ഞാന്‍ വായിച്ച ഖുര്‍ആന്‍
ഖുര്‍ആന്‍ ഓടിച്ചു വായിച്ച സന്ദര്‍ഭത്തില്‍, വായന പൂര്‍ത്തിയാക്കാതെ ഉപേക്ഷിക്കുകയാണുണ്ടായത്. ഉപേക്ഷിക്കാന്‍ കാരണം ഖുര്‍ആനിലെ ചില വചനങ്ങള്‍ പ്രകോപനപരമാണെന്നു തോന്നിയതിനാലാണ്. എന്നില്‍ വേരൂന്നിയ മുന്‍ധാരണയും അതുതന്നെയായിരുന്നു. വീണ്ടും ഖുര്‍ആന്‍ വായനയിലേക്ക് തിരിയാനിടയായത് ചില യുക്തിവാദ ഗ്രന്ഥങ്ങള്‍ വായിച്ചപ്പോഴാണ്. ഇത് സൂക്ഷ്മ വായനയിലേക്കും പൂര്‍ണവായനയിലേക്കും നയിച്ചു. ഖുര്‍ആനിലെ പ്രകോപന വചനങ്ങളൊക്കെ താല്‍ക്കാലിക പ്രതിരോധ വചനങ്ങളായിരുന്നെന്ന് ഖുര്‍ആന്റെ സൂക്ഷ്മ വായന വെളിവാക്കി തന്നു.
ഖുര്‍ആനിലെ പ്രതിരോധ വചനങ്ങള്‍ യുദ്ധപ്രതിസന്ധിയെ തരണം ചെയ്യാന്‍ വേണ്ടി മാത്രമുള്ളവയാണെന്നാണ് എനിക്ക് മനസ്സിലായത്. ഇസ്‌ലാം മതവിശ്വാസികളും പണ്ഡിതന്മാരും വിയോജിച്ചേക്കാം. ഖുര്‍ആന്‍ സൂക്ഷ്മ വായന കഴിഞ്ഞപ്പോള്‍ ബോധ്യമായത് യുദ്ധപ്രതിസന്ധികളെ അതിജീവിച്ച ശേഷം എല്ലാതരം കൈയേറ്റങ്ങളെയും യുദ്ധങ്ങളെയും ഇസ്‌ലാം നിരാകരിച്ച് പൂര്‍ണമായും ശാന്തിയുടെ മതമായി പരിണമിക്കുന്നതാണ്. അങ്ങനെത്തന്നെയാണ് സംഭവിക്കേണ്ടതും.
വാളു കൊണ്ടല്ല ഇസ്‌ലാമിന്റെ ദര്‍ശനം ആരംഭിക്കുന്നത്. സൂക്ഷ്മമായ വാക്കുകള്‍ കൊണ്ടുള്ള പ്രബോധനത്തിലൂടെയാണ് ഇസ്‌ലാമികാദര്‍ശം വിടരുന്നത്. ഒരു പൂവ് വിടരുന്നതുപോലെ. അതിലെ സൗരഭ്യം യുക്തിയാണ്. ഈ യുക്തിചിന്ത മുറിവേല്‍പ്പിച്ച അന്ധവിശ്വാസത്തിന്റെ ആരാധകരാണ് ഇസ്‌ലാമിനു നേരെ വാളുയര്‍ത്തിയത്. അപ്പോള്‍ മുഹമ്മദും അനുയായികളും ക്ഷമകൊണ്ടും സഹനം കൊണ്ടും വാളിനെ പ്രതിരോധിച്ചു. അത് വിശ്വാസികളുടെ കൂട്ടക്കൊലക്ക് കാരണമായേക്കാവുന്ന ഘട്ടത്തിലാണ് മുഹമ്മദ് ആയുധം കൊണ്ട് പ്രതിരോധം തീര്‍ത്ത് വിശ്വാസികളെ രക്ഷിച്ചത് എന്ന് കാണുന്നു. അവിടെയും മുഹമ്മദ് എതിര്‍പക്ഷത്തിന്റെ ജീവഹാനി ഒഴിവാക്കുന്ന യുദ്ധശൈലിയാണ് കൈക്കൊണ്ടത്.
''മതത്തിന്റെ പേരില്‍ നിങ്ങളോട് പൊരുതുകയോ, നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ ആട്ടി പുറത്താക്കുകയോ ചെയ്യാത്തവരോട് നന്മ ചെയ്യുന്നതും നീതി കാണിക്കുന്നതും അല്ലാഹു വിലക്കുന്നില്ല. നീതി കാണിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു'' (60:8).
''മതത്തിന്റെ പേരില്‍ നിങ്ങളോട് പൊരുതുകയും നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കാന്‍ പരസ്പരം സഹായിക്കുകയും ചെയ്തവരെ ആത്മമിത്രങ്ങളാക്കുന്നത് മാത്രമാണ് അല്ലാഹു വിലക്കിയിട്ടുള്ളത്. അത്തരക്കാരെ ആത്മമിത്രങ്ങളാക്കുന്നവരാരോ അവര്‍ തന്നെയാണ് അക്രമികള്‍'' (60:9).
''മതത്തിന്റെ പേരില്‍'' എന്ന് എടുത്തുപറഞ്ഞു വിശ്വാസിയെ ബോധവത്കരിക്കുന്നു. മതത്തിന്റെ പേരിലുള്ള അതിക്രമകാരികളെ പ്രതിരോധിക്കാനും അല്ലാത്തവര്‍ക്ക് നന്മ ചെയ്യാനും ആത്മമിത്രങ്ങളായി സ്വീകരിക്കാനും ഇസ്‌ലാം പ്രബോധനം ചെയ്യുന്നു. മേല്‍ വചനങ്ങളിലെ സാരാംശം ഇസ്‌ലാംമത വിശ്വാസികള്‍ വേണ്ടവിധം ഉള്‍ക്കൊണ്ടിട്ടുണ്ടോ എന്ന് സംശയമാണ്. ഇവിടെ സര്‍വസാധാരണമായി കാണുന്ന പ്രവണത, ഒരു ഇസ്‌ലാംമത വിശ്വാസിയും മറ്റൊരു മതവിശ്വാസിയും തമ്മില്‍ ഉടലെടുക്കുന്ന ഏതു പ്രശ്‌നവും മതത്തിന്റെ പേരില്‍ ചാര്‍ത്തപ്പെട്ടു പ്രതിരോധിക്കുന്നു എന്നതാണ്. കുറ്റവാളികള്‍ക്ക് പോലും മതസംരക്ഷണം കിട്ടുന്ന ഒരവസ്ഥയിലേക്ക് ഇതു വഴിമാറുന്നു. ഇസ്‌ലാം ദര്‍ശനത്തില്‍ കുറ്റവാളിക്കുപോലും മതം സംരക്ഷണം നല്‍കും എന്ന ഒരു പൊതുബോധം രൂപപ്പെടാനിടയാവുകയും ചെയ്യുന്നു.
പ്രതിരോധ വചനങ്ങളെ വിശ്വാസികളുടെ ഉറ്റവരിലേക്ക് കൂടി വ്യാപിപ്പിച്ചതറിയുമ്പോള്‍ ഇസ്‌ലാമിന്റെ ഉദ്ദേശ്യ ശുദ്ധിയെ ആരും സംശയിക്കുകയില്ല.
''വിശ്വസിച്ചവരേ, നിങ്ങള്‍ സ്വന്തം പിതാക്കളെയും സഹോദരങ്ങളെയും നിങ്ങളുടെ രക്ഷാധികാരികളാക്കരുത്; അവര്‍ സത്യവിശ്വാസത്തെക്കാള്‍ സത്യനിഷേധത്തെ സ്‌നേഹിക്കുന്നവരെങ്കില്‍! നിങ്ങളിലാരെങ്കിലും അവരെ രക്ഷാധികാരികളാക്കുകയാണെങ്കില്‍ അവര്‍ തന്നെയാണ് അക്രമികള്‍'' (9:23).
''വിശ്വാസിച്ചവരേ, നിങ്ങളുടെ ഭാര്യമാരിലും മക്കളിലും നിങ്ങള്‍ക്ക് ശത്രുക്കളുണ്ട്. അതിനാല്‍ അവരെ സൂക്ഷിക്കുക. എന്നാല്‍ നിങ്ങള്‍ മാപ്പ് നല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും പൊറുത്തു കൊടുക്കുകയുമാണെങ്കില്‍, തീര്‍ച്ചയായും അറിയുക: അല്ലാഹു ഏറെ പൊറുക്കുന്നവനും അറിയുന്നവനുമാണ്'' (64:14).
വിദ്യാഭ്യാസം
പല രാജ്യങ്ങളിലും സമൂഹങ്ങളിലും വിദ്യയും ധനവും ഒരു ന്യൂനപക്ഷത്തിന്റെ അവകാശമായി സംവരണം ചെയ്ത നിലയിലായിരുന്നു. മഹാഭൂരിപക്ഷത്തിനും ഈ പ്രാഥമികാവകാശങ്ങള്‍ 19-ാം നൂറ്റാണ്ടിന്റെ അന്ത്യം വരെ നിഷേധിക്കപ്പെട്ടിരുന്നു. ഭരണ വര്‍ഗ സമൂഹവും പുരോഹിത സമൂഹവും നിയമങ്ങള്‍ നിര്‍മിച്ച് 99 ശതമാനം വരുന്ന അധ്വാന വിഭാഗത്തിന് വിദ്യയും ധനസമ്പാദനവും നിഷേധിക്കുക മാത്രമല്ല ചെയ്തത്. പഠിക്കുന്നതും പഠിപ്പിക്കുന്നതും ശിക്ഷാര്‍ഹമാക്കി.
മേല്‍ ചരിത്ര പശ്ചാത്തലത്തില്‍ ലോകത്തിന്റെ മറ്റൊരു ഭാഗത്ത്, അറേബ്യന്‍ ഉപദ്വീപില്‍ വിദ്യ കൊണ്ടു പ്രബുദ്ധരാകാന്‍ പ്രവാചകന്‍ മുഹമ്മദ് നബി നടത്തിയ പ്രബോധനങ്ങളും പ്രവര്‍ത്തനങ്ങളും അവിശ്വസനീയമായി തോന്നി. 19 ാം നൂറ്റാണ്ടിന്റെ ഇങ്ങേത്തലക്കല്‍ വിദ്യാഭ്യാസാവകാശത്തിനുവേണ്ടി സമരം നടത്തേണ്ടിവന്ന സാമൂഹിക പശ്ചാത്തലമായിരുന്നു ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍. എന്നാല്‍ മുഹമ്മദ് നബിയുടെ നേതൃത്വത്തില്‍ സാര്‍വത്രിക വിദ്യാഭ്യാസത്തിനുള്ള പ്രബോധനവും പ്രവര്‍ത്തനങ്ങളും നടന്നിരുന്നത് 6-ാം നൂറ്റാണ്ടിലായിരുന്നു എന്ന അറിവ് അമ്പരപ്പിക്കുന്നതാണ്. ഖുര്‍ആന്‍ പറയുന്നു: (62:2)
''നിരക്ഷരര്‍ക്കിടയില്‍ അവരില്‍ നിന്നുതന്നെ ദൂതനെ നിയോഗിച്ചത് അവനാണ്. അദ്ദേഹം അവര്‍ക്ക് അല്ലാഹുവിന്റെ സൂക്തങ്ങള്‍ കേള്‍പ്പിക്കുന്നു. അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് വേദവും തത്ത്വജ്ഞാനവും അഭ്യസിക്കുകയും ചെയ്യുന്നു'' (62:2).
വിദ്യ അഭ്യസിക്കുകയും അഭ്യസിപ്പിക്കുകയും ചെയ്യുകയെന്ന കടുത്ത അപരാധം കടുത്ത ശിക്ഷ ക്ഷണിച്ചുവരുത്തുമെന്ന ഭീഷണി വേദവാക്യമായി ഭരണവര്‍ഗവും പുരോഹിതവര്‍ഗവും ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍ ആഘോഷിക്കുമ്പോള്‍ പ്രവാചകന്‍ വേദവാക്യം നിരക്ഷരരെ ഓതികേള്‍പ്പിക്കുകയും അഭ്യസിപ്പിക്കുകയും ചെയ്ത് ലോകത്തിനു മാതൃക കാട്ടി. അറിവ് പകരേണ്ടതാണ്. നിരക്ഷരത നിര്‍മാര്‍ജനം ചെയ്യേണ്ടതാണ്. ആധുനിക കാലത്ത് ഐക്യരാഷ്ട്രസഭ പോലുള്ള സംഘടനകള്‍ നിരക്ഷരതാ നിര്‍മാര്‍ജനത്തിനിറങ്ങിയത് 20-ാം നൂറ്റാണ്ടിലാണെന്നോര്‍ക്കുക. ഇസ്‌ലാമിക ദര്‍ശനം മുന്നോട്ടു വെച്ചതും പ്രാവര്‍ത്തികമാക്കിയതുമായ അക്ഷര ദൗത്യം ലോകം ഏറ്റെടുത്തത് പതിനാലു നൂറ്റാണ്ടുകള്‍ക്ക് ശേഷം മാത്രം...!
സാമ്പത്തികം
വിദ്യയും ധനവും മനുഷ്യന്റെ വളര്‍ച്ചക്കും പുരോഗതിക്കും ഒഴിച്ചു കൂടാനാവാത്ത പ്രാഥമികാവകാശങ്ങളാണ്. ആത്മീയമായ വെളിച്ചം വിദ്യ പകര്‍ന്നു നല്‍കുന്നു. ബാഹ്യമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ധനം ഉപകാരപ്പെടുന്നു. വിദ്യയും ധനവും ഇസ്‌ലാമിക ദര്‍ശനം ഒരു പ്രവാഹമായിട്ടാണ് കാണുന്നത്. വര്‍ണ ഗോത്ര ഭേദമില്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ഇവ എത്തിച്ചേരണമെന്ന് ഇസ്‌ലാം ആവശ്യപ്പെടുന്നു. വിദ്യ പകരുക. പകര്‍ന്നു കൊണ്ടേയിരിക്കുക. ധനം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കൊണ്ടേയിരിക്കുക. സമ്പത്തിന്റെ കേന്ദ്രീകരണത്തെ ഇസ്‌ലാം അപലപിക്കുന്നു.
''അവനോ, ധനം ഒരുക്കൂട്ടുകയും അത് എണ്ണിക്കണക്കാക്കുകയും ചെയ്യുന്നവനാണ്'' (104:2).
''ധനം തന്നെ അനശ്വരനാക്കിയതായി അവന്‍ കരുതുന്നു'' (104:3).
''അവരുടെ ധനത്തില്‍ ചോദിച്ചെത്തുന്നവര്‍ക്കും പ്രാഥമികാവശ്യങ്ങള്‍ക്ക് വകയില്ലാത്തവര്‍ക്കും നിര്‍ണിതമായ അവകാശമുണ്ട്'' (70:24, 25).
ഇസ്‌ലാമിക ദര്‍ശനം ആറാം നൂറ്റാണ്ടില്‍തന്നെ സമ്പത്തിന്റെ കേന്ദ്രീകരണത്തെ നിശിതമായി അപലപിക്കുകയും പണക്കാരന്റെ സമ്പത്തില്‍ പാവപ്പെട്ടവന് അവകാശമുണ്ടെന്നു പ്രഖ്യാപിക്കുകയും സമ്പത്ത് സമൂഹത്തിലെ ദരിദ്രരിലും അഗതികളിലും എത്തിപ്പെടാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഇസ്‌ലാമിക മാര്‍ഗത്തില്‍ ധനം ചെലവഴിക്കാനാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്. ധനത്തെ ചലിപ്പിക്കുക. ചംക്രമണം ചെയ്യിപ്പിക്കുക. ധനകേന്ദ്രീകരണത്തെ നിരുത്സാഹപ്പെടുത്തുക.
''......നിങ്ങള്‍ ചെലവഴിക്കുന്ന ധനമേതും മാതാപിതാക്കള്‍ക്കും, അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കര്‍ക്കുമാണ് നല്‍കേണ്ടത്...'' (2:215).
''.....സ്വര്‍ണവും വെള്ളിയും ശേഖരിച്ച് വെക്കുകയും അവ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരെ നോവേറിയ ശിക്ഷയെ സംബന്ധിച്ച ''സുവാര്‍ത്ത'' അറിയിക്കുക'' (9:34).
6 ാം നൂറ്റാണ്ടില്‍ ഇസ്‌ലാം തുടക്കമിട്ട സാമ്പത്തിക വിപ്ലവത്തിന്റെ പ്രാധാന്യം മുഹമ്മദ് നബിയുടെ കാലശേഷം ഇസ്‌ലാമിന്റെ ദൗത്യം ഏറ്റെടുത്തവര്‍ മനസ്സിരുത്തിയിട്ടില്ലെന്നു തോന്നുന്നു. ഇസ്‌ലാമിന്റെ സാമ്പത്തികദര്‍ശനം സമ്പത്തിന്റെ കേന്ദ്രീകരണത്തെ അതിശക്തമായി അപലപിക്കുന്നുണ്ട്. സമ്പത്തിന്റെ കേന്ദ്രീകരണം സമൂഹത്തെ ദുര്‍ബലപ്പെടുത്തുമെന്ന ദീര്‍ഘവീക്ഷണവും ഇസ്‌ലാമിക ദര്‍ശനത്തില്‍ കാണാം. മുതലാളിത്ത രാജ്യങ്ങളിലെ ജനങ്ങളും സമ്പത്ത് കേന്ദ്രീകരണത്തെ എതിര്‍ക്കുന്നു. ഇതിനൊരു പരിഹാരമായി ഇസ്‌ലാം സകാത്ത് നിര്‍ബന്ധമാക്കി ധനം ദരിദ്രരിലും എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.
''സകാത്ത് ദരിദ്രര്‍ക്കും അഗതികള്‍ക്കും അതിന്റെ ജോലിക്കാര്‍ക്കും മനസ്സിനിണങ്ങിയവര്‍ക്കും അടിമ മോചനത്തിനും കടം കൊണ്ട് വലഞ്ഞവര്‍ക്കും ദൈവമാര്‍ഗത്തില്‍ വിനിയോഗിക്കാനും വഴിപോക്കര്‍ക്കും മാത്രമുള്ളതാണ്...'' (9:60).
വരുമാനത്തിന്റെ നിശ്ചിത ശതമാനം ഓരോ വിശ്വാസിയും സകാത്തായി ദരിദ്രരില്‍ എത്തിച്ചു കൊടുക്കാന്‍ ബാധ്യസ്ഥനാണ്. ഇത് ഔദാര്യമല്ല അവകാശമാണെന്ന് വചനം 70:24 അടിവരയിടുന്നു. സക്കാത്ത് വെറും ദാനമായി കരുതി ദാതാവിന്റെ ഔദാര്യത്തില്‍ നന്ദി കാണിക്കേണ്ടതല്ല. ദാതാവില്‍ നിന്നും സ്വീകരിക്കുന്ന ധനം തന്റെ അവകാശമാണെന്ന് മനസ്സിലാക്കി ആത്മാഭിമാനത്തോടെ ദൈവത്തോട് നന്ദിപറയുക. എന്റെ ഖുര്‍ആന്‍ വായനയില്‍ എനിക്ക് മനസ്സിലായത് ഈവിധത്തിലാണ്.
ഇസ്‌ലാം പലിശ പാടെ നിരോധിക്കുന്നു. കടം കൊണ്ട് വലഞ്ഞവര്‍ക്ക് പ്രത്യേക പാക്കേജും പ്രഖ്യാപിക്കുന്നു. സകാത്തിന്റെ ഒരു വിഹിതം കടം കൊണ്ട് വലഞ്ഞവര്‍ക്കായി നീക്കിവെക്കുന്നു. ''കടക്കാരന്‍ ക്ലേശിക്കുന്നവനെങ്കില്‍ ആശ്വാസമുണ്ടാകും വരെ അവധി നല്‍കുക. നിങ്ങള്‍ ദാനമായി നല്‍കുന്നതാണ് നിങ്ങള്‍ക്കുത്തമം...'' (2:280).
സകാത്ത് വിനിയോഗത്തെ സംബന്ധിച്ചുള്ള 9:60-ലെ വചനത്തില്‍ സകാത്ത് വിഹിതം കടം കൊണ്ട് വലഞ്ഞവര്‍ക്ക് വിതരണം ചെയ്യാന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ജനാധിപത്യ വ്യവസ്ഥിതിയിലെ സര്‍ക്കാറുകള്‍ കടക്കെണിയില്‍ അകപ്പെട്ട സാധാരണ ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന പാക്കേജുകള്‍ പ്രഖ്യാപിക്കാത്തത് നിര്‍ഭാഗ്യകരമാണ്. സര്‍ക്കാറുകള്‍ ശതകോടീശ്വരന്മാരുടെ കടങ്ങള്‍ എഴുതിത്തള്ളുകയും സാധാരണക്കാരന്റെ കടം എഴുതിത്തള്ളാതെ ക്ലേശിപ്പിക്കുകയും വേട്ടയാടുകയും ചെയ്യുന്നു. ഇതാണ് ആധുനിക ജനാധിപത്യത്തിലെ വിരോധാഭാസം. ഇസ്‌ലാം ആറാം നൂറ്റാണ്ടില്‍ മുന്നോട്ടുവെച്ച കടാശ്വാസ പാക്കേജുകള്‍ സര്‍ക്കാറുകള്‍ കൈക്കൊണ്ടാല്‍ കടക്കെണിയിലകപ്പെടുന്ന കര്‍ഷകരെയും സാധാരണക്കാരെയും മരണത്തിലേക്ക് തള്ളിവിടാതെ രക്ഷിക്കാന്‍ കഴിയും.
ആരോഗ്യവും ഭക്ഷണവും
പൊതുജനാരോഗ്യത്തിന് ഇസ്‌ലാം വലിയ മുന്‍ഗണന കൊടുക്കുന്നതായി കാണാം. ഇവിടെയും മറ്റു ദര്‍ശനങ്ങളില്‍നിന്ന് ഇസ്‌ലാം വേറിട്ട് നില്‍ക്കുന്നു. മറ്റു ദര്‍ശനങ്ങളില്‍ പൊതുജനാരോഗ്യത്തിന് യാതൊരു പരിഗണനയും ഇല്ല. ഭരണവര്‍ഗവും പുരോഗിതവര്‍ഗവും മാത്രമായിരുന്നു ആരോഗ്യ ഗുണഭോക്താക്കള്‍. പൊതുജനം എന്ന മഹാ ഭൂരിപക്ഷ സമൂഹത്തിനും ആരോഗ്യവും വിലക്കപ്പെട്ടിരുന്നു. ആരോഗ്യവും ബുദ്ധിയും വര്‍ധിപ്പിക്കുന്ന ആഹാര വിഭവങ്ങളൊക്കെ നിഷേധിക്കപ്പെട്ടു. പാല്‍, വെണ്ണ, പഴവര്‍ഗങ്ങള്‍ മുതലായ പോഷകാഹാര സമൃദ്ധമായ ഭക്ഷ്യവിഭവങ്ങള്‍ ദരിദ്ര സമുദായങ്ങളില്‍ എത്തപ്പെടാതിരിക്കാനും നിയമങ്ങള്‍ നിര്‍മിച്ചു. കാര്‍ഷിക വിളകള്‍ ഉല്‍പാദിപ്പിക്കുന്നത് തടയാന്‍ ഭൂമി കൈവശം വെക്കുന്നതും നിരോധിച്ചു. ശുചിത്വത്തോടെ നടക്കുന്നവരെ പിടിച്ചു ശിക്ഷിച്ചു. അങ്ങനെ ശുചിത്വ ബോധം ചോര്‍ത്തിക്കളഞ്ഞു. ലോകത്തിന്റെ പല കോണുകളിലും സാധാരണ പൗരജനങ്ങള്‍ക്ക് ഭക്ഷണോപരോധവും ആരോഗ്യോപരോധവും കര്‍ക്കശമാക്കി ഒരു ന്യൂനപക്ഷം ജീവിതം ആഘോഷിച്ചു. സമൂഹത്തിന്റെ ആരോഗ്യവും ബുദ്ധിയും ചോര്‍ത്തി ദുര്‍ബല സമൂഹമാക്കി നിര്‍ത്തി. ഈ ദുരന്ത കാഴ്ച പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യനാളുകള്‍ വരെ നിലനിന്നിരുന്നു.
ആറാം നൂറ്റാണ്ടില്‍ തന്നെ പൊതുജനാരോഗ്യത്തിന്റെ പ്രസക്തി ഇസ്‌ലാം തിരിച്ചറിഞ്ഞിരുന്നു. രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും ശക്തി ആരോഗ്യമുള്ള പൗരന്മാരാണെന്നും എല്ലാ സമുദായങ്ങളിലും ആരോഗ്യ ബോധവത്കരണം നടത്തണമെന്നും ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. ആരോഗ്യത്തെ നശിപ്പിക്കുന്ന ലഹരി പദാര്‍ഥങ്ങള്‍ വര്‍ജിക്കാനും ആവശ്യപ്പെടുന്നു.
''നിന്നോടവര്‍ മദ്യത്തെയും ചൂതിനെയും പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ കുറ്റമുണ്ട്'' (2:219). ''നീ സത്യവിശ്വാസികളോട് പറയുക. അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കട്ടെ. ഗുഹ്യഭാഗങ്ങള്‍ സൂക്ഷിക്കട്ടെ. അതാണവരുടെ പരിശുദ്ധിക്ക് ഏറ്റവും പറ്റിയത്.'' (24:30). ''... പറയുക: നിങ്ങള്‍ക്ക് നല്ല വസ്തുക്കള്‍ തിന്നാന്‍ അനുവാദമുണ്ട്....'' (5:4). ''.... വേദക്കാരുടെ ആഹാരം നിങ്ങള്‍ക്കും നിങ്ങളുടെ ആഹാരം അവര്‍ക്കും അനുവദനീയമാണ്....'' (5:5).
ഖുര്‍ആന്‍ നല്ല ഭക്ഷണവും ശുചിത്വവും പൊതുസമൂഹത്തിന് നിര്‍ബന്ധമാക്കിയിരിക്കുന്നു. ആറാം നൂറ്റാണ്ടിലെ ഈ ആരോഗ്യബോധവത്കരണം ലോകാരോഗ്യ സംഘടന ഏറ്റെടുക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ്. കുത്തഴിഞ്ഞ ലൈംഗികജീവിതം എയിഡ്‌സിന്റെ രൂപത്തില്‍ സമൂഹത്തെ വിഴുങ്ങാന്‍ തുടങ്ങിയപ്പോള്‍ മാത്രം.
തുല്യനീതി
ഇസ്‌ലാമിന്റെ സവിശേഷമായ ഒരു മുഖമാണ് തുല്യനീതി. ലോക സാമൂഹിക ചരിത്രം പരിശോധിച്ചാല്‍ പണക്കാരനും പാവപ്പെട്ടവനും ഒരേ കുറ്റത്തിന് രണ്ടുതരം നീതിയാണ് ഉണ്ടായിരുന്നതെന്ന് കാണാം. ഗോത്രം, വര്‍ണം,ജാതി എന്നിവ നോക്കി നീതിനിര്‍വഹണത്തില്‍ വിവേചനം നിലനിന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യം വരെ തുല്യനീതി നിലനിന്നിരുന്നില്ല. എന്നാല്‍, അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ നീതിനിര്‍വഹണത്തിലെ വിവേചനത്തിനെതിരെ ശബ്ദം ഉയര്‍ന്നു. ആറാം നൂറ്റാണ്ടില്‍ ഇസ്‌ലാം തുല്യനീതി നടപ്പിലാക്കിയത് ലോകത്തെ സകല ഭരണാധികാരികളെയും ഞെട്ടിച്ചുകളഞ്ഞു. കാരണം രാജാവിനും പ്രജക്കും ഒരേ കുറ്റത്തിന് ഒരേ ശിക്ഷയെന്ന് പറയുന്നത് ശിരഛേദത്തിന് വരെ കാരണമാകുന്ന കുറ്റമായിരുന്നു!
''വിശ്വസിച്ചവരേ, നിങ്ങള്‍ നീതി നടത്തി അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരാവുക. അത് നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ എതിരായിരുന്നാലും. കക്ഷി ധനികനോ ദരിദ്രനോ എന്ന് നോക്കേണ്ടതില്ല. ഇരു കൂട്ടരോടും കൂടുതല്‍ അടുപ്പമുള്ളവന്‍ അല്ലാഹുവാണ്. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ സ്വന്തം ഇഷ്ടാനിഷ്ടങ്ങളുടെ പേരില്‍ നീതി നടത്താതിരിക്കരുത്...'' (4:135).
തുല്യനീതി നടപ്പാക്കുന്നതില്‍ രക്തബന്ധമോ സുഹൃദ് ബന്ധമോ ധനമോ ദാരിദ്ര്യമോ വര്‍ണമോ ഇസ്‌ലാം പരിഗണിക്കുന്നില്ല. അതൊക്കെ പാടെ നിരാകരിച്ച്, നിഷ്പക്ഷ നീതിനിര്‍വഹണം ഇസ്‌ലാം ഉറപ്പാക്കുന്നു.
ഖുര്‍ആനിലെ യുക്തിചിന്ത
ഖുര്‍ആന്‍ വായനയില്‍ എന്നെ അമ്പരപ്പിച്ച ഒന്നാണ് ഖുര്‍ആനിലെ യുക്തി ചിന്തകള്‍. ആധുനിക കാലഘട്ടത്തിലെ യുക്തിവാദികള്‍ ഉയര്‍ത്തിയ പല വാദമുഖങ്ങളും ഖുര്‍ആനില്‍നിന്ന് അടര്‍ത്തിയെടുത്തതാണെന്ന് കാണുന്നു. ഇസ്‌ലാം ഉയര്‍ത്തിയ യുക്തിചിന്തയാണ് അറേബ്യന്‍ ഉപദ്വീപിലും പശ്ചിമേഷ്യയിലും കൊടുങ്കാറ്റായി ആഞ്ഞുവീശിയത്. നൂറ്റാണ്ടുകളായി പടുത്തുയര്‍ത്തിപ്പോന്ന അന്ധവിശ്വാസങ്ങള്‍ കടപുഴക്കപ്പെടുമെന്നായപ്പോള്‍ യാഥാസ്ഥിതികര്‍ ഒറ്റക്കെട്ടായി മുഹമ്മദ് നബിക്കെതിരെതിരിഞ്ഞു. ഇത് ആഭ്യന്തര യുദ്ധമായി വളരുകയും ചെയ്തു. സ്വഗോത്രത്തിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രവാചകന്‍ യുക്തിപൂര്‍വം ചൂണ്ടിക്കാണിച്ചു.
''ചോദിക്കുക: നിങ്ങള്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാനാവാത്ത വസ്തുക്കളെയാണോ അല്ലാഹുവെ വിട്ട് നിങ്ങള്‍ ആരാധിക്കുന്നത്...'' (5:76). ''വിശ്വസിച്ചവരേ, മദ്യവും ചൂതും പ്രതിഷ്ഠകളും ഭാഗ്യപരീക്ഷണത്തിനുള്ള അമ്പുകളും പൈശാചിക വൃത്തിയില്‍ പെട്ട മാലിന്യങ്ങളാണ്. അതിനാല്‍ അവയൊക്കെ ഒഴിവാക്കുക. നിങ്ങള്‍ വിജയിച്ചേക്കാം (5:90). ''വിശ്വസിച്ചവരേ, മതപണ്ഡിതന്മാരിലും പുരോഹിതന്മാരിലും ഏറെ പേരും ജനങ്ങളുടെ ധനം അവിഹിതമായി അനുഭവിക്കുന്നവരാണ്'' (9:34). ''അവര്‍ തങ്ങളുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും അല്ലാഹുവിന് പുറമെ ദൈവങ്ങളാക്കി...'' (9:31).
മുഹമ്മദ് ഉയര്‍ത്തിയ യുക്തിചിന്തകള്‍ സ്വാഭാവികമായും ചൊടിപ്പിക്കുക പുരോഹിത വര്‍ഗത്തെയും അവരുടെ ആശ്രിതരെയും മന്ത്രവാദികളെയും ജ്യോത്സ്യന്മാരെയും ഹസ്ത രേഖക്കാരെയും അമ്പു കുത്തി ലക്ഷണം പറയുന്നവരെയുമാണ്. അതുതന്നെ സംഭവിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ യുക്തിപൂര്‍വമായ ചോദ്യങ്ങള്‍ നിരക്ഷരരുടെ ചിന്തകളെ പോലും അലോസരപ്പെടുത്തി. അത് അവരുടെ ബുദ്ധിയെ സൂക്ഷ്മമാക്കി. അദ്ദേഹം നിരത്തുന്ന വാദമുഖങ്ങളില്‍ കഴമ്പും കാര്യവുമുണ്ടെന്ന് ബോധ്യമായവര്‍ അദ്ദേഹത്തോടൊപ്പം നിന്നു.
ഖുര്‍ആന്‍ ഉയര്‍ത്തിയ യുക്തിചിന്തകളല്ലാതെ പുതുതായി ഒരു യുക്തിചിന്തയും ആധുനിക കാലഘട്ടത്തിലെ യുക്തിവാദികള്‍ക്ക് ഉയര്‍ത്താനില്ല. വിഗ്രഹാരാധന, മന്ത്രവാദം, ജ്യോത്സ്യം, ഹസ്തരേഖ, ബഹുദൈവാരാധന, ആള്‍ദൈവാരാധന ഇവയൊക്കെ ആറാം നൂറ്റാണ്ടില്‍ തന്നെ ഇസ്‌ലാം ചോദ്യം ചെയ്തിരുന്നു. ഈ വിഷയത്തില്‍ യുക്തിവാദികള്‍ ഇസ്‌ലാമിനോട് കടപ്പെട്ടിരിക്കുന്നു.
Comments