Prabodhanm Weekly

Pages

Search

2013 ഏപ്രില്‍ 19

നീതിനിഷ്ഠമായ ലോകക്രമത്തിന്

നുഷ്യകുലത്തിന് സമാധാനവും സ്വാസ്ഥ്യവും ക്ഷേമവും പ്രദാനം ചെയ്യുന്ന ഒരാഗോള ക്രമം -തെളിച്ചു പറഞ്ഞാല്‍ ഒരു ഗ്ലോബല്‍ ഗവണ്‍മെന്റ്- ആവശ്യമാണെന്ന ബോധം ശക്തിപ്പെട്ടുവരികയാണ്. പ്രകൃതിയുടെ താല്‍പര്യമാണ് മനുഷ്യര്‍ തമ്മില്‍ സ്‌നേഹപൂര്‍ണവും സഹകരണാത്മകവുമായ സഹവര്‍ത്തിത്വം നിലനില്‍ക്കുക എന്നത്. കുടുംബം മുതല്‍ മേലോട്ടുള്ള എല്ലാ മാനുഷിക കൂട്ടായ്മകളും ഈ പ്രകൃതി ഗുണത്തിന്റെ സൃഷ്ടിയാണ്. ആദികാലത്ത് കുടുംബവും ഗോത്രവുമായിരുന്നു ആളുകളുടെ തട്ടകം. അതിനപ്പുറമുള്ളവരെ അവര്‍ അറിയുകയോ ബന്ധപ്പെടുകയോ ചെയ്തിരുന്നില്ല. മനുഷ്യന്റെ വളര്‍ച്ചക്കനുരോധമായി അവന്റെ ബന്ധവൃത്തവും വളര്‍ന്നു. ഇന്നിപ്പോള്‍ ഗതാഗത സൗകര്യങ്ങളുടെയും സാങ്കേതികവിദ്യകളുടെയും വികാസം ലോകത്തെ ഒരു ഗ്ലോബല്‍ വില്ലേജാക്കി മാറ്റിയിരിക്കുന്നു. ലോകത്തിന്റെ ഒരറ്റത്തുള്ളവര്‍ക്ക് മാറ്റേ അറ്റത്തുള്ളവരുമായി നേരില്‍ കണ്ട് സംസാരിക്കാം. പരസ്പരം ആശയങ്ങളും സഹായങ്ങളും കൈമാറാം. അതേസമയം ആയിരക്കണക്കിന് കാതങ്ങളകലെയുള്ളവരില്‍നിന്നുള്ള വഞ്ചനയും ചൂഷണവും ആക്രമണവും ഏതു നിമിഷവും ഭയപ്പെടുകയും വേണം. ഭൂമിശാസ്ത്രപരമായ അകല്‍ച്ചയോ ഭാഷാ വര്‍ണ വൈവിധ്യങ്ങളോ ഒന്നിനും തടസ്സമല്ലാതായിരിക്കുന്നു. സമാധാനവും നിര്‍ഭയത്വവും ഉറപ്പുനല്‍കുന്ന ശക്തി സ്‌നേഹപൂര്‍ണവും സഹകരണാത്മകവുമായ മാനുഷികബന്ധം മാത്രമായി ചുരുങ്ങിയിരിക്കുന്നു.
സ്‌നേഹിച്ച് സഹകരിച്ചൊന്നാവാനുള്ള പ്രകൃതി താല്‍പര്യത്തെ പൂര്‍ണ രൂപത്തില്‍ സാക്ഷാത്കരിക്കാന്‍ മനുഷ്യനില്‍ വളര്‍ന്ന വേര്‍തിരിവിന്റെയും വിവേചനത്തിന്റെയും ഉച്ചനീചത്വത്തിന്റെയും സങ്കല്‍പങ്ങള്‍ ഒരിക്കലും അനുവദിച്ചിട്ടില്ല. പരസ്പരം അതിജയിക്കാനും കീഴടക്കാനും സൗഭാഗ്യങ്ങളെല്ലാം സ്വന്തമാക്കാനുമുള്ള ആര്‍ത്തി വ്യക്തികളെയും സമൂഹങ്ങളെയും ഒരുപോലെ വഴിതെറ്റിക്കുന്നു. ഉത്കര്‍ഷേഛയും ഒരു പാവന വികാരമാണ്. അവരവരുടെ കഴിവും കര്‍മ ഗുണവും മെച്ചപ്പെടുത്താനുള്ള അഭിലാഷമാണത്. അന്യരെ അടിച്ചമര്‍ത്തിയും അവരുടെ അവകാശങ്ങള്‍ കവര്‍ന്നും ആധിപത്യം വാഴാനുള്ള ആര്‍ത്തിയാകുമ്പോള്‍ അത് പൈശാചികവും പ്രകൃതിവിരുദ്ധവുമായിത്തീരുന്നു. അതില്‍ യഥാര്‍ഥ മാനുഷിക ബന്ധങ്ങള്‍ക്കും സൗഹാര്‍ദപരമായ സഹവര്‍ത്തിത്വത്തിനും ഇടമില്ല. സാമാന്യ ജനം ശുദ്ധ പ്രകൃതിയുടെ പ്രേരണയാല്‍ മാനുഷികൈക്യത്തിലും സമത്വത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ രാഷ്ട്രീയവും രാഷ്ട്രാന്തരീയവുമായ ബന്ധങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, അതിനുവേണ്ടി ഫലപ്രദമായി പരിശ്രമിക്കേണ്ടവര്‍ താല്‍പര്യപ്പെടുന്നത് സ്വയം ആഗോളാധിപതികളാകാനും മറ്റുള്ളവരെ തങ്ങളുടെ അടിമകളാക്കാനുമാണ്. സാര്‍വലൗകിക ക്ഷേമം എന്ന മോഹന മുദ്രാവാക്യത്തില്‍ പൊതിഞ്ഞ് അവരവതരിപ്പിക്കുന്ന പരിപാടികളുടെ ഉള്ളറകളിലേക്കിറങ്ങിച്ചെന്നാല്‍ കാണുക കൊടിയ പരജന വൈരവും നഗ്നമായ ലോകാധിപത്യ ദാഹവുമാണ്. ഇത്തരത്തിലുള്ള രണ്ട് സംവിധാനം കഴിഞ്ഞ നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെടുകയുണ്ടായി. ഒന്നാമത്തേത് ലീഗ് ഓഫ് നാഷ്ന്‍സ് ആയിരുന്നു. രണ്ടാം ലോകയുദ്ധത്തോടെ അത് ചരമമടഞ്ഞു. അനന്തരം പിറവികൊണ്ടതാണ് ഐക്യരാഷ്ട്രസഭ (യു.എന്‍.ഒ). അത് ഇനിയും ചത്തിട്ടില്ലെങ്കിലും ചത്തതിനേക്കാള്‍ കഷ്ടമാണവസ്ഥ. ആഗോള സമാധാനത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും സംരക്ഷണം ലക്ഷ്യമാക്കി സ്ഥാപിതമായ യു.എന്നിനെ അതിന്റെ സംഘാടകര്‍ സ്വന്തം സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്കു വേണ്ടി അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്കെല്ലാം വിരുദ്ധമായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ഫലസ്ത്വീനില്‍ നിന്ന് തദ്ദേശീയരെ ആട്ടിയോടിച്ച് യൂറോപ്പില്‍ നിന്നെത്തിയ ജൂതര്‍ അവിടെ അധാര്‍മികമായി സ്ഥാപിച്ച ഇസ്രയേല്‍ എന്ന കൃത്രിമ രാഷ്ട്രത്തിന് അംഗീകാരം നല്‍കാന്‍ ഈ ലോക സമാധാന കേന്ദ്രത്തിന് ഒരു മടിയുമുണ്ടായില്ല. അമേരിക്ക നയിച്ച വിയറ്റ്‌നാം-ഹംഗറി-കൊറിയന്‍ യുദ്ധങ്ങള്‍ക്കൊന്നും ഐക്യരാഷ്ട്ര സഭ തടസ്സമായില്ല. ലക്ഷക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിക്കൊണ്ട് നടത്തപ്പെട്ട ഇറാഖ്-അഫ്ഗാന്‍ അധിനിവേശങ്ങള്‍ക്ക് കുട പിടിക്കുന്നതും യു.എന്‍ തന്നെ. വന്‍ശക്തികളുടെ മേധാവിത്വത്തിനു വഴങ്ങാന്‍ മടിക്കുന്നവരെ ആയുധവും ആഹാരവും മരുന്നുമെല്ലാം വിലക്കി കൊല്ലാക്കൊല ചെയ്യുന്ന ഉപരോധ പ്രമേയങ്ങള്‍ യു.എന്‍.ഒവിന്റെ നിത്യ വിനോദമാണ്. ഈയിടെ വമ്പിച്ച കൊട്ടിഘോഷത്തോടെ പാസ്സാക്കപ്പെട്ട ആയുധ വ്യാപാര ഉടമ്പടി(ഐ.ടി.ടി)യും ഈ വിനോദത്തിന്റെ ഭാഗമാണ്.
ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തില്‍ അതിന്റെ ഗുണഭോക്താക്കളല്ലാത്ത ആരും തൃപ്തരല്ല. യു.എന്‍.ഒ പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നു, എപ്പോഴും വന്‍ശക്തികളുടെ താല്‍പര്യത്തിനൊപ്പം നില്‍ക്കുന്നു, വന്‍ശക്തികളുടെ പാവയായി പ്രവര്‍ത്തിക്കുന്നു എന്നിങ്ങനെ ആവലാതികള്‍ ഒട്ടേറെയുണ്ട്. ഈ ലോകവേദിയുടെ ഘടനയും പ്രവര്‍ത്തന രീതിയും ഉടച്ചുവാര്‍ക്കണമെന്ന ആവശ്യം ഉയര്‍ന്നു തുടങ്ങിയിട്ട് ഏറെ നാളായി. വന്‍ ശക്തികള്‍ കൈയടക്കിവെച്ചിരിക്കുന്ന വീറ്റോ പവര്‍ തന്നെ യു.എന്നിന്റെ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായ ഫാഷിസ്റ്റ് ആശയമാണ്. വന്‍ശക്തികള്‍ യു.എന്‍.ഒ സംഘടിപ്പിച്ചിട്ടുള്ളത് സ്വന്തം പാവയായി ഉപയോഗിക്കാനും ഒരു കാരണവശാലും അതിന്റെ നിയന്ത്രണം തങ്ങളുടെ കൈയില്‍നിന്ന് നീങ്ങിപ്പോകാതിരിക്കാനും ഏറ്റവും പറ്റിയ രൂപത്തിലാണ്. അതുകൊണ്ട് പരിഷ്‌കരണത്തിനോ പുനഃസംഘടനക്കോ ഉള്ള മുറവിളികളൊന്നും പരിഗണിക്കപ്പെടുന്നേയില്ല. നേരത്തെ ലോകത്ത് രണ്ട് വന്‍ ശക്തിയുണ്ടായിരുന്നു. അതിലൊന്ന് പെട്ടെന്ന് തിരോധാനം ചെയ്തു. അത് സൃഷ്ടിച്ച വിടവ് തങ്ങള്‍ നികത്തുന്നുവെന്നും ലോകം അതംഗീകരിക്കണമെന്നും അവശേഷിക്കുന്ന ഏക വന്‍ശക്തി അവകാശപ്പെടുന്നു. ഇനി ലോകത്തിന്റെ രാജാക്കന്മാര്‍ അവര്‍ മാത്രമാണെന്നര്‍ഥം. അമേരിക്കയുടെ നേതൃത്വത്തിലുള്ള ലോകക്രമമെന്നാല്‍ അമേരിക്ക നടത്തുന്ന ലോകഭരണം തന്നെയാണ്. പക്ഷേ, ലോകം ഈ അവകാശവാദം ഇനിയും അംഗീകരിച്ചിട്ടില്ല. ഇഷ്ടപ്പെടുന്നുമില്ല. അന്തസ്സും അഭിമാനവും സമത്വവും എല്ലാവര്‍ക്കും വകവെച്ചു കിട്ടുന്ന, ആരും യജമാനരും അടിമകളുമായി വിവേചിക്കപ്പെടാത്ത നീതിനിഷ്ഠമായ ലോക വ്യവസ്ഥയാണ് സാമാന്യ ലോകത്തിന്റെ പ്രകൃതി തേടിക്കൊണ്ടിരിക്കുന്നത്. ഈ തേട്ടം എങ്ങനെ സഫലമാക്കാം എന്നതാണ് അവരുടെ മുന്നിലുള്ള സങ്കീര്‍ണമായ ചോദ്യം. 'സമത്വം' കേള്‍ക്കാന്‍ സുഖമുള്ള ഒരലങ്കാര പദമെന്നതിലുപരി മനുഷ്യ മനസ്സില്‍- ഉന്നതരും വിധാതാക്കളുമായി വാഴുന്നവരുടെ മനസ്സില്‍ വിശേഷിച്ചും- ഒരു സജീവ ബോധമായിത്തീരുമ്പോഴേ സമത്വവും സാഹോദര്യവും യാഥാര്‍ഥ്യമായി പുലരൂ. മനുഷ്യര്‍ക്കിടയിലുള്ള ബാഹ്യ വ്യത്യാസങ്ങള്‍ 'മനുഷ്യന്‍' എന്ന മൗലികമായ തനിമയെ (ഐഡന്റിറ്റി) നിഷേധിക്കാനുള്ളതല്ല. മറിച്ച്, അവരെ പരസ്പരം കൂട്ടിയിണക്കി ഒന്നാക്കി മൗലികമായ ഐഡന്റിറ്റിയെ ഉദാത്തവും ഉത്തിഷ്ഠവുമാക്കാനുള്ളതാണ്. ഈ സങ്കല്‍പമായിരിക്കണം ദേശീയവും ദേശാന്തരീയവുമായ കൂട്ടായ്മകളുടെ അടിത്തറ. അതിന്മേല്‍ മാത്രമേ നീതിനിഷ്ഠവും സമത്വപൂര്‍ണവും സഹകരണാത്മകവുമായ ലോകക്രമം കെട്ടിപ്പടുക്കാനാവൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 34-41
ഖുര്‍ആന്‍ ബോധനം എ.വൈ.ആര്‍