വിശ്വാസപൂര്‍ണതയുടെ പര്യായം
യഥാര്‍ഥ വിശ്വാസി സല്‍സ്വഭാവിയായിരിക്കും. ലജ്ജ, സഹനം, വിനയം, വിട്ടുവീഴ്ച, പുഞ്ചിരി, സത്യസന്ധത, ഗുണകാംക്ഷ, സൗമ്യത തുടങ്ങി മനുഷ്യ മനസ്സിനെ സംസ്‌കരിക്കുകയും ഉന്നത സ്ഥാനത്തേക്ക് ഉയര്‍ത്തുകയും ചെയ്യുന്ന സകല സല്‍ഗുണങ്ങളെയും അതുള്‍ക്കൊള്ളുന്നുണ്ട്. ഉത്തമ സ്വഭാവ രൂപവത്കരണത്തിന് പ്രേരിപ്പിക്കുന്ന നിരവധി ഖുര്‍ആന്‍ സൂക്തങ്ങളും പ്രവാചക വചനങ്ങളും കാണാം. പ്രവാചകന്റെ സേവകനായിരുന്ന അനസ് (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ''നബി (സ) ജനങ്ങളില്‍ ഏറ്റവും നല്ല സ്വഭാവത്തിനുടമയായിരുന്നു'' (ബുഖാരി, മുസ്‌ലിം). മറ്റൊരു ഹദീസില്‍: ''ഞാന്‍ പ്രവാചകന് പത്ത് വര്‍ഷത്തോളം ഭൃത്യവേല ചെയ്തിട്ടുണ്ട്. എന്നോടൊരിക്കലും 'ഛേ' എന്ന് പറയുകയോ, ഞാന്‍ ചെയ്തതിനെ കുറിച്ച് നീ എന്തിന് അങ്ങനെ ചെയ്‌തെന്നോ, ചെയ്യാത്തതിനെക്കുറിച്ച് എന്തുകൊണ്ട് ചെയ്തില്ലെന്നോ അദ്ദേഹം ചോദിച്ചിട്ടു പോലുമില്ല''(ബുഖാരി, മുസ്‌ലിം). അംറ് ബ്‌നു ആസ്വ് (റ) പറയുന്നു: ''പ്രവാചകന്‍ ദുസ്സ്വഭാവിയോ, ചീത്ത പറയുന്നവനോ ആയിരുന്നില്ല. അവിടുന്ന് സല്‍സ്വഭാവത്തെക്കുറിച്ച് സഹാബികളോട് ഇടക്കിടെ പറയാറുണ്ടായിരുന്നു:“തീര്‍ച്ചയായും നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ ഏറ്റവും നല്ല സ്വഭാവമുള്ളവനാണ്'' (ബുഖാരി, മുസ്‌ലിം).
പുലഭ്യം പറയലും മ്ലേഛമായി സംസാരിക്കലും ഇസ്‌ലാം വളരെ വെറുക്കുന്നു. ഒരു ഹദീസിലിങ്ങനെ കാണാം: ''അന്ത്യനാളില്‍ നിങ്ങളില്‍ വെച്ച് എനിക്കേറ്റവും കൂടുതല്‍ ഇഷ്ടപെട്ടവരും സ്ഥാനം കൊണ്ട് എന്നോട് ഏറ്റവും കൂടുതല്‍ അടുത്തിരിക്കുന്നവരും നിങ്ങളില്‍ ഏറ്റവും നല്ല സ്വഭാവമുള്ളവരാണ്. എന്നാല്‍, എനിക്ക് ഏറ്റവും ദേഷ്യമുള്ളവരും അന്ത്യനാളില്‍ നിങ്ങളില്‍ നിന്ന് എന്നോടടുപ്പമില്ലാത്തവരും, പെരുപ്പിച്ച് സംസാരിക്കുന്നവരും ജനങ്ങളുടെ മേല്‍ കുറ്റാരോപണം നടത്തി നീട്ടി സംസാരിക്കുന്നവരും, 'മുതഫൈഹിഖൂനു'മാണ്. അവര്‍ ചോദിച്ചു: പ്രവാചകരേ, 'മുതഫൈഹിഖൂന്‍' ആരാണ്? പ്രവാചകന്‍ പറഞ്ഞു: അഹങ്കാരം കാണിക്കുന്നവര്‍'' (തിര്‍മിദി).
പ്രവാചകനിലൂടെ മനസ്സിലാക്കിയ ഉദാത്ത സ്വഭാവങ്ങള്‍ സ്വഹാബികള്‍ വാക്കിലും പ്രവൃത്തിയിലും സമൂഹവുമായുള്ള എല്ലാ ഇടപാടുകളിലും മുറുകെ പിടിച്ചിരുന്നു. ഇതുകൊണ്ടാണ് മനുഷ്യ ചരിത്രത്തില്‍ ഒരു ഉദാത്ത മാതൃകാ സമൂഹത്തെ ഇസ്‌ലാമിന് പരിചയപ്പെടുത്താന്‍ സാധിച്ചത്.
അനസ് (റ) പറയുന്നു: ''ഒരിക്കല്‍ നമസ്‌കാരത്തിന് ഇഖാമത്ത് വിളിച്ചു. ഒരു ഗ്രാമീണന്‍ പ്രവാചകന്റെ വസ്ത്രത്തില്‍ പിടിച്ച് പറഞ്ഞു: എന്റെ ആവശ്യത്തില്‍ അല്‍പം കൂടി ബാക്കിയുണ്ട്. അങ്ങ് അത് മറന്നേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു.’ഉടനെ പ്രവാചകന്‍ അയാളോടൊപ്പം എഴുന്നേറ്റു പോവുകയും അയാളുടെ ആവശ്യം പൂര്‍ത്തീകരിച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് പ്രവാചകന്‍ തിരിച്ചുവന്ന് നമസ്‌കരിച്ചു'' (ബുഖാരി).
നോക്കൂ, നമസ്‌കാരത്തിന് ഇഖാമത്ത് വിളിച്ചിരിക്കുന്ന ആ സമയത്താണ് ഗ്രാമീണന്‍ പ്രവാചകന്റെ വസ്ത്രം പിടിച്ച് തന്റെ ആവശ്യമുണര്‍ത്തുന്നത്. അത് പ്രവാചകന് യാതൊരുവിധ പ്രയാസമോ ദേഷ്യമോ ഉണ്ടാക്കിയില്ല. ഇവിടെ പ്രവാചകന്‍ സമൂഹത്തിന് സ്വയം മാതൃകയാവുകയാണ്. ഒരുത്തമ സമൂഹത്തെ സൃഷ്ടിക്കുകയാണ്. അന്ത്യനാളില്‍ വിചാരണ വേളയില്‍ വിശ്വാസിയുടെ നല്ല സ്വഭാവങ്ങള്‍ നന്മയുടെ തൂക്കം വര്‍ധിപ്പിക്കും. പ്രവാചകന്‍ പറഞ്ഞു: ''അന്ത്യനാളില്‍ സത്യവിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തോളം ഭാരമുണ്ടാക്കുന്ന മറ്റൊന്നുമില്ല, തീര്‍ച്ചയായും അശ്ലീലവും പുലഭ്യവും പറയുന്നവരെ അല്ലാഹു വെറുക്കുന്നു''” (തിര്‍മിദി). സത്യവിശ്വാസത്തിന്റെ പൂര്‍ണതക്ക് സല്‍സ്വഭാവത്തെ ഇസ്‌ലാം ഉപാധിയാക്കി നിശ്ചയിച്ചിരിക്കുന്നു. നബി (സ) പറഞ്ഞു: ''സത്യവിശ്വാസികളില്‍ പൂര്‍ണത കൈവരിച്ചവന്‍ അവരില്‍ ഏറ്റവും നല്ല സ്വഭാവമുളളവനാണ്''”(തിര്‍മിദി).
സല്‍സ്വഭാവത്തിന്റെ പ്രാധാന്യവും മഹത്വവും സ്വഹാബികള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ വാക്കിലും പ്രവൃത്തിയിലും ആകര്‍ഷണീയവും വൈവിധ്യവുമായ ശൈലികള്‍ പ്രവാചകന്‍ സ്വീകരിച്ചതായി കാണാം. ഒരിക്കല്‍ അബൂദര്‍റി(റ)നോട് പ്രവാചകന്‍ പറഞ്ഞു: ''അല്ലയോ അബൂദര്‍റ്, ചുമലിന് ഏറ്റവും ഭാരം കുറഞ്ഞതും തുലാസില്‍ ഏറ്റവും കനമുണ്ടാക്കുന്നതുമായ രണ്ട് കാര്യങ്ങള്‍ ഞാന്‍ നിനക്ക് പറഞ്ഞു തരട്ടെ? അബൂദര്‍റ് പറഞ്ഞു: അതെ, അല്ലാഹുവിന്റെ ദൂതരേ. പ്രവാചകന്‍ പറഞ്ഞു: സല്‍സ്വഭാവിയായിരിക്കുക, ദീര്‍ഘമായ മൗനം പാലിക്കുക. എന്റെ ആത്മാവ് എതൊരാളുടെ കൈയിലാണോ അവനാണ സത്യം, ആ രണ്ട് ഗുണങ്ങളെപ്പോലെ ജനങ്ങള്‍ ഒന്നും മെച്ചപ്പെടുത്തിയിട്ടില്ല'' (ത്വബ്‌റാനി). മറ്റൊരു ഹദീസിലിങ്ങനെ കാണാം: ''സല്‍സ്വഭാവം ഔന്നത്യമാണ്, ദുസ്സ്വഭാവം അപമാനമാണ്, പുണ്യം ചെയ്യല്‍ ആയുസ്സിനെ വര്‍ധിപ്പിക്കലാണ്, ദാനധര്‍മം ദുഷിച്ച മരണത്തില്‍ നിന്ന് തടയലാണ്'' (അഹ്മദ്). പ്രവാചകന്‍ പ്രാര്‍ഥിച്ചിരുന്നതായി കാണാം: ''അല്ലാഹുവേ, നീ എന്റെ സൃഷ്ടിപ്പ് നന്നാക്കിയിരിക്കുന്നു. എന്റെ സ്വഭാവവും നന്നാക്കേണമേ'' (അഹ്മദ്).
അല്ലാഹു പറഞ്ഞിരിക്കുന്നു: ''തീര്‍ച്ചയായും താങ്കള്‍ ഉദാത്തമായ സ്വഭാവമുളളവനാണ്'' (അല്‍ഖലം 4). ഉത്തമ സ്വഭാവിയാണെന്ന് അല്ലാഹു വ്യക്തമാക്കിയിട്ടും പ്രവാചകന്‍ ഉത്തമ സ്വഭാവിയാകാന്‍ അല്ലാഹുവിനോട് എപ്പോഴും പ്രാര്‍ഥിക്കുന്നു! ഉത്തമ സ്വഭാവരൂപവത്കരണത്തിന് പ്രവാചകന്‍ എത്രമാത്രം പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്.
Comments