Prabodhanm Weekly

Pages

Search

2013 ഏപ്രില്‍ 19

പൊതുതെരഞ്ഞെടുപ്പിന്റെ ആരവം, സമവാക്യങ്ങളുടെ പുനരാവിഷ്കാരം

എ. റശീദുദ്ദീന്‍ കവര്‍സ്റോറി

ന്ത്യന്‍ രാഷ്ട്രീയത്തെ വായിക്കുന്നതില്‍ ടെലിവിഷന്‍ ചാനലുകള്‍ കാണിക്കുന്ന വിവരക്കേടുകളാണ് കുറെക്കാലമായി നമ്മുടെ അച്ചടിമാധ്യമങ്ങളിലും അതേമട്ടില്‍ നിറയാറുള്ളത്. കോണ്‍ഗ്രസ്, ബി.ജെ.പി, രാഹുല്‍ ഗാന്ധി, നരേന്ദ്ര മോഡി, അദ്വാനി, ഗുജറാത്ത്, മുലായം സിംഗ് തുടങ്ങിയ വിഷയങ്ങള്‍ ദൃശ്യസാധ്യമായ വാര്‍ത്തകളുടെ അതിരുകളില്‍ നിന്നു കൊണ്ടു ടെലിവിഷനുകളില്‍ പ്രത്യക്ഷപ്പെടുകയും വായന മുട്ടിയ പത്രപ്രവര്‍ത്തകര്‍ ഈ ദൃശ്യമാമാങ്കങ്ങള്‍ക്കു പിറകെ പായുകയുമാണ് ചെയ്യുന്നത്. നരേന്ദ്ര മോഡിയെ ഒരു ധ്രുവീകരണ ഇമേജായി ബി.ജെ.പി ഉയര്‍ത്തികൊണ്ടുവരുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതുണ്ടാക്കുന്ന അനുരണനങ്ങളെ കൃത്യതയോടെ വായിക്കാന്‍ നമ്മുടെ പത്രപ്രവര്‍ത്തകര്‍ക്കു കഴിയുന്നില്ല. 2009-ല്‍ അദ്വാനി ഇത്തരമൊരു ഇമേജായി മാറിയതിലൂടെ ബി.ജെ.പിക്ക് എന്താണ് സംഭവിച്ചതെന്ന് ആരും ഓര്‍മിപ്പിക്കുന്നില്ല. എന്തുകൊണ്ട് ബേനി പ്രസാദും മുലായമും അങ്ങാടിയില്‍ തമ്മിലടിക്കുന്നു എന്നും എന്തുകൊണ്ട് മുലായം അദ്വാനിയെയും അദ്വാനി റാം മനോഹര്‍ ലോഹ്യയെയും സ്തുതിക്കുന്നു എന്നും മമതാ ബാനര്‍ജി തമിഴ് പ്രശ്‌നത്തില്‍ എന്തിന് കോണ്‍ഗ്രസിനെ പിന്തുണക്കുന്നു എന്നും അദ്വാനി എന്തിന് ചത്ത കുതിരയായ രാമജന്മഭൂമി തര്‍ക്കത്തെ ഓര്‍മിപ്പിക്കുന്നു എന്നതുമൊക്കെ അത്തരം ചില വേറിട്ട വായനകളാണ്. ബാബരി മസ്ജിദ് തര്‍ക്കത്തിന്റെ കോടതിയിലുള്ള ഇപ്പോഴത്തെ ചിത്രം ആ വിഷയത്തെ തെരഞ്ഞെടുപ്പു ഗോദയില്‍ കൊണ്ടുവരാന്‍ ബി.ജെ.പിയെ ഒട്ടും സഹായിക്കുന്ന രീതിയിലല്ല. മൂന്നായി വിഭജിക്കപ്പെട്ട മസ്ജിദ് വളപ്പിന് പഴയ വൈകാരിക പ്രാധാന്യം നഷ്ടമായ അവസ്ഥയാണുള്ളത്. ഒരിക്കലും അതാവില്ല ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു വിഷയം. അദ്വാനി ഇക്കാര്യം വിളിച്ചു പറയുമ്പോള്‍ അദ്ദേഹത്തിന്റെ പരമമായ ലക്ഷ്യം ക്ഷേത്രനിര്‍മാണമല്ല എന്ന് ദേശീയ രാഷ്ട്രീയത്തിന്റെ ബാലപാഠമറിയുന്നവര്‍ക്കു പോലും വ്യക്തം. ആ പ്രസ്താവന രാജ്യത്തെ മതന്യൂനപക്ഷങ്ങളെക്കാളുപരി ബി.ജെ.പിയിലെ അധികാര വടംവലിയെയാണ് ബാധിക്കുമായിരുന്നത്. മോഡിയുടെ മറുപക്ഷത്ത് രാഹുല്‍ ഗാന്ധിയെ പ്രതിഷ്ഠിക്കുന്ന കോണ്‍ഗ്രസ് തന്ത്രത്തിന്റെ ഒരു എന്‍.ഡി.എ ആവിഷ്‌കാരമായിരുന്നു അദ്വാനിയുടെ ലക്ഷ്യം. എന്‍.ഡി.എക്കകത്തെ മോഡി വിരുദ്ധ മിതവാദികളെയും ആര്‍.എസ്.എസ്സിലെയും വി.എച്ച്.പിയിലെയും തീവ്രവാദികളെയും ഒപ്പം നിര്‍ത്താനുള്ള നീക്കം. അങ്ങനെയല്ല പക്ഷേ ഈ പ്രസ്താവന വായിക്കപ്പെട്ടത്. ബി.ജെ.പി നേതൃത്വം നല്‍കുന്ന മുന്നണിയായ എന്‍.ഡി.എയുടെയും കോണ്‍ഗ്രസ്സിന്റെ മുന്നണിയായ യു.പി.എയുടെയും പുനഃക്രമീകരണമാണ് ഒരുപക്ഷേ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. അതിലേക്കുള്ള ചെറിയ സൂചനകളും മുന്നൊരുക്കങ്ങളും മാത്രമായിരുന്നു ഈ പ്രസ്താവനകള്‍.

തെരഞ്ഞെടുപ്പ് എപ്പോള്‍?
കോണ്‍ഗ്രസ് ഒഴികെയുള്ള ഏതാണ്ടെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇന്ത്യയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് ആസന്നമാണെന്ന് വിലയിരുത്തുന്നവരാണ്. ബി.ജെ.പി, സമാജ്‌വാദി പാര്‍ട്ടി, ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ, ശിരോമണി അകാലിദള്‍, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവരൊക്കെ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. ഗവണ്‍മെന്റ് കാലാവധി പൂര്‍ത്തിയാക്കുമെന്ന് കോണ്‍ഗ്രസ് മാത്രമാണ് അവകാശപ്പെടുന്നത്. അതിന്റെ സാധ്യത പക്ഷേ ദിവസം ചെല്ലുന്തോറും നേര്‍ത്തുവരികയാണ്. പാര്‍ലമെന്റിന്റെ ഇക്കൊല്ലത്തെ വര്‍ഷകാല സമ്മേളനം കൈകാര്യം ചെയ്യുന്നതില്‍ യു.പി.എ ഫ്‌ളോര്‍ മാനേജര്‍മാര്‍ എങ്ങനെ വിജയിക്കുന്നു എന്നതിനെ ആശ്രയിച്ചു മാത്രമാണ് ഒക്‌ടോബറില്‍ തെരഞ്ഞെടുപ്പ് നടക്കാതിരിക്കുന്നതിന്റെ സാധ്യതകള്‍ ഉരുത്തിരിയുക. അപ്പോഴുമുണ്ട് ശൈത്യകാല സെഷന്‍ എന്ന കടമ്പ. സര്‍ക്കാറിനെതിരെ പാര്‍ലമെന്റില്‍ ഉയരുന്ന ഏതൊരു പുതിയ വിവാദവും ഇപ്പോഴത്തെ സാഹചര്യത്തില്‍ രണ്ടാം യു.പി.എ സര്‍ക്കാറിന്റെ പതനത്തിന് കാരണമായേക്കും. നിലവിലുള്ള സാഹചര്യത്തില്‍ ബി.എസ്.പിയുടെയും സമാജ്‌വാദി പാര്‍ട്ടിയുടെയും പിന്തുണയാണ് യു.പി.എ സര്‍ക്കാറിനെ നിലനിര്‍ത്തുന്നത്. മായാവതിയുടെ കാര്യത്തില്‍ കാരറ്റും വടിയും ഒരുപോലെ യു.പി.എ ഉപയോഗിക്കുന്നുണ്ട്. എസ്.സി.എസ്.ടി ബില്‍ പ്രലോഭനമാണെങ്കില്‍ താജ് കോറിഡോര്‍ കേസ് ഭീഷണിയായി നിലനിര്‍ത്തുന്നുമുണ്ട്. സി.ബി.ഐ ഭീഷണിയുടെ മാത്രം ഊക്കിലാണ് കോണ്‍ഗ്രസ് ഈ പിന്തുണകള്‍ നിലനിര്‍ത്തുന്നത്. മുലായത്തിനെതിരെയുള്ള അവിഹിത സ്വത്തുസമ്പാദന കേസിലും മായാവതിയുടെ അഴിമതി കേസിലും മുഴുവന്‍ ഫയലുകളും തയാറാക്കിവെച്ച് സി.ബി.ഐ 'മുകളില്‍ നിന്നുള്ള' ഉത്തരവും കാത്തുനില്‍ക്കുകയാണ്. ഏറ്റവും ഒടുവിലുള്ള റിപ്പോര്‍ട്ടുകളനുസരിച്ച് സര്‍ക്കാറിനുള്ള പിന്തുണ പരസ്യമായി പിന്‍വലിച്ചില്ലെങ്കിലും മായാവതിയും മുലായവും നേരത്തെയുള്ള തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറെടുത്തു കഴിഞ്ഞു. ബി.ജെ.പിയാവട്ടെ വെറും ആറു മാസക്കാലമാണ് ഈ സര്‍ക്കാറിന് നിശ്ചയിച്ചിരിക്കുന്ന കാലാവധി. ഇന്ത്യയിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഈ കാലയളവില്‍ ജനസമ്പര്‍ക്ക പരിപാടികള്‍ കാര്യക്ഷമമാക്കാന്‍ അവര്‍ പദ്ധതി ആവിഷ്‌കരിച്ചു കഴിഞ്ഞു. പണപ്പെരുപ്പം, വിലക്കയറ്റം, അഴിമതി, കള്ളപ്പണം എന്നിവ നിലവിലുള്ള യു.പി.എ സര്‍ക്കാറിനെതിരെ ആയുധമാക്കി ഉപയോഗിക്കാനാവുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോക്കറ്റ് ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം ഇക്കുറി 14 കോടിയായി വര്‍ധിച്ച സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയെ ഉപയോഗിച്ച് കോണ്‍ഗ്രസിനെതിരെ എല്ലാ തരം പ്രചാരണങ്ങളും അഴിച്ചു വിടാനും ജനങ്ങളുടെ മനസ്സില്‍ വെറുപ്പ് കുത്തിവെക്കാനുമാണ് നരേന്ദ്രമോഡി മുന്നില്‍ നിന്നു നയിച്ച ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡിന്റെ തീരുമാനമെന്നും സൂചനയുണ്ട്.
മുലായത്തിനു മുമ്പില്‍ അസാധാരണമായ ഒരു ചിത്രമാണ് ഉരുത്തിരിയുന്നത്. ബി.ജെ.പി വോട്ടുബാങ്കില്‍ നരേന്ദ്ര മോഡി കൊണ്ടുവരുന്ന ധ്രുവീകരണത്തിന് യു.പിയെ സംബന്ധിച്ചേടത്തോളം വര്‍ഗീയമുഖം മാത്രമല്ല ഉണ്ടായിരിക്കുക. മുലായത്തിന്റെ യാദവ് വോട്ടുബാങ്കിലും അത് ചില അടിയൊഴുക്കുകള്‍ക്ക് കാരണമാകും. മോഡിയെ ചൊല്ലി ജനതാദള്‍ യുനൈറ്റഡ് എന്‍.ഡി.എ ബന്ധം ഉപേക്ഷിക്കുകയും കോണ്‍ഗ്രസിനൊപ്പം ചേരാന്‍ തീരുമാനിക്കുകയും ചെയ്താല്‍ യു.പിയിലെ ജാതിരാഷ്ട്രീയം പുതിയൊരു വഴിയിലേക്കാണ് തിരിയുക. മുലായത്തിന്റെ വോട്ടുബാങ്കായ ഒ.ബി.സിക്കാര്‍ക്കു മുമ്പില്‍ 'അതി പിന്നാക്ക വിഭാഗങ്ങള്‍' എന്ന എം.ബി.സിയെ ഉയര്‍ത്തിക്കാട്ടുന്നതാണ് നിധീഷ് കുമാറിന്റെ രാഷ്ട്രീയം. ബീഹാറില്‍ ലാലുവിനെ അപ്രസക്തനാക്കിയ ഈ ജാതിസമവാക്യത്തില്‍ മുസ്‌ലിംകള്‍ക്ക് മുലായം നല്‍കുന്നതിനേക്കാള്‍ ഇടം കൊടുക്കാന്‍ നിധീഷിന് കഴിഞ്ഞിട്ടുണ്ട്. മോഡി വിരുദ്ധത നിധീഷിന്റെയും കോണ്‍ഗ്രസിന്റെയും മുഖമുദ്രയായാല്‍ ന്യൂനപക്ഷങ്ങള്‍ മുലായമിനെ കൈവെടിയുമെന്നത് നൂറുതരം. ഇതാണ് ബേനി പ്രസാദ് വര്‍മയെ മുന്നില്‍ നിര്‍ത്തി കഴിഞ്ഞ ഏതാനും ദിവസമായി നടക്കുന്ന യു.പി.എ നീക്കങ്ങളുടെ മര്‍മം. ഒ.ബി.സി മേഖലയിലെ സംവരണം യാദവര്‍ പൂര്‍ണമായും കൈയടക്കുന്ന സമാജ്‌വാദി ഭരണകാലത്ത് യു.പിയിലെ യാദവേതര എം.ബി.സി സമൂഹങ്ങളുടെ അസംതൃപ്തിയിലേക്കു കൂടിയാണ് ബേനിയും കോണ്‍ഗ്രസും കടന്നു കയറുന്നത്. എം.ബി.സിക്ക് കൂടുതല്‍ സംവരണം നല്‍കാന്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെടുന്ന ഒരു പ്രമേയം യു.പി കോണ്‍ഗ്രസ് ഈയിടെ പാസ്സാക്കിയത് ഈ ഉദ്ദേശ്യം മുന്നില്‍ കണ്ടാണ്. നിധീഷിന്റെ എം.ബി.സി തന്ത്രം യു.പിയില്‍ വിജയിപ്പിക്കാന്‍ ഏറ്റവുമധികം സാധ്യതയുള്ളത് കുര്‍മി നേതാവായ ബേനിപ്രസാദിനു തന്നെയാണ്. ഈ രണ്ടു സാധ്യതകളും നേരത്തെ മുന്നില്‍ കണ്ടാണ് മുലായം ന്യൂനപക്ഷ വോട്ടുകള്‍ക്ക് പുറത്തേക്കുള്ള അന്വേഷണം ആരംഭിച്ചത്. അദ്വാനിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എക്കകത്ത് പുതിയൊരു രാഷ്ട്രീയ ധ്രുവീകരണം നടക്കുന്നത് മുലായം ഏറ്റുപിടിക്കുകയും അദ്വാനി തന്നെ അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഏറ്റവും ചുരുങ്ങിയത് മൂന്ന് പ്രസ്താവനകളെങ്കിലും ഈയിടെ പുറത്തുവന്നതിന്റെ സാഹചര്യം അതാണ്. ജെ.ഡി.യു കോണ്‍ഗ്രസ്സിലേക്ക് വരികയാണെങ്കില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയാവാന്‍ ഏറ്റവുമധികം സാധ്യതയുള്ള കക്ഷി സമാജ്‌വാദിയാണ്. ബി.ജെ.പി വിരുദ്ധരായ അസംതൃപ്ത സവര്‍ണ വോട്ടുകളില്‍ മായാവതിയോടൊപ്പം മത്സരിക്കാനാണ് മുലായം ശ്രമിക്കുന്നത്. ഈ അവസ്ഥയിലേക്ക് മുലായത്തിനെ തള്ളിവിടുകയാണ് ബേനിയും കോണ്‍ഗ്രസും ചെയ്യുന്നത്.
സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയതിനു ശേഷം സ്വാഭാവികമായ ഷെഡ്യൂള്‍ അനുസരിച്ചു മാത്രമേ തെരഞ്ഞെടുപ്പ് നടക്കുകയുള്ളൂ എന്നു ഒരു ഭാഗത്ത് പറയുമ്പോഴും എല്ലാ സംസ്ഥാനങ്ങളിലേക്കും കോണ്‍ഗ്രസ് ഇതിനകം തെരഞ്ഞെടുപ്പു നിരീക്ഷകരെ അയച്ചു കഴിഞ്ഞു. നിലവിലുള്ള എം.പിമാരോട് പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കഴിഞ്ഞ കാലയളവിലെ ഇവരുടെ പ്രവര്‍ത്തനം അവലോകനം നടത്താനും യോഗ്യരായ പുതിയ സ്ഥാനാര്‍ഥികളെ കണ്ടെത്താനുമൊക്കെ എ.ഐ.സി.സി നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിലേറെ പ്രധാനമാണ് വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി അന്വേഷിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സഖ്യങ്ങള്‍. തമിഴ്‌നാട്ടില്‍ ഡി.എം.കെയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം അവസാനിച്ചുവെങ്കിലും അത് പൂര്‍ണമായ അന്ത്യമല്ലെന്നാണ് കരുണാനിധിയുടെ മകനും മുതിര്‍ന്ന നേതാവുമായ അഴഗിരി നല്‍കുന്ന സൂചനകള്‍. പിരിഞ്ഞതിനു ശേഷവും അഴഗിരി ജി.കെ വാസനെയും ചിദംബരത്തെയും കാണാനെത്തിയിരുന്നു. ഈ ബന്ധം എങ്ങനെയെങ്കിലും പുനരുജ്ജീവിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കങ്ങള്‍ നടത്തുന്നുണ്ട്. ബംഗാളില്‍ ഇടതുപക്ഷവുമായി അടുത്തേക്കും എന്നതിന്റെ സൂചനയാണ് കേരളത്തിലെത്തിയ വയലാര്‍ രവി നല്‍കിയതെന്നും ലക്ഷ്യം മമതയുടെ തൃണമൂലിനെ മെരുക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബംഗാളില്‍ നടന്ന മൂന്ന് ഉപതെരഞ്ഞെടുപ്പുകളില്‍ രജനിനഗറിലും നല്‍ഹാട്ടിയിലും തൃണമൂല്‍ മൂന്നാം സ്ഥാനത്താണ് എത്തിപ്പെട്ടത്. കോണ്‍ഗ്രസിന്റെ കരുത്തന്മാരായ നേതാക്കളായ അഭിജിത്ത് മുഖര്‍ജിയും അധീര്‍ രഞ്ജന്‍ ചൗധരിയും മുര്‍ഷിദാബാദ് മേഖലയില്‍ നിന്ന് തൃണമൂലിനെ കെട്ടുകെട്ടിച്ചപ്പോള്‍ കൊല്‍ക്കത്തയുടെ നഗരപ്രാന്തമായ ഇംഗ്ലീഷ് ബസാറില്‍ കോണ്‍ഗ്രസ് വിമതരുടെ സഹായത്തോടെയാണ് തൃണമൂല്‍ പിടിച്ചുനിന്നത്. ഈ മൂന്നു മണ്ഡലങ്ങളില്‍ രണ്ടിടത്തും ഇടതുമുന്നണി മോശമല്ലാത്ത വ്യത്യാസത്തോടെ രണ്ടാം സ്ഥാനത്തെത്തി എന്നതായിരുന്നു ഇക്കൂട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ സംഭവവികാസം. കോണ്‍ഗ്രസും തൃണമൂലും ഇടഞ്ഞുനിന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ബംഗാളിലെ ചിത്രം എന്താവുമെന്ന് ഇതോടെ വ്യക്തമായ സൂചനയാണ് മമതക്കു കിട്ടിയത്. അതുകൊണ്ടാണ് ബംഗ്ലാദേശിലേക്കൊഴുകുന്ന ടീസ്റ്റാ നദിയുടെ കാര്യത്തില്‍ ഇന്ത്യയുടെ വിദേശനയം ബാധകമല്ലാതിരുന്ന മമത തമിഴരുടെ കാര്യത്തില്‍ പക്ഷേ രാജ്യത്തിന്റെ വിദേശനയം പരമപ്രധാനമാണെന്ന് പ്രഖ്യാപിച്ചത്! മമത ഒറ്റക്കു നില്‍ക്കുന്നതും ബി.ജെ.പിയോടൊപ്പം പോകുന്നതുമൊക്കെ സൂക്ഷിച്ചു മാത്രമേ ഇനിയുണ്ടാവൂ. മമതയെ പാട്ടിലാക്കാനായി നരേന്ദ്ര മോഡി നേരിട്ട് രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും പഴയ എന്‍.ഡി.എ ഘടക കക്ഷിയായ തൃണമൂലിന് ഇത്തവണ ഒരു തിരിച്ചു പോക്ക് അത്ര എളുപ്പമല്ല. ബംഗാളിലെ 33 ശതമാനം മുസ്‌ലിം വോട്ടുകളുടെ ഇടതുചായ്‌വ് തന്നെയാണ് അവരുടെ ഭയപ്പെടുത്തുക. യു.പി.എയുടെ കാര്യത്തില്‍ മമത സ്വയം തിരുത്തുന്നില്ലെങ്കില്‍ പോലും കോണ്‍ഗ്രസ്സിന്റെ സാധ്യതകള്‍ മങ്ങുന്നില്ല. തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് - ഇടതു ധാരണ പരസ്യമായി ഉണ്ടാവില്ലെങ്കിലും ചില മിനിമം നീക്കുപോക്കുകള്‍ ഇരുകൂട്ടര്‍ക്കും ആവശ്യമായ സ്ഥിതിക്ക് ബംഗാളില്‍ അങ്ങനെയും സംഭവിച്ചു കൂടെന്നുമില്ല.
ബി.ജെ.പിക്ക് പ്രതീക്ഷ നല്‍കുന്നത് ചില കണക്കുകളാണ്. കോണ്‍ഗ്രസ് മുന്നണിക്ക് ആകെയുള്ള 265-ലെ 160 സീറ്റും തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ആന്ധ്ര പ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഏതാണ്ട് എല്ലായിടത്തും കോണ്‍ഗ്രസിന്റെ ചിത്രം മോശമാണ്. ഡി.എം.കെ ബന്ധം അവസാനിച്ചതിനു ശേഷം തമിഴ്‌നാട്ടിലെ യു.പി.എയുടെ ചിത്രം അങ്ങേയറ്റം പരിതാപകരമായ അവസ്ഥയിലാണ്. മോഡിയുടെ ആരാധിക കൂടിയായ മുഖ്യമന്ത്രി ജയലളിതയുമായി സഖ്യമുണ്ടാക്കിയാല്‍ ഡി.എം.കെയെ മെരുക്കാനാവുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ ആശയക്കുഴപ്പം തീര്‍ത്തുകൊടുക്കാന്‍ എന്‍.ഡി.എക്ക് കഴിഞ്ഞാല്‍ അവിടെ തെരഞ്ഞെടുപ്പിനു ശേഷമെങ്കിലും ചില സാധ്യതകളുണ്ട്. ചുരുങ്ങിയപക്ഷം, ബി.ജെ.പിക്ക് പരിശ്രമിക്കാനുള്ള ഒരു വഴിയെങ്കിലും ബംഗാളില്‍ തുറന്നു കിടക്കുന്നുണ്ട്. പക്ഷേ മോഡിയെ അംഗീകരിക്കുന്ന കാര്യത്തില്‍ മമതയും നിധീഷ് കുമാറിനെ പോലെ കടുത്ത നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തില്‍ ബംഗാള്‍ കീറാമുട്ടിയായി തുടരാനാണ് സാധ്യത. പക്ഷേ ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ യു.പി ഒഴികെയുള്ളേടത്തെല്ലാം ബി.ജെ.പിക്ക് മെച്ചപ്പെട്ട പ്രകടനം നടത്താന്‍ കഴിഞ്ഞേക്കും. മാത്രവുമല്ല ചില സാധ്യതകളനുസരിച്ച് തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയിലേക്ക് ചേക്കേറാനിടയുള്ള പാര്‍ട്ടികളുടെ എണ്ണം ഇത്തവണ കൂടുതലുമാണ്. ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒരു സാധ്യതയാണ് എന്‍.സി.പിയുടേത്. മറുഭാഗത്ത് ബി.ജെ.പിയുടെ ആശങ്കകളുമുണ്ട്. കര്‍ണാടക ബി.ജെ.പിയെ കൈവിടുമെന്ന് ഉറപ്പിച്ചു പറയാവുന്ന അവസ്ഥയിലാണ് ഇപ്പോഴത്തെ ചിത്രം. രമണ്‍ സിംഗിന്റെ ചത്തീസ്ഗഢും ശിവരാജ് സിംഗ് ചൗഹാന്റെ മധ്യപ്രദേശും ചില അപായ സൂചനകള്‍ നല്‍കാതെയല്ല. ഗുജറാത്തിനേക്കാള്‍ മികച്ച കാര്‍ഷിക വളര്‍ച്ചയും വ്യവസായ വളര്‍ച്ചയും കണക്കുകളില്‍ മധ്യപ്രദേശിന്റേതാണ്. 14.7 ശതമാനമാണ് മധ്യപ്രദേശിന്റെ കാര്‍ഷിക വളര്‍ച്ച. ഗുജറാത്ത് ഇതിന്റെ പരിസരത്തൊന്നുമില്ല. എന്നിട്ടും ബി.ജെ.പി നേതൃത്വം മധ്യപ്രദേശ് മുഖ്യമന്ത്രിയെ അവഗണിക്കുകയാണ് ചെയ്യുന്നത്. മോഡിയും മറ്റു മുഖ്യമന്ത്രിമാരും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ ബി.ജെ.പി മറച്ചുവെക്കാന്‍ ശ്രമിക്കുന്ന വലിയ സത്യങ്ങളിലൊന്നാണ്. പക്ഷേ എല്ലാവരും കൈമെയ് മറന്ന് രംഗത്തിറങ്ങിയാല്‍ മധ്യപ്രദേശും ചത്തീസ്ഗഢും ഝാര്‍ഖണ്ഡുമൊക്കെ ബി.ജെ.പിക്ക് നിലനിര്‍ത്താനുമാവും

അദ്വാനിയും ബി.ജെ.പിയും
2009-ലെ തെരഞ്ഞെടുപ്പില്‍ അദ്വാനിയെ മുന്നില്‍ വെച്ചാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ന്യൂനപക്ഷ വോട്ടുബാങ്കില്‍ മുമ്പൊന്നുമില്ലാത്ത വിധം ഏകോപനമുണ്ടായി. യു.പിയിലെ മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന 'തെറായി' മേഖലയില്‍ 1992-നു ശേഷം കോണ്‍ഗ്രസ് മടങ്ങിയെത്തി. കോണ്‍ഗ്രസിന് അനുകൂലമായി രാജ്യത്ത് സംഭവിച്ച ഏറ്റവും ഗുണകരമായ അടിയൊഴുക്കായിരുന്നു ഇത്. പക്ഷേ 2004-ലെ അദ്വാനിയില്‍ നിന്നും ഏറെ സ്വീകാര്യനായ അദ്വാനിയായിരുന്നു 2009-ലേത്. എന്നിട്ടു പോലും ഇതായിരുന്നു ചിത്രം. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നണി വിജയിച്ചിരുന്നുവെങ്കില്‍ അദ്ദേഹം പ്രധാനമന്ത്രി ആകുമായിരുന്നു. വേറെയും ചില അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. ടി.ഡി.പിയെ പോലുള്ള കടുത്ത അദ്വാനി വിരുദ്ധര്‍ എന്‍.ഡി.എയുടെ നയരൂപീകരണത്തില്‍ നിര്‍ണായക ഘടകമാവുന്ന അവസ്ഥ ഉണ്ടായിരുന്നില്ല. ബീര്‍ബല്‍ വരച്ച വര പോലെ അദ്വാനി എന്ന ധ്രുവീകരണ ശക്തിയെ അതിനേക്കാള്‍ വലിയ മറ്റൊന്നു കൊണ്ട് ബി.ജെ.പി മാറ്റിവരക്കാന്‍ ശ്രമിക്കുമ്പോള്‍ കഴിഞ്ഞ തവണത്തെ തെറ്റ് ആവര്‍ത്തിക്കുകയാണോ അതോ അദ്വാനിയെ മോഡിയേക്കാള്‍ സ്വീകാര്യനാക്കുകയാണോ ചെയ്യുന്നതെന്ന് വ്യക്തമല്ല. ഇപ്പോഴും മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആണോ അല്ലേ എന്ന കാര്യം ബി.ജെ.പി തീര്‍ത്തു പറഞ്ഞിട്ടില്ല. പറഞ്ഞാല്‍ പിണങ്ങുന്നവരുടെ പട്ടികയില്‍ ഏറ്റവും ആദ്യത്തെ പേര് ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിധീഷ് കുമാറിന്റേതാണ്. സംസ്ഥാനങ്ങള്‍ ജയിപ്പിക്കുന്ന രമണ്‍ സിംഗും ശിവരാജ് സിംഗ് ചൗഹാനും ലോക്‌സഭയുടെ കാര്യത്തില്‍ അത്ര ഉത്സാഹം കാണിക്കുമോ എന്ന ആശങ്ക ബി.ജെ.പിക്കകത്തുമുണ്ട്. അരുണ്‍ ജയ്റ്റ്‌ലിയെ പോലുള്ള നേതാക്കള്‍ മോഡിയെ മുന്നില്‍ നിര്‍ത്തുന്നത് കോണ്‍ഗ്രസ് ഉപയോഗപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. മുസ്‌ലികളുടെ വോട്ടുകള്‍ പ്രാദേശിക സംഘടനകളുടെ നിയന്ത്രത്തിലാണെന്നും കോണ്‍ഗ്രസിന് അതില്‍ വലിയ സ്വാധീനമില്ലെന്നുമുള്ള വിശ്വാസമാണ് ബി.ജെ.പിയുടേത്. അത് ശരിയല്ലെന്ന് കഴിഞ്ഞ തവണത്തെതില്‍ നിന്നെങ്കിലും പാര്‍ട്ടി പഠിക്കണമായിരുന്നു. യു.പിയില്‍ വെറും 7 സീറ്റ് മാത്രം ഉണ്ടായിരുന്ന കോണ്‍ഗ്രസ് ഒറ്റയടിക്ക് 21-ലേക്കാണ് കുതിച്ചു ചാടിയത്. യു.പി മുസ്‌ലിംകളില്‍ അഖിലേഷ് യാദവിനോട് ആഭിമുഖ്യം വളര്‍ന്നിട്ടുണ്ടെങ്കിലും അദ്വാനിയെ പ്രശംസിച്ചു കൊണ്ട് മുലായം നടത്തിയ പ്രസ്താവനകള്‍ മിക്ക മുസ്‌ലിം സംഘടനകളെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഇതോടൊപ്പമാണ് സ്വന്തം സര്‍ക്കാറിനെ അഴിമതിയുടെ പേരില്‍ അങ്ങാടിയില്‍ തുടര്‍ച്ചയായി വിമര്‍ശിക്കുന്ന മുലായമിന്റെ ദുരൂഹനീക്കങ്ങള്‍. അഖിലേഷ് യാദവിന്റെ പ്രതിഛായ കുത്തനെയാണ് യു.പിയില്‍ ഇടിയുന്നത്. മൊത്തത്തില്‍ പറഞ്ഞാല്‍, കോണ്‍ഗ്രസിനോട് 2009-ലേതിനേക്കാള്‍ അനുഭാവം നിലനില്‍ക്കുന്ന അവസ്ഥയാണ് ഉത്തര്‍പ്രദേശില്‍ ഇപ്പോഴുള്ളത്.
പ്രധാനമന്ത്രിയാവാനുള്ള മോഹം അദ്വാനി ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല എന്നു തന്നെയാണ് അദ്ദേഹത്തിന്റെ ഓരോ നീക്കവും വിരല്‍ ചൂണ്ടുന്നത്. ബി.ജെ.പി എങ്ങനെ ബി.ജെ.പിയായെന്ന് മറക്കരുതെന്ന അദ്ദേഹത്തിന്റെ പ്രഭാഷണം ഉദാഹരണം. രാംജന്മ ഭൂമി പ്രക്ഷോഭത്തിന്റെ പേരില്‍ ലജ്ജിക്കാനൊന്നുമില്ലെന്നും ആ സംഭവത്തില്‍ അഭിമാനം കൊള്ളുകയാണ് വേണ്ടതെന്നും അദ്വാനി പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു. പാര്‍ട്ടിയുടെ എല്ലാ ജന്മദിനാഘോഷവേളകളിലും നാഷ്‌നല്‍ എക്‌സിക്യൂട്ടീവ് യോഗങ്ങളിലും നിരന്തരം ആവര്‍ത്തിക്കാറുള്ളതാണെങ്കിലും ബാബരി മസ്ജിദ് വിഷയത്തിലെ കുപ്രസിദ്ധമായ ഇരട്ടനിലപാട് അദ്വാനി ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. മുലായം തന്നെ പ്രശംസിച്ചത് യോഗത്തില്‍ എടുത്തു പറഞ്ഞു. രണ്ട് ദിവസങ്ങള്‍ക്കു ശേഷം നടന്ന മറ്റൊരു ചടങ്ങിനിടെ, മുലായമിന്റെ താത്ത്വിക ആചാര്യനായ രാം മനോഹര്‍ ലോഹ്യയെ പുകഴ്ത്തിപ്പറഞ്ഞു. വിജയ് ഗോയലും അനന്ത് കുമാറും ബി.ജെ.പി സ്ഥാപക ദിവസാഘോഷ ചടങ്ങില്‍ അദ്വാനിയെ അടുത്ത പ്രധാനമന്ത്രിയാക്കി ഉയര്‍ത്തിക്കാട്ടി. സുഷമാ സ്വരാജ് ഈ ആശയത്തെ പിന്തുണച്ചു. തൊട്ടു പിറ്റേ ദിവസം ഈ ചര്‍ച്ചകള്‍ പൊതുജനമധ്യേ നടത്തരുതെന്ന് രാജ്‌നാഥ് സിംഗ് അണികളെ താക്കീതു ചെയ്തു. ഫലത്തില്‍ മോഡിയുടെ സ്ഥാനക്കയറ്റം ബി.ജെ.പിക്കകത്ത് പുതിയൊരു ചേരി രൂപപ്പെടുന്നതിന്റെ തുടക്കമായാണ് മാറുന്നത്. ഇതേ ഗോയലാണ് കേവലം മൂന്നാഴ്ച മുമ്പെ മോഡിയെ സ്തുതിക്കാന്‍ വാക്കുകള്‍ കിട്ടാതെ വിഷമിച്ചതെന്നോര്‍ക്കുക. രണ്ടാം നിര നേതാക്കളില്‍ പടരുന്ന ആശയക്കുഴപ്പവും സുഷമയുടെയും ജയ്റ്റ്‌ലിയുടെയും ഗോയലിന്റെയുമൊക്കെ നീക്കങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്.
മോഡിയാകട്ടെ ഒരു മുഴം മുമ്പെയാണ് എറിയുന്നത്. ഏറ്റവുമൊടുവില്‍ ഫിക്കി ഓഡിറ്റോറിയത്തിലെ മോഡിയുടെ പ്രഭാഷണം അദ്ദേഹത്തിന്റെ പ്രധാനമന്ത്രി മോഹത്തിന് അടിവരയിടുന്നതാണ്. യഥാര്‍ഥത്തില്‍ ഈ പ്രഭാഷണത്തിന്റെ ഉള്ളുകള്ളികള്‍ തിരിച്ചറിഞ്ഞാല്‍ പൊതുജനം ഇതേ കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തിലേറ്റിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. സ്വകാര്യവത്കരണം കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് നരേന്ദ്രമോഡി ഊന്നിയത്. പൊതുമേഖലയില്‍ കുറെക്കൂടി ഊര്‍ജിതമായ സ്വകാര്യവത്കരണം നടപ്പാക്കണം. പ്രതിരോധ മേഖലയിലേക്കു കൂടി വിദേശനിക്ഷേപം കൊണ്ടുവരുന്നതിനെ കുറിച്ചും വിദേശ ആയുധ നിര്‍മാണ കമ്പനികള്‍ക്ക് ഇന്ത്യന്‍ തൊഴിലാളികളുടെ 'പ്രാഗത്ഭ്യം' ഉപയാഗപ്പെടുത്താന്‍ കഴിയുമാറ് തൊഴില്‍ നിയമങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് പരമാധികാരം നല്‍കുന്നതിനെ കുറിച്ചും ആലോചിക്കണം. ഇതൊക്കെയായിരുന്നു 'ഭാവി' പ്രധാനമന്ത്രിയുടെ ആശയങ്ങള്‍. വിദേശികള്‍ക്ക് ആയുധ ഉല്‍പ്പാദന മേഖലയില്‍ നിലവിലുള്ള 26 ശതമാനം നിക്ഷേപം വര്‍ധിപ്പിക്കുന്നതോടു കൂടി പൊതുഖജനാവിന്റെ സിംഹഭാഗവും രാജ്യത്തിനു പുറത്തേക്ക് ഒഴുകുകയാണ് സംഭവിക്കുക. ഖജനാവ് ധനികര്‍ക്ക് തീറെഴുതിക്കൊടുക്കുന്നത് ഒരു പ്രത്യയശാസ്ത്രമാക്കി ഗുജറാത്തില്‍ വളര്‍ത്തിയ മോഡി കുറെക്കൂടി അപകടകരമായ ഒരു വികസനമന്ത്രവുമായാണ് ന്യൂദല്‍ഹിയിലേക്ക് എത്തുന്നതെന്ന് ചുരുക്കം. മോഡിയുടെ ക്രിമിനല്‍ വര്‍ഗീയതയും ഒപ്പം കച്ചവടവും ഒത്തുചേരുമ്പോള്‍ അദ്വാനിയുടെ വര്‍ഗീയതക്കു മാത്രമായി പിടിച്ചു നില്‍ക്കാനാവുമോ? അതോ ഈ വര്‍ഗീയതയെയും കച്ചവടത്തെയും 'സെക്യുലര്‍' ബ്രാന്‍ഡില്‍ വില്‍പ്പനക്കു വെച്ച കോണ്‍ഗ്രസ് ജയിക്കുമോ? അതാണ് പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി ഉയരുന്ന ചോദ്യം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 34-41
ഖുര്‍ആന്‍ ബോധനം എ.വൈ.ആര്‍