Prabodhanm Weekly

Pages

Search

2013 ഏപ്രില്‍ 19

മോഡി ബ്രിഗേഡിന്റെ 'ഹിന്ദു ഇന്ത്യ' സ്വപ്നം പൂവണിയുമോ?

എ.ആര്‍ കവര്‍‌സ്റ്റോറി

യോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനുവേണ്ടിയുള്ള പ്രക്ഷോഭം നയിച്ചതില്‍ ക്ഷമാപണത്തിന്റെ ആവശ്യമില്ലെന്നും അഭിമാനാര്‍ഹമായിരുന്നു അതെന്നും ബി.ജെ.പിയുടെ 33-ാം സ്ഥാപക ദിനാഘോഷച്ചടങ്ങിനെ അഭിമുഖീകരിക്കെ തലമുതിര്‍ന്ന നേതാവ് ലാല്‍ കൃഷ്ണ അദ്വാനി പറഞ്ഞത് നന്നായി ഗൃഹപാഠം ചെയ്തും കൃത്യമായ കണക്ക് കൂട്ടലോടുകൂടിയും തന്നെ. നരേന്ദ്രമോഡി ബി.ജെ.പിയുടെ പ്രധാനമന്ത്രി നോമിനിയായി അവരോധിതനാവുന്നത് തീവ്രഹിന്ദുത്വത്തെ പ്രതിനിധാനം ചെയ്യാന്‍ അദ്ദേഹമാണ് യോഗ്യന്‍ എന്ന തോന്നലിന്റെ പുറത്താണെങ്കില്‍ വാജ്‌പേയിയുടെ പിന്‍ഗാമിയായി നാളിതുവരെ അവതരിപ്പിക്കപ്പെട്ടിരുന്ന തനിക്ക് അതിനിപ്പോഴും അര്‍ഹതയുണ്ടെന്ന സന്ദേശം പാര്‍ട്ടി അണികള്‍ക്ക് നല്‍കാന്‍ അദ്വാനി ഉദ്ദേശിച്ചു. ഒപ്പം പതിനഞ്ചാം ലോക്‌സഭാ തെരഞ്ഞെടുപ്പിലും രാമക്ഷേത്ര വിവാദം പുനര്‍ജീവിപ്പിക്കുക മാത്രമാണ് ഭൂരിപക്ഷ സമ്മതിദായകരെ ആകര്‍ഷിക്കാനുള്ള ഇഷ്യുവായി സംഘ്പരിവാറിന്റെ കൈയിലിരുപ്പ് എന്ന വസ്തുതയും തലമുതിര്‍ന്ന നേതാവ് പറയാതെ പറഞ്ഞുകഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാമക്ഷേത്ര പ്രശ്‌നം വലുതായി ഉയര്‍ത്തിക്കാട്ടാന്‍ ബി.ജെ.പി ശ്രമിച്ചിരുന്നില്ല. എന്നിട്ടും ഫലം തിരിച്ചടിയായി. ഇത്തവണ തീവ്രഹിന്ദുത്വ വികാരം പരമാവധി കുത്തിയിളക്കാനുള്ള സംഘ്പരിവാറിന്റെ ദൃഢനിശ്ചയത്തിന്നനുഗുണമായി ബാബരി ധ്വംസനവും രാമക്ഷേത്ര നിര്‍മിതിയും ഉയര്‍ത്തിക്കാട്ടിയാല്‍ സവര്‍ണ വോട്ട് ബാങ്ക് ഉറപ്പിക്കാമെന്ന് അദ്വാനി കണക്ക് കൂട്ടുന്നു. അയോധ്യാ കാമ്പയിന്റെ ചുക്കാന്‍ പിടിക്കാന്‍ ഏറ്റവും ഉചിതമായ വ്യക്തിത്വം താന്‍ തന്നെയാണെന്നതില്‍ അദ്വാനിക്ക് സംശയമേ ഇല്ല. വി.പി സിംഗ് മന്ത്രിസഭയെ മറിച്ചിടാന്‍ പാകത്തില്‍ ദേശവ്യാപകമായി ശ്രീരാമ ക്ഷേത്ര രഥം തെളിച്ചത് അദ്വാനിയായിരുന്നല്ലോ.
പക്ഷേ അദ്വാനിയായിരിക്കും അടുത്ത ബി.ജെ.പി നിയന്ത്രിത സര്‍ക്കാറിനെ നയിക്കുക എന്ന് പ്രസ്താവന ഇറക്കിയ ദല്‍ഹി ഘടകം അധ്യക്ഷന്‍ ഗോയലിന് മണിക്കൂറുകള്‍ക്കകം തന്റെ വാക്കുകള്‍ വിഴുങ്ങേണ്ടിവന്നത് സംഘ്പരിവാറില്‍ രൂപപ്പെട്ട ആശയക്കുഴപ്പം അനാവരണം ചെയ്യുന്നതാണ്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രധാനമന്ത്രി പദത്തില്‍ പ്രതിഷ്ഠിക്കാനുള്ള അദ്ദേഹത്തിന്റെയും ആര്‍.എസ്.എസിന്റെയും കൊണ്ടുപിടിച്ച നീക്കത്തിന് കാവിപ്പടക്കകത്ത് അവഗണിക്കാനാവാത്ത എതിര്‍പ്പുണ്ട്. അദ്ദേഹത്തിന്റെ ഏകാധിപത്യപരമായ ശൈലിയാണ് ഇതിനൊരു മുഖ്യകാരണം. എന്‍.ഡി.എയുടെ ഘടകകക്ഷികളില്‍ പലതിനും മോഡി സ്വീകാര്യനല്ലെന്നത് മറ്റൊരു കാരണമാണ്. ഈയെതിര്‍പ്പുകളെ പക്ഷേ എവ്വിധവും മറികടക്കാനാണ് മോഡിയുടെ ശ്രമം. ദേശീയ മീഡിയയെ പരമാവധി സ്വാധീനിച്ചും കോര്‍പ്പറേറ്റുകളെ പ്രീതിപ്പെടുത്തിയും തന്റെ പ്രതിഛായ തിളക്കമാര്‍ന്നതാക്കാന്‍ കോടികള്‍ ചെലവിടാനും ഏതറ്റംവരെയും പോവാനും അദ്ദേഹം തയാറാണ്. തനിക്ക് വിസ നിഷേധിച്ച അമേരിക്കയിലെ വ്യവസായ ലോബിയെയും കോണ്‍ഗ്രസംഗങ്ങളെയും ഹിന്ദുത്വ ബ്രിഗേഡിന്റെ ധനസഹായത്തോടെ ക്ഷണിച്ചുവരുത്തി ഗുഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങി 'തെറ്റ്' തിരുത്തിക്കാനുള്ള ശ്രമം അതിലൊന്നാണ്. വിസ നല്‍കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് യു.എസ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നിരന്തരമായ ലോബിയിംഗിലൂടെ നിലപാട് മാറ്റിയെടുക്കാമെന്ന ശുഭപ്രതീക്ഷയിലാണദ്ദേഹം. സയണിസ്റ്റുകള്‍ ഉള്ളഴിഞ്ഞ് സഹായിച്ചാല്‍ ഒബാമ ഭരണകൂടത്തെ വഴിക്ക്‌കൊണ്ടുവരാന്‍ കഴിയുമെന്ന് മോഡിക്കറിയാം. ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം തീവ്രഹിന്ദുവാദികള്‍ ഇന്ത്യയുടെ അധികാരം കൈയേല്‍ക്കുന്നതാണ് ഏറെ ആഹ്ലാദകരം എന്ന കാര്യത്തില്‍ സംശയവുമില്ല.
ഇതൊക്കെയാണെങ്കിലും ബി.ജെ.പിയുടെയും നരേന്ദ്ര മോഡിയുടെയും മോഹങ്ങള്‍ പൂവണിയാനുള്ള സാധ്യത എത്രത്തോളം? തികഞ്ഞ ആശയക്കുഴപ്പവും അനിശ്ചിതത്വവുമാണ് ദേശീയ രാഷ്ട്രീയത്തിലിപ്പോള്‍ നിലനില്‍ക്കുന്നത്. സങ്കല്‍പ്പിക്കാനാവുന്നതിനപ്പുറം ഭീമാകാരം പൂണ്ട അഴിമതി പൊതുജീവിതത്തെയാസകലം വിഴുങ്ങിയതില്‍ നൈരാശ്യവും അമര്‍ഷവും ഉള്ളിലൊതുക്കുകയാണ് ജനം. കൊട്ടിഘോഷിച്ച പരിഷ്‌ക്കരണ നടപടികള്‍ തിരുതകൃതിയായി മുന്നേറുമ്പോഴും സാമ്പത്തിക വളര്‍ച്ച മുരടിച്ചു നില്‍ക്കുന്നതില്‍ അമ്പരക്കുന്ന സര്‍ക്കാര്‍, സബ്‌സിഡികള്‍ ഒന്നൊന്നായി പിന്‍വലിക്കുകയും എണ്ണ മുതല്‍ പഞ്ചസാര വരെ കുത്തകകളാല്‍ നിയന്ത്രിക്കപ്പെടുന്ന വിപണിയുടെ വില നിര്‍ണയത്തിന് വിട്ടുകൊടുക്കുകയും ചെയ്യുന്നത് മൂലം വിലക്കയറ്റം വാണം കണക്കെ കുതിക്കുന്നു. നിയമങ്ങള്‍ കര്‍ക്കശമാക്കുംതോറും ഭീതിദമായി ഉയരുകയാണ് കുറ്റകൃത്യങ്ങളുടെ ഗ്രാഫ്. തീവ്രവാദ, ഭീകര വിരുദ്ധ നിയമങ്ങളുടെ ദുര്‍വിനിയോഗം മതന്യൂനപക്ഷങ്ങളില്‍ വളര്‍ത്തുന്ന കടുത്ത അരക്ഷിതബോധത്തിന് ശമനമില്ല. ജീവിത സംശുദ്ധിയോ ഭരണ പ്രാപ്തിയോ ജനങ്ങളോട് പ്രതിബദ്ധതയോ ഇല്ലാത്ത ഭരണകര്‍ത്താക്കളുടെ താണ്ഡവമാണെവിടെയും. എല്ലാം ചേര്‍ന്നപ്പോള്‍ രണ്ടാം യു.പി.എ സര്‍ക്കാറിന്റെ നേരെ രാജ്യവ്യാപകമായി നൈരാശ്യവും വിരക്തിയുമാണ് പ്രകടമാവുന്നതെന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തമാണ്. അണ്ണ ഹസാരെ ആരംഭിച്ച അഴിമതി വിരുദ്ധ പ്രക്ഷോഭം അത് പാളുന്നത് വരെ അഭൂതപൂര്‍വമായ ജനപിന്തുണ നേടിയെടുത്തത് ഇതിന്റെ നേര്‍സാക്ഷ്യമാണ്. ഒരല്‍പം ഭേദപ്പെട്ട ബദല്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അങ്ങനെയൊരു ബദല്‍ വിശ്വാസ്യമായി രംഗപ്രവേശം ചെയ്താല്‍ അവര്‍ വോട്ട് നല്‍കി അധികാരത്തിലേറ്റുമെന്നും കരുതാനാണ് ന്യായം.
പക്ഷേ പ്രധാന പ്രതിപക്ഷമായ ബി.ജെ.പിയോ ആ പാര്‍ട്ടി നിയന്ത്രിക്കുന്ന എന്‍.ഡി.എയോ യു.പിഎയുടെ മെച്ചപ്പെട്ട ബദലാണോ? ആഗോളീകരണം, നവലിബറലിസം, സ്വകാര്യവല്‍ക്കരണം എന്നീ മന്‍മോഹന്‍ അജണ്ടയോടൊപ്പമാണ് എന്‍.ഡി.എയും. ഈ നയങ്ങളുടെ തലതൊട്ടപ്പനായ അമേരിക്കന്‍ സാമ്രാജ്യത്വത്തോടുള്ള വിധേയത്വത്തിലും ബി.ജെ.പി മുന്നണിക്ക് എതിര്‍പ്പില്ല. ബഹുരാഷ്ട്ര-സ്വദേശി കുത്തകകള്‍ക്ക് പരമാവധി ഇളവുകളും ആനുകൂല്യങ്ങളും അനുവദിക്കുന്നതില്‍ അത്യുദാര സമീപനം സ്വീകരിക്കുന്നുവെന്നതാണ് മോഡിമോഡല്‍ വികസനത്തിന്റെ പ്രഘോഷിക്കപ്പെടുന്ന മേന്മ തന്നെ. കുത്തകകള്‍ക്ക് സര്‍ക്കാര്‍ഭൂമി വഴിവിട്ട് യഥേഷ്ടം അലോട്ട് ചെയ്തതിന്റെ പേരില്‍ സി.എ.ജി നരേന്ദ്രമോഡിയെ പ്രതിക്കൂട്ടില്‍ കയറ്റിയിട്ടുമുണ്ട്. അഴിമതിക്കാര്യത്തിലും ബി.ജെ.പി സംസ്ഥാന സര്‍ക്കാറുകളുടെ റെക്കോര്‍ഡ് പരമദയനീയമാണ്. പാര്‍ട്ടി പിടിമുറുക്കിയ ഒരേയൊരു ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കര്‍ണാടകയിലെ സര്‍ക്കാര്‍ അഴിമതിയാരോപണങ്ങളും നടപടികളും ശൈഥില്യവും പിളര്‍പ്പും മൂലം ജനരോഷത്തിനിരയായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവന്നത് ആഴ്ചകള്‍ക്ക് മുമ്പാണ്. അഴിമതിക്ക് തടയിടാനുള്ള ലോകായുക്തയെ തന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സുപ്രീംകോടതി വിധിയെ മറികടന്ന് ഗുജറാത്ത് നിയമസഭയില്‍ അവതരിപ്പിച്ച ബില്‍ മതി മുഖ്യമന്ത്രി മോഡിയുടെ അഴിമതി വിരോധത്തിലെ ബി.ജെ.പി ഇരട്ടത്താപ്പ് വ്യക്തമാവാന്‍.
വിദേശനയത്തിന്റെ കാര്യത്തില്‍ യു.പി.എ സര്‍ക്കാര്‍ പിന്തുടരുന്ന യുഎസ്-ഇസ്രയേല്‍ ബാന്ധവം പരമാവധി ശക്തിപ്പെടുത്തണമെന്നാണ് കാവിപ്പടയുടെ ഇംഗിതം. കാരണം രാഷ്ട്രാന്തരീയ തലത്തില്‍ ഇസ്‌ലാമിനും ഇസ്‌ലാമിക സംഘടനകള്‍ക്കുമെതിരെ തീവ്രവാദത്തിന്റെ മറവില്‍ നടത്തുന്ന ക്രൂരമായ വേട്ട ഇന്ത്യയിലേക്കും വ്യാപിപ്പിക്കാന്‍ അത് അവസരമൊരുക്കുന്നു. ഇപ്പോള്‍തന്നെ ഭീകരവിരുദ്ധ കരിനിയമത്തിന്റെ ബാനറില്‍ രാജ്യത്ത് ആയിരക്കണക്കില്‍ മുസ്‌ലിം യുവാക്കള്‍ ജയിലറകളിലാണ്. അവര്‍ക്ക് ജാമ്യമെങ്കിലും അനുവദിക്കാനോ വിചാരണ ത്വരിതപ്പെടുത്താനോ ഉള്ള നടപടികളെപ്പോലും എതിര്‍ക്കുന്ന ഒരേയൊരു വിഭാഗം ഹിന്ദുത്വ കൂട്ടായ്മയാണ്. ഇക്കാര്യത്തില്‍ മാത്രമാണ് താനും യു.പി.എ, ബി.ജെ.പി മുന്നണിയില്‍ നിന്ന് ഒല്‍പം വ്യത്യസ്തമായി നില്‍ക്കുന്നതും. സൈന്യത്തിന് അമിതാധികാരം നല്‍കുന്ന പ്രത്യേക നിയമം പിന്‍വലിക്കണമെന്ന മനുഷ്യാവകാശ സംഘടനകളുടെ ആവശ്യം അപ്പടി നിരാകരിക്കണമെന്ന ആവശ്യവും കാവിപ്പടയുടേത് തന്നെ. ചുരുക്കത്തില്‍ 2002-ലെ മത ന്യൂനപക്ഷങ്ങളുടെ വംശീയ ഉന്മൂലനത്തിന്റെ പേരില്‍ രാഷ്ട്രാന്തരീയതലത്തില്‍ കുറ്റവാളിയുടെ പരിവേഷമുള്ള ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ബി.ജെ.പിയുടെ തന്ത്രം എന്‍.ഡി.എയുടെ ചില ഘടകകക്ഷികള്‍ക്ക് പോലും ദഹിച്ചിട്ടില്ല. ഈ പശ്ചാത്തലത്തില്‍ പതിനാറാം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സഖ്യത്തിന്റെ വിജയസാധ്യത എത്രത്തോളം? നിലവിലെ ലോക്‌സഭയില്‍ 116 ആണ് ബി.ജെ.പിയുടെ മാത്രം അംഗസംഖ്യ. അതിലേക്ക് 19 എം.പിമാരെ സംഭാവന ചെയ്ത കര്‍ണാടകയില്‍ ഇത്തവണ അനുഭവം ആവര്‍ത്തിക്കാന്‍ ഒരു സാധ്യതയുമില്ല. ഗുജറാത്തില്‍ നിന്നുള്ള 15 പതിനാറാവാനുമിടയില്ലെന്നാണ് ഒടുവിലത്തെ നിയമസഭാ തെരഞ്ഞെടുപ്പ് നല്‍കുന്ന സൂചന. ബിഹാറില്‍നിന്ന് 14 സീറ്റുകള്‍ തരപ്പെടുത്തിയത് ജനതാ ദള്‍(യു)ന്റെ സഹായം കൊണ്ടായിരുന്നെന്ന് വ്യക്തം. നരേന്ദ്ര മോഡിയെ തള്ളിപ്പറയുന്ന നിധീഷ് കുമാര്‍ പുതിയ സാഹചര്യത്തില്‍ മാറിച്ചിന്തിച്ചാല്‍ അവിടെ നിന്നുള്ള ബി.ജെ.പി എം.പിമാരുടെ സംഖ്യ രണ്ടക്കം കടക്കില്ല. ഝാര്‍ഖണ്ഡില്‍ നിന്നുള്ള എട്ടംഗങ്ങള്‍ക്കും ഇത് ബാധകമാണ്. അവിടെ സഖ്യകക്ഷിയായ ജെ.എം.എം പിണങ്ങിപ്പിരിഞ്ഞു കഴിഞ്ഞു. യു.പി.യിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന ചിത്രവും പാര്‍ട്ടിയെ അലോസരപ്പെടുത്തുന്നതാണ്. നിലവിലെ 10 നിലനിര്‍ത്താന്‍ പോലും ബി.ജെ.പി പ്രയാസപ്പെടേണ്ടിവരും. നിലവില്‍ മൂന്ന് എം.പിമാരെ ബി.ജെ.പിക്ക് നല്‍കിയ ഹിമാചല്‍ പ്രദേശില്‍ കനത്ത തിരിച്ചടിയാണ് നിയമസഭാ തെരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് സമ്മാനിച്ചത്. കേരളം, തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളില്‍ ഒരു സീറ്റുപോലും കാവിപ്പടക്ക് കിട്ടാനില്ല. എന്നാല്‍, മധ്യപ്രദേശിലും മഹാരാഷ്ട്രയിലും സ്ഥിതി നിലനിര്‍ത്തിയേക്കാം. ദല്‍ഹിയില്‍ തിരിച്ചുവരവിന് സാധ്യത കുറവാണെങ്കിലും വട്ടപൂജ്യം ആവര്‍ത്തിക്കണമെന്നില്ല. ഛത്തീസ്ഗഢിലും തിരിച്ചടി പ്രതീക്ഷിക്കുന്നില്ല. ഇപ്പറഞ്ഞത് പോലും നരേന്ദ്രമോഡിയെ പ്രധാനമന്ത്രി നോമിനിയായി എന്‍.ഡി.എ അംഗീകരിച്ചാലുള്ള കണക്കുകൂട്ടലാണ്. ഇല്ലെങ്കില്‍ 116 എന്ന നിലവിലെ സീറ്റുകള്‍ നിലനിര്‍ത്താന്‍ പോലും ബി.ജെ.പി പ്രയാസപ്പെടേണ്ടിവരും.
പിന്നെയെന്ത് സംഭവിക്കും? അതാണ് അങ്ങേയറ്റം ആശയകുഴപ്പമുണ്ടാക്കുന്ന അനിശ്ചിതത്വത്തിലാണ് ദേശീയ രാഷ്ട്രീയം എന്ന് പറയേണ്ടിവരുന്നത്. ബംഗാളില്‍ മമതയും യു.പിയില്‍ മുലായം സിംഗും മായാവതിയും ബിഹാറില്‍ നിതീഷ് കുമാറും ആന്ധ്രയില്‍ ടി.ആര്‍.എസ്സും ടി.ഡി.പിയും ജഗ്‌മോഹന്‍ കോണ്‍ഗ്രസ്സും തമിഴ്‌നാട്ടില്‍ ജയലളിതയും കരുണാനിധിയും നേടുന്ന സീറ്റുകളാണ് തെരഞ്ഞെടുപ്പാനന്തര തിരക്കഥയില്‍ നിര്‍ണായകമാവുക. അപ്പോഴാകട്ടെ ഉപജാപങ്ങളിലും വിലപേശലിലും കുതിരക്കച്ചവടത്തിലും ആര്‍ ജയിക്കും എന്നതാവും പ്രസക്തമായ ചോദ്യം. ആര്‍ ജയിച്ചാലും മെച്ചപ്പെട്ട ബദല്‍ രൂപപ്പെടാന്‍ പോവുന്നില്ലെന്ന് വേണം പ്രതീക്ഷിക്കാന്‍. ഇടതുപക്ഷം ഇത്തവണ സജീവ മത്സരക്കളരിക്ക് പുറത്താണല്ലോ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 34-41
ഖുര്‍ആന്‍ ബോധനം എ.വൈ.ആര്‍