സംസ്‌കരണവും പ്രബോധനവും ഒപ്പം നടക്കട്ടെ
രാംപൂരിലെ പരേതനായ തവസ്സുല്‍ ഹുസൈന്‍ സിദ്ദീഖിയുടെ വസതിയാണ് വേദി. ഒരു സൌഹൃദസന്ദര്‍ശനാര്‍ഥം ഞാന്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി. പുറത്തുണ്ടായിരുന്ന പരിചാരകന്‍ എന്നോടു പറഞ്ഞു: "അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയിലെ ഏതാനും പ്രഫസര്‍മാര്‍ അകത്തുണ്ട്. തബ്ലീഗ് ജമാഅത്തിന്റെ പ്രവര്‍ത്തകരായ അവര്‍ തവസ്സുല്‍ സാഹിബുമായി സംവദിക്കുകയാണ്. താങ്കള്‍ക്ക് അകത്തേക്ക് കടന്ന് ചെല്ലാവുന്നതാണ്.''
ഞാന്‍ ഉടനെ ആ സദസ്സിലേക്ക് കയറിച്ചെന്നു. ജനാബ് തവസ്സുല്‍ ഹുസൈന്‍ സാഹിബ് തന്റെയടുക്കല്‍ ഒഴിഞ്ഞു കിടന്നിരുന്ന കസേര ചൂണ്ടിക്കാണിച്ചിട്ട് എന്നോട് ഇരിക്കാന്‍ ആംഗ്യം കാണിച്ചു. അവിടെ കൂടിയവരെല്ലാം എന്റെ അഭിവാദ്യം സ്വീകരിച്ച് സാദരം പ്രത്യഭിവാദ്യം ചെയ്തു.
ഉടനെ തവസ്സുല്‍ സാഹിബ് എന്നെ പരിചയപ്പെടുത്തി. ഇദ്ദേഹം സഹോദര സമുദായത്തില്‍ ഇസ്ലാമിക പ്രബോധനം നടത്തുന്നതില്‍ വ്യാപൃതനാണ്. സഹോദര സമുദായത്തില്‍ ഇസ്ലാമിക പ്രബോധനം എന്ന് കേട്ടപാടെ വെളുത്ത കുര്‍ത്തയും പൈജാമയും ധരിച്ചിരുന്ന സദസ്യരിലെ രണ്ട് മൂന്ന് പേര്‍ ഒരുമിച്ച് പറഞ്ഞു: "നസീം സാഹിബ്, ആദ്യം സ്വന്തം സമുദായത്തില്‍ സംസ്കരണം നടക്കട്ടെ, എന്നിട്ടുമതി സഹോദരസമുദായത്തില്‍ പ്രബോധനം.''
പ്രഫസര്‍മാരുടെ ഈ ഉപദേശം കേട്ട് എനിക്ക് തെല്ലൊരു അരിശം തോന്നി. ഇത്ര പെട്ടെന്ന് എടുത്തു ചാടി ഈ ബഹുമാന്യന്‍ അഭിപ്രായം പറഞ്ഞല്ലോ. ഒരു നിമിഷം ആലോചിച്ചും ചിന്തിച്ചും എന്നോടു ഇക്കാര്യം അവര്‍ക്കുണര്‍ത്താമായിരുന്നു എന്ന് ഞാന്‍ ചിന്തിച്ചു. ഞാന്‍ അവരുടെ മുമ്പില്‍ അന്യന്‍. എനിക്കവരും അങ്ങനെത്തന്നെ. ഞങ്ങള്‍ നടാടെ കാണുകയാണല്ലോ.
തവസ്സുല്‍ സാഹിബിനും ഈ മഹാന്മാരുടെ അതിവേഗ നിലപാടില്‍ മതിപ്പില്ലെന്ന് അദ്ദേഹത്തിന്റെ മുഖത്ത് നിന്ന് ഞാന്‍ വായിച്ചെടുത്തു. പൊതുവെ ശാന്തപ്രകൃതക്കാരനായിരുന്ന തവസ്സുല്‍ സാഹിബിനെ പോലും അവരുടെ പെരുമാറ്റം മുഷിപ്പിച്ചു. ഞാന്‍ ആദ്യം ഇവരോട് ഒരു 'സഡന്‍ ആക്ഷന്‍' നടത്തിയാലോ എന്നാലോചിച്ചു. പിന്നീട് തോന്നി ഇവരുടെ തെറ്റിദ്ധാരണ തിരുത്തലാണ് അടിയന്തരമായി വേണ്ടതെന്ന്. ഞാന്‍ കുറച്ച് അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ട് ഉറക്കെ പറഞ്ഞു: "ബഹുമാന്യരേ, നിങ്ങളുടെ ഈ നിലപാടില്‍ ആളുകള്‍ ഉറച്ച് നിന്ന് 'അമല്‍' ചെയ്തിരുന്നെങ്കില്‍ എന്റെ കുടുംബം നശിച്ചേനെ'' - ഈ വാക്ക് ഞാന്‍ മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചു. ഇത് കേട്ട് ഒരു പ്രഫസര്‍ ചോദിച്ചു: "താങ്കള്‍ പറയുന്നതിന്റെ പൊരുള്‍?! നിങ്ങള്‍ നശിക്കുകയോ, അതെന്താ?!''
മറ്റുള്ളവരും ഈ ചോദ്യത്തിന്റെ ഉത്തരം കേള്‍ക്കാന്‍ കൌതുകപൂര്‍വം കാതോര്‍ത്തു.
തവസ്സുല്‍ സാഹിബിനോട് ആംഗ്യഭാഷയില്‍, മറുപടി പറയട്ടെയോ എന്ന് ഞാന്‍ ചോദിച്ചു: "താങ്കള്‍ക്ക് പറയാനുള്ളത് പച്ചക്ക് പറഞ്ഞുകൊള്ളുക.'' തവസ്സുല്‍ സാഹിബ് ശബ്ദം ഉയര്‍ത്തി പറഞ്ഞു. രണ്ട് ഗ്ളാസ് വെള്ളം കുടിച്ച ശേഷം മറുപടി പറയാനായി എഴുന്നേറ്റു നിന്നു.
"യഥാര്‍ഥത്തില്‍ ഞാനൊരു ഹിന്ദു കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന വ്യക്തിയാണ്. മതവിശ്വാസവും ആചാരങ്ങളും വേണ്ടുവോളമുള്ള ഭേദപ്പെട്ട കുടുംബമായിരുന്നു ഞങ്ങളുടേത്. പല ദൈവങ്ങളെ വിവിധ ആവശ്യങ്ങള്‍ പരിഗണിച്ച് പൂജിക്കുകയും വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്തിരുന്ന കുടുംബം. മതവും ധര്‍മവും ഞങ്ങളുടേത് മാത്രമാണ് ശരി എന്നും ഞങ്ങള്‍ വിശ്വസിച്ചു. ഞങ്ങള്‍ക്ക് ആ മതത്തില്‍ വലിയ അഭിമാനവും തോന്നി. അനുവദനീയം-അനനുവദനീയം (ഹലാല്‍-ഹറാം) ഒരു കാര്യത്തിലും ഞങ്ങള്‍ക്ക് പ്രശ്നമല്ലായിരുന്നു. ഞങ്ങള്‍ക്ക് തോന്നിയത് ഹലാല്‍! തോന്നിയത് ഹറാം! അത്രതന്നെ. ഈ ലോകത്തേക്ക് ഞങ്ങളെ എന്തിനയച്ചു എന്നോ, മരണാനന്തരം എന്ത് സംഭവിക്കുമെന്നോ ഞങ്ങള്‍ ഒരിക്കലും ചിന്തിച്ചുമില്ല. അതൊന്നും ഞങ്ങളുടെ വിഷയമല്ലായിരുന്നു. തോന്നിയപോലെ ജീവിച്ചു. പൂജയും വഴിപാടും മുറക്ക് നടത്തുകയും ചെയ്തു.
കാടന്മാരും അധര്‍മികളും വൃത്തിഹീനരുമായാണ് ഞങ്ങള്‍ മുസ്ലിംകളെ കണ്ടത്, വിലയിരുത്തിയതും. ഈ ധാരണ ഞങ്ങള്‍ക്ക് പരമ്പരാഗതമായി മുന്‍തലമുറ കൈമാറിയതായിരുന്നു. ഇസ്ലാം എന്നത് ഒരു ധര്‍മമേ അല്ലെന്ന് ഞങ്ങള്‍ പഠിപ്പിക്കപ്പെട്ടിരുന്നു.
ഞങ്ങളുടെ കുറച്ച് മുസ്ലിം കൂട്ടുകാര്‍ കോളേജിലും വീടിന്റെ ചുറ്റുവട്ടത്തുമുണ്ടായിരുന്നു. എന്നാല്‍ അവര്‍ ഒരിക്കലും അവരുടെ 'ഇസ്ലാം' ഞങ്ങളുമായി പങ്ക് വെച്ചതേയില്ല. ഒരു പക്ഷേ, അവര്‍ 'ആദ്യം മുസ്ലിംകളുടെ സംസ്കരണം, പിന്നീട് മതി മറ്റുള്ളവരില്‍ ഇസ്ലാം പ്രചരിപ്പിക്കല്‍' എന്ന് കരുതിയിട്ടുണ്ടാവാം. അതാണല്ലോ അവരും പഠിപ്പിക്കപ്പെട്ടിട്ടുണ്ടായിരിക്കുക.
എന്നാല്‍ ദൈവത്തിന്റെ സന്ദേശം സര്‍വമനുഷ്യരിലും എത്തണം എന്ന് ചിന്തിക്കുന്ന ഒരു സംഘവുമായി യാദൃഛികമായി ഞങ്ങള്‍ സംവദിക്കാന്‍ ഇടവന്നു. അവര്‍ ഞങ്ങള്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തി. വായിക്കാനായി ചില ഗ്രന്ഥങ്ങള്‍ നല്‍കി. ഞങ്ങള്‍ അവരോട് ഒരുപാട് ചോദ്യങ്ങള്‍ ഉന്നയിച്ചു. എല്ലാറ്റിനും അവര്‍ സാവകാശം മറുപടി നല്‍കി. ജനസാകല്യത്തെ നരകത്തില്‍നിന്ന് രക്ഷപ്പെടുത്തി സ്വര്‍ഗത്തിന്റെ പ്രവിശാലതയിലേക്ക് എത്തിക്കാനുള്ള അവരുടെ മനസ്സിന്റെ മിടിപ്പും തുടിപ്പും വല്ലാത്തൊരനുഭവമായിരുന്നു. അവര്‍ ഞങ്ങള്‍ക്ക് ഖുര്‍ആന്‍ പരിഭാഷകള്‍ എത്തിച്ചുതന്നു. നബിതിരുമേനിയുടെ ചരിത്രം വിവരിക്കുന്ന പുസ്തകങ്ങള്‍ ഞങ്ങളെ പരിചയപ്പെടുത്തി.
അവര്‍ നല്‍കിയ പുസ്തകങ്ങള്‍ ഞങ്ങളുടെ കണ്ണു തുറപ്പിച്ചു. മനസ്സുകളില്‍ വെളിച്ചം വീണു. ഞങ്ങളുടെ സ്രഷ്ടാവായ തമ്പുരാന്‍ ഈ ദീന്‍ ഞങ്ങള്‍ക്ക് കൂടി അയച്ചതാണെന്ന തോന്നല്‍ മനസ്സിനെ അലട്ടി. ഇസ്ലാം അംഗീകരിക്കാതെ, അതനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താതെ പരലോകത്ത് മോക്ഷം ലഭിക്കില്ലെന്ന് ഞങ്ങള്‍ക്ക് ബോധ്യംവന്നു.
ദൈവനിഷേധത്തിലും ധിക്കാരത്തിലും അകപ്പെട്ടവര്‍ക്ക് പരലോകത്ത് കടുത്തതും കനത്തതുമായ ശിക്ഷയാണല്ലോ ദൈവം വിധിച്ചിട്ടുള്ളത്. ദൈവാനുഗ്രഹത്താല്‍ ഞങ്ങളുടെ കുടുംബം ഒന്നാകെ ഇസ്ലാമിനെ പുല്‍കുകയായിരുന്നു ഫലം.
ഈ തീരുമാനവും ഉറപ്പും കാരണമായി ഞങ്ങളുടെ മുന്‍പാപങ്ങള്‍ ദൈവം തമ്പുരാന്‍ പൊറുത്ത് തരുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. കാരണം അവന്‍ കരുണാവാരിധിയാണല്ലോ.''
ഇത്രയും ഞാന്‍ വിശദീകരിക്കുമ്പോള്‍ സദസ്സില്‍ തികഞ്ഞ മൌനം. പിന്നീട് ഞാന്‍ പറഞ്ഞു: "ഞങ്ങളെ തേടി ഞങ്ങളുടെ വീട്ടില്‍ കയറി വന്ന ആ സഹോദരങ്ങളെങ്ങാനും അവിടെ എത്തിയിട്ടില്ലായിരുന്നെങ്കില്‍ എന്തായിരിക്കും ഇന്ന് എന്റെയും കുടുംബത്തിന്റെയും സ്ഥിതി. ഈ സഹോദരങ്ങള്‍ 'ആദ്യം മുസ്ലിംകളില്‍ ഇസ്ലാഹ്, പിന്നീട് ഇതരരില്‍ ദഅ്വത്ത്' എന്ന് വെച്ചിരുന്നെങ്കില്‍, അങ്ങനെ അവര്‍ ചെയ്തിരുന്നെങ്കില്‍ എന്റെ കുടുംബത്തിന് ഇസ്ലാമിന്റെ പൊന്‍വെളിച്ചം നഷ്ടപ്പെട്ടേനെ.''
തികഞ്ഞ ശ്രദ്ധയോടെയാണ് പ്രഫസര്‍മാരടങ്ങുന്ന ആ സംഘം എന്റെ വാക്കുകള്‍ ശ്രവിച്ചത്. മറുത്ത് ഒന്നും പറയാനില്ലാതെ അവര്‍ മൌനത്തില്‍ തന്നെ. കൂട്ടത്തില്‍ ഒരു ദേഹം ഈ മൌനം ഭേദിച്ചു. "അമുസ്ലിംകളില്‍ ഇസ്ലാമിക പ്രബോധനം നമ്മുടെ ബാധ്യത തന്നെ. അത് നാം അവഗണിച്ചത് തെറ്റും.'' അയാള്‍ കാര്യം ബോധ്യപ്പെട്ടിട്ടെന്നവണ്ണം പ്രതികരിച്ചു. "മുസ്ലിംകളില്‍ സംസ്കരണം നടക്കണം, ഒപ്പം രാജ്യനിവാസികള്‍ക്ക് ഇസ്ലാമിന്റെ സന്ദേശവും എത്തിക്കണം. ഇതാണ് ശരിയായ രീതി. അല്ല, ഇത് നമ്മുടെ നിര്‍ബന്ധ ബാധ്യത തന്നെ.'' അവിടെ കൂടിയവരെല്ലാം ഈ വാക്കുകള്‍ അംഗീകരിക്കുകയായിരുന്നു. അതേവരെ മൌനിയായി എല്ലാം കേട്ടുകൊണ്ടിരുന്ന തവസ്സുല്‍ ഹുസൈന്‍ സാഹിബ്, അല്ലാഹു എല്ലാവര്‍ക്കും നന്മവരുത്തട്ടെ എന്ന് പ്രാര്‍ഥിച്ചും തുടര്‍ന്ന് എല്ലാവരും സലാം പറഞ്ഞും ആശ്ളേഷിച്ചും പിരിഞ്ഞു.
വിവ: സഈദ് മുത്തനൂര്‍
Comments