ഹുബ്ബുര്‍റസൂല്‍: വേണ്ടത് സന്തുലിത സമീപനം
ചരിത്രത്തിലേറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെടുകയും തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്ത മഹദ് വ്യക്തിത്വമാണ് മുഹമ്മദ് നബി(സ). അത് ഇന്നും അവിരാമം തുടരുന്നു. മറുഭാഗത്ത് അനുചരന്മാരാലും അനുയായികളാലും ഇത്രയധികം സ്‌നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും പകര്‍ത്തപ്പെടുകയും ചെയ്ത മറ്റൊരു നേതാവും ജേതാവും ആചാര്യനും പ്രവാചകനും വേറെയില്ല. ഊണിലും ഉറക്കിലും അനക്കത്തിലും അടക്കത്തിലും വിശ്വാസികള്‍ക്ക് മാതൃകയും പ്രചോദനവുമായി പതിനാല് നൂറ്റാണ്ടുകള്‍ക്ക് ശേഷവും നബി(സ) നിലകൊള്ളുന്നു. ലോകാവസാനം വരെ അതങ്ങനെ തന്നെയായിരിക്കുകയും ചെയ്യും.
പ്രവാചക സ്‌നേഹം പ്രമാണങ്ങളില്‍
പ്രവാചകനോടുള്ള സ്‌നേഹ ബഹുമാനങ്ങള്‍ വിശ്വാസത്തിന്റെ അനിവാര്യ തേട്ടവും, അല്ലാഹുവിന്റെ പ്രീതിയും സ്വര്‍ഗവും ലഭിക്കാനുള്ള ഉപാധിയുമാണ്. അല്ലാഹു പറയുന്നു: ''പറയുക: നിങ്ങളുടെ പിതാക്കളും സന്താനങ്ങളും സഹോദരന്മാരും ഭാര്യമാരും ബന്ധുജനങ്ങളും നിങ്ങളുടെ സമ്പാദ്യവും നഷ്ടം ഭയപ്പെടുന്ന കച്ചവടവും ഇഷ്ട ഭവനങ്ങളുമാണ്, അല്ലാഹുവിനേക്കാളും അവന്റെ ദൂതനേക്കാളും നിങ്ങള്‍ക്ക് ഏറെ പ്രിയങ്കരമെങ്കില്‍ അല്ലാഹുവിന്റെ കല്‍പന(ശിക്ഷ) കാത്തിരുന്നു കൊള്ളുക. അധര്‍മകാരികള്‍ക്ക് അല്ലാഹു മാര്‍ഗദര്‍ശനമരുളുകയില്ല'' (9:24). ഈ സൂക്തത്തെ വിശദീകരിച്ച് ഖാദി ഇയാദ് എഴുതുന്നു: ''തിരുമേനിയെ സ്‌നേഹിക്കുന്നതിന്റെ അനിവാര്യതയും പ്രാധാന്യവും സൂചിപ്പിക്കാനും അതിന് പ്രേരിപ്പിക്കാനും അതില്ലെങ്കിലുള്ള അപകടം ബോധ്യപ്പെടുത്താനും ആ സ്‌നേഹത്തിന് പ്രവാചകന്‍ എത്ര മാത്രം അര്‍ഹനാണെന്ന് വിരല്‍ ചൂണ്ടാനും ഈ സൂക്തം ധാരാളമാണ്. തന്റെ ഇണയും സന്താനങ്ങളും അല്ലാഹുവിനേക്കാളും പ്രവാചകനേക്കാളും പ്രിയങ്കരമായവര്‍ക്ക് തന്റെ ശിക്ഷ വരുന്നത് കാത്തിരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് അല്ലാഹു മുന്നറിയിപ്പ് നല്‍കുന്നു. അത്തരക്കാര്‍ അധര്‍മികളാണെന്നും അവരെ സന്മാര്‍ഗത്തിലാക്കുകയില്ലെന്നും അറിയിക്കുകയും ചെയ്യുന്നു.''
ഇമാം സമഖ്ശരി ''പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വന്തത്തേക്കാള്‍ പ്രിയങ്കരനാവുന്നു'' (33:6) എന്ന സൂക്തം വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ''സത്യവിശ്വാസികള്‍ക്ക് പ്രവാചകന്‍ ദീനിയും ദുനിയവിയുമായ എല്ലാ കാര്യങ്ങളിലും സ്വന്തത്തേക്കാള്‍ പ്രധാനിയാണ്. അതുകൊണ്ടാണ് നിരുപാധികം അങ്ങനെ പറഞ്ഞത്. തിരുമേനി സ്വന്തത്തെക്കാള്‍ അവര്‍ക്ക് പ്രിയങ്കരനാവണം. സ്വന്തം വിധിയേക്കാള്‍ തിരുമേനിയുടെ വിധി നടപ്പിലാക്കണം. സ്വന്തം അവകാശത്തേക്കാള്‍ തിരുമേനിയുടെ അവകാശം വകവെച്ചുകൊടുക്കണം. സ്വന്തത്തെക്കുറിച്ച ഉത്കണ്ഠയേക്കാള്‍ തിരുമേനിയെക്കുറിച്ച ഉത്കണ്ഠ അവര്‍ക്കുണ്ടാവണം. സന്ദിഗ്ധ ഘട്ടങ്ങളില്‍ സ്വന്തത്തെത്തന്നെ അതിനു വേണ്ടി ബലി നല്‍കാനും അവര്‍ തയാറാവണം.''
''ലോകത്തുള്ള മറ്റെന്തിനേക്കാളുമേറെ അവര്‍ അദ്ദേഹത്തെ സ്‌നേഹിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക് സ്വാഭിപ്രായങ്ങളേക്കാളും അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ക്ക് സ്വന്തം തീരുമാനങ്ങളേക്കാളും മുന്‍ഗണന നല്‍കണം. അദ്ദേഹത്തിന്റെ ഏതാജ്ഞയും തല കുനിച്ച് അനുസരിക്കുകയും വേണം''- സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി മേല്‍ സൂക്തത്തെ വിശദീകരിച്ചിരിക്കുന്നു.
നബി(സ) അരുളി: ''എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവനാണ, സ്വന്തത്തേക്കാളും സ്വന്തം ധനത്തേക്കാളും സന്താനങ്ങളെക്കാളും ഞാന്‍ നിങ്ങള്‍ക്ക് പ്രിയങ്കരനാവുന്നത് വരെ നിങ്ങളിലാരും വിശ്വാസികളാവുകയില്ല.'' സ്വന്തത്തോടൊഴിച്ച് മറ്റാരേക്കാളും താന്‍ സ്‌നേഹിക്കുന്നത് പ്രവാചകനെയാണെന്നറിയിച്ച ഉമറി(റ)നോട് നബി(സ) പറഞ്ഞത്, സ്വന്തത്തേക്കാള്‍ പ്രവാചകനെ ഇഷ്ടപ്പെടുമ്പോള്‍ മാത്രമേ ആരും വിശ്വാസിയാവുകയുള്ളൂവെന്നാണ്.
മഹിത മാതൃകകള്‍
ഖുര്‍ആന്റെയും ഹദീസിന്റെയും ആഹ്വാനമനുസരിച്ച് നബിയെ സ്വന്തം ജീവനേക്കാള്‍ സ്‌നേഹിക്കാന്‍ വിശ്വാസികള്‍ ചരിത്രത്തിലുടനീളം മുന്നോട്ട് വന്നിട്ടുണ്ട്. അതിന്റെ മഹിത മാതൃകകള്‍ കൊണ്ട് സമ്പന്നമാണ് ഇസ്‌ലാമിക ചരിത്രം.
'റജാഅ്' സംഭവത്തില്‍ ബന്ധനസ്ഥനാക്കപ്പെട്ട സൈദ്ബ്‌നുദ്ദസ്‌നയെന്ന സ്വഹാബിവര്യനെ ശത്രുക്കള്‍ വധിക്കാന്‍ തീരുമാനിച്ചു. വധിക്കാന്‍ നേരത്ത് അബൂ സുഫ്‌യാന്‍ അദ്ദേഹത്തോട് ചോദിച്ചു: ''മുഹമ്മദ് താങ്കളുടെ സ്ഥാനത്ത് വധിക്കപ്പെടുകയും താങ്കള്‍ കുടുംബത്തില്‍ സ്വസ്ഥനായിരിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് എന്താണഭിപ്രായം?'' അദ്ദേഹം പറഞ്ഞു: ''ഞാനെന്റെ വീട്ടില്‍ സ്വസ്ഥമായി ഇരിക്കുന്നതിനു പകരം പ്രവാചകന്റെ കാലില്‍ ഒരു മുള്ളു തറക്കുന്നത് പോലും ഞാന്‍ ഇഷ്ടപ്പെടുന്നില്ല.'' ഇതു കേട്ട അബൂസുഫ്‌യാന്‍ പറഞ്ഞുപോയി: ''മുഹമ്മദിനെ അനുയായികള്‍ സ്‌നേഹിക്കുന്നത് പോലെ മറ്റാരും ആരെയും സ്‌നേഹിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.''
ഉഹുദ് യുദ്ധത്തില്‍ പ്രവാചകന്‍ വധിക്കപ്പെട്ടെന്ന വിവരമറിഞ്ഞ് ഓടിക്കിതച്ച് വരികയാണ് ഒരു സ്വഹാബി വനിത. അപ്പോഴാണ് ആരോ അവരോട് അവരുടെ ഭര്‍ത്താവും മകനും പിതാവും സഹോദരനും വധിക്കപ്പെട്ട വിവരം പറയുന്നത്. പക്ഷേ, അവര്‍ക്കറിയേണ്ടിയിരുന്നത് പ്രവാചകന്റെ സ്ഥിതിയായിരുന്നു. അവസാനം പ്രവാചകന്‍ സുരക്ഷിതനാണെന്ന് സ്വന്തം കണ്ണു കൊണ്ട് കണ്ട് ഉറപ്പു വരുത്തിയ ശേഷം അവര്‍ പറഞ്ഞു: ''പ്രവാചകരേ, അങ്ങ് സുരക്ഷിതനാണെങ്കില്‍ മറ്റെല്ലാ ദുരന്തങ്ങളും നിസ്സാരമാണ്.''
ഹിജ്‌റ രാത്രിയില്‍ അലി(റ) നബിയുടെ വിരിപ്പില്‍ കിടന്നുറങ്ങുന്നത് സ്വന്തം ജീവന്‍ പണയപ്പെടുത്തിക്കൊണ്ടാണ്. അബൂബക്കര്‍ സിദ്ദീഖ് (റ) ഹിജ്‌റ യാത്രയില്‍ നബി(സ)യുടെ സുരക്ഷയെക്കുറിച്ച് ആകുലനാവുന്നതും നബിയുടെ നാല് ഭാഗത്തുമായി മാറി മാറി സഞ്ചരിക്കുന്നതും നാം കാണുന്നു. പ്രവാചകനോടുള്ള സ്‌നേഹാധിക്യം ചില സ്വഹാബിമാരെ അദ്ദേഹത്തിന്റെ മുടി തുടങ്ങിയ വസ്തുക്കള്‍ കരസ്ഥമാക്കാനും സൂക്ഷിച്ചുവെക്കാനും വരെ പ്രേരിപ്പിച്ചിരുന്നതായി ഹദീസുകളില്‍ വന്നിട്ടുണ്ട്. പക്ഷേ, തിരുശേഷിപ്പുകളെന്ന് വിശ്വാസ്യയോഗ്യമായി തെളിയിക്കപ്പെടാത്ത വസ്തുക്കള്‍ കൊണ്ട് ബര്‍ക്കത്ത് തേടാനും അതിനെ ധനസമ്പാദനത്തിനുള്ള മാര്‍ഗമാക്കാനും ഇത് തെളിവല്ല. മാത്രമല്ല, തിരുശേഷിപ്പുകള്‍ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായും നിര്‍ദേശിക്കപ്പെട്ടിട്ടില്ല. സാധാരണ ഒരു നേതാവുമായുള്ള ഉപരിപ്ലവ ബന്ധമായിരുന്നില്ല അവര്‍ക്ക് നബിയുമായിട്ടുണ്ടായിരുന്നത്. ആ ബന്ധം അതിവൈകാരികവും അത്യന്തം ഊഷ്മളവുമായിരുന്നു. ഹുദൈബിയ സന്ധിയുടെ സന്ദര്‍ഭത്തില്‍ ഖുറൈശികളുടെ പ്രതിനിധിയായി പ്രവാചകനെ സന്ദര്‍ശിച്ച ഉര്‍വത്ബ്‌നു മസ്ഊദ് തിരിച്ചുചെന്ന് ഖുറൈശികളോട് പറയുന്നതിങ്ങനെയാണ്: ''ഖുറൈശികളെ ഞാന്‍ കിസ്‌റയെയും ഖൈസറിനെയും നജ്ജാശിയെയും അവരുടെ കൊട്ടാരങ്ങളില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, മുഹമ്മദിന്റെ അനുയായികള്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നത് പോലെ മറ്റാരും ആരെയും സ്‌നേഹിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.''
സ്‌നേഹത്തിന് പകരം സ്വര്‍ഗം
അനസ് (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഒരാള്‍ നബി(സ)യോട് ചോദിച്ചു: ''പ്രവാചകരേ, അന്ത്യദിനം എപ്പോഴാണ്?'' അവിടുന്ന് തിരിച്ചുചോദിച്ചു: ''താങ്കളെന്താണ് അതിന് വേണ്ടി ഒരുക്കിവെച്ചിരിക്കുന്നത്?'' അദ്ദേഹം പറഞ്ഞു: ''ഒന്നുമില്ല. അല്ലാഹുവിനോടും റസൂലിനോടുമുള്ള സ്‌നേഹമൊഴികെ.'' നബി പറഞ്ഞു: ''താങ്കള്‍, താങ്കള്‍ സ്‌നേഹിച്ചവരോടൊപ്പമായിരിക്കും.'' അനസ് (റ) തുടരുന്നു: ''നബിയുടെ ഈ വാക്ക് കേട്ട് സന്തോഷിച്ചത് പോലെ ഞങ്ങള്‍ മറ്റൊന്നു കൊണ്ടും സന്തോഷിച്ചിട്ടില്ല. ഞാന്‍ നബിയെയും അബൂബക്കറിനെയും ഉമറിനെയും ഇഷ്ടപ്പെടുന്നു. അവരെപ്പോലെ പ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും അവരോടുള്ള സ്‌നേഹം കാരണം അവരോടൊത്ത് സ്വര്‍ഗത്തില്‍ കടക്കാമെന്ന് ഞാന്‍ കരുതുന്നു'' (മുസ്‌ലിം).
ഈ ഹദീസ് വിശദീകരിച്ച് ഇമാം നവവി എഴുതുന്നു: ''അല്ലാഹുവിനെയും റസൂലിനെയും മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ ശ്രേഷ്ഠജനങ്ങളെയും സ്‌നേഹിക്കുന്നതിന്റെ പ്രാധാന്യം ഈ ഹദീസ് പഠിപ്പിക്കുന്നു. കല്‍പനകള്‍ അനുസരിക്കുക, നിരോധങ്ങള്‍ വര്‍ജിക്കുക, ഇസ്‌ലാമിക മര്യാദകള്‍ പാലിക്കുക എന്നിവ അല്ലാഹുവിനോടും റസൂലിനോടുമുള്ള സ്‌നേഹത്തിന്റെ തേട്ടങ്ങളാണ്. മഹാത്മാക്കളെ സ്‌നേഹിച്ചതിന്റെ ശ്രേഷ്ഠത കിട്ടാന്‍ അവരുടെ കര്‍മങ്ങള്‍ക്ക് തുല്യമുള്ളത് പ്രവര്‍ത്തിക്കണമെന്നില്ല. അങ്ങനെ പ്രവര്‍ത്തിച്ചാല്‍ അവരുടെ കൂട്ടത്തില്‍ പെട്ട ആളോ അവരെപ്പോലെയോ ആയി മാറുമല്ലോ.''
സൗബാന്‍(റ), പ്രവാചകനെ അതിരറ്റ് സ്‌നേഹിച്ച സ്വഹാബിവര്യനായിരുന്നു. ദുഃഖിതനും ക്ഷീണിതനുമായി ഒരിക്കലദ്ദേഹം നബിയുടെ അടുത്തുവന്നു: ''താങ്കള്‍ക്കെന്ത് പറ്റി; ആകെ പരിക്ഷീണനായിരിക്കുന്നല്ലോ?'' പ്രവാചകന്‍ ചോദിച്ചു. ''പ്രവാചകരേ, എനിക്ക് രോഗങ്ങളൊന്നുമില്ല. പക്ഷേ, താങ്കളെ കാണാതിരിക്കുമ്പോള്‍ വല്ലാത്ത വേദനയും ഏകാന്തതയുമനുഭവപ്പെടുന്നു. പരലോകത്തെക്കുറിച്ചോര്‍ക്കുമ്പോള്‍, താങ്കളെ അവിടെയും കാണാനാവില്ലല്ലോയെന്ന് കരുതി വിഷമിക്കും. കാരണം, താങ്കള്‍ പ്രവാചകന്മാരോടൊത്ത് സ്വര്‍ഗത്തിന്റെ ഉയര്‍ന്ന പദവികളിലായിരിക്കുമല്ലോ. ഞാന്‍ സ്വര്‍ഗത്തില്‍ കടന്നാല്‍ തന്നെ താഴ്ന്ന പടിയിലായിരിക്കും. അപ്പോള്‍ തമ്മില്‍ കാണുന്നതെങ്ങനെ?'' സൗബാന്‍(റ) പറഞ്ഞു. അപ്പോള്‍, ''ആര്‍ അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുന്നുവോ, അവര്‍ അല്ലാഹുവിന്റെ അനുഗ്രഹം സിദ്ധിച്ച പ്രവാചകന്മാരുടെയും സിദ്ദീഖുകളുടെയും രക്തസാക്ഷികളുടെയും സജ്ജനങ്ങളുടെയും കൂടെയായിരിക്കും'' (4:69) എന്ന സൂക്തം അവതരിപ്പിച്ച് സമാശ്വസിപ്പിച്ചു.
സ്‌നേഹത്തിന്റെ തേട്ടങ്ങള്‍
സ്‌നേഹം ഒരു മാനസികാവസ്ഥയാണ്. നിലപാടുകളിലും ഇടപെടലുകളിലും അതിന്റെ അടയാളങ്ങളും അനുരണനങ്ങളുമുണ്ടാകുമ്പോഴാണ് സ്‌നേഹം അന്വര്‍ഥമാവുന്നത്. അല്ലെങ്കിലവ കേവലം അവകാശവാദങ്ങള്‍ മാത്രമാണ്. സാധാരണ മാനുഷിക ബന്ധങ്ങളിലെന്ന പോലെ, അല്ലാഹുവും റസൂലും തമ്മിലുള്ള ബന്ധത്തിലും ഈ തത്ത്വം ബാധകമാണ്. ഖാദി ഇയാദ് എഴുതുന്നു: ''ആരെങ്കിലും ഒരാളെ സ്‌നേഹിച്ചാല്‍ അദ്ദേഹത്തിന് മുന്‍ഗണന നല്‍കും. ഇല്ലെങ്കിലതിനര്‍ഥം, സ്‌നേഹം സത്യസന്ധമല്ലെന്നും കേവലം അവകാശമുന്നയിക്കുക മാത്രാണെന്നുമാണ്. പ്രവാചകനോട് സ്‌നേഹമുണ്ടെന്ന് പറയുന്നത് സത്യസന്ധമാണെങ്കില്‍, അതിന്റെ അടയാളം ജീവിതത്തില്‍ പ്രകടമാവാതെ വയ്യ. അതില്‍ ഒന്നാമത്തേത് പ്രവാചകനെ പിന്തുടരുകയും തിരുചര്യ പകര്‍ത്തുകയുമാണ്. തിരുനബിയുടെ വാക്കും പ്രവൃത്തിയും അനുധാവനം ചെയ്യുകയും കല്‍പന അനുസരിക്കുകയും നിരോധം വര്‍ജിക്കുകയും ക്ഷാമകാലത്തും ക്ഷേമകാലത്തും തിരുനബി പഠിപ്പിച്ച മര്യാദകള്‍ പാലിക്കുകയുമാണ്. 'നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്‍പറ്റുക' എന്ന ആയത്താണ് തെളിവ്'' (കിതാബുശ്ശിഫാ ബി തഅ്‌രീഫി ഹുഖൂഖില്‍ മുസ്ത്വഫ- ഖാദി ഇയാദ്).
മത ഭൗതിക ഭേദമെന്യേ എല്ലാ വിഷയങ്ങളിലും അല്ലാഹുവിനെയും റസൂലിനെയും വിധികര്‍ത്താവായി സ്വീകരിക്കുകയെന്നത് അവരിലുള്ള വിശ്വാസത്തിന്റെയും അവരോടുള്ള സ്‌നേഹത്തിന്റെയും തേട്ടമാണ്. ഈ വിഷയകമായുള്ള ഖുര്‍ആന്‍ സൂക്തങ്ങളും ഹദീസുകളും വളരെ വ്യക്തതയുള്ളതുമാണ്. എന്നല്ല, പരമ്പരാഗത മതത്തിന് പുറത്തുള്ളതും തികച്ചും സ്വകാര്യവുമായ വിഷയങ്ങളിലാണ് ചില സൂക്തങ്ങള്‍ അവതീര്‍ണമായിട്ടുള്ളത് തന്നെ.
അല്ലാഹു പറയുന്നു: ''താങ്കളുടെ നാഥനാണ, അവര്‍ക്കിടയിലുള്ള തര്‍ക്കങ്ങളില്‍ താങ്കളെ വിധികര്‍ത്താവായി സ്വീകരിക്കുകയും എന്നിട്ട് ആ വിധിതീര്‍പ്പുകളില്‍ മനഃപ്രയാസം തോന്നാതെ പൂര്‍ണമായി സമ്മതിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ല'' (4:65).
''വിഷയങ്ങളില്‍ തീര്‍പ്പ് കല്‍പിക്കുന്നതിന് വേണ്ടി അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും വിളിക്കപ്പെട്ടാല്‍ 'ഞങ്ങള്‍ കേട്ടു അനുസരിച്ചു' എന്നായിരിക്കും സത്യവിശ്വാസികളുടെ മറുപടി. ആര്‍ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്നുവോ, അല്ലാഹുവിനെ ഭയപ്പെടുകയും സൂക്ഷിക്കുകയും ചെയ്യുന്നുവോ അവര്‍ മാത്രമാണ് വിജയികള്‍'' (24:51,52).
''അല്ലാഹുവും അവന്റെ ദൂതനും ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാല്‍ പിന്നെ അക്കാര്യത്തില്‍ സ്വന്തമായ തീരുമാനമെടുക്കാന്‍ യാതൊരു വിശ്വാസിക്കും വിശ്വാസിനിക്കും അവകാശമില്ല. ആര്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നുവോ അവര്‍ സ്പഷ്ടമായ ദുര്‍മാര്‍ഗത്തിലകപ്പെട്ടുപോയി''(33:36).
'വിശ്വസിച്ചവരേ, അല്ലാഹുവിനെയും റസൂലിനെയും മറികടക്കാതിരിക്കുവിന്‍' എന്ന അല്‍ഹുജുറാത്ത് അധ്യായത്തിലെ പ്രഥമ സൂക്തം ഇമാം ഖുര്‍ത്വുബി ഇങ്ങനെ വിശദീകരിക്കുന്നു: ''ദീനിയും ദുനിയവിയുമായ ഒരു വിഷയത്തിലും അല്ലാഹുവിന്റെയും റസൂലിന്റെയും വാക്കുകളെക്കാളോ റസൂലിന്റെ കര്‍മത്തേക്കാളോ ഒരാളുടെ വാക്കും പ്രവൃത്തിയും നിങ്ങള്‍ മുന്തിക്കരുത്. ആരെങ്കിലും മറ്റു വാക്കുകള്‍ക്കോ പ്രവൃത്തികള്‍ക്കോ റസൂലിന്റേതിനേക്കാള്‍ മുന്‍ഗണന നല്‍കിയാല്‍ അല്ലാഹുവിനേക്കാള്‍ മുന്‍ഗണന നല്‍കിയതിന് തുല്യമാണ്. കാരണം, അല്ലാഹുവിന്റെ കല്‍പനയനുസരിച്ചാണ് റസൂല്‍ കല്‍പിക്കുന്നത്'' (തഫ്‌സീര്‍ ഖുര്‍ത്വുബി).
ഇബ്‌നു അബ്ബാസി(റ)നോട് ആരോ ഒരു വിഷയത്തില്‍ മതവിധി അന്വേഷിച്ചപ്പോള്‍, പ്രവാചക വചനമനുസരിച്ച് വിധി പ്രസ്താവിച്ചു. അപ്പോള്‍ ആരോ അദ്ദേഹത്തോട് അബൂബക്കറും ഉമറും തദ്‌വിഷയത്തില്‍ എന്താണ് പറഞ്ഞതെന്ന് ആരാഞ്ഞു. ഉടനെ ഇബ്‌നു അബ്ബാസ് കോപിഷ്ഠനായി ഇങ്ങനെ പറഞ്ഞു: ''ആകാശത്തുനിന്ന് നിങ്ങളുടെ മേല്‍ കല്ലുകള്‍ വര്‍ഷിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. ഞാന്‍ അല്ലാഹുവിന്റെ റസൂല്‍ ഇങ്ങനെ പറഞ്ഞുവെന്ന് പറയുമ്പോള്‍ നിങ്ങള്‍ അബൂബക്കറും ഉമറും എന്ത് പറഞ്ഞുവെന്ന് ചോദിക്കുകയോ?''
തിരുദൂതരോടുള്ള ബുഹമാനവും ആദരവും വിനയവും പ്രവാചക സ്‌നേഹത്തിന്റെ അനിവാര്യ തേട്ടങ്ങളാണ്. അതിന് ഭംഗം വരുത്തുന്നത് മുഴു കര്‍മങ്ങളും വൃഥാവിലാക്കുമെന്നാണ് ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നത്. ''സത്യവിശ്വാസികളേ, നിങ്ങളുടെ ശബ്ദം പ്രവാചകന്റെ ശബ്ദത്തേക്കാള്‍ ഉയര്‍ത്താതിരിക്കുക. നിങ്ങള്‍ തമ്മില്‍ ഒച്ചയിടുന്നതുപോലെ അദ്ദേഹത്തോട് ഒച്ചയിടാതിരിക്കുക. അതുവഴി നിങ്ങളുടെ കര്‍മങ്ങള്‍ നിങ്ങളറിയാതെ നശിച്ചേക്കും'' (49:2). ''നിങ്ങള്‍ പരസ്പരം വിളിക്കുന്നതുപോലെ റസൂലിനെ പേര്‍ ചൊല്ലി വിളിക്കരുത്'' (24:63). ഈ കല്‍പനകള്‍ ശിരസാവഹിച്ച സ്വഹാബികള്‍ വളരെ താഴ്മയോടെയാണ് നബി(സ)യെ അഭിസംബോധന ചെയ്തിരുന്നത്. പക്ഷികള്‍ തലയിലുള്ളത് പോലെ ശ്വാസമടക്കിപ്പിടിച്ച് അച്ചടക്കത്തോടെയാണ് അവര്‍ പ്രവാചകന്റെ സദസ്സിലിരുന്നതെന്ന് ഉസാമത് ബ്‌നു ശരീക്(റ) പറയുന്നു. ബഹുമാനാദരവ് കാരണം പ്രവാചകനെ കണ്ണ് നിറച്ച് നോക്കാന്‍ പോലും മടിച്ചിരുന്നതായി അംറുബ്‌നുല്‍ ആസ്വ്(റ) പറയുന്നു.
നബിക്ക് ശേഷവും ഈ ബഹുമാനാദരവുകള്‍ പാലിക്കാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണ്. തദടിസ്ഥാനത്തില്‍ നബി(സ)യുടെ ഖബ്‌റിനടുത്ത് വെച്ച് ഉച്ചത്തില്‍ സംസാരിക്കുന്നത് പണ്ഡിതന്മാര്‍ വിലക്കിയിട്ടുണ്ട്. മാലിക് (റ) ഹദീസ് പഠിപ്പിക്കുമ്പോള്‍ വുദൂവെടുക്കുകയും നല്ല വസ്ത്രം ധരിക്കുകയും സുഗന്ധം പൂശുകയും ചെയ്യാറുണ്ടായിരുന്നു. അതുവഴി നബി (സ)യുടെ വചനങ്ങളെ ആദരിക്കുകയാണ് താനെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. സഈദുബ്‌നുല്‍ മുസയ്യബ് രോഗശയ്യയിലായ ഘട്ടത്തില്‍ പോലും, ഹദീസ് പറയുമ്പോള്‍ എഴുന്നേറ്റിരുത്താന്‍ പറയുകയും കിടന്നുകൊണ്ട് ഹദീസ് പറയാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് പറയുകയും ചെയ്തിട്ടുണ്ട്.
മുസ്‌ലിം സമൂഹത്തോട് ഗുണകാംക്ഷ വെച്ചുപുലര്‍ത്തുക, ഇസ്‌ലാമിന്റെ വളര്‍ച്ചക്കും ഉയര്‍ച്ചക്കും വേണ്ടി നിലകൊള്ളുക, റസൂലിന്റെ പേര് കേള്‍ക്കുമ്പോള്‍ സ്വലാത്ത് ചൊല്ലുക, പ്രവാചകനെതിരെയുള്ള ആക്ഷേപങ്ങളിലും ആരോപണങ്ങളിലും മനസ്സ് വേദനിക്കുകയും അവയെ യുക്തിപൂര്‍വം പ്രതിരോധിക്കുകയും ചെയ്യുക തുടങ്ങിയവയും പ്രവാചകനോടുള്ള സ്‌നേഹം നമ്മോടാവശ്യപ്പെടുന്ന കാര്യങ്ങളാണ്.
സ്‌നേഹം അതിരുവിട്ടാല്‍
പുണ്യവാളന്മാരെയും മഹദ് വ്യക്തിത്വങ്ങളെയും വിഗ്രഹവത്കരിക്കാനുള്ള ശ്രമം ചരിത്രത്തിലുടനീളം ഉണ്ടായിട്ടുണ്ട്. ഏറ്റവും വലിയ വിഗ്രഹഭഞ്ജകനായ ഇബ്‌റാഹീം നബിയുടെ പോലും ബിംബങ്ങള്‍ കഅ്ബാലയത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരുന്നുവല്ലോ. അതിനാല്‍ മുഹമ്മദ് നബി(സ)യെ അത്തരമൊരവസ്ഥയില്‍ നിന്ന് കാത്തുരക്ഷിക്കാന്‍ അല്ലാഹു തന്നെ ആവശ്യമായ സംവിധാനങ്ങളൊരുക്കിയിരുന്നു.
അതിലൊന്നാമത്തെ കാര്യം മുഹമ്മദ് നബിയുടെ മാനുഷിക ഭാവങ്ങള്‍ ഖുര്‍ആന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയെന്നതാണ്. ആ വ്യക്തിത്വത്തിന്റെ മാസ്മരികതയില്‍ ലയിച്ച് ദിവ്യത്വത്തിന്റെ പദവിയിലേക്കുയര്‍ത്താതിരിക്കാനുള്ള മുന്‍കരുതല്‍. അതെ, മനുഷ്യനായ പ്രവാചകന്‍ എന്നതായിരുന്നു മുഹമ്മദ് നബിയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. 'ദൈവത്തിന്റെ അടിമ' എന്ന വിശേഷണത്തിലായിരുന്നു പ്രവാചകന്‍ ഏറ്റവും കൂടുതല്‍ അഭിമാനിച്ചിരുന്നത്. അമാനുഷിക സംഭവമായ നിശാ പ്രയാണത്തെ പരാമര്‍ശിക്കുമ്പോള്‍ ഖുര്‍ആന്‍ നബിയെ വിശേഷിപ്പിക്കുന്നത് 'അടിമ' എന്നാണ്. സ്ഥലകാല പരിമിതികളെ അതിജയിച്ച ആ മഹാ സംഭവത്തില്‍ നബിയുടെ സ്ഥാനം കേവലം 'അടിമ'യുടേതായിരുന്നുവെന്ന് സാരം.
മാത്രമല്ല, തന്നില്‍ ദൈവിക പരിവേഷങ്ങള്‍ ചാര്‍ത്തപ്പെടുന്നതും ദൈവിക ഗുണങ്ങള്‍ ആരോപിക്കപ്പെടുന്നതും നബി(സ) ശക്തമായി വിലക്കി. കാവ്യാത്മകമായി പോലും അതുണ്ടാകരുതെന്ന് നബി ശഠിച്ചു. 'നാളത്തെ കാര്യങ്ങള്‍ അറിയുന്ന ഒരു പ്രവാചകന്‍ ഞങ്ങളിലുണ്ടെന്ന്' ചില പെണ്‍കുട്ടികള്‍ പാടിയപ്പോള്‍ അദ്ദേഹം ഉടനെ തിരുത്തി. കാരണം, ഇസ്‌ലാമിക വിശ്വാസപ്രകാരം 'രഹസ്യങ്ങളുടെ താക്കോല്‍ അല്ലാഹുവിന്റെ കൈയിലാണ്'. പ്രവാചകന് സ്വന്തം നിലക്ക് അദൃശ്യം അറിയില്ല. അല്ലാഹു അറിയിച്ചു കൊടുത്താലല്ലാതെ.
മറ്റൊരിക്കല്‍ നബി(സ) പറഞ്ഞു: ''മര്‍യമിന്റെ മകനെ ക്രിസ്ത്യാനികള്‍ പുകഴ്ത്തിയതുപോലെ നിങ്ങളെന്നെ പുകഴ്ത്തരുത്. ഞാനൊരു അടിമ മാത്രമാണ്. അല്ലാഹുവിന്റെ അടിമയും അവന്റെ ദൂതനുമെന്ന് നിങ്ങള്‍ എന്നെക്കുറിച്ച് പറയുക'' (ബുഖാരി). അനസി(റ)ല്‍ നിന്ന് ഇമാം അഹ്മദ് ഉദ്ധരിക്കുന്നു: ''ഒരാള്‍ പ്രവാചകനെ ഓ മുഹമ്മദ്, ഞങ്ങളുടെ നേതാവേ, നേതാവിന്റെ മകനേ ഞങ്ങളില്‍ ഉത്തമന്റെ ഉത്തമന്റെ മകനേ- എന്നിങ്ങനെ വിളിച്ചപ്പോള്‍ നബി(സ) പറഞ്ഞു: ജനങ്ങളേ, അല്ലാഹുവിനെ സൂക്ഷിക്കുക. പിശാച് നിങ്ങളെ വഴിപിഴപ്പിക്കാതിരിക്കട്ടെ. ഞാന്‍ അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് ആകുന്നു. അല്ലാഹുവിന്റെ അടിമയും ദൂതനുമാകുന്നു. അല്ലാഹു എനിക്ക് നല്‍കിയ പദവിയേക്കാള്‍ എന്നെ നിങ്ങള്‍ ഉയര്‍ത്തുന്നത് എനിക്കിഷ്ടമല്ല.''
നബി(സ) ഇങ്ങനെ പ്രാര്‍ഥിച്ചിരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു: ''നാഥാ, നീ എന്റെ ഖബ്‌റിനെ ആരാധിക്കപ്പെടുന്ന ബിംബമാക്കരുതേ.'' മറ്റൊരു ഹദീസ്: ''തങ്ങളുടെ പ്രവാചകന്മാരുടെ ഖബ്‌റുകള്‍ ആരാധനാലയങ്ങളാക്കിയതു കാരണം അല്ലാഹു ജൂതന്മാരെയും ക്രിസ്ത്യാനികളെയും ശപിച്ചിരിക്കുന്നു'' (ബുഖാരി).
പ്രവാചക സ്‌നേഹത്തിന്റെയും തബര്‍റുകിന്റെയും പേരില്‍ 'തിരുമുടി' സ്ഥാപിക്കാന്‍ പള്ളിയുണ്ടാക്കുന്നതിന്റെ ഇസ്‌ലാമികവിധി മേല്‍ ഹദീസുകളുടെ വെളിച്ചത്തില്‍ വ്യക്തമാണ്. പള്ളികള്‍ അല്ലാഹുവിനുള്ളതാകുന്നു. അവിടെ പ്രവാചകന്റെ മുടിയാവട്ടെ, തിരുശേഷിപ്പുകള്‍ എന്ന് പറയപ്പെടുന്ന മറ്റെന്തെങ്കിലുമാവട്ടെ പ്രതിഷ്ഠയായി വരുന്നത് പള്ളിയുടെ യഥാര്‍ഥ ലക്ഷ്യത്തില്‍ നിന്ന് തെറ്റിക്കുന്നതും തൗഹീദിനും പ്രവാചക സ്‌നേഹത്തിനും വിരുദ്ധവുമാണ്.
Comments