Prabodhanm Weekly

Pages

Search

2013 ഏപ്രില്‍ 19

കാമ്പസില്‍ കാലുപൊള്ളി ജീവിക്കുന്നവര്‍

ടി. ശാക്കിര്‍ വേളം ലേഖനം

....ര്‍വകലാശാലയുടെ ഉള്ളിലെ വലിയ വഴികളിലൂടെ അങ്ങനെയൊരു പശു നടന്നു പോയത് കണ്ടവരാരുമില്ല. പക്ഷേ അതു ചത്ത നിലയില്‍ കാമ്പസിന്റെ ഉള്ളിലെവിടെയോ വെറുതെ കിടന്നപ്പോള്‍ പെട്ടെന്ന് എല്ലാവരുമതിനെ കണ്ടു. എല്ലാവര്‍ക്കും കാണാന്‍ പാകത്തില്‍ അത് വളര്‍ന്ന് പൊന്തുകയായിരുന്നു. ചത്ത ഒരു പശു. അതിന്റെ നിഴല്‍ അതിവേഗമാണ്, അതേ, ചിലന്തിയുടെ നിഴല്‍ പോലെ വളര്‍ന്നു പന്തലിച്ചത്.
ആരാണ് ആ പശുവിനെ കൊന്നത്? അപ്രതീക്ഷിതവും ആപത്കരവുമായ ഒരു ചോദ്യം അലിഗഢിന്റെ അടക്കങ്ങളിലേക്ക് ഇറങ്ങി വന്നു.
ആ ചോദ്യം കേള്‍ക്കവേ, ഞാനല്ല ആ പശുവിനെ കൊന്നത് എന്ന നട്ടെല്ലുരുക്കത്തോടെ ഓരോ മുസ്‌ലിം വിദ്യാര്‍ഥിയും അവനവനിലേക്ക് ചുരുണ്ടുകൂടി. ഒരുത്തരവും പരിണമിച്ചു വരാതെ അപരിചിതവും ക്രൂരവുമായ ചോദ്യഭാവം കാത്തുനില്‍ക്കുന്നതിനിടയില്‍ ആരോ ആ പശുവിന്റെ ജഡം കുഴിവെട്ടി മൂടുകയും ചെയ്തു. മണ്ണു വീണതോടെയാണ് ആ ജഡത്തിന്റെ അര്‍ഥം പൂര്‍ണമായത്. അതിവേഗം അവരൊരുത്തരം സൃഷ്ടിച്ചു. പശുവിനെ അലിഗഢ് കാമ്പസിലെ ജന്തുശാസ്ത്ര വിദ്യാര്‍ഥികളായ മുസ്‌ലിംകള്‍ കൊന്നതാണ്. അവര്‍ അവര്‍ക്കായി ഉറപ്പിച്ചു. പശുവിന്റെ കൊലപാതകത്തിന്റെ കൂട്ടാളിയായ ഒരൊറ്റ മുസ്‌ലിമിനെയും വെറുതെ വിടില്ലയെന്നും അവര്‍ നിസ്സാരമായി പ്രഖ്യാപിച്ചു. പ്രഖ്യാപിത ഇരയെന്ന നിലയില്‍ ഓരോ മുസ്‌ലിം വിദ്യാര്‍ഥിയും സ്വയം തിരിച്ചറിഞ്ഞതെത്ര വേഗമാണെന്നോ? അവര്‍ സ്വന്തം മുറികളില്‍ ചടഞ്ഞുകൂടി. ആരും ഒന്നും പങ്കുവെച്ചില്ല. മൗനം കാമ്പസിന്റെ വികാരമായി മാറി...
പോസ്റ്റുമോര്‍ട്ടത്തിന്റെ തലേന്നു രാത്രി രണ്ടു വലിയ വാനുകള്‍ കാമ്പസിന്റെ കവാടം കടന്നു വന്നു. നിഴലുകള്‍ മരച്ചില്ലകളിലൂടെ ഊര്‍ന്നിറങ്ങുകയും ശബ്ദങ്ങള്‍ ഹുങ്കാരപ്പെടുകയും ചെയ്തപ്പോള്‍ ഞങ്ങള്‍ ശത്രുക്കളെയാണ് സങ്കല്‍പിച്ചത്. പക്ഷേ അത് കലക്ടറും പോലീസുകാരുമായിരുന്നു. പോലീസുകാരെ ഞങ്ങള്‍ ഭയന്നു. പക്ഷേ കലക്ടര്‍ പറഞ്ഞു: ''ഭയക്കേണ്ട, ഇന്നു രാത്രി നിങ്ങളെ ഇവിടെ നിന്ന് കടത്തേണ്ട ചുമതലയാണ് ഞാനിവരെ ഏല്‍പിച്ചിരിക്കുന്നത്. കാരണം നാളെ പോസ്റ്റുമോര്‍ട്ടത്തില്‍ പശു മരിച്ചത്, ഒരുവേള സ്വാഭാവിക കാരണങ്ങളാലല്ലെന്നെങ്ങാനും തെളിഞ്ഞാല്‍...''
അപ്പോള്‍ മാത്രമാണ് ഞങ്ങള്‍ അങ്ങനെയൊരു വാള്‍ ഞങ്ങളുടെമേല്‍ തൂങ്ങി നില്‍ക്കുന്നത് ഓര്‍ത്തെടുത്തത്. ശരിയാണ്, പോസ്റ്റുമോര്‍ട്ടത്തില്‍ തെളിയുന്നത്, പശുവിനെ ആരെങ്കിലും കഴുത്തറുത്ത് അല്ലെങ്കില്‍ തലക്കടിച്ച് കൊന്നതാണെന്നുമാകാമല്ലോ. അങ്ങനെ വന്നാല്‍? പിന്നെ കാമ്പസ് ഒരു രക്ഷാകവചമായിരിക്കുകയില്ല. വേട്ടക്കിണങ്ങിയ കാടായിരിക്കും അപ്പോഴത്. അവിടെ കാലു വെന്ത മുയലുകളുടെ ഓട്ടമാകുമോ ഞങ്ങളുടെ എളിയ ജീവിതങ്ങള്‍?
(അലീഗഢില്‍ ഒരു പശു/ അന്‍വര്‍ അബ്ദുല്ല)

ഹൈദരാബാദ് ഇംഗ്ലീഷ് & ഫോറിന്‍ ലാംഗ്വേജ് യൂനിവേഴ്‌സിറ്റി(ഇഫ്‌ലു)യിലെ മുദ്ദസിര്‍ കമ്രാന്‍ എന്ന വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തത് ഒരു മാസം മുമ്പാണ്. കശ്മീരീ സ്വദേശിയായ അവന്‍ യൂനിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ഥിയായിരുന്നു. മുദ്ദസിറിന്റെ ആത്മഹത്യയെ തുടര്‍ന്ന് കാമ്പസില്‍ പൊട്ടിപുറപ്പെട്ട വിദ്യാര്‍ഥി പ്രക്ഷോഭം ഇപ്പോഴും തുടരുകയാണ്.
ദലിത്- ആദിവാസി മൈനോരിറ്റി സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, എസ്.ഐ.ഒ, തെലുങ്കാന സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, എം.എസ്.എഫ് തുടങ്ങി കാമ്പസിനകത്തെ വ്യത്യസ്ത വിദ്യാര്‍ഥി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന സമരത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സംഘടനകളും ആക്ടിവിസ്റ്റുകളും കാമ്പസിലെത്തിയും അല്ലാതെയും ഇതിനകം പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ആന്ധ്രപ്രദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ സാമൂഹിക സംഘടനയായ മൂവ്‌മെന്റ് ഫോര്‍ പീസ് ആന്റ് ജസ്റ്റിസ് (എം.പി.ജെ), എ.പി.സി.ആര്‍, കേരളത്തില്‍ നിന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് തുടങ്ങിയ സംഘടനകള്‍ കാമ്പസിലെത്തി വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയുണ്ടായി. കാമ്പസിലെ അധ്യാപകരില്‍ ഒരു വിഭാഗവും ഇതിനകം സമരത്തിന് പിന്തുണയുമായി രംഗത്തുണ്ട്.
മുദ്ദസിറിന്റെ മരണത്തിനുത്തരവാദികളായവരെ ശിക്ഷിക്കുക, കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുക, കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക, സര്‍വോപരി ദലിത്- മുസ്‌ലിം - പിന്നാക്ക- ആദിവാസി വിദ്യാര്‍ഥികള്‍ക്കു നേരെ ഇത്തരം സ്ഥാപനങ്ങളില്‍ നടക്കുന്ന വിവേചനം അവസാനിപ്പിക്കുക തുടങ്ങി ഒട്ടേറെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിദ്യാര്‍ഥി പ്രക്ഷോഭം. ആവശ്യങ്ങളുടെ വിശദാംശങ്ങള്‍ ഒഴിവാക്കിയാല്‍, തങ്ങള്‍ കാമ്പസില്‍ വിവേചനങ്ങള്‍ക്കിരയാവുന്നുവെന്നും നീതി ലഭിക്കണം എന്നുമാണവര്‍ പറയുന്നതിന്റെ ആകെ സാരം. മുദ്രാവാക്യങ്ങളില്‍, ചുമരെഴുത്തുകളില്‍, സമരത്തിന്റെ ഭാഗമായി അവര്‍ കോറിയിട്ട ചിത്രങ്ങളില്‍, കാര്‍ട്ടൂണുകളില്‍, പാട്ടുകളിലെല്ലാം ഈ വികാരമാണ് മുഴങ്ങി നില്‍ക്കുന്നത്.
മുദ്ദസിറും തന്റെ സഹപാഠിയും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നുവത്രെ. സഹപാഠി നല്‍കിയ പരാതിയെ തുടര്‍ന്ന് യൂനിവേഴ്‌സിറ്റി പ്രോക്ടര്‍ മുദ്ദസിറിനെ തൊട്ടടുത്ത ഉസ്മാനിയ പോലീസ് സ്റ്റേഷനിലേക്ക് പറഞ്ഞുവിട്ടു. തിരിച്ചു വന്ന മുദ്ദസിര്‍ ഏറെ അസ്വസ്ഥനായിരുന്നുവത്രെ. അധികം താമസിയാതെ അവന്‍ സ്വന്തം മുറിയില്‍ മരണത്തിന് വഴിപ്പെടുകയും ചെയ്തു.
വിദ്യാര്‍ഥികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരുന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഒട്ടേറെ സംവിധാനങ്ങള്‍ ഉണ്ടായിരിക്കെ, നേരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതാണ് മുദ്ദസിറിന്റെ ആത്മഹത്യക്ക് നിമിത്തമായത് എന്നാണ് വിദ്യാര്‍ഥിപക്ഷം. കാരണം മുസ്‌ലിമും ഒപ്പം കശ്മീരിയുമായ ഒരു വിദ്യാര്‍ഥിക്ക് ഹൈദരാബാദ് നഗരത്തിനകത്തെ ഒരു പോലീസ് സ്റ്റേഷനില്‍ നിന്ന് എന്തനുഭവം ഉണ്ടാകും എന്നാലോചിക്കാതെയുള്ള പ്രോക്ടറുടെ നടപടി തങ്ങളുടെ സുരക്ഷിതത്തെക്കുറിച്ച ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതാണെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ മുന്‍നിര്‍ത്തി ഭരണകൂടത്തിന്റെ അധാര്‍മിക നടപടിക്കെതിരെ ഏറ്റവും ശക്തമായ പ്രതികരണമുയര്‍ന്നു വന്ന കാമ്പസാണ് ഇഫ്‌ലു എന്നതും ഇതോടൊപ്പം ചേര്‍ത്തു വായിക്കണം. ഒപ്പം ഹൈദരാബാദ് ദില്‍സുഖ് നഗറിലുണ്ടായ ബോംബ്‌സ്‌ഫോടനവും തുടര്‍ന്നുല്‍പാദിക്കപ്പെട്ട മുസ്‌ലിം തീവ്രവാദ വിരുദ്ധ അന്തരീക്ഷവും പോലീസിന്റെ മനോഭാവത്തെ എങ്ങനെയാണ് രൂപപ്പെടുത്തിയത് എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ഇഫ്‌ലുവില്‍ തന്നെ ജര്‍മന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ മുനവത്ത് ശ്രീരാമുലു എന്ന ആദിവാസി വിദ്യാര്‍ഥി ഇന്നിപ്പോള്‍ ആത്മഹത്യയുടെ മുനമ്പിലാണ്. ഡിപ്പാര്‍ട്ട്‌മെന്റിലെ സീനിയര്‍ പ്രഫ. മീനാക്ഷി റെഡ്ഡി തന്നോട് ഏറെ കാലമായി അവഹേളനപരവും തികച്ചും അനീതിപരവുമായ സമീപനമാണ് സ്വീകരിക്കുന്നത് എന്നാണ് മാനസിക രോഗിയായി ഇപ്പോള്‍ ആശുപത്രിക്കിടക്കയില്‍ കഴിയുന്ന ശ്രീരാമുലു മാധ്യമ പ്രവര്‍ത്തകരോടും സഹപാഠികളോടും പറയുന്നത്. ഈ കോലാഹലങ്ങള്‍ക്കിടയിലാണ് പൂയാലു രാജു എന്ന ദലിത് വിദ്യാര്‍ഥി ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയില്‍ ആത്മഹത്യ ചെയ്യുന്നത്. ഇഫ്‌ലുവില്‍ തന്നെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നാലാമത്തെ ആത്മഹത്യയാണിത്. രാജ്യത്തെ വിവിധ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റികള്‍, ടെക്‌നിക്കല്‍ യൂനിവേഴ്‌സിറ്റികള്‍, മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ആത്മഹത്യ ചെയ്തതോ പഠനം ഉപേക്ഷിക്കേണ്ടി വരികയോ ചെയ്ത ദലിത്- മുസ്‌ലിം- ആദിവാസി പിന്നാക്ക വിദ്യാര്‍ഥികളുടെ പട്ടിക വളരെ നീണ്ടതാണ്.
രാജ്യത്തെ ഇത്തരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഏറെ വര്‍ഷത്തെ തഴക്കമുണ്ടെങ്കിലും ഇവിടത്തെ ദലിത് മുസ്‌ലിം ആദിവാസി പിന്നാക്ക വിദ്യാര്‍ഥി സാന്നിധ്യത്തിന് കുറഞ്ഞ കാലത്തെ പഴക്കമേ ഉള്ളൂ. നമ്മുടെ മറ്റെല്ലാ ഭരണകൂട സ്ഥാപനങ്ങളും സംവിധാനങ്ങളും പോലെത്തന്നെ സാമൂഹിക 'മ്ലേഛന്മാര്‍' കേറി മലീമസമാക്കിയിട്ടില്ലാത്ത വിശുദ്ധ ഗേഹങ്ങളായിരുന്നു ഈയടുത്ത കാലം വരെയും ഇത്തരം സ്ഥാപനങ്ങള്‍.
നമ്മുടെ രാജ്യത്തിന്റെ എല്ലാ തരത്തിലുമുള്ള കൊച്ചുപതിപ്പുകള്‍ തന്നെയാണ് ഇത്തരം സ്ഥാപനങ്ങളും. രാഷ്ട്ര നായകത്വവും അധികാരവും എന്നും സവര്‍ണ ജനവിഭാഗത്തിനായിരുന്നു ഇന്ത്യയില്‍. അറിവിന്റെയും വികസനത്തിന്റെയും ആനുകൂല്യം അനുഭവിക്കുന്നവരും അവര്‍ തന്നെയായിരുന്നു. ദേശീയത, മതേതരത്വം, ജനാധിപത്യം തുടങ്ങിയ രാഷ്ട്രീയ പ്രയോഗങ്ങള്‍ ഫലത്തില്‍ സവര്‍ണന്റെ രാഷ്ട്രീയാധിപത്യവും സാംസ്‌കാരിക മേല്‍ക്കോയ്മയുമായി കലാശിച്ചു എന്നതാണല്ലോ സ്വാതന്ത്രാനന്തര ഇന്ത്യന്‍ യാഥാര്‍ഥ്യം. അഥവാ സവര്‍ണ വിഭാഗത്തിന്റെ അധികാര മേല്‍ക്കോയ്മക്കും മൂല്യാധിപത്യത്തിനുമുള്ള മനോഹരമായ പുറംതോടുകളാണ് ദേശീയത, മതേതരത്വം, ജനാധിപത്യം തുടങ്ങിയ ദേശപരികല്‍പനകള്‍. ഇതിനിടയില്‍ അദൃശ്യമാക്കപ്പെട്ടുപോയ എത്രയോ ജനസമൂഹങ്ങള്‍ ഈ രാജ്യത്തുണ്ട്. തമസ്‌കരിക്കപ്പെട്ടു പോയതും രണ്ടാംകിടയായി മാറ്റി തീര്‍ത്തതുമായ അവരുടെ സ്വത്വങ്ങളും ജീവിതാവശ്യങ്ങളും ഉണ്ട്. ദേശപരികല്‍പനകളുടെ ഈ പുറംതോട് എന്നും ഫലത്തില്‍ സവര്‍ണ താല്‍പര്യങ്ങളെയാണ് തൃപ്തിപ്പെടുത്തിയത് എന്നതു കൊണ്ടാണ് ഭീകരാക്രമണം നടത്തുന്നത് സംഘ്പരിവാര്‍ ആകുമ്പോള്‍ അതൊരു നിസ്സാരമായ കാര്യം എന്ന് സമൂഹ പൊതുമനസ്സാക്ഷിക്ക് തോന്നുന്നത്. മറുഭാഗത്ത് ദലിത്- മുസ്‌ലിം- ആദിവാസി- പിന്നാക്ക ജനവിഭാഗങ്ങളുടെ മുന്‍കൈയില്‍ രൂപപ്പെടുന്ന ന്യായമായ ചലനത്തെപോലും എളുപ്പത്തില്‍ ദേശദ്രോഹം, വിഘടനവാദം, മതതീവ്രവാദം, മതേതരവിരുദ്ധം തുടങ്ങിയ ശകാരപദങ്ങള്‍ കൊണ്ട് ബ്രാന്‍ഡ് ചെയ്യാന്‍ കഴിയുന്നതും ഇതുകൊണ്ടു തന്നെയാണ്. നമ്മുടെ രാഷ്ട്രീയ പരികല്‍പനകളും സവര്‍ണ മൂല്യ വ്യവസ്ഥയും തമ്മിലുള്ള ഏണിയും പാമ്പും കളിയാണ് രാഷ്ട്രത്തിന്റെ അറുപതാണ്ടിന്റെ ചരിത്രം എന്നു പറയുന്നത്. അങ്ങനെയാണ് സവര്‍ണ താല്‍പര്യങ്ങള്‍ രാജ്യത്തിന്റെ പൊതു ആവശ്യങ്ങളായി തീരുന്നതും, ഇതര ജനവിഭാഗങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്കുപോലും വലിയ ബഹളങ്ങള്‍ ഉണ്ടാക്കുന്നതും.
ഈയവസ്ഥയില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അന്തരീക്ഷവും. സര്‍വ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയും എന്നു പറയപ്പെടുമ്പോള്‍ തന്നെ സവര്‍ണര്‍ സവര്‍ണര്‍ക്കു വേണ്ടി സര്‍ക്കാറിനാല്‍ നടത്തുന്ന സംരംഭമായി കലാശിക്കുകയായിരുന്നു ഫലത്തിലത്. സവര്‍ണ- മധ്യ വര്‍ഗ കുടുംബങ്ങളിലെ വിദ്യാര്‍ഥികളായിരുന്നു ഈയടുത്ത കാലംവരെ ഇത്തരം സ്ഥാപനങ്ങളുടെ മുഖ്യഗുണഭോക്താക്കള്‍. മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളിലൂടെ പഠിച്ചു വളരുന്ന ഇവര്‍ക്ക് ഇത്തരം സ്ഥാപനങ്ങളിലേക്കുള്ള വഴി എളുപ്പമായിരുന്നു. അതേ സമയം ജാതിപരമായും സമുദായപരമായും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്വാഭാവികമായും ഈ സ്ഥാപനങ്ങള്‍ വിദൂര സ്വപ്നങ്ങളായിരുന്നു.
എണ്‍പതുകളോടു കൂടി ഇന്ത്യന്‍ സാമൂഹിക മണ്ഡലത്തില്‍ രൂപപ്പെട്ട നിരവധി പുതിയ പ്രതിഭാസങ്ങളുണ്ട്. ദലിത്- പിന്നാക്ക- ആദിവാസി വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്കുള്ള കടന്നു വരവ് അതില്‍ പ്രധാനമാണ്. മണ്ഡല്‍ പ്രക്ഷോഭമാണ് ഈ സാമൂഹിക മാറ്റത്തിന് തിരികൊളുത്തിയത്. ദേശീയത, ജനാധിപത്യം, മതേതരത്വം, നാനാത്വത്തില്‍ ഏകത്വം തുടങ്ങിയ കിന്നര വര്‍ത്തമാനങ്ങള്‍ക്കു പിന്നിലെ വഞ്ചന അവരെ ശരിക്കും ബോധ്യപ്പെടുത്തിയ നാളുകളായിരുന്നു അത്. സ്വാതന്ത്ര്യം ലഭിച്ചിട്ട് നാല് പതിറ്റാണ്ട് പിന്നിട്ടിട്ടും ജനസംഖ്യയില്‍ മഹാഭൂരിപക്ഷം വരുന്ന ദലിത്- പിന്നാക്ക- ജനവിഭാഗങ്ങള്‍ അധികാര കേന്ദ്രങ്ങളില്‍ നിന്നു പുറത്തായതിനെക്കുറിച്ച പശ്ചാത്താപമായിരുന്നില്ല മണ്ഡലിനെ ചൊല്ലിയുള്ള വിവാദത്തിന്റെ മര്‍മം. മറിച്ച് ദലിത് പിന്നാക്ക ജനവിഭാഗങ്ങളെ അറിവധികാരത്തിലേക്കും രാഷ്ട്രീയാധികാരത്തിലേക്കും കൊണ്ടുവരുന്നു എന്നതാണ് രാജ്യത്തെ പ്രകമ്പനം കൊള്ളിച്ചത്. സവര്‍ണ മൂല്യാധിപത്യ സാമൂഹിക ക്രമത്തിന്റെ വക്താക്കളായ സംഘ്പരിവാറും പുകള്‍പെറ്റ മതേതര കോണ്‍ഗ്രസ്സും പുരോഗമന ഇടതുപക്ഷവുമെല്ലാം ഈ വിഷയത്തില്‍ പല വ്യാഖ്യാനങ്ങളിലൂടെ ഒരേ നിലപാടാണ് ഉയര്‍ത്തിപ്പിടിച്ചത്. സാമൂഹിക മ്ലേഛന്മാരുടെ അധികാരാരോഹണം രാജ്യത്തിന്റെ പുരോഗതിയെയും, പഠിക്കാന്‍ ശേഷിയില്ലാത്തവരുടെ സര്‍വകലാശാലാ പ്രവേശനം വിദ്യാഭ്യാസ നിലവാരത്തെയും തകര്‍ക്കും എന്നതായിരുന്നു ആ നിലപാടിന്റെ മര്‍മം. പുരോഗമന ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മഹാ പറുദീസയായ ജെ.എന്‍.യുവില്‍പോലും അതിശക്തമായ സംവരണ വിരുദ്ധ സമരമാണ് ഉയര്‍ന്നുവന്നത് എന്നത് മറക്കരുത്.
ഇന്ത്യന്‍ രാഷ്ട്രത്തിന്റെയും അതിന്റെ ഉപകരണങ്ങളായ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ദലിത് പിന്നാക്ക വിരുദ്ധ രാഷ്ട്രീയം തിരിച്ചറിയപ്പെട്ടതിന്റെ കൂടി ഭാഗമായിരുന്നു എണ്‍പതുകളോടുകൂടി രൂപപ്പെട്ട ദലിത് പിന്നാക്ക വിദ്യാര്‍ഥികളുടെ സര്‍വകലാശാലാ പ്രവേശനം. അതിലൊരു പ്രതികാര ബുദ്ധിയും രാഷ്ട്രീയബോധവുമുണ്ടായിരുന്നു. നിഷേധിച്ചത് തിരിച്ചു പിടിക്കാനുള്ള പ്രതികാര ബുദ്ധി. തൊണ്ണൂറുകള്‍ ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തെ സംബന്ധിച്ച് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ചരിത്രഘട്ടമാണ്. രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ ശക്തിക്ക് മുസ്‌ലിം വേട്ട നടത്താന്‍ ഏറ്റവും വലിയ മതേതര പാര്‍ട്ടിയുടെ തണല്‍ ലഭിക്കുന്നതിന്റെ സമവാക്യം അവര്‍ തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്.
ബാബരി പള്ളി പൊളിക്കലും തുടര്‍ന്ന് നടന്ന മുസ്‌ലിംവേട്ടയും പലവിധത്തിലുള്ള പ്രതികരണമാണ് സമുദായത്തിനകത്ത് സൃഷ്ടിച്ചത്. നിരാശയും ഭീരുത്വവും ആശങ്കയും ഭയവുമെല്ലാം ഈ പ്രതികരണങ്ങളില്‍ നിഴലിച്ചിട്ടുണ്ട്. ഇന്ത്യന്‍ മുസ്‌ലിമിന്റെ നിസ്സഹായത തന്നെയായിരുന്നു യഥാര്‍ഥത്തില്‍ ഈ പ്രതികരണങ്ങളുടെയെല്ലാം കേന്ദ്രബിന്ദു.
തൊണ്ണൂറുകളോടുകൂടി തന്നെയാണ് മുസ്‌ലിം വിദ്യാര്‍ഥികള്‍ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വ്യാപകമായി കടന്നു കൂടുന്നതും. തങ്ങളെ അകറ്റി നിര്‍ത്തിയ അധികാര കേന്ദ്രങ്ങള്‍ എത്തിപ്പിടിക്കാനുള്ള നിശ്ചയ ദാര്‍ഢ്യം ഈ കടന്നുകയറ്റത്തിലുണ്ട്. ഒരു നിഷേധാത്മക സംഭവത്തിന്റെ ഗുണാത്മകമായ പ്രതിഫലനമായിരുന്നു ബാബരി ദുരന്തത്തിനു ശേഷമുള്ള ഈ കടന്നുകയറല്‍.
ദലിത് മുസ്‌ലിം പിന്നാക്ക വിദ്യാര്‍ഥികളുടെ വര്‍ധിച്ച സാന്നിധ്യം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അകത്തളങ്ങളില്‍ വലിയ അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ തുടങ്ങി. കാരണം കാമ്പസിനകത്ത് പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ തന്നെ തുടക്കമാവുകയായിരുന്നു ഇത്. രാജ്യത്തിനകത്ത് നിന്ന് തന്ത്രപൂര്‍വം അദൃശ്യവല്‍ക്കരിച്ചു കളഞ്ഞ ഈ ജനവിഭാഗങ്ങളുടെ ആവശ്യങ്ങളും ചോദ്യങ്ങളും സ്വത്വ പ്രകാശനങ്ങളും കാമ്പസിനകത്ത് അവര്‍ ഉയര്‍ന്ന ശബ്ദത്തില്‍ തന്നെ മുഴക്കാന്‍ തുടങ്ങി.
ദേശീയത, മതേതരത്വം, ജനാധിപത്യം തുടങ്ങിയ രാഷ്ട്രീയ പ്രയോഗങ്ങളില്‍ പൊതിഞ്ഞു വെച്ചിരിക്കുന്ന സവര്‍ണാധിപത്യ മൂല്യങ്ങളുടെ സമ്മതി പത്രത്തില്‍ ഒപ്പു വെച്ചതിനു ശേഷം കസേരകള്‍ ഇടത്തേക്കും വലത്തേക്കും മാറ്റിയിട്ട് ഈ മൂല്യങ്ങള്‍ ആരുടെ കാര്‍മികത്വത്തില്‍ പ്രയോഗിക്കണം എന്ന കപട രാഷ്ട്രീയ സംവാദങ്ങള്‍ക്കു മുകളിലാണ് പുതിയ വിദ്യാര്‍ഥികള്‍ കനത്ത പ്രഹരമേല്‍പിക്കാന്‍ തുടങ്ങിയത്. ഈ ചോദ്യങ്ങളും ഇടപെടലുകളും അവരെ സംബന്ധിച്ചിടത്തോളം കേവലം അക്കാദമിക വ്യായാമങ്ങളായിരുന്നില്ല, തങ്ങളുടെ ജീവിതാനുഭവങ്ങള്‍ തന്നെയായിരുന്നു.
വലതുപക്ഷ സവര്‍ണ രാഷ്ട്രീയം ഈ പുതിയ രാഷ്ട്രീയത്തെ പലപ്പോഴും അക്രമാസക്തമായാണ് നേരിട്ടത്. ഇടതുപക്ഷമാകട്ടെ അരാഷ്ട്രീയവല്‍ക്കരണം, മതതീവ്രവാദം തുടങ്ങിയ പല്ലവികള്‍ കൊണ്ട് ആക്ഷേപിച്ചു.
ജനാധിപത്യ മതേതര കാമ്പസുകളുടെ ശീലങ്ങളും സംസ്‌കാരങ്ങളും ആഘോഷങ്ങളുമെല്ലാം ഏകപക്ഷീയമാകുന്നതിന്റെ രാഷ്ട്രീയത്തെയാണ് പുതിയ വിദ്യാര്‍ഥി രാഷ്ട്രീയം ചോദ്യം ചെയ്യുന്നത്. അത് സവര്‍ണന്റെ ആഘോഷവും ശീലങ്ങളും സംസ്‌കാരങ്ങളുമായിരുന്നു. ഇതല്ലാത്ത സ്വത്വ പ്രകാശനങ്ങളെ അവഹേളിക്കുകയോ അദൃശ്യവല്‍ക്കരിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നു. 2011-ല്‍ ഇഫ്‌ലുവിലെ ദലിത്- മുസ്‌ലിം വിദ്യാര്‍ഥികളുടെ മുന്‍കൈയില്‍ നടന്ന ബീഫ് ഫെസ്റ്റിവല്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ ആക്രമിച്ച് അലങ്കോലപ്പെടുത്തുകയാണുണ്ടായത്. ഇടത് പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനങ്ങളാകട്ടെ സവര്‍ണ മൂല്യങ്ങളെ തന്നെ തങ്ങളിലൂടെ നടപ്പിലാക്കുന്ന രാഷ്ട്രീയം പയറ്റുകയായിരുന്നു. എസ്.എഫ്.ഐയുടെ ആഭിമുഖ്യത്തിലാണ് നിലവില്‍ ഹൈദരാബാദ് സെന്‍ട്രല്‍ യൂനി: യൂനിയന്റെ ഭരണം. കാമ്പസില്‍ സരസ്വതീ പൂജയും ദുര്‍ഗ പൂജയും നടത്തുന്നതും യൂനിയന്‍ കാര്‍മികത്വത്തില്‍ തന്നെയാണ്. ഇഫ്‌ലുവിലാകട്ടെ ഇടതു വിദ്യാര്‍ഥികള്‍ക്ക് സാന്നിധ്യമുള്ള ഡെമോക്രാറ്റിക് സ്റ്റുഡന്റ് ഫെഡറേഷന്‍ പുതിയ സമരത്തിനെതിരുമാണ്.
യോഗ്യതയില്ലാതെ സംവരണത്തിലൂടെ കയറി കൂടിയവര്‍ എന്ന ആക്ഷേപ സമീപനം അധ്യാപകരില്‍ നിന്നും സഹ വിദ്യാര്‍ഥികളില്‍ നിന്നും കേള്‍ക്കേണ്ടി വരുന്നവരാണ് ഇത്തരം പല വിദ്യാര്‍ഥികളും. സംവരണം ഒരു ഭരണകൂട ഔദാര്യമല്ല. ഒരു കാലത്ത് ദേശത്തിനു വേണ്ടി അധിക ത്യാഗം ചെയ്തതിന്റെയോ ഭരണകൂടത്തിന്റെ തന്നെ ജനാധിപത്യ വിരുദ്ധമായ വികസന സമീപനത്തിന്റെയോ ഇരകള്‍ക്കുള്ള രാഷ്ട്രീയ അവകാശമാണത്. എത്ര ഉയര്‍ന്ന പഠനശേഷി പ്രകടിപ്പിച്ചാലും കുറഞ്ഞ ഗ്രേഡു മാത്രമാണ് പലപ്പോഴും ദലിത് പിന്നാക്ക വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരില്‍ നിന്ന് ലഭിക്കുന്നുള്ളൂ എന്നത് മറ്റൊരു പീഡനമാണ്. താനൊന്നും പഠിക്കേണ്ടവനല്ല എന്ന മനോഭാവമാണത്. പിന്നാക്ക ദലിത് വിദ്യാര്‍ഥികള്‍ക്കായുള്ള സംവരണ തത്വങ്ങളെ അട്ടിമറിക്കുകയാണ് ഇത്തരം പല സ്ഥാപനങ്ങളും. അതുവഴി ഇത്തരം വിദ്യാര്‍ഥികളുടെ കാമ്പസ് പ്രവേശനത്തെ തടയാന്‍ കഴിയും. ഐ.ഐ.ടി മദ്രാസിലെ സംവരണ അട്ടിമറിയെക്കുറിച്ചുള്ള കണക്കുകള്‍ രണ്ടു വര്‍ഷം മുമ്പ് തെഹല്‍ക്ക പുറത്തു വിടുകയുണ്ടായി. സംവരണം ചെയ്യപ്പെട്ടതിന്റെ 11.9 ശതമാനം എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ മാത്രമാണ് പ്രവേശനം നേടുന്നത് എന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു. ആകെയുള്ള 460 അധ്യാപകരില്‍ നാല് ദലിത് അധ്യാപകര്‍ മാത്രമാണുള്ളതെന്നും വെളിപ്പെടുത്തുകയുണ്ടായി. ജെ.എന്‍.യു വിലെ എം.ഫില്‍ വിദ്യാര്‍ഥിയായ പി. അംബേദ്കര്‍ വിവരാവകാശ നിയമപ്രകാരം സംഘടിപ്പിച്ച വിവരങ്ങള്‍ പറയുന്നത് ജെ.എന്‍.യു വിലെ 486 വകുപ്പ് അംഗങ്ങളില്‍ വെറും 23 പേര്‍ മാത്രമാണ് എസ്.സി/എസ്.ടി സംവരണത്തിലൂടെ കയറുന്നത് എന്നതാണ്. ഇന്ത്യന്‍ ഭരണഘടന പട്ടികജാതി വിഭാഗത്തിന് 15 ശതമാനവും പട്ടിക വര്‍ഗങ്ങള്‍ക്ക് 7.5 ശതമാനവും സംവരണം ഉറപ്പു നല്‍കുന്നുണ്ടെങ്കിലും ജെ.എന്‍.യു വിലെ വിവിധ വകുപ്പുകളില്‍ വെറും 3.29 ശതമാനം പട്ടികജാതിയും 1.44 ശതമാനം പട്ടികവര്‍ഗവും മാത്രമാണുള്ളത്. എസ്.സി/എസ്.ടി സംവരണം ജെ.എന്‍.യുവില്‍ വന്നിട്ട് 27 വര്‍ഷം കഴിഞ്ഞുള്ള അവസ്ഥയാണിത്.
താഴ്ന്ന വിദ്യാഭ്യാസ സാഹചര്യങ്ങളില്‍ നിന്നും പ്രതികൂലമായ ജീവിത ചുറ്റുപാടുകളില്‍ നിന്നും വരുന്ന ഇത്തരം വിദ്യാര്‍ഥികള്‍ക്ക് ആത്മ വിശ്വാസം വര്‍ധിപ്പിക്കാനും ഒരു കൈ സഹായത്തിനും അധികൃതര്‍ ഇനിയും മാര്‍ഗങ്ങള്‍ ആലോചിച്ചിട്ടില്ല. കൗണ്‍സില്‍ സംവിധാനം പോലും കാമ്പസില്‍ ലഭ്യമല്ല എന്നു വരുന്നത് ഏറെ അപകടമാണ്.
മുദ്ദസിറിന്റെ ആത്മഹത്യയെ തുടര്‍ന്ന് കശ്മീരിലും പ്രതിഷേധം അലയടിക്കുകയുണ്ടായി. പതിനായിരത്തിലധികം പേര്‍ മയ്യിത്ത് സംസ്‌കരണത്തില്‍ പങ്കെടുത്തു. ഒരു ദിവസത്തെ ഹര്‍ത്താല്‍ പോലും ആചരിച്ചു. ഇന്ത്യയിലെ വിവിധ യൂണിവേഴ്‌സിറ്റികളിലും സമര പരിപാടികള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നു. എന്നിട്ടും വിദ്യാര്‍ഥികള്‍ ഉന്നയിച്ച ഒരാവശ്യംപോലും അംഗീകരിക്കേണ്ടതില്ലെന്നാണ് സ്ഥാപനാധികാരികളുടെയും സര്‍ക്കാറിന്റെയും നിലപാട്. ഇത് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സന്ദേശമെന്താണ്? കശ്മീരിലെ ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശമെന്താണ്? മറുഭാഗത്ത് സമരത്തിലണി ചേര്‍ന്ന വിദ്യാര്‍ഥികളെയും അധ്യാപകരെയും വ്യക്തിപരമായി വേട്ടയാടാനാണിപ്പോള്‍ സര്‍ക്കാറും സ്ഥാപനവും നീക്കം നടത്തുന്നത്.
സംഘ്പരിവാര്‍ ഭീകരതയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സംഘ്പരിവാര്‍ ആസ്ഥാനത്തു ചെന്ന് പ്രസ്താവന കാണിച്ച് ഒപ്പിട്ടു വാങ്ങിയ അതേ ഭരണകൂടമാണ് ഒരു ജനതയുടെ ന്യായമായ മുറവിളി കേള്‍ക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്. ഭരണകൂടത്തിന്റെ മുന്നില്‍ രാജ്യത്തെ യഥാര്‍ഥ പൗരന്‍ ആരാണെന്ന വിളംബരം കൂടിയാണീ സമീപനം.
ദീര്‍ഘകാലമായി രാഷ്ട്രീയാധികാരവും അറിവധികാരവും കൈവശപ്പെടുത്തി വെച്ചവര്‍ക്ക് ഈ പുതിയ വിദ്യാര്‍ഥി ചലനങ്ങള്‍ അസഹ്യം തന്നെയായിരിക്കും. പക്ഷേ കാമ്പസില്‍ രൂപപ്പെടുന്ന ഈ പുതിയ രാഷ്ട്രീയ മുന്നേറ്റം നാളെ രാഷ്ട്രത്തെ മാറ്റിപ്പണിയുമെന്നത് തീര്‍ച്ചയാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 34-41
ഖുര്‍ആന്‍ ബോധനം എ.വൈ.ആര്‍