ഭൂമി കച്ചവടത്തിലെ ചതിക്കുഴികള്‍
കച്ചവടം ഇസ്ലാം അനുവദിച്ചതാണ്. എന്നാല്‍ പണം കിട്ടുമെന്ന് കരുതി സമൂഹത്തിനും സഹജീവികള്‍ക്കും ദോഷം വരുത്തുന്ന ഏതെങ്കിലും കച്ചവടത്തെ ഇസ്ലാം അനുവദിക്കുന്നുണ്ടോ?
ചില പ്രദേശങ്ങളില്‍ നിര്‍ബാധം നടന്നുകൊണ്ടിരിക്കുന്ന 'ഭൂമിക്കച്ചവടം' അപൂര്‍വം ചിലത് ഒഴിച്ചു നിര്‍ത്തിയാല്‍ ബാക്കിയെല്ലാം സമൂഹത്തിലെ ഒരു വിഭാഗം തടിച്ചുകൊഴുക്കാനും അതിന്റെ തിക്തഫലം സമൂഹത്തിലെ താഴെതട്ടിലുള്ള ഭൂരിഭാഗവും അനുഭവിക്കാനും വഴിവെക്കുന്നതാണ്.
ലാഭം മാത്രം ലക്ഷ്യമാക്കി മുന്നേറുന്ന ഈ വിഭാഗം തുടരെ തുടരെ ഭൂമിയുടെ 50 ശതമാനവും അതിലേറെയും വിലവര്‍ധിപ്പിച്ചുകൊണ്ട് സ്വന്തമായി ഒരിടമില്ലാത്ത പാവപ്പെട്ടവരുടെ മൌലികാവകാശങ്ങള്‍ പോലും അവഗണിച്ച് അല്ലാഹുവിന്റെ ഭൂമിയെ സ്വന്തം അധീനത്തിലാക്കി അത്യാവശ്യക്കാരെ മുന്നില്‍കണ്ടു കൊണ്ട് മത്സരിക്കുകയാണ്. ഇത് ഉന്നതന്മാര്‍ പാവപ്പെട്ടവരോട് ചെയ്യുന്ന ചൂഷണത്തിന്റെ ഭാഗമല്ലേ?
മനുഷ്യന്റെ മേല്‍ കെട്ടുപിണഞ്ഞ സകല പ്രശ്നങ്ങളില്‍നിന്നും പ്രയാസങ്ങളില്‍നിന്നും മനുഷ്യരെ മോചിപ്പിക്കാനും കൂടിയായിരുന്നു പ്രവാചകന്മാരെ അല്ലാഹു അയച്ചതെങ്കില്‍ ഇത്തരം വ്യവസായങ്ങള്‍ക്കെതിരെ ശബ്ദിക്കാന്‍ ഖുര്‍ആനിലും സുന്നത്തിലും വാക്കുകളില്ലേ? എന്തും അതിര് വിടുമ്പോള്‍ പണ്ഡിതന്മാര്‍ രംഗത്ത് വരേണ്ടതല്ലേ?
മൊയ്തീന്‍ബാവ
കട്ടുപ്പാറ മസ്ജിദുല്‍ ഹുദ മലപ്പുറം
വളരെ സങ്കീര്‍ണവും എന്നാല്‍ തികച്ചും പ്രസക്തവും സത്വര പരിഹാരം കാണേണ്ടതുമാണ് ഭൂഉടമാവകാശത്തിന്റെയും വിനിമയത്തിന്റെയും ഉപയോഗത്തിന്റെയും പ്രശ്നം. സാമ്പ്രദായിക കര്‍മശാസ്ത്രത്തിന്റെയോ പണ്ഡിതാഭിപ്രായങ്ങളുടെയോ അടിസ്ഥാനത്തില്‍ മാത്രം ഭൂപ്രശ്നത്തിന് ഫലപ്രദമായി പരിഹാരം കാണാനാവില്ല. പ്രത്യുത വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും സ്പഷ്ടമായി വരച്ചുകാട്ടിയ വിശാലമായ ശരീഅത്ത് ലക്ഷ്യങ്ങളെ നിദാനമാക്കി വേണം സമസ്യയെ സമീപിക്കാന്‍. മനുഷ്യവര്‍ഗത്തിന്റെയും ഇതര ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥ സുരക്ഷിതമായി നിലനിര്‍ത്തല്‍, ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കും അനുവദിച്ചുകൊടുക്കല്‍, ഭൂമി ഉള്‍പ്പെടെയുള്ള സമ്പത്തിന്റെ നീതിപരമായ വിതരണം, സമ്പത്ത് സമ്പന്നര്‍ക്കിടയില്‍ മാത്രം വിതരണം ചെയ്യപ്പെടുന്ന മുതലാളിത്ത വ്യവസ്ഥയുടെ നിരാകരണം എന്നിവയാണ് വിശാല ശരീഅത്ത് ലക്ഷ്യങ്ങള്‍. ഈ ലക്ഷ്യങ്ങള്‍ക്കനുസൃതമായാണ് ഭൂമിയെ തൊട്ടിലായും വിരിപ്പായും വാസസ്ഥലമായും ആര്‍ക്കും അഭയത്തിനായി പോകാവുന്ന വിശാല പ്രദേശമായും ഖുര്‍ആന്‍ വിശേഷിപ്പിച്ചത്; ഭൂമിയില്‍ നാശവും കുഴപ്പവും കലാപവും സൃഷ്ടിക്കുന്നവരെയും കൃഷിയും വംശവും നശിപ്പിക്കുന്നവരെയും കടുത്ത ഭാഷയില്‍ ഖുര്‍ആന്‍ അപലപിച്ചിട്ടുണ്ട്. പ്രവാചകവര്യനാവട്ടെ, വല്ലവരും അന്യന്റെ ഒരു ചാണ്‍ ഭൂമി കൈയേറിയാല്‍ പരലോകത്ത് ഏഴ് ഭൂമികള്‍ കൊണ്ട് അവന്‍ വട്ടമിടപ്പെടും എന്ന് മുന്നറിയിപ്പ് നല്‍കി. മൂന്ന് വര്‍ഷം തുടര്‍ച്ചയായി സ്വന്തം ഭൂമി ഒരാള്‍ തരിശിട്ടാല്‍ അത് പിടിച്ചെടുത്ത് കൃഷി ചെയ്തവനാണതിന്റെ ഉടമസ്ഥാവകാശം എന്ന് വിധിച്ചു. രണ്ടാം ഖലീഫ ഉമര്‍ സ്വകാര്യ ഭൂമിയിലൂടെ പൊതുതാല്‍പര്യത്തിനായി കനാല്‍ കീറാന്‍ ഉടമയുടെ സമ്മതം അനുപേക്ഷ്യമല്ലെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ചു.
ഈ അടിസ്ഥാനതത്ത്വങ്ങളിലൂന്നി ഇന്നത്തെ സാഹചര്യം നാം പരിശോധിക്കുമ്പോള്‍, ഒരിക്കലും അംഗീകരിക്കാനാവാത്ത ചിലതാണ് നടക്കുന്നതെന്ന് കാണാം. ഒരുവശത്ത് ജനങ്ങള്‍ പെരുകുന്നു, ഭൂമി പണ്ടേക്കും പണ്ടേ അല്ലാഹു സൃഷ്ടിച്ചതേ ഉള്ളൂ. അതിന്റെ നീതിപൂര്‍വകമായ വിതരണം നടക്കാത്തതിനാല്‍ അനേകായിരം ഏക്കര്‍ ഭൂമി ചിലര്‍ കൈയടക്കി വ്യവസായങ്ങള്‍ക്കും വിനോദങ്ങള്‍ക്കും ആഡംബര നിര്‍മിതികള്‍ക്കും വേണ്ടി വിനിയോഗിക്കുമ്പോള്‍ ഒരുവശത്ത് ഒരിഞ്ച് ഭൂമി ലഭ്യമല്ലാത്തതിനാല്‍ പാര്‍പ്പിടമോ ഖബറിടമോ ഇല്ലാതെ നരകിക്കുന്നവരുടെ എണ്ണം കോടിക്കണക്കിലാണ്. അതോടൊപ്പം ചോദ്യത്തില്‍ പറഞ്ഞപോലെ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കാനും കൊള്ളലാഭത്തിനുമായി ഭൂമിവാങ്ങിവെച്ചു റിയല്‍ എസ്റേറ്റ് ബിസിനസ്സ് നടത്തുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. ഈ ദുരവസ്ഥ പരിഹരിക്കാന്‍ ഭൂമിയുടെ നീതിപൂര്‍വമായ വിനിയോഗത്തിനും വിതരണത്തിനും ശക്തമായ നിയമനിര്‍മാണമാണാവശ്യം. നിര്‍ഭാഗ്യവശാല്‍ ജനങ്ങളെ സ്നേഹിക്കുകയും അവരുടെ പ്രയാസങ്ങള്‍ ദൂരീകരിക്കുകയും ചെയ്യുന്ന ഭരണാധികാരികളല്ല ജനാധിപത്യ രാജ്യങ്ങളില്‍ പോലും വാഴുന്നത്. ഈ പരിതസ്ഥിതിയില്‍ മാനവികവും സാമൂഹിക നീതിയിലധിഷ്ഠിതവുമായ ഇസ്ലാമിക തത്ത്വങ്ങളെക്കുറിച്ചു ജനങ്ങളെ ബോധവല്‍ക്കരിക്കുകയും മൌലിക പരിവര്‍ത്തനത്തിനുവേണ്ടി അവരെ സുസജ്ജരക്കുകയുമാണ് ചെയ്യാനുള്ളത്. പകരം തിരുകേശമാഹാത്മ്യത്തെയും ജിന്നുസേവയെയും മുത്ത്വലാഖിന്റെ ശരീഅത്ത് വിധിയെയും ചൊല്ലി അസംബന്ധ വിവാദങ്ങളിലേര്‍പ്പെടാനാണ് മുഖ്യധാരാ മതസംഘടനകള്‍ക്ക് താല്‍പര്യം. അവരെ പാട്ടിനു വിട്ടു യഥാര്‍ഥ ജനകീയ പ്രശ്നങ്ങളിലേക്ക് കടന്നുവരാന്‍ മുസ്ലിം സമൂഹം ധൈര്യപ്പെട്ടേ തീരൂ.
വര്‍ഗീയ മതേതരത്വത്തിന്റെ മുഖങ്ങള്‍
"ദേശീയതയുടെ നിര്‍മിതിയില്‍, ദേശാഭിമാനത്തിന്റെ വിപണി സമവാക്യം ഹിന്ദു ഃ മുസ്ലിം എന്നും, അതില്‍തന്നെ ഹിന്ദുവിജയവും മുസ്ലിം പരാജയവും എന്നും ഇന്ത്യന്‍ സിനിമ പറഞ്ഞുതുടങ്ങിയിട്ട് കാലമേറെയായി. പ്രാചീനമായ ഈയൊരു ത്രെഡ്, ഒരേ വിഷയം പലകുപ്പികളിലാക്കി നല്‍കുമ്പോഴും മടുക്കാത്തതിന്റെ കാരണം വിപണി സമവാക്യവും വിജയ ഫോര്‍മുലയും 'ഹൈന്ദവ ദേശീയത' എന്ന ഫാസിസ്റ് ചിന്തയുമായി ബന്ധപ്പെട്ടുകിടക്കുന്നത് കൊണ്ടാണ് എന്നു കാണാം. പ്രണയ സിനിമകള്‍ പോലെ അനന്തമായി ഹിന്ദുക്കള്‍ (വ്യക്തി, സമൂഹം, രാജ്യം, തീവ്രവാദികള്‍ എന്നീ നിലകളില്‍) അപരങ്ങളായ മുസ്ലിംകളോട് ഏറ്റുമുട്ടിയിട്ടും വ്യാപാര തലത്തില്‍ ഈ 'പാക്കേജ്' സക്സസ് ആയതിന്റെ പിന്നില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പൊതുബോധത്തില്‍ നിക്ഷിപ്തമായ ദേശീയതാ-ദേശാഭിമാന-ഹിന്ദു സമവാക്യങ്ങളുടെ ഇടപെടലാണ് എന്നുകാണാം. എന്നാല്‍ 9/11-നു ശേഷം സാങ്കേതിക-ജ്ഞാനാധികാരത്തിന്റെ ആഖ്യാനത്തില്‍ ഇന്ത്യന്‍-മലയാള സിനിമ ചില അഴിച്ചുപണികള്‍ നടത്തുന്നതായി കാണാം. സാങ്കേതിക വിദ്യയിലും അറിവധികാരത്തിലും മുസ്ലിംകള്‍ക്കും ഇടമുണ്ട് എന്നും, ആ ഇടമാകട്ടെ അവര്‍ പ്രതിലോമകരവും വിനാശകരവുമായ അക്രമ-മനുഷ്യത്വവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുന്നതെന്നും ഈ വാണിജ്യ സിനിമകള്‍ പറഞ്ഞുവെക്കുന്നു. അതോടെ സാങ്കേതിക-ജ്ഞാനാധികാര മേഖലയില്‍ നിരന്തരം പരാജയപ്പെടുത്തേണ്ടുന്ന, പരാജയപ്പെടുത്തിക്കൊണ്ടേയിരിക്കുന്ന ഒരു പ്രതിനായകബിംബത്തെ സൃഷ്ടിച്ചെടുക്കാനുമാകും. ആദ്യകാല സിനിമകളില്‍ ബ്രാഹ്മണിക്കല്‍ അറിവധികാരത്തിന്റെ അഭ്രഭാഷ്യങ്ങള്‍ മുസ്ലിം എന്നാല്‍ ദേശാഭിമാനമോ, ദേശീയതാ ബോധമോ ടെക്നോളജിയിലോ ജ്ഞാനവിഷയങ്ങളിലോ പ്രാവീണ്യമോ ഇല്ലാത്ത അതികാമത്തിന്റെയും അതിവൈകാരികതയുടെയും അക്രമത്തിന്റെയും ആള്‍രൂപങ്ങളായി ചിത്രീകരിച്ചിരിക്കുന്നു.'' (പേജ്: 94)
"............. സാങ്കേതിക വിദ്യക്ക് ജാതിയും, മതവും ലിംഗവുമുണ്ടോ? ഭരണഘടനാപരമായ 'മതേതര'മായി വ്യാഖ്യാനിക്കപ്പെട്ട, ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട റോക്കറ്റുകളിലും ഇതര സൈനികോപകരണങ്ങളിലും മറ്റ് ശാസ്ത്ര സാങ്കേതിക യന്ത്രസംവിധാനങ്ങളിലും പൂജയും കുറിതൊടീക്കലും തേങ്ങയുടയ്ക്കലും കാണുമ്പോള്‍ ഇത് എത്രമാത്രം 'മതേതര'മാണ് എന്ന ചോദ്യം സ്വാഭാവികമായും ഉയര്‍ന്ന് വരും. മലയാള സിനിമയിലെ പ്രശസ്തരായ പല സംവിധായകരും (ഇവരാകട്ടെ, സാമൂഹിക-രാഷ്ട്രീയ പ്രമേയങ്ങള്‍ തീവ്രമായി കൈകാര്യം ചെയ്തവരും) പൂജനടത്തി ക്യാമറയെ കുറിതൊടീച്ച് തേങ്ങയുടച്ച് മാത്രമേ ആദ്യഷോട്ട് എടുക്കൂ എന്നു കാണുമ്പോള്‍ മലയാള സിനിമയുടെ സാങ്കേതിക ഉപകരണങ്ങള്‍ക്ക് രാസപരിണാമം സംഭവിക്കുന്നോ എന്നു പോലും തോന്നിപ്പോകും. ടെക്നോളജിയുടെ വിശ്വാസവത്കരണവും മതവത്കരണവും മതവിപണിയില്‍ ലയിപ്പിക്കപ്പെട്ട ഘടനയും ആശാവഹമായ രാഷ്ട്രീയമല്ല വര്‍ത്തമാനകാലത്തോട് പറയുക'' (പേജ് 97).
(മാതൃഭൂമി വാര്‍ഷികപ്പതിപ്പ് 2011ല്‍ 'ഹൈടെക് ബ്രാഹ്മണിസവും അഭ്രദേശീയതയും' എന്ന പി.കെ ശ്രീകുമാറിന്റെ ലേഖനത്തില്‍നിന്ന്)
ഹൈന്ദവ ഫാഷിസ്റുകള്‍ക്ക് വളക്കൂറുള്ള, സവര്‍ണ-വര്‍ഗീയ 'മതേതരത്വ'ത്തിന്റെ ഇന്ത്യന്‍ പ്രയോഗങ്ങളിലെ ഇത്തരം ഘടകങ്ങളെ മുജീബ് എങ്ങനെ വിലയിരുത്തുന്നു?
ജൌഹര്‍മോന്‍ സി.കെ, ഏമങ്ങാട് വാണിയമ്പലം
സ്വാതന്ത്യ്രാനന്തര ഇന്ത്യ ഒരു മതേതര ജനാധിപത്യ ഭരണഘടന അംഗീകരിച്ചു തദടിസ്ഥാനത്തില്‍ മതേതര സ്റേറ്റ് എന്ന മുഖമുദ്രയോടെ പ്രയാണം തുടങ്ങിയിട്ട് ആറ് പതിറ്റാണ്ടുകള്‍ കഴിഞ്ഞു. എന്നാല്‍ ദേശീയതയുടെ പേരില്‍ ബ്രാഹ്മണ സംസ്കാരത്തെയും ആചാരാനുഷ്ഠാനങ്ങളെയും തനി സര്‍ക്കാര്‍ പരിപാടികളില്‍ പോലും സന്നിവേശിപ്പിക്കാന്‍ നമ്മുടെ മതേതരത്വം തടസ്സമല്ല. കലാ-സാംസ്കാരിക രംഗങ്ങളാകെ ഈ സവര്‍ണ സംസ്കാരത്തിന്റെ പിടിയിലാണെന്നതാണ് വാസ്തവം. വിജയദശമി ദിനം പ്രകടമായും ഹൈന്ദവ സംസ്കാരത്തിന്റെ ഭാഗമാണ്. ആ ദിനത്തില്‍ പക്ഷേ, പുരോഗമനത്തിന്റെ പാരമ്യതയിലെത്തി എന്ന് കരുതപ്പെടുന്ന എഴുത്തുകാരും ബുദ്ധിജീവികളും വരെ ക്ഷേത്രങ്ങളിലും സാംസ്കാരിക നിലയങ്ങളിലും മറ്റു പലേടത്തും നടത്തപ്പെടുന്ന എഴുത്തിനിരുത്തല്‍ ചടങ്ങില്‍ കാര്‍മികരാകുന്നു. ലോകത്ത് മറ്റൊരു രാജ്യത്തും ഇങ്ങനെയൊരേര്‍പ്പാടില്ലെന്നോര്‍ക്കണം. അതുകൊണ്ടൊരു കുട്ടിയും അക്ഷര മികവ് കാണിക്കുന്നുമില്ല. ഹൈന്ദവാചാരപ്രകാരം നിലവിളക്ക് കൊളുത്തപ്പെടാത്ത ഒരു ഔദ്യോഗിക ചടങ്ങും നടത്തപ്പെടാന്‍ സാധ്യമല്ലാത്ത വിധം 'മതേതരത്വം' ശക്തിയാര്‍ജിച്ചിട്ടുണ്ട്. അത് പ്രകാശത്തിന്റെ പ്രതീകമാണെന്നാണ് വ്യാഖ്യാനം. എങ്കില്‍ ഈ ഉത്തരാധുനിക യുഗത്തില്‍ വൈദ്യുതി വിളക്ക് പ്രകാശിപ്പിച്ചാല്‍ പോരേ എന്ന് ചോദിച്ചാല്‍ അത് സാംസ്കാരിക പൈതൃകത്തിന്റെ തിരസ്കാരമാണെന്നാണ് മറുപടി. വിശ്വാസപരമായി വിയോജിക്കുന്നവരാരെങ്കിലും അതില്‍നിന്ന് വിട്ടുനിന്നാല്‍ ദേശദ്രോഹ മുദ്രയില്‍ കുറഞ്ഞ ഒന്നുമല്ല അയാള്‍ ഏറ്റുവാങ്ങേണ്ടി വരിക. മതവും ദേശീയതയും വേര്‍തിരിക്കണമെന്നാവശ്യപ്പെടുന്ന മതേതരവാദികള്‍ ഇസ്രയേലിലും 'രാജ്യദ്രോഹികളാ'ണ് എന്നോര്‍ക്കുക.
ഈ സാംസ്കാരികാധിനിവേശത്തിന്റെ സ്വാഭാവിക പരിണതിയാണ് മതന്യൂനപക്ഷ സംസ്കൃതിയോടുള്ള പുഛവും അവഹേളനവും. താടി, പര്‍ദ തുടങ്ങിയ ചിഹ്നങ്ങളോട് വര്‍ധിച്ചുവരുന്ന അസഹിഷ്ണുത ഇതിന്റെ ഭാഗമാണ്. അതേസമയം എല്ലായ്പ്പോഴും വില്ലന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന മുസ്ലിം കഥാപാത്രങ്ങള്‍ കത്തിയും താടിയും തൊപ്പിയുമൊക്കെ കൊണ്ടുനടക്കുന്നവരാണ് താനും. ഹിന്ദുത്വ തീവ്രവാദവും മാവോയിസ്റ് തീവ്രവാദവുമൊന്നും ഇന്ത്യന്‍ സിനിമകളില്‍ സ്ഥാനം നേടാതെ പോവുമ്പോള്‍ മുസ്ലിം തീവ്രവാദമെന്ന് വിളിക്കപ്പെടുന്ന പ്രതിഭാസത്തിന്റെ പേരില്‍ എത്രയെത്ര പടങ്ങള്‍ പുറത്തിറങ്ങി! 'ദൈവനാമത്തില്‍' പടമെടുത്ത മുസ്ലിം നാമധാരി വരെ മുഖ്യധാരയോട് കൂറ് തെളിയിക്കാന്‍ തത്രപ്പെടുകയായിരുന്നല്ലോ. ഭൂരിപക്ഷ-ന്യൂനപക്ഷ-മത-ജാതി പരിഗണനകള്‍ക്കതീതമായി മനുഷ്യരായ ഇന്ത്യക്കാരെ ഒന്നായിക്കാണാനും നന്മയെ നന്മയായും തിന്മയെ തിന്മയായും അംഗീകരിക്കാനുള്ള മനസ്സ് ഈ ഭ്രാന്തമായ ദേശീയതയുടെ കടന്നുകയറ്റത്തില്‍ നഷ്ടമാവുകയാണ്. പ്രായോഗിക തലത്തില്‍ ഇസ്ലാമിനെ പാടെ നിരാകരിച്ച പാകിസ്താന്‍, 'ഇസ്ലാമിക് റിപ്പബ്ളിക്' എന്ന പേര്‍ മാത്രം സ്വീകരിച്ചതാണ് ആ രാജ്യത്തിന് പിണഞ്ഞ മണ്ടത്തരം. സെക്യുലര്‍ റിപ്പബ്ളിക് ഓഫ് പാകിസ്താന്‍ എന്ന പേരില്‍ തന്നെ അവര്‍ക്ക് ഇന്ന് കാണിക്കുന്നതൊക്കെ ആവാമായിരുന്നു! ഏതായാലും ബ്രാഹ്മണിസത്തിന്റെ മതേതര നാട്യങ്ങളെ തിരിച്ചറിഞ്ഞ ബുദ്ധിജീവികളും എഴുത്തുകാരും സമൂഹത്തിലുണ്ടെന്നത് അനല്‍പമായ ആശ്വാസം നല്‍കുന്നു.
പഴകിപ്പുളിച്ച ആരോപണം
"മതതീവ്രവാദത്തിന്റെയും അതിന്റെ വികാസമായ മതഭീകരവാദത്തിന്റെയും സ്രോതസ്സ് മൌദൂദിയുടെ ആശയങ്ങളും ജമാഅത്തെ ഇസ്ലാമിയും അതിന്റെ അറേബ്യന്‍ പതിപ്പായ മുസ്ലിം ബ്രദര്‍ഹുഡും ആണെന്ന സത്യം ആരെങ്കിലും പറഞ്ഞാല്‍ ജമാഅത്തുകാര്‍ക്ക് ഹാലിളകും. ആശയപരമായും പ്രയോഗത്തിലും തെളിയിക്കപ്പെട്ടിട്ടുള്ളതാണ് ഇക്കാര്യം. ഉസാമ തന്റെ ജീവന്‍ കൊണ്ടാണീ സത്യത്തിനിപ്പോള്‍ അടിവരയിട്ടിട്ടുള്ളത്'' (എം.ഐ തങ്ങള്‍, ചന്ദ്രിക ദിനപത്രം 6.5.2011). പ്രതികരണം?
ടി. മാജിദ അത്തോളി
സത്യം ആര് പറഞ്ഞാലും ഹാലിളകുകയില്ല, സ്വാഗതം ചെയ്യുകയേ ചെയ്യൂ. അസത്യം നൂറ്റൊന്നാവര്‍ത്തി കഷായമാകുമ്പോഴാണ് പുഛവും സഹതാപവും തോന്നുന്നത്. അപ്പോഴും ഹാലിളക്കമല്ല. കുറെക്കാലമായല്ലോ ലീഗ്-മുജാഹിദ് പണ്ഡിത കേസരികള്‍ ഈ അടിസ്ഥാന രഹിതമായ ജല്‍പനം നിരന്തരം തുടരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ അറേബ്യന്‍ പതിപ്പല്ല മുസ്ലിം ബ്രദര്‍ഹുഡ്. ജമാഅത്ത് സ്ഥാപിതമാവുന്നതിനു 13 വര്‍ഷങ്ങള്‍ക്ക് മുമ്പേ നിലവില്‍ വന്ന സമ്പൂര്‍ണ ഇസ്ലാമിക പ്രസ്ഥാനമാണത്. മഹാഭൂരിപക്ഷം മുസ്ലിംകള്‍ താമസിക്കുന്ന അറബ് രാജ്യങ്ങളില്‍ അവരുടെ വിശ്വാസാദര്‍ശങ്ങളിലും സംസ്കാരത്തിലും അധിഷ്ഠിതമായ ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥ സ്ഥാപിക്കുക എന്ന ലക്ഷ്യം മുന്‍ നിറുത്തി സമാധാനപൂര്‍വം പ്രവര്‍ത്തിക്കുകയായിരുന്നു മുസ്ലിം ബ്രദര്‍ഹുഡ്. അതിന്റെ ഉന്മൂലനത്തിനായി ഇസ്ലാം വിരുദ്ധ ശക്തികള്‍ സാമ്രാജ്യത്വത്തിന്റെ പൂര്‍ണ പിന്തുണയോടെ ഇത്രയും കാലം നിരന്തരം ശ്രമിച്ചിട്ടും നിരോധത്തെയും അടിച്ചമര്‍ത്തല്‍ നടപടികളെയും അതിജീവിച്ചു ജനഹൃദയങ്ങളില്‍ ബ്രദര്‍ഹുഡ് ജീവിക്കുകയായിരുന്നു എന്നതിന്റെ പ്രത്യക്ഷ സാക്ഷ്യമാണ് ഒടുവിലത്തെ സംഭവവികാസങ്ങള്‍. കമാലിസ്റ് മതേതരത്വത്തിന്റെ ചാവേറുകള്‍ക്ക് അത് എത്രതന്നെ അരോചകമായിരുന്നാലും ശരി.
അമുസ്ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള ഇന്ത്യ ഭൂഖണ്ഡത്തില്‍, മാനവകുലത്തിനു സര്‍വജ്ഞനായ അല്ലാഹു സന്മാര്‍ഗമായി പ്രവാചകന്മാര്‍ മുഖേന നല്‍കിയ ഇസ്ലാമിനെ ശാസ്ത്രീയവും യുക്തിഭദ്രവുമായി പ്രബോധനം ചെയ്യാനും അതിന്റെ അനുയായികളെന്ന് അവകാശപ്പെടുന്ന മുസ്ലിംകളെ അന്ധവിശ്വാസാനാചാരങ്ങളില്‍ നിന്നും അധാര്‍മിക ജീവിതത്തില്‍ നിന്നും മോചിപ്പിച്ചും ഇസ്ലാമിന്റെ യഥാര്‍ഥ വക്താക്കളും പ്രയോക്താക്കളുമാക്കി മാറ്റാനുമാണ് ജമാഅത്തെ ഇസ്ലാമി നിലവില്‍വന്നത്. ലോകത്തില്‍ തന്നെ ഇസ്ലാമിന്റെ സമ്പൂര്‍ണരൂപം നിരവധി ഗ്രന്ഥങ്ങളിലൂടെ പരിചയപ്പെടുത്തിയ ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനം സാമുദായിക രാഷ്ട്രീയക്കാര്‍ക്കും സാമ്പ്രദായിക പുരോഹിത സംഘടനകള്‍ക്കും കണ്ണിലെ കരടായി മാറിയത് തന്നെ അതിന്റെ പ്രത്യയശാസ്ത്രപരമായ ഔന്നത്യത്തിന്റെ സ്പഷ്ടമായ തെളിവാണ്. ജമാഅത്തിന്റെ സ്വാധീനത്തെ അങ്ങേയറ്റം കുറച്ചു കാണാന്‍ അവര്‍ ശ്രമിക്കുമ്പോഴും യഥാര്‍ഥ പ്രതിയോഗി ഈ പ്രസ്ഥാനമാണെന്ന് അവര്‍ തിരിച്ചറിഞ്ഞത് വെറുതെയല്ല. അക്കാരണത്താലാണ് ഓരോ കാലത്തും ഉയര്‍ന്ന് വരുന്ന ഭീഷണികളെ അവര്‍ ജമാഅത്തിന്റെ പേരില്‍ വെച്ചുകെട്ടാന്‍ ശ്രമിക്കുന്നത്. ഇപ്പോഴത് തീവ്രവാദവും ഭീകരതയുമാണ്. ഇന്നലെ വരെ തൌഹീദില്‍നിന്നും ഇബാദത്തില്‍നിന്നുമുള്ള വ്യതിയാനമായിരുന്നു മുഖ്യാരോപണം. ഇന്നത് വിലപ്പോവുകയില്ല എന്ന് മനസ്സിലാക്കിത്തന്നെയാണ് മതേതരത്വത്തെ താങ്ങി നിര്‍ത്തുന്ന 'ഗൌളികളാ'യി ചമഞ്ഞു ജമാഅത്ത് ഹത്യക്ക് വൃഥാശ്രമം നടത്തുന്നത്. ഇഖ്വാനോ ജമാഅത്തോ ആയിരുന്നില്ല ഉസാമ ബിന്‍ലാദിനെ സ്വാധീനിച്ച പ്രസ്ഥാനങ്ങളെന്നും മറിച്ച് അദ്ദേഹം ശുദ്ധസലഫിയായിരുന്നെന്നും അറിയാത്തവരില്ല. ആ സത്യം കേരള സലഫികള്‍ മറച്ചു പിടിച്ചിട്ട് കാര്യവുമില്ല.
സ്വര്‍ഗം കെട്ടുകഥ
"സ്വര്‍ഗവും മരണാനന്തര ജീവിതവും കെട്ടുകഥകളാണെന്ന് വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റീഫന്‍ ഹോക്കിംഗ് പറഞ്ഞു. മരണ ഭയമാണ് മനുഷ്യനെ ഇത്തരം യക്ഷികഥകള്‍ സൃഷ്ടിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് പതിറ്റാണ്ടുകളായി മരണത്തെ മുന്നില്‍ കണ്ട് കഴിയുന്ന ഹോക്കിംഗ് അഭിപ്രായപ്പെട്ടു.
ഒരാളുടെ തലച്ചോര്‍ നിലച്ച് കഴിഞ്ഞാല്‍പിന്നെ അയാളെ സംബന്ധിച്ചേടത്തോളം ഒന്നും അവശേഷിക്കുന്നില്ല. തലച്ചോറ് കംപ്യൂട്ടറിനെ പോലെയാണ്. ഘടകഭാഗങ്ങള്‍ കേടാകുമ്പോള്‍ അതിന്റെ പ്രവര്‍ത്തനം നിലയ്ക്കും. ഉപയോഗ ശൂന്യമായ കംപ്യൂട്ടറിന് മരണാനന്തര ജീവിതമോ സ്വര്‍ഗമോ ഇല്ല. ഇരുട്ടിനോടുള്ള ഭയം മൂലം രൂപം നല്‍കുന്ന യക്ഷികഥകളെപ്പോലെയാണ് മരണാനന്തര ജീവിതം, സ്വര്‍ഗം തുടങ്ങിയ സങ്കല്‍പങ്ങള്‍ - ഗാര്‍ഡിയനുമായുള്ള അഭിമുഖത്തില്‍ ഹോക്കിംഗ് പറഞ്ഞു'' (മാതൃഭൂമി ദിനപത്രം 17.05.2011). മുജീബിന്റെ പ്രതികരണം?
ഇ.സി ജാബിര്‍ കൂട്ടിലങ്ങാടി
'അവര്‍ പറഞ്ഞു, ജീവിതം ഐഹികം മാത്രമാണ്. ഞങ്ങളതില്‍ ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു. കാലമല്ലാതെ ഒന്നും ഞങ്ങളെ നശിപ്പിക്കുന്നില്ല' എന്ന ചരിത്രാതീതകാലം മുതല്‍ ഭൌതികവാദികള്‍ ഉന്നയിച്ച വാദഗതിതന്നെയാണ് നാസ്തികനായ സ്റീഫന്‍ ഹോക്കിംഗും ആവര്‍ത്തിക്കുന്നത്. അത്ഭുതങ്ങളുടെ കലവറയായ തലച്ചോറിനെ സൃഷ്ടിച്ച പടച്ച തമ്പുരാന് അതിനെ പുനഃസൃഷ്ടിക്കാനും അവന്റെ ഇംഗിതം മാത്രം മതി എന്ന ലളിത സത്യമാണ് ഈ ഭൌതികവാദികള്‍ കാണാതെ പോവുന്നത്. അവരും പക്ഷേ, ലോകത്ത് സര്‍വശക്തന്റെ മുമ്പാകെ ഹാജരാക്കപ്പെടുമെന്ന് കട്ടായം.
Comments