Prabodhanm Weekly

Pages

Search

2011 ജൂണ്‍ 18

മഴ വെള്ളം സംരക്ഷിക്കുക

നിശാദ് പുതുക്കോട്

വീണ്ടുമൊരു കാലവര്‍ഷമെത്തുമ്പോള്‍ കേരളത്തിന്റെ പ്രധാന ജലസ്രോതസ്സായ മഴയെക്കുറിച്ച ചില ചര്‍ച്ചകള്‍ അനിവാര്യമായിത്തീരുന്നു. രണ്ടു വര്‍ഷങ്ങള്‍-കാലവര്‍ഷം, തുലാ വര്‍ഷം- കൂടാതെ ഇടമഴകളും കൂടി കേരളത്തില്‍ ഒരാണ്ടില്‍ ശരാശരി 3000 എം.എം മഴ പെയ്യുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 44 നദികളുള്ള നമ്മുടെ സംസ്ഥാനമാണ് ലോകത്തേറ്റവും കൂടുതല്‍ കിണറുകളുടെ സാന്ദ്രതയുള്ള ഭൂപ്രദേശം. കേരളത്തെക്കുറിച്ച ഇത്തരം അറിവുകള്‍ കേട്ടോ വായിച്ചോ അറിയുന്ന ഒരാളും വിശ്വസിക്കാത്തത്ര ജലദൗര്‍ലഭ്യതയും വരള്‍ച്ചയും ഇന്ന് നമ്മുടെ സംസ്ഥാനം അനുഭവിച്ചുകൊണ്ടിരിക്കുന്നു. മാര്‍ച്ച് മാസം തുടങ്ങുമ്പോഴേ കാലവര്‍ഷം തുടങ്ങാറായോ എന്ന് അന്വേഷിക്കേണ്ട ഗതികേടിലാണ് നമ്മളിപ്പോള്‍. ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടി മഴ ലഭിക്കുന്ന കേരളത്തില്‍, ജല ദൗര്‍ലഭ്യത്തിന് പരിഹാരം മഴവെള്ള സംഭരണമാണെന്ന് ഏവര്‍ക്കും ഒറ്റവാക്കില്‍ പറയാന്‍ കഴിയും. അതുകൊണ്ട് മഴവെള്ള സംഭരണത്തെക്കുറിച്ച ചര്‍ച്ചകള്‍ക്ക് ഒരു പഞ്ഞവുമില്ല. കേരളത്തിന്റെ ഭൂമിശാസ്ത്രത്തിന് അനുയോജ്യമായ രീതിയില്‍ എങ്ങനെ മഴവെള്ളം സംഭരിക്കാം എന്നതിനെക്കുറിച്ച ധാരാളം പഠനങ്ങളും പദ്ധതികളും നടന്നുകൊണ്ടിരിക്കുന്നു. പക്ഷേ, പ്രായോഗിക തലത്തില്‍ ഇനിയും പരിഹാരമായിത്തുടങ്ങിയില്ല.
കേരളത്തിന്റെ ഭൂപ്രകൃതി, 600 കി.മീ നീളവും ശരാശരി 60 കി.മീ വീതിയുമുള്ള, കിഴക്ക് സഹ്യ പര്‍വത നിരകളാലും പടിഞ്ഞാറ് കടലിനാലും ചുറ്റപ്പെട്ട, കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ചരിച്ച് വെച്ച ഒരു പലക പോലെയാണ്. വര്‍ഷത്തില്‍ 3000 എം.എം മഴയുണ്ടെങ്കിലും അത് ഇടവിട്ടാണ് ലഭിക്കുന്നത്. കാലവര്‍ഷത്തില്‍ 70 ശതമാനവും തുലാവര്‍ഷത്തില്‍ 20 ശതമാനവും ഇടമഴയായി 10 ശതമാനവും. ആകെ മഴയും പെയ്തുതീരുന്നത് ശരാശരി നൂറ് ദിനങ്ങളിലാണ്. ഇതില്‍ 75 ശതമാനവും മഴ ലഭിക്കുന്നത് 30-35 ദിവസങ്ങളിലാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഒരു വര്‍ഷം മഴ ലഭിക്കുന്നത് 10-15 മണിക്കൂറുകള്‍ മാത്രമാണ്. നമ്മുടെ മണ്‍സൂണ്‍ മഴക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്, മഴ വളരെ ഉയരത്തില്‍നിന്നാണ് ഉത്ഭവിക്കുന്നത്. തുള്ളികളോ വലുപ്പമുള്ളതും. ആയതിനാല്‍ അവ അതീവ ശക്തിയോടെ ഭൂമിയില്‍ പതിക്കുന്നു.
മേല്‍ സൂചിപ്പിച്ച എല്ലാ സവിശേഷതകളുമുള്ള മഴ ഏറ്റുവാങ്ങുന്ന കേരളത്തിന്റെ മണ്ണിനും ചില സവിശേഷതകള്‍ ഉണ്ട്. ഭൂവിജ്ഞാനീയമായി ഇവിടത്തെ പാറകള്‍ പഴക്കം ചെന്നവയും വളരെ ജീര്‍ണിച്ചവയുമാണ്. കൂടാതെ അമ്ല സ്വഭാവമുള്ളതും. കേരളത്തിന്റെ മനുഷ്യധിനിവേശത്തിന് മുമ്പുള്ള ഭൂമിശാസ്ത്രം വ്യക്തമാക്കുന്നത് മല മുതല്‍ കടല്‍ വരെ നിത്യഹരിത മഴക്കാടുകളായിരുന്നു എന്നാണ്. ആയതിനാല്‍, ഇവിടത്തെ മണ്ണ് ഉത്ഭവിച്ചത് ജീര്‍ണിച്ച അമ്ല രസമുള്ള പാറയില്‍ നിന്ന്, 3000 മി.മീ മഴ ലഭിക്കുന്ന ഉഷ്ണ മേഖലാ പ്രദേശത്ത്, ഒരു ചരിവില്‍. പിന്നെ ഘോരവനങ്ങളുടെ മടിത്തട്ടില്‍. അതുകൊണ്ടുതന്നെ നമ്മുടെ മണ്ണ് വനമണ്ണാണ്.
മഴവെള്ള സംഭരണത്തിന് നിലവില്‍ സ്വീകരിക്കുന്ന വ്യത്യസ്ത മാര്‍ഗങ്ങളാണ് മേല്‍കൂരയില്‍ വീഴുന്ന മഴവെള്ളം സംഭരിക്കുന്ന രീതി, തടയണകള്‍, നീര്‍ത്തടങ്ങള്‍ തുടങ്ങിയവ. വര്‍ഷത്തില്‍ 10-15 മണിക്കൂറുകളില്‍ പെയ്ത് തോരുന്ന മഴയെ 365 ദിവസവും ഉപയോഗിക്കാന്‍ പോന്ന രീതിയില്‍ സംഭരിക്കാനുള്ള ശേഷി ഭൂമിയുടെ ഹൃദയമായ മണ്ണിന് മാത്രമാണുള്ളതെന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു ചരിഞ്ഞ പ്രതലത്തില്‍ കട്ട പിടിക്കാനുള്ള ശേഷിക്കുറവുള്ള, അയഞ്ഞ തരിമണ്ണ് വിരിച്ച് ശക്തിയുള്ള വെള്ളത്തുള്ളികള്‍ അതിലേക്ക് ചീറ്റിയാല്‍, മണ്ണ് താഴേക്ക് പോവുമെന്ന് ഒരു പഠനവും ഗവേഷണവും നടത്താതെ നമുക്ക് പറയാന്‍ കഴിയും. യഥാര്‍ഥത്തില്‍ ഇവിടെ സംഭവിക്കുന്നതും അതുതന്നെ. വിവിധ തട്ടുകളായി സസ്യാവരണമുള്ള നിത്യ ഹരിത മഴക്കാടുകള്‍ക്ക് പിടിച്ചുനിര്‍ത്താന്‍ കഴിയുന്നത്ര മാത്രം പ്രതിരോധ ശേഷിയുള്ള ഈ മണ്ണിലാണ് ശക്തമായ തുള്ളികളായി പതിക്കുന്ന മഴവെള്ളം സംഭരിക്കേണ്ടത്. മഴത്തുള്ളികള്‍ നേരിട്ട് പതിക്കാതിരിക്കുക എന്ന പരിഹാരം മാത്രമാണ് മണ്ണ് സംരക്ഷണത്തിനും അതിലൂടെ ജലസംഭരണത്തിനുമുള്ള ഏക മാര്‍ഗം. അതിന് മണ്ണിന് ഒരാവരണം വേണം. പല തട്ടുകളുള്ള ഇലച്ചാര്‍ത്തില്‍ തട്ടുമ്പോള്‍ മഴത്തുള്ളികള്‍ ചിതറി, ചിന്നി ധൂളി രൂപത്തിലായി ഭൂമിയില്‍ സാവധാനം പതിക്കണം. സൂര്യപ്രകാശം നേരിട്ട് ഭൂമിയില്‍ തട്ടിയാല്‍ ബാഷ്പീകരിക്കപ്പെട്ട് നഷ്ടപ്പെടാവുന്ന ഈ ജലത്തെ സസ്യാവരണം സംരംക്ഷിച്ച് നിലനിര്‍ത്തുന്നു.
മണ്ണില്‍ ജലം സംഭരിക്കാനുള്ള അത്യുത്തമമായ രീതിയെന്ന നിലക്ക് നീര്‍ത്തടം(water shed) ഏറെ സ്വീകാര്യമായ പരിഹാരമാണ്. ഒരു ചാലിലേക്ക്, ഒരരുവിയിലേക്ക് അല്ലെങ്കില്‍ തോട്ടിലേക്ക് ഒഴുകുന്ന വെള്ളം എവിടെ നിന്ന് വരുന്നുവോ ആ പ്രദേശത്തെയാണ് നീര്‍ത്തടം എന്ന് വിളിക്കുന്നത്. ഒരു നീര്‍ത്തടത്തിന് മൂന്ന് ഘടകങ്ങളേ ഉള്ളൂ. ജലം, സസ്യാവരണം, മണ്ണ്.
നീര്‍ത്തട തത്ത്വങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഒരു മഴവെള്ള സംഭരണത്തിന് മാത്രമേ കേരളത്തിലെ ജല ദൗര്‍ലഭ്യത പരിഹരിക്കാന്‍ കഴിയുകയുള്ളൂ. ചരിഞ്ഞ പലക പോലെ കിടക്കുന്ന കേരളത്തില്‍ പെയ്യുന്ന മഴ വഴി ഉണ്ടാകുന്ന ജലം ശരാശരി എട്ട് മണിക്കൂര്‍ കൊണ്ട് സമുദ്രത്തില്‍ എത്തുന്നു. ഈ എട്ട് മണിക്കൂര്‍ നമുക്ക് 16 മണിക്കൂര്‍ ആക്കിത്തീര്‍ക്കാന്‍ പറ്റിയാല്‍, ഭൂഗര്‍ഭജലത്തെയും ഉപരിതല സ്രോതസ്സുകളെയും പുനരുജ്ജീവിപ്പിക്കാന്‍ പറ്റും. കേരളത്തിന്റെ പാറകളുടെ സ്വഭാവം (geology) കുഴല്‍ കിണറുകള്‍ക്ക് യോജിച്ചതല്ല. അതിനു പകരം മഴ വെള്ളത്തിന്റെ ഒഴുക്കിന്റെ വേഗത കുറച്ച്, ജലവും മണ്ണും തമ്മിലുള്ള സംവേദന സമയം കൂട്ടിയാല്‍ വറ്റിവരണ്ട ഊഷര നീര്‍ത്തടങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ നമുക്ക് കഴിയും.
വനപ്രദേശങ്ങളില്‍ പരിമിതമാവുന്ന നീര്‍ത്തടങ്ങളെ വീട്ടുവളപ്പിലേക്ക് കൂടി കൂട്ടിച്ചേര്‍ക്കാന്‍ നമുക്ക് കഴിയണം. പല തട്ടുകളുള്ള സസ്യാവരണമായിത്തീരുമാറ് നിലനില്‍ക്കുന്ന വീട്ടുവളപ്പുകളെങ്കിലും മാറിത്തീരണം. അതിനനുയോജ്യമായ കൃഷി സംവിധാനം രൂപപ്പെടുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും സഹായ സഹകരണങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നുണ്ടാവണം. വീട്ടുമുറ്റങ്ങളിലെ കോണ്‍ക്രീറ്റ് തറ വെട്ടിപ്പൊളിച്ച് ഉദ്യാന സസ്യങ്ങളെങ്കിലും നട്ടുവളര്‍ത്താന്‍ ശ്രമിക്കണം. പരിസ്ഥിതിയെ സ്‌നേഹിക്കുന്ന എല്ലാ കൂട്ടായ്മകളും പച്ചപ്പുണ്ടാക്കാനും മണ്ണ്-ജല സംരക്ഷണത്തിനും മുഖ്യ പ്രാധാന്യം കൊടുത്തുള്ള പ്രവര്‍ത്തന പദ്ധതികളുമായി മുന്നോട്ടിറങ്ങിയില്ലെങ്കില്‍ അടുത്ത തലമുറ  നമ്മെ ശപിക്കും, തീര്‍ച്ച.

[email protected]

(മാള മെറ്റ്‌സ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗിലെ ബയോ ടെക്‌നോളജി വിഭാഗം അസി. പ്രഫസറാണ് ലേഖകന്‍)

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം