അബൂഹുറയ്റ(റ)യുടെ രീതിശാസ്ത്രം
പ്രവാചകന്‍ ജീവിച്ചിരിക്കെ തന്നെ അദ്ദേഹത്തിന്റെ അനുവാദത്തോടുകൂടി ഹദീസുകള്‍ രേഖപ്പെടുത്തിവെച്ചിരുന്നു എന്നാണ് നാം പറഞ്ഞുവന്നത്. നേരത്തെ പറഞ്ഞ അബ്ദുല്ലാഹിബ്‌നു അംറിബ്‌നില്‍ ആസ്വ് ഇപ്രകാരം പതിനായിരം ഹദീസുകള്‍ രേഖപ്പെടുത്തി വെച്ചിരുന്നു എന്നാണ് ഒരു റിപ്പോര്‍ട്ടിലുള്ളത്. ഇങ്ങനെ പരിശോധിച്ചാല്‍ എത്രയധികം ഹദീസുകള്‍ നബിയുടെ ജീവിതകാലത്ത് തന്നെ രേഖപ്പെടുത്തിയിട്ടുണ്ടാവും എന്ന് നിങ്ങള്‍ക്ക് ഊഹിക്കാം. പക്ഷേ ആ എല്ലാ ഏടുകളും അതേ രൂപത്തില്‍ നമുക്ക് ലഭിച്ചിട്ടില്ല. അതിന് കാരണമുണ്ട്. പിന്നീട് വന്ന ഹദീസ് സമാഹര്‍ത്താക്കള്‍ തങ്ങളുടെ സമാഹാരത്തിലെ വിവിധ അധ്യായങ്ങളിലേക്ക് ഈ ഹദീസുകള്‍ ചേര്‍ക്കുകയാണ് ഉണ്ടായത്. ഉദാഹരണത്തിന്, ഒരു പില്‍ക്കാല സമാഹര്‍ത്താവ് അംറ്ബ്‌നുല്‍ ആസ്വിന്റെ മകന്‍ അബ്ദുല്ലയുടെ സമാഹാരത്തിലെ കുറെ ഹദീസുകള്‍ ഒരു അധ്യായത്തില്‍ ചേര്‍ക്കും. ബാക്കി ഹദീസുകള്‍ മറ്റു പല അധ്യായങ്ങളിലും. അങ്ങനെ അബ്ദുല്ല സമാഹരിച്ച എല്ലാ ഹദീസുകളും നമുക്ക് ലഭിച്ചു. പക്ഷേ അദ്ദേഹം തയാറാക്കിയ ഏടിന്റെ രൂപത്തിലല്ല എന്നുമാത്രം.
പ്രവാചകന്റെ ജീവിത കാലത്ത് തുടങ്ങിയ ഹദീസുകളുടെ സമാഹരണം അദ്ദേഹത്തിന്റെ ദേഹവിയോഗത്തോടെ കൂടുതല്‍ ശക്തമായി. പ്രവാചക ജീവിതത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിയാവുന്നതെല്ലാം-അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളും-രേഖപ്പെടുത്തി വെച്ചില്ലെങ്കില്‍ അവ പിന്‍തലമുറക്കാര്‍ക്ക് ലഭിക്കാതെ പോയേക്കുമെന്ന് പ്രവാചകന്റെ അനുയായികള്‍ ഭയന്നു. ആ പൈതൃക സൂക്ഷിപ്പ് അവര്‍ തങ്ങളുടെ ഉത്തരവാദിത്വമായി കരുതി. ഇത്തരം നിരവധി സമാഹാരങ്ങള്‍ നാം ചരിത്രത്തില്‍ കാണുന്നുണ്ട്. സമൂറബ്‌നു ജുന്‍ദുബ്, അബ്ദുല്ലാഹിബ്‌നു മസ്ഊദ്, സഅ്ദ്ബ്‌നു ഉബാദ എന്നിവരുടെ സമാഹാരങ്ങള്‍ ഉദാഹരണം. ഈ സമാഹാരങ്ങളെക്കുറിച്ച് ഇബ്‌നു ഹജര്‍ പറഞ്ഞത്, 'അവയില്‍ ധാരാളം അറിവുകള്‍ ഉണ്ട്' എന്നാണ്. അവ 'ബൃഹത്തായ സമാഹാരങ്ങള്‍' ആണെന്ന് മറ്റൊരിടത്തും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.
ഹദീസ് സമാഹരണത്തിന്റെ മറ്റൊരു രൂപമുണ്ട്. പ്രവാചകന്റെ വിയോഗശേഷം ഒരു പ്രശ്‌നം ഉയര്‍ന്നു വന്നു എന്നു കരുതുക. പ്രവാചകന്‍ ആ വിഷയത്തില്‍ എന്ത് നിലപാടെടുത്തു എന്ന് പുതുതലമുറക്ക് അറിയില്ല. അപ്പോഴവര്‍ മുതിര്‍ന്ന സ്വഹാബികളോട് ചെന്നു ചോദിക്കും. അപ്പോഴവര്‍, പ്രവാചകന്‍ ഇന്ന രീതിയില്‍ പറയുന്നത് ഞാന്‍ കേട്ടുവെന്നോ, ഇന്ന രീതിയില്‍ ചെയ്തത് താന്‍ കണ്ടുവെന്നോ അവരെ അറിയിക്കും. മുതിര്‍ന്ന സ്വഹാബികളുമായുള്ള ഈ ആശയവിനിമയം ഒരു തുടര്‍പ്രക്രിയയായിരുന്നു. ഇങ്ങനെ പ്രവാചക ജീവിതത്തെക്കുറിച്ചറിയാന്‍ പില്‍ക്കാലക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്ന ഒരു മഹത് വ്യക്തിത്വമായിരുന്നു പ്രവാചക പത്‌നി ഹസ്‌റത്ത് ആഇശ(റ). എല്ലാ അന്വേഷണങ്ങള്‍ക്കും അവര്‍ കൃത്യമായി മറുപടി കൊടുക്കാറുണ്ടായിരുന്നു. മറ്റൊരു സ്വഹാബി വ്യക്തിത്വമായിരുന്നു അബ്ദുല്ലാഹിബ്‌നു അബീഔഫ്. വിവരമന്വേഷിച്ചുള്ള എല്ലാ കത്തുകള്‍ക്കും അദ്ദേഹം മറുപടി നല്‍കിയിരുന്നുവെന്ന് സ്വഹീഹു ബുഖാരിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റൊരാളായിരുന്നു മുഗീറത്തുബ്‌നു ശുഅ്ബ(റ). ഉമവീ ഖലീഫയായിരുന്ന മുആവിയ പല കാര്യങ്ങളിലും അഭിപ്രായമാരാഞ്ഞ് മുഗീറയെ സമീപിക്കാറുണ്ടായിരുന്നു.
ഇങ്ങനെ സമാഹരിക്കപ്പെടുന്ന ഓരോ ഏടും ആരാണോ സമാഹരിക്കുന്നത് അയാളുടെ പേരിലാണ് അറിയപ്പെടുക. ഉദാഹരണത്തിന് ഒരാള്‍ അബുഹുറയ്‌റ(റ) താമസിക്കുന്ന നഗരത്തില്‍ ചെന്ന് അദ്ദേഹത്തില്‍നിന്ന് ഹദീസ് സമാഹരിക്കുന്നു. മറ്റു നഗരങ്ങളിലും ഇതുപോലെ പ്രവാചകനൊപ്പം സഹവസിച്ച അനുയായികള്‍ താമസിക്കുന്നുണ്ടാവും. പക്ഷേ അന്നത്തെ സാഹചര്യത്തില്‍ അവരെയെല്ലാം ചെന്ന് കണ്ട് ഹദീസ് സമാഹരിക്കുക സാധ്യമായിരുന്നില്ല. അതിനാല്‍ ഓരോരോ സ്വഹാബിയെയും കേന്ദ്രീകരിച്ചാണ് തുടക്കത്തില്‍ ഹദീസിന്റെ സമാഹരണം നടന്നത്. പില്‍ക്കാല തലമുറ ഹദീസ് അന്വേഷിച്ചപ്പോള്‍ ഈ സ്രോതസ്സുകളെയെല്ലാം തേടിപ്പോയി. അങ്ങനെ ഒന്നു രണ്ട് തലമുറ പിന്നിട്ടപ്പോഴേക്കും എല്ലാ ഹദീസുകളും എല്ലാ പണ്ഡിതന്മാരുടെയും കൈകളിലെത്തി.
അബൂഹുറയ്‌റയെക്കുറിച്ച് രസകരമായ ഒരു കഥയുണ്ട്. വളരെ വൈകി ഇസ്‌ലാം സ്വീകരിച്ച ആളായിരുന്നു അദ്ദേഹം. ഹിജ്‌റ ഏഴാം വര്‍ഷമാണ് അദ്ദേഹത്തിന്റെ ഇസ്‌ലാം ആശ്ലേഷം. അഥവാ പ്രവാചക വിയോഗത്തിന്റെ മൂന്ന് വര്‍ഷം മുമ്പ്. എന്നിട്ടും ധാരാളം ഹദീസുകള്‍ അദ്ദേഹം നിവേദനം ചെയ്യുകയുണ്ടായി. ഇതെങ്ങനെ സാധിച്ചു? അദ്ദേഹം തന്നെ വിശദീകരിക്കുന്നു: ''മറ്റു സ്വഹാബികള്‍ ജീവിതായോധനത്തിനായി കച്ചവടം പോലുള്ള തൊഴിലുകളില്‍ വ്യാപൃതരായിരിക്കും. ഞാനാകട്ടെ പ്രവാചകനോടൊപ്പം മദീന പള്ളിയില്‍ തന്നെ കഴിഞ്ഞ് കൂടുന്നതില്‍ സംതൃപ്തി കണ്ടെത്തി. പ്രവാചകന്‍ പറയുന്നത് കേള്‍ക്കാന്‍ എനിക്ക് ലഭിച്ച അവസരം പ്രമുഖ സ്വഹാബിമാര്‍ക്ക്‌വരെ ലഭിച്ചിരുന്നില്ല.''
അപാരമായ ഓര്‍മശക്തിയും വിജ്ഞാനത്തോടുള്ള അടങ്ങാത്ത ആഗ്രഹവുമായിരുന്നു അബൂഹുറയ്‌റയുടെ പ്രത്യേകത. അദ്ദേഹത്തിന് എഴുത്തും വശമായിരുന്നു. ധാരാളം ഹദീസുകള്‍ എഴുതി വെച്ചിരുന്നു. അദ്ദേഹത്തിന്റെ ഒരു ശിഷ്യനാണ് ഹസന്‍ബ്‌നു അംറ്ബ്‌നു ഉമയ്യ ദമീരി. ഈ ശിഷ്യന്‍ ഒരിക്കല്‍ (അപ്പോള്‍ അബൂഹുറയ്‌റ ജീവിതാന്ത്യത്തോട് അടുത്തിരുന്നു) ഗുരുവിനെ 'താങ്കള്‍ ഇന്ന ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടല്ലോ' എന്ന് ഓര്‍മിപ്പിച്ചു. അങ്ങനെയൊരു ഹദീസ് അബൂഹുറയ്‌റക്ക് ഓര്‍മ്മിച്ചെടുക്കാന്‍ കഴിഞ്ഞില്ല. താനങ്ങനെ നിവേദനം ചെയ്തിട്ടില്ലെന്ന് അദ്ദേഹം ശക്തിയുക്തം വാദിക്കുകയും ചെയ്തു. എന്നിട്ട് ശിഷ്യന്റെ കൈപിടിച്ച് തന്റെ വീട്ടിലേക്ക് നടന്നു. താന്‍ അങ്ങനെ നിവേദനം ചെയ്തിട്ടുണ്ടെങ്കില്‍ അത് വീട്ടില്‍ എഴുതി സൂക്ഷിച്ച ഏടുകളില്‍ ഉണ്ടാകും എന്ന് അബൂഹുറയ്‌റ പറഞ്ഞു. വീട്ടിലെ ഷെല്‍ഫില്‍ സൂക്ഷിച്ച ഒരേട് എടുത്ത് അദ്ദേഹം മറിച്ച് നോക്കി. അതില്‍ കണ്ടില്ല. പിന്നെ അടുത്തത്. അങ്ങനെ ഓരോന്നും പരതിക്കൊണ്ടിരുന്നു. ഒടുവില്‍ അദ്ദേഹം ആഹ്ലാദത്തോടെ വിളിച്ചുപറഞ്ഞു: ''ഞാന്‍ തന്നോട് പറഞ്ഞിട്ടില്ലേ, ഞാന്‍ നിവേദനം ചെയ്യുന്ന ഓരോന്നും ഇവിടെ എഴുതി സൂക്ഷിച്ചിട്ടുണ്ടെന്ന്? ഇതാ താന്‍ പറഞ്ഞ ഹദീസ്. ശരിയാണ് നീ പറഞ്ഞത്. അങ്ങനെയൊരു ഹദീസ് ഞാന്‍ നിവേദനം ചെയ്തിട്ടുണ്ട്.''
അബൂഹുറയ്‌റ(റ)യുടെ രീതി വളരെ ശാസ്ത്രീയവും പണ്ഡിതോചിതവും ഒപ്പം കൗതുകമുണര്‍ത്തുന്നതുമായിരുന്നു. എല്ലാ ശിഷ്യന്മാരെയും തന്റെ കൈയിലുള്ളതെല്ലാം പഠിപ്പിക്കുക അദ്ദേഹത്തിന്റെ രീതിയായിരുന്നില്ല. ഓരോ ശിഷ്യനെയും വെവ്വേറെ ഹദീസുകളാണ് പഠിപ്പിക്കുക. ഹമ്മാമ്ബ്‌നു മുനബ്ബിഹ് എന്നീ ശിഷ്യന് അദ്ദേഹം 150 ഹദീസുകളാണ് ക്രോഡീകരിച്ച് നല്‍കിയത്. ഇത് 'സ്വഹീഫതു ഹമ്മാമുബ്‌നു മുനബ്ബിഹ്' എന്ന പേരിലാണ് അറിയപ്പെടുന്നത്. മറ്റൊരു കൂട്ടം ഹദീസുകളാവും വേറൊരു ശിഷ്യന് നല്‍കുന്നത്. ആ സമാഹാരം അയാളുടെ പേരിലായിരിക്കും അറിയപ്പെടുക. ചുരുക്കത്തില്‍ ആയിരക്കണക്കിന് ഹദീസുകള്‍ അബൂഹുറയ്‌റ(റ)ന് മനഃപാഠമായിരുന്നു. ശിഷ്യന്മാര്‍ക്ക് അദ്ദേഹം പകര്‍ത്തി നല്‍കിയ ഏടുകള്‍ ഇന്നും നമ്മുടെ കൈവശമുണ്ട്.
(തുടരും)
Comments