Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 29

ഇഖ്വാനികള്‍ പകര്‍ന്ന ജീവിത പാഠങ്ങള്‍

വി.കെ കുട്ടു ഉളിയില്‍

ആഗസ്റ് 18-ലെ പ്രബോധനത്തില്‍ 'ഓര്‍മയിലെ ഇഖ്വാനികള്‍' എന്ന കത്ത് വായിച്ചപ്പോള്‍ 1988-'90 വര്‍ഷങ്ങളില്‍ മദീനയിലെ മസ്ലഹയിലും (അറവുശാല) വെറ്ററിനറി ഡിസ്പെന്‍സറിയിലുമായി ജോലി ചെയ്തിരുന്നപ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ ഓര്‍മയില്‍ വന്നു.
മദീനാവാസികളുടെ പ്രധാന ഭക്ഷണം ആട്ടിറച്ചിയാണ്. അറബികള്‍ അവര്‍ക്കാവശ്യമായ ആടുകളെ വിപണിയില്‍ നിന്നും വാങ്ങി വലിയ കാറുകളില്‍ കയറ്റി അറവുശാലകളില്‍ കൊണ്ടുവന്ന് ഇസ്ലാമിക രീതിയില്‍ അറവ് നടത്തി മാംസം മൃഗഡോക്ടറെ കൊണ്ട് പരിശോധിപ്പിച്ചതിനു ശേഷം അവരുടെ വീടുകളിലെ ഫ്രീസറുകളില്‍ സൂക്ഷിച്ച് ഉപയോഗിക്കുകയാണ് പതിവ്. ഭക്ഷണത്തില്‍ മാംസം കൂടുതല്‍ ഉപയോഗിച്ചിരുന്നതിനാല്‍ 'മീറ്റ് ഹൈജീന്‍' പഠിച്ചിരുന്ന മൃഗഡോക്ടര്‍മാരായിരുന്നു മദീനയിലെ ഹോട്ടലുകളിലെയും ഭക്ഷ്യ വില്‍പന കേന്ദ്രങ്ങളിലെയും 'ഹൈജീന്‍' പരിശോധനയുടെ മേല്‍നോട്ടം വഹിച്ചിരുന്നത്. ഞാന്‍ ജോലി ചെയ്തിരുന്ന കാലത്ത് ഈജിപ്തില്‍നിന്നും സിറിയയില്‍നിന്നും സുഡാനില്‍നിന്നുമുള്ള അമ്പതിലേറെ മൃഗ ഡോക്ടര്‍മാര്‍ മദീനയില്‍ ജോലി ചെയ്തിരുന്നു.
അവരിലൊരു ഡോക്ടര്‍ എന്നെ സമീപിച്ചു പറഞ്ഞു: "നാളെ മസ്ജിദുന്നബവിയില്‍ ജുമുഅക്ക് പോകുന്നത് എന്റെ വാഹനത്തിലാവാം. ഞാന്‍ താമസിക്കുന്ന ഫ്ളാറ്റില്‍ നിന്നും ഭക്ഷണം കഴിച്ചു തിരിച്ചുവരാമല്ലോ.'' ഞങ്ങള്‍ ജുമുഅ കഴിഞ്ഞ് അല്‍പം താമസിച്ചായിരുന്നു ഫ്ളാറ്റില്‍ എത്തിയത്. അവിടെ കുലീനനായ ഒരു മധ്യവയസ്കന്‍ തനിച്ചിരിക്കുന്നു. ഡോക്ടര്‍ സ്വയം പാകം ചെയ്ത ഭക്ഷണം ഞങ്ങള്‍ക്ക് വിളമ്പി. ഭക്ഷണത്തിനു ശേഷം മധ്യവയസ്കന്‍ എന്നോട് ചോദിച്ചു: 'നിങ്ങളുടെ നാട്ടില്‍ ഇസ്ലാമിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഏതെല്ലാമാണ്?' അറബിയറിയാത്ത എനിക്ക് പ്രബോധനം വായനയില്‍നിന്ന് ലഭിച്ച ഇസ്ലാമിക അറിവുകള്‍ മാത്രമാണുണ്ടായിരുന്നത്. ഞാന്‍ പറഞ്ഞു: ജമാഅത്തെ ഇസ്ലാമി, മുജാഹിദ്.
അദ്ദേഹം ഉടനെ എന്നെ തിരുത്തിക്കൊണ്ട് പറഞ്ഞു: 'നോ മുജാഹിദ്സ് ഇന്‍ ഇന്ത്യ. മുജാഹിദ്സ് ഓണ്‍ലി ഇന്‍ അഫ്ഗാനിസ്താന്‍.' കമ്യൂണിസ്റ് റഷ്യയുടെ അധിനിവേശത്തിനെതിരെ അഫ്ഗാനികള്‍ പോരാടിയിരുന്ന കാലമായിരുന്നു. വീണ്ടും അദ്ദേഹത്തിന്റെ ചോദ്യം: 'എനി ഇസ്ലാമിക് റിഫോര്‍മര്‍ ഇന്‍ ഇന്ത്യ?'
അബുല്‍ അഅ്ലാ മൌദൂദി എന്ന് പറഞ്ഞപ്പോള്‍ ആശ്ചര്യത്തോടെ അദ്ദേഹം: 'ഉസ്താദ് മൌദൂദി! ഹി ഈസ് നോട്ട് ഹിന്ദി- ഹി ഈസ് പാകിസ്താനി.' മൌദൂദി ജനിച്ചതും പഠിച്ചതും, ആദ്യകാലത്ത് പ്രവര്‍ത്തിച്ചതും ഇന്ത്യയിലായിരുന്നുവെന്നും ഇന്ത്യാ വിഭജനത്തോടെ അദ്ദേഹം പാകിസ്താനിലേക്ക് പോയതാണെന്നും പറഞ്ഞപ്പോള്‍ പുതിയൊരു അറിവ് ലഭിച്ച സന്തോഷത്തിലായിരുന്നു അദ്ദേഹം.
രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ വീണ്ടും ഡോക്ടര്‍ എന്നെ സമീപിച്ചു പറഞ്ഞു: 'ഞങ്ങള്‍ കുറച്ച് മൃഗഡോക്ടര്‍മാര്‍ നാളെ രാത്രി കുറച്ചകലെയുള്ള ഒരു മസ്റയില്‍ ഒത്തുചേരുന്നുണ്ട്. ഭക്ഷണം അവിടെയാണ്. സിറിയക്കാരന്‍ ഡോക്ടര്‍ ശരീഫ് അദ്ദേഹത്തിന്റെ വാഹനത്തില്‍ നിങ്ങളെ അവിടെ എത്തിക്കുന്നതാണ്.'
ഒരു പരവതാനി വിരിച്ച് അതിലായിരുന്നു യോഗം. പന്ത്രണ്ടോളം പേര്‍ ആ ഒത്തുകൂടലില്‍ ഉണ്ടായിരുന്നു. കറുത്തു തടിച്ച ഒരാള്‍ യോഗം നിയന്ത്രിക്കുകയും അറബിയില്‍ അല്‍പം സംസാരിക്കുകയും ചെയ്തു. അദ്ദേഹം ഈജിപ്തില്‍നിന്ന് അടുത്തിടെ എത്തിയ മൃഗഡോക്ടര്‍ മുഹമ്മദാണെന്ന് സ്വയം പരിചയപ്പെടുത്തി. അവിടെ കൂടിയവരെല്ലാം രാജ്യവും പേരും മറ്റും പറഞ്ഞ് സ്വയം പരിചയപ്പെടുത്തി. അപ്പോഴേക്കും രണ്ടു വലിയ തളികകളില്‍ ബിരിയാണിയോട് സാദൃശ്യമുള്ള ഭക്ഷണം കൊണ്ടു വെച്ചു. എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിച്ചു. പിന്നീട് പലപ്പോഴും ഇതേ രീതിയില്‍ ഞങ്ങള്‍ ഒരുമിച്ചുകൂടി
വിദ്യാസമ്പന്നരായ അവര്‍, അവരിലെ ഒരംഗത്തെപ്പോലെയാണ് എന്നോട് പെരുമാറിയത്. സാധാരണക്കാരില്‍ ഇഖ്വാന് എങ്ങനെ വ്യാപകമായി സ്വാധീനമുണ്ടായി എന്നതിനുള്ള ഒരു തെളിവുകൂടിയാണിത്.
നീതിനിഷേധത്തിനെതിരെ 
സെപ്റ്റംബര്‍ 15-ലെ പ്രബോധനം വാരികയില്‍ പ്രസിദ്ധീകരിച്ച മുഖക്കുറിപ്പാണ് ഈ കുറിപ്പിനാധാരം. ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷമനുഭവിക്കുന്ന നീതിനിഷേധം ചുരുങ്ങിയ വാക്കുകളില്‍ അനാവരണം ചെയ്യുന്നുണ്ട് ആ മുഖക്കുറിപ്പില്‍. മതനിരപേക്ഷരായ എഴുത്തുകാരെയും സാംസ്കാരിക പ്രവര്‍ത്തകരെയും കൂട്ടുപിടിച്ച് മാത്രമേ ഈ നീതിനിഷേധത്തെ ചെറുക്കാന്‍ സാധിക്കുകയുള്ളൂ. കേരളത്തിലെ മുത്തശ്ശി പത്രങ്ങളുടെ പല അജണ്ടകളെയും കുതന്ത്രങ്ങളെയും ചെറുത്തുതോല്‍പിക്കാന്‍ നീതിയുടെ പക്ഷത്ത് നിന്ന മാധ്യമത്തെയും പ്രബോധനത്തെയും കേരള ജനത സ്വീകരിക്കുകയുണ്ടായി. ദൃശ്യ മാധ്യമ  രംഗത്തെ, മുഖ്യധാരാ മാധ്യമങ്ങളുടെ കണ്ണുതുറപ്പിക്കാനും നീതിയുടെ പക്ഷത്തേക്കവയെ വഴിനടത്താനും ഇസ്ലാമിക പ്രസ്ഥാനത്തിന്റെ മാധ്യമരംഗത്തെ പുതിയ കാല്‍വെപ്പുകള്‍ക്കാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
അബുന്നാസിര്‍ മങ്കട 
ഡോ. എം. ഹനീഫ് 
'ഭാരതമെന്ന ധ്യാനസ്ഥാനത്തെ യാങ്കിസ്ഥാനാക്കുന്നു' സ്വാമി വിശ്വഭദ്രാനന്ദശക്തി ബോധിയുടെ പഠനം വിജ്ഞാനപ്രദമായി. മുസ്ലിംനാമധാരികളായ ചില രാജാക്കന്മാര്‍ ക്ഷേത്രങ്ങള്‍ കൊള്ള ചെയ്ത് തകര്‍ത്ത് വിഗ്രഹങ്ങളെ ഇളക്കി പറിച്ചെറിഞ്ഞതായി പ്രസ്തുത ലേഖനത്തില്‍ കാണുന്നു. വിഗ്രഹ വിരോധമോ മതപ്രചാരണമോ ആയിരിക്കണമെന്നില്ല അവരുടെ ലക്ഷ്യം. ക്ഷേത്രങ്ങളിലെ സ്വത്തുക്കള്‍ സ്വന്തമാക്കാനായിരിക്കുമവര്‍ പടനയിച്ചത്. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അനന്തമായ സമ്പത്ത് കാണുമ്പോള്‍, പ്രസ്തുത രാജാക്കന്മാര്‍ എന്തിനാണ് ക്ഷേത്രങ്ങള്‍ തെരഞ്ഞെടുത്ത് കൊള്ള ചെയ്തതെന്ന് ഏവര്‍ക്കും ബോധ്യമാകും. ഏതായാലും അവര്‍ ഇസ്ലാം പ്രചരിപ്പിക്കാന്‍ വന്നവരല്ലല്ലോ. മുസ്ലിം നാമധാരികളായ രാജാക്കന്മാര്‍ പരസ്പരം പോരാടിയ എത്രയോ യുദ്ധങ്ങള്‍ ഇന്ത്യാ ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 
ഗുജറാത്ത് ഐ.ആര്‍.സി.ജി നല്‍കുന്ന പാഠങ്ങള്‍ 
ഗുജറാത്തിലെ കോടതി വിധി ഇന്ത്യന്‍ ജനാധിപത്യത്തിന് ശക്തിപകരുന്നതാണ്. ഏതൊരു നിയമത്തിന്റെ പഴുതിലൂടെയാണോ കുറ്റവാളികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്, അതേ നിയമത്തിന്റെ പഴുതുകള്‍ അടച്ചുകൊണ്ടാണ് അവരെ നിയമത്തിന്റെ മുന്നില്‍ നിര്‍ത്തിയത്. ശക്കീല്‍ അഹ്മദിന്റെ നേതൃത്വത്തിലുള്ള ഐ.ആര്‍.സി.ജിയുടെ നിയമപോരാട്ടം ഇന്ത്യന്‍ ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. വേട്ടക്കാര്‍ ഇരകളെ വിലയ്ക്കെടുത്തുകൊണ്ട് നിയമത്തെ ഇളിഭ്യരാക്കുന്ന കാഴ്ചയാണ് ബെസ്റ് ബേക്കറി കേസില്‍ ദൃശ്യമായത്. ഇതൊക്കെ മുന്‍കൂട്ടി കണ്ട് പഴുതടച്ചുള്ള നിയമയുദ്ധമാണ് ഗുജറാത്തില്‍ നിന്നും ആശാവഹമായ കോടതിവിധികള്‍ വരാനുള്ള കാരണം. അക്രമികള്‍ ഇരകള്‍ക്ക് വരുത്തിയ സാമ്പത്തിക നഷ്ടം റിലീഫ് സംഘടനകള്‍ പൊതുജനങ്ങളില്‍നിന്ന് പിരിവെടുത്തു നല്‍കുന്നതിനു പകരം സര്‍ക്കാറില്‍നിന്നുതന്നെ വാങ്ങി കൊടുക്കുക എന്ന രീതിയും പുതുമയാര്‍ന്നതാണ്. കൂടാതെ സര്‍ക്കാര്‍ പേരിനു പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങള്‍ക്കു പകരം പുനരധിവാസത്തിനാവശ്യമായ തുക കണക്ക് പറഞ്ഞ് വാങ്ങിക്കുന്ന രീതിയും അക്രമികള്‍ക്കുള്ള തിരിച്ചടി തന്നെയാണ്. 
പി.എ.എം ശരീഫ് ആലപ്പുഴ 
എന്താണ് ഭാരതീയത? 
സ്വാമി വിശ്വഭദ്രാനന്ദശക്തിബോധിയുടെ ലേഖനം(ലക്കം 13) വായിച്ചു. ബ്രാഹ്മണിസത്തിന്റെ വര്‍ണവ്യവസ്ഥക്ക് അപ്പുറമുള്ള അവൈദികമായ ദ്രാവിഡ സമ്പ്രദായങ്ങളെയും ജൈന-ബൌദ്ധ ധര്‍മങ്ങളെയും പഠിക്കുന്നതിലൂടെയാണ് ഭാരതീയതയെ സ്പര്‍ശിക്കാനാവുക. ശ്രീരാമകൃഷ്ണനും ദയാനന്ദനും അരവിന്ദനും അടക്കമുള്ളവര്‍ ബ്രാഹ്മണിസത്തില്‍ കുടുങ്ങിക്കിടന്നവരാണ്. ബുദ്ധന്‍ ചെയ്ത പോലെ ജാതിയെ തള്ളിക്കളയാന്‍ വിവേകാനന്ദനും പറ്റിയിട്ടില്ല. ബ്രാഹ്മണിസത്തോടുള്ള മൃദുസമീപനം അവരുടെയൊക്കെ സ്ഥായീഭാവമായിരുന്നു. ഇതില്‍നിന്നും മാറി പ്രവര്‍ത്തിച്ചവരാണ് ജ്യോതിറാവു ഫൂലെയും പെരിയാറും അംബേദ്കറും. .... വൈകുണ്ഠ നാഥരും നാരായണഗുരുവും ജനങ്ങളുടെ ആരാധനാരീതികളെ തന്നെ എടുത്ത് നവീകരിച്ച് ബ്രാഹ്മണിസത്തിനെതിരെ പ്രവര്‍ത്തിച്ചു. ശ്രീരാമകൃഷ്ണന്റെ ഭക്തിക്കോ വിവേകാനന്ദന്റെ പ്രഭാഷണങ്ങള്‍ക്കോ സൈന്ധവ സംസ്കാരത്തെയും അതിന്റെ പില്‍ക്കാല സമത്വാധിഷ്ഠിതമായ തുടര്‍ച്ചകളെയും എത്തിപ്പിടിക്കാനായിട്ടില്ല. അംബേദ്കര്‍ വിരല്‍ ചൂണ്ടിയത് ആ ഭാരതത്തിലേക്കാണ്. 
മാധവദാസ് തൃശൂര്‍ 
ഇസ്ലാം പാടട്ടെ 
'ഇസ്ലാം മലയാളത്തില്‍ പാടുന്നു' എന്ന ലേഖനം (ലക്കം 14) പഠനാര്‍ഹവും പാട്ടുപോലെ മനോഹരവുമായി. പാട്ടു പാടാന്‍ എല്ലാവര്‍ക്കും കഴിയില്ലെങ്കിലും ആസ്വദിക്കാന്‍ ആബാലവൃദ്ധം ജനങ്ങളും സമയം കണ്ടെത്താറുണ്ട്. പാട്ടിലൂടെ അറിവും ആനന്ദവും ആത്മനിര്‍വൃതിയുമൊക്കെ ഉണ്ടാവുന്നതിനാല്‍ ഇസ്ലാമിക പാട്ടുകളുടെ പ്രസക്തി വര്‍ധിക്കുന്നു. ഇസ്ലാമിനെ പാടിപ്പുകഴ്ത്താന്‍ സമ്മതിക്കാത്തവര്‍ ഇസ്ലാമിന്റെ ശത്രുക്കളായി ഗണിക്കപ്പെടും. ബാങ്ക് വിളി, ഖുര്‍ആന്‍ പാരായണം എന്നിവ ഈ ഗണത്തില്‍ ആകുമ്പോഴാണ് അത് ഹൃദ്യവും ആസ്വാദ്യകരവുമാകുന്നത്. ആ ഈണം ഇസ്ലാമിന്റേതാണ്. പാട്ട് ഇസ്ലാമികമാണ്. പാട്ടുകളിലൂടെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും മാറ്റിയെടുക്കാന്‍ ആദ്യകാല മുജാഹിദ് പണ്ഡിതന്മാര്‍ തയാറായിട്ടുണ്ട്. ഇ. മൊയ്തു മൌലവിയുടെ പിതാവായിരുന്ന കുഞ്ഞിമരക്കാര്‍ മുസ്ലിയാര്‍ ഇങ്ങനെയുള്ള ഒരു പണ്ഡിതനായിരുന്നു. മാറഞ്ചേരിയിലെ മുജാഹിദ് തറവാട്ടുകാര്‍ അദ്ദേഹത്തിന്റെ വരികള്‍ പാടാറുണ്ട്.പോപ്പ് സംഗീതജ്ഞനായിരുന്ന യൂസുഫ് ഇസ്ലാം, ഇസ്ലാം സ്വീകരിച്ച ശേഷം മനോഹരമായ ഇസ്ലാമിക ഗാനങ്ങളിലൂടെ ഇംഗ്ളീഷ് ഭാഷയെ ധന്യമാക്കിക്കൊണ്ടിരിക്കുന്നു. മലയാളത്തിലും അത്തരം ഗാനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. ഇസ്ലാമിനെ മലയാളത്തില്‍ പാടാന്‍ അനുവദിക്കാതിരുന്നാല്‍ സംഭവിക്കുന്നത് എന്തായിരിക്കുമെന്ന് പറയേണ്ടതില്ല. നമ്മുടെ 'മാപ്പില്ലാ' പാട്ടുകള്‍ കേട്ടാല്‍ മതി.ഒട്ടേറെ മലയാള സിനിമാ ഗാനങ്ങള്‍ 'ഇസ്ലാമിക'മാണ്. 'കണ്ണുനീര്‍ തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവ്യനേ, അഭിനന്ദനം... നിനക്കഭിനന്ദനം...' എന്ന ഗാനം സ്ത്രീയുടെ മഹത്വം ഉദ്ഘോഷിക്കുന്നു. അതിനാല്‍ അത് ഇസ്ലാമികമാണ്. അഥവാ ഇസ്ലാം ഇങ്ങനെയാണ് പാടേണ്ടത്.
ഉമര്‍ മാറഞ്ചേരി 

Comments

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍