Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 29

സ്‌നേഹത്തോടെ സംവദിച്ചുകൂടേ മതസംഘടനകള്‍ക്ക്‌

സദ്‌റുദ്ദീന്‍ വാഴക്കാട്

വായന, പഠനം, ചിന്ത, ഗവേഷണം എന്നിവക്ക് ഇസ്‌ലാം നല്‍കിയ പ്രാധാന്യവും പ്രോത്സാഹനവും വൈജ്ഞാനിക വികാസത്തിനും സാംസ്‌കാരിക വളര്‍ച്ചക്കും വലിയ തോതില്‍ വഴി തുറക്കുകയുണ്ടായി. ആശയ വൈവിധ്യതയും വീക്ഷണ വൈജാത്യങ്ങളും കാഴ്ചപ്പാടുകളിലെ അന്തരങ്ങളും അതിന്റെ അനിവാര്യതയെന്നോണം പ്രത്യക്ഷപ്പെടുകയും ചെയ്തു. ചിന്താ-കര്‍മ മണ്ഡലങ്ങളില്‍ ഇങ്ങനെ രംഗത്തുവന്ന ഒട്ടേറെ ധാരകളും കൈവഴികളും ഇസ്‌ലാമിക ചരിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഇസ്‌ലാമിക നാഗരികതയുടെ വികാസത്തോടൊപ്പം അവയും വളര്‍ച്ച പ്രാപിച്ചു. അനിവാര്യ കാരണങ്ങളാല്‍ ചിലത് തളരുകയും രംഗം വിടുകയും ചെയ്തിട്ടുമുണ്ട്.
ഇസ്‌ലാമിക സംസ്‌കാരത്തെ സമ്പന്നമാക്കുന്ന ചിന്താധാരകളും കര്‍മശാസ്ത്ര സരണികളും നവോത്ഥാന പ്രസ്ഥാനങ്ങളും, സാഗരസമാനം പരന്നു കിടക്കുന്ന ഗ്രന്ഥശേഖരങ്ങളും ദീനീ മണ്ഡലത്തിലെ ആശയ വൈവിധ്യത്തിന്റെ ഉത്തമ നിദര്‍ശനമാണ്. വൈരുധ്യങ്ങളുടെയും ഭിന്നതകളുടെയും കേദാരമാണ് അവയെന്ന് പ്രത്യക്ഷ വായനയില്‍ ചിലര്‍ക്ക് തോന്നാമെങ്കിലും ബഹുസ്വരതയുടെ ഒരു അഭൗമ സൗന്ദര്യം വിശാല മനസ്‌കരായ വിവേകമതികള്‍ക്ക് അവയില്‍ ദര്‍ശിക്കാനാകും. അങ്ങനെവരുമ്പോള്‍ മാത്രമേ മുസ്‌ലിം സമൂഹത്തിനകത്തെ അഭിപ്രായാന്തരങ്ങളെ ആരോഗ്യകരമായി സമീപിക്കാനും നിര്‍മാണാത്മകമായി ഉപയോഗപ്പെടുത്താനും സാധിക്കുകയുള്ളൂ.
ഇസ്‌ലാമിന്റെ ഒന്നാം പ്രമാണമായ വിശുദ്ധ ഖുര്‍ആനെ കുറിച്ചുതന്നെ ചിന്തിക്കുക. 14 നൂറ്റാണ്ടുകള്‍ പിന്നിട്ട് നമ്മുടെ കൈകളില്‍ എത്തിനില്‍ക്കുമ്പോള്‍ വിശുദ്ധ ഖുര്‍ആന്ന് ഉണ്ടായിട്ടുള്ള വ്യാഖ്യാന ഗ്രന്ഥങ്ങള്‍ എത്രയേറെയാണ്! പലതലങ്ങളില്‍, വ്യത്യസ്ത ഊന്നലുകളില്‍, വേറിട്ട ശൈലികളില്‍ വിരചിതമായ നൂറുകണക്കിന് തഫ്‌സീറുകള്‍ ഖുര്‍ആന്‍ വിജ്ഞാനീയത്തിലെ അതുല്യ സംഭാവനകളാണ്. എന്തുകൊണ്ട് ഇത്രയേറെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ ഉണ്ടായി! 'അഹുലുസുന്നത്തി വല്‍ ജമാഅ' അംഗീകരിക്കുന്ന തഫ്‌സീറുകള്‍ തന്നെ നിരവധിയാണ്. തഫ്‌സീറുത്ത്വബ്‌രി, തഫ്‌സീറു ഇബ്‌നുഅത്വിയ്യ, തഫ്‌സീറുല്‍ ഖുര്‍ത്വുബി, തഫ്‌സീറു ഇബ്‌നു കഥീര്‍, തഫ്‌സീറുല്‍ ജലാലൈനി, തഫ്‌സീറു ഇബ്‌നുല്‍ ജൗസി, ഫത്ഹുല്‍ ഖദീര്‍... ഈ പട്ടികക്ക് ഒരുപാട് നീളമുണ്ട്. ഇവയെല്ലാം ഒരേ സ്വഭാവത്തിലുള്ളവയല്ല. നിയമ വ്യാഖ്യാനം, ചരിത്രം, പ്രബോധനം, ഭാഷാപഗ്രഥനം, സാഹിത്യം, വിമര്‍ശനങ്ങള്‍ക്ക് മറുപടി, ആത്മസംസ്‌കരണം തുടങ്ങി പലതലങ്ങളില്‍ ഊന്നല്‍ നല്‍കുന്ന തഫ്‌സീറുകളുണ്ട്. നിയമവിശകലനത്തിന് പ്രാമുഖ്യം നല്‍കുന്ന തഫ്‌സീറുകള്‍ തന്നെ, ഒരു ആയത്തിന് ഒരൊറ്റ വിശദീകരണമല്ല നല്‍കുന്നത്. ഖുര്‍ആന്‍ അവതീര്‍ണമാകുന്ന കാലത്ത് ജീവിച്ചിരുന്ന, അറബി ഭാഷയില്‍ പ്രാവീണ്യമുള്ള സ്വഹാബികള്‍ക്കിടയില്‍ തന്നെ ഖുര്‍ആനിലെ ചില ആയത്തുകള്‍ വിശദീകരിക്കുന്നതില്‍ ഭിന്നവിരുദ്ധമായ കാഴ്ചപ്പാടുകള്‍ ഉണ്ടായിട്ടുണ്ട്. അഹ്‌ലുസുന്നത്ത് അംഗീകരിച്ച തഫ്‌സീറുകളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ കാണാം. എങ്ങനെയാണ് ഇത് സംഭവിക്കുന്നത്? ഖുര്‍ആന്‍ സൂക്തങ്ങളില്‍ പലവിധ വായനകള്‍ക്കുമുള്ള സാധ്യത പ്രകൃത്യാ അന്തര്‍ലീനമാണ്. അതുകൊണ്ട്, ഒരു ഖുര്‍ആന്‍ വ്യഖ്യാനം മതി, അതുമാത്രം ശരി, മറ്റുള്ളതെല്ലാം തെറ്റ് എന്ന് ശഠിക്കാന്‍ കഴിയില്ല. പല വ്യാഖ്യാനങ്ങളില്‍ ഖുര്‍ആനിന്റെ ആത്മാവിനോട് ഏറ്റവും അടുത്തു നില്‍ക്കുന്നതും തെളിവുകളുടെ പിന്‍ബലമുള്ളതും നമുക്ക് ശരിയെന്ന് തോന്നുന്നതുമായ വീക്ഷണം നല്ല ഉദ്ദേശ്യത്തോടെ സ്വീകരിക്കുക. വ്യാഖ്യാന ഭേദങ്ങള്‍ വിശുദ്ധ ഖുര്‍ആന്റെ അമാനുഷികതക്കുള്ള തെളിവുകളില്‍ ഒന്നായി കാണുകയും ചെയ്യാം: ''ഭൂമിയിലെ മരങ്ങളെല്ലാം പേനകളാവുകയും സമുദ്രം (മഷിയായിത്തീരുകയും) വേറെ ഏഴു സമുദ്രങ്ങള്‍ മഷിയായി അതിനെ പോഷിപ്പിക്കുകയും ചെയ്യട്ടെ, എന്നാല്‍ പോലും അല്ലാഹുവിന്റെ വചനങ്ങള്‍ എഴുതിത്തീരുന്നതല്ല'' (ലുഖ്മാന്‍ 27).
ഹദീസാണ് ഇസ്‌ലാമിന്റെ രണ്ടാം പ്രമാണം. പ്രവാചകന്‍ വിടപറഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ക്കകം ഹദീസ് സമാഹാരങ്ങള്‍ ഉണ്ടായിത്തുടങ്ങി. ഇമാം അഹ്മദ്, ഇമാം മാലിക്, ബുഖാരി, മുസ്‌ലിം, അബൂദാവൂദ്, തിര്‍മിദി, നസാഈ, ഇബ്‌നുമാജ തുടങ്ങി ഒട്ടേറെ പ്രമുഖ പണ്ഡിതരുടെ ഹദീസ് ഗ്രന്ഥങ്ങളുണ്ട്. അവക്കെല്ലാം നിരവധി വിശദീകരണ കൃതികളുമുണ്ടായി. ഹദീസുകള്‍ ക്രോഡീകരിക്കപ്പെട്ടത് ഒരേ രീതിയിലല്ല. വിഷയാധിഷ്ഠിതം, വ്യക്ത്യാധിഷ്ഠിതം, ഭാഷാവിശകലനം, ബലാബലം, ഫിഖ്ഹീ വീക്ഷണം... ഇങ്ങനെ വ്യത്യസ്ത മാനദണ്ഡങ്ങളില്‍ ഹദീസുകള്‍ സമാഹരിക്കപ്പെട്ടിട്ടുണ്ട്. ജാമിഅ്, മുസ്‌നദ്, സുനന്‍, മുസ്വ്ഹഫ്, അഹ്കാം, മുസ്തദ്‌റക്, മുജ്മഅ് തുടങ്ങിയ പേരുകളില്‍ അവ അറിയപ്പെടുന്നു. പല ഹദീസുകളുടെയും വിശദീകരണങ്ങളിലാകട്ടെ, അഭിപ്രായ ഭിന്നതകളുടെ വലിയൊരു ലോകം തന്നെയുണ്ട്. മുഹമ്മദ് നബിയോടൊപ്പം ജീവിച്ച സ്വഹാബികള്‍ക്കിടയില്‍, നബി ജീവിച്ചിരിക്കെത്തന്നെ ഹദീസുകള്‍ മനസിലാക്കുന്നതില്‍ വീക്ഷണ വൈജാത്യങ്ങള്‍ ഉണ്ടായിരുന്നു. ബനൂഖുറൈദയിലെ നമസ്‌കാരത്തെ സംബന്ധിച്ച ഹദീസ് വിശ്രുതമാണല്ലോ. നബിയുടെ കാലശേഷം ഹദീസുകളില്‍നിന്ന് നിയമങ്ങള്‍ നിര്‍ധാരണം ചെയ്‌തെടുക്കുന്നതില്‍ പ്രമുഖ സ്വഹാബിമാര്‍ക്കിടയിലുണ്ടായ വ്യത്യസ്താഭിപ്രായങ്ങള്‍ പ്രമുഖ ഹദീസ് വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ രേഖപ്പെട്ടു കിടക്കുന്നുണ്ട്.
സ്വഹാബിമാര്‍ക്കിടയിലും, താബിഉകള്‍ക്കും അവരുടെ അടുത്ത തലമുറക്കുമിടയിലും ഖുര്‍ആനും ഹദീസും വിശദീകരിക്കുന്നതിലുണ്ടായ അഭിപ്രായാന്തരങ്ങള്‍ പ്രമാണങ്ങളുടെ വ്യത്യസ്ത വായനകള്‍ക്കുള്ള സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പരസ്പരം അധിക്ഷേപിക്കാനോ ദുഷ്പ്രചാരണം നടത്താനോ മറുവീക്ഷണക്കാരെ ദീനീ വൃത്തത്തില്‍ നിന്ന് പുറത്താക്കാനോ വിവേകമതികളായ പൂര്‍വികമഹത്തുക്കള്‍ അതിനെ ഉപയോഗപ്പെടുത്തുകയുണ്ടായില്ല. ദീനിന്റെ വിശാലതയുടെ സാക്ഷ്യങ്ങളായി അവയെ അടയാളപ്പെടുത്തുകയാണ് അവര്‍ ചെയ്തത്. ഖലീഫ ഉമറുബ്‌നുഅബ്ദില്‍ അസീസിന്റെ വാക്കുകള്‍ ഏറെ പ്രസക്തമാണ്. ''പ്രവാചകന്റെ സ്വഹാബിമാര്‍ക്കിടയില്‍ വീക്ഷണ വൈജാത്യങ്ങള്‍ ഇല്ലാതിരിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. കാരണം, ഒരേ ഒരു അഭിപ്രായമേ ഉള്ളുവെങ്കില്‍ ജനങ്ങള്‍ പ്രയാസപ്പെട്ടു പോകും. നാം പിന്തുടരേണ്ട നേതാക്കളാണ് സ്വഹാബിമാര്‍. അവരിലൊരാളുടെ അഭിപ്രായം ഒരു വ്യക്തിക്ക് പിന്തുടരാന്‍ സാധിച്ചാല്‍ അതില്‍ ഒരു വിശാലതയുണ്ടാകും.'' (ജാമിഉബയാനില്‍ ഇല്‍മി വ ഫള്‌ലുഹു 2/9). ഖാസിമുബ്‌നു മുഹമ്മദ് പറഞ്ഞതിപ്രകാരമാണ്: ''സ്വഹാബിമാര്‍ക്കിടയിലെ വീക്ഷണ വൈജാത്യങ്ങള്‍ വഴി തീര്‍ച്ചയായും അല്ലാഹു നമുക്ക് പ്രയോജനകരമായ കാര്യമാണ് ചെയ്തിരിക്കുന്നത്. സ്വഹാബിമാരിലൊരാളെ പിന്‍പറ്റി ഒരു പ്രവൃത്തി ചെയ്യുന്ന വ്യക്തിക്ക് അതിലൊരു വിശാലത അനുഭവപ്പെടും. ഒരു സ്വഹാബിയില്‍ കണ്ട നന്മയാണല്ലോ അയാള്‍ ചെയ്തിരിക്കുന്നത്.'' (Ibid 2/78) ഇമാം ബൈഹഖി സ്വഹാബിവര്യനായ അനസി(റ)ല്‍ നിന്ന് ഉദ്ധരിക്കുന്നതിങ്ങനെ; അനസ്(റ) പറയുന്നു: ''ഞങ്ങള്‍, പ്രവാചകന്റെ സഖാക്കള്‍ യാത്ര പോകും, നോമ്പെടുത്തവനും നോമ്പുപേക്ഷിച്ചവനും ഞങ്ങളിലുണ്ടാകും. നമസ്‌കാരം പൂര്‍ത്തിയായി ചെയ്യുന്നവരും, ചുരുക്കി നിര്‍വഹിക്കുന്നവരും ഞങ്ങളിലുണ്ടാകും. നോമ്പെടുക്കുന്നവന്‍ നോമ്പുപേക്ഷിച്ചവനെ ആക്ഷേപിക്കില്ല; തിരിച്ചും. നമസ്‌കാരം ചുരുക്കിയവന്‍ പൂര്‍ണമായി നിര്‍വഹിക്കുന്നവനെയോ തിരിച്ചോ ആക്ഷേപിക്കില്ല'' (സുനനുല്‍ കുബ്‌റ).

അഹ്‌ലുസുന്നത്തി വല്‍ജമാഅത്തും വീക്ഷണവ്യത്യാസങ്ങളും
വിശ്വാസകാര്യങ്ങളുടെ വിശദാംശങ്ങളില്‍ മുസ്‌ലിം സമൂഹത്തില്‍ ഭിന്നനിലപാടുകളുണ്ട്. അഖീദയില്‍, അഹ്‌ലുസുന്നത്തിവല്‍ജമാഅത്ത് അംഗീകരിച്ച അശ്അരി, മാതുരീദി, ഹമ്പലി സരണികള്‍ തമ്മില്‍ പല വ്യത്യാസങ്ങളും കാണാം. അശ്അരിയ്യത്തിന് അകത്തുള്ള പണ്ഡിതന്മാര്‍ക്കു തന്നെ എല്ലാ വിഷയങ്ങളിലും ഒരേ നിലപാടല്ല ഉള്ളത്. ഹമ്പലിയത്തും അശ്അരിയത്തും തമ്മിലും പ്രകടമായ അന്തരങ്ങളുണ്ട്. ഇതൊന്നും പക്ഷേ, ദീനില്‍ നിന്ന് പുറത്തുപോകും വിധം അടിസ്ഥാനങ്ങളെ നിഷേധിക്കുന്നതല്ല; അടിസ്ഥാനങ്ങളുടെ വിശദീകരണങ്ങളിലും വ്യാഖ്യാനങ്ങളിലുമാണ്.
കര്‍മശാസ്ത്രത്തില്‍ (ഫിഖ്ഹ്) ഉള്ള അഭിപ്രായാന്തരങ്ങളാകട്ടെ ഇതിലേറെയുണ്ട്. അഹ്‌ലുസുന്നത്ത് അംഗീകരിച്ചിട്ടുള്ള പ്രമുഖമായ നാലു മദ്ഹബുകള്‍ മാലികി, ഹമ്പലി, ശാഫിഈ, ഹനഫി എന്നിവയാണ്. അവക്കു പുറമെ ളാഹിരി, ഇബാദി തുടങ്ങി വേറെയും മദ്ഹബുകളുണ്ട്. ഒരേ വിഷയത്തില്‍ തന്നെ പരസ്പരവിരുദ്ധ നിലപാടുകളുണ്ട് നാല് പ്രമുഖ മദ്ഹബുകള്‍ക്കും. സുബ്ഹ് നമസ്‌കാരത്തിലെ ഖുനൂത്ത്, ആഭരണങ്ങളുടെ സകാത്ത്, രക്തമൊലിച്ചാല്‍ വുദൂവിന്റെ സാധുത തുടങ്ങിയ വിഷയങ്ങളില്‍ ഇമാം ശാഫിഈ, അബൂഹനീഫ, മാലിക്(റ) തുടങ്ങിയവര്‍ പുലര്‍ത്തുന്ന വിരുദ്ധ നിലപാടുകള്‍ ഉദാഹരണം. സ്വഹാബിമാര്‍ക്കിടയില്‍ കര്‍മശാസ്ത്ര വിഷയങ്ങളിലുണ്ടായിരുന്ന അഭിപ്രായ ഭിന്നതകളുടെ തുടര്‍ച്ചയാണ് ഇത്. ഒരു മദ്ഹബില്‍ തന്നെ പിന്നീട് രംഗത്ത് വന്ന പണ്ഡിതന്മാര്‍ക്കിടയില്‍ പല വിഷയങ്ങളിലും അഭിപ്രായാന്തരങ്ങള്‍ കാണാം. ഗുരുനാഥന്മാരുടെ അഭിപ്രായങ്ങളെ ഖണ്ഡിച്ച ശിഷ്യഗണങ്ങള്‍ മദ്ഹബുകള്‍ക്കകത്തു തന്നെയുണ്ട്. എന്നിട്ടും അവരെല്ലാം അഹ്‌ലുസുന്നത്തി വല്‍ജമാഅത്തിന് ഉള്ളില്‍ തന്നെയാണ് (വിശദാംശങ്ങള്‍ക്ക് ഐ.പി.എച്ച് പ്രസിദ്ധീകരിച്ച കര്‍മശാസ്ത്ര ഭിന്നതകള്‍ ചരിത്രവും സമീപനവും, മുസ്‌ലിം ഐക്യം സാധ്യതയും സാധുതയും എന്നീ കൃതികള്‍ കാണുക).
കര്‍മശാസ്ത്രത്തിലെ ഭിന്നവീക്ഷണങ്ങളില്‍ ഏതെങ്കിലുമൊരു അഭിപ്രായം മാത്രം അംഗീകരിക്കുകയും മറ്റുള്ളവയെല്ലാം തെറ്റെന്നു പറഞ്ഞ് തള്ളിപ്പറയുകയും എതിര്‍വീക്ഷണക്കാരെ തങ്ങളുടെ വൃത്തത്തിന് പുറത്തു നിര്‍ത്തുകയുമല്ല അഹ്‌ലുസ്സുന്നത്തിവല്‍ ജമാഅത്തിന്റെ സമീപനം. മറിച്ച് വീക്ഷണ വ്യത്യാസങ്ങളെ ഉള്‍ക്കൊള്ളുകയാണ്. അതുകൊണ്ടാണ് പരസ്പരവിരുദ്ധമായ കര്‍മശാസ്ത്ര നിലപാടുള്ള ശാഫി, ഹനഫി, ഹമ്പലി, മാലികി മദ്ഹബുകള്‍ അഹ്‌ലുസുന്നത്തിവല്‍ ജമാഅത്തിന് അകത്തുതന്നെ നിലകൊള്ളുന്നത്, ഫിഖ്ഹില്‍ ഒരഭിപ്രായം മാത്രം അംഗീകരിക്കുക എന്നതാണ് നിലപാടെങ്കില്‍ ഒരു മദ്ഹബ് സ്വീകരിച്ച് മറ്റു മൂന്ന് മദ്ഹബുകളെയും അഹ്‌ലുസുന്നയുടെ വൃത്തത്തില്‍നിന്ന് പുറത്താക്കേണ്ടതാണ്. ഇമാം അബൂഹനീഫയും അനുയായികളും അഹ്‌ലുസുന്നയുടെ പുറത്താണെന്ന് ശാഫിഈ മദ്ഹബുകാര്‍ക്കോ, തിരിച്ചോ അഭിപ്രായമില്ലല്ലോ. കര്‍മശാസ്ത്രത്തിന്റെ വിശദാംശങ്ങളില്‍ അനുവദിക്കപ്പെട്ടിട്ടുള്ള വിശാലവീക്ഷണങ്ങള്‍ അംഗീകരിച്ച് പ്രവര്‍ത്തിക്കുകയും അത്തരം ധാരകളെയെല്ലാം ഒരേ സമയം ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ കാഴ്ചപ്പാട് അതുകൊണ്ട് തന്നെ അഹ്‌ലുസുന്നത്തി വല്‍ജമാഅത്തിന്റെ ശരിയായ നിലപാടാണെന്ന് മനസിലാക്കാം. മാത്രമല്ല, വിവിധ കര്‍മശാസ്ത്രസരണികളെയെല്ലാം, ഇജ്തിഹാദിന്റെ പേരില്‍ അപ്പാടെ നിരാകരിക്കുന്നത് ഇസ്‌ലാമിക സമൂഹത്തിന്റെ നീണ്ട വൈജ്ഞാനിക പാരമ്പര്യത്തെ തള്ളിപ്പറയലാണ്.അത്തരമൊരു നിഷേധാത്മക സമീപനത്തോടെ ആരംഭിക്കുന്ന 'സ്വതന്ത്ര ഇജ്തിഹാദാ'കട്ടെ പലപ്പോഴും അരാജകത്വത്തിനു കാരണമാവുകയും ചെയ്യുന്നു. കേരളത്തിലെ പല മതസംഘടനകളെയും ആഭ്യന്തര ശൈഥില്യത്തിലേക്ക് നയിച്ചതില്‍ 'സ്വതന്ത്ര ഇജ്തിഹാദി'ലൂടെ ഉണ്ടായ അരാജകത്വം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
അഭിപ്രായാന്തരങ്ങളെയെല്ലാം നിഗ്രഹിച്ചുകൊണ്ട്, ഒരേയൊരു കാഴ്ചപ്പാടും വ്യാഖ്യാനവും ശരി എന്ന ഏകശിലാത്മകവാദം ഇസ്‌ലാമിക ദര്‍ശനം തിരസ്‌കരിക്കുന്നുവെന്നാണ് ഈ ചരിത്ര വസ്തുതകള്‍ അടിവരയിടുന്നത്. ഒരു ചെടി മാത്രം വളരുകയും ഒരേ പൂവു മാത്രം വിരിയുകയും ചെയ്യുന്ന പൂന്തോട്ടത്തിന്റെ സൗന്ദര്യവും സൗരഭ്യവും അനാകര്‍ഷകമാണെന്ന പോലെയാണ് ഏകശിലാത്മകതയെ ഇസ്‌ലാം കാണുന്നത്. മൗലിക വിഷയങ്ങള്‍ അംഗീകരിച്ച ശേഷം വിശാദംശങ്ങളിലെ വീക്ഷണ വൈജാത്യങ്ങളുടെ അടിസ്ഥാനത്തില്‍ രൂപം കൊള്ളുന്ന ആശയവൈവിധ്യതയെ സംഘര്‍ഷത്തിലേക്ക് നയിക്കുന്ന വൈരുധ്യങ്ങളായല്ല, സൗന്ദര്യാത്മക നാനാത്വമായാണ് ഇസ്‌ലാം കാണുന്നത്. ''സ്വഹാബികളുടെ ഏകോപിതാഭിപ്രായങ്ങള്‍ (ഇജ്മാഅ്) ഖണ്ഡിതമായ തെളിവാണ്. അവരുടെ വീക്ഷണ വ്യത്യാസങ്ങള്‍ അനുഗ്രഹവും വിശാലതയുമാണ്'' എന്ന് പണ്ഡിതന്മാര്‍ പ്രഖ്യാപിച്ചതും അതുകൊണ്ടുതന്നെ. ഈ യാഥാര്‍ഥ്യം ചരിത്രത്തിലെ മഹാരഥന്മാരായ എല്ലാ പണ്ഡിതന്മാരും അംഗീകരിച്ചിട്ടുണ്ട്. ഇബ്‌നുല്‍ ഖയ്യിം പറയുന്നു: ''നാശത്തിനും കുഴപ്പത്തിനും കാരണമാകാതിരിക്കുകയും ഉദ്ദേശ്യം അല്ലാഹുവിനെയും പ്രവാചകനെയും അനുസരിക്കലുമാണെങ്കില്‍ വീക്ഷണവ്യത്യാസങ്ങള്‍ ഉപദ്രവകരമല്ല. മനുഷ്യസമൂഹത്തിന്റെ വളര്‍ച്ചയില്‍ അത് അനിവാര്യമാണ്. അടിസ്ഥാനങ്ങളും ഉദ്ദേശ്യലക്ഷ്യങ്ങളും തെരഞ്ഞെടുക്കുന്ന വഴികളും ഒന്നായാല്‍ അഭിപ്രായ ഭിന്നത ഉണ്ടാകില്ല. എന്നാല്‍, അഭിപ്രായ ഭിന്നതകള്‍ സംഭവിച്ചാല്‍ അത് സ്വഹാബികള്‍ക്കിടയിലെ വീക്ഷണ വ്യത്യാസങ്ങള്‍പോലെയാണ്, അത് ഉപദ്രവകരമാവുകയുമില്ല'' (അസ്വവാഇഖുല്‍ മുര്‍സല: 2/519). ഈ തിരിച്ചറിവും യാഥാര്‍ഥ്യബോധവുമാണ് ഇസ്‌ലാമിനെ എന്നും മുന്നോട്ടു നയിച്ചിട്ടുള്ളത്. ഇസ്‌ലാമിക നാഗരികതയെ പുഷ്‌കലമാക്കിയ ചിന്താരീതികളും ആശയധാരകളും അനേകം കൈവഴികളിലൂടെ ചരിത്രത്തില്‍ ഒഴുകിപ്പരക്കുകയായിരുന്നു. അവയെല്ലാം ഒരേ സ്രോതസില്‍ നിന്നാണ് ഉത്ഭവിച്ചത്. ഒരേ ലക്ഷ്യത്തിലേക്കാണ് ഒഴുകി പോകുന്നത്. ആ കൈവഴികളെല്ലാം അടച്ചുപൂട്ടി ഒറ്റ നദി മാത്രമാക്കുക അസാധ്യമാണ്. ഒരുപാട് നദികള്‍ ഒഴുകിച്ചേരുമ്പോഴാണ് സമുദ്രമുണ്ടാകുന്നത്. ഇസ്‌ലാമിക വിജ്ഞാന മണ്ഡലം സാഗരസമാനം തിരയടിക്കുന്നതും അതുകൊണ്ടുതന്നെ.

അഭിപ്രായ ഭിന്നതകള്‍ രണ്ടു വിധം
ഇസ്‌ലാമിക സമൂഹത്തിനകത്തെ അഭിപ്രായ ഭിന്നതകള്‍ രണ്ടുവിധത്തിലുള്ളവയാണ്. ഒന്ന്, അനുവദനീയം (അല്‍ ഇഖ്തിലാഫുല്‍ മശ്‌റൂഅ്) രണ്ട്, ആക്ഷേപാര്‍ഹം (അല്‍ ഇഖ്തിലാഫുല്‍ മദ്മൂം).
പ്രമാണങ്ങളിലൂടെ ഖണ്ഡിതമായി സ്ഥാപിക്കപ്പെട്ടതും ചരിത്രത്തിലുടനീളം മുസ്‌ലിം ഉമ്മത്ത് ഏക കണ്ഠമായി അംഗീകരിച്ചതുമായ അടിസ്ഥാന വിഷയങ്ങളില്‍ (ഉസ്വൂല്‍) അഭിപ്രായാന്തരങ്ങള്‍ക്ക് പഴുതില്ല. എന്നാല്‍ ഗവേഷണത്തിന് (ഇജ്തിഹാദ്) അനുവാദമുള്ള ശാഖാ പ്രശ്‌നങ്ങളില്‍ (ഫുറൂഅ്) ഭിന്നവീക്ഷണങ്ങള്‍ ഇസ്‌ലാം അനുവദിച്ചിട്ടുണ്ട്. കര്‍മശാസ്ത്രത്തിലും (ഫിഖ്ഹ്) ചിന്താപരവും (ഫിക്‌രിയ്യ), രാഷ്ട്രീയപരവും (സിയാസിയ്യ) ആയ വിഷയങ്ങളിലും ഉള്ള അഭിപ്രായാന്തരങ്ങള്‍ ഈ ഗണത്തില്‍ പെടുന്നു. അഖീദയുമായി ബന്ധപ്പെട്ട വിശദാംശങ്ങളിലും വീക്ഷണവ്യത്യാസങ്ങള്‍ ഉണ്ടാകാം. നിയമനിര്‍മാണത്തിന്റെയും ഭരണത്തിന്റെയും അടിസ്ഥാന സ്രോതസ് അല്ലാഹുവിന്റെ നിയമങ്ങളാണ് എന്ന് അംഗീകരിച്ച ശേഷം, തെരഞ്ഞെടുപ്പ്, ഭരണ നിര്‍വഹണം തുടങ്ങിയ വിഷയങ്ങളിലെ വ്യത്യസ്ത സമീപനങ്ങളാണ് രാഷ്ട്രീയത്തില്‍ ഇസ്‌ലാം അംഗീകരിച്ചിട്ടുള്ളത്.
ഇജ്തിഹാദിന് അനുവാദമുള്ള കര്‍മശാസ്ത്ര പ്രശ്‌നങ്ങളിലെ അഭിപ്രായാന്തരങ്ങള്‍ക്ക് ചരിത്രത്തില്‍ ധാരാളം ഉദാഹരണങ്ങള്‍ ഉണ്ട്. സ്വഹാബികള്‍ക്കിടയില്‍ നിലനിന്നിരുന്ന വ്യത്യസ്ത വീക്ഷണങ്ങള്‍, താബിഉകളുടെയും അവരുടെ അടുത്ത തലമുറയുടെയും കാലത്തോടെ കൂടുതല്‍ വളരുകയാണുണ്ടായത്. പിന്നീട്, നാഗരിക വികാസത്തോടെ അഭിമുഖീകരിക്കേണ്ടിവന്ന പുതിയ പ്രശ്‌നങ്ങള്‍ക്ക് വിധി കണ്ടെത്താനായി നടത്തിയ ഗവേഷണങ്ങളും അഭിപ്രായാന്തരങ്ങള്‍ക്ക് കാരണമായി. ഇന്ന് നാം അഭിമുഖീകരിക്കുന്ന ഒട്ടേറെ വിഷയങ്ങള്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കര്‍മശാസ്ത്ര പണ്ഡിതര്‍ നല്‍കുന്ന ഫത്‌വകളില്‍ പല അന്തരങ്ങളും കാണാനാകും. ഇജ്തിഹാദീ വിഷയങ്ങളിലുള്ള ഈ വൈജാത്യങ്ങള്‍ ഒരു യാഥാര്‍ഥ്യമാണ്. അതുകൊണ്ടുതന്നെ ദീന്‍ അത് അനുവദിക്കുകയും ചെയ്തു. സര്‍വാംഗീകൃതമായ തത്ത്വമാണിത്. ഇത്തരം അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ ഒരാളും മറ്റൊരാളെ ആക്ഷേപിക്കാനോ കുറ്റപ്പെടുത്താനോ തെറ്റു ചെയ്തവനായി മുദ്രകുത്താനോ പാടില്ല. ഇമാം ഇബ്‌നു തൈമിയ്യ പറയുന്നു: ''വിധികളില്‍(അഹ്കാം) ഉള്ള ഭിന്നാഭിപ്രായങ്ങള്‍ എണ്ണി കണക്കാക്കാനാകത്തത്രയുമുണ്ട്. രണ്ട് മുസ്‌ലിം സഹോദരന്മാര്‍ ഒരു വിഷയത്തില്‍ ഭിന്നാഭിപ്രായം പുലര്‍ത്തുകയും അതിന്റെ പേരില്‍ പരസ്പരം അധിക്ഷേപിക്കുകയുമാണെങ്കില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഒരുമയും സാഹോദര്യവും നിലനില്‍ക്കുകയില്ല'' (മജ്മൂഉല്‍ ഫതാവാ 24/173). മദീനയിലെ ഏഴ് പ്രമുഖ പണ്ഡിതരിലൊരാളായിരുന്ന ഖാസിമുബ്‌നു മുഹമ്മദ് നമസ്‌കാരത്തില്‍ ഇമാമിനു ശേഷം ഫാത്തിഹ ഓതുന്ന വിഷയത്തില്‍ പറയുകയുണ്ടായി, ''നീ ഫാത്തിഹ ഓതിയാല്‍, പ്രവാചകന്റെ സഖാക്കളില്‍ നിനക്ക് മാതൃകയുണ്ട്. നീ ഫാത്തിഹ ഓതുന്നില്ലെങ്കിലും സ്വഹാബികളില്‍ നിനക്ക് തെളിവുണ്ട്'' (ജാമിഉ ബയാനില്‍ ഇല്‍മ് 2/80).
എന്നു മാത്രമല്ല, ഒരു വിഷയത്തില്‍ ഒരഭിപ്രായം പുലര്‍ത്തുന്ന പണ്ഡിതന്‍, അതേ വിഷയത്തില്‍ മറ്റൊരു വീക്ഷണമുള്ള മദ്ഹബ് പിന്തുടരാന്‍ അനുവാദം നല്‍കിയതും കാണാം. ഇമാം ഇബ്‌നു തൈമിയ്യ പറയുന്നു: ''വലിയ അശുദ്ധി ഉള്ളവനാണെന്ന കാര്യം മറന്നുകൊണ്ട് ഒരാള്‍ ഇമാമായി നമസ്‌കരിച്ചു. പിന്നീട് അത് ഓര്‍മ വരികയും ചെയ്തു. എങ്കില്‍ ഇമാം വീണ്ടും നമസ്‌കരിക്കണം, മഅ്മൂമുകള്‍ നമസ്‌കരിക്കേണ്ടതില്ല. ഇതാണ് മദീനക്കാരുടെ മദ്ഹബ്. എന്നാല്‍, അബൂഹനീഫയുടെ വീക്ഷണമനുസരിച്ച് ഇമാമും മഅ്മൂമും നമസ്‌കാരം വീണ്ടും നിര്‍വഹിക്കണം. ഇമാം അബൂഹനീഫയുടെ പക്ഷക്കാരനായ അബൂയൂസുഫിന് ഇത്തരമൊരു അനുഭവമുണ്ടായി. ഖലീഫയുടെ പകരക്കാരനായി ഒരിക്കല്‍ അദ്ദേഹം ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കി. തനിക്ക് വലിയ അശുദ്ധി ഉണ്ടായിരുന്നുവെന്ന കാര്യം പിന്നീടാണ് അദ്ദേഹം ഓര്‍ത്തത്. അദ്ദേഹം വീണ്ടും നമസ്‌കരിച്ചു. പക്ഷേ, ജനങ്ങളോട് നമസ്‌കരിക്കാന്‍ ആവശ്യപ്പെട്ടില്ല. എന്തുകൊണ്ട് ജനങ്ങളോട് നിര്‍ദേശിച്ചില്ല എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെ: നമുക്ക് ഒരു കാര്യം പ്രയാസകരമായിത്തീര്‍ന്നാല്‍ നാം മദീനക്കാരായ നമ്മുടെ സഹോദരങ്ങളുടെ അഭിപ്രായം സ്വീകരിക്കും'' (മജ്മൂഉല്‍ ഫതാവ 20/364,365).
സ്വന്തം വീക്ഷണം മാറ്റിവെച്ചുകൊണ്ട് ഇമാം ശാഫിഈ കാണിച്ച മാതൃക മഹത്തരമാണ്. ഇറാഖില്‍ ചെന്നപ്പോള്‍ ഇമാം അബൂഹനീഫയുടെ അഭിപ്രായം മാനിച്ച് സുബ്ഹ് നമസ്‌കാരത്തിലെ ഖുനൂത്ത് ഉപേക്ഷിക്കുകയായിരുന്നു ഇമാം ശാഫിഈ. ഇജ്തിഹാദീ വിഷയങ്ങളിലെ ഭിന്നാഭിപ്രായങ്ങള്‍ക്ക് അത്ര ഗൗരവമേ അവര്‍ നല്‍കിയിരുന്നുള്ളൂ. എന്നാല്‍, കര്‍മശാസ്ത്രത്തിലെ അനുവദിക്കപ്പെട്ട അഭിപ്രായ ഭിന്നതകള്‍ പോലും അംഗീകരിക്കാനും സഹിഷ്ണുതയോടെ കാണാനും കഴിയാത്ത സങ്കുചിതത്വവും പക്ഷപാതിത്വവും ചിലര്‍ പുലര്‍ത്തുന്നു. മദ്ഹബിന്റെ മഹാന്മാരായ ഇമാമുമാര്‍ക്ക് ശേഷം രംഗത്തുവന്ന ചില അനുയായികള്‍ കടുത്ത മദ്ഹബ് പക്ഷപാതികളും എതിര്‍ വീക്ഷണക്കാരോട് വിരോധമുള്ളവരുമായി മാറിയതിന്റെ വേദനിപ്പിക്കുന്ന ഉദാഹരണങ്ങള്‍ ചരിത്രത്തിലുണ്ട്. വര്‍ത്തമാനകാലത്താകട്ടെ, അതിന്റെ അപകടകരമായ ആവര്‍ത്തനമാണ് ചില മത സംഘടനകളില്‍നിന്നും നേതാക്കളില്‍നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നിര്‍വഹിച്ചാലും ഉപേക്ഷിച്ചാലും നമസ്‌കാരത്തിന് ഭംഗം വരാത്ത സുബ്ഹ് നമസ്‌കാരത്തിലെ ഖുനൂത്തിനെക്കുറിച്ച്, അത് ചൊല്ലുന്നത് വ്യഭിചാരത്തേക്കാള്‍ വലിയ പാപമാണെന്ന് പ്രസംഗിക്കാന്‍ മത പ്രഭാഷകര്‍ ധൃഷ്ടരാകുന്നത് എന്തുമാത്രം വേദനാജനകമാണ്.
അഭിപ്രായാന്തരങ്ങള്‍ ഇല്ലാത്തതും ഖണ്ഡിതമായി സ്ഥാപിക്കപ്പെട്ടതുമായ ദീനിന്റെ അടിസ്ഥാന വിഷയങ്ങള്‍ നിഷേധിക്കുന്നത് അധിക്ഷേപാര്‍ഹമായ മാര്‍ഗഭ്രംശമായിത്തീരും. എന്നാല്‍, അടിസ്ഥാന വിഷയങ്ങള്‍ അംഗീകരിച്ച ശേഷം അവയുടെ വിശദാംശങ്ങളിലും പ്രയോഗവത്കരണത്തിലും പല വിധത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകാം. ചിലത് ഏറെ ഗൗരവമുള്ള തെറ്റും തിരുത്തപ്പെടേണ്ടതുമായിരിക്കും. എന്നാല്‍, അവയെ എങ്ങനെ തിരുത്തണം എന്നത് പ്രധാനപ്പെട്ട വിഷയമാണ്. മുസ്‌ലിം സമൂഹത്തിനകത്തുള്ള ഗൗരവതരമായ പിഴവുകളെ സമീപിക്കേണ്ട രീതി എന്താണെന്ന് ഖുര്‍ആനും പ്രവാചകചര്യയും പഠിപ്പിച്ചിട്ടുണ്ട്. അത് നയപരമായ വിഷയമാണ്. മൗലികമായി ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങള്‍ അംഗീകരിച്ച ശേഷം സംഭവിക്കുന്ന വിശ്വാസപരവും കര്‍മപരവുമായ വൈകല്യങ്ങള്‍ തിരുത്തുന്നതില്‍ തികഞ്ഞ ജാഗ്രതയും കവിഞ്ഞസൂക്ഷ്മതയും പുലര്‍ത്തേണ്ടതുണ്ട്. ഖുര്‍ആന്‍ പറയുന്ന യുക്തിബോധവും സദുപദേശവും മുറുകെപ്പിടിക്കണം. തെറ്റു ചെയ്യുന്നവരെ കൂടുതല്‍ തെറ്റിലേക്ക് തള്ളിവിടുന്ന വിധം പ്രകോപനപരമായ ശൈലി സ്വീകരിക്കരുത്. അവരെ മുസ്‌ലിം സമൂഹത്തിന്റെ ഭാഗമായി കണ്ട് സാഹോദര്യം നിലനിര്‍ത്തി വേണം മുന്നോട്ടുപോകാന്‍. സത്യനിഷേധവും വ്യതിചലനവും രണ്ടാണെന്നോര്‍ക്കണം. മുസ്‌ലിം സമുദായത്തിന്റെ ആഭ്യന്തര ശൈഥില്യത്തിനും ശത്രുതാപരമായ കക്ഷിത്വത്തിനും നാശഹേതുവാകുന്ന കലഹത്തിനും കാരണമാകുന്ന വിധം പ്രവര്‍ത്തിക്കരുത്. സാഹോദര്യവും സ്‌നേഹബന്ധവും തകര്‍ക്കുംവിധം പെരുമാറരുത്. അപ്പോഴാണ് വിയോജിപ്പുകള്‍ അധിക്ഷേപാര്‍ഹമാകുന്നത്.
തെറ്റ് തിരുത്തുന്നതില്‍ അനുകരണീയ മാതൃകയാണ് പ്രവാചകന്‍ ഹാറൂന്‍ (അ) സ്വീകരിച്ചിരുന്നതെന്ന് ഖുര്‍ആന്‍ പറയുന്നു. മൂസാ നബി(അ) തൗറാത്ത് വാങ്ങാന്‍ പോയപ്പോള്‍ പശുക്കുട്ടിയെ ആരാധിക്കാന്‍ തുടങ്ങി ബനൂ ഇസ്രാഈല്യരിലെ ചില മുസ്‌ലിംകള്‍. ഹാറൂന്‍ നബിയുടെ സാന്നിധ്യത്തിലായിരുന്നു ഇത്. മൂസാ തിരിച്ചുവന്നപ്പോള്‍ രംഗം കണ്ട് ക്ഷുഭിതനായി. ഖുര്‍ആന്‍ സംഭവം വിവരിക്കുന്നതിങ്ങനെ: ''മൂസാ ചോദിച്ചു: ഹാറൂന്‍, ഇവര്‍ വഴിപിഴച്ചു പോകുന്നത് കണ്ടപ്പോള്‍ എന്നെ പിന്തുടരുന്നതില്‍ നിന്ന് നിന്നെ തടഞ്ഞതെന്ത്? നീ എന്റെ കല്‍പന ധിക്കരിക്കുകയായിരുന്നോ? ഹാറൂന്‍ പറഞ്ഞു: എന്റെ മാതാവിന്റെ മകനേ, നീയെന്റെ താടിയും തലമുടിയും പിടിച്ചു വലിക്കല്ലേ. 'നീ ഇസ്രാഈല്‍ മക്കള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി, എന്റെ വാക്കിന് കാത്തിരുന്നില്ല' എന്ന് പറയുമെന്ന് ഞാന്‍ ഭയപ്പെട്ടു.'' (ത്വാഹാ 93,94).
അടിസ്ഥാനപരമായി തൗഹീദ് അംഗീകരിച്ച മുസ്‌ലിംകളില്‍നിന്ന് സംഭവിച്ച വിശ്വാസ വൈകല്യം നിസ്സാരമായിരുന്നില്ല. സാമിരിയുടെ ദുര്‍ബോധനത്തില്‍ പെട്ട്, പ്രത്യക്ഷത്തില്‍ ശിര്‍ക്കുതന്നെയാണവര്‍ ചെയ്തത്. പക്ഷേ, മുസ്‌ലിംകളുടെ ഗുരുതരമായ ഒരു വൈകല്യം എങ്ങനെ കൈകാര്യം ചെയ്യണം എന്നതായിരുന്നു പ്രശ്‌നം. ഭിന്നിപ്പ് (ഫിര്‍ഖത്ത്) ഉണ്ടാക്കാതെ തെറ്റ് തിരുത്താന്‍ ശ്രമിക്കുക എന്നതായിരുന്നു ഹാറൂന്‍ നബിയുടെ സമീപനം. മൂസാ അത് അംഗീകരിച്ചതായാണ് ഖുര്‍ആന്‍ വിവരണത്തില്‍നിന്ന് മനസ്സിലാകുന്നത്. അത് തെറ്റായിരുന്നുവെന്ന് ഖുര്‍ആന്‍ പറയുന്നുമില്ല. അതേസമയം, ഹാറൂന്‍ അതിനെതിരെ നിശ്ശബ്ദനായിരുന്നുമില്ല. ''ഹാറൂന്‍ നേരത്തേ തന്നെ അവരോടിങ്ങനെ പറഞ്ഞിരുന്നു. എന്റെ ജനമേ, ഈ കാളക്കിടാവ് വഴി നിങ്ങള്‍ പരീക്ഷിക്കപ്പെടുകയാണ്. നിങ്ങളുടെ നാഥന്‍ പരമകാരുണികനാണ്. അതിനാല്‍ എന്നെ പിന്‍പറ്റുക. തന്റെ കല്‍പനയനുസരിക്കുക'' (ത്വാഹാ 90). വിയോജിപ്പ് പ്രകടിപ്പിക്കുന്നതിലും തെറ്റുതിരുത്തുന്നതിലും സഹിഷ്ണുതാ പൂര്‍ണവും ഗുണകാംക്ഷാ നിര്‍ഭരവുമായ ഇത്തരം ശൈലികളാണ് വിവേകം. അതിനപ്പുറം സമുദായത്തിന്റെ കെട്ടുറപ്പ് തകര്‍ത്ത് ശൈഥില്യം വിതക്കുന്ന രീതി അധിക്ഷേപാര്‍ഹമാണ്. ''തങ്ങളുടെ മതത്തില്‍ പിളര്‍പ്പുണ്ടാക്കുകയും വിവിധ കക്ഷികളായി പിരിയുകയും ചെയ്തവരുമായി നിനക്കൊരു ബന്ധവുമില്ല; തീര്‍ച്ച. അവരുടെ കാര്യം അല്ലാഹുവിങ്കലാണ്'' (അല്‍അന്‍ആം 159).
അഭിപ്രായാന്തരങ്ങള്‍ അധിക്ഷേപാര്‍ഹമായി മാറുന്നത്, സ്വാര്‍ഥ താല്‍പര്യങ്ങള്‍ കടന്നുവരികയും തദടിസ്ഥാനത്തില്‍ കക്ഷി മാത്സര്യങ്ങള്‍ വളര്‍ത്തുകയും ചെയ്യുമ്പോഴാണ്. സംഘടനാ സങ്കുചിതത്വം, മേധാവിത്വത്തിനു വേണ്ടിയുള്ള മാത്സര്യം, രാഷ്ട്രീയ താല്‍പര്യങ്ങള്‍, പണ്ഡിതന്മാര്‍ക്കിടയിലെ അസൂയ, മറു വീക്ഷണക്കാരെ അപഹസിച്ച് പരാജയപ്പെടുത്താനുള്ള വാശി, അതിനുവേണ്ടിയുള്ള കുതന്ത്രങ്ങളും ദുഷ്പ്രചാരണങ്ങളും... ഇത്യാദി ദുഷ്പ്രവണതകള്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ സ്വാധീനം നേടുന്നത് ഏറെ അപകടകരമാണ്. ശാഖാപരമായ വിഷയങ്ങള്‍ക്ക് അടിസ്ഥാനങ്ങളുടെയോ അതിലേറെയോ സ്ഥാനം നല്‍കി സ്വാഭിപ്രായം സ്ഥാപിച്ചെടുക്കാനുള്ള ശ്രമവും അധിക്ഷേപാര്‍ഹമായ ഭിന്നതയാണ്. ഇമാം ശാഫിഈയുടെ വാക്കുകള്‍ ശ്രദ്ധിക്കുക: ''ഒരാള്‍ എന്നോട് ചോദിച്ചു: പൗരാണികരും ആധുനികരുമായ പല പണ്ഡിതന്മാര്‍ ചില വിഷയങ്ങളില്‍ ഭിന്നിച്ചിരിക്കുന്നതായി കാണുന്നു. അതിനവര്‍ക്ക് അനുവാദമുണ്ടോ? ഞാന്‍ പറഞ്ഞു: അഭിപ്രായ ഭിന്നത രണ്ടു വിധമുണ്ട്. ഒന്ന്, നിഷിദ്ധമായത്. അയാള്‍ ചോദിച്ചു: എന്താണ് നിഷിദ്ധമായ ഭിന്നത? ഞാന്‍ പറഞ്ഞു: അല്ലാഹു ഖുര്‍ആനിലോ പ്രവാചകന്‍ മുഖേനയോ വ്യക്തമായ പ്രമാണം വഴി ഒരു കാര്യം സ്ഥാപിച്ചുകഴിഞ്ഞാല്‍ അതറിഞ്ഞവന് പിന്നെ അതില്‍ ഭിന്നിക്കാന്‍ അനുവാദമില്ല. എന്നാല്‍ ചിലത്, വ്യാഖ്യാനത്തിനും തുലനത്തിനും (ഖിയാസ്) സാധ്യതയുള്ളതാണ്. അത്തരം വിഷയങ്ങളില്‍ ഒരു പണ്ഡിതന്‍ വ്യാഖ്യാനത്തിനും ഖിയാസിനും സാധ്യതയുള്ള ഒരു അഭിപ്രായത്തിലെത്താം. അതില്‍ മറ്റൊരാള്‍ക്ക് ഭിന്നാഭിപ്രായം ഉണ്ടാകാം. പ്രമാണ വായനയിലുണ്ടായ ഈ ഭിന്നത അദ്ദേഹത്തിന് പ്രയാസകരമായിത്തീരും എന്ന് എനിക്ക് അഭിപ്രായമില്ല.' അയാള്‍ ചോദിച്ചു: ഇങ്ങനെ രണ്ടുതരം ഭിന്നതകള്‍ എന്ന് വേര്‍തിരിക്കാന്‍ താങ്കള്‍ക്ക് വല്ല തെളിവുമുണ്ടോ? ഞാന്‍ വിശദീകരിച്ചു: കക്ഷിത്വത്തെ (ഫിര്‍ഖ) അധിക്ഷേപിച്ചുകൊണ്ട് അല്ലാഹു പറഞ്ഞിട്ടുണ്ട്. ''വ്യക്തമായ പ്രമാണം വന്ന ശേഷമല്ലാതെ വേദക്കാര്‍ ഭിന്നിച്ചിട്ടില്ല'' (അല്‍ബയ്യിന 4). ''വ്യക്തമായ പ്രമാണം വന്ന ശേഷം ഭിന്നിച്ചവരെ പോലെ നിങ്ങള്‍ ആകരുത്'' (ആലുഇംറാന്‍ 105). വ്യക്തമായ തെളിവുള്ള കാര്യത്തിലെ ഭിന്നതയെയാണ് അല്ലാഹു അധിക്ഷേപിച്ചിട്ടുള്ളത്. എന്നാല്‍, ഇജ്തിഹാദ് നിയമവിധേയമായിട്ടുള്ള വിഷയങ്ങളില്‍ അഭിപ്രായ ഭിന്നതയാകാം'' (അര്‍രിസാല, ഇമാം ശാഫിഈ).
ദൗര്‍ഭാഗ്യകരമെന്നു പറയാം കേരളീയ മുസ്‌ലിം സമൂഹത്തില്‍ അഭിപ്രായ ഭിന്നതകളെച്ചൊല്ലിയുള്ള വാദകോലാഹലങ്ങള്‍ ചിലപ്പോള്‍ അനഭിലഷണീയവും ആക്ഷേപകരവുമായ വിതാനത്തിലേക്ക് ആപതിക്കുന്നു. മതമാത്സര്യത്തിന്റെ ഘോരഗര്‍ജനങ്ങള്‍ മുഴങ്ങുന്ന സംഘടനാ വേദികളും 'ശത്രുവിനെ'തിരെ വില്ല് കുലച്ചുനില്‍ക്കുന്ന മത നേതാക്കളും മനസ്സില്‍ ഭീതി പടര്‍ത്താന്‍ പോന്നതാണ്. വിവേകത്തോടെ തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുന്ന ഹാറൂന്‍ നബിയെ പോലുള്ള പക്വമതികള്‍ എത്ര പേരുണ്ട്? മറു വീക്ഷണക്കാരോടുള്ള ആദരവുകൊണ്ട് സ്വാഭിപ്രായം മാറ്റിവെച്ച ഇമാം ശാഫിഈയെ പോലെ വിശാല മനസ്‌കരായ പണ്ഡിത നേതൃത്വത്തെ എവിടെ കാണാം? ഇമാം ഗസാലി താക്കീത് നല്‍കിയ ദുഷ്ട പണ്ഡിതന്മാര്‍ (ഉലമാഉ സൂഅ്) രംഗം കൈയടക്കുന്നതിനെ നാം പേടിക്കണം. സമുദായത്തിലെ ഓരോ വിഭാഗവും മറുവിഭാഗങ്ങള്‍ക്കെതിരെ സത്യനിഷേധി (കാഫിര്‍), ബഹുദൈവാരാധകന്‍ (മുശ്‌രിക്), പുത്തന്‍വാദി (മുബ്തദിഅ്), ഹദീസ് നിഷേധി തുടങ്ങിയ മുദ്രകള്‍ ചാര്‍ത്താനും ദീനില്‍നിന്ന് പുറത്താക്കാനും ധൃഷ്ടരാകുമ്പോള്‍ ആരാണ് സഹോദരാ, മുസ്‌ലിം സമുദായത്തില്‍ പിന്നെ ബാക്കിയുണ്ടാവുക? ഈ കാളപ്പോരും കോഴിപ്പോരും അവസാനിപ്പിച്ച് നമുക്കെന്നാണ് സ്‌നേഹത്തോടെ സംവദിക്കാനാവുക?
അടുത്ത ലക്കത്തില്‍:
ആശയസംവാദത്തിന്റെ അന്തസുള്ള വഴികള്‍

Comments

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍