ഇസ്‌ലാമിസ്റ്റുകളുടെ കാലം
തുനീഷ്യയിലെ ഇസ്‌ലാമിക പ്രസ്ഥാനമായ 'അന്നഹ്ദ'യുടെ അമരക്കാരന്‍ റാശിദുല്‍ ഗനൂശി രണ്ട് പതിറ്റാണ്ട് കാലത്തെ നിര്‍ബന്ധിത പ്രവാസത്തിന് ശേഷം മാതൃരാജ്യത്ത് തിരിച്ചെത്തിയത് തുനീഷ്യയിലെ പുതിയ വിപ്ലവത്തിനു ശേഷമാണ്. ഇസ്‌ലാമിക നവോത്ഥാനത്തിന്റെ പുരോഗമനപരമായ കാഴ്ചപ്പാട് മുന്നോട്ടുവെച്ച ഈ 69 കാരന്‍ പുതിയ വിജയങ്ങള്‍ക്കായി തന്റെ സംഘടനയെ സജ്ജമാക്കിക്കൊണ്ടിരിക്കുകയാണ്. തൊഴിലാളികളടക്കമുള്ള അടിസ്ഥാന ജനവിഭാഗങ്ങളെയും പ്രാദേശിക സവിശേഷതകളെയും പരിഗണിച്ച് ഐക്യത്തിലും വിമോചനത്തിലും ഊന്നിനില്‍ക്കുന്ന ബഹുസ്വര രാഷ്ട്രീയ സമീപനത്തെയാണ് അദ്ദേഹം ഉയര്‍ത്തിക്കാണിക്കുന്നത്. സ്ത്രീ വിമോചനം അതിന്റെ മുഖ്യഭാഗമാണ്. 1989 മുതലുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ ഇടപെടലുകളുടെ ചരിത്രം നയനിലപാടുകളുടെ വളര്‍ച്ചയുടെ ചരിത്രം കൂടിയാണ്. 'അല്‍-ഇത്തിജാഹുല്‍ ഇസ്‌ലാമി' എന്നപേരില്‍ തുടങ്ങി 1989-ല്‍ 'ഹിസ്ബുന്നഹ്ദ'യായി പുനര്‍നാമകരണം ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ പാര്‍ട്ടി, ഭാവി തുനീഷ്യയുടെ രാഷ്ട്രീയ ഗതിയെ നിര്‍ണയിക്കുമെന്ന് രാഷ്ട്രീയ വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തുനീഷ്യയിലെ മുഴുവന്‍ ജനങ്ങളും പങ്കാളികളായ പുതിയ വിപ്ലവപ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ 'അല്‍ മജല്ല' അറബി വാരിക റാശിദുല്‍ ഗനൂശിയുമായി നടത്തിയ അഭിമുഖം.
മാതൃരാജ്യത്തേക്ക് തിരിച്ചുവരുമ്പോള്‍ എന്ത് മാറ്റമാണ് തുനീഷ്യയില്‍ സംഭവിച്ചത്? ഇതൊരു പുതിയ കാലത്തിന്റെ തുടക്കമാണോ?
പ്രവാസത്തില്‍ നിന്ന് തിരിച്ചുവന്നതുമുതല്‍ എന്റെ നിലപാടുകളില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്. തുനീഷ്യ എപ്പോഴും എന്റെ ഹൃദയത്തിലുണ്ടായിരുന്നെങ്കിലും രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ ഇത്രയും കാലം വിദേശത്തുനിന്നാണ് കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍, ഞാനിന്ന് വീട്ടിലിരുന്ന് പ്രശ്‌നങ്ങളെ കുറിച്ചാലോചിക്കുമ്പോള്‍ എന്റെ പരിഗണനകളിലും സമീപനങ്ങളിലും വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.
തുനീഷ്യന്‍ വിപ്ലവത്തില്‍ 'അന്നഹ്ദ'യുടെ പങ്കെന്തായിരുന്നു?
ഞങ്ങളീ വിപ്ലവത്തിന്റെ തന്നെ ഭാഗമായിരുന്നു. മുറിപ്പെടുത്തുന്ന അനുഭവങ്ങളുടേതാണ് ഞങ്ങള്‍ക്ക് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനഭാഗം. 30,000 ത്തിലധികം ആളുകള്‍ ജയിലിലകപ്പെടുകയും വ്യത്യസ്ത തരത്തിലുള്ള പീഡനങ്ങള്‍ക്കിരയാവുകയും ചെയ്തു. നൂറുകണക്കിനാളുകള്‍ വികലാംഗരാക്കപ്പെട്ടു. ഏറെപ്പേര്‍ മരണമടഞ്ഞു. അവരുടെ കുടുംബങ്ങള്‍ക്ക് ഭീകരമായ പീഡനങ്ങളും ക്രൂരതകളും അഭിമുഖീകരിക്കേണ്ടി വന്നു. ജയിലടക്കപ്പെട്ടവരോ, ജോലിനഷ്ടപ്പെട്ടവരോ, വികലാംഗരാക്കപ്പെട്ടവരോ ആയ ഞങ്ങളുടെ പ്രവര്‍ത്തകര്‍ തുനീഷ്യയിലുടനീളം ഓരോ കുടുംബത്തിലുമുണ്ട്. ഈ സഹനങ്ങളൊക്കെയും ഭരണക്രമത്തിനെതിരെയുള്ള അമര്‍ഷവും വിദ്വേഷവും രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പക്ഷേ, സംഘടനാ മെമ്പര്‍മാര്‍ മാത്രമല്ല അതില്‍ പങ്കാളികളായത്. മറിച്ച്, തുനീഷ്യന്‍ സമൂഹത്തിന്റെ മുഴുവന്‍ മേഖലകളില്‍ നിന്നുമുള്ള ആളുകളതിലുണ്ടായിരുന്നു.
കഴിഞ്ഞ കാലങ്ങളിലെ അതികഠിനമായ പരീക്ഷണങ്ങളിലൂടെ കടന്നുവന്നതിന് ശേഷമുള്ള സംഘടനയുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ്?
കഴിഞ്ഞ 20 വര്‍ഷമായി അതികഠിനമായ അടിച്ചമര്‍ത്തലിലൂടെ ഭരണകൂടം സംഘടനയുടെ അസാന്നിധ്യം ഉറപ്പുവരുത്തി. ജയിലിലടക്കപ്പെടാത്തവര്‍ നാടുകടത്തപ്പെട്ടു. എന്നാല്‍, ഈയടുത്ത വര്‍ഷങ്ങളില്‍ പ്രസ്ഥാനഅംഗങ്ങള്‍ ജയില്‍ മോചിതരായി. എന്നാല്‍, ഇത് ചെറിയ തടവറയില്‍ നിന്ന് പോലീസിന്റെ നിരന്തര നിരീക്ഷണത്തില്‍ ജീവിക്കേണ്ടി വരുന്ന വലിയ തടവറയിലേക്കുള്ള മോചനം മാത്രമായിരുന്നു. വിപ്ലവം പൊട്ടിപ്പുറപ്പെടുമ്പോള്‍ പ്രസ്ഥാന പ്രവര്‍ത്തകരില്‍ രണ്ട് പേര്‍മാത്രമാണ് ജയിലിലവശേഷിച്ചിരുന്നത്. വിപ്ലവത്തില്‍ മുഴുവന്‍ പ്രവര്‍ത്തകരും സജീവമായി പങ്കുകൊണ്ടു. ഇപ്പോള്‍ ഞങ്ങള്‍ സംഘടനാപ്രവര്‍ത്തനങ്ങള്‍ പുനഃസംഘടിപ്പിക്കുകയും പൂര്‍ണമായൊരു രാഷ്ട്രീയ പാര്‍ട്ടിയാവാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
'ദേശീയ പുനഃസംഘാടന'ത്തെക്കുറിച്ച സംസാരങ്ങള്‍ തുനീഷ്യയിലിപ്പോഴുമുണ്ടോ?
നിലനിന്നിരുന്ന ഒരു വ്യവസ്ഥയെയാണ് വിപ്ലവം തകര്‍ക്കുകയും പരാജയപ്പെടുത്തുകയും ചെയ്തത്. ദേശീയ പുനഃസംഘാടനത്തെക്കുറിച്ച സംസാരങ്ങളും നിലനിന്നിരുന്ന വ്യവസ്ഥയുടെ സമാധാനസംസ്ഥാപനത്തിലെ പരാജയവുമാണ് വിപ്ലവത്തെ സാധ്യമാക്കിയത്. ഈ വിപ്ലവം തുനീഷ്യന്‍ ജനതയെ തുല്യരാക്കിയിരിക്കുന്നു. ഇന്ന് സര്‍ക്കാറിന്റെ ആവശ്യം ജനങ്ങളോടൊപ്പം നിന്നുകൊണ്ടുള്ള പരിഷ്‌കരണമാണ്. ജനങ്ങളുടെ അംഗീകാരം ആവശ്യമുള്ളതിനാല്‍ ഇനിയും ജനങ്ങളെ ഭയപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കില്ല. ഞങ്ങള്‍ ഭരണകൂടത്തോട് ഈ അംഗീകാരം ആവശ്യപ്പെട്ടിരുന്നു. അന്നത് അനുവദിച്ചു തന്നില്ല. അതിനാലാണ് വിപ്ലവം പൊട്ടിപ്പുറപ്പെട്ടതും നിലനിന്നിരുന്ന ഭരണവ്യവസ്ഥയെ തകര്‍ത്തെറിഞ്ഞതും. ഇപ്പോള്‍ ഭരണകൂടം പുതിയൊരു വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ ഏറെ പരിശ്രമിക്കുകയും സാമൂഹിക അംഗീകാരം ആവശ്യപ്പെടുകയും ചെയ്യുന്നു.
തുനീഷ്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍ 'അന്നഹ്ദ'യെ എങ്ങനെയാണ് അടയാളപ്പെടുത്തുന്നത്?
'അന്നഹ്ദ' തുനീഷ്യന്‍ രാഷ്ട്രീയമണ്ഡലത്തിന്റെയും സമൂഹത്തിന്റെയും ഭാഗമാണ്. ഇന്ന് ഞങ്ങള്‍ പുതിയൊരു രാഷ്ട്രീയ വ്യവസ്ഥിതിയുടെ സംസ്ഥാപന ഘട്ടത്തിലാണ്. തുനീഷ്യതന്നെയും 'മാഫിയ കുടുംബ' വ്യവസ്ഥയില്‍ നിന്നും ഏകപാര്‍ട്ടി ക്രമത്തില്‍ നിന്നും ഞങ്ങളാവശ്യപ്പെടുന്ന ജനങ്ങളുടെ രാഷ്ട്രത്തിലേക്കുള്ള മാറ്റത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നു. ഏറെ അസ്വസ്ഥതകളിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തിലും ഞങ്ങള്‍ രാജ്യത്തെ രാഷ്ട്രീയ സാമൂഹിക പ്രവാഹങ്ങളുടെ തന്നെ ഭാഗമായാണ് നിലയുറപ്പിച്ചിട്ടുള്ളത്. ദേശീയ അസംബ്ലിയുമായി ചേര്‍ന്നുനിന്ന് വിപ്ലവത്തെ സംരക്ഷിക്കാന്‍ ഒരു ജനകീയ രാഷ്ട്രം സ്ഥാപിക്കേണ്ടതുണ്ട്. അതായിരിക്കണം വിപ്ലവത്തിന്റെ ഒന്നാമത്തെ സന്തതി. അത് തത്ത്വത്തില്‍ അംഗീകരിക്കപ്പെടേണ്ടത് വിപ്ലവത്തിന്റെ പുറത്തുനിന്നോ പഴയ വ്യവസ്ഥിതിയുടെ അവശിഷ്ടങ്ങളില്‍ നിന്നോ അല്ല. മറിച്ച് വിപ്ലവത്തിന്റെ പങ്കാളികളാലും ഇതിലുള്‍പ്പെട്ട രാഷ്ട്രീയ ശക്തികളാലും സ്ഥാപനങ്ങളാലും സമുദായ സംഘടനകളാലുമാണ്.
നിലവിലെ കാവല്‍ ഭരണകൂടത്തിനെന്ത് ദൗത്യമാണ് നിര്‍വഹിക്കാനുള്ളത്?
ജനാധിപത്യ ഘടനയിലേക്കുള്ള പ്രയാണത്തിന്റെ ഭാഗമായി നിലവിലെ ഭരണകൂടം പ്രാഥമികമായി സ്വതന്ത്ര്യവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. അതുവഴി തെരഞ്ഞെടുക്കപ്പെടുന്ന അസംബ്ലി രാഷ്ട്ര പുനഃസംഘാടനം സാധ്യമാക്കുകയും ഒരു ജനാധിപത്യ ഭരണഘടന നിര്‍മിക്കുകയും നിശ്ചിത കാലത്തേക്ക് ഭരണകൂടത്തിന് മേല്‍നോട്ടം വഹിക്കുകയും ചെയ്യേണ്ടതുണ്ട്. ഇത് നേടിയെടുത്താല്‍ തെരഞ്ഞെടുക്കപ്പെടുന്ന പുതിയ പാര്‍ലമെന്റ് തുടര്‍ന്നുള്ള ഭരണത്തിനും തെരഞ്ഞെടുപ്പുകള്‍ക്കും നേതൃത്വം നല്‍കും. നിലവിലെ കാവല്‍ ഭരണകൂടം വ്യത്യസ്ത രാഷ്ട്രീയ ധാരകളില്‍ നിന്നുള്ളവരും സര്‍ക്കാറേതര സംഘടനാപ്രതിനിധികളുമുള്‍പ്പെടുന്ന ഒരു ദേശീയ വിപ്ലവ സംരക്ഷണ സമിതിയുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കേണ്ടത്.
ലിംഗസമത്വത്തെയും തുനീഷ്യന്‍ വ്യക്തിനിയമത്തെയും താങ്കള്‍ എങ്ങനെയാണ് നോക്കികാണുന്നത്?
സ്ത്രീകളുടെ അന്തസിനെ അംഗീകരിക്കുന്ന ഇസ്‌ലാമിക വീക്ഷണത്തില്‍ ഞങ്ങള്‍ വിശ്വസിക്കുകയും അവരെ പുരുഷനു തുല്യരായി തന്നെ പരിഗണിക്കുകയും ചെയ്യുന്നു. ''നിശ്ചയം ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു'' എന്ന വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനമനുസരിച്ച് സ്ത്രീക്കും പുരുഷനുമിടയില്‍ യാതൊരു വിവേചനവും നിലനില്‍ക്കുന്നില്ല. അല്ലാഹു പറയുന്നു: ''നിശ്ചയം അല്ലാഹുവിങ്കല്‍ ഏറ്റവും ശ്രേഷ്ഠന്‍ നിങ്ങളിലേറ്റവും ഭയഭക്തിയുള്ളവനാണ്.'' അതിനാല്‍ തന്നെ ലിംഗമോ നിറമോ സമ്പത്തോ പരിഗണനീയമല്ല. മറിച്ച്, മനുഷ്യര്‍ അനുഷ്ഠിക്കുന്ന കര്‍മങ്ങളാണ് പരിഗണനക്കാധാരം. 'അല്ലാഹു നമ്മുടെ രൂപങ്ങളിലേക്കല്ല നോക്കുന്നത്, ഹൃദയങ്ങളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കുമാണ്.'
നിയമപരമായി ഇസ്‌ലാമിക അടിസ്ഥാനങ്ങളിലൊന്നാണ് ലിംഗസമത്വം. തുനീഷ്യയിലെ ഇസ്‌ലാമിന്റെ പതന കാലത്ത് സ്ത്രീകള്‍ അടിച്ചമര്‍ത്തലിന്റെയും അനീതിയുടെയും ഇരകളായിരുന്നു. ആ സമയത്ത് സൈത്തൂന സര്‍വകലാശാലയിലെ അധ്യാപകരായ അബ്ദുല്‍ അസീസ് സൈത്തിനെയും ത്വാഹിര്‍ ബിന്‍ ആശൂറിനെയും പോലുള്ള പരിഷ്‌കര്‍ത്താക്കളായ പണ്ഡിതന്മാര്‍ ഇസ്‌ലാമിക മൂല്യങ്ങളിലേക്കുള്ള തിരിച്ചുപോക്കിലൂടെ ഈ അനീതി അവസാനിപ്പിക്കുന്നതിന് നേതൃത്വം നല്‍കുകയുണ്ടായി. തുനീഷ്യന്‍ വ്യക്തി നിയമത്തിന്റെ ആദ്യപതിപ്പ് സൈത്തൂന സര്‍വകലാശാലയിലെ പണ്ഡിതന്മാര്‍ രൂപീകരിച്ചതായിരുന്നു. അതിനാല്‍ തന്നെ ബുറഖീബയുടെ കാലംവരെയത് ഇസ്‌ലാമിക നിയമ നിര്‍ദ്ധാരണത്തിന്റെ അടിത്തറയിലാണ് നിലകൊണ്ടത്. പക്ഷേ, പാശ്ചാത്യവാദിയായ അദ്ദേഹം ഇസ്‌ലാം വെല്ലുവിളിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ പാശ്ചാത്യര്‍ക്കനുസരിച്ച് അതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി. സ്ത്രീ സ്വാതന്ത്ര്യം ഇസ്‌ലാമിക വിരുദ്ധമായിക്കൊണ്ടേ സാധ്യമാകൂ എന്നാണദ്ദേഹം വാദിച്ചത്. അദ്ദേഹം സൈത്തൂന സര്‍വകലാശാല അടച്ചുപൂട്ടുകയും അറബി ഭാഷക്ക് പകരം ഫ്രഞ്ചിനെ കുടിയിരുത്തുകയും സ്ത്രീകളുടെ ഹിജാബ് നിരോധിക്കുകയും ചെയ്തു. ഫ്രഞ്ച് സംസ്‌കാരത്താല്‍ സ്വാധീനിക്കപ്പെട്ട അദ്ദേഹം അതിനാല്‍ തന്നെ വ്യക്തിനിയമം പാശ്ചാത്യ പശ്ചാത്തലത്തിലാണ് സംവിധാനിച്ചത്.
അതിനാല്‍ വ്യക്തി നിയമം പുനഃപരിശോധിക്കാന്‍ പദ്ധതിയുണ്ടോ?
തുനീഷ്യന്‍ വ്യക്തി നിയമം ഉള്‍ക്കൊള്ളുന്ന അടിസ്ഥാനവകുപ്പുകള്‍ ഇസ്‌ലാമിക നിയമനിര്‍ദ്ധാരണമനുസരിച്ച് രൂപപ്പെടുത്തിയതാണ്. ബൂറഖീബ കൂട്ടിച്ചേര്‍ത്തതില്‍ മാത്രമാണ് അഭിപ്രായ വ്യത്യാസമുള്ളത്. അതാണെങ്കില്‍ ഖുര്‍ആനിക വചനങ്ങള്‍ക്കെതിരുമാണ്. അതിനാല്‍ തന്നെ അടിസ്ഥാന വ്യക്തിനിയമം മുഴുവനായി തന്നെ സ്വീകാര്യമാണ്. അവ മാറ്റേണ്ട ആവശ്യമില്ല.
മുമ്പൊരു പ്രസ്താവനയില്‍ ഭരണകൂടത്തെ ധിക്കരിക്കരുതെന്ന് താങ്കള്‍ പറഞ്ഞതായി ഓര്‍ക്കുന്നു?
ഭരണാധികാരികള്‍ക്കെതിരെ സായുധ കലാപകാരികള്‍ ഉണ്ടായിരിക്കരുത് എന്നാണ് ഞാനുദ്ദേശിച്ചിരുന്നത്. മറ്റു രീതിയിലുള്ള നിയമലംഘനങ്ങള്‍ അനുവദനീയമാണ്. ഒരു പക്ഷേ, തക്കതായ കാരണങ്ങളുണ്ടെങ്കില്‍ അവ ബാധ്യതയുമാകാം.
ജനന നിയന്ത്രണ നയം അപകടകരവും നിര്‍ബന്ധമായും തിരുത്തേണ്ടതുമാണെന്ന് താങ്കള്‍ വാദിക്കാന്‍ കാരണമെന്താണ്?
തുനീഷ്യയിലെ ജനന നിയന്ത്രണം ജനസംഖ്യയെ തന്നെ ഇല്ലാതാക്കുന്ന ഒരവസ്ഥയിലേക്ക് നയിക്കും. മുസ്‌ലിം ലോകത്തെ ജനസംഖ്യ കുറക്കാന്‍ ലക്ഷ്യം വെച്ചുള്ള മുതലാളിത്ത വിദേശ സമ്മര്‍ദ ഫലമായാണ് ഈ പോളിസി നടപ്പിലാക്കിയത്. ഈ നശീകരണം തുനീഷ്യന്‍ സമൂഹത്തെ വളരെ പെട്ടന്ന് വൃദ്ധന്മാരാക്കുകയും ജനസാന്ദ്രമായ മൂന്നാം ലോക രാജ്യങ്ങള്‍ക്കിടയില്‍ ശക്തി ക്ഷയിച്ച രാഷ്ട്രമാക്കിത്തീര്‍ക്കുകയും ചെയ്യും. കുട്ടികളുടെ കുറവുകൊണ്ട് ഏതാനും സ്‌കൂളുകള്‍ ഈയിടെ അടച്ചുപൂട്ടുകയുണ്ടായി. ഇതു വ്യക്തമാക്കുന്നത് സൃഷ്ടിപ്പിലെ ദൈവയുക്തിയെ നശിപ്പിക്കുന്നത് നമ്മെ വലിയ തകര്‍ച്ചയിലേക്കാണ് നയിക്കുന്നതെന്നാണ്.
പൗര രാഷ്ട്രീയത്തിന് പകരം വിധ്വംസക പ്രവര്‍ത്തനത്തിലേര്‍പ്പെടുകയും സായുധ സംഘടന രൂപീകരിക്കുകയും ചെയ്യുകയാണെന്ന് താങ്കള്‍ക്കെതിരെ ആരോപണം ഉന്നയിക്കപ്പെട്ടിരുന്നുവല്ലോ?
ഈ ആരോപണങ്ങളുന്നയിച്ച പഴയ ഭരണകൂടത്തിന്റെ വാദങ്ങള്‍ സത്യമായിരുന്നെങ്കില്‍ അവര്‍ക്കെതിരെ വിപ്ലവം പൊട്ടിപ്പുറപ്പെടുമായിരുന്നില്ലല്ലോ. അതിനാല്‍ ഇത്തരം വാദങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നത് തീര്‍ത്തും അനുചിതമാണ്.
താങ്കളുടെ എതിരാളികള്‍ താങ്കള്‍ക്കെതിരെ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങളിലൊന്ന് താങ്കള്‍ ജനാധിപത്യത്തെ ബാലറ്റ് പേപ്പറില്‍ പരിമിതപ്പെടുത്തുന്നൂ എന്നതാണല്ലോ. യഥാര്‍ഥത്തില്‍ ജനാധിപത്യത്തെ താങ്കളെങ്ങനെയാണ് വീക്ഷിക്കുന്നത്? ജനാധിപത്യത്തെ എതിര്‍ക്കുന്ന ഇസ്‌ലാമിക ധാരകളെക്കുറിച്ചുള്ള അഭിപ്രായമെന്താണ്?
1981 ജൂണ്‍ ആറിന് 'അല്‍ ഇത്തിജാഹുല്‍ ഇസ്‌ലാമി'(Islamic Tendency Movement) യുടെ രൂപീകരണം പ്രഖ്യാപിച്ചതു മുതല്‍ തന്നെ ജനാധിപത്യ രീതികളെ ഞങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ബാലറ്റ് പേപ്പര്‍ അതിലൊരു ഘടകം മാത്രമാണ്. ജനാധിപത്യത്തെ എതിര്‍ക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ സംബന്ധിച്ച്, അവര്‍ക്കതിനുള്ള ന്യായങ്ങളുണ്ടാകാം എന്നേ പറയാനാവൂ.
ഇസ്‌ലാമിക ലോകത്തിന്റെ ഭാവിയില്‍ തുനീഷ്യന്‍, ഈജിപ്യന്‍ വിപ്ലവങ്ങള്‍ എങ്ങനെയാണ് സ്വാധീനം ചെലുത്തുന്നത്?
അറബ് ലോകം ജനാധിപത്യത്തിലേക്കുള്ള പ്രയാണത്തില്‍ പിറകിലായിപ്പോയെങ്കിലും തുര്‍ക്കി മുതല്‍ ഇന്തോനേഷ്യ, നൈജീരിയ വരെയുള്ള ഇസ്‌ലാമിക ലോകത്തിന്റെ വലിയൊരു ഭാഗവും ജനാധിപത്യത്തിനു കീഴില്‍ തന്നെയാണ് ജീവിക്കുന്നത്. ഇപ്പോഴത് മറ്റ് ഭാഗങ്ങളിലേക്ക് കൂടി വ്യാപിച്ചു തുടങ്ങിയിരിക്കുന്നു. ഈ പ്രക്രിയയില്‍ ആദ്യ ചുവട് വെക്കാനും ഈജിപ്തിനെയും ഇതര അറബ് രാജ്യങ്ങളെയും പ്രചോദിപ്പിക്കാനും സാധിച്ചതില്‍ തുനീഷ്യ ഇന്ന് അഭിമാനം കൊള്ളുന്നു.
മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റത്തില്‍ ഇസ്‌ലാമിസ്റ്റ് മിതവാദത്തിന്റെ സ്ഥാനമെന്താണ്?
സങ്കുചിത പാര്‍ട്ടി വീക്ഷണത്തിലുപരി ഒരു പൊതുസ്വഭാവമുള്ള ഈ മാറ്റത്തിന്റെ തന്നെ ഭാഗമാണ് അവരും. വിപ്ലവത്തിലുടനീളം പക്ഷപാതപരമോ സംഘടനാപരമോ ആയ യാതൊരു മുദ്രാവാക്യവും ഉയര്‍ന്നിട്ടില്ല. എല്ലാ മുദ്രാവാക്യങ്ങളും മനുഷ്യരെക്കുറിച്ചും രാഷ്ട്രത്തെക്കുറിച്ചുമായിരുന്നു. ഈ ജനകീയ പ്രസ്ഥാനത്തിന്റെ അടിസ്ഥാന ഘടകം തന്നെയാണ് ഇസ്‌ലാമിസ്റ്റുകളും. മതമൗലികവാദികളെന്നും അടഞ്ഞ മനസ്സിനുടമകളെന്നുമുള്ള ആരോപണങ്ങളെ ഇല്ലാതാക്കിക്കൊണ്ട് തങ്ങള്‍ വിഘടനവാദികളല്ലെന്നും മറിച്ച് മനുഷ്യാന്തസ്സിന്റെ മൂല്യങ്ങളെയും സ്വാതന്ത്ര്യത്തെയും പിന്തുണക്കുന്ന രാജ്യസ്‌നേഹികളാണെന്നും അവര്‍ തെളിയിക്കുകയുണ്ടായി.
ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തിലെത്തിയാല്‍ പടിഞ്ഞാറ് അത് അംഗീകരിക്കുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
പടിഞ്ഞാറ് പടച്ചവനല്ല.
പൊട്ടിപ്പുറപ്പെട്ട വിപ്ലവത്തിന്റെ നേതൃത്വത്തില്‍ നിന്ന് ഇസ്‌ലാമിസ്റ്റുകള്‍ അകലം പാലിക്കുന്നതിനാല്‍ മേഖലയിലെ ഭാവിയെക്കുറിച്ച് താങ്കളെന്താണ് പ്രതീക്ഷിക്കുന്നത്? ഇസ്‌ലാമിസ്റ്റുകള്‍ ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികളെന്തൊക്കെയാണ്?
വ്യക്തിനിഷ്ഠമോ ബൗദ്ധികമോ അല്ലാത്ത ഈ വിപ്ലവത്തില്‍ ഇസ്‌ലാമിസ്റ്റുകളും പങ്കാളികളാണ്. കൃത്യമായി പറഞ്ഞാല്‍ ഇനിയും ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ പുതിയ ജനാധിപത്യ വ്യവസ്ഥയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സാധിക്കുകയില്ല, ഏകാധിപത്യവും മാഫിയയും അധികാരത്തില്‍ തിരിച്ചുവന്നാലല്ലാതെ. രാജ്യം ഇനിയും മര്‍ദ്ദക വ്യവസ്ഥയിലേക്ക് തിരിച്ചുപോയാല്‍ മാത്രമേ ഇസ്‌ലാമിസ്റ്റുകള്‍ പുറം തള്ളപ്പെടുകയുള്ളൂ. തുനീഷ്യയും ഈജിപ്തുമടക്കമുള്ള ഇസ്‌ലാമിസ്റ്റുകള്‍ പ്രധാന കക്ഷികളാകുന്ന ഏതൊരു ജനാധിപത്യ രാജ്യത്തിനും ഇത് ബാധകമാണ്. ഇസ്‌ലാമിസ്റ്റുകള്‍ പുറം തള്ളപ്പെടുന്ന കാലം അവസാനിച്ചിരിക്കുന്നു.
വിവര്‍ത്തനം: കെ.ടി ഹാഫിസ്
Comments