Prabodhanm Weekly

Pages

Search

2013 ഏപ്രില്‍ 19

സ്നേഹസ്പര്‍ശവുമായി കുവൈത്ത് യൂത്ത് ഇന്ത്യ

പ്രതികരണം അനീസ് അബ്ദുസ്സലാം കുവൈത്ത്

പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രസ്ഥാനത്തെ സമഗ്രമായി പരിചയപ്പെടുത്തിയ പ്രബോധനം ലക്കത്തില്‍ (ഏപ്രില്‍ 13) നിരാലംബരുടെ ആശ്രയമായും നിസ്സഹായരുടെ കൈതാങ്ങായും നിലകൊള്ളുന്ന കുവൈത്തിലെ യൂത്ത് ഇന്ത്യയെക്കുറിച്ച് ഒന്നും പരാമര്‍ശിച്ച് കണ്ടില്ല. 2012 കാലയളവില്‍ യൂത്ത് ഇന്ത്യ കുവൈത്ത് 78 ലക്ഷം രൂപയുടെ ജനസേവന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയത്.
പ്രാരാബ്ധങ്ങളുടെ ഭാണ്ഡം പേറി പ്രവാസിയുടെ വേഷമണിയാന്‍ നിര്‍ബന്ധിതരായ പലരും തടവറ സമാനമായ ജീവിതത്തിലേക്ക് തെന്നി വീഴുന്ന കാഴ്ചകള്‍ ഈ പ്രവാസ ലോകത്ത് പുതുമയല്ലാതായിരിക്കുന്നു. മാനസിക സംഘര്‍ഷങ്ങളും രോഗങ്ങളും മൂലം പലപ്പോഴും നിസ്സഹായതയുടെയും ഒറ്റപ്പെടലിന്റെയും കാണാ കയങ്ങളില്‍ അകപ്പെട്ട് സ്വയം നശിക്കുന്നവരും ധാരാളം.
എണ്ണിയാല്‍ ഒടുങ്ങാത്ത ദുരിതകാഴ്ചകളാണ് ദിനേന ഈ പ്രവാസിലോകത്ത് അഭിമുഖീകരിക്കേണ്ടിവരുന്നത്. പലതും കരളലിയിപ്പിക്കുന്നതാണ്. പഴകിയ ഒരു ബില്‍ഡിംഗിലെ ഏണി ചുവട്ടില്‍ വൃത്തിഹീനമായ തറയില്‍ വേദന കടിച്ചിറക്കി കിടക്കുന്ന കണ്ണൂര്‍ സ്വദേശിയുടെ ദൃശ്യം ഹൃദയഭേദകമായിരുന്നു. പ്രമേഹം മൂലം കാലില്‍ ബാധിച്ച വ്രണത്തില്‍ പുഴുക്കള്‍ നിറഞ്ഞിരുന്നു. ജീവന്‍ നിലനിര്‍ത്താന്‍ കാലുകള്‍ മുറിച്ചു മാറ്റണമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയെങ്കിലും നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ വിധി കീഴ്‌പ്പെടുകയായിരുന്നു. വര്‍ഷങ്ങളായി രേഖകളൊന്നുമില്ലാത്ത ഇദ്ദേഹത്തെ യൂത്ത് ഇന്ത്യ ഏറ്റെടുക്കുകയും തുടര്‍ ചികിത്സക്കുള്ള സഹായ ഫണ്ട് സ്വരൂപിച്ച് നാട്ടിലെത്തിക്കുകയും സോളിഡാരിറ്റി മുഖേന ഉപജീവനത്തിനായി ഒരു ഓട്ടോറിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്തു.
ഈ ദൗത്യവുമായി മുന്നിട്ടിറങ്ങുമ്പോള്‍ മതമോ ദേശമോ ഭാഷയോ ഒരു തടസ്സമായില്ല. ദുരിതക്കടലില്‍ മുങ്ങിത്താഴുന്ന പച്ചയായ മനുഷ്യര്‍ മാത്രമായിരുന്നു മുമ്പിലുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ സഹായത്തിനായി പൊതുജനത്തിലേക്കിറങ്ങുമ്പോള്‍ കണ്ണ് കുളിര്‍ക്കുന്ന പ്രതികരണമാണ് ലഭിച്ചത്.
പല പ്രതീക്ഷകളും പ്രത്യാശകളും ബാക്കിവെച്ച് വാഹനാപകടത്താലും രോഗങ്ങളാലും മറ്റും മരണത്തിനു കീഴടങ്ങേണ്ടിവരുന്നവരുടെ പറക്കമുറ്റാത്ത പിഞ്ചുകുഞ്ഞുങ്ങളെയും അവരുടെ കുടുംബത്തെയും പരിപാലിക്കല്‍ വന്‍ ബാധ്യതയായി വരുന്നു. ഇത്തരത്തില്‍ മരണപ്പെടുന്നവര്‍ക്ക് സുമനസ്സുകള്‍ നല്‍കുന്ന സംഭാവനകള്‍ അവരുടെ കുടുംബത്തിന്റെ ഉപജീവനത്തിനും കുട്ടികളുടെ പഠനത്തിനുമായി വളരെ വ്യവസ്ഥാപിതമായി ഉപയോഗിക്കുന്നു.
ഗുരുതരാവസ്ഥയിലായിരുന്നിട്ടും മരണത്തിന്റെ ആഴിയില്‍ നിന്ന് കരകയറി തുടര്‍ ചികിത്സക്കായി നാട്ടിലേക്ക് തിരിച്ചവരും വിരളമല്ല. അവര്‍ പക്ഷാഘാതം, കാന്‍സര്‍ തുടങ്ങിയ മാരകരോഗങ്ങള്‍ക്ക് കീഴ്‌പ്പെട്ടവരാണ്. ഇവര്‍ക്ക് പരിചരണം നല്‍കിക്കൊണ്ടിരിക്കുന്നു. അതുപോലെ ജന്മവൈകല്യങ്ങള്‍ക്കിടയില്‍ പ്രാരാബ്ധങ്ങളുടെ മാറാപ്പുമേറി മകളുടെയും ഭാര്യയുടെയും ചികിത്സക്കായി നൊമ്പരപ്പെട്ട് ആടുമാടുകള്‍ക്കിടയില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കുന്നവര്‍ക്ക് വേണ്ടി ജനങ്ങള്‍ക്കിടയില്‍ നിന്ന് പണം സ്വരൂപിച്ച് നല്‍കി. നാട്ടിലെ അതത് പ്രദേശത്തെ സോളിഡാരിറ്റിയുമായി സഹകരിച്ചുകൊണ്ടാണ് ഇത്തരം പദ്ധതികള്‍ നടപ്പിലാക്കാറുള്ളത്.
രോഗങ്ങളാല്‍ പൊറുതിമുട്ടി മതിയായ ചികിത്സ അപ്രാപ്യമാകുന്ന കുവൈത്തിലെ ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് അറ്റ് ലേബര്‍ ക്യാമ്പ് എന്ന പ്രോഗ്രാമിന്റെ ഭാഗമായി അര്‍റഹ്മയുമായി സഹകരിച്ച് ഫര്‍വാനിയ, അംഗാറ, ഖൈത്താന്‍, വഫ്‌റ, കബ്ദ്, ജഹറ, അബ്ബാസിയ എന്നിവിടങ്ങളിലായി 11 മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഇതിലൂടെ 3500-ലധികം ആളുകള്‍ക്ക് മരുന്നും ബ്ലഡ് പ്രഷര്‍, ഷുഗര്‍, ഇ.സി.ജി തുടങ്ങിയ ടെസ്റ്റും ലഭ്യമാക്കി. കുവൈത്തില്‍ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിന് വേണ്ട മുഴുവന്‍ സേവനങ്ങളും യൂത്ത് ഇന്ത്യ ചെയ്തു കൊടുക്കുന്നു. ഇതിന് ആവശ്യമായി വരുന്ന വന്‍ സാമ്പത്തിക ബാധ്യത സ്‌പോണ്‍സര്‍ മുഖേനയോ എംബസിയുടെ സഹായത്തോടെയോ ലഭ്യമാക്കുന്നു.
മരണപ്പെട്ടാല്‍ ഉടനടി ചെയ്യേണ്ടുന്ന കാര്യം എത്രയും പെട്ടെന്ന് ഭൗതിക ശരീരം നാട്ടിലെത്തിക്കുക എന്നതാണ്. സ്വഭാവികമായും നടപടിക്രമങ്ങള്‍ ഇവിടത്തെ നിയമങ്ങള്‍ക്ക് വിധേയമാണ്. ഇന്ത്യന്‍ എംബസിയിലും ഇവിടത്തെ വിവിധ ഓഫീസുകളിലും കയറിയിറങ്ങി വേണം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇതിനായി ഒരു സന്നദ്ധ സേവന സംഘം തന്നെ യൂത്ത് ഇന്ത്യക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനകം നിരവധി കേസുകള്‍ അവര്‍ ഏറ്റെടുക്കുകയുണ്ടായി. പരിമിതമായ മനുഷ്യ വിഭവം മാത്രമുളള്ള ഈ സംഘം ദൈവത്തിന്റെ അനുഗ്രഹത്താലും സ്വയം സമര്‍പ്പിതരായ യുവാക്കളുടെ കഠിനാധ്വാനത്തിന്റെ ഫലമായും കുവൈത്തിന്റെ പ്രവാസ മണ്ണില്‍ ജനസേവനത്തിന്റെ പുതിയ മാതൃകകള്‍ കാഴ്ചവെച്ച് യാത്ര തുടരുകയാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 34-41
ഖുര്‍ആന്‍ ബോധനം എ.വൈ.ആര്‍