Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 29

കര്‍മത്തിന്റെ ചൈതന്യം

വി.കെ മഖ്ബൂല്‍ ശാന്തപുരം

റഅബ്ദുല്ലാഹിബ്‌നു മുബാറക് ഹിജ്‌റ വര്‍ഷം 118 ല്‍ ഖുറാസാനില്‍ ജനിച്ചു. മഹാനായ പണ്ഡിതനും വര്‍ത്തക പ്രമാണിയും ഉദാരനുമായിരുന്ന അദ്ദേഹം ഒരിക്കല്‍ ഹജ്ജ് യാത്രക്കായി തയാറെടുക്കുകയാണ്.
ഹജ്ജ് കാലമായാല്‍ ഭൃത്യനെയും കൂട്ടി നാട്ടില്‍ ചുറ്റി സഞ്ചരിക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. ഹാജിമാര്‍ക്ക് ആവശ്യമായ സേവനം ചെയ്ത് കൊടുക്കുകയായിരുന്നു യാത്രയുടെ ലക്ഷ്യം. അങ്ങനെയുള്ള ഒരു യാത്രയില്‍ ഒരു പെണ്‍കുട്ടി നടന്ന് പോവുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു. കാലില്‍ ചെരിപ്പില്ല. കീറിപ്പറിഞ്ഞ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. വിശന്ന് അവശയായ അവള്‍ ഒരു ചത്ത കോഴിയെയും തൂക്കിപ്പിടിച്ച് നടന്ന് പോവുന്നു.
ഇബ്‌നുമുബാറക് പെണ്‍കുട്ടിയോട് ചോദിച്ചു. കൂട്ടീ, എന്തിനാണ് ചത്ത കോഴിയെ കൊണ്ട് പോവുന്നത്? ചത്ത കോഴിയെ തിന്നുന്നത് ഹറാമാണ് എന്നത് നിനക്കറിയില്ലേ. അത് കേട്ടപ്പോള്‍ പെണ്‍കുട്ടിയുടെ കണ്ണില്‍ വെള്ളം നിറഞ്ഞു. അവള്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു. ബഹുമാന്യരേ, അറിയാഞ്ഞിട്ടല്ല. എന്റെ നിവൃത്തികേടുകൊണ്ട് ചെയ്യുകയാണ്. എന്റെ മാതാപിതാക്കള്‍ മരിച്ചുപോയി. എനിക്ക് ആശ്രയമായി ആരുമില്ല. ഞാനും എന്റെ കൊച്ചനിയനും കുറെ നാളായി പട്ടിണിയിലാണ് - വിശപ്പ് സഹിക്കാന്‍ കഴിയാതെ എന്റെ അനിയന്‍ മരിക്കാറായിരിക്കുന്നു. അതുകൊണ്ടാണ് ഞാനീ ചത്ത കോഴിയെ കൊണ്ട് പോവുന്നത്. ഞങ്ങള്‍ക്ക് ഇത് ഹലാലാണ്.
പെണ്‍കുട്ടിയുടെ മറുപടി കേട്ടപ്പോള്‍ ഇബ്‌നു മുബാറകിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. താടി രോമങ്ങള്‍ കണ്ണീരില്‍ കുതിര്‍ന്നു. അദ്ദേഹം ഭൃത്യനോട് പറഞ്ഞു. നമ്മുടെ ഹജ്ജ് കര്‍മത്തിന് വേണ്ടി കരുതിവെച്ച സംഖ്യ ഉണ്ടല്ലോ, അതില്‍ നിന്ന് വീടുവരെ എത്താനുള്ള സംഖ്യ മാറ്റിവെച്ച് ബാക്കി ഈ പെണ്‍കുട്ടിക്ക് കൊടുക്കുക.
പിന്നെ അദ്ദേഹം പെണ്‍കുട്ടിയോട് പറഞ്ഞു: നീ ഈ സംഖ്യ വാങ്ങി നിനക്കും അനുജനുമുള്ള ഭക്ഷണം വാങ്ങിക്കുക. ഇനി നിങ്ങള്‍ വിഷമിക്കേണ്ടി വരില്ല.
ഇബ്‌നുമുബാറക് കുതിരയെ വീടിന്റെ നേരെ തിരിച്ച് പോകാനൊരുങ്ങുമ്പോള്‍ ഭൃത്യന്‍ പറഞ്ഞു. ബഹുമാന്യരേ, ഈ പ്രാവശ്യം നമുക്ക് ഹജ്ജ് ചെയ്യേണ്ടത് നിര്‍ബന്ധമായിരുന്നു. പക്ഷേ താങ്കള്‍ കൈയിലുള്ള സംഖ്യ മുഴുവന്‍ ദാനം ചെയ്തുവല്ലോ? ഇബ്‌നുമുബാറക് പറഞ്ഞു: നീ പറഞ്ഞത് ശരിയാണ്. പക്ഷേ പെണ്‍കുട്ടിയെ സഹായിക്കേണ്ടത് അതിലും വലിയ കടമയാണ്. ഹജ്ജ് നമുക്ക് പിന്നെയും ചെയ്യാം. പക്ഷേ ഒരു കുട്ടി വിശപ്പു മൂലം മരിച്ചുപോയാല്‍ അതിനു ജീവന്‍ തിരിച്ചു കിട്ടില്ലല്ലേ? ഭൃത്യന് കാര്യം മനസ്സിലായി. ഇബ്‌നുമുബാറക് സംതൃപ്തിയോടെ വീട്ടിലേക്ക് മടങ്ങി.
ഒരു ഫാഷനോ അല്ലെങ്കില്‍ ഒരു ടൂര്‍ പോലെയോ ഒക്കെ ആയിത്തീരുന്നുണ്ടല്ലോ ഇന്നത്തെ ഹജ്ജും ഉംറയും? ചൈതന്യമില്ലാത്ത കര്‍മങ്ങളാണ് പലപ്പോഴും കാണാനാവുക. സ്വര്‍ണത്തിന്റെ സകാത്ത് കൊടുക്കാതിരിക്കാന്‍ വേണ്ടി ഉംറക്കോ ഹജ്ജിനോ പോവുക. മക്കളോടുള്ള ദേഷ്യം കാരണം അവന് അനന്തരാവകാശം ലഭിക്കാതിരിക്കാന്‍ വേണ്ടി ഭൂമി വില്‍പന നടത്തി ഹജ്ജിനോ ഉംറക്കോ പോവുക. ഇങ്ങനെ 'വാശിയേറിയ' ഹജ്ജും ഉംറയുമൊക്കെ നടക്കുന്നുണ്ട്.
അല്ലാഹുവിന് സ്വീകാര്യമായതെന്തോ അത് നേടിയെടുക്കുകയാണ് ആരാധനകൊണ്ട് ഉദ്ദേശിക്കുന്നത്. അതല്ലാതെ പണം സമ്പാദിക്കുന്നതിനോ പദവികള്‍ നേടിയെടുക്കുന്നതിനോ ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റുന്നതിനോ ചവിട്ടുപടിയായി ആരാധനയെ സ്വീകരിച്ചുകൂടാ. ഭക്തിപ്രകടനം നടത്തി പ്രശസ്തി നേടിയെടുക്കാനുള്ള മാര്‍ഗമായി ആരാധനയെ കണക്കാക്കി കൂട. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ആത്മാര്‍ഥതയാണ് ആരാധനയുടെ പരമപ്രധാനമായ ലക്ഷ്യം. ഈ അവസ്ഥയെ ക്ഷതമേല്‍പിക്കുന്നതിന് കാപട്യം എന്നാണ് പറയുന്നത്. ആത്മാര്‍ഥത ഉദ്ദേശ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. കാരണം ഉദ്ദേശ്യമാണ് ഓരോ പ്രവര്‍ത്തനത്തിനും പ്രചോദനമായിത്തീരുന്നത്. വിധിദിനത്തില്‍ നമ്മുടെ പ്രവര്‍ത്തനത്തെക്കുറിച്ച് മാത്രമായിരിക്കില്ല അല്ലാഹു ചോദ്യം ചെയ്യുക. എന്തിനു വേണ്ടി അത് ചെയ്തു, അതിന്റെ ഉദ്ദേശ്യമെന്തായിരുന്നു എന്നും ചോദിക്കും. ചെയ്ത പ്രവര്‍ത്തനം ചിലപ്പോള്‍ നല്ലതായിരിക്കും. പക്ഷെ നല്ല ഉദ്ദേശ്യത്തോടെയായിരിക്കില്ല ആ പ്രവൃത്തി ചെയ്തത്. ദൈവത്തോടുള്ള അര്‍പ്പണബോധമായിരിക്കില്ല ആ ചെയ്തിക്ക് പ്രേരണയായി വര്‍ത്തിച്ചത.് എങ്കില്‍ പ്രത്യക്ഷത്തില്‍ നല്ലതായി തോന്നിക്കുന്ന ആ പ്രവര്‍ത്തനം ദുഷ്‌വൃത്തികളുടെ ഗണത്തിലാണ് ചേര്‍ക്കുക.

Comments

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍