Prabodhanm Weekly

Pages

Search

2013 മെയ്‌ 10

ഇസ്‌ലാമിക ആക്റ്റിവിസ്റ്റുകളും നവജനാധിപത്യവും

കെ. അശ്‌റഫ് / പുസ്തകം

സ്‌ലാമിക് ആക്റ്റിവിസ്റ്റ് ദി ആന്റി എന്‍ലൈറ്റ്‌മെന്റ് ഡെമോക്രാറ്റ്‌സ് എന്ന ദീന അലി അബ്ദുല്‍ ഖാദിറിന്റെ പുസ്തകം യുസുഫുല്‍ ഖറദാവി, റാശിദുല്‍ ഗനൂശി, അബ്ദുസ്സലാം യാസീന്‍ എന്നീ ഇസ്‌ലാമിക ചിന്തകരുടെ ജീവിതത്തെയും ചിന്തയെയും പരിചയപ്പെടുത്തുന്നു. ജനാധിപത്യത്തോടുള്ള ഈ മൂന്നു ഇസ്‌ലാമിക ചിന്തകന്മാരുടെയും സമീപനത്തെ കുറിച്ചാണ് ഈ പുസ്തകം ഊന്നി പറയുന്നത്. ഇവര്‍ ജനാധിപത്യത്തെ നീതിയുക്തമായ ഒരു ഭരണ നിര്‍വഹണരീതിയെന്ന നിലയില്‍ ഒരിക്കലും നിരാകരിക്കുന്നില്ല. എന്നാല്‍, യൂറോപ്യന്‍ നവോത്ഥാനത്തിന്റെ ഭാഗമായി വികസിച്ച സെക്യുലരിസത്തെയും അതിന്റെ തന്നെ അടിസ്ഥാനമായ, വിശ്വാസവും യുക്തിയും ഒരിക്കലും ഒന്നിച്ചു പോകില്ലെന്നുള്ള കാഴ്ചപ്പാടിനെയും ഇവര്‍ നിരാകരിക്കുന്നു. ഇങ്ങനെയുള്ള ഒരു സെക്യുലരിസവും നവോത്ഥാന യുക്തിയും ജനാധിപത്യത്തിന്റെ മുന്നുപാധിയാണെന്ന സമീപനം ഇവര്‍ വിമര്‍ശന വിധേയമാക്കുന്നു. അതിനാലാണ് ഈ പുസ്തകം പ്രസ്തുത ചിന്തകന്മാരെ നവോത്ഥാനവിരുദ്ധ ജനാധിപത്യവാദികള്‍ എന്ന് വിശേഷിപ്പിക്കുന്നത്.
പുസ്തകം എഴുതിയ ദീന അബ്ദുല്‍ ഖാദിര്‍ കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി ഇസ്‌ലാമിക രാഷ്ട്രീയത്തെക്കുറിച്ച് പല അമേരിക്കന്‍ സര്‍വകലാശാലകളിലും പഠിപ്പിക്കുന്നു. ആധുനിക ഇസ്‌ലാമിക രാഷ്ട്രീയത്തെ കുറിച്ച് നിരവധി പുസ്തകങ്ങള്‍ അവര്‍ വിദ്യാര്‍ഥികള്‍ക്ക് വായിക്കാന്‍ റഫര്‍ ചെയ്യാറുണ്ട്. ആധുനിക മുസ്‌ലിം സമൂഹത്തെ കുറിച്ചും ധാരാളം പുസ്തകങ്ങള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും ഇസ്‌ലാമിക ബൗദ്ധിക ചിന്തയുടെ ചരിത്രവും വികാസവും പഠിപ്പിക്കുന്ന പുസ്തകങ്ങള്‍ വളരെ അപൂര്‍വമാണെന്ന് അവര്‍ മനസ്സിലാക്കുന്നു. ഈയൊരു സാഹിത്യ ശാഖയുടെ കുറവ് നികത്താന്‍ കൂടി വേണ്ടിയാണ് അവര്‍ ഗവേഷണത്തിലേര്‍പ്പെടുകയും പുസ്തക രചന പൂര്‍ത്തിയാക്കുകയും ചെയതത്.
പുസ്തകം ചര്‍ച്ച ചെയ്യുന്നത് രണ്ടു പ്രധാന കാര്യങ്ങളാണ്. ഒന്ന്, ഇസ്‌ലാമിക രാഷ്ട്രീയ ചിന്തയുടെ മൂന്ന് സമകാലിക പ്രതിനിധാനങ്ങള്‍ എങ്ങനെയാണ് പാശ്ചാത്യ രാഷ്ട്രീയ ചിന്തയുമായി അടുത്തും അകന്നും നില്‍ക്കുന്നത്. രണ്ട്, ഈ മൂന്ന് ചിന്തകന്മാരും എങ്ങനെയാണ് 'ഇസ്‌ലാമികം' എന്ന് പൊതുവെ വിശേഷിപ്പിക്കപ്പെടുന്ന ഒരു പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുമ്പോഴും പരസ്പരം പല തരത്തിലുള്ള വ്യത്യാസങ്ങള്‍ പുലര്‍ത്തുന്നത്.
മൂന്ന് പേരുടെയും വളരെ ചെറിയ ജീവ ചരിത്ര കുറിപ്പുകള്‍ പുസ്തകത്തില്‍ വായിക്കാം. ഈജിപ്തില്‍ നിന്നുള്ള ഖറദാവിയും മൊറോക്കോയില്‍ നിന്നുള്ള അബ്ദുസ്സലാം യാസീനും സാധാരണ കര്‍ഷക കുടുംബത്തില്‍ പിറന്ന് സ്വപ്രയത്‌നത്താല്‍ മത പണ്ഡിതന്മാരാവുകയും ഇസ്‌ലാമിക പ്രവര്‍ത്തനത്തിലേക്ക് കടന്നുവരികയും ചെയ്തവരാണ്. എന്നാല്‍ തുനീഷ്യയില്‍ നിന്നുള്ള ഗനൂശി ഒരു ഗ്രാമത്തിലെ ഇമാമിന്റെ മകനായി ജനിച്ച് ഒടുവില്‍ 'സ്വ പ്രയത്‌നത്താല്‍' മതത്തില്‍ നിന്നകലുകയും ചെയ്തയാളാണ്. പിന്നീട് പല വഴി പോയി ഇസ്‌ലാമിക പ്രവര്‍ത്തനത്തിലേക്ക് വരികയാണ് ചെയ്തത്. ഖറദാവിയും അബ്ദുസ്സലാം യാസീനും വിദ്യാഭ്യാസം ചെയ്തത് വളരെ സാമ്പ്രദായിക രീതിയിലും അതിന്റെ അച്ചടക്കം പാലിച്ചുമാണ്. ഗനൂശി ആവട്ടെ തന്റെ യാത്രകളിലൂടെയും ജയില്‍വാസത്തിലൂടെയും പ്രസ്ഥാന ആവശ്യത്തിനും മറ്റും ആണ് വിദ്യാഭ്യാസം ചെയ്യുന്നത്. ഖറദാവിയും യാസീനും ഖുര്‍ആനും ഹദീസും ഉള്‍പെട്ട ഇസ്‌ലാമിക പാഠങ്ങളിലൂടെയാണ് ചിന്തിക്കുന്നത്. ഗനൂശിയെ കൂടുതല്‍ സ്വാധിനിച്ചത് ടെക്സ്റ്റ് (പാഠം) അല്ല മറിച്ച്, കോണ്‍ടെക്സ്റ്റ് (സന്ദര്‍ഭം / അനുഭവം) ആണ് . ഗനൂശിയും ഖറദാവിയും രാഷ്ട്രീയ നിലപാടിന്റെ പേരില്‍ പ്രവാസികളായെങ്കില്‍ അബ്ദുുസ്സലാം യാസീന്‍ സ്വന്തം നാട്ടില്‍ നിന്ന് പുറത്തുപോകാന്‍ കഴിയാത്ത വിധം വീട്ടുതടങ്കലില്‍ ആയിരുന്നു. ഗനൂശിയും യാസീനും സൂഫി മാര്‍ഗങ്ങളോട് പ്രതിപത്തി പുലര്‍ത്തുമ്പോള്‍ ഖറദാവിയില്‍ സലഫിസത്തിന്റെ സ്വാധീനം കാണാമെന്ന് പുസ്തകം പറയുന്നു.
ഖറദാവി, ഗനൂശി, യാസീന്‍:
ചിന്താലോകത്തിന്റെ പ്രത്യേകതകള്‍
ഖറദാവിയുടെ എല്ലാ നിലപാടുകളുടെയും സമീപനങ്ങളുടെയും അടിസ്ഥാനമായി ദീന അബ്ദുല്‍ ഖാദിര്‍ തിരിച്ചറിയുന്നത്, അദ്ദേഹം തന്നെ സ്വയം പ്രതിഷ്ഠിക്കുന്ന 'അല്‍ വസത്വിയ്യ' (al - Wasatiyya) ആണ്. മധ്യമസ്ഥാനം എന്നൊക്കെ മലയാളത്തില്‍ വിവര്‍ത്തനം ചെയ്യാവുന്ന ഒരു അറബി വാക്കാണിത്. ഇസ്‌ലാമിക അതിവാദത്തിനും സെക്യുലരിസത്തിനും മധ്യേ ഉള്ള ഒരു നിലപാടാണിത്. ചില ഉദാഹരണങ്ങള്‍ ഈ പുസ്തകം പറയുന്നു. അതിലൊന്ന് ഖറദാവിയുടെ ഈ മധ്യമനിലപാടിനെ പൊക്കിപിടിച്ച് ഈജിപ്തില്‍ ഇഖ്‌വാനില്‍ നിന്ന് മാറി 'വസത്വ് പാര്‍ട്ടി' രൂപം കൊണ്ട സംഭവം. ഒരു ഇസ്‌ലാമിക രാഷ്ട്രീയ ചിന്തകന്‍ എന്ന നിലയില്‍ തന്റെ പ്രസ്ഥാനമായ ഇഖ്‌വാനുല്‍ മുസ്‌ലിമൂനെ പിന്തുടരുമ്പോഴും ഹസനുല്‍ ബന്നായുടെ പല നിലപാടുകളോടും അദ്ദേഹം വിയോജിക്കുന്നു. ഹസനുല്‍ ബന്നാ പറഞ്ഞിരുന്നത് ഒരു നാട്ടില്‍ ഒരു ഇസ്‌ലാമിക പ്രസ്ഥാനം എന്നതായിരുന്നു. ഖറദാവി ബഹുകക്ഷി സ്വഭാവമുള്ള, കൂടുതല്‍ സ്വരങ്ങളുള്ള ഇസ്‌ലാമിക പ്രസ്ഥാനം എന്ന ആശയമാണ് മുന്നോട്ട് വെക്കുന്നത്. ഏറെ അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിച്ച മറ്റൊരു നിലപാട് താലിബാനെ കുറിച്ചുള്ള അഭിപ്രായമാണ്. താലിബാന്‍ അടക്കമുള്ളവര്‍ ഇസ്‌ലാമിനോട് ചെയ്യുന്നത് വലിയ ദ്രോഹമാണെന് ഖറദാവി പറയുന്നു. താലിബാന്‍ ബാമിയാനിലെ പ്രതിമ തകര്‍ത്തപ്പോള്‍ ഈജിപ്തിലെ പിരമിഡുകളെയും ഫറോവയടക്കമുള്ളവരുടെ സ്മാരകങ്ങളെയും സംരക്ഷിച്ച അംറ് ഇബ്‌നു ആസിന്റെ പാത പിന്തുടരാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. തന്റെ മധ്യമ നിലപാടുകള്‍ രാഷ്ട്രീയ ചിന്തയില്‍ മാത്രമല്ല തന്റെ ഫത്‌വകളിലും അദ്ദേഹം പുലര്‍ത്തുന്നു എന്ന് ദീന അബ്ദുല്‍ ഖാദിര്‍ പറയുന്നു.
ഗനൂശിയുടെ ഇസ്‌ലാമിക നിലപാടുകളുടെ അടിത്തറയായി ദീന അബ്ദുല്‍ ഖാദിര്‍ തിരിച്ചറിയുന്നത് അദ്ദേഹത്തിന്റെ 'തുനീഷ്യന്‍ സവിശേഷതകള്‍' (Tunisian Specificity) ആണ്. തുനീഷ്യയിലെ സാമൂഹിക മത രാഷ്ട്രീയ സാഹചര്യത്തിനുള്ളിലാണ് തന്റെ നിലപാടുകള്‍ രൂപപ്പെടുത്തേണ്ടതെന്ന് ഗനുശി ഉറച്ചു വിശ്വസിക്കുന്നു. ഇന്ത്യാ ഉപഭൂഖണ്ഡമോ ഈജിപ്‌തോ തന്റെ ചിന്തകളുടെയും നിലപാടുകളുടെയും പ്രസ്ഥാനത്തിന്റെയും സാഹചര്യം നിര്‍ണയിക്കാന്‍ അദ്ദേഹം ഒരിക്കലും അനുവദിക്കുന്നില്ല. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ എന്ന നിലയില്‍ ഇഖ്‌വാനെയും ജമാഅത്തിനെയും ഏറെ ബഹുമാനിക്കുമ്പോഴും വിമര്‍ശനാത്മകമായ ഒരു അകലം ഗനൂശി സൂക്ഷിക്കുന്നു. ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളില്‍ തന്നെ തൊഴിലാളികളെയും സ്ത്രീകളെയും ഗനൂശി തന്റെ പ്രസ്ഥാനത്തിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ അവരോധിച്ചിരുന്നു. മാത്രമല്ല, മതനിരാസവാദികളെയും ദേശീയവാദികളെയും തന്റെ പാര്‍ട്ടിയിലേക്ക് അദ്ദേഹം ക്ഷണിക്കുന്നു. ഇങ്ങനെയുള്ള സമീപനങ്ങള്‍ ഗനൂശിയെ വലിയ വിമര്‍ശനത്തിന് ഇരയാക്കി. തന്നെ വിമര്‍ശിച്ച ഇറാനിയന്‍ ഇസ്‌ലാമിസ്റ്റുകളോട് ഇറാന്‍ മോഡല്‍ എല്ലായിടത്തും പാകമാകില്ലെന്നു ഗനൂശി തുറന്നുപറഞ്ഞു. എന്നാല്‍ സ്ത്രീകള്‍ക്ക് തുല്യ പദവി നല്‍കിയ എണ്‍പതുകളിലെ സുഡാനീസ് ഇസ്‌ലാമിക വിപ്ലവത്തെ ഗനൂശി തന്റെ പാര്‍ട്ടി പരിപാടിയുടെ ഭാഗമാക്കി മാറ്റി. ഇങ്ങനെ സ്വന്തം സാഹചര്യങ്ങളെയും ആവശ്യങ്ങളെയും മുന്‍നിര്‍ത്തി ചിന്തിക്കുന്ന ഇസ്‌ലാമിക ആക്റ്റിവിസ്റ്റായാണ് ഗനൂശിയെ ഈ പുസ്തകം കാണുന്നത്.
യാസീന്റെ ചിന്തകളുടെ അടിസ്ഥാനമായി ദീന അബ്ദുല്‍ ഖാദിര്‍ തിരിച്ചറിയുന്നത് 'നീതി' (Justice) ആണ്. അബ്ദുസ്സലാം യാസീന്‍ അറബ് ലോകത്ത് ഒരുപാട് വായനക്കാരുള്ള ചിന്തകനും എഴുത്തുകാരനുമാണ്. യാസീന്‍ ഗനൂശിയെ പോലെതന്നെ തന്റെ സ്വന്തം സാഹചര്യത്തോട് പ്രതികരിച്ച ചിന്തകനാണ്. മൊറോക്കോയിലെ ഭരണകൂടത്തിന്റെ സ്വഭാവവും ഭരണാധിപന്റെ റോളുമാണ് അദ്ദേഹത്തിന്റെ ചിന്തയെ ഏറെ അലട്ടിയത്. അതുകൊണ്ട് തന്നെ ജനാധിപത്യം എന്നത് വളരെ നിര്‍ണായക പ്രശ്‌നമായി യാസീന്‍ കാണുന്നു. മൊറോക്കോയിലെ ഹസന്‍ രാജാവിന്റെയും മുഹമ്മദ് ആറാമന്റെയും ഏകാധിപത്യമാണ് അദ്ദേഹത്തിന്റെ ചിന്തകളെ അലട്ടിയ പ്രധാന രാഷ്ട്രീയ പ്രശ്‌നം. തന്റെ സ്വന്തം രാജ്യത്ത് തന്നെ അദ്ദേഹത്തെ ഭ്രാന്തന്‍ എന്ന് മുദ്രകുത്തി ഭരണകൂടം തടവിലിട്ടിരുന്നു. രണ്ടായിരത്തി പതിനൊന്നില്‍ ഈ പുസ്തകം പുറത്തിറങ്ങുമ്പോള്‍ അബ്ദുസ്സലാം യാസീന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.
യുക്തിയും വിശ്വാസവുമാണ് ഈ മൂന്ന് ചിന്തകന്മാരും ഒരുമിക്കുന്ന ഒരു ബിന്ദു. ഇവിടെ ചര്‍ച്ച ചെയ്യുന്ന മൂന്ന് ഇസ്‌ലാമിക ചിന്തകന്മാരും ഈ വിഷയത്തില്‍ ഒരേ അഭിപ്രായക്കാരാണ്. ഇസ്‌ലാമില്‍ വിശ്വാസവും യുക്തിയും തമ്മില്‍ ഒരു സംഘര്‍ഷവും ഇല്ല എന്നവര്‍ പറയുന്നു. വിശ്വാസവും യുക്തിയും ഇസ്‌ലാമിക ലോകത്ത് പരസ്പര പൂരകമാണ്. വിശ്വാസവും യുക്തിയും തമ്മിലുള്ള സംഘര്‍ഷം യൂറോപ്പില്‍ മധ്യകാലത്ത് നടന്നിരുന്നു. അങ്ങനെയുള്ള ഒരു സാഹചര്യവും മുസ്‌ലിം ലോകത്ത് ഉണ്ടായിട്ടില്ല. കൊളോണിയല്‍ കടന്നുകയറ്റം കൊണ്ടുണ്ടായ ആഭ്യന്തര പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച ആശയ കുഴപ്പങ്ങളുടെ ഭാഗമാണ് യുക്തിയും വിശ്വാസവും രണ്ടാണെന്ന സമീപനം. കൊളോണിയല്‍ കാലത്ത് ലണ്ടനിലും പാരീസിലുമൊക്കെ ഇരുന്ന് ചിന്തിച്ച പാശ്ചാത്യവത്കൃത മുസ്‌ലിം വരേണ്യരുടെ ഒരു ആശയ കുഴപ്പമാണിത്. ഇത് കോളനിവത്കരണത്തെ ചെറുത്ത മുസ്‌ലിം ലോകത്തിന്റെ ആശയ കുഴപ്പം അല്ലെന്നു ഇവര്‍ പറയുന്നു. അതോടൊപ്പം തന്നെ കോളനിവിരുദ്ധതയുടെ പേരില്‍ യുക്തിയെ തന്നെ നിരാകരിക്കുന്ന സമീപനത്തെയും മൂന്ന് പേരും വിമര്‍ശിക്കുന്നു. പില്‍ക്കാലത്ത് മതേതര ദേശീയ വരേണ്യര്‍ ഈ ആശയക്കുഴപ്പത്തെ മുസ്‌ലിം ജീവിതത്തിലേക്ക് കയറ്റുമതി ചെയ്തിരുന്നുവെന്നും ഇവര്‍ തിരിച്ചറിയുന്നു.
ഇജ്തിഹാദും തജ്ദീദും എന്ന പ്രശ്‌നത്തില്‍ ഇവര്‍ തത്ത്വത്തില്‍ ഒരുമിച്ചുനില്‍ക്കുന്നു. തജ്ദീദ് മാത്രമല്ല ഇജ്തിഹാദും സമകാലിക മുസ്‌ലിംജീവിതത്തെ നിര്‍ണയിക്കണം എന്ന് ഖറദാവിയും ഗനൂശിയും യാസീനും അടിവരയിടുന്നു. മത പ്രമാണങ്ങളുടെ അക്ഷര വായനയെ ഇവര്‍ തള്ളിക്കളയുന്നു. എന്നാല്‍, യാസീന്‍ കുറച്ചുകൂടി സൂക്ഷിച്ചാണ് ഇജ്തിഹാദിനെ കുറിച്ച് സംസാരിക്കുന്നത്. യാസീന്‍ പറയുന്നത്, മതപ്രമാണത്തില്‍ അവഗാഹമില്ലാത്തവര്‍ ഇസ്‌ലാമിക പ്രമാണങ്ങളെ തന്നെ തള്ളിക്കളയുന്ന പ്രവണത ആശങ്കക്ക് വക നല്‍കുന്നുണ്ട് എന്നാണ്. മത വിഷയത്തില്‍ അവഗാഹമില്ലെങ്കില്‍ ഒരാളുടെയും ഇജ്തിഹാദ് പൂര്‍ണമാവില്ല. ഇത് യാസീന്‍ വളരെ കണിശമായി പറയുമ്പോള്‍ ഖറദാവിയും ഗനൂശിയും കുറെ കൂടി ഉദാര സമീപനമാണ് പുലര്‍ത്തുന്നത്. ഖറദാവിയും ഗനൂശിയും ഇജ്തിഹാദിന് ആഹ്വാനം ചെയ്യുന്നത് വിശ്വാസത്തെ രക്ഷിക്കാനാണ്. അതിസംരക്ഷണം വിശ്വാസത്തെ കൊല്ലുമെന്ന് അവര്‍ പറയുന്നു. എന്നാല്‍, യാസീന് വിശ്വാസത്തെ ഇജ്തിഹാദിലൂടെ രക്ഷിക്കുന്നതിനേക്കാളും, ഇജ്തിഹാദ് നടന്നില്ലെങ്കിലും വിശ്വാസം എങ്ങനെയെങ്കിലും സംരക്ഷിക്കപ്പെടണം എന്ന നിലപാടാണുള്ളത്.
ജനാധിപത്യമാണ് ഈ മൂന്ന് പേരും ആലോചിക്കുന്ന മറ്റൊരു വിഷയം. തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ ജനാധിപത്യത്തെ ചരിത്രപരമായി വികസിച്ചു വന്ന ഒരു ഭരണ നിര്‍വഹണ രീതിയായി ഇവര്‍ അംഗീകരിക്കുന്നു. രാജാധിപത്യം, ഫ്യൂഡലിസം എന്നിവയില്‍നിന്ന് മാറി ദേശ രാഷ്ട്രം പ്രധാനമാവുന്ന ആധുനിക ചരിത്ര സാഹചര്യത്തില്‍ ജനാധിപത്യം നീതിയുക്തമായ, മധ്യമ നിലപാടുള്ള, സ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ഭരണരീതിയായി ഇവര്‍ അംഗീകരിക്കുന്നു. എന്നാല്‍ ജനാധിപത്യത്തിന്റെ മുന്നുപാധിയായി മതനിരാസപരമായ സെക്യുലരിസം വേണമെന്ന സമീപനത്തെ ഇവര്‍ തള്ളിക്കളയുന്നു. അതുകൊണ്ട് തന്നെ ജനാധിപത്യത്തിന്റെ പാശ്ചാത്യ, ദേശീയവാദ മാതൃകകളെ ഇവര്‍ ആശ്രയിക്കുന്നില്ല. ഇന്നത്തെ സാഹചര്യത്തില്‍ ഒരു രാജ്യത്തിനുള്ളില്‍ ഇസ്‌ലാമിക സമൂഹത്തിന് അനുകൂലിക്കാവുന്ന, മതത്തെയും വിശ്വാസത്തെയും അംഗീകരിക്കുന്ന, ഒരു ഭരണ നിര്‍വഹണ രീതിയായി ഖറദാവിയും ഗനൂശിയും യാസീനും ജനാധിപത്യത്തെ കാണുന്നു. ഇസ്‌ലാമിക നിലപാടുകള്‍ ജനാധിപത്യത്തിന്റെ ക്രിയാത്മകമായ വികാസത്തെ സഹായിക്കും എന്നവര്‍ കരുതുന്നു. അധിനിവേശത്തെയും എകാധിപതികളെയും സഹായിക്കുന്ന കൊളോണിയല്‍ ദേശീയവാദ സെക്യുലര്‍ ജനാധിപത്യത്തിനു പകരം കൊളോണിയല്‍ വിരുദ്ധ പാശ്ചാത്യ നവോത്ഥാന വിരുദ്ധ ജനാധിപത്യത്തെ ഖറദാവിയും ഗനൂശിയും യാസീനും ഉയര്‍ത്തിപ്പിടിക്കുന്നു. നീതിയെ ഉയര്‍ത്തിപ്പിടിക്കുന്ന, ജനങ്ങളുടെ താല്‍പര്യത്തെ പരിഗണിക്കുന്ന, ഒരു നീതിയുക്തമായ ഭരണനിര്‍വഹണ മാതൃക എന്ന നിലയില്‍ ജനാധിപത്യത്തെ ഇസ്‌ലാമിസ്റ്റുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ യാതൊരു പ്രശ്‌നവും ഈ മൂന്ന് ചിന്തകരും കാണുന്നില്ല.
ഖറദാവിയുടെ ജനാധിപത്യ ചിന്തകളുടെ കേന്ദ്രത്തിലുള്ളത് നേരത്തേ സൂചിപ്പിച്ച മധ്യമ നിലപാട് (വസത്വിയ്യ) ആണ്. ജനാധിപത്യത്തെ കുറിച്ചുള്ള ഏതൊരു ചര്‍ച്ചയും ഇന്ത്യയിലും ഈജിപ്തിലും ഹാകിമിയ്യത്തിനെ കുറിച്ച് കൂടിയാണ്. ഈ വിഷയത്തില്‍ ഖുത്വ്ബ്, മൗദൂദി ഒക്കെ പുലര്‍ത്തുന്ന വലിയ സ്വാധീനമാണ് കാരണം. അതേസമയം, തുനീഷ്യയിലും മൊറോക്കോയിലും ഗനൂശിയും യാസീനും ഹാകിമിയ്യത്തിനെ കൂടുതല്‍ വിശകലനത്തിനു വിധേയമാക്കുന്നില്ല. ഖറദാവി ഹാകിമിയ്യത്തിനെ വിശദീകരിക്കുന്നത് അല്ലാഹുവിന്റെ പരമാധികാരത്തെ ജനം എങ്ങനെ വ്യാഖ്യാനിക്കുന്നു എന്ന പോയിന്റില്‍ ഊന്നിയാണ.് അല്ലാഹുവിന്റെ നിയമം എങ്ങനെ അനുസരിക്കണമെന്ന് മനുഷ്യന്‍ വ്യാഖ്യാനിക്കുന്നതിനെയാണ് ഖറദാവി ഹാകിമിയ്യത്ത് എന്ന് പറയുന്നത്. അതിലൂടെ ജനങ്ങളുടെ പങ്കാളിത്തമുള്ള, സുതാര്യതയുള്ള ഏതൊരു ഭരണരീതിയും മുസ്‌ലിംകള്‍ക്ക് അഗീകരിക്കാം എന്ന് ഖറദാവി പറയുന്നു. ഇങ്ങനെ ഖറദാവി, അല്ലാഹുവിന്റെ പരമാധികാരത്തിനും മനുഷ്യന്റെ ഭരണ നിര്‍വഹണത്തിനും ഇടയിലെ ചര്‍ച്ചകളെ ഒരു മധ്യമ നിലപാടില്‍ കൊണ്ടുവരുന്നു. ഖറദാവിയുടെ ജനാധിപത്യ ചിന്തകള്‍ ദൈവത്തിന്റെ പരമാധികാരം, മനുഷ്യന്റെ നിര്‍വഹണാധികാരം ഇവ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരു സമവായം കണ്ടെത്തുക എന്നതാണ്. ഖറദാവി ജനാധിപത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകുന്നത് ഒരു പ്രായോഗിക നടപടിക്രമം എന്നതിനേക്കാള്‍, ഈ വിഷയത്തില്‍ സൈദ്ധാന്തികമായി ഇസ്‌ലാമിസ്റ്റുകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശയക്കുഴപ്പം പരിഹരിക്കുക എന്ന നിലയിലാണ്.
ജനാധിപത്യക്രമത്തിലെ പൗരാവകാശത്തില്‍ ഊന്നിയ ജനങ്ങളുടെ നിര്‍വഹണാധികാരം എന്ന സമീപനമാണ് ഗനൂശിക്കുള്ളത്. ഇത് ഗനൂശി വിശദീകരിക്കുന്നത് 'പൊതു സ്വാതന്ത്ര്യം' (Public Freedom) എന്ന പരികല്‍പനയിലൂടെയാണ്. ജനങ്ങളുടെ പങ്കാളിത്തമാണ് ഗനൂശിയുടെ ജനാധിപത്യം. ജനാധിപത്യം എന്നത് ഇപ്പോഴും ഒരു സ്ഥാപനം എന്ന നിലക്ക് ഇസ്‌ലാമികം ആണോ അല്ലയോ എന്ന ചര്‍ച്ചയില്‍ വലിയ കാര്യമില്ലെന്ന് ഗനൂശി പറയുന്നു. ഗനൂശി പറയുന്നത് ജനാധിപത്യത്തെ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ ഒരു സൈദ്ധാന്തിക സ്ഥാപനം എന്ന നിലയില്‍ ഒട്ടും പരിഗണിക്കേണ്ട എന്നാണ്. ജനാധിപത്യം പ്രായോഗികമായി എത്രത്തോളം ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളെയും നീതിയുടെ താല്‍പര്യത്തെയും ഉയര്‍ത്തിപ്പിടിക്കുന്നു എന്നാണ് ഇസ്‌ലാമിസ്റ്റുകള്‍ ആലോചിക്കേണ്ടത്. ജനാധിപത്യം ഒരു സൈദ്ധാന്തിക സ്ഥാപനം എന്ന നിലയില്‍ അല്ല, അത് ജനകീയമായ ആവശ്യങ്ങളെ എത്ര കണ്ടു പരിഗണിക്കുന്നു എന്നാണ് ഖറദാവിയില്‍ നിന്ന് വ്യത്യസ്തമായി ഗനൂശി ഉന്നയിക്കുന്ന, ഊന്നിപ്പറയുന്ന ഒരു കാര്യം. ഈ അര്‍ഥത്തില്‍ ബഹുഭൂരിപക്ഷം ജനങ്ങളുടെ താല്‍പര്യത്തെ സംരക്ഷിക്കുക എന്ന പ്രശ്‌നത്തിലൂടെയാണ് ജനാധിപത്യം ഇസ്‌ലാമികം ആകുന്നതും ഇസ്‌ലാമിക വിരുദ്ധം ആകുന്നതും. അതുകൊണ്ട് തന്നെ എത്ര തന്നെ സുശക്തമായ ഭരണഘടന ഉണ്ടെങ്കിലും, അത് എത്ര തന്നെ ജനാധിപത്യത്തെ കുറിച്ച് ആണയിട്ടാലും അത് സ്വന്തം പൗരന്മാരുടെ കാര്യത്തിലും അന്താരാഷ്ട്ര മര്യാദയുടെ കാര്യത്തിലും പുലര്‍ത്തുന്ന സമീപനം ആണ് ഗനൂശി നോക്കുന്നത്. ജനാധിപത്യക്രമത്തില്‍ തന്നെ ഫാഷിസ്റ്റുകള്‍പോലും അധികാരത്തില്‍വരുന്നത്, അല്ലെങ്കില്‍ ജനാധിപത്യ രാജ്യങ്ങളെ മറ്റു രാജ്യങ്ങള്‍ അധിനിവേശം ചെയ്യുന്നത് ഉദാഹരണം. ഈ കാര്യങ്ങളൊന്നും ജനാധിപത്യത്തിന്റെ സ്ഥാപന സ്വഭാവത്തില്‍ ഊന്നിയുള്ള ചര്‍ച്ചകള്‍ ഒരിക്കലും പരിഗണിക്കാറില്ല. അതുകൊണ്ട് ജനാധിപത്യത്തിന്റെ പ്രയോഗം (practice) ആണ് ഗനൂശി ഏറെ പരിഗണിക്കുന്നത്.
ജനാധിപത്യ ക്രമത്തിലെ മര്‍മ പ്രധാന വിഷയമായി യാസീന്‍ തിരിച്ചറിയുന്നത് നീതിയെ (Justice) ആണ്. യാസീന്‍ ജനാധിപത്യ ക്രമത്തോട് പ്രതികരിച്ചത് മൊറോക്കോയിലെ സാഹചര്യം മുന്‍നിര്‍ത്തിയായിരുന്നു. രാജാധിപത്യത്തിനു പകരം ഖിലാഫത്ത് ആണ് യാസീന്‍ മുന്നോട്ട് വെച്ചത്. തീര്‍ച്ചയായും ഖറദാവിയെയും ഗനൂശിയെയും പോലെ തന്നെ ഒരു ഭരണ നിര്‍വഹണ രീതി എന്ന നിലയില്‍ ജനാധിപത്യത്തെ അംഗീകരിക്കുന്ന യാസീന്‍ അതിന്റെ പാശ്ചാത്യവത്കൃത സ്വഭാവത്തെ അങ്ങേയറ്റം വിമര്‍ശിക്കുന്നു. കോളനിവത്കരണം നടത്തി യൂറോപ്യേതര സമൂഹങ്ങളെ കൊന്നൊടുക്കിയതും മുസ്‌ലിം സമൂഹങ്ങളിലെ ഏകാധിപതികളെ താങ്ങി നിര്‍ത്തിയതും പാശ്ചാത്യ ജനാധിപത്യമാണെന്നും യാസീന്‍ പറയുന്നു. ഇങ്ങനെ ഒരു സൂക്ഷ്മ വിശകലനവും സാംസ്‌കാരിക ജാഗ്രതയും ഖറദാവിയിലും ഗനൂശിയിലും കാണുന്നില്ലെന്നു ദീന അബ്ദുല്‍ ഖാദിര്‍ പറയുന്നു. യാസീന്റെ വിശകലനത്തിലുടനീളം യൂറോപ്യനല്ലാത്ത ഒരു ഭരണ നിര്‍വഹണരീതി എന്ന നിലയില്‍ ഇസ്‌ലാമിക ഉള്ളടക്കമുള്ള നീതിയുക്തമായ ജനാധിപത്യം വികസിച്ചുവരേണ്ടതിന്റെ ആവശ്യകത അടിവരയിടുന്നു.
ഈ പുസ്തകം ഇസ്‌ലാമിക ചിന്തയുടെ സമകാലികതയെ കുറിച്ചുള്ളതാണ്. ജനാധിപത്യം ഇന്ന് ലഭ്യമായിട്ടുള്ളതില്‍ വെച്ച് ഏറ്റവും പ്രായോഗികവും ജനകീയവുമായ ഒരു ഭരണ നിര്‍വഹണ രീതിയായി ഈ ഇസ്‌ലാമിക ചിന്തകന്മാര്‍ കാണുന്നു. പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അത് ഇസ്‌ലാമിസ്റ്റുകളെ ലിബറല്‍ ദേശീയവാദികള്‍, സോഷ്യല്‍ ഡെമോക്രാറ്റുകള്‍, മാര്‍ക്‌സിസ്റ്റുകള്‍ എന്നിവരെപോലെ ജനാധിപത്യം എന്ന സ്ഥാപനത്തോട് ഇടപെടുന്ന ഒരു സാമൂഹിക ശക്തിയായി കാണുന്നു എന്നതാണ്. മാത്രമല്ല, ഇസ്‌ലാമിക പ്രസ്ഥാനം കാല ദേശ പ്രാദേശിക വ്യത്യാസങ്ങള്‍ ഉള്ള ഒരു സാമൂഹിക സംവിധാനം ആണെന്ന് ഇവര്‍ തിരിച്ചറിയുന്നു. ആ അര്‍ഥത്തില്‍ ഇസ്‌ലാമിസത്തെയും ജനാധിപത്യത്തെയും ചരിത്രത്തില്‍ ഇടപെടുന്ന ഒരുപാട് പരിമിതികള്‍ ഉള്ള സാമൂഹിക പ്രതിഭാസം എന്ന രീതിയില്‍ കാണാന്‍ കഴിയുന്നു. (Islamic Activists: The Anti- Enlightenment Democrats. Diena Ali Abdelkader. Pluto Press. 2011)

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 50
എ.വൈ.ആര്‍