Prabodhanm Weekly

Pages

Search

2011 ജൂണ്‍ 18

മഹല്ല് ജമാഅത്തുകള്‍ അടിസ്ഥാന സ്വഭാവം വീണ്ടെടുക്കുക

മഹല്ല് ജമാഅത്തുകള്‍
അടിസ്ഥാന സ്വഭാവം വീണ്ടെടുക്കുക
'ജമാഅത്ത് ഇല്ലാതെ ഇസ്‌ലാമില്ല, നേതൃത്വമില്ലാതെ ജമാഅത്തില്ല, അനുസരണം ഇല്ലാതെ നേതൃത്വവുമില്ല'. ഉമറി(റ)ന്റെ ഈ വചനം ഇസ്‌ലാമിന്റെ സംഘടിത ജീവിതത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നുണ്ട്. പ്രാദേശികമായ ഓരോ മഹല്ല് കൂട്ടായ്മക്കും ഈ അര്‍ഥത്തില്‍ ഗൗരവം നല്‍കേണ്ടതുണ്ട്. നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ഉന്നതമായ മാനവിക ഗുണങ്ങള്‍ കൊണ്ട് സവിശേഷമാവുകയും ചെയ്യുന്ന നേതൃത്വവും അനുയായികളുമുള്ള ഒരു സമൂഹത്തിന്റെ സംഘടിത ജീവിതമാണ് യഥാര്‍ഥത്തില്‍ ജമാഅത്ത്. അതിനാല്‍ പള്ളികളുടെ കവാടങ്ങളില്‍ കാണപ്പെടുന്ന നെയിംബോര്‍ഡുകളിലെ 'ജമാഅത്ത്' എന്ന പദം ജമാഅത്ത്് നമസ്‌കാരങ്ങളെ കുറിച്ചല്ലെന്നും മഹത്തായ ഇസ്്്‌ലാമിന്റെ സംഘടിതജീവിതത്തെയാണ് ആ പദം പ്രതിനിധീകരിക്കുന്നതെന്നും തിരിച്ചറിയുമ്പോഴേ മഹല്ലിന്റെ അടിസ്ഥാനങ്ങള്‍ വീണ്ടെടുക്കാന്‍ നമുക്കാവുകയുള്ളൂ
മഹല്ല്് നേതൃത്വം തന്നെയാണ് പ്രഥമ വിശകലനത്തിന് വിധേയമാവേണ്ടത്. ഓരോ പ്രദേശത്തെയും വിശിഷ്ട വ്യക്തികളാവണം മഹല്ല് കമ്മിറ്റി അംഗങ്ങള്‍. സൂറ: തൗബയില്‍ പറഞ്ഞിട്ടുള്ള, പള്ളിപരിപാലനത്തിനുള്ള യോഗ്യതകള്‍ അവരില്‍ ഉണ്ടാവണം. തഖ്‌വ, വിനയം, സല്‍സ്വഭാവം, നേതൃപാടവം, ആത്മാര്‍ഥത, അര്‍പണബോധം എന്നീ ഗുണങ്ങള്‍ ആര്‍ജിച്ചവരാവണം അവര്‍. ഇസ്‌ലാമേതര രാഷ്ട്രീയ പ്രതിബദ്ധതകള്‍ കൊണ്ടുനടക്കുന്നവര്‍ക്ക് മഹല്ല് നേതൃത്വത്തില്‍ സ്ഥാനം നല്‍കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. മഹല്ലിന്റെ ഉത്തരവാദിത്വങ്ങളെയും ലക്ഷ്യത്തെയും സുഗമമായി പൂര്‍ത്തീകരിക്കാന്‍, അവയെ തര്‍ബിയത്ത്്, മദ്‌റസാ-സ്‌കൂള്‍ വിദ്യാഭ്യാസം, ജനസേവനം, സകാത്ത്, യുവസമൂഹം, സ്ത്രീസമൂഹം, മസ്‌ലഹത്ത് എന്നീ ടൈറ്റിലുകളില്‍ സൗകര്യമനുസരിച്ച് വിഭജിക്കാവുന്നതാണ്. ഓരോ മേഖലകളിലും അഭിരുചിയുള്ള കമ്മിറ്റി മെമ്പര്‍മാരെ പ്രസ്തുത ഉത്തരവാദിത്വങ്ങള്‍ എല്‍പിക്കുകയും വേണം.
മഹല്ല് പ്രവര്‍ത്തനങ്ങളും പള്ളിപരിപാലനവും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ളതാണെന്ന ധാരണ ഇന്ന് മാറുന്നുണ്ട്. പലയിടത്തും മഹല്ല് നേതൃത്വം യുവാക്കളുടെ കൈകളില്‍ എത്തുന്നുണ്ട്. ഇത് കൂടുതല്‍ ശക്തിപ്പെടുത്തണം. യുവജനങ്ങളുടെ വിംഗോ ഫോറമോ മഹല്ല് തലത്തില്‍ ഉണ്ടാവണം.
സ്വയംതൊഴില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചും ജീവിതമാര്‍ഗങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയും യുവാക്കളെ ആകര്‍ഷിക്കാന്‍ മഹല്ല് നേതൃത്വങ്ങള്‍ക്കാവണം. ഇടക്കിടെയുള്ള യുവസംഗമങ്ങള്‍, പ്രഭാഷണങ്ങള്‍, ജനസേവന പ്രവര്‍ത്തനങ്ങള്‍, അവരുടെ കലാ-സാഹിത്യാഭിരുചികള്‍ പ്രകടിപ്പിക്കാനുതകുന്ന മാഗസിനുകള്‍ പ്രസിദ്ധീകരിക്കല്‍, കായിക വളര്‍ച്ച, കരിയര്‍ ഗൈഡന്‍സ് കോച്ചിങ്ങുകള്‍, ഗവണ്‍മെന്റ് ഉദ്യോഗാര്‍ഥികളെ പി.എസ്.സി പോലുള്ള പരീക്ഷകള്‍ക്ക് സജ്ജമാക്കല്‍ തുടങ്ങിയ മേഖലകളില്‍  അവര്‍ക്ക് പരിപാടികളും ഉത്തരവാദിത്വങ്ങളും നല്‍കിയാല്‍ യുവസമൂഹത്തെ മഹല്ലിനോടൊപ്പം നിര്‍ത്താന്‍ സാധിക്കും.
മുഹമ്മദ് സാക്കിര്‍ നദ്‌വി
[email protected]

വഖ്ഫ് ബോര്‍ഡിലും
വനിതാ പ്രാതിനിധ്യം വേണം
അമ്പത് ശതമാനം വനിതാ സംവരണമെന്നത് പല മേഖലകളിലും യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ശരി തെറ്റുകളും ഗുണദോഷങ്ങളും ഇന്ന് ചര്‍ച്ചാ വിഷയവുമാണ്. മുസ്‌ലിം സ്ത്രീകളെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കാന്‍ യാഥാസ്ഥിതിക പണ്ഡിതന്മാര്‍ സമ്മതിക്കുകയും 'സമസ്ത'യുടെ ആശീര്‍വാദത്തോടെ മുസ്‌ലിം ലീഗ് വനിതാ സ്ഥാനാര്‍ഥികളെ പരക്കെ നിര്‍ത്തുകയും തദാവശ്യാര്‍ഥം മുസ്‌ലിം വനിതാ സ്ഥാനാര്‍ഥികള്‍ക്ക് പെരുമാറ്റച്ചട്ടമുണ്ടാക്കുകയും ചെയ്തുവെന്നത് ഒരു വസ്തുതയാണ്.
വിവിധ മതസ്തരുള്ള പഞ്ചായത്ത് ഭരണസമിതികളിലും അനുബന്ധ വേദികളിലും സ്ത്രീക്ക് സജീവ പങ്കാളിത്തമാവാമെങ്കില്‍, മഹല്ല് ഭരണത്തിലും പള്ളി- മദ്‌റസാ ഭരണത്തിലും സ്ത്രീക്ക് പങ്കാളിത്തം നല്‍കിക്കൂടേ എന്ന് മഹല്ല് ഭാരവാഹികള്‍ സഗൗരവം ചിന്തിക്കേണ്ട കാര്യമാണ്. പല മഹല്ലുകളിലും സ്ത്രീക്ക് വോട്ടവകാശം വരെ നല്‍കാത്ത അവസ്ഥയാണിന്നുള്ളത്. ഇത് മാറേണ്ടതുണ്ട്. വിവാഹം, വിവാഹമോചനം, ഖബ്‌റിസ്ഥാന്‍, മദ്‌റസാ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മതപഠനം, സാമൂഹികക്ഷേമ പരിപാടികള്‍ തുടങ്ങി മഹല്ല് കൈകാര്യം ചെയ്യുന്ന സകല സംഗതികളും വനിതകളെ കൂടി ബാധിക്കുന്നവയാണ്. പള്ളി-മദ്‌റസകളുടെ പരിപാലനത്തിലും വനിതകള്‍ക്ക് ക്രിയാത്മക പങ്കാളിത്തം വഹിക്കാനാകും. സ്ത്രീകളുടെ സംഭാവനകള്‍ കൂടി സ്വീകരിച്ചിട്ടാണ് മഹല്ലിലെ പല കാര്യങ്ങളും നടക്കുന്നത്. ആകയാല്‍ മഹല്ല് സംവിധാനങ്ങളിലും മറ്റും സ്ത്രീകളെ പരിഗണിക്കാനും അവരെ ഉള്‍ക്കൊള്ളാനും സമുദായം തയാറാവേണ്ടതുണ്ട്. വഖ്ഫ് ബോര്‍ഡ്, ഹജ്ജ് കമ്മിറ്റി പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളിലും സ്ത്രീകളുടെ സാന്നിധ്യവും പങ്കാളിത്തവും ഉണ്ടായാല്‍ നല്ലതാണ്. സ്ത്രീകളുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും മനസ്സിലാക്കാനും ഫലപ്രദമായ രീതിയില്‍ പരിഹരിക്കാനും ഇത് ഉപകരിക്കും.
പി.പി അബ്ദുര്‍റഹ്മാന്‍
പെരിങ്ങാടി

വഴിതെറ്റുന്ന തബര്‍റുക്
'തബര്‍റുക്: അര്‍ഥവും വിവക്ഷയും' എന്ന എം.വി മുഹമ്മദ് സലീമിന്റെ പഠനം (ലക്കം 1) പ്രസക്തമായി. തികഞ്ഞ ജാഗ്രതയോടെ ഈ വിഷയത്തെ സമീപിച്ചില്ലെങ്കില്‍ ഇസ്‌ലാം അതിശക്തമായി വിരോധിച്ച ശിര്‍ക്ക്-ബിദ്അത്തുകളുടെ അഴുക്കുചാലുകളിലേക്ക് സമുദായം എടുത്തെറിയപ്പെടും.
ഇവ്വിഷയകയമായി നാസ്വിറുദ്ദീന്‍ അല്‍ബാനി നടത്തിയ നിരീക്ഷണങ്ങള്‍ ഏറെ ശ്രദ്ധേയവും പ്രസക്തവുമാണ്. അദ്ദേഹം എഴുതുന്നു: ''ഇവിടെ വ്യക്തമാക്കേണ്ട ഒരു കാര്യമുണ്ട്. നബി(സ) ഹുദൈബിയ്യയിലും മറ്റുമൊക്കെ അവിടുത്തെ അവയവങ്ങള്‍ തടവാനും അതുകൊണ്ട് ബര്‍ക്കത്തെടുക്കാനും അനുവദിച്ചത് വളരെ പ്രധാനപ്പെട്ട ഒരു ലക്ഷ്യത്തിനു വേണ്ടിയായിരുന്നു. ആ സന്ദര്‍ഭത്തില്‍ (യുദ്ധ വേളയില്‍) പ്രത്യേകിച്ചും അവിശ്വാസികളായ ഖുറൈശികളെ ഭയപ്പെടുത്തലും സ്വഹാബികള്‍ നബി(സ)യോടുള്ള ബന്ധവും സ്‌നേഹവും ബഹുമാനവും നബിക്കു വേണ്ടി സേവനം ചെയ്യുന്നതിനുള്ള ത്യാഗവും വ്യക്തമാക്കുകയാണത്. മാത്രമല്ല, ഇവിടെ മറച്ചുവെക്കാവുന്നതോ അശ്രദ്ധമാക്കാവുന്നതോ അല്ലാത്ത ഒരു കാര്യവുമുണ്ട്. ആ യുദ്ധത്തിനു ശേഷം നബി സുദൃഢവും സുതാര്യവുമായ ശൈലിയില്‍ ഈ ബര്‍ക്കത്തെടുക്കുന്നതില്‍ നിന്നും ജനങ്ങളെ തിരിച്ചുകളഞ്ഞിട്ടുണ്ട്. അതിനേക്കാള്‍ ഉപകരിക്കുന്നതും അല്ലാഹുവിന്റടുക്കല്‍ ഉത്തമമായതുമായ സല്‍ക്കര്‍മങ്ങളിലേക്ക് തിരിയാന്‍ അവര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിലേക്ക് താഴെ പറയുന്ന ഹദീസ് വെളിച്ചം നല്‍കുന്നു: അബ്ദുര്‍റഹ്മാനുബ്‌നു അബീഖറാദി(റ)ല്‍നിന്ന് നിവേദനം: നബി(സ) ഒരു ദിവസം വുദൂ ചെയ്തു. ആ വുദൂവിന്റെ വെള്ളം കൊണ്ട് സ്വഹാബികള്‍ തടവുകയുണ്ടായി. അപ്പോള്‍ നബി അവരോട് പറഞ്ഞു: 'ഇതിന് നിങ്ങളെ പ്രേരിപ്പിച്ച കാര്യമെന്ത്?' അവര്‍ പറഞ്ഞു: 'അല്ലാഹുവിനോടും പ്രവാചകനോടുമുള്ള സ്‌നേഹം.' നബി(സ) പറഞ്ഞു: 'വല്ലവനും അല്ലാഹുവിനെയും റസൂലിനെയും ഇഷ്ടപ്പെടുകയോ അല്ലെങ്കില്‍ അവനെ അല്ലാഹുവും റസൂലും ഇഷ്ടപ്പെടുന്നത് ആഗ്രഹിക്കുകയോ ചെയ്യുന്നുവെങ്കില്‍ അവന്‍ സംസാരിക്കുമ്പോള്‍ സത്യം പറയട്ടെ. വിശ്വസിച്ചാല്‍ വിശ്വസ്ത പാലിക്കട്ടെ. അവന്റെ അയല്‍വാസിയോട് നല്ല നിലയില്‍ വര്‍ത്തിക്കട്ടെ' (അത്തവസ്സുല്‍ അന്‍വാഉഹു വ അഹ്കാമുഹു). ഇതേ ഗ്രന്ഥത്തില്‍ അദ്ദേഹം തുടരുന്നു: നബി(സ)യുടെ വസ്ത്രമോ മുടിയോ മറ്റു വസ്തുക്കളോ എല്ലാം നഷ്ടപ്പെട്ടുപോയിട്ടുണ്ടെന്ന് നമുക്കറിയാമല്ലോ. നബിയുടേതായി വല്ലതും ഇന്നവശേഷിക്കുന്നുവെന്ന് ദൃഢമായി, നിസ്സംശയം സ്ഥിരീകരിക്കാന്‍ ആര്‍ക്കും സാധ്യമല്ല. അതിനാല്‍ അവ കൊണ്ട് ബര്‍ക്കത്തെടുക്കണമെന്നത് ഇക്കാലത്ത് വെറുമൊരു ചിന്താവിഷയം മാത്രമാണ്. അത് ഇന്നൊരു വിഷയമാകാത്തതിനാല്‍ ദീര്‍ഘിപ്പിക്കുന്നില്ല'' (ഉദ്ധരണം: തബര്‍റുക് അര്‍ഥവും യാഥാര്‍ഥ്യവും, ഡോ. അലിബിന്‍ സുഫയ്യിഅ് അല്‍ അല്‍യാനി, യുവത പ്രസിദ്ധീകരണം).
ഒതുക്കിപ്പറഞ്ഞാല്‍, അയാഥാര്‍ഥ്യങ്ങളില്‍ സമുദായത്തെ ബന്ധിച്ച് മതത്തെ കച്ചവടമാക്കുന്ന പൗരോഹിത്യത്തിനെതിരെ (അല്‍ അഹ്ബാര്‍ വര്‍റുഹ്ബാന്‍) ശക്തമായി പ്രതികരിക്കണം. അത് കാലഘട്ടത്തിന്റെ ജിഹാദില്‍ പെടുന്നതത്രെ.
ജമാല്‍ കടന്നപ്പള്ളി

പ്രതിരോധത്തിലായ
കേശവാഹകസംഘം

പ്രബോധനം 'തിരുകേശം' ലക്കം (ലക്കം 50) ശ്രദ്ധേയമായി. പത്രങ്ങളിലും ചാനലുകളിലും ഒരു വിഷയം വാര്‍ത്തയാകും മുമ്പാണ് ഇന്ന് ഓണ്‍ലൈനില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. തിരുകേശത്തിന്റെ വിഷയത്തിലും അപ്രകാരമായിരുന്നു സംഭവിച്ചത്. മീഡിയയോ സംഘടനകളോ വിഷയം ചര്‍ച്ച നടത്തുന്നതിന് മുമ്പ് തന്നെ ഓണ്‍ലൈന്‍ ഗ്രൂപ്പുകളിലും ബ്ലോഗുകളിലും വിഷയം കത്തിക്കയറി. 'കേശവാഹകസംഘ'ത്തെ ഏറ്റവുമധികം പ്രതിരോധത്തിലാക്കിയതും ഈ ഇടപെടലുകളായിരുന്നു. ആദ്യത്തെ ഉദാഹരണമായിരുന്നു ഇവര്‍ കേശപ്രചാരണത്തിന് വേണ്ടി തുടങ്ങിയ അറബി വെബ്‌സൈറ്റ്. സംഘടനയിലെ ഉലമാക്കളുടെ ഫോട്ടോകള്‍ സൈറ്റിന്റെ  മുകളില്‍ തന്നെയുള്ളതു കൊണ്ട് സൈറ്റിന്റെ പിന്നണിയിലാരെന്നതില്‍ അവ്യക്തതയുണ്ടായില്ല. വിശദീകരണത്തോടൊപ്പം ഖസ്‌റജിയുടെ വീട്ടിലെ മുക്കാല്‍ മീറ്ററോളം നീളമുള്ള വലിയൊരു മുടിക്കെട്ടിന്റെ ചിത്രവും. ഒറ്റനോട്ടത്തില്‍ തന്നെ മുടിയുടെ ഉറവിടം വ്യാജമാണെന്ന് സ്വന്തം സൈറ്റിലൂടെ തെളിഞ്ഞ സ്ഥിതിക്ക് പലരും അത് അങ്ങനെ തന്നെ സ്‌ക്രീന്‍ ഷോട്ട് എടുത്തു വെച്ചു. ഒരു പക്ഷേ നാളെ സൈറ്റ് ഇതു പോലെ കണ്ടെന്ന് വരില്ല എന്ന കമന്റും. വിമര്‍ശകര്‍ പ്രചരിപ്പിക്കുന്ന ചിത്രമാണെന്ന വാദത്തിനു മറുപടി കൂടിയായിരുന്നു ഈ ചിത്രം. ഒടുവില്‍ അത് തന്നെ സംഭവിച്ചു. ഈമാന്‍ഗൈഡ് എന്ന സൈറ്റില്‍ 9.3.2011 ന് രാത്രി വരെയുണ്ടായിരുന്ന ലേഖനവും ചിത്രവും പിന്നീട് അപ്രത്യക്ഷമായി.
ശ്രദ്ധേയന്‍ എന്ന ബ്ലോഗറുടെ അഞ്ച് ലേഖനങ്ങളായിരുന്നു കാന്തപുരത്തിന്റെ തിരുകേശത്തിന്റെ ഉള്ളുകള്ളികള്‍ ആദ്യം പുറത്തു കൊണ്ടുവന്നത്. shradheyan.com എന്ന ബ്ലോഗിലൂടെയാണ് ഖസ്‌റജിയുടെ വീട്ടിലുള്ള മുടിക്കെട്ടുകളുടെ വന്‍ശേഖരവും പുറത്ത് വന്നത്. ശക്തമായ വിമര്‍ശനങ്ങളും ചര്‍ച്ചകളും ഇതിനെ തുടര്‍ന്ന് നടന്നു. ഇതു കൂടാതെ ഓണ്‍ലൈന്‍ ക്ലാസ്‌റൂമുകളും സജീവമായിരുന്നു. പള്ളിയല്ല ഉസ്താദേ പള്ളയാണ് പ്രശ്‌നം (ഫെബ്രു. 9), തിരുമുടിയാട്ടം രണ്ടാം ഖണ്ഡം (മാര്‍ച്ച് 3), തിരുമുടിക്കെട്ടിന്റെ തിരുനിഴല്‍ ദര്‍ശനം (മാര്‍ച്ച്  13), ഹുദവി തേടിയ സനദും കാന്തപുരത്തിന്റെ അടവും (മാര്‍ച്ച് 20), നുണപ്പള്ളിയുടെ അവസാനത്തെ ആണി(മെയ് 8) എന്നിവയായിരുന്നു പോസ്റ്റുകള്‍. ഈ അഞ്ച് പോസറ്റില്‍ മാത്രം ഇതിനകം 1200 കമന്റുകളുണ്ട്.
ജമാഅത്തെ ഇസ്‌ലാമിയുടെ കീഴിലുള്ള ഡാറ്റാബാങ്ക് തയാറാക്കിയ athmeeyatha.blogspot.com എന്ന ബ്ലോഗിലാണ് ഈ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശനമുണ്ടായത്. തദ്വിഷയമായി സംഘടനകളും ആനുകാലികങ്ങളും നടത്തിയ ഇടപെടലുകള്‍ മുഴുവന്‍ ഇതില്‍ കാണാം. വിവിധ സംഘടനകളുടെ ലേഖനങ്ങള്‍ കൂടാതെ അനുകൂലവാദങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീഡിയോ ക്ലിപ്പിംഗുകളും ചിത്രങ്ങളും ചേര്‍ത്തിട്ടുണ്ട്. രണ്ട് മാസത്തിനകം 27000 ലധികം പേജ് സന്ദര്‍ശനങ്ങളാണുണ്ടായത്.
നെറ്റിലൂടെ പ്രചരിച്ച വീഡിയോ ക്ലിപ്പുകളും തിരുകേശവക്താക്കളെ വെട്ടിലാക്കി. കാന്തപുരത്തെ പുണ്യവാളസ്ഥാനത്തേക്ക് അവരോധിക്കാനായി നടത്തിയ ശ്രമങ്ങളായിരുന്നു തുറന്നു കാട്ടിയത്.കാന്തപുരത്തിന് നബി തങ്ങളുമായി വലിയ ബന്ധമാണെന്ന് സ്ഥാപിക്കാന്‍ വേണ്ടി വര്‍ഷങ്ങളായി വ്യവസ്ഥാപിതമായ നിലയില്‍ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. കാന്തപുരത്തെയും നബിയെയും ഒരുമിച്ച് സ്വപ്നം കാണുന്ന അനവധി ആളുകളുണ്ടെന്ന രീതിയില്‍ പ്രചാരണം നടത്താന്‍ ഇന്നു വ്യാപകമായി വിപണിയില്‍ സിഡികള്‍ വിറ്റഴിച്ചു കൊണ്ടിരിക്കുന്നുമുണ്ട്.
മറ്റൊരു രസകരമായ വസ്തുത ഇവിടെ തിരുകേശത്തിനൊരുത്തമ കേന്ദ്രമാണെങ്കില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പള്ളിയെക്കുറിച്ച് അറബിനാട്ടില്‍ നിന്നിറങ്ങുന്ന രണ്ട് പ്രസിദ്ധീകരണങ്ങളുടെ റിപ്പോര്‍ട്ടില്‍ എവിടെയും മുടിയെകുറിച്ച് വിവരിക്കുന്നില്ല (ഗള്‍ഫ് ടൈംസ് 13.3.2011, ഹജ്ജ് ആന്റ് ഉംറ - മെയ് ലക്കം). എന്തിനാണ് ഈ ഒളിച്ചു കളിയെന്നത് ദുരൂഹമായി തന്നെ തുടരുന്നു.
സുഹൈറലി തിരുവിഴാംകുന്ന്
[email protected]

ഹജ്ജാജും സഅ്ദുബ്‌നു അബീവഖാസും
'ഇസ്‌ലാമിന്റെ രാജപാതയും രാഷ്ട്രീയ ഇടപെടലുകളും' എന്ന തലക്കെട്ടില്‍ ശൈഖ് മുഹമ്മദ് കാരകുന്ന് എഴുതിയ ലേഖനം വായിച്ചു (ലക്കം 49). ലേഖനത്തിലെ മര്‍വാനുബ്‌നുല്‍ ഹകമിന്റെ ഗവര്‍ണറായ ഹജ്ജാജ് എന്ന പ്രയോഗം സൂക്ഷ്മമല്ല.
മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി കേരളയുടെ ഏഴാം ക്ലാസ്സിലെ ചരിത്ര പാഠപുസ്തകത്തില്‍ അബ്ദുല്‍ മലികിന്റെ കാലഘട്ടത്തിലാണ് ഹജ്ജാജ് മക്ക ആക്രമിച്ചതെന്ന് പഠിച്ച ഒരു മദ്‌റസാ വിദ്യാര്‍ഥി ശൈഖ് സാഹിബിന്റെ ലേഖനത്തിലെ 'മര്‍വാന്റെ ഗവര്‍ണറായ ഹജ്ജാജ്' എന്ന് കണ്ടപ്പോള്‍ ഏതാണ് ശരിയെന്ന് അന്വേഷിച്ചു. വിദ്യാര്‍ഥിയുടെ അന്വേഷണ ത്വരയെ നിരുത്സാഹപ്പെടുത്തരുതല്ലോ. മര്‍വാന്റെ ഗവര്‍ണറായ ഹജ്ജാജ് എന്നത് അച്ചടിപിശകാണെന്ന് ഞാന്‍ പറഞ്ഞു.
ഹിജ്‌റ 73-ല്‍ മക്ക ആസ്ഥാനമായി ഭരണം നടത്തിയിരുന്ന അമീര്‍ അബ്ദുല്ലാഹിബ്‌നു സുബൈറില്‍ നിന്നും മക്ക തിരിച്ചുപിടിക്കാന്‍ പിതാവ് മര്‍വാനുബ്‌നുല്‍ ഹകമിന് ശേഷം അധികാരത്തിലെത്തിയ അബ്ദുല്‍ മലിക് ആഗ്രഹിച്ചു. അതിനായി 20,000 വരുന്ന സൈന്യത്തെ ഒരുക്കി. സൈന്യാധിപനായി ഹജ്ജാജിനെ നിയമിച്ചു. അബ്ദുല്ലാഹിബ്‌നു സുബൈറിനെ വധിച്ച് മക്ക തിരിച്ചുപിടിച്ച ഹജ്ജാജിനെ അബ്ദുല്‍ മലിക് അവിടത്തെ ഗവര്‍ണറായി നിയമിച്ചു. ഹിജ്‌റ 75-ല്‍ ഹജ്ജിനെത്തിയ അബ്ദുല്‍ മലിക് പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച പരാതിയെത്തുടര്‍ന്ന് ഹജ്ജാജിനെ മക്കയുടെ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് നീക്കി ഇറാഖില്‍ മാറ്റി നിയമിച്ചു. കൂഫ പള്ളിയില്‍ ഹജ്ജാജ് ചെയ്ത പ്രസംഗം പ്രസിദ്ധമാണ്. തന്നെ ഗവര്‍ണറായി നിയമിച്ച അബ്ദുല്‍ മലികിനെക്കുറിച്ച പരാമര്‍ശവും ആ പ്രസംഗത്തിലുണ്ട്.
മജ്‌ലിസിന്റെ ഏഴാം ക്ലാസ്സിലെ ചരിത്ര പാഠപുസ്തകത്തിലുമുണ്ട് സ്ഖലിതം. സഅ്ദുബ്‌നു അബീവഖാസിനെ പരാമര്‍ശിച്ചേടത്ത് 'യര്‍മൂക് യുദ്ധത്തിലെ സേനാനായകന്‍' എന്ന് വിശേഷിപ്പിച്ചത് കാണാം (പേജ് 9). ഖാദിസിയ്യാ യുദ്ധത്തിലെ സേനാനായകനാണ് സഅ്ദ്. ഖാലിദുബ്‌നുല്‍ വലീദാണ് യര്‍മൂക് യുദ്ധത്തിലെ സേനാനായകന്‍.
മുഹമ്മദലി ശാന്തപുരം

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം