ലൌ ജിഹാദ് മാതൃഭൂമി വാരികയിലെ വിശുദ്ധ മതേതര കഥയാണ്
ഒരു നാട് മുഴുവന്‍ പാടിപ്പതിഞ്ഞ വടക്കന്‍ പാട്ടിലെ വില്ലന്‍ കഥാപാത്രമായിരുന്നു ചതിയന്‍ ചന്തു. ആ പേരുദോഷത്തിന്റെ തടവറയില്‍ നിന്ന് ചന്തുവിനെ മോചിപ്പിച്ചത് എം.ടി വാസുദേവന്‍ നായരായിരുന്നു. അദ്ദേഹം തിരക്കഥ എഴുതിയ 'ഒരു വടക്കന്‍ വീരഗാഥ'യിലൂടെ വടക്കന്‍ പാട്ടിലെ ചതിയന്‍ ചന്തു ഹീറോയും നായകന്‍ ആരോമല്‍ ചേകവര്‍ ചതിയനായ വില്ലനുമായി. വടക്കന്‍ പാട്ടിലെ ചതിയന്‍ ചന്തുവിനെ അറിയുന്നവര്‍ ഇന്ന് കുറവാണ്. എന്നാല്‍, വടക്കന്‍ വീരഗാഥയിലെ ചന്തു മിക്ക മലയാളിക്കും സുപരിചിതനാണ്. ഇതാണ് കഥയുടെ മാന്ത്രികശക്തി. ഇവിടെ വില്ലനെയും ഹീറോവിനെയും സത്യത്തെയും അസത്യത്തെയും നിര്‍മിച്ചെടുക്കുന്നത് കഥാകാരനാണ്. കഥാകാരന്റെ കാഴ്ചപ്പാടും രാഷ്ട്രീയവുമാണ്. അതിനാല്‍ ഒരു കഥയും വെറും കഥയല്ല. ഓരോ കഥാപാത്രത്തിന്റെയും സ്വഭാവവും സംഭാഷണങ്ങളും ബോധപൂര്‍വം കഥാകാരന്‍ നിര്‍മിച്ചെടുക്കുന്നതാണ്. അതിന്റെ പിന്നിലെ സൂക്ഷ്മമായ രാഷ്ട്രീയം തിരിച്ചറിഞ്ഞതിനു ശേഷം തന്നെയാണ് ഓരോ ആനുകാലികവും അവര്‍ക്ക് യോജിക്കുന്ന കഥകള്‍ തെരഞ്ഞെടുക്കുന്നത്.
വടക്കന്‍ വീരഗാഥയുടെ കഥാകാരന്‍ എം.ടിയുടെ പത്രാധിപത്യത്തിന് മുമ്പും ശേഷവും മാതൃഭൂമി ആഴ്ചപ്പതിപ്പാണ് കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ വാരികകളിലൊന്ന്. ഗൗരവ വായനകള്‍ക്ക് പുറമെ മലയാളത്തിലെ മികച്ച കഥകളും കവിതയും നോവലും വായനക്കാര്‍ക്ക് സമ്മാനിക്കുന്ന പ്രസിദ്ധീകരണം. അങ്ങനെയുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പിലെ വിലപ്പെട്ട പേജുകളില്‍ നിറഞ്ഞുനില്‍ക്കുന്ന കഥകള്‍ വെറും കഥകളായി വായിച്ചു തള്ളാനാവില്ല. മറിച്ച്, ആ കഥകള്‍ക്ക് പിന്നില്‍ കൃത്യമായ രാഷ്ട്രീയവും ലക്ഷ്യവും വാരിക ഉള്ളടക്കം ചെയ്തിട്ടുണ്ടാവും. മാര്‍ച്ച് 24-ലെ മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ച ഇന്ദുമേനോന്റെ 'മരണവേട്ട' എന്ന കഥയുടെ മതവും മതേതരത്വവും പ്രതിപാദിക്കാനാണ് ഇത്രയും സൂചിപ്പിച്ചത്.
സംഘ്പരിവാര്‍ ഉയര്‍ത്തി കൊണ്ടുവന്ന് മാതൃഭൂമിയടക്കമുള്ള മലയാളത്തിലെ മുഖ്യധാരാ പത്രങ്ങള്‍ ആഘോഷമാക്കിയ ഇല്ലാകഥയായിരുന്നു ലൗ ജിഹാദ്. പോലീസ് അന്വേഷണങ്ങള്‍ക്ക് ശേഷം ലൗ ജിഹാദ് കള്ളക്കഥയായിരുന്നുവെന്ന് മാതൃഭൂമിയടക്കം സമ്മതിക്കുകയും ചെയ്തു. ഇത് കഴിഞ്ഞുപോയ യഥാര്‍ഥ കഥ. പക്ഷേ ഇന്ദുമേനോന്റെ മാതൃഭൂമി കഥയില്‍ പ്രണയച്ചതിയിലെ വേട്ടക്കാരനായി മുസ്‌ലിം നാമധാരിയായ ബഷീറിനെയും ഇരയായി സവര്‍ണ ആര്‍.എസ്.എസ്സ് കുടുംബത്തിലെ സുമംഗലയെയും അടയാളപ്പെടുത്തുന്നു. കഥയിലെ നായകന്‍ ബഷീറിനെ പരാമര്‍ശിക്കുമ്പോഴെല്ലാം മുമ്പിലും പിന്നിലുമായി അവനൊരു ചതിയനായിരുന്നുവെന്ന് നിരന്തരം ആവര്‍ത്തിക്കുന്നു.
കഥ ഇങ്ങനെ: സജീവ ആര്‍.എസ്.എസ് കുടുംബത്തില്‍ പിറന്ന സുമംഗല എന്ന സവര്‍ണ പെണ്‍കുട്ടിയെ മുസ്‌ലിമായ ബഷീര്‍ പ്രണയിക്കുന്നു. സുമംഗലയുടെ കുടുംബം അതറിഞ്ഞതോടെ അവര്‍ ഒളിച്ചോടുന്നു. ദൂരെ ഒരിടത്ത് സ്വസ്ഥമായി കുടുംബജീവിതം നയിക്കുന്നു. അവര്‍ക്ക് സോനു എന്ന കുഞ്ഞുണ്ടാകുന്നു. കുഞ്ഞു വളരുന്നതിനിടക്ക് ബഷീറിന് അര്‍ബുദം പിടിപെടുന്നു. വേദനയില്‍ നിന്ന് ഒളിച്ചോടാന്‍ ബഷീര്‍ ആത്മഹത്യ തെരെഞ്ഞെടുക്കുന്നു. ഇത്രയും ശരി, ഇനിയാണ് യഥാര്‍ഥ കഥ തുടങ്ങുന്നത്. മകന്‍ സോനു അമ്മാവന്മാരുടെ രക്തത്തിലുള്ള സ്വഭാവം പ്രകടിപ്പിക്കുന്നു. സജീവ ആര്‍.എസ്.എസ് അനുഭാവിയായി അവന്‍ മാറുന്നു. ലൗ ജിഹാദ് അടക്കമുള്ള മുസ്‌ലിംകളുടെ ചതികളെ അമ്മയെ അവന്‍ നിരന്തരം ബോധ്യപ്പെടുത്തുന്നു. തീര്‍ത്തും മതേതര മുസ്‌ലിമായ ബഷീറില്‍ നിന്നും ലഭിച്ച ജീവിതാനുഭവങ്ങള്‍ മുന്‍ നിര്‍ത്തി അമ്മ അവനോട് തര്‍ക്കിക്കുന്നു. ഇങ്ങനെ കഥ അവസാനിക്കുമെന്ന് തോന്നിയേടത്താണ് ഇന്ദുമേനോന്‍ സംശയത്തിന്റെ വിഷസൂചികളുമായി ക്ലൈമാക്‌സ് മാറ്റുന്നത്. സുമംഗലക്ക് അസുഖം പിടിപെടുന്നു. ഡോക്ടര്‍മാര്‍ പലവിധ ടെസ്റ്റുകളും നടത്തി ഒടുവില്‍ എച്ച്.ഐ.വി. പോസീറ്റിവാണെന്ന് സ്ഥിരീകരിക്കുന്നു. തന്റെ പാതിവ്രത്യത്തില്‍ സംശയമില്ലാത്ത സുമംഗല റിപ്പോര്‍ട്ടുകള്‍ തെറ്റിയതായിരിക്കുമെന്ന് ഡോക്ടറോട് കയര്‍ക്കുന്നു. അപ്പോഴാണ് മുമ്പ് അവരുടെ ഭര്‍ത്താവ് ബഷീറിനെയും പരിശോധിച്ചിരുന്ന ആ ഡോക്ടര്‍ സ്‌ഫോടനാത്മകമായ ആ രഹസ്യം വെളിപ്പെടുത്തുന്നത്. ബഷീര്‍ ആത്മഹത്യ ചെയ്യാന്‍ കാരണം അര്‍ബുദമല്ല, എയ്ഡ്‌സായിരുന്നു. അതോടെ മകന്‍ സോനു നിരന്തരം പറയുന്ന മുസ്‌ലിമിന്റെ ചതി തന്റെ ജീവിതത്തിലും സംഭവിച്ചിരിക്കുന്നുവെന്ന് സുമംഗല തിരിച്ചറിയുന്നു. എന്നിട്ട് ഇന്ദുമേനോന്‍ കഥ അവസാനിപ്പിക്കുന്നത് സുമംഗലയുടെ തീരുമാനം ഇങ്ങനെ രേഖപ്പെടുത്തി കൊണ്ടാണ്. ''ഇനി സോനുവിന്റെ സര്‍ട്ടിഫിക്കറ്റുകളില്‍ അവന്റെ ജാതിക്കോളത്തില്‍ 'ജാതിയില്ല, മതമില്ല' എന്നെഴുതിയത് തിരുത്തി കറുത്ത മഷി കൊണ്ട് ഹിന്ദു.. ഹിന്ദു റഡ്യാര്‍' എന്നെഴുതണമെന്ന് അവള്‍ ആഗ്രഹിച്ചു.'' സുമംഗലയുടെ പ്രതികാരം ബഷീറിലും അവസാനിക്കുന്നില്ല. 'ഇന്നു മുതല്‍ സോനുവിനെ ശാഖയ്ക്കയക്കണം, അവള്‍ ക്രൂരമായ ഒരാനന്ദത്തോടെ ബഷീറിനെയും ഓര്‍ത്തു.' ലൗ ജിഹാദിനും മുസ്‌ലിമിന്റെ ചതികള്‍ക്കുമെതിരെ പോരാടുന്ന ആര്‍.എസ്.എസ്സ് ശാഖയിലേക്ക് മകനെ അയക്കണമെന്ന, വരികളില്‍നിന്ന് ആ പ്രതികാരം ബഷീറിന്റെ സമുദായത്തിലേക്ക് പടരുന്നുവെന്നാണ് മനസ്സിലാവുന്നത്. പ്രണയം നടിച്ച് ബഷീര്‍ ജീവിതം തകര്‍ത്തത് സുമംഗലയുടേത് മാത്രമല്ലെന്നും കഥയില്‍ സൂചനയുണ്ട്. അവരുടെ അയല്‍വാസിയും സുമംഗലയുടെ സുഹൃത്തുമായിരുന്ന എലിസബത്ത് എയ്ഡ്‌സ് പിടിച്ച് മരിക്കാനുള്ള കാരണവും ബഷീര്‍ അവരോട് പുലര്‍ത്തിയ രഹസ്യ പ്രണയമായിരുന്നു. എലിസബത്തിന്റെ ഭര്‍ത്താവ് ഐസക് തന്നെ ആ ചതിയുടെ കഥ സുമംഗലയോട് വെളിപ്പെടുത്തുന്നുണ്ട്.
ഇന്ദുമേനോന്റെ 'മരണവേട്ടയെ' മുന്‍നിര്‍ത്തി മാതൃഭൂമിയുടെ മതേതരത്വത്തെ ചോദ്യം ചെയ്യേണ്ടതുണ്ടോ എന്നത് ന്യായമായ സംശയമാണ്. പക്ഷേ, ആ തോന്നലുകളെയെല്ലാം ദുര്‍ബലപ്പെടുത്തുന്നതാണ് ഇതേ പ്രമേയം ഇതിനേക്കാള്‍ തീവ്രമായി അവതരിപ്പിക്കുന്ന സുസ്‌മേഷ് ചന്ത്രോത്തിന്റെ 'എന്റെ മകള്‍ ഒളിച്ചോടും മുമ്പ്' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ഫെബ്രുവരി 17) എന്ന കഥ.
ഒരു ഹിന്ദു കുടുംബത്തിലെ ഏക സന്താനമായ എല്‍മയെ കോളേജിലെ അവളുടെ സീനിയറായ നൗഫല്‍ പ്രണയിക്കുന്നു. രക്ഷിതാക്കളോട് എല്‍മ തന്റെ പ്രണയം തുറന്ന് പറയുന്നു. ആ രഹസ്യം വെളിപ്പെടുത്തുമ്പോള്‍ തന്റെ കാമുകന്റെ മതത്തിന്റെ പരിമിതികളെ കുറിച്ചും ഭാവിയില്‍ മാതാപിതാക്കളോട് അവര്‍ രണ്ടു പേരും എടുത്തേക്കാവുന്ന നിലപാടുകളെക്കുറിച്ചും ആമുഖമായി സൂചിപ്പിക്കുന്നുണ്ട്. ഒരു സമുദായത്തെക്കുറിച്ചുള്ള കഥാകൃത്തിന്റെ മുന്‍വിധികള്‍ തികട്ടിവരുന്ന ആ രംഗങ്ങള്‍ ഇങ്ങനെ:
''ഹൈന്ദവ ആചാര പ്രകാരം രക്ഷിതാക്കളെ നോക്കേണ്ടത് ആണ്‍മക്കളല്ലേ?
ഞാനും നീനയും (എല്‍മയുടെ അഛനും അമ്മയും) മുഖത്തോട് മുഖം നോക്കി.
ഞാന്‍ അറിയിച്ചു: ഹൈന്ദവാചാരം മാത്രമല്ല. ലോകനീതിയും അതുതന്നെയാണ്. ആണ്‍മക്കളില്ലെങ്കില്‍ പിന്നെ പെണ്‍മക്കള്‍ നോക്കണം.
പെണ്‍മക്കള്‍ നോക്കണമെങ്കില്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ സമ്മതിക്കേണ്ടേ?
വേണം. അങ്ങനെ സമ്മതിക്കുമെന്ന് വിശ്വാസമുള്ള ഒരുത്തനെയായിരിക്കുമല്ലോ രക്ഷിതാക്കള്‍ കണ്ടുപിടിച്ചു കൊടുക്കുക.
നിങ്ങളെ നോക്കാന്‍ സാധ്യതയില്ലാത്ത ഒരാളെ ഞാന്‍ വിവാഹം കഴിക്കാന്‍ പോവുകയാണ്. എനിക്ക് പിന്മാറാന്‍ സാധ്യമല്ല.''
മാതാപിതാക്കള്‍ക്ക് ഹിന്ദുമതവും ലോക നീതിയും ആവശ്യപ്പെടുന്ന പരിചരണവും സ്‌നേഹവും സംരക്ഷണവും അവര്‍ മറ്റൊരു മതത്തിലെ അംഗങ്ങളായി എന്നതിനാല്‍ നിഷേധിക്കുന്ന മതമാണ് നൗഫലിന്റേതെന്ന് എല്‍മയിലൂടെ കഥാകാരന്‍ തുറന്നു പ്രഖ്യാപിക്കുന്നു. ദൈവത്തിനോടുള്ള കടമകളോടൊപ്പമാണ് വിശുദ്ധ ഖുര്‍ആന്‍ മാതാപിതാക്കളോടുള്ള ബാധ്യതകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മാതാപിതാക്കള്‍ മറ്റു മതവിശ്വാസികളാണെങ്കിലും ഈ ഉത്തരവാദിത്വവും സംരക്ഷണവും അവര്‍ക്ക് ഇസ്‌ലാം ഉറപ്പുവരുത്തുന്നുണ്ട്. ദൈവത്തിനു അവകാശപ്പെട്ടതില്‍ മറ്റുള്ളവരെ പങ്കുചേര്‍ക്കാന്‍ അവര്‍ ആവശ്യപ്പെട്ടാല്‍ അത് അനുസരിക്കണ്ടേതില്ല. മറ്റുള്ള വിഷയങ്ങളിലെല്ലാം അവരെ അനുസരിക്കണമെന്നാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. മുഹമ്മദ് നബിയുടെ പ്രബോധനാരംഭത്തിലെ അനുയായികളില്‍ പലരുടെയും മാതാപിതാക്കള്‍ ഇസ്‌ലാം സ്വീകരിച്ചിരുന്നില്ല. അവരുടെ മാതാപിതാക്കളോട് പൂര്‍വാധികം ഊഷ്മളതയോടെ ഇടപെടാനാണ് പ്രവാചകന്‍ കല്‍പിച്ചത്.
കഥാകാരന്‍ പക്ഷേ, തന്റെ മുന്‍വിധിയിലുള്ള ഇസ്‌ലാമിനെ നായികയിലൂടെ സംശയമായി അവതരിപ്പിക്കുകയും തുടര്‍ന്ന് നായകന്‍ നൗഫലിന്റെ വാക്കുകളിലൂടെ അത് ശരിയും യാഥാര്‍ഥ്യവുമാണെന്ന് ദൃഢീകരിക്കുകയും ചെയ്യുന്നു. വിശാല ഹിന്ദുമതത്തിലെ അംഗങ്ങളായതിനാല്‍ രക്ഷിതാക്കള്‍ എല്‍മയുടെ പ്രണയത്തെ അംഗീകരിച്ചു. നൗഫലിനോട് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെടുന്നു. അവിടെ വെച്ച് എല്‍മയുടെ മാതാപിതാക്കളോട് നൗഫല്‍ തന്റെ മതത്തിന്റെയും കുടുംബത്തിന്റെയും പരിമിതി അറിയിക്കുന്നു. ''എനിക്ക് ഇവിടെ വന്ന് നില്‍ക്കാനോ ഇവളെയും കൂട്ടി നാട് വിട്ട് പോകാനോ പറ്റില്ല. നിങ്ങള്‍ അനുകൂലിച്ചിട്ട് കാര്യമില്ല. എന്റെ ഫാമിലി അനുവദിക്കണം. അവര്‍ക്ക് വേണ്ടി എല്‍മ മതം മാറേണ്ടിവരും. ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന രണ്ട് പെങ്ങന്മാര്‍ എനിക്കുണ്ട്. അവരുടെ വിവാഹം നടക്കണമെങ്കിലും എല്‍മ മതം മാറേണ്ടത് ഒരാവശ്യമാണ്. അതുവരെ ഞാനും ഇവളും ഇവിടെ ഇങ്ങനെ ഇടക്കിടെ വരുന്നതും പോകുന്നതും ശരിയാവില്ല. ദയവായി നിങ്ങള്‍ രണ്ടാളുമത് മനസ്സിലാക്കണം.''
ഏതായാലും മാതൃഭൂമി കഥകളുടെ രാഷ്ട്രീയവും അതിന്റെ അനന്ത സാധ്യതയും പെട്ടെന്നുതന്നെ സംഘ്പരിവാരം തിരിച്ചറിഞ്ഞു. സുസ്‌മേഷിന്റെ കഥ പ്രസിദ്ധീകരിച്ച് പിറ്റെ ആഴ്ച ഇറങ്ങിയ കേസരി വാരികയില്‍ വന്ന ലേഖനത്തിന്റെ തലക്കെട്ട് ഇങ്ങനെ: 'സുസ്‌മേഷ് പുതുതായി ഒന്നും പറയുന്നില്ല'. തങ്ങള്‍ നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുന്ന ലൗ ജിഹാദ് ഒരു യാഥാര്‍ഥ്യം തന്നെയാണെന്ന് മതേതര മാതൃഭൂമിയും സുസ്‌മേഷും ആവര്‍ത്തിച്ചുറപ്പിച്ചതിന്റെ സന്തോഷമാണ് കേസരി വാരിക പങ്കുവെക്കുന്നത്.
''ഇസ്‌ലാം മതത്തില്‍ പെട്ടവരുമായുള്ള ഒളിച്ചോട്ടങ്ങളിലെല്ലാം വിവാഹം എന്ന കര്‍മത്തേക്കാള്‍ പ്രധാനം മതം മാറ്റം എന്ന കര്‍മത്തിനാണ്. മതം വളര്‍ത്താനുള്ള വ്യഗ്രതയില്‍ അവര്‍ ചവിട്ടിയരക്കുന്ന പെണ്‍കുട്ടികളുടെ ജീവിതങ്ങളെക്കുറിച്ച്, രക്ഷിതാക്കളുടെ കണ്ണില്‍ നിന്ന് പൊടിയുന്ന കണ്ണീരിനെക്കുറിച്ച് മതാന്ധന്മാര്‍ ഓര്‍ക്കാറില്ലേ? അത്തരക്കാരുടെ ഹൃദയങ്ങളിലേക്ക് ഒരെത്തിനോട്ടമാണ് സുസ്‌മേഷ് ചന്ത്രോത്തിന്റെ കഥ'' (കേസരി മാര്‍ച്ച് 3).
ആയതിനാല്‍ ഇനി കേസരി വായിക്കുന്നവര്‍ നിര്‍ബന്ധമായും മാതൃഭൂമി വാരികയും വായിച്ചിരിക്കണം. കാരണം ലൗ ജിഹാദ് എന്നത് ഒരു മത വര്‍ഗീയ കെട്ടുകഥയല്ല. അത് മാതൃഭൂമി വാരികയിലെ ഒരു വിശുദ്ധ മതേതര കഥയാണ്.
Comments