇതിനെ തരണം ചെയ്യുന്നതിനായി അമേരിക്ക പോലുള്ള വിദേശ രാജ്യങ്ങള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പരിചയപ്പെടുത്തിയ സംവിധാനമാണ് വെന്‍ച്വര്‍ കാപ്പിറ്റല്‍. അതായത് നവീനമായ ബിസിനസ് സംരംഭങ്ങളില്‍ വ്യക്തികളോ സ്ഥാപനങ്ങളോ ഉടമ്പടികളോടെ പങ്കാളികളാകുക. ഇതുമൂലം, സംരംഭകന് ലക്ഷ്യം സാക്ഷാത്കരിക്കപ്പെടാതെ പോവുമായിരുന്ന തന്റെ പ്രോജക്റ്റ് പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നു. അമേരിക്കയുടെ ജി.ഡി.പിയുടെ 21 ശതമാനം വെന്‍ച്വര്‍ കാപ്പിറ്റലിലൂടെയുള്ള സംരംഭങ്ങളുടെ സംഭാവനയാണ്.
2011-ല്‍ നടത്തപ്പെട്ട സര്‍വെയനുസരിച്ച് പ്രവാസികളുടെ 58,000 കോടി രൂപയാണ് കേരളത്തിലെ ദേശസാല്‍കൃത ബാങ്കുകളില്‍ ഡെഡ്മണിയായി നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ പകുതിയെങ്കിലും ഭാവിയിലേക്കായി കരുതി വെച്ച, ഗള്‍ഫ്‌നാടുകളിലെ, പലിശയാഗ്രഹിക്കാത്ത മുസ്‌ലിംകളുടെ സമ്പാദ്യമാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ കീഴിലുള്ള ശരീഅഃ കോംപ്ലയന്‍സോട് കൂടി പ്രവര്‍ത്തിക്കുന്ന എ.ഐ.സി.എല്‍ (AICL), ഇതര സംഘടനകളായ മുസ്‌ലിം സര്‍വീസ് സൊസൈറ്റി (MSS), മുസ്‌ലിം എജുക്കേഷന്‍ സൊസൈറ്റി (MES) തുടങ്ങിയ സംഘടനകള്‍ക്ക് ഇത്തരത്തിലുള്ള ഡെഡ് ഇന്‍വെസ്റ്റ്‌മെന്റുകളെ വെന്‍ച്വര്‍ കാപ്പിറ്റല്‍ ആക്കി മാറ്റാന്‍ കഴിയുമോ എന്ന് പരീക്ഷിക്കാവുന്നതാണ്. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന SEURA, CAPELLA കണ്‍സള്‍ട്ടന്‍സികള്‍ വെന്‍ച്വര്‍ കാപ്പിറ്റല്‍ കേരളത്തിന് പരിചയപ്പെടുത്തിയ സംരംഭങ്ങളാണ്.

സംരംഭകരുടെ സമ്മിറ്റ്
കേരളത്തിന്റെ പ്രകൃതി സമ്പത്ത് വിറ്റ് മുടിക്കുന്ന എമര്‍ജിംഗ് കേരള പോലുള്ള സമ്മിറ്റുകളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ സമുദായത്തില്‍നിന്ന് നാടിന് ഉപകാരപ്പെടുന്ന ബദല്‍ സംരംഭങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് തങ്ങളുടെ പ്രോജക്റ്റുകള്‍ ഇന്‍വെസ്റ്റേഴ്‌സിന് മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമാണ് ഇത്തരം സമ്മിറ്റുകളില്‍ ലഭ്യമാക്കേണ്ടത്. പ്രോജക്റ്റിന്റെ വിഷന്‍, മിഷന്‍, ടാര്‍ഗറ്റ് ചെയ്യുന്ന കസ്റ്റമേഴ്‌സ്, ബിസിനസ് മോഡല്‍, ആവശ്യമായ ഇന്‍വെസ്റ്റ്‌മെന്റ്, ലാഭകരമാകാന്‍ വേണ്ടുന്ന കാലയളവ് എന്നിവയടങ്ങിയതായിരിക്കണം പ്രോജക്റ്റ് അവതരണം. ഓരോ പ്രോജക്റ്റും ഇസ്‌ലാമിക് ഫ്രെയിംവര്‍ക്കിനുള്ളില്‍ ഒതുങ്ങുന്നതാണെന്ന വിലയിരുത്തലുകള്‍ സമ്മിറ്റ് സംഘാടകര്‍ കാലേകൂട്ടി ഉറപ്പുവരുത്തുമ്പോള്‍ സമൂഹത്തിന് മാതൃകയാകുന്ന ധാരാളം സംരംഭങ്ങള്‍ ഇത്തരം സമ്മിറ്റുകളിലൂടെ വെളിച്ചം കാണും.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി സമുദായ സംഘടനകള്‍ സര്‍ക്കാര്‍ അവഗണനക്ക് ബദലായി വിദ്യാഭ്യാസ പുരോഗതിയില്‍ ഊന്നിയപ്പോള്‍, ആ മേഖലയില്‍ അഭൂതപൂര്‍വമായ നേട്ടങ്ങളാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ ഉന്നത വിദ്യാഭ്യാസം നേടിയ യുവതലമുറക്ക് കേരളത്തില്‍ തന്നെ അവരുടെ യോഗ്യതക്കനുസരിച്ചുള്ള തൊഴില്‍ ലഭ്യമാക്കുക എന്നതായിരിക്കും സമുദായം ഇനി നേരിടാന്‍ പോകുന്ന വെല്ലുവിളികളില്‍ സുപ്രധാനമായത്. പ്രതിസന്ധികള്‍ സംജാതമായ ശേഷം റിയാക്ടീവായി പരിഹാരം കണ്ടെത്തുന്നതിനേക്കാള്‍ ഉചിതം, വരാനിരിക്കുന്ന പ്രതിസന്ധികളെ മുന്നില്‍ കണ്ടുകൊണ്ട് പ്രോആക്ടീവായ സമീപനങ്ങളിലൂടെ അവ പരിഹരിക്കലാണ്.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 50
എ.വൈ.ആര്‍