ആ പാന്റ്‌സ് ഒന്ന് കയറ്റിയുടുക്കാമോ?
അമേരിക്കയില്‍ നിന്നിതാ ഒരു നല്ലവാര്‍ത്ത. ഫ്‌ളോറിഡാ സ്റ്റേറ്റിലെ സ്‌കൂളുകളില്‍ ആണ്‍കുട്ടികള്‍ അരമറയാത്ത പാന്റ്‌സ് ധരിച്ചുവരുന്നത് നിരോധിച്ചിരിക്കുന്നു. 228-ാം സെനറ്റു നിയമമായി അത് പാസാക്കിയെടുക്കുന്നതിനു മുമ്പേ പ്രസിഡന്റ് ഒബാമയുടെ ആഹ്വാനപ്രകാരം ആ ആവശ്യം മുന്‍നിറുത്തി ഒരു പ്രചാരണ കാമ്പയിനും സംഘടിപ്പിച്ചിരുന്നു. ആണ്‍കുട്ടികള്‍ ധരിക്കുന്ന അയഞ്ഞ പുതിയ പാന്റ്‌സുകള്‍ അടിവസ്ത്രവും പലപ്പോഴും നഗ്നശരീരവും പ്രദര്‍ശിപ്പിക്കുന്നുവെന്നതുകൊണ്ടാണ് അത് നിയമംമൂലം നിരോധിക്കേണ്ടിവന്നിരിക്കുന്നത്. 'പുള്‍ യുവര്‍ പാന്റ്‌സ് അപ്' എന്നാണ് നിയമത്തിന്റെ പേരുതന്നെ. 'കാലുറ ഒന്നു കയറ്റിയുടുക്കാമോ' എന്ന് മലയാളം. അത്രയും അലസമായും അശ്ലീലമായും കാലുറയണിയുന്ന ആണ്‍കുട്ടികളെക്കൊണ്ട് സ്‌കൂളുകള്‍ നിറയുന്നത് പെണ്‍കുട്ടികളില്‍ ലൈംഗിക പ്രലോഭനങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നും സെനറ്റ് നിരീക്ഷിക്കുന്നുണ്ട്. കര്‍ശനമാണ് നിയമം. അനുസരിക്കാത്തവര്‍ക്ക് പാഠാനുബന്ധ പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറ്റിനിറുത്തല്‍, മാതാപിതാക്കളെ ഹാജരാക്കല്‍ തുടങ്ങിയ ശിക്ഷകളും ബില്ലില്‍ നിര്‍ദേശിക്കുന്നു. ബില്ല് ഇതിനകം അമേരിക്കയില്‍ വലിയ വാഗ്വാദങ്ങളുണ്ടാക്കിക്കഴിഞ്ഞു, അതും നല്ലതുതന്നെ. പ്രസിഡന്റ് ഒബാമ തെരഞ്ഞെടുപ്പിനുമുമ്പ് പള്ളിയെയും പൗരന്മാരെയും മയക്കിയെടുക്കാന്‍ വേണ്ടതൊക്കെയും ചെയ്യുന്നുണ്ടെന്നര്‍ഥം.
നാട്ടിലെ എല്ലാ സ്‌കൂള്‍ പരിഷ്‌കാരങ്ങളുടെയും സൈദ്ധാന്തികവും പ്രായോഗികവുമായ മാതൃകകള്‍ക്കുവേണ്ടി പടിഞ്ഞാറിനെ ഖിബ്‌ലയാക്കിയ വിചക്ഷണന്മാര്‍ക്ക് ഈ വാര്‍ത്ത പുതുമയുറ്റതായിരിക്കും. പടിഞ്ഞാറന്‍ രാജ്യങ്ങളെ മാതൃകയാക്കി സാമൂഹിക വിശകലന പഠനസിദ്ധാന്തങ്ങള്‍ ആവിഷ്‌കരിക്കുമ്പോള്‍ ഇത്തരം അമേരിക്കന്‍ നിരോധനങ്ങളും അപ്പടി അനുകരിക്കേണ്ടതുണ്ട്. മാത്രമല്ല, ശരീരപ്രദര്‍ശനം ലൈംഗികാകര്‍ഷണത്തിന് നിമിത്തമാകുമെന്ന് ഇനിയും മനസ്സിലാകാത്തത് ഇവിടത്തെ ചില സ്ത്രീവാദികള്‍ക്കും കപടസദാചാരത്തിനെതിരെ വാളോങ്ങിനടക്കുന്ന ചില പുരുഷ സാംസ്‌കാരികപ്രവര്‍ത്തകര്‍ക്കും മാത്രമാണ്. ഇത്രയും മുന്‍നിറുത്തി നമ്മുടെ നാട്ടിലെ ആണ്‍മക്കളുടെ പുതിയ വസ്ത്രധാരണ വഴക്കങ്ങളിലെ യൂറോപ്യന്‍ ഫാഷനുകളെ ആരു നിരോധിക്കും എന്നാണ് ഇപ്പോള്‍ ഉന്നയിക്കാവുന്ന ചോദ്യം. പെണ്‍കുട്ടികളുടെ ഉടുപ്പുകളില്‍ വ്യത്യസ്തമായ വെട്ടും തടവും വ്യാപകമാകുമ്പോളെല്ലാം ആണുടുപ്പുകള്‍ ഒരു പരിധിവരെ ആശങ്കകളെ തൊട്ടിരുന്നില്ല, ഈയടുത്ത കാലം വരെ. എന്നാല്‍, ഇന്ന് ആണ്‍കുട്ടികളുടെ ശരീരംകൂടി പ്രദര്‍ശനത്തിനൊരുക്കുന്ന പുതിയ വസ്ത്ര സംസ്‌കാരം വ്യാപിച്ചിരിക്കുന്നത് ഭയത്തോടെ കാണേണ്ടിയിരിക്കുന്നു.
ആധുനികോത്തര വിപണിയില്‍ ലൈംഗികതക്കുണ്ടായ പുതിയ ഡിമാന്റുകളാണ് പെണ്‍ശരീരത്തെപ്പോലെ ആണുടലിനെയും പ്രദര്‍ശനവസ്തുവും വില്‍പനച്ചരക്കുമാക്കിയത്. അതോടുകൂടി ആണിന്റെ ഫാഷന്‍ സാധ്യതകളും വര്‍ധിച്ചു. ഒരുകാലത്ത് ദൃശ്യമാധ്യമങ്ങളിലും തെരുവുബോര്‍ഡുകളിലും പെണ്ണിന്റെ മുടിയഴകും തൊലിയഴകും വര്‍ധിപ്പിക്കാനുള്ള ലേപനങ്ങളുടെ പരസ്യം മാത്രമായിരുന്നെങ്കില്‍ ഇന്ന് ആണിനു മാത്രമായി മുഖലേപനങ്ങളും മുടിക്കൊഴുപ്പുകളും വിപണിയില്‍ സുലഭമാണ്. ആണിന്റെ അര്‍ധനഗ്നപരസ്യങ്ങള്‍ അങ്ങാടിപ്പലകകളില്‍ നാണമില്ലാതെ നിരന്നു നില്‍ക്കുന്നത് കാഴ്ചയുടെ പുതിയ രസതന്ത്രങ്ങള്‍ വരുത്തിയ മാറ്റമാണ്. സിക്‌സ് പാക്ക്, മെട്രോമാന്‍, പ്ലേബോയ് തുടങ്ങിയ നവ സൂത്രവാക്യങ്ങള്‍ ആണ്‍ഫാഷന്‍ വ്യവഹാരങ്ങളില്‍ സാധാരണമായിരിക്കുന്നു.
ആണ്‍ വേഷത്തിന്റെ ആഗോളവല്‍ക്കരണമാണ് കഴിഞ്ഞ ഒരു ദശാബ്ദത്തിലുണ്ടായ സാമ്രാജ്യത്വ - മുതലാളിത്ത മാര്‍ക്കറ്റിന്റെ പ്രധാന വിജയമേഖല. യൂറോപ്പിലെ കൗണ്ടികൗമാരത്തെ ചാനലിലും വീഡിയോ ആല്‍ബങ്ങളിലും കണ്ടനുകരിച്ച് നമ്മുടെ നാട്ടുമ്പുറത്തെ ചെക്കന്മാരും ഉടുക്കാന്‍ തുടങ്ങിയിരിക്കുന്നു. കഷ്ടിച്ച് ഉദരം മറയുന്ന ഇടുങ്ങിയ കുപ്പായവും (അതിന്റെ പേരുപോലും ഷോര്‍ട്ട് എന്നാണ്) തെരുവിലെ സകല മാലിന്യങ്ങളും അടിച്ചുവാരാന്‍ പാകത്തിലുള്ള അടിഭാഗത്തോടുകൂടിയ ഇടുങ്ങിയ പാന്റ്‌സും ധരിച്ച് ഫ്രീക് ഫാഷന്‍ താളത്തില്‍ അയഞ്ഞുനടക്കുന്ന നമ്മുടെ ആണ്‍കൗമാരങ്ങള്‍ ഈ വിപണിയുടെ പ്രിയപ്പെട്ട ഉപഭോക്താക്കളായിരിക്കുന്നു. അവര്‍, ഇതാ ഊരിപ്പോകുമെന്ന മട്ടിലുള്ള പാന്റ്‌സ് ധരിച്ച് ബസ്സില്‍ കൈയുയര്‍ത്തി കമ്പി പിടിക്കാനാകാതെ ഇളകിയിളകി നില്‍ക്കുന്നത് പലവിധ ബേജാറുകളോടെ നാം കണ്ടിരിക്കേണ്ടിവരുന്നു. ഒന്നു കുമ്പിട്ടാലും നിവര്‍ന്നു നിന്നാലും ശരീരത്തിന്റെ ഏതറ്റവും വെളിപ്പെടും. നേരെനിന്നാല്‍പോലും ആ ആണ്‍പിറന്നവന്മാരുടെ അടിവസ്ത്രത്തിന്റെ തലയെഴുത്ത് നമുക്ക് വായിക്കാന്‍ കഴിയും.
ആണ്‍കുട്ടികളുടെ വസ്ത്രത്തില്‍ മാത്രമല്ല മുഖം മിനുക്കുന്ന രീതിയില്‍, മുടി വെട്ടിയൊതുക്കുന്നതില്‍, കൈക്കാലുകള്‍ വെളിപ്പെടുത്തുന്നതില്‍, ആണവയവങ്ങളുടെ ഇറുക്കത്തില്‍ എല്ലാം പരാകര്‍ഷണത്തിന്റെയും പെണ്‍വേഷംകെട്ടലിന്റെയും അശ്ലീലസ്വഭാവം ഇന്നുണ്ട്. ഇതിന്റെ പ്രചാരണവും വിതരണവും നിര്‍വഹിക്കുന്നതില്‍ സിനിമകള്‍ക്കും പരസ്യങ്ങള്‍ക്കും നല്ല പങ്കുമുണ്ട്. ഒന്നുകില്‍ ഷണ്ഡരായ അല്ലെങ്കില്‍ സ്‌ത്രൈണമായ ഒരു ആണുടലാണ് ഇന്നത്തെ കൗമാരക്കാരുടെ സ്വപ്നശരീരം. ഈ ഷണ്ഡത്വം ശരീരത്തില്‍ മാത്രം ഒതുങ്ങുമോ? മനസ്സിലും ആശയത്തിലും നിലപാടിലും അത് അണുവികിരണംപോലെ തങ്ങിനില്‍ക്കുന്നില്ലേ? ഫാഷന്‍ സ്വഭാവങ്ങള്‍ മാറിവന്നേക്കാം എന്ന് സമാധാനപ്പെടാമോ, ഒരു തലമുറ മുഴുവന്‍ ഈ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോകുന്നത് നാം നോക്കിനില്‍ക്കേ? അമേരിക്കന്‍ സ്റ്റേറ്റിലെ സ്‌കൂളുകളിലെങ്കിലും 'ആ പാന്റ്‌സ്' ഒന്ന് കയറ്റിയുടുത്ത് അശ്ലീലപ്രദര്‍ശനം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. ഇവിടെ നാം ഇപ്പോഴും ആ വൈകൃതസ്വഭാവം ഹൃദയവേദനയോടെ സഹിക്കുന്നു.
പിന്‍വാതില്‍ - രണ്ട് കാര്യങ്ങള്‍ക്കൂടി പറയുന്നു.
ഒന്ന് - എങ്ങനെ നഗ്നത മറച്ച് ഉടുക്കണം എന്ന് നിര്‍ദേശിക്കുന്നത് തീവ്രവാദമാണെങ്കില്‍ ആ കുറ്റകൃത്യമിതാ അമേരിക്കയും ചെയ്തിരിക്കുന്നു. ഈ നിയമം വന്നത് പാകിസ്താനിലോ മറ്റേതെങ്കിലും മുസ്‌ലിം രാജ്യങ്ങളിലോ ആയിരുന്നെങ്കിലോ? പോകട്ടെ, നമ്മുടെ നാട്ടിലെ 'തീവ്രവാദത്തിന്റെ വിളനിലങ്ങളായ', അറബിപ്പേരുള്ള ഏതെങ്കിലും ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നുവെങ്കിലോ? ഹാവൂ, സമുദായം തല്‍ക്കാലം രക്ഷപ്പെട്ടു.
രണ്ട് - പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തെക്കുറിച്ച് അമേരിക്കക്കുപോലുമില്ല പേടി. അതെത്രയും ചെറുതാകുന്നുവോ അത്രയും നല്ലത്, ആണിനും അങ്ങാടിക്കും.
Comments