ഈ പുരാതന ചരിത്രം പൊളിച്ചെഴുതപ്പെടേണ്ടതാണ്
പരശുരാമന്‍ മഴുവെറിഞ്ഞാണ് കേരളമുണ്ടായതെന്ന് ഒരിടത്ത് പറയുന്നു. അതിനും മുമ്പേ കേരളം ഭരിച്ചിരുന്ന മഹാബലിയെ വാമനന്‍ ചവിട്ടിത്താഴ്ത്തിയതാണെന്ന് മറ്റൊരിടത്ത് പറയുന്നു. ഈ വൈരുധ്യം പ്രചരിത ചരിത്രത്തിന്റെ മിത്തുവത്കരണത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ടല്ലോ.
അധികാര താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് അവതാരങ്ങളുടെ കഥകള്‍ പ്രചരിപ്പിക്കാറുള്ളത് എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. വാമനന്‍, പരശുരാമന്‍ തുടങ്ങിയവരുടെ കഥകള്‍ തന്നെ അതിന്റെ കള്ളത്തരത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. മത്സ്യം, കൂര്‍മ്മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍ എന്നിങ്ങനെയാണ് അവതാരങ്ങളുടെ ക്രമം. സങ്കല്‍പ്പമനുസരിച്ച്, അഞ്ചാമത്തെ അവതാരമാണ് വാമനന്‍, ആറാമത്തേത് പരശുരാമന്‍. എന്താണിതിന് അര്‍ഥം? വാമനന്‍ വരുമ്പോള്‍ കേരളം ഉണ്ടായിരുന്നു, നല്ല ഭരണവും ജനതയും സംസ്‌കാരവും ഉണ്ടായിരുന്നു. പിന്നെ എന്തിനാണ് അതിനു ശേഷം വന്ന, ആറാമനായ പരശുരാമന്‍ മഴുവെറിഞ്ഞ് കേരളമുണ്ടാക്കിയത്? കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളിലായി കിട്ടുന്ന വേദികളിലും എഴുതുന്ന ലേഖനങ്ങളിലും ഞാനിത് സൂചിപ്പിക്കാറുണ്ട്.
ചേര, ചോള, പാണ്ഡ്യ രാജ്യങ്ങളെക്കുറിച്ച് കേട്ടിരിക്കുമല്ലോ. ചേര രാജ്യമായിരുന്നു നമ്മുടേത്. തമിഴ്-പാലി ബന്ധമുള്ള പദമാണ് 'ചേര.' ഈ പദത്തെ സംസ്‌കൃതവത്കരിക്കുമ്പോഴാണ് 'കേര' എന്ന വാക്കാകുന്നത്. 'കേരളം' എന്ന് പറയുന്നത് തെങ്ങ് ഉള്ളതുകൊണ്ടല്ല. സംസ്‌കൃതം വന്നശേഷം തെങ്ങിനെ 'കേര' എന്ന് വിളിച്ചു. 'കേരം' സംസ്‌കൃതപദമാണ്. നമ്മളാരും കടയില്‍ പോയി 'കേരമുണ്ടോ' എന്ന് ചോദിക്കാറില്ല; 'തേങ്ങയുണ്ടോ' എന്നേ ചോദിക്കാറുള്ളൂ. അപ്പോള്‍, തേങ്ങ എന്നതാണ് യഥാര്‍ഥത്തില്‍ നമ്മുടെ സംസ്‌കാരത്തില്‍ പാരമ്പര്യമായുള്ള പ്രയോഗം. അതേസമയം, 'കേര കര്‍ഷക സംഘം' എന്നാണ് പറയുക. സംഘടനയുടെ പേര് പറയുമ്പോള്‍ മലയാളിക്ക് ഒന്നുകില്‍ സംസ്‌കൃതം വേണം, അല്ലെങ്കില്‍ ഇംഗ്ലീഷ് വേണം. 'തെങ്ങ് കര്‍ഷക സംഘം' എന്ന് എഴുതുന്നത് ഇന്‍ഫ്യൂരിയോരിറ്റിയാണ്! ഇത്രമാത്രം നാം അധിനിവേശം ചെയ്യപ്പെട്ടിരിക്കുന്നുവെന്നര്‍ഥം. 'നോര്‍കലി' എന്ന മലയന്‍ പദത്തിന്റെ സംസ്‌കൃത രൂപമാണ് 'നാളികേരം.' ഇവിടേക്ക് തെങ്ങുവന്നത് മലയന്‍ മേഖലയില്‍ നിന്ന് സിലോണ്‍ വഴിയാണെന്ന് ചരിത്രമുണ്ട്.
'ചേര'നാടിനെ 'കേരള'മാക്കി മാറ്റിയ അധിനിവേശം എങ്ങനെയെന്ന് മനസ്സിലാക്കാന്‍ നാം ഇറാഖിലേക്കും മറ്റും നോക്കിയാല്‍ മതി. ഒരു നാട് പിടിച്ചടക്കി അവിടെ കയറിയിരിക്കുന്നുണ്ടല്ലോ സായിപ്പ്. നമ്മുടെ കണ്‍മുമ്പിലാണ് ഇത് നടക്കുന്നത്. അതവിടുത്തെ ഭരണത്തെ, സംസ്‌കാരത്തെ, ജനജീവിതത്തെ തന്നെ വല്ലാതെ മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതാണ് 'ചേര' നാട്ടിലും സംഭവിച്ചത്. ആ അര്‍ഥത്തില്‍, 'കേരളം' സൃഷ്ടിച്ചത് പരശുരാമന്‍ തന്നെയാണ്. സമ്പല്‍സമൃദ്ധമായ, ദ്രാവിഡ-ബുദ്ധ പാരമ്പര്യമുള്ള 'ചേര'നാടിനെ സംസ്‌കൃത-ബ്രാഹ്മണവല്‍ക്കരിച്ച് കേരളമാക്കുകയായിരുന്നു പരശുരാമന്‍. പരശുരാമന്‍ യഥാര്‍ഥത്തില്‍ കേരളം സൃഷ്ടിക്കുകയായിരുന്നില്ല, 'ചേര'നാടിനെ 'കേരള'മാക്കി പരിവര്‍ത്തനം ചെയ്യുക (Convert) യായിരുന്നു. ഇതാണ് യഥാര്‍ഥ ചരിത്രം. 1500 വര്‍ഷത്തെ ചരിത്രത്തെയാണ് പരശുരാമന്റെ ചെറിയൊരു കഥ കൊണ്ട് ഇവിടെ കുഴിച്ചുമൂടാന്‍ ശ്രമിക്കുന്നത്. ചെറിയ ഒരു ന്യൂനപക്ഷത്തിന്, ഇത്ര വലിയൊരു രാജ്യത്തെയും സംസ്‌കാരത്തെയും എങ്ങനെ നശിപ്പിക്കാന്‍ കഴിയും എന്ന് ചിലപ്പോള്‍ നാം അത്ഭുതപ്പെടും. പക്ഷേ, ചരിത്രം എന്നും അങ്ങനെയായിരുന്നു. ചെറിയ ന്യൂനപക്ഷമാണ് പലപ്പോഴും മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്; നല്ലതാകട്ടെ ചീത്തയാകട്ടെ. ഇന്നത്തെ ജൂതന്മാരെക്കുറിച്ച് ചിന്തിച്ചുനോക്കൂ. ജനസംഖ്യാപരമായി തീരെ കുറവാണ് ജൂതന്മാര്‍. പക്ഷേ, ഇന്ന് ലോകത്ത് നടക്കുന്ന മിക്ക കലാപങ്ങളുടെയും ഭീകരതയുടെയും പിന്നില്‍ ജൂതന്മാരാണെന്ന് എല്ലാവര്‍ക്കും അറിയാം. യൂറോപ്യന്‍ ജൂതന്മാരുടെ ഡി.എന്‍.എയും ഇവിടുത്തെ ആര്യ-സവര്‍ണ ഡി.എന്‍.എയും ഒന്നാണെന്ന് പറയുന്നുണ്ട്. കാലഘട്ടങ്ങള്‍ മാറിയാലും ഭൂപ്രദേശങ്ങള്‍ വ്യത്യസ്തമായാലും അവരുടെ തന്ത്രങ്ങളും നയസമീപനങ്ങളും അജണ്ടകളും ഒന്നുതന്നെയാണ്. വര്‍ഗ സ്വഭാവം മാറുന്നില്ല.
ചേര രാജ്യം ഭരിച്ചിരുന്നത് 'പെരുമാള്‍' രാജാക്കന്മാരായിരുന്നു. 'ചേരമാന്‍ പെരുമാള്‍' എന്ന് നാം ധാരാളമായി കേട്ടിട്ടുണ്ടല്ലോ. അത് ഒരു രാജാവല്ല, ഒരു രാജപരമ്പരയുടെ പേരാണ്. എന്നാല്‍ 'ചേര'നാട് കേരളമായപ്പോള്‍, 'പെരുമാള്‍' മാറി 'വര്‍മ' പ്രതിഷ്ഠിക്കപ്പെട്ടു. 'കുലശേഖരപെരുമാള്‍' ഇവിടെ ഉണ്ടായിരുന്നു. പിന്നെ വന്നത് 'കുലശേഖര വര്‍മ'യാണ്. വര്‍മയെന്നത് സംസ്‌കൃത-ബ്രാഹ്മണ പേരാണ്. 'ആദരിക്കപ്പെടേണ്ട, ബഹുമാനിക്കപ്പെടേണ്ട വ്യക്തി' എന്നാണ് വര്‍മയുടെ ഉദ്ദേശ്യം. പെരുമാള്‍ എന്നാല്‍ 'ഭരണാധികാരി' എന്നും. 'പെരുമാള്‍' ദ്രാവിഡ-തമിഴ് വേരുള്ള പ്രയോഗമാണ്. ഈ പേരുമാറ്റം രാഷ്ട്രീയ മാറ്റത്തിന്റെ കൂടി അടയാളമായിരുന്നു. വിദ്യാഭ്യാസ-സാംസ്‌കാരിക മണ്ഡലത്തില്‍ മാറ്റം വന്നു. അക്ഷരാഭ്യാസവുമായി ബന്ധപ്പെട്ട 'നാനം മോനം' ചെയ്യിക്കുന്ന പഴയ രീതിയില്‍നിന്ന് 'ഹരിശ്രീ'യിലേക്ക് മാറി. 'നാനം മോനം' ജനങ്ങളുടേതായിരുന്നു; എല്ലാവര്‍ക്കും പഠിക്കാം. 'ഹരിശ്രീ' വന്നത് മുതല്‍ ജനങ്ങള്‍ക്ക് വിദ്യാഭ്യാസത്തിന് വിലക്ക് വീണു. 1920-കളിലും എല്ലാവര്‍ക്കും വിദ്യാഭ്യാസം നേടാനുള്ള അവകാശത്തിന് വേണ്ടി ഇവിടെ സമരം നടന്നിട്ടുണ്ടെന്ന് ഓര്‍ക്കണം. പെരുമാള്‍ ഭരണത്തില്‍ എല്ലാവരും ഒരുപോലെയായിരുന്നു. വര്‍മ വന്നപ്പോഴോ, അസ്പൃശ്യതയും അയിത്താചരണവുമുണ്ടായി. മഹാബലിയെ ആട്ടിപ്പായിച്ച വാമനന്‍ ആരംഭിച്ച ദൗത്യമാണ് പരശുരാമന്‍ പൂര്‍ത്തീകരിച്ചത് എന്നുപറയാം. ഇത്തരം ദൗത്യങ്ങള്‍ ഇന്നും ചാതുര്‍വര്‍ണ്യ കേന്ദ്രങ്ങള്‍ ഏറ്റെടുക്കുന്നുണ്ട്. ഇവിടത്തെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കെതിരെ ഇന്നും ആവര്‍ത്തിക്കപ്പെടുന്നത് പഴയ ചരിത്രം തന്നെയല്ലേ. നയത്തിലും പരിപാടിയിലും വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ല. ഈ പുരാതന ചരിത്രം പൊളിച്ചെഴുതുകയെന്നത് എന്റെ വലിയൊരു ആഗ്രഹമാണ്.
അനേകം ജാതികളും ഉപജാതികളുമായി വിഭജിക്കപ്പെട്ടിരിക്കുകയാണല്ലോ ഇന്ത്യന്‍ സമൂഹം. വലിയൊരു ജന വിഭാഗത്തെ കടുത്ത ഉച്ചനീചത്വങ്ങള്‍ കല്‍പിച്ച് അടിമകളാക്കുന്ന ജാതിവ്യവസ്ഥക്കെതിരെ ഒട്ടേറെ പ്രക്ഷോഭങ്ങളും നിയമനിര്‍മാണങ്ങളും നടന്നിട്ടുണ്ട്. എന്നിട്ടും സവര്‍ണ മേധാവിത്വത്തിലധിഷ്ഠിതമായ സാമൂഹിക ക്രമത്തിന് വലിയ മാറ്റമൊന്നും വന്നിട്ടില്ല. സ്വാതന്ത്ര്യത്തിന്റെ അറുപത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ എന്താണ് ഇന്ത്യന്‍ ജാതിവ്യവസ്ഥയുടെ വര്‍ത്തമാനം?
ചോദ്യത്തിലെ 'ഇന്ത്യന്‍ സമൂഹം' എന്ന പ്രയോഗത്തോട് എനിക്ക് വിയോജിപ്പുണ്ട്. യഥാര്‍ഥത്തില്‍ 'ഇന്ത്യ' എന്ന ഒരൊറ്റ 'നാഷന്‍' ഇവിടെ ഉണ്ടായിരുന്നില്ല. ഇന്ത്യ ഒരു ഉപഭൂഖണ്ഡമാണ് എന്ന് പറയാറുണ്ട്. മൂന്നു വശവും വെള്ളത്താല്‍ ചുറ്റപ്പെട്ടതു കൊണ്ടാണ് ഉപഭൂഖണ്ഡം എന്ന് പറയുന്നത്. തല്‍ക്കാലം 'ഉപ' മാറ്റി, ഭൂഖണ്ഡം മാത്രമെടുക്കുക. അപ്പോള്‍, ഇന്ത്യ ഒരു continent -ഭൂഖണ്ഡം ആണ്; ചരിത്രപരമായി ഒരു രാഷ്ട്രം (Nation) അല്ല. ജര്‍മന്‍ ഭാഷ സംസാരിക്കുന്ന ജര്‍മനിയെപ്പോലെ ഒരു പൊതു സംസ്‌കാരമുള്ള ജനതയുടെ രാഷ്ട്രമല്ല ഇന്ത്യ. ഒരു പൊതു സംസ്‌കാരമുള്ള ഇംഗ്ലണ്ട് എന്ന രാഷ്ട്രത്തെപ്പോലെയുമല്ല ഇന്ത്യ. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഇറ്റലി തുടങ്ങിയ രാഷ്ട്രങ്ങളെപ്പോലെയൊന്നുമല്ല ഇന്ത്യ. പക്ഷേ, ലോക രാഷ്ട്രങ്ങളുടെ പട്ടികയില്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ചൈന തുടങ്ങിയ രാഷ്ട്രങ്ങള്‍ക്കൊപ്പം നാം ഇന്ത്യയെയും ഉള്‍പ്പെടുത്താറുണ്ട്. ഇതെങ്ങനെ ശരിയാകും എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ചൈനയെ നോക്കൂ. അവിടത്തെ ജനം 'ചൈനീസ്' ആണ്. ഒരേ ഭാഷ, ഒരേ സംസ്‌കാരം, ഒരേ ദേശം- ഇതാണവര്‍ക്കുള്ളത്. ഗ്രാമീണമോ മറ്റോ ആയ ഒറ്റപ്പെട്ട ചില സംസാരഭാഷകള്‍ ഉണ്ടായേക്കാം. എന്നാല്‍ അതുപോലെയാണോ ഇന്ത്യ?
ഇന്ത്യയെ ഒരു ഭൂഖണ്ഡം എന്ന് നാം പറഞ്ഞല്ലോ. യൂറോപ്പ് മറ്റൊരു ഭൂഖണ്ഡമാണ്. എന്താണ് യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ പ്രത്യേകത? അവിടെ ഇംഗ്ലീഷ്, ജര്‍മന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍ ഭാഷകള്‍ സംസാരിക്കുന്ന വ്യത്യസ്ത രാഷ്ട്രങ്ങളുണ്ട്. ഇതാണ് ഒരു ഭൂഖണ്ഡം. ഇതുതന്നെയല്ലേ ഇന്ത്യയിലും നാം കാണുന്നത്. ഇവിടെ ഹിന്ദി, തമിഴ്, കന്നട, ഗുജറാത്തി, മറാത്തി, മലയാളം, തെലുങ്ക്, ബംഗാളി തുടങ്ങിയ വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന, ഭിന്ന സംസ്‌കാരങ്ങളുള്ള വ്യത്യസ്ത നാഷ്‌നാലിറ്റികളാണ് ഉള്ളത്. യൂറോപ്പില്‍ ഫ്രഞ്ച് നാഷ്‌നാലിറ്റിയുണ്ട്. ഇന്ത്യയില്‍ മറാത്തിയുണ്ട്. യൂറോപ്പില്‍ ജര്‍മന്‍ നാഷ്‌നാലിറ്റിയുണ്ട്. ഇന്ത്യയില്‍ തമിഴ് നാഷ്‌നാലിറ്റിയുണ്ട്. അപ്പോള്‍ എന്താണ് ഇവിടെ സംഭവിച്ചിട്ടുള്ളത്. ഒരു ഭൂഖണ്ഡത്തിലെ വ്യത്യസ്ത നാഷ്‌നാലിറ്റികളെ ആരോ കൃത്രിമമായി ഒരുമിച്ചു നിര്‍ത്താന്‍ ശ്രമിച്ചിരിക്കുന്നു. artificially created unityയാണ് ഇവിടെയുള്ളത്. അതുകൊണ്ടാണ് 'യൂനിറ്റി ഇന്‍ ഡൈവേഴ്‌സിറ്റി' (നാനാത്വത്തില്‍ ഏകത്വം) എന്നു പറയുന്നത്. ഡൈവേഴ്‌സിറ്റി എന്നത് വ്യത്യസ്ത നാഷ്‌നാലിറ്റികളാണ്. ഇവയുടെ ഏകത്വം എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന് ഉത്തരം 'അധിനിവേശ ശക്തികളുടെ ചാട്ടവാറു'കൊണ്ട് എന്നാണ്. വൈവിധ്യതയുള്ള ജനങ്ങളെ അടിമകളാക്കാനായി അധിനിവേശ ചാതുര്‍വര്‍ണ്യശക്തികള്‍ ഉപയോഗിച്ച ചാട്ടയാണ് ജാതിവ്യവസ്ഥ. നൂറ്റാണ്ടുകളുടെ അടിമത്തമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടത്; നിര്‍ബന്ധിതമായ അടിമത്തം. ഇതിനെയാണ് 'യൂനിറ്റി' എന്ന് വിളിക്കുന്നത്. കൃത്രിമമല്ലാത്ത എല്ലാ ദേശീയതകളുടെയും സ്വത്വത്തെ മാനിക്കുന്ന ചരിത്രപരമായ സാംസ്‌കാരിക ഏകത്വമാണ് നമുക്ക് വേണ്ടത്.
യഥാര്‍ഥത്തില്‍ വൈവിധ്യത ഈ ഭൂമിയുടെ പ്രത്യേകതയാണ്. മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല എല്ലാ ജീവജാലങ്ങള്‍ക്കിടയിലും വൈവിധ്യതയുണ്ട്. സചേതനമോ അചേതനമോ ആയ വസ്തുക്കള്‍ക്കിടയില്‍ പലതരം ഇനങ്ങളുണ്ട്. പല ഇനം പട്ടികളെയും പല ഇനം പൂച്ചകളെയും കാണാം. ഇപ്രകാരം, മനുഷ്യര്‍ക്കിടയിലും അനേകം ഇനങ്ങള്‍, ഭാഷാ-വര്‍ണ വൈജാത്യങ്ങള്‍ ഉണ്ട്. പല ജാതി മനുഷ്യരുണ്ട്. അതൊരു യാഥാര്‍ഥ്യമാണ്. ദൈവം സൃഷ്ടിച്ച ഈ വൈവിധ്യതക്കു മേല്‍ വൈരുധ്യം കൊണ്ടുവന്നത് മേധാവിത്വമാഗ്രഹിച്ച ശക്തികളാണ്. വൈവിധ്യതയില്‍ അവര്‍ വൈരുധ്യം ആരോപിച്ചു. വര്‍ണാശ്രമ-ജാതിവ്യവസ്ഥകള്‍ ഉണ്ടാക്കി. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കല്‍പിച്ചു. പരസ്പര വികര്‍ഷണം വൈരുധ്യത്തിലാണുള്ളത്. വൈവിധ്യത പരസ്പര പൂരകമാണ്.
വിവിധ ജനങ്ങളെ അഥവാ ജാതികളെ, വിഭാഗങ്ങളെ കീഴ്‌മേല്‍ അടുക്കി, ഉയര്‍ന്നവനെന്നും താഴ്ന്നവനെന്നും വേര്‍തിരിച്ച് ജാതിവ്യവസ്ഥയുണ്ടാക്കി. അതിനെ 'ധര്‍മ'മെന്ന് പ്രചരിപ്പിച്ചു. ഈ ജാതിവ്യവസ്ഥയെയാണ് നാം എതിര്‍ക്കേണ്ടത്, ജാതികളെയല്ല. ജാതികള്‍ പ്രകൃതിദത്തമാണല്ലോ. ഇന്ന് നമ്മുടെ നാട്ടില്‍ ജാതി വ്യവസ്ഥയുടെ രൂപഭാവങ്ങള്‍ക്ക് വ്യത്യാസം വന്നുവെന്നത് ശരിയാണെങ്കിലും ജാതിവ്യവസ്ഥയുടെ വക്താക്കളുടെ സ്വഭാവത്തിനോ മാനസികാവസ്ഥക്കോ കാതലായ മാറ്റം വന്നിട്ടില്ല. അവരുടെ വര്‍ഗ സ്വഭാവത്തിന് യാതൊരു വ്യത്യാസവും ഉണ്ടായിട്ടില്ല. കാരണം, ഇന്ത്യയില്‍ യഥാര്‍ഥത്തില്‍ ഒരു വിപ്ലവവും നടന്നിട്ടില്ല. ഫ്രഞ്ച്, റഷ്യന്‍, ചൈനീസ് റവല്യൂഷന്‍ പോലെ യാതൊന്നും ഇവിടെ ഉണ്ടായിട്ടില്ല. മര്‍ദിത പീഡിത ജനത ലോകത്തിന്റെ ഏതൊക്കെ ഭാഗങ്ങളില്‍ ഉണ്ടായിട്ടുണ്ടോ, അവിടങ്ങളിലെല്ലാം രക്തരൂക്ഷിത സമരങ്ങള്‍, വിപ്ലവങ്ങള്‍ നടന്നിട്ടുണ്ട്. അതുവഴി മര്‍ദിതന്റെ മോചനം സാധ്യമായിട്ടുണ്ട്. മേധാവിത്വശക്തികളുടെ വര്‍ഗ സ്വഭാവത്തിന് വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്തരമൊരു വിപ്ലവം നടക്കാത്ത ഒരേയൊരു ഇടമേ ഭൂമിയില്‍ അവശേഷിക്കുന്നുള്ളൂ; അത് ഇന്ത്യയാണ്. എന്തുകൊണ്ട് ഉണ്ടായില്ല എന്ന് ചോദിച്ചാല്‍, പ്രധാന കാരണം മുമ്പ് പറഞ്ഞതു പോലെ ഇതൊരു നാഷന്‍ അല്ല എന്നതുതന്നെയാണ്. ബംഗാളിയും ഗുജറാത്തിയും കശ്മീരിയും മറാത്തിയും തമിഴനും ഒരുമിച്ചുനിന്ന് അത്തരമൊരു വിപ്ലവം ഉണ്ടാക്കുകയില്ലല്ലോ. അത് സാധ്യമല്ലെന്നതാണ് സാമൂഹിക യാഥാര്‍ഥ്യം. ഇത്തരം വിഷയങ്ങളിലേക്ക് വളരെ ആഴത്തില്‍ തന്നെ നാം പോകേണ്ടതുണ്ട്. 'ഭാരതമാതാ' സങ്കല്‍പത്തിന്റെ മറുപുറം നാം കാണണം. അത് ചിന്തിക്കാന്‍ കഴിയാത്ത വിധം കപട ദേശീയ സ്വത്വ സങ്കല്‍പമാണ് ഇവിടെ പ്രചരിപ്പിക്കപ്പെടുന്നത്. ഇതെല്ലാം ഇടക്കിടെ വിളിച്ചു പറയുന്ന ഒരേയൊരു ജനതയേ ഇവിടെയുള്ളൂ; അത് തമിഴ് ദ്രാവിഡരാണ്. സേതുസമുദ്ര വിവാദം ഉണ്ടായപ്പോള്‍ അദ്വാനിക്ക് മറുപടി കൊടുക്കാന്‍ കരുണാനിധി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന് അദ്ദേഹം ചിലതൊക്കെ വിളിച്ചുപറഞ്ഞു. ആ വഴിക്ക് നമ്മുടെ അന്വേഷണം കൂടുതല്‍ മുന്നോട്ടുപോകേണ്ടതുണ്ട്.
വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്ന വിവിധ സമുദായ സംഘടനകളെ ഹിന്ദുഐക്യത്തിന്റെ പേരില്‍ ഒരുമിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയും എസ്.എന്‍.ഡി.പി അതിന് വഴങ്ങുകയും ചെയ്തു. ഇതിനെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു? നായര്‍-ഈഴവ സഹവര്‍ത്തിത്വത്തിന്റെ ചരിത്രവും അനുഭവങ്ങളും എന്താണ്?
ഞാന്‍ നേരത്തെ സൂചിപ്പിച്ചു, ഹിന്ദു എന്നൊരു മതമില്ല, ഹിന്ദു എന്ന ഒരു മത സമുദായവുമില്ല. പക്ഷേ, 'ഹിന്ദു' എന്ന ഒരു ഐഡന്റിറ്റി ഉയര്‍ത്തിക്കൊണ്ടു വരുന്നതിന്റെ നേട്ടം സവര്‍ണര്‍ക്കാണ്. എന്‍.എസ്.എസ് നേതാവ് സുകുമാരന്‍ നായര്‍ ഹിന്ദു ഭൂരിപക്ഷത്തിന്റെ കാര്യമാണ് സംസാരിക്കുന്നത്. മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രിയുടെ പ്രശ്‌നം വന്നപ്പോള്‍ അത് ഹിന്ദുക്കള്‍ക്ക് കിട്ടേണ്ടതാണെന്നായിരുന്നു എന്‍.എസ്.എസ് സെക്രട്ടറി പറഞ്ഞത്. 'ഭൂരിപക്ഷ ഹിന്ദു' എന്നാണദ്ദേഹത്തിന്റെ പ്രയോഗം. സുകുമാരന്‍ നായര്‍ പ്രതിനിധീകരിക്കുന്നത് നായന്മാരെയാണ്. 12 ശതമാനത്തില്‍ താഴെയുള്ള സമുദായമാണവര്‍. അവര്‍ക്ക് എത്ര മന്ത്രിമാരുണ്ടെന്ന് പരിശോധിക്കണം. ഇവിടെ 'ഭൂരിപക്ഷ ഹിന്ദു' എന്നുപറയുമ്പോഴെല്ലാം നേട്ടമുണ്ടാക്കുന്നത് എന്‍.എസ്.എസ് ആണ്. എന്‍.എസ്.എസ് നായര്‍-ഈഴവ ഐക്യം പറയുന്നത് സ്വന്തം കാര്യം നേടാനാണ്. അത് എസ്.എന്‍.ഡി.പി യോ വെള്ളാപ്പള്ളിയോ മനസ്സിലാക്കുന്നില്ല.
ചരിത്രപരമായിത്തന്നെ, കേരളത്തില്‍ ഈഴവ നേതാവിനെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് നായന്മാര്‍ സ്വന്തം കാര്യം സാധിക്കാറുള്ളത്. 1949-ല്‍ ദേവസ്വം ബോര്‍ഡ് ഉണ്ടാക്കി. മന്നത്ത് പത്മനാഭനായിരുന്നു അന്ന് എന്‍.എസ്.എസ് നേതാവ്. ബോര്‍ഡുണ്ടാക്കാന്‍ പണം ആവശ്യമായിരുന്നു. സര്‍ക്കാറില്‍ നിന്ന് 51 ലക്ഷം രൂപ പ്രതിവര്‍ഷം ബോര്‍ഡിന് നല്‍കാന്‍ ധാരണയായി. തിരു-കൊച്ചി ഗവണ്‍മെന്റായിരുന്നുവല്ലോ അന്നുണ്ടായിരുന്നത്. ഗവണ്‍മെന്റിന്റെ ഈ നീക്കത്തിനെതിരെ ക്രിസ്ത്യാനികള്‍ രംഗത്തുവന്നു. ഒരു മതവിഭാഗത്തിനു മാത്രമായി പൊതുഖജനാവില്‍നിന്ന് പണം ചെലവഴിക്കാന്‍ പറ്റില്ലെന്ന് അവര്‍ പറഞ്ഞു. ഇതിനെ മറികടക്കാന്‍ മന്നത്തുപത്മനാഭന്‍ ആര്‍. ശങ്കറിനെ കൂട്ടുപിടിച്ചു. ഈഴവ നേതാവായിരുന്ന ആര്‍. ശങ്കറോട് മന്നം പറഞ്ഞു; ഇത് 'നമ്മുടെ' ആവശ്യമാണ്! ദേവസ്വം ബോര്‍ഡുണ്ടാക്കല്‍ നമ്മുടെ താല്‍പര്യമാണ്. ശങ്കറിന് മന്നത്ത് പത്മനാഭന്റെ അജണ്ട മനസ്സിലായില്ല. മന്നം അന്ന് നായര്‍-ഈഴവ ഐക്യത്തെക്കുറിച്ച് പറഞ്ഞു. 'ഹിന്ദു മഹാമണ്ഡലം' ഉണ്ടാക്കി. ഇന്ന് 'വിശാല ഹിന്ദു ഐക്യം' എന്നുപറയുന്ന പോലെയായിരുന്നു അന്ന് 'ഹിന്ദുമഹാമണ്ഡലം.' അന്ന് ജനസംഖ്യയില്‍ കൂടുതലുണ്ടായിരുന്നത് ഈഴവരാണ്. ഈഴവനെ കൂടെ നിര്‍ത്തിയാലേ മന്നത്തിന്റെ കാര്യം നടക്കൂ. അതിനുള്ള തന്ത്രമായിരുന്നു ദേവസ്വം ബോര്‍ഡ് ഹിന്ദുവിന്റെ ആവശ്യമാണെന്ന് വരുത്തിത്തീര്‍ക്കല്‍. അതിലവര്‍ വിജയിച്ചു. ആര്‍. ശങ്കറെ പല സ്ഥലത്തും കൊണ്ടുപോയി പ്രസംഗിപ്പിച്ചു. കോട്ടയത്ത് മന്നം പ്രസംഗിച്ചത്; ക്രിസ്ത്യാനികളെ ആറ് അടി മണ്ണില്‍ കുഴിച്ചുമൂടണം എന്നായിരുന്നു. ഈഴവനെ ഉപയോഗിച്ച് ദേവസ്വം ബോര്‍ഡ് ഉണ്ടാക്കി. പക്ഷേ, ഇന്നും ദേവസ്വം ബോര്‍ഡ് എന്‍.എസ്.എസിന്റെ കൈയിലാണ്.
പിന്നീട്, ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയായി. 1964-ല്‍ ആര്‍. ശങ്കറെ മുഖ്യമന്ത്രി കസേരയില്‍ നിന്ന് താഴെയിറക്കാന്‍ എന്‍.എസ്.എസ് തീരുമാനിച്ചു. അതിനവര്‍ കൂട്ടുപിടിച്ചത്, സാക്ഷാല്‍ ക്രിസ്ത്യാനികളെ. 1949-ല്‍ ആറടി മണ്ണില്‍ മന്നം കുഴിച്ചുമൂടിയ അതേ ക്രിസ്ത്യാനികളെ ആര്‍. ശങ്കറിനെതിരെ ഉപയോഗിക്കാന്‍ അദ്ദേഹത്തിന് ഒട്ടും ലജ്ജയുണ്ടായില്ല. രണ്ടു സമയത്തും മന്നത്ത് പത്മനാഭനായിരുന്നു എന്‍.എസ്.എസിന്റെ സെക്രട്ടറി. ഈ ചരിത്രം പക്ഷേ വെള്ളാപ്പള്ളിക്ക് അറിയില്ലല്ലോ.
പിന്നീട്, നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നു. പിന്നാക്ക ജനതക്ക് നഷ്ടപ്പെട്ട ഉദ്യോഗ തസ്തികകള്‍ പുറത്തുവന്നു. ഇതിനെ അട്ടിമറിക്കാന്‍ എന്‍.എസ്.എസ് സെക്രട്ടറിയായിരുന്ന നാരായണ പണിക്കര്‍, വെള്ളാപ്പള്ളിയുടെ വീട്ടില്‍ പോയി; മന്നം, ശങ്കറിന്റെ അടുത്ത് പോയപോലെ. എന്‍.എസ്.എസ്-എസ്.എന്‍.ഡി.പി ഐക്യമുണ്ടാക്കി. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അട്ടിമറിക്കപ്പെട്ടു. നേട്ടം എന്‍.എസ്.എസിനായിരുന്നു. പിന്നീട് ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം വന്നു. അപ്പോള്‍ വീണ്ടും എന്‍.എസ്.എസ്-എസ്.എന്‍.ഡി.പി ഐക്യം പറയാന്‍ തുടങ്ങി. നേട്ടമാര്‍ക്കാ? എന്‍.എസ്.എസിനു തന്നെ. ആഭ്യന്ത്രര വകുപ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആരോഗ്യം വി.എസ് ശിവകുമാറും കൊണ്ടുപോയി. മുസ്‌ലിംകള്‍ക്ക് എന്താണ് കിട്ടിയത്, ഒന്നുമില്ല. കുഞ്ഞാലിക്കുട്ടിയുടെ വകുപ്പിലെ ചിലത് മഞ്ഞളാംകുഴി അലിക്ക് കൊടുത്തു. അതിനു പുറമെ അഞ്ചാം മന്ത്രിയെക്കൊണ്ട് മുസ്‌ലിം സമുദായത്തിന് പ്രത്യേകിച്ചൊന്നും നേടാനായില്ല. പക്ഷേ, അതിന്റെ പേരില്‍ വര്‍ഗീയതയും ഹിന്ദു ഐക്യവുമൊക്കെ ഉയര്‍ത്തിപ്പിടിച്ച് എന്‍.എസ്.എസ് കാര്യം നേടുകയും ചെയ്തു. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അട്ടിമറിക്കപ്പെട്ടതോടെ, വെള്ളപ്പാള്ളിയും എന്‍.എസ്.എസും തെറ്റിപ്പിരിഞ്ഞപോലെ വൈകാതെ ഇരുവരും തമ്മില്‍ അകലും. എസ്.എന്‍.ഡി.പിയെ അവര്‍ ചവിട്ടിപ്പുറത്താക്കും. എന്നും ഈഴവ ജനതയെ അടിച്ചമര്‍ത്തിയത് അവരായിരുന്നു. പക്ഷേ, സമുദായ നേതൃത്വം ചരിത്രത്തില്‍നിന്ന് പാഠം പഠിക്കുന്നില്ല. അതുകൊണ്ടാണവര്‍ ഹിന്ദു ഐക്യ കെണിയില്‍ വീണുപോകുന്നത്.
മുസ്‌ലിംകളും ശരിക്ക് ചരിത്രം പഠിക്കുന്നില്ല. ഉദാഹരണമായി, നമ്മുടെ സംസ്ഥാനത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്താണ്. നായര്‍ ആധിപത്യം ഉണ്ടായിരുന്ന, ഇപ്പോഴും നിലനില്‍ക്കുന്ന സ്ഥലമാണത്. തിരുവിതാംകൂറിലെ ചരിത്രവും വര്‍ത്തമാനവും ഭരണസിരാകേന്ദ്രത്തിന്റെ അവസ്ഥകളും യഥാവിധി മനസ്സിലാക്കാതെയാണ് മലബാറില്‍നിന്ന് വരുന്ന മുസ്‌ലിം ലീഗ് മന്ത്രിമാര്‍ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത്. ഉദ്യോഗസ്ഥ മേധാവികള്‍ പറയുന്നത് അവര്‍ അപ്പടി നടപ്പിലാക്കും. അല്ലെങ്കില്‍ തങ്ങള്‍ ദേശീയവാദികളല്ലാതായിത്തീരുമോ എന്നാണ് ലീഗ് നേതാക്കളുടെ ഭയം. അതുകൊണ്ട്, ലീഗ് നേതാക്കള്‍ വിശേഷിച്ചും തിരുവിതാംകൂറിന്റെ ചരിത്രം പഠിക്കണം.
'തിരുവനന്തപുരം' കേരള തലസ്ഥാനമാക്കിയത് അവരുടെ താല്‍പര്യപ്രകാരം, ബോധപൂര്‍വമാകുമല്ലോ. എറണാകുളവും തൃശൂരുമൊക്കെയല്ലേ നമ്മുടെ തലസ്ഥാനമാകേണ്ടിയിരുന്നത്്?
അതെ, സംശയമില്ല. സവര്‍ണ താല്‍പര്യമാണ് തിരുവനന്തപുരത്തെ കേരളത്തിന്റെ തലസ്ഥാനമാക്കിയത്. ഇന്ത്യയില്‍ തന്നെ ജാതിവ്യവസ്ഥ ഏറ്റവും ശക്തമായി നിലനിന്ന പ്രദേശമാണ് തിരുവിതാംകൂര്‍. ഉത്തരേന്ത്യയില്‍, താഴ്ന്ന ജാതിക്കാരന് വഴി നടക്കാമായിരുന്നു, പുറകില്‍ ഒരു ചൂല് കെട്ടണമെന്നായിരുന്നു നിയമം. തിരുവിതാംകൂറിലോ? താഴ്ന്ന ജാതിക്കാരന് വഴി നടക്കാനേ പാടില്ല; ചൂല് കെട്ടിയാലും ഇല്ലെങ്കിലും, ജാതി വ്യവസ്ഥയുടെ എല്ലാ ഭീകരതകളും തിരുവിതാംകൂറില്‍ അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടാണല്ലോ, സ്വാമി വിവേകാനന്ദന്‍ ഇതിനെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത്. ഇന്നും അതിന് മാറ്റമൊന്നും ഉണ്ടായിട്ടില്ല. സവര്‍ണരാണ്, നായര്‍ സമുദായമാണ് ഇന്നും 'ഭരിക്കുന്ന ജാതി.' അധികാരത്തില്‍ മുസ്‌ലിം ലീഗാണെങ്കിലും മറ്റാരാണെങ്കിലും ഭരിക്കുന്നത് അവരാണ്. ഉദ്യോഗസ്ഥ മേധാവികള്‍ മിക്കവരും അവരില്‍ പെട്ടവരാണ്. ചീഫ് സെക്രട്ടറി പദവി നോക്കുക; ഈഴവരെയോ മുസ്‌ലിംകളെയോ അതില്‍ നിശ്ചയിക്കില്ല. യോഗ്യതയുള്ളവരുണ്ടെങ്കിലും എങ്ങനെയെങ്കിലും തഴയും. ഒന്നുകില്‍, നായര്‍ അല്ലെങ്കില്‍ സിറിയന്‍ ക്രിസ്ത്യാനി! കീ പൊസിഷനില്‍ എപ്പോഴും അവരായിരിക്കും. സെക്രട്ടറിയേറ്റ് നിയന്ത്രിക്കുന്നതും അവര്‍ തന്നെ. വിദ്യാഭ്യാസ വകുപ്പു മന്ത്രി അബ്ദുര്‍റബ്ബാണ്, പക്ഷേ അതിലെ ഉദ്യോഗസ്ഥ പ്രമുഖരോ? മന്ത്രിമാര്‍ അവരെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ ഉദ്യോഗസ്ഥ മേധാവികള്‍ പ്രശ്‌നമുണ്ടാക്കും. മുസ്‌ലിം ലീഗിന്റെ മന്ത്രിമാര്‍ക്ക് നല്ല ഒരു ക്ലാസ് കൊടുക്കണമെന്ന് ചിലപ്പോള്‍ എനിക്ക് തോന്നാറുണ്ട്. തിരുവിതാംകൂറിന്റെ ജാതി രാഷ്ട്രീയം, അവര്‍ ശരിക്കും പഠിക്കേണ്ടതുണ്ട്.
ഇന്ത്യയിലെ മുസ്‌ലിം ഭരണത്തെക്കുറിച്ച്, വിശേഷിച്ചും ടിപ്പു സുല്‍ത്താനെയും ഔറംഗസീബിനെയും കുറിച്ച് അപകടകരമായ ദുഷ്പ്രചാരണങ്ങളാണ് തല്‍പര കക്ഷികള്‍ നടത്തുന്നത്. എന്തുകൊണ്ടാണ് ടിപ്പുസുല്‍ത്താന്‍ ഇപ്പോഴും ഇവ്വിധം ആക്രമിക്കപ്പെടുന്നത്?
ടിപ്പുസുല്‍ത്താന്‍ വലിയ സാമൂഹിക വിപ്ലവം സാധിച്ച ഭരണാധികാരിയായിരുന്നു. ചാതുര്‍വര്‍ണ്യ വ്യവസ്ഥക്കെതിരെ വലിയ മുന്നേറ്റമാണ് അദ്ദേഹം നടത്തിയത്. 1790 കളില്‍ മലബാറില്‍ സാമൂഹിക പരിവര്‍ത്തനത്തിന്റെ ഉദാത്ത മാതൃക ടിപ്പു കാഴ്ചവെച്ചു. നമ്പ്യാര്‍, നായര്‍, മേനോന്‍, നമ്പൂതിരി, അയ്യര്‍, അയ്യങ്കാര്‍ തുടങ്ങിയ സവര്‍ണ വിഭാഗങ്ങളുടെ ജാതി മേധാവിത്തം തകര്‍ക്കുന്നതായിരുന്നു ടിപ്പുവിന്റെ പരിഷ്‌കാരങ്ങള്‍. ഒന്ന്, ഭൂപരിഷ്‌കരണം. അഞ്ചോ, ആറോ ശതമാനം വരുന്ന സവര്‍ണരായിരുന്നു അന്നത്തെ ഭൂവുടമകള്‍. ഇന്നത്തെ 'മുഖ്യധാരാ' സവര്‍ണ ചരിത്രകാരന്മാരുടെ പൂര്‍വികരായിരുന്നു അവര്‍. ആ മേലാളരോട് ഭൂമിയുടെ കണക്ക് കാണിക്കാന്‍ ടിപ്പു കല്‍പ്പന പുറപ്പെടുവിച്ചു. പേടിച്ചു വിറച്ച അവര്‍ ടിപ്പുവിന്റെ മുമ്പില്‍ ഭൂമിയുടെ കണക്ക് നിരത്തി. 'നിങ്ങള്‍ക്ക് ജീവിക്കാന്‍ ഇത്രയും മതി എന്നുപറഞ്ഞ ടിപ്പു നിശ്ചിത ഭൂമി അവര്‍ക്കു തന്നെ നല്‍കി. അവര്‍ കാലങ്ങളായി കൈയടക്കി വെച്ചിട്ടുള്ള ശേഷിക്കുന്ന ഭൂമിയെല്ലാം കര്‍ഷകരായ സാധാരണക്കാര്‍ക്കും 'അധഃകൃത ജനതക്കും' വിട്ടുകൊടുത്തു. ഇന്ത്യയില്‍ തന്നെ ആദ്യമായി ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്നത്, ഭൂമിയില്ലാത്തവന്ന് ഭൂമി കൊടുത്തത് ടിപ്പുസുല്‍ത്താനാണ്. സവര്‍ണ ചരിത്രകാരന്മാരുടെ പൂര്‍വികരെയാണിത് ബാധിച്ചത്. അവര്‍ പിന്നെ ടിപ്പു മഹാനാണെന്ന് പറയുമോ?
രണ്ടാമത്, 'സംബന്ധം' ഏര്‍പ്പാട് ടിപ്പു നിയമം മൂലം നിരോധിച്ചു. നമ്പൂതിരി-നായര്‍ ലൈംഗിക ബന്ധത്തിന്റെ വഴിയായിരുന്നു 'സംബന്ധം.' നായര്‍ സ്ത്രീകളെ തേടി രാത്രി നമ്പൂതിരിക്ക് നായര്‍ വീടുകളില്‍ വരാം. അത് അവരുടെ അഭിമാനത്തിന്റെ ഭാഗമായിരുന്നു. ഇത് നിര്‍ത്തലാക്കിയ സാമൂഹിക വിപ്ലവം ടിപ്പുവല്ലാതെ മറ്റാരാണ് ഇവിടെ സാധിച്ചത്. ആ ടിപ്പുവിനെ ഈ രണ്ടു വിഭാഗത്തിലും പെട്ടവര്‍ പിന്നെ എന്താണ് വിളിക്കേണ്ടത്. അവര്‍ക്ക് ടിപ്പു 'രാജ്യദ്രോഹി'യാണ്; നമുക്ക് വിപ്ലവകാരിയും.
മൂന്നാമതായി, കുരുമുളക് വ്യാപാരത്തിന്റെ ഇടനിലക്കാരെ ടിപ്പു മാറ്റി. അന്നത്തെ 'അധഃകൃതരാ'ണ് കുരുമുളക് കൃഷി ചെയ്തിരുന്നത്. ഇടനിലക്കാരായിരുന്നത് മേല്‍ജാതിക്കാരും. ചെറിയ വിലക്ക് കൃഷിക്കാരില്‍നിന്ന് വാങ്ങി, വലിയ വിലക്ക് ഇടനിലക്കാര്‍ മറിച്ചുവില്‍ക്കും. ടിപ്പു പറഞ്ഞു: ഇത് ഇസ്‌ലാമിക വിരുദ്ധമാണ്. ആരാണോ കൃഷി ചെയ്യുന്നത്, അവര്‍ തന്നെ വിറ്റ്, ലാഭം അവര്‍ തന്നെ എടുക്കട്ടെ. ഇടനിലക്കാരെ അവസാനിപ്പിച്ചുകൊണ്ട് ടിപ്പു ഉത്തരവിറക്കി.
നാലാമതായി, താഴ്ന്ന ജാതിക്കാരെ കണ്ടാല്‍ മേല്‍ ജാതിക്കാരന്‍ 'നമസ്‌തേ'പറയണം; അഥവാ അവരെ ആദരിക്കണം എന്നും ടിപ്പു പറഞ്ഞു. 'എത്രയോ ദൂരം വഴിതെറ്റി നില്‍ക്കേണ്ടോരേഴ ചെറുമന്‍' എന്ന് ആശാന്‍ പറഞ്ഞ ആ താഴ്ന്ന ജാതിക്കാരനെ അഭിവാദനം ചെയ്യണം മേല്‍ജാതിക്കാരന്‍. ഇത് കൊണ്ടുവരുന്ന മാറ്റത്തെക്കുറിച്ച് ചിന്തിച്ചുനോക്കൂ. ഇതിന് വേറെ ഏതു ഭരണാധികാരിയാണ് ഇന്ത്യയില്‍ തയാറായത്? സവര്‍ണന്റെ തലവെട്ടുന്നതിനെക്കാള്‍ അസഹ്യമായിരുന്നു ഈ നിയമം.
വിപ്ലവത്തിന്റെ രണ്ട് ആത്യന്തിക ലക്ഷ്യങ്ങള്‍ സാമ്പത്തിക നീതിയും സാമൂഹിക സമത്വവുമാണ്. ഈ രണ്ട് ലക്ഷ്യങ്ങളും പൂര്‍ത്തീകരിക്കാനുള്ള വഴിതുറന്നുകൊണ്ട്, കേരളത്തില്‍ സാമ്പത്തിക-സാമൂഹിക വിപ്ലവം സൃഷ്ടിച്ചത്, അടിസ്ഥാന പരിവര്‍ത്തനത്തിന് നാന്ദി കുറിച്ചത് ടിപ്പുസുല്‍ത്താനാണ്. ഫ്രഞ്ച് വിപ്ലവത്തില്‍നിന്ന് ടിപ്പു പാഠങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. അത് പഠിക്കാനായി ടിപ്പു ഫ്രാന്‍സില്‍ പോവുകയും ചെയ്തു. നേരിട്ട് ഫ്രാന്‍സ് സന്ദര്‍ശിച്ച്, റൂസോ, വോള്‍ട്ടയര്‍ തുടങ്ങിയവരെക്കുറിച്ചൊക്കെ ടിപ്പു മനസ്സിലാക്കിയിട്ടുണ്ട്. അങ്ങിനെയാണ് അദ്ദേഹം ഇവിടെയും മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. അതിന്റെ അടി കിട്ടിയതാകട്ടെ, ഇവിടുത്തെ സവര്‍ണര്‍ക്കും. ആ സവര്‍ണരുടെ പിന്മുറക്കാരായ ചരിത്രകാരന്മാര്‍, അതുകൊണ്ടുതന്നെ ടിപ്പുവിനെ ക്രൂശിച്ചുകൊണ്ടേയിരിക്കും.
ഇസ്‌ലാമോഫോബിയയുടെ പ്രചാരണവും മുസ്‌ലിം വേട്ടയും ഇന്ന് പൂര്‍വോപരി വര്‍ധിച്ചിട്ടുണ്ട്. സയണിസത്തോടും സാമ്രാജ്യത്വത്തോടും കൂട്ടുചേര്‍ന്നുകൊണ്ടാണ് ഇന്ത്യയില്‍ വര്‍ഗീയ ഫാഷിസ്റ്റുകള്‍ 'ഇസ്‌ലാമോഫോബിയ'യുടെ പ്രചാരകരാകുന്നത്, എന്താണ് ഇതിന്റെ രാഷ്ട്രീയം?
ഇന്ത്യയിലെ ഇസ്‌ലാമോഫോബിയ പ്രചാരണത്തിന് ചരിത്രപരമായ ചില വേരുകള്‍ ഉണ്ട്. സൈന്ധവ സംസ്‌കാരത്തെ തകര്‍ത്തുകൊണ്ട് കടന്നുവന്ന ആര്യന്‍ അധിനിവേശ ശക്തികളില്‍ നിന്ന് തദ്ദേശീയരെ രക്ഷിക്കുകയാണ് ബുദ്ധമതം ചെയ്തത്. ഇസ്‌ലാം അറബ് ലോകത്ത് എന്തുചെയ്തുവോ, ഇന്ത്യയില്‍ അതാണ് ബുദ്ധമതം ചെയ്തത്. ബുദ്ധമതത്തെ തകര്‍ത്തെറിഞ്ഞുകൊണ്ടാണ് സവര്‍ണ ശക്തികള്‍ ആധിപത്യം സ്ഥാപിച്ചത്. അവര്‍, 'ഹിന്ദുമതം' സൃഷ്ടിച്ച് പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചു. 'ഹിന്ദു' എന്നത് യഥാര്‍ഥത്തില്‍ മതം അല്ല. ചൈനയില്‍ താമസിക്കുന്നവരെ 'ചൈനക്കാര്‍' എന്നും ഇറ്റലിയില്‍ താമസിക്കുന്നവരെ 'ഇറ്റലിക്കാര്‍' എന്നും വിളിക്കുന്നപോലെ സിന്ധുനദിക്കിപ്പുറം താമസിക്കുന്നവരെ, 'സിന്ധുക്കള്‍' എന്നാണ് അറബികള്‍ വിളിച്ചിരുന്നത്. ഒരു ജനത താമസിക്കുന്ന ഭൂപ്രദേശവുമായി ബന്ധപ്പെട്ടാണ് ആ പദം രൂപപ്പെട്ടുവന്നത്. 'സ' എന്ന അക്ഷരം 'ഹ' ആയി മാറുകയായിരുന്നു. ആര്യന്‍ അധിനിവേശ ശക്തികള്‍ സൈന്ധവ സംസ്‌കാരം തകര്‍ത്തു. ഗംഗാസമതലങ്ങളിലേക്ക് പോയി. ആ ഘട്ടത്തില്‍ അവര്‍, തെക്കോട്ട്, വിന്ധ്യാ-സത്പുരക്കിപ്പുറത്തേക്ക് കടന്നുവരികയുണ്ടായില്ല. നോര്‍ത്ത് ഇന്ത്യ ആര്യവല്‍ക്കരണത്തിന് വിധേയമാകുമ്പോള്‍ സൗത്ത് ഇന്ത്യയില്‍ അത് സ്വാധീനം ചെലുത്തുകയുണ്ടായില്ല. ആര്യാധിനിവേശത്തെ ബുദ്ധ-ജൈന മതങ്ങള്‍ പ്രതിരോധിച്ചുനിന്നു. ശ്രീബുദ്ധന്‍ ചോദ്യം ചെയ്തത് ആര്യന്‍ വ്യവസ്ഥയെയായിരുന്നു. എന്നാല്‍, ആര്യന്മാര്‍ ബുദ്ധമതത്തെയും മറ്റും തകര്‍ത്തെറിഞ്ഞ് മേധാവിത്തം സ്ഥാപിച്ചെടുത്തു. ഇവിടുത്തെ യഥാര്‍ഥ ജനവിഭാഗങ്ങളെ അടിമകളാക്കി. സവര്‍ണതയുടെ ആധിപത്യം സാധിച്ചെടുത്തു. ഈ 'അടിമത്തം' ശക്തമായി നിന്ന സമൂഹത്തിലേക്കാണ് സമത്വത്തിന്റെ വിമോചന സന്ദേശവുമായി ഇസ്‌ലാം കടന്നുവന്നത്. ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ അടിമകളായിരുന്ന ഇന്ത്യയിലെ അടിസ്ഥാന ജനങ്ങളെ ഇസ്‌ലാം മോചിപ്പിച്ചു. അതുകൊണ്ട്, ഇവര്‍ ഇസ്‌ലാമിനെ ഭയപ്പെടുന്നു; ബുദ്ധനെ ഭയപ്പെട്ടിരുന്നപോലെ. ഇസ്‌ലാം അധിനിവേശമോ മേധാവിത്വമോ അംഗീകരിക്കുന്നില്ല. ആരെയും അടിമത്തത്തിലാക്കി ചൂഷണം ചെയ്യാന്‍ വിട്ടുകൊടുക്കുന്നില്ല. ഇസ്‌ലാം സമത്വത്തിന് വേണ്ടി നിലകൊള്ളുന്നു. ഇന്ത്യയിലെ ഇസ്‌ലാമോഫോബിയയുടെ അടിസ്ഥാനപരമായ കാരണം ഇതാണ്. സവര്‍ണര്‍ അടിമകളാക്കിയവരെയെല്ലാം ഇസ്‌ലാം മോചിപ്പിച്ചെടുത്തു. അവര്‍ ഏതിനെയെല്ലാം നശിപ്പിച്ചുവോ അതെല്ലാം ഉയിര്‍ത്തെഴുന്നേറ്റുവന്നു.
[email protected]
Comments