Prabodhanm Weekly

Pages

Search

2011 ജൂണ്‍ 18

തേടുന്നത് ഇസ്‌ലാമിന്റെ വഴി

കെ. അബൂബക്കര്‍

എതിര്‍മൊഴികള്‍ക്ക് സൗമനസ്യത്തോടെ കാതുകൊടുക്കുന്ന സംസ്‌കാരം കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ വേണ്ടവിധം അനുശീലിച്ചിട്ടില്ലെന്ന് നമ്മുടെ വാദപ്രതിവാദങ്ങള്‍ നന്നായി തെളിയിച്ചിട്ടുണ്ട്. വിവേകികളായ വിജ്ഞരുടെ വിനയഭാവം അത്തരം വേദികളില്‍ കാണാറേയില്ല. അറിവിനെയും അതിജയിച്ചു നില്‍ക്കുന്ന അഹങ്കാരമാണ് മുഖ്യ ഭാവം. ഗുണകാംക്ഷയല്ല അവരെ നയിക്കുന്ന വികാരം. വാദിച്ചു ജയിക്കാനും വിയോജിക്കുന്നവരെ പരാജയപ്പെടുത്താനുമുള്ള  വ്യഗ്രതയാണ്. സൗമ്യമല്ല ഭാഷ; കരള്‍ കീറുമാറ് രൂക്ഷമായ പരിഹാസത്തിന്റേതാണ്. അതിനാല്‍ വിയോജിപ്പിന്റെ ഓരോ വാമൊഴിയും വരമൊഴിയും പുതിയ പുതിയ കുഴപ്പങ്ങളുടെ വിത്തായിത്തീരുന്നതാണ് കാണുന്നത്. നേരിനോടടുക്കാനും അടുപ്പിക്കാനും കഴിയുന്ന സംവാദ സംസ്‌കാരത്തില്‍ ഒഴിവാക്കാനാവാത്തതാണ് ആത്മവിമര്‍ശനം. അതിന്റെ അനുപൂരകമായാണ് അന്യ നിലപാടുകാരോടുള്ള വിയോജിപ്പ്. ആ നിലക്കുള്ള ആരോഗ്യകരമായ ഒരു സംവാദമായി പ്രബോധനത്തിന്റെ ചര്‍ച്ച വളരട്ടെയെന്ന് ആശിച്ചുപോകുന്നു.
ഇസ്‌ലാമിന്റെ സമഗ്രതയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ജമാഅത്തെ ഇസ്‌ലാമി ആദര്‍ശ പ്രസംഗങ്ങളൊക്കെയും തുടങ്ങാറുള്ളത്. ആരെങ്കിലും ഇസ്‌ലാം സമഗ്രമല്ലെന്ന് വാദിക്കുന്നത് കൊണ്ടല്ല ഇങ്ങനെ ചെയ്യുന്നത്. ആ സമഗ്രതയില്‍ രാഷ്ട്രീയം കൂടിയുണ്ടാവുക സ്വാഭാവികമാണല്ലോ. അങ്ങനെ ഇസ്‌ലാമിന്റെ രാഷ്ട്രീയമാനം സ്ഥാപിക്കാനുള്ള ഒരു തന്ത്രമാണ് അത്. രാഷ്ട്രീയമാണ് ജമാഅത്തിന്റെ കര്‍മമണ്ഡലം. വമ്പന്‍ രാഷ്ട്രീയ മുന്നേറ്റങ്ങളുടെ കാലമായിരുന്നല്ലോ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി. കമ്യൂണിസ്റ്റ് വിപ്ലവങ്ങളുടെ കോരിത്തരിപ്പിക്കുന്ന കഥകള്‍ യുവമനസ്സുകളെ ആവേശം കൊള്ളിച്ചുകൊണ്ടേയിരുന്ന കാലമാണത്. അധിനിവേശ ശക്തികള്‍ക്കെതിരായി ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങളിലെ ജനതയുടെ രാഷ്ട്രീയ മഹാ മുന്നേറ്റങ്ങള്‍ കൊടുമ്പിരികൊള്ളുകയും വിജയം കാണുകയും ചെയ്ത കാലം. വിമോചന സ്വപ്നങ്ങളെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കാതെ ആലോചിക്കാനേ കഴിയാത്ത കാലം. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ഇന്ത്യയിലെ മുസ്‌ലിം ഭരണത്തെക്കുറിച്ചുള്ള ഓര്‍മകളെ താലോലിക്കുന്ന മുസ്‌ലിം സമുദായത്തോട് മൗദൂദി സാഹിബ് സംസാരിക്കുന്നത് ആ സാഹചര്യത്തിലാണ്. ഖിലാഫത്തിന്റെ പുനഃസ്ഥാപനം അടിയന്തരമായ ഒരാവശ്യമായി അവര്‍ക്ക് മുന്നിലുണ്ടായിരുന്നു. ആകയാല്‍ മൗദൂദി സാഹിബിന്റെ ആലോചനകള്‍ രാഷ്ട്രീയ കേന്ദ്രീകൃതമായത് തീര്‍ത്തും സ്വാഭാവികമാണ്. ബഹുജന വിപ്ലവ മുന്നേറ്റങ്ങളെ സ്വപ്നം കാണുന്നതായതും സ്വാഭാവികമാണ്. അങ്ങനെ ഇസ്‌ലാമിന് വിപ്ലവരാഷ്ട്രീയത്തിന് ചേര്‍ന്ന വിധത്തിലുള്ള ഒരു ഭാഷ്യം ചമക്കുകയാണ് അദ്ദേഹം ചെയ്തത്. ഇസ്‌ലാമിനെ പ്രത്യയശാസ്ത്രവത്കരിക്കുകയായിരുന്നു അദ്ദേഹം.
'ദൈവത്തിന്റെ ഭൂമിയില്‍ ദൈവിക വ്യവസ്ഥ' എന്നത് വലിയ സ്വപ്നമാണ്. ആ വ്യവസ്ഥ മറ്റെല്ലാ വ്യവസ്ഥകളെയും തള്ളിക്കളയുന്നു. ഇസ്‌ലാമിന് താല്‍പര്യമില്ലാത്ത എല്ലാറ്റിനോടും വിയോജിക്കുന്നു. അതിനാല്‍ ജമാഅത്ത് ദേശീയതക്കെതിരാണ്, മതേതരത്വത്തിനെതിരാണ്, ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ ഘടകങ്ങളെല്ലാം ഇസ്‌ലാമികമായിരിക്കണം എന്ന് ഇസ്‌ലാമിന്റെ സമഗ്രതയെക്കുറിച്ചുള്ള വാദം ഉള്‍ക്കൊള്ളുന്നുണ്ട്. അനിവാര്യമായിത്തീര്‍ന്ന ഈ സാഹചര്യമാണ് ദേശീയതക്കും മതേതരത്വത്തിനുമെതിരായ കുറിപ്പുകളെഴുതാന്‍ മൗദൂദി സാഹിബിനെ പ്രേരിപ്പിച്ചത്. ജമാഅത്തിന്റെ ആദര്‍ശ പ്രചാരണത്തിന്റെ അനിവാര്യ ഘടകം കൂടിയാണത്.
മുക്കാല്‍ നൂറ്റാണ്ടുകാലത്തെ ജമാഅത്തിന്റെ ആദര്‍ശ പ്രചാരണത്തിന്റെ ആകത്തുക പരിശോധിച്ചാല്‍, ദേശീയവാദത്തിനും മതേതരത്വത്തിനുമെതിരായ ആശയ സമരം വലിയ പരാജയമായിരുന്നുവെന്ന് കാണാം. നാസികളുടെയും ഫാഷിസ്റ്റുകളുടെയും തീവ്ര ദേശീയബോധത്താല്‍ പ്രചോദിതമായ കടുംകൈകള്‍ ലോകമാസകലം അനുഭവിച്ചുകൊണ്ടിരുന്ന പശ്ചാത്തലത്തിലാണ് ജമാഅത്ത് രൂപവത്കരിക്കപ്പെടുന്നത്. മഹാ കവികളായ ടാഗോറും ഇഖ്ബാലും സങ്കുചിത ദേശീയബോധത്തിനെതിരായി അതിശക്തമായി എഴുതിയിട്ടുണ്ട്. ഇന്ത്യയുടെ രാഷ്ട്രീയ ചക്രവാളങ്ങളില്‍ ഫാഷിസത്തിന്റെ അരുണോദയം കാണാനുണ്ടെന്ന് സ്വാതന്ത്ര്യപ്പുലരിയില്‍ തന്നെ എം.എന്‍ റോയ് ദീര്‍ഘദര്‍ശനം ചെയ്തിട്ടുണ്ട്. അത് വളര്‍ന്ന് പന്തലിച്ച് ഇന്ത്യാ രാജ്യത്തിന്റെ രാഷ്ട്രീയാധികാരം കൈയടക്കുന്നിടം വരെയെത്തി. അവരുടെ അടിസ്ഥാനം തന്നെ ദേശീയവാദമായിരുന്നു. അതിനെതിരെ ഫലപ്രദമായ ഒരു പ്രതിരോധം തീര്‍ക്കാന്‍ പോലും ജമാഅത്തിന് കഴിഞ്ഞിട്ടില്ല. ദേശീയതക്കെതിരായ ഇസ്‌ലാമിന്റെ നിലപാട് സ്വന്തം അണികളില്‍ പോലും വേരുപിടിച്ചിട്ടില്ല. മൗദൂദി സാഹിബ് തുടങ്ങിവെച്ച ചിന്ത വേണ്ടവിധം വികസിപ്പിക്കപ്പെട്ടിട്ടില്ല. നൂറുകണക്കിന് കൃതികള്‍ പ്രസിദ്ധീകരിച്ച, മലയാളത്തിലെ ഏറ്റവും ശക്തമായ ഇസ്‌ലാമിക പ്രസിദ്ധീകരണശാല ഇവ്വിഷയത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളെക്കുറിച്ച് ആലോചിച്ചാലറിയാം ഇക്കാര്യത്തിലെ ആലോചനാ ദാരിദ്ര്യം. 'ദേശീയത'ക്കെതിരായ ആലോചന വികസിപ്പിച്ചില്ലെന്നു മാത്രമല്ല, ഒരുതരം കുമ്പസാര മനസ്സോടെയാണ് പലപ്പോഴും അതിനെക്കുറിച്ച് സംസാരിച്ചിട്ടുള്ളതും. മുസ്‌ലിംകളുടെ ദേശസ്‌നേഹം ചോദ്യം ചെയ്തുകൊണ്ടേയിരുന്ന വര്‍ഗീയവാദികളുടെ നിലപാട് ജമാഅത്തിനെ പ്രതിരോധത്തിലാക്കിയതുകൊണ്ടാണിങ്ങനെ എന്ന് സമാധാനിക്കുന്നതില്‍ കാര്യമില്ല. ഇസ്‌ലാമിക രാഷ്ട്രീയ ചിന്തയെ വികസിപ്പിക്കുന്നതിന് അനിവാര്യമായ ഒരു വിഷയമെന്ന നിലയില്‍ ഗൗരവമുള്ള ഒരു ആലോചനാ വിഷയമായി 'ദേശീയത'ക്കെതിരായ ഇസ്‌ലാമിക വിമര്‍ശനത്തെ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
ഇതിനേക്കാള്‍ ദരിദ്രമാണ് മതേതരത്വത്തെക്കുറിച്ചുള്ള ആലോചന. അതിന് ഒരു മൂല്യവ്യവസ്ഥയുണ്ടെന്നും അത് ഇസ്‌ലാമിക മൂല്യവ്യവസ്ഥക്ക് കടകവിരുദ്ധമാണെന്നുമുള്ള ചിന്തയൊന്നും ജമാഅത്തിനെ വല്ലാതൊന്നും അലട്ടിയിട്ടില്ല. മതേതരചിന്ത ഇസ്‌ലാമിക ബോധത്തില്‍ ഏല്‍പിക്കുന്ന പരിക്കിനെക്കുറിച്ച് നഖീബുല്‍ അത്താസിനെ പോലെയുള്ള പണ്ഡിതന്മാരുടെ പഠനങ്ങള്‍ പുറത്തിറങ്ങിയിട്ട് ദശകങ്ങളായി. അത് ആത്മീയതയെയും പാരിസ്ഥിതികബോധത്തെയും വിജ്ഞാനത്തെയുമൊക്കെ എത്രമേല്‍ അപകടകരമാംവിധം മാറ്റിമറിച്ചുവെന്ന ആലോചനയും അതിന്റെ പരിഹാരശ്രമങ്ങളും ലോകത്ത് വളരെ സജീവമാണ്. വിജ്ഞാനത്തിന്റെ ഇസ്‌ലാമീകരണത്തെക്കുറിച്ചുള്ള ആലോചനകളൊക്കെ ഇതിന്റെ ഭാഗമാണ്. എന്നാല്‍, മതേതരത്വം ഇവിടെ അത്ര ആഴത്തിലുള്ള ഇസ്‌ലാമിക വിമര്‍ശനത്തിന് വിധേയമായിട്ടില്ല.
മതേതരത്വത്തോട് രാജിയാവാന്‍ വിസമ്മതിച്ചു നിന്ന മുസ്‌ലിം മനസ്സില്‍ തങ്ങളറിയാതെ മതേതര മൂല്യങ്ങള്‍ വിതച്ച് വിളയിക്കാന്‍ കേരളത്തില്‍ ജമാഅത്ത് നിമിത്തമായിത്തീരുക കൂടി ചെയ്തിട്ടുണ്ട് എന്ന് സങ്കടത്തോടെ നാം കാണുന്നു. സമന്വയ വിദ്യാഭ്യാസം എന്ന് ഓമനപ്പേരിട്ട് വിളിക്കപ്പെടുന്ന ഒരുതരം വിദ്യാഭ്യാസ സമ്പ്രദായം മലയാളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിപ്പിക്കുക  വഴിയാണ് ഇത് സംഭവിച്ചത്. മതപഠനവും മതേതരപഠനവും ഒരു കുടക്കീഴില്‍ വെച്ച് നല്‍കുന്ന രീതി ആര്‍ട്‌സ് ആന്റ് ഇസ്‌ലാമിക് കോഴ്‌സ് ആവിഷ്‌കരിച്ചു നടപ്പിലാക്കുക വഴി മലയാളികളെ പഠിപ്പിച്ചത് ജമാഅത്താണ്. രണ്ടുതരം വിദ്യാഭ്യാസവും മൂല്യപരമായി പരസ്പരം റദ്ദ് ചെയ്യുന്നവയാണെന്ന ചിന്ത പോലും അതിന്റെ ആവിഷ്‌കര്‍ത്താക്കളെ അലട്ടിയില്ല. ലോകത്ത് വിജ്ഞാനത്തെ ഇസ്‌ലാമീകരിക്കുന്നതിനെക്കുറിച്ചുള്ള തീവ്ര ചിന്തകള്‍ നടക്കുന്ന കാലത്തുതന്നെയാണ് ഈ വിചിത്ര രീതി ഇവിടെ നടപ്പിലാക്കപ്പെട്ടത്. കാലാന്തരത്തില്‍ കേരളത്തിലെ മുഴുവന്‍ മുസ്‌ലിം സംഘടനകളും പുനരാലോചന പോലുമില്ലാതെ അതേ സമ്പ്രദായം നടപ്പിലാക്കുകയായിരുന്നു. ഫലത്തില്‍ നമ്മുടെ മതപഠനം പോലും മതേതരവത്കരിക്കപ്പെടുകയാണുണ്ടായത്. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ നമ്മുടെ മതവിദ്യാഭ്യാസരംഗത്ത് മൊത്തത്തില്‍ വന്ന മാറ്റങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത് ബോധ്യപ്പെടും. ഇത്തരം കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ കുട്ടികള്‍ അനുഭവിക്കുന്ന ആന്തരിക സംഘര്‍ഷങ്ങള്‍ ഈ പ്രതിസന്ധിയെക്കുറിച്ച് കൂടുതല്‍ പറയും.
മതത്തിന്റെ അനിവാര്യത അംഗീകരിക്കാത്തവര്‍ പോലും ആത്മീയതയുടെ പ്രാധാന്യം മനസ്സിലാക്കിയിട്ടുണ്ട്. 'ആത്മീയതയെ മതങ്ങളില്‍നിന്ന് വിമോചിപ്പിക്കുക' എന്നത് മലയാളത്തില്‍ വളരെ ഉച്ചത്തില്‍ മുഴക്കപ്പെട്ട ഒരു മുദ്രാവാക്യമാണ്. അതിവേഗം ആര്‍ത്തിപ്പണ്ടാരങ്ങളായി മാറിക്കൊണ്ടിരിക്കുന്ന മലയാളിയെ ആസക്തികളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ അത് അനിവാര്യമാണെന്ന് തിരിച്ചറിവും വളരെ പ്രധാനമാണ്. ഇതൊന്നും കേരളത്തിലെ ജമാഅത്തിന്റെ അജണ്ടയില്‍ പെട്ടതായി കാണുന്നില്ല. സമുദായത്തിനകത്ത് നടക്കുന്ന വാണിജ്യ താല്‍പര്യത്തോടെയുള്ള ആത്മീയ പ്രവര്‍ത്തനങ്ങളെ നിശിതമായി വിമര്‍ശിക്കുന്നതില്‍ ജമാഅത്ത് മുന്‍പന്തിയിലുണ്ട്. വിശ്വാസപരമായ വൈകല്യങ്ങളിലേക്ക് കൊണ്ടുപോകുന്ന ആത്മീയ സങ്കല്‍പങ്ങള്‍ക്കെതിരെയും ജമാഅത്ത് സജീവമാണ്. അതോടൊപ്പം ആത്മീയതയെയും അതിനെ പരിപോഷിപ്പിക്കുന്ന തസവ്വുഫിനെയും ഇസ്‌ലാമുമായി ഒരു ബന്ധവുമില്ലാത്ത ഏച്ചുകെട്ടലുകളായാണ് ജമാഅത്ത് കാണുന്നത്. മലയാള നാട്ടില്‍ മൗദൂദി സാഹിബിന്റെ ചിന്തകള്‍ വിതച്ച ഹാജി സാഹിബിന്റെ ജീവിതത്തില്‍ തസവ്വുഫിനുണ്ടായിരുന്ന സ്വാധീനത്തെക്കുറിച്ച് പ്രബോധനം പ്രസിദ്ധീകരിച്ച നവോത്ഥാനപതിപ്പില്‍ നിന്ന് മനസ്സിലാക്കാം. നടന്നു നടന്നെത്തിയ നാട്ടില്‍ ജോലി ചെയ്ത് കാശുണ്ടാക്കി വാഹനത്തില്‍ കയറിയും പിന്നെയും നടന്നുമൊക്കെ നിര്‍വഹിച്ച അവിസ്മരണീയമായ ഒരു ഹജ്ജ് അനുഭവം ആ പതിപ്പില്‍ ആഖ്യാനം ചെയ്തുകാണാം. അത്തരത്തില്‍ ഒരു ഹജ്ജ് നിര്‍വഹിക്കുന്നതിന് ഹാജി സാഹിബിനെ പ്രചോദിപ്പിച്ചത് ഇമാം ഗസ്സാലിയുടെ ഇഹ്‌യാ ഉലൂമിദ്ദീനാണെന്ന് സാക്ഷ്യപത്രവും അവിടെ കാണാം. ആ കൃതിയും ചുമന്നുകൊണ്ടാണ് സുദീര്‍ഘമായ ആ യാത്ര അദ്ദേഹം തുടങ്ങുന്നത്. ശഹര്‍മുഖല്ലയില്‍ നിന്ന് ഹറമിലോളം ചെല്ലുന്ന മരുഭൂയാത്രയില്‍ പരവശത കാരണം ചെരുപ്പും കുടയും വരെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായിരുന്നു. ഈ പ്രതിസന്ധികളെ മറികടക്കാന്‍ മാത്രമുള്ള ഊര്‍ജം പകര്‍ന്നുനല്‍കിയത് ഇഹ്‌യയും ഇമാം ഗസ്സാലിയുടെ ആത്മീയചിന്തകളുമാണെങ്കില്‍, ആ ആത്മീയതയെ തള്ളിക്കളയുന്നതിനുള്ള  ന്യായീകരണമെന്താണ്? അഖിലേന്ത്യാ അമീറായിരുന്ന ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി സാഹിബ് അത്തരം തസവ്വുഫിനെക്കുറിച്ച് തന്റെ ഗവേഷണ പ്രബന്ധത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ടല്ലോ.
പഞ്ചേന്ദ്രിയങ്ങളുപയോഗിച്ച് നേടുന്ന അറിവുകൊണ്ട് ദൈവത്തെ അറിയാമെന്ന വിശ്വാസം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. 'സകല പ്രതിഭാസങ്ങളെയും ചൂഴ്ന്നു നില്‍ക്കുന്ന ഒരു പ്രാപഞ്ചിക ശക്തിയുണ്ടാകാം' എന്ന നിഗമനം മാത്രമാണ് പഞ്ചേന്ദ്രിയങ്ങള്‍ വഴി എത്തിച്ചേരാവുന്ന ആത്മീയതയുടെ ഉയര്‍ന്ന ജ്ഞാനാവസ്ഥ. അത് വെറുമൊരു സാധ്യതയാണ്. ദൈവമുണ്ടാകാം എന്ന സാധ്യതയും ദൈവമുണ്ട് എന്ന ബോധ്യവും തമ്മിലുള്ള അകലം അപ്പോഴും നിലനില്‍ക്കും. 'ഉണ്ടാകാം' എന്ന സാധ്യതയെ 'ഉണ്ട്' എന്ന ബോധ്യമാക്കിത്തീര്‍ക്കുകയാണ് തസവ്വുഫിന്റെ ഉന്നം. 'മനുഷ്യന് അവന്റെ സത്തയെക്കുറിച്ച് അറിയാനും അനശ്വരതയോട് ബന്ധപ്പെടാനുമുള്ള ഒരേയൊരു മാര്‍ഗമാണ് ധ്യാന'മെന്ന് ഐ.പി.എച്ച് പുറത്തിറക്കിയ ഇസ്‌ലാം രാജമാര്‍ഗത്തില്‍ ബഗോവിച്ച് സൂചിപ്പിക്കുന്നു. അതിനെ അനിസ്‌ലാമികം എന്ന് തള്ളിക്കളയുക വഴി ആത്മീയതയുടെ ഉറപ്പുറ്റ ആധാരത്തെയാണ് ജമാഅത്ത് നിഷേധിക്കുന്നത്. അത് സാമ്പത്തിക ചൂഷകര്‍ക്കും വികല വിശ്വാസം പ്രചരിപ്പിക്കുന്നവര്‍ക്കും വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്.
സത്യവും സമത്വവും സ്വാതന്ത്ര്യവുമൊക്കെ മുഖമുദ്രയാക്കിയ മാതൃഭൂമിയടക്കം മതേതര(?) ജിഹ്വകള്‍ മുസ്‌ലിം പക്ഷം അവതരിപ്പിക്കാന്‍ അവസരം നല്‍കാതെ ഏകപക്ഷീയമായ, ജനാധിപത്യ മര്യാദയോ സംവാദമര്യാദയോ തൊട്ടുതീണ്ടിയിട്ടില്ലാത്ത അതിക്രമമാണ് ശരീഅത്ത് വിരുദ്ധ കലാപകാലത്ത് നടത്തിയത്. അക്കാലത്ത് കൊള്ളാവുന്ന ഒരു ആനുകാലികം കൈവശമുണ്ടായിരുന്നെങ്കില്‍ എന്ന് മലയാളക്കരയിലെ ഏതാണ്ടെല്ലാ മുസ്‌ലിംകളും കലശലായി കൊതിച്ചിരുന്നു. അതാണ് മാധ്യമത്തെ സാധ്യമാക്കിയത്. വാരികയുടെ പ്രാരംഭ ലക്കത്തില്‍ അക്കാര്യങ്ങളൊക്കെ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്നിങ്ങോട്ടുള്ള ജൈത്രയാത്രയില്‍ മാധ്യമം അതൊക്കെ മറന്നുപോവുകയായിരുന്നു. പകരം ശരീഅത്ത് വിവാദകാലത്ത് ഇസ്‌ലാമിനെ കടന്നാക്രമിച്ച കമ്യൂണിസ്റ്റുകള്‍ മാധ്യമത്തില്‍ നിറഞ്ഞാടുന്നതാണ് കണ്ടത്. കമ്യൂണിസത്തെക്കുറിച്ച് ഒരു കത്തെങ്കിലും പ്രസിദ്ധീകരിക്കാത്ത, മാധ്യമം വാരികയുടെ ഏതെങ്കിലും ലക്കം പുറത്തിറങ്ങിയിട്ടുണ്ടാകുമോ എന്ന കാര്യം സംശയമാണ്. മലബാറില്‍ മാതൃഭൂമിക്കുണ്ടായിരുന്ന മേല്‍ക്കൈ കോട്ടയത്ത് നിന്ന് കുടിയേറിയ മനോരമ തകര്‍ത്തത് നക്‌സലൈറ്റ് വാര്‍ത്തകള്‍ വഴിയാണ്. ഇവിടത്തെ വായനാ സമൂഹം ഇടതുപക്ഷാഭിമുഖ്യമുള്ള മധ്യവര്‍ഗമാണെന്ന തിരിച്ചറിവ് മാധ്യമത്തിന്റെ മാര്‍ക്കറ്റിംഗില്‍ നിര്‍ണായകമായിരുന്നു. എന്നാല്‍, അവര്‍ക്ക് മുമ്പാകെ ഇസ്‌ലാമികാശയങ്ങള്‍ അവതരിപ്പിക്കുകയല്ല, മറിച്ച് കമ്യൂണിസ്റ്റാശയങ്ങള്‍ പലപാട് ചര്‍ച്ചക്കെടുക്കുകയാണ്. പൊതുസമൂഹത്തിന്റെ സമ്മതി സാധ്യമായേടത്തോളം നേടിയെടുത്തതില്‍ മുക്കാലേ മുണ്ടാണിയും അങ്ങനെ സാധിച്ചതാണ്. അങ്ങനെ ഇസ്‌ലാമിനെക്കുറിച്ച് മുസ്‌ലിംകളോട് സ്വകാര്യം പറയാന്‍ പ്രബോധനം നിയോഗിക്കപ്പെടുകയും സാംസ്‌കാരിക കേരളത്തിന്റെ ശ്രദ്ധയില്‍ നിന്ന് അവയെ മറച്ചുപിടിക്കാന്‍ മാധ്യമം ഇടതുപക്ഷ വീക്ഷണങ്ങള്‍ നിരന്തരം അവതരിപ്പിക്കുകയുമാണ് ചെയ്തത്.
ഭരണപക്ഷത്തുള്ള ഇസ്‌ലാമിനെക്കുറിച്ചു മാത്രമേ മൗദൂദി സാഹിബ് വിഭാവനം ചെയ്യുന്നുള്ളൂ. ഭരിക്കപ്പെടുന്നവരുടെ ഇസ്‌ലാമിക രാഷ്ട്രീയത്തെക്കുറിച്ചുള്ള ആലോചനകളൊന്നും അവിടെ കാണാനില്ല. യൂറോപ്യന്‍ അധിനിവേശ ശക്തികളുടെ കടന്നുകയറ്റകാലത്ത്, മുസ്‌ലിം ലോകം നേരിട്ട കനത്ത രാഷ്ട്രീയ പ്രതിസന്ധിയുടെ കാലത്ത് കേരളത്തിലെ ഇസ്‌ലാമിക പണ്ഡിതന്മാര്‍ ഭരണീയരുടെ രാഷ്ട്രീയത്തിന്റെ ഇസ്‌ലാമിക മാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഭരിക്കപ്പെടുന്നവരായി മാത്രം ഇന്നോളം ജീവിച്ച ഇന്ത്യയിലെ ജമാഅത്തുകാര്‍ സമീപഭാവിയിലൊന്നും ഇസ്‌ലാമിക ഭരണം സ്ഥാപിക്കപ്പെടാനുള്ള സാധ്യതയും കണ്ടിരുന്നില്ല. എന്നിട്ടും ഭരിക്കപ്പെടുന്നവന്റെ ഇസ്‌ലാമിക രാഷ്ട്രീയത്തെക്കുറിച്ച് ജമാഅത്ത് ആലോചിച്ചിട്ടേയില്ല. ഇവിടെ അങ്ങനെയൊരു ചിന്ത വികസിപ്പിക്കപ്പെട്ടിരുന്നുവെന്ന കാര്യം തിരിച്ചറിഞ്ഞിട്ടുപോലുമില്ല എന്നു തോന്നുന്നു. സമീപകാലത്താണ് അത്തരം ആശയങ്ങള്‍ കണ്ടെത്താവുന്ന കൃതികള്‍ പുനര്‍വായനക്കെടുക്കുന്ന പ്രവണത കണ്ടുതുടങ്ങിയത്. ഇതാകട്ടെ, ഇവിടെ ഒരു ഇസ്‌ലാമിക ഭരണം സാധ്യമാകുന്നതിന്റെ ലക്ഷണം ചക്രവാളങ്ങളില്‍ പോലും ദൃശ്യമല്ലാത്ത അവസ്ഥയില്‍, തങ്ങളുടെ കര്‍മപദ്ധതി ഏതാണ്ട് അപ്രായോഗികമാണെന്ന ആലോചനയില്‍, വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ ഇടപെടാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ്.
ബഹുജന മുന്നേറ്റങ്ങളെ സ്വപ്നം കാണുന്ന, സ്ഥൂല രാഷ്ട്രീയത്തിന്റെ പ്രവര്‍ത്തന മാര്‍ഗത്തില്‍ ചരിക്കുന്ന ജമാഅത്ത് സോളിഡാരിറ്റിയിലൂടെ ഇപ്പോള്‍ സൂക്ഷ്മ രാഷ്ട്രീയത്തിന്റെ പ്രവര്‍ത്തന മേഖലയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അങ്ങനെയാണ് പ്ലാച്ചിമടയും കിനാലൂരുമൊക്കെ തങ്ങളുടെ അജണ്ടയില്‍ ഇടംപിടിക്കുന്നത്. ഏതാനും വര്‍ഷങ്ങളായി ഇത്തരം വിഷയങ്ങള്‍ ഏറ്റവും ഊര്‍ജസ്വലമായി ഏറ്റെടുത്ത കേരളത്തിലെ സംഘം സോളിഡാരിറ്റിയാണ്. എത്രയും സ്വാഗതാര്‍ഹമായ ഇത്തരം പ്രശ്‌നങ്ങള്‍ കേവലം പാരിസ്ഥിതികമോ മാനുഷികമോ ആയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ മാത്രമാണ്. അതൊന്നും ഇസ്‌ലാമിക വഴിയാണെന്ന് സ്ഥാപിക്കപ്പെട്ടിട്ടില്ല. വിശ്വാസിയുടെ കടമയായി മാറിയിട്ടില്ല. പരിസ്ഥിതിയെക്കുറിച്ചുള്ള ഇസ്‌ലാമിക സമീപനം വേണ്ടവിധം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല.
പുതിയ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് ജന്മം നല്‍കുക കൂടി ചെയ്തിരിക്കുകയാണ് ജമാഅത്ത്. അതാകട്ടെ, വീണ്ടും സ്ഥൂല രാഷ്ട്രീയ മേഖലയില്‍ ഇടപെടാനുള്ള ആവേശമാണ് പ്രകടമാക്കുന്നത്. സൂക്ഷ്മതല രാഷ്ട്രീയപ്രവര്‍ത്തനം താല്‍പര്യപ്പെടുന്ന സംഘടനാ സംവിധാനത്തില്‍ നിന്നേറെ വ്യത്യസ്തമാണ് സ്ഥൂല രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റേത്. അത് തിരിച്ചറിയുകയും ഏതാണ് തങ്ങളുടെ കര്‍മമണ്ഡലമെന്ന് നിശ്ചയിക്കുകയും ചെയ്യേണ്ടതുണ്ട്. അതിനനുസൃതമായി സംഘടനാ സംവിധാനം ഉടച്ചു വാര്‍ക്കുകയും ചെയ്യേണ്ടിവരും.
ഇസ്‌ലാമിന്റെ സമഗ്രതയെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്ന ജമാഅത്ത് തങ്ങളുടെ കര്‍മമണ്ഡലങ്ങളില്‍ പലതിലും ഇസ്‌ലാമിക വ്യവസ്ഥ നിര്‍വചിക്കുന്നതിലും നിര്‍വഹിക്കുന്നതിലും പരാജയപ്പെട്ടുപോയിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. അക്കാര്യങ്ങള്‍ പുനരാലോചനക്കും ചര്‍ച്ചക്കും വിഷയീഭവിക്കുമെന്ന വിചാരത്തില്‍ ഇത്രയും കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുവെന്ന് മാത്രം. എല്ലാ ചര്‍ച്ചകളും സംവാദങ്ങളും ഫലദായകങ്ങളായിത്തീരട്ടെ.
വടകര കടമേരി ആര്‍.എ.സി ഹൈസ്‌കൂള്‍ അധ്യാപകനാണ് ലേഖകന്‍. മോയിന്‍കുട്ടി വൈദ്യര്‍ സമ്പൂര്‍ണ കൃതികള്‍ കെ.കെ മുഹമ്മദ് അബ്ദുല്‍ കരീമുമായി ചേര്‍ന്ന് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം