നവോത്ഥാന ധര്‍മങ്ങള്‍ വിമര്‍ശകരും പ്രവര്‍ത്തകരും വായിച്ചിരിക്കേണ്ട പുസ്തകം
2011 ഡിസംബറില്‍ കൊല്ലത്ത് നടന്ന പ്രബോധനത്തിന്റെ ഗസ്സാലി പതിപ്പ് പ്രകാശനത്തില്‍ പങ്കെടുക്കാന്‍ ജമാഅത്ത് പ്രവര്‍ത്തകര്‍ എന്നെ ക്ഷണിച്ചിരുന്നു. ഇമാം ഗസ്സാലിയുടെ പുസ്തകങ്ങള്‍ വായിച്ചും കേട്ടും അറിയാം. മിശ്കാത്തുല്‍ അന്‍വാര്‍ പൂര്‍ണമായും വായിച്ചിട്ടുണ്ട്,. അതുകൊണ്ട് ഗസ്സാലി സ്‌പെഷ്യല്‍ പതിപ്പ് വാങ്ങണം എന്ന് തീരുമാനിച്ചു. എന്നാല്‍, പ്രകാശന പരിപാടിയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തില്ല. വെറുതെ ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു പ്രോഗ്രാമില്‍ ആളെ കൂട്ടാന്‍ വേണ്ടി മാത്രം പങ്കെടുക്കാന്‍ താല്‍പര്യമില്ലായിരുന്നു. ജമാഅത്തുമായുള്ള എന്റെ ബന്ധം അതിന്റെ പ്രസിദ്ധീകരണങ്ങളില്‍ പരിമിതമായിരുന്നു. അതുകൊണ്ട് പ്രസംഗകരെക്കുറിച്ച്, ജമാഅത്ത് പ്രവര്‍ത്തകയായ, എന്റെ സുഹൃത്തിനോട് അന്വേഷിച്ചു. 'ടി.കെയുടെ പ്രസംഗം നല്ലതാണ്. അതെന്തായാലും നിനക്ക് ഇഷ്ടപ്പെടും' അവരുടെ മറുപടി.
ടി.കെ എനിക്ക് സുപരിചിതനായിരുന്നില്ല. പ്രബോധനത്തില്‍ അദ്ദേഹവുമായി സദ്‌റുദ്ദീന്‍ വാഴക്കാട് നടത്തിയ അഭിമുഖ പരമ്പര കണ്ടിരുന്നു. പക്ഷേ, വായിച്ചിരുന്നില്ല. എന്തായാലും പ്രസംഗം കേള്‍ക്കാന്‍ കൊല്ലത്ത് എത്തി. പുസ്തക പ്രകാശനം കഴിഞ്ഞു. ഇടവേളക്ക് ശേഷം പറഞ്ഞതിലും 20 മിനിറ്റിലേറെ വൈകിയാണ് അദ്ദേഹം എത്തിയത്. വരാന്‍ വൈകിയപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തിനു വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു. 84 വയസ്സുള്ള വന്ദ്യവയോധികന്‍ എങ്ങനെ പ്രസംഗിക്കും എന്നാലോചിച്ചായിരുന്നു എന്റെ പ്രാര്‍ഥന. മറ്റാരുടെയോ സഹായത്തോടെയാണ് അദ്ദേഹം പ്രസംഗ പീഠത്തില്‍ എത്തിയത്. അതില്‍ പിടിച്ചുനില്ക്കാന്‍ കഴിഞ്ഞാല്‍ ദൈവം സഹായിച്ച് പ്രസംഗിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞു. തുടക്കം മുതല്‍ പ്രസംഗം ആശയ സമ്പുഷ്ടവും ചിന്തിപ്പിക്കുന്നതുമായിരുന്നു. ഖുര്‍ആന്‍ ദൃഷ്ടാന്തങ്ങള്‍ സമകാലിക സംഭവങ്ങളുമായി ബന്ധിപ്പിച്ച് അദ്ദേഹം നടത്തിയ വിശദീകരണങ്ങള്‍ എണ്‍പത്തിനാലാം വയസ്സിലും ആ മനുഷ്യബുദ്ധി പ്രവര്‍ത്തിക്കുന്ന തലം എത്ര ഉയര്‍ന്നതാണെന്ന് മനസ്സിലാക്കിത്തരുന്നതായിരുന്നു.
പ്രസംഗം കേട്ട ശേഷമാണ്, നേരത്തെ സൂചിപ്പിച്ച പ്രബോധനത്തിലെ പരമ്പര തപ്പിയെടുത്ത് വായിച്ചത്. ശേഷം ഇയ്യിടെ കുറച്ച് ഐ.പി.എച്ച് പുസ്തകങ്ങള്‍ വാങ്ങിയപ്പോള്‍ ടി.കെയുടെ 'നവോത്ഥാന ധര്‍മങ്ങള്‍' അതില്‍ ഉള്‍പ്പെട്ടിരുന്നു. വായിക്കാന്‍ തുടങ്ങിയപ്പോഴാണ് അത് ഏതാനും ലേഖനങ്ങളുടെ സമാഹാരമാണെന്ന് മനസ്സിലായത്. 1950 മുതല്‍ 2002 വരെയുള്ള കാലത്ത് ടി.കെ അബ്ദുല്ല സാഹിബ് എഴുതിയ ലേഖനങ്ങളാണ് 'നവോത്ഥാന ധര്‍മങ്ങളു'ടെ ഉള്ളടക്കം. ഇസ്‌ലാം, സമുദായം, ഇസ്‌ലാമിക പ്രസ്ഥാനം, ഇസ്‌ലാമിക രാഷ്ട്രീയം എന്നീ നാല് തലക്കെട്ടുകളായിട്ടാണ് തരം തിരിച്ചിട്ടുള്ളത്. അതത് കാലത്തുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ എഴുതിയതാണ് ഈ ലേഖനങ്ങള്‍ എന്നതാണ് ഇതിന്റെ സവിശേഷത. അതുകൊണ്ട് ഓരോ ഘട്ടത്തിലെയും സംഭവങ്ങളോടുള്ള ജമാഅത്തിന്റെ നിലപാട് ഇതില്‍ നിന്ന് വ്യക്തമായി മനസ്സിലാക്കാം. കൂട്ടത്തില്‍ മറ്റു സംഘടനകളുടേതും.
ഇസ്‌ലാമിനെ ചര്‍ച്ച ചെയ്യുമ്പോള്‍, മുഹമ്മദ് നബി സാധിച്ച വിപ്ലവത്തിന്റെ സവിശേഷതകള്‍ അദ്ദേഹം വിശദീകരിക്കുന്നു. അതില്‍ ഒന്നാമത്തേത് അതിന്റെ ഏകമാനവികതയാണ്. മനുഷ്യ സമൂഹത്തെ ഒന്നായിക്കണ്ട് എല്ലാ മനുഷ്യര്‍ക്കും വേണ്ടി സംസാരിച്ച ഒരേയൊരു വിപ്ലവകാരിയായിരുന്നു മുഹമ്മദ് നബി. ദൈവ നിയുക്തരായ മറ്റു പ്രവാചകന്മാരെല്ലാം ഇതേ രീതിയായിരുന്നു സ്വീകരിച്ചിരുന്നതെങ്കിലും അവര്‍ക്കെല്ലാം കാലദേശ പരിമിതികള്‍ ഉണ്ടായിരുന്നു. ഖുര്‍ആന്റെ സംബോധന മനുഷ്യനോടാണ്. മാനവതയുടെ വിമോചകനാണ് പ്രവാചകന്‍. മുഹമ്മദ് നബിക്ക് ശേഷം വിപ്ലവകാരികളെന്ന് ലോകം വാഴ്ത്തുന്നവരെല്ലാം തന്നെ സംബോധന ചെയ്തത് ഏതെങ്കിലും പക്ഷത്തെയോ വര്‍ഗത്തെയോ ദിക്കുകളെയോ വര്‍ണങ്ങളെയോ ആണ്, മനുഷ്യരെയല്ല.
മുഹമ്മദ് നബി സാധിച്ച വിപ്ലവത്തിന്റെ രണ്ടാമത്തെ സവിശേഷത അതിന്റെ സമഗ്രതയും സമ്പൂര്‍ണതയുമാണ്. മൂന്നാമത്തെ സവിശേഷത, ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഒരു മധ്യമാര്‍ഗം തെരഞ്ഞെടുത്തു എന്നതാണ്. നാലാമത്തേത് മനുഷ്യന് തന്റെ സ്ഥാനവും നിലപാടും നിര്‍ണയിച്ചുകൊടുത്തുകൊണ്ട് അവനെ ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയാക്കി എന്നതാണ്. വിമോചനത്തിന് തെരഞ്ഞെടുത്ത പാതയുടെ വ്യത്യസ്തതയാണ് അതിന്റെ അഞ്ചാമത്തെ പ്രത്യേകത. ഈ സവിശേഷതകള്‍ക്കെല്ലാം കാരണം ഈ വിപ്ലവത്തിനാധാരമായ ജീവിത ദര്‍ശനം നബിയുടേതായിരുന്നില്ല, അല്ലാഹുവിന്റേതായിരുന്നു എന്നതാണ്.
ടി.കെ കമ്യൂണിസത്തിന്റെ ആഗമനവും പതനവും ചര്‍ച്ച ചെയ്യുമ്പോള്‍, ഇസ്‌ലാമിക വ്യവസ്ഥയെ സംബന്ധിച്ച വസ്തുതകള്‍ നിരത്തി ഇസ്‌ലാമും കമ്യൂണിസവും താരതമ്യം ചെയ്ത് രണ്ടും തമ്മിലുള്ള വൈരുധ്യങ്ങള്‍ വിശദീകരിക്കുന്നു. ഇസ്‌ലാമിക വ്യവസ്ഥയെ മനുഷ്യന് സ്വീകരിക്കാനെന്നപോലെ തിരസ്‌കരിക്കാനും അവകാശമുണ്ട്; സ്വാതന്ത്ര്യമുണ്ട്. ആവര്‍ത്തന സ്വഭാവമുള്ള വ്യവസ്ഥിതിയാണ് ഇസ്‌ലാം. നൂഹ് നബി മുതല്‍ മുഹമ്മദ് നബി വരെയുള്ളവരുടെ വ്യത്യസ്തമായ കാലഘട്ടങ്ങളില്‍ അത് സ്ഥാപിതമായിക്കൊണ്ടിരുന്നു. അബൂബക്‌റും ഉമറും ലോകം വാഴ്ത്തുന്ന ഭരണാധികാരികളായി.
പുതിയ ലോകത്തെ ചര്‍ച്ച ചെയ്യുമ്പോള്‍, ഭീകരതയെയും ഇസ്‌ലാമിനെയും ചേര്‍ത്ത് വായിക്കുന്നതിനെ ചോദ്യം ചെയ്യുന്നു. പുതിയ നൂറ്റാണ്ട് ഒരു പുതിയ ലോക വ്യവസ്ഥിതിയെ തേടുമ്പോള്‍ ക്രിസ്ത്യാനിറ്റി, ഹിന്ദുമതം, മുതലാളിത്തം, കമ്യൂണിസം എന്നിവയുടെ പരിമിതികളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇസ്‌ലാമിനെ ദാര്‍ശനികതലത്തിലും പ്രയോഗതലത്തിലും ഒരേയൊരു ബദലായി ടി.കെ അവതരിപ്പിക്കുന്നുണ്ട്.
മുസ്‌ലിം സമുദായത്തെ ചര്‍ച്ച ചെയ്യുമ്പോള്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ പ്രതിസന്ധിയാണ് മുഖ്യ വിഷയമാകുന്നത്. നബിയുടെ മദീനാ കാലഘട്ടവുമായി ഇന്ത്യന്‍ മുസ്‌ലിംകളുടെ അവസ്ഥയെ താരതമ്യം ചെയ്യുന്നതിലെ വൈരുധ്യങ്ങള്‍ വിശദീകരിക്കുന്നു. ആദര്‍ശ സമൂഹത്തിന്റെ സവിശേഷതകള്‍ വിശദീകരിച്ചുകൊണ്ട് ആദര്‍ശരാഹിത്യം കൊണ്ടുണ്ടാകുന്ന തിരിച്ചടികള്‍, ബാബരി മസ്ജിദിന്റെ പശ്ചാത്തലത്തില്‍ വരച്ചുകാണിക്കുന്നു. മുസാ നബിയുടെ കാലഘട്ടവും മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നങ്ങളും ഖുര്‍ആന്‍ ആയത്തുകളെ മുന്‍നിര്‍ത്തി വിശദീകരിക്കുന്നു.
ഇസ്‌ലാമിക പ്രസ്ഥാനങ്ങളെക്കുറിച്ച് ഗഹനമായി ചര്‍ച്ച ചെയ്യുന്ന ലേഖനങ്ങള്‍ പുസ്‌കതത്തിലുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ രൂപീകരണ സാഹചര്യം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തില്‍ വിശദീകരിക്കുന്നുണ്ട്. ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ദൗത്യം പ്രബോധനവും നവോത്ഥാനവുമാണ്. ഇസ്‌ലാമിന്റെ സന്ദേശം എത്തിയിട്ടില്ലാത്തവര്‍ക്ക് അതെത്തിച്ചുകൊടുക്കുക, വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും വേണ്ടിവന്നാല്‍ ജീവന്‍ കൊണ്ടും അതിന് സാക്ഷ്യം വഹിക്കുക എന്നതാണ് പ്രബോധന ദൗത്യം. ജനങ്ങളുടെ കൈകടത്തലുകളാലോ മറ്റു ദര്‍ശനങ്ങളുടെ കൈയേറ്റങ്ങളാലോ കാലാന്തരത്തില്‍ ഇസ്‌ലാമില്‍ കടന്നുകൂടിയ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും കഴുകിക്കളഞ്ഞ് വിട്ടുപോയവ ശരിയായ സ്ഥാനങ്ങളില്‍ പുനഃപ്രതിഷ്ഠിക്കലാണ് നവോത്ഥാന ദൗത്യം. ജമാഅത്തെ ഇസ്‌ലാമി എന്തുകൊണ്ട് നവോത്ഥാന പ്രസ്ഥാനമാകുന്നു എന്ന് അതിന്റെ സവിശേഷതകള്‍ നിരത്തി അദ്ദേഹം സമര്‍ഥിക്കുന്നു. എന്നാല്‍, ചികിത്സ രോഗത്തിനായപ്പോള്‍ ഈ പ്രസ്ഥാനങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടു.
എനിക്ക് വളരെ ആകര്‍ഷകമായിത്തോന്നിയ അധ്യായം 'പ്രസ്ഥാനങ്ങള്‍, പ്രതിസന്ധികള്‍' എന്ന തലക്കെട്ടിലുള്ളതാണ്. ഇതില്‍ പ്രസ്ഥാനവും സ്ഥാപനവും സംഘടനയുമൊക്കെ ശരിയായ അര്‍ഥത്തില്‍ നിര്‍വചിക്കപ്പെടുന്നു. പ്രസ്ഥാനവും സംഘടനയും ഒന്നല്ല, രണ്ടാണ്. പ്രസ്ഥാനം ഒന്നായിരിക്കെ സംഘടന പലതാകാം. പ്രസ്ഥാനം നില്‍ക്കുന്ന പുറന്തോടാണ് സംഘടന. തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെങ്കിലും പ്രസ്ഥാനത്തില്‍ നില്‍ക്കുന്നവര്‍ നിര്‍ബന്ധമായും ഇത് തിരിച്ചറിയണം. സംബോധന ആദര്‍ശത്തിലേക്കാകണം, സംഘടനയിലേക്കാകരുത്. സത്യത്തോടുള്ള പക്ഷപാതപരമായ പ്രതിബദ്ധതയും സംഘടനാ പക്ഷപാതവും ഒന്നല്ലെന്ന് മനസ്സിലാക്കാന്‍ കഴിയണം പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക്. ഇല്ലെങ്കില്‍ സംഘടനകള്‍ക്കിടയിലുള്ള ശത്രുതാ മനോഭാവം മാറില്ല. വളറെ തുറന്ന ഒരെഴുത്താണിത്. ജമാഅത്ത്-മൗദൂദി വിമര്‍ശകര്‍ക്കും ജമാഅത്ത് പ്രവര്‍ത്തകര്‍ക്കും ഒരുപോലെ പഠിക്കാവുന്ന ചിന്തകള്‍ ടി.കെ അവതരിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന് അദ്ദേഹം പറയുന്നു: 'യുഗപ്രഭാവനായ മൗദൂദിയെക്കുറിച്ച് എഴുതപ്പെട്ടതില്‍ ഏറിയ പങ്കും ഒന്നുകില്‍ പ്രശംസ അല്ലെങ്കില്‍ അഭിശംസ, പഠനമെന്ന് പറയാവുന്നത് പേരിന് മാത്രം.' വിമര്‍ശകര്‍ അഭിശംസയും പ്രവര്‍ത്തകര്‍ പ്രശംസയുമാണ് വായിക്കുന്നത് എന്നര്‍ഥം. എന്നാല്‍, വിഭജനാനന്തരം പാകിസ്താന്‍ അമീറായ മൗദൂദി ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ കാര്യങ്ങളില്‍ ഒരിക്കല്‍ പോലും ഇടപെട്ടില്ല. നിലപാട് മാത്രമല്ല പേര് പോലും മാറ്റാന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഇസ്‌ലാമിക താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തല്‍ മാത്രമേ നിര്‍ബന്ധമുള്ളൂവെന്നും അദ്ദേഹം പറയുകയുണ്ടായി.
ഇഖാമത്തുദ്ദീനിന്റെ മുന്‍ഗണനാക്രമം തൊട്ട് വ്യവസ്ഥയോടുള്ള പ്രായോഗിക സമീപന രീതിയില്‍ വരെ മൗദൂദിയുടെ ആദ്യകാല നിരീക്ഷണങ്ങളില്‍ നിന്നും സ്വതന്ത്രമായ നിലപാടെടുക്കാന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് തുടക്കത്തില്‍ തന്നെ കഴിഞ്ഞിട്ടുണ്ട്. മൗദൂദിയോട് യോജിക്കാന്‍ മാത്രമല്ല, പണ്ഡിതോചിതമായി വിയോജിക്കാനും അവര്‍ക്ക് സാധിക്കുമായിരുന്നു. വിമര്‍ശകര്‍ ഇതും മനസ്സിലാക്കണം.
ഇസ്‌ലാമിക വ്യവസ്ഥിതിയില്‍ അടിസ്ഥാന ഘടകം മനുഷ്യനാണ്. ദൈവത്തിന്റെ ഏകത്വവും ഏകമാനവികതയും അംഗീകരിക്കുന്നതോടു കൂടി ഒരു ഏകലോക സങ്കല്‍പം സ്വയംഭൂതമാകുന്നു. ദൈവികേതര ഭരണവ്യവസ്ഥിതിയില്‍ ജനിക്കാനും ജീവിക്കാനും വിധിക്കപ്പെട്ട മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചേടത്തോളം പ്രായോഗിക പ്രശ്‌നങ്ങള്‍ ഉണ്ട്. യൂസുഫ് നബിയുടെ മാതൃക കാണിച്ചുകൊണ്ട് ഇങ്ങനെയുള്ള സാഹചര്യങ്ങളെ നേരിടാന്‍ പോംവഴികള്‍ നിര്‍ദേശിക്കുന്നു. ഇന്ത്യ പോലെ ഒരു രാജ്യത്ത് ദൈവികേതര ഭരണ വ്യവസ്ഥയുടെ കീഴില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാടുകളും നയമാറ്റങ്ങളും വളരെ വിശദമായി ചര്‍ച്ച ചെയ്യുന്നു. ഒന്ന് രണ്ട് കാര്യങ്ങളിലൊഴികെ എനിക്ക് തൃപ്തികരമായ വിശദീകരണം അതില്‍ ഉണ്ട്.
വളരെ പ്രായോഗികമായ ഒരു സമീപന രീതി ടി.കെ വിശദീകരിക്കുന്നു: ''മാറ്റത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടത് ശൂന്യതയിലോ മറ്റൊരു ലോകത്തോ അല്ല, മാറ്റപ്പെടേണ്ട വ്യവസ്ഥിതിയുടെ കീഴില്‍ നിന്നുകൊണ്ടുതന്നെയാണ്. സാഹചര്യങ്ങളോട് പ്രതികരിച്ചും ലഭ്യമായ വിഭവങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്തിയും മാത്രമേ ഇവിടെ ആദര്‍ശ പ്രബോധനം സാധ്യമാവുകയുള്ളൂ. കഴിവില്‍ കവിഞ്ഞതിന് അല്ലാഹു ആരെയും നിര്‍ബന്ധിക്കില്ല.''
ആധുനികത തെറ്റും ശരിയും: പാശ്ചാത്യ ജനസമൂഹത്തിന്റെ നല്ല വശങ്ങളെ വിവരിച്ചുകൊണ്ട്, അത് കൈമോശം വന്നതുകൊണ്ട് മുസ്‌ലിംകള്‍ക്കുണ്ടായ അധഃപതനം തുര്‍ക്കിയുടെ ചരിത്രത്തിലൂടെ വ്യക്തമാക്കുന്നു. നമുക്ക് ലഭ്യമായ സ്രോതസ്സുകള്‍ ഉപയോഗിച്ച് വളരാന്‍ ആഹ്വാനം ചെയ്യുന്നു.
മുസ്‌ലിം ഭരണവും ഇസ്‌ലാമിക ഭരണവും തമ്മിലുള്ള അന്തരം ഉദാഹരണങ്ങളിലൂടെ വിശദീകരിക്കുമ്പോള്‍ ഇസ്‌ലാമിക ഭരണത്തെ വിമര്‍ശിക്കുന്നവര്‍ക്കുള്ള ശരിയായ മറുപടിയായി അത് നാം പ്രയോജനപ്പെടുത്തണം.
നവോത്ഥാന ധര്‍മങ്ങള്‍ എന്ന ഈ പുസ്തകം യഥാര്‍ഥത്തില്‍ ജമാഅത്ത് പ്രവര്‍ത്തകര്‍ക്കും ഇസ്‌ലാമിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും വിമര്‍ശകര്‍ക്കും വളരെ പ്രയോജനപ്രദമാണ്.
[email protected]
Comments