സുലൈമാന്‍ റാജിഹി ഉദാരസമ്പന്നയുടെ ജീവല്‍മാതൃക
ഒട്ടകപ്പുറത്ത് മരുഭൂമിയിലൂടെ മക്കയും മദീനയും ലക്ഷ്യമിട്ട് വരുന്ന തീര്‍ഥാടകര്‍ക്ക് കറന്‍സി മാറിക്കൊടുത്ത് കൊണ്ടാണ് സുലൈമാന്‍ റാജിഹിയും ജ്യേഷ്ഠന്‍ സാലിഹും വ്യാപാരം തുടങ്ങിയത്. തൊണ്ണൂറ് കഴിഞ്ഞ 'ശൈഖ് സുലൈമാന്‍' ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാമിക് ബാങ്കിന്റെ ഉടമയും സുഊദി അറേബ്യയിലെ മുന്‍നിര കോടീശ്വരന്മാരില്‍ ഒരാളുമാണ്. പടച്ചതമ്പുരാന്‍ നിരോധിച്ച പലിശ സാമ്പത്തിക ഇടപാടുകളില്‍ പാടില്ല എന്ന അദ്ദേഹത്തിന്റെ നിര്‍ബന്ധ ബുദ്ധി വിജയം കാണുമോ എന്ന് പലരും സന്ദേഹിച്ചിരുന്നുവെങ്കിലും റാജിഹി വിട്ടുവീഴ്ച കൂടാതെ മുന്നോട്ട് പോയി. ഒടുവില്‍ 2500 കോടി റിയാല്‍ സമ്പത്തിന്റെ പകുതിയിലേറെ ജീവകാരുണ്യ സംരംഭങ്ങള്‍ക്കും ബാക്കി ഭാര്യമാര്‍ക്കും മക്കള്‍ക്കും വീതംവെച്ച് അദ്ദേഹം കഴിഞ്ഞ മെയില്‍ 'ഭാരമൊഴിഞ്ഞു.' പൈതൃകസ്വത്ത് ഭാഗം വെക്കുമ്പോള്‍ പല കുടുംബങ്ങളിലും നടക്കാറുള്ള കലഹം കണ്ടറിഞ്ഞത് കൊണ്ടാണ് ആരോടും അനീതിചെയ്യാതെ അനന്തരാവകാശികളെ തൃപ്തിപ്പെടുത്തിക്കൊണ്ട് ജീവിത കാലത്ത് തന്നെ വീതംവെപ്പ് നടത്തിയത്. ഇത്രയും സമ്പത്തിന്റെ യഥാര്‍ഥ ഉടമ അല്ലാഹുവാണെന്ന് അടിയുറച്ച് വിശ്വസിക്കുന്ന റാജിഹി അതിഭീമമായ തുകയാണ് വഖ്ഫ് ചെയ്തിരിക്കുന്നത്. സാമൂഹിക, വിദ്യാഭ്യാസ, ആതുരശുശ്രൂഷ, മതമേഖലകളില്‍ എസ്.എ.എ.ആര്‍ ഫൌണ്ടേഷനാ'ണ് ഈ തുകയുടെ വിനിയോഗം നടത്തുക. അല്ലാഹുവോടും ജനങ്ങളോടുമുള്ള കടമയെക്കുറിച്ചുള്ള ബോധവും ദൈവിക കല്‍പനകള്‍ അനുസരിച്ചാല്‍ പുരോഗതി മാത്രമേ ഉണ്ടാകൂ എന്ന ഉറച്ച വിശ്വാസവുമാണ് തനിക്ക് ഈ വിജയം നേടിതന്നതെന്നു അദ്ദേഹം വ്യക്തമാക്കുന്നു. വന്‍ ഭക്ഷ്യോല്‍പാദന കമ്പനിയുടെ ഉടമ കൂടിയായ ശൈഖ് സുലൈമാന്‍ അമിതലാഭം നേടാന്‍ വേണ്ടി കാര്‍ഷിക വിളകളില്‍ രാസവളം ചേര്‍ക്കുകയോ കൃഷിയിടങ്ങളില്‍ കീടനാശിനി ഉപയോഗിക്കുകയോ ചെയ്യില്ലെന്ന നിഷ്ഠയും പുലര്‍ത്തിയിരുന്നു. പകരം ജൈവവളം ഉപയോഗിക്കുകയും ഉപകാരപ്പെടുന്ന പ്രാണികളെ വളര്‍ത്തുകയാണ് ചെയ്തത്. ഇതും അത്ഭുതകരമായ ഫലമാണ് കാഴ്ചവെച്ചത്. അദ്ദേഹത്തിന്റെ ഈ മാതൃക സുഊദിക്കകത്തും പുറത്തുമുള്ള പലസ്ഥാപനങ്ങളും പിന്തുടരുകയുണ്ടായി. 'ഇസ്ലാമിക ഭീകരവാദിക'ളെ സഹായിക്കുന്നുവെന്ന ആരോപണത്തോടെ സി.ഐ.എ അന്വേഷണത്തിന്റെ കരിനിഴല്‍ റാജിഹി ബാങ്കിന് നേരെയും വീണിരുന്നു.
ഇദ്ദേഹത്തിന്റെ സേവനസംരംഭങ്ങളില്‍ എടുത്തോതേണ്ട ഒരു സ്ഥാപനമാണ് തന്റെ ജന്മനഗരമായ അല്‍ബുകാരിയയിലെ സുലൈമാന്‍ അല്‍റാജിഹി യൂനിവേഴ്സിറ്റി. മെഡിക്കല്‍, നഴ്സിംഗ് അപ്ളൈഡ് സയന്‍സ് കോളേജുകള്‍ വഴി ആരോഗ്യരംഗത്ത് കഴിവുറ്റ വ്യക്തികളെ വാര്‍ത്തെടുക്കാനാണ് ഈ സര്‍വകലാശാല ലക്ഷ്യമിടുന്നത്. 'സദ്വൃത്തനായ മനുഷ്യന്റെ കൈയിലെ ഗുണപ്രദമായ സമ്പത്ത്' എന്ന ഹദീസിനെ ഓര്‍മപ്പെടുത്തുന്നതാണ് റാജിഹി നടത്തുന്ന സേവന സംരംഭങ്ങള്‍.
Comments