Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 29

പൂത്തുലഞ്ഞത് ഇസ്‌ലാമിസ്റ്റ് ഗാനശാഖ

റഹ്മാന്‍ മുന്നൂര്‌

'ഇസ്‌ലാം മലയാളത്തില്‍ പാടുന്നു' എന്ന ശീര്‍ഷകത്തിലുള്ള ജമീല്‍ അഹ്മദിന്റെ ലേഖനം (ലക്കം 14) ശ്രദ്ധേയമായി. ഇസ്‌ലാമിക ഗാനശാഖക്ക് അര്‍ഹിക്കുന്ന ശ്രദ്ധയും പരിഗണനയും ഇതുവരെ ലഭിച്ചിട്ടില്ല. ശ്രദ്ധിച്ചവര്‍ തന്നെ യു.കെ അബൂസഹ്‌ലക്കിപ്പുറത്തേക്കുള്ള അതിന്റെ വികാസത്തെ വേണ്ടവിധം ഗൗനിച്ചിട്ടുമില്ല. ജമീലിന്റെ ലേഖനം ഇവ്വിഷയകമായുള്ള ആദ്യത്തെ ഗൗരവപൂര്‍ണമായ വിലയിരുത്തലാണ്. യു.കെയുടെ ഗാനങ്ങളെ കുറിച്ചുള്ള പി.ടി കുഞ്ഞാലിയുടെ വിശദമായൊരു പഠനം നേരത്തെ വാരികയില്‍ വന്നിരുന്നു. യു.കെക്ക് ശേഷം എന്തു സംഭവിച്ചു എന്ന പരിശോധനക്ക് തീര്‍ച്ചയായും പ്രസക്തിയുണ്ട്.
അതിന് മുമ്പ് ഒരു കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് മനസ്സിലാക്കുന്നു. 'ഇസ്‌ലാമിക ഗാനങ്ങള്‍' എന്നു പറയുമ്പോള്‍ എന്താണ് യഥാര്‍ഥത്തില്‍ അര്‍ഥമാക്കുന്നത്? മാപ്പിളപ്പാട്ടുകളില്‍നിന്ന് 'ഇസ്‌ലാമിക ഗാന'ങ്ങളെ വേര്‍തിരിക്കുന്ന ഘടകങ്ങള്‍ ഏതൊക്കെയാണ്? ഇസ്‌ലാം പ്രമേയമായി വരുന്ന ഗാനങ്ങളൊക്കെയും ഇസ്‌ലാമിക ഗാനങ്ങളാണോ? എങ്കില്‍ ഖാദി മുഹമ്മദ് മുതല്‍ ഒ.എം കരുവാരക്കുണ്ട് വരെയുള്ള മാപ്പിളക്കവികളുടെ മഹാ ഭൂരിഭാഗം രചനകളിലും ഇസ്‌ലാമാണല്ലോ പ്രമേയം. അവയും 'ഇസ്‌ലാമിക ഗാനങ്ങള്‍' എന്ന സംജ്ഞയില്‍ വരുമോ? 'ഇല്ല' എന്നാണ് ഉത്തരമെങ്കില്‍ ഇസ്‌ലാമിക ഗാനങ്ങള്‍ എന്ന ഈ തരംതിരിച്ച പ്രയോഗത്തിനും പഠനത്തിനും പ്രസക്തിയെന്ത്? ഈ ചോദ്യങ്ങളൊന്നും ജമീല്‍ അഹ്മദ് സ്വയം ചോദിക്കുകയോ ഉത്തരം പറയാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ല. ലേഖനത്തിന്റെ ഒടുവില്‍ പേരെടുത്തു പറഞ്ഞ പി.ടി അബ്ദുര്‍റഹ്മാന്‍, എം.എ കല്‍പറ്റ, വി.എം കുട്ടി, എസ്.എ ജമീല്‍, പ്രേം സൂറത്ത് തുടങ്ങിയവരൊക്കെ മാപ്പിളപ്പാട്ട് രചയിതാക്കളായാണ് പരക്കെ അറിയപ്പെടുന്നത്. ഇവരുടെ സമകാലികരും ഇസ്‌ലാം പ്രമേയമായിട്ടുള്ള അനേകം നല്ല ഗാനങ്ങളുടെ കര്‍ത്താക്കളുമായ കാനേഷ് പൂനൂര്, ഒ.എം കരുവാരക്കുണ്ട്, ബാപ്പു വെള്ളിപ്പറമ്പ് തുടങ്ങിയവരുടെ രചനകള്‍ 'ഇസ്‌ലാമിക ഗാന'ശാഖക്ക് പുറത്താണോ?
ഇസ്‌ലാമിക ഗാനങ്ങള്‍ എന്ന ഈ പേര് ആര്, ഏതടിസ്ഥാനത്തില്‍ നല്‍കിയതാണെന്നറിയില്ല. എന്നാല്‍ ആശയക്കുഴപ്പത്തിന് ഇടം നല്‍കുന്ന ഒരു പേരാണ് അതെന്ന് പറയാതെ വയ്യ.
'ഇസ്‌ലാമിക ഗാനങ്ങള്‍' എന്നു പറയുമ്പോള്‍ അര്‍ഥമാക്കുന്നത് പരമ്പരാഗത മാപ്പിളപ്പാട്ടുകളെയോ അവയിലെത്തന്നെ ശുദ്ധ ഇസ്‌ലാമികം എന്ന് പറയാവുന്ന ഗാനങ്ങളെയോ അല്ലെന്ന് വ്യക്തം. ജമീലിന്റെ ലേഖനത്തിന്റെ ആദ്യഭാഗത്ത് നിന്ന് ഇക്കാര്യം വ്യക്തമാകുന്നുണ്ട്.
നേര്‍ക്കുനേരെ പറയുമ്പോള്‍ ഇസ്‌ലാമിക വിഷയങ്ങള്‍ ഇതിവൃത്തമായുള്ള ഏതു ഗാനവും 'ഇസ്‌ലാമിക ഗാനങ്ങള്‍' എന്ന പേരിന്റെ വരുതിയില്‍ വരും. പക്ഷേ, ആ പേര് ഉപയോഗിക്കുന്നവര്‍ അത്രയും വിശാലമായ ഒരര്‍ഥത്തിലല്ല അതുപയേഗിക്കുന്നത്. അതുകൊണ്ടുതന്നെ അര്‍ഥവും ഉദ്ദേശ്യവും കൃത്യമായി വിനിമയം ചെയ്യാനാവാത്ത ഈ പേരില്‍ ഒരു മാറ്റം ആവശ്യമാണ്.
ഇവിടെ പുതിയൊരു പേര് നിര്‍ദേശിക്കുകയല്ല. എങ്കിലും 'ഇസ്‌ലാമിസ്റ്റ് ഗാനങ്ങള്‍' എന്നു പറഞ്ഞാല്‍ ആശയം കുറെക്കൂടി കൃത്യമാകും എന്ന് തോന്നുന്നു. കാരണം ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ സമരഭൂമിയില്‍ കിളിര്‍ത്ത ഗാനങ്ങളെയാണ് ഇസ്‌ലാമിക ഗാനങ്ങള്‍ എന്നു പറയുമ്പോള്‍ സവിശേഷം അര്‍ഥമാക്കുന്നത്. മറ്റു ഗാനങ്ങള്‍ ഇസ്‌ലാമികമല്ല എന്ന് ഇപ്പറഞ്ഞതിനര്‍ഥമില്ല. ഇസ്‌ലാമിക ഗാനങ്ങള്‍ ഇസ്‌ലാമിക ആക്ടിവിസത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞതാണ്. പ്രാസ്ഥാനികതയെന്നോ ഇസ്‌ലാമിസം എന്നോ പറയുന്നതാണ് അതിന്റെ ആത്മഭാവം. ഇസ്‌ലാമിക വിഷയങ്ങളെ പ്രമേയമാക്കുന്ന ഗാനങ്ങളിലെല്ലാം ഈ പ്രാസ്ഥാനികത/ഇസ്‌ലാമികത ദര്‍ശിക്കാനാവുകയില്ല. ഇസ്‌ലാം പ്രമേയമാകുന്ന മാപ്പിളപ്പാട്ടുകള്‍ മാത്രമല്ല, ചലച്ചിത്ര ഗാനങ്ങള്‍ വരെ ഉണ്ടല്ലോ.
യു.കെ അബൂസഹ്‌ലയുടെ ഗാനങ്ങളില്‍ തള്ളിയും തുളുമ്പിയും കാണപ്പെടുന്നത് ഈ ഇസ്‌ലാമികതയാണ്. അതുകൊണ്ടുതന്നെ യു.കെയുടെ ഗാനങ്ങളെ ഈ ഗണത്തില്‍ നിസ്സംശയം ഉള്‍പ്പെടുത്താനാവും. എന്നല്ല, ഇസ്‌ലാമിസ്റ്റ് ഗാനങ്ങളുടെ കുലപതി തന്നെയാണദ്ദേഹം. എന്നാല്‍, ഇസ്‌ലാമിസ്റ്റ് ഗാനങ്ങളെ വിശകലനം ചെയ്യുമ്പോള്‍ അവയുടെ അന്തര്‍ഭാവമായ ഇസ്‌ലാമികതയെ മാത്രം കണക്കിലെടുത്താല്‍ പോരാ. രൂപത്തിലും ഘടനയിലും ഭാഷയിലും ബിംബങ്ങളിലുമെല്ലാം ശ്രദ്ധേയമായ മാറ്റങ്ങള്‍ ഇസ്‌ലാമിസ്റ്റ് ഗാനശാഖയില്‍ യു.കെ അനന്തര തലമുറ കൊണ്ടുവന്നിട്ടുണ്ട്.
യു.കെയുടെ ഗാനങ്ങളധികവും മാപ്പിളപ്പാട്ടിന്റെ ഘടനയില്‍ രചിക്കപ്പെട്ടവയാണ്. മാപ്പിളപ്പാട്ടിലെ ജനപ്രിയ ഇശലുകളിലാണ് അദ്ദേഹത്തിന്റെ ഒട്ടുമിക്ക പാട്ടുകളും കോര്‍വപ്പെട്ടത്; പ്രാസനിയമങ്ങളിലും സങ്കര ഭാഷാ പ്രയോഗത്തിലും മാപ്പിളപ്പാട്ടിനെ അദ്ദേഹം കണിശമായി പിന്തുടര്‍ന്നിരുന്നില്ലെങ്കിലും. ജനപ്രീതിയാര്‍ജിച്ച ചില സിനിമാ ഗാനങ്ങളുടെ ഈണങ്ങളെ അനുകരിച്ചും യു.കെ ചില പാട്ടുകള്‍ എഴുതിയിട്ടുണ്ട്. എന്നാല്‍, സ്വതന്ത്രവും മൗലികവുമായ ശീലുകളില്‍ അദ്ദേഹം രചന നടത്തിയതായി അറിയില്ല.
അതേസമയം, ഇസ്‌ലാമിസ്റ്റ് ഗാനങ്ങള്‍ അധികവും മാപ്പിളപ്പാട്ടുകളുടെ ശീലില്‍ രചിക്കപ്പെട്ടവയല്ല. മാപ്പിളപ്പാട്ടുകളോടെന്നതിനേക്കാള്‍ ചലച്ചിത്ര-ലളിത ഗാനങ്ങളോടാണ് അവക്ക് ചേര്‍ച്ച. എന്നാല്‍, നിലവിലുള്ള ഏതെങ്കിലും ചലിച്ചിത്ര ഗാനങ്ങളുടെയോ ലളിത ഗാനങ്ങളുടെയോ പാരഡിയായിട്ടുമല്ല ഇസ്‌ലാമിസ്റ്റ് ഗാനങ്ങള്‍ രൂപം കൊള്ളുന്നത്. മറിച്ച്, തികച്ചും സ്വതന്ത്രമായ ഈണങ്ങളിലാണ് അവ പ്രത്യക്ഷപ്പെടുന്നത്. വിദഗ്ധരായ സംഗീതജ്ഞന്മാര്‍ സംഗീതത്തിന്റെ ശ്രുതി രാഗ താള നിയമങ്ങള്‍ പാലിച്ചുകൊണ്ട് അവയുടെ ഈണങ്ങള്‍ ചിട്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.
ജമീല്‍ അഹ്മദ് കൃത്യമായി നിരീക്ഷിച്ചത് പോലെ പല്ലവി, അനുപല്ലവി, ചരണം എന്ന മട്ടിലുള്ള വരികളുടെ ക്രമീകരണമാണ് ഇസ്‌ലാമിസ്റ്റ് ഗാനങ്ങളുടെ മറ്റൊരു സവിശേഷത. എന്നാല്‍ യു.കെയുടെ പാട്ടുകള്‍ക്ക് ഇതും അന്യമത്രെ. പാട്ടിന്റെ ദൈര്‍ഘ്യത്തെസംബന്ധിച്ച ഒരു നിബന്ധനയും മാപ്പിളപ്പാട്ടുകള്‍ക്കില്ല. അറബിയിലെ 'ബൈത്തു'കളോടാണ് ഇക്കാര്യത്തില്‍ അവക്ക് കടപ്പാട്. ആലപിക്കുന്നവരില്‍ തളര്‍ച്ചയും കേള്‍വിക്കാരില്‍ മടുപ്പും ഉളവാക്കിക്കൊണ്ട് അതങ്ങനെ നീണ്ടുനീണ്ടുപോവുകയാണ് പതിവ്. മാപ്പിളപ്പാട്ടുകളുടെ ഈ സമ്പ്രദായം തന്നെ യു.കെ തുടര്‍ന്നപ്പോള്‍ യു.കെ അനന്തരതലമുറ ഇവിടെയും പുതിയ വഴി വെട്ടിത്തുറക്കുകയുണ്ടായി. തങ്ങളുടെ ഗാനങ്ങളില്‍ അവര്‍ പല്ലവി,അനുപല്ലവി, ചരണം എന്ന രീതി കൊണ്ടുവന്നു. സാധാരണഗതിയില്‍ അവ നാല്-അഞ്ച് മിനിട്ടുകളില്‍ ഒതുങ്ങിനില്‍ക്കുകയും ചെയ്തു. ഇതാകട്ടെ ആലാപകര്‍ക്കും ആസ്വാദകര്‍ക്കും ഒരുപോലെ ഗുണകരമായിത്തീരുകയും ചെയ്തു.
അറുപതുകളിലും എഴുപതുകളിലും ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ വിദ്യാര്‍ഥികളായിരുന്ന പ്രതിഭാധനരായ ചില ചെറുപ്പക്കാരാണ് ഇസ്‌ലാമിക ഗാനരംഗത്ത് ഈ ദിശയിലുള്ള പരീക്ഷണണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇ.വി അബ്ദു, ടി.എ റശീദ്, കെ.എം ഹനീഫ്, പി.എ ജലാലുദ്ദീന്‍, പി.എം.എ ഖാദര്‍, വി.എസ് സലീം തുടങ്ങിയ പേരുകളാണ് പെട്ടെന്ന് ഓര്‍മവരുന്നത്. ഇവര്‍ രചിച്ച എല്ലാ ഗാനങ്ങളും ഇത്തരത്തിലുള്ളതായിരുന്നു എന്നല്ല ; പുതിയൊരു വഴിത്താര അവര്‍ വെട്ടിയൊരുക്കി എന്ന് മാത്രമാണ് പറയുന്നത്.
'നൂറ്റാണ്ടുകളുടെ ഗുഹാമുഖം
തമസ്സ് മൂടിയ ഗുഹാമുഖം
നൂറ്റാണ്ടുകളുടെ തമസ്സ് മൂടിയ
ഗുഹാമുഖം തുറന്നു' എന്ന് വിശുദ്ധ ഖുര്‍ആന്റെ വെളിച്ചം ലോകത്തേക്ക് പരക്കുന്നതിനെക്കുറിച്ച് റശീദ് പാടുമ്പോള്‍ മാപ്പിളപ്പാട്ടിന്റെ പാരമ്പര്യത്തില്‍നിന്നുള്ള ഇസ്‌ലാമിക ഗാനങ്ങളുടെ ഒരു വിഛേദമാണ് സംഭവിക്കുന്നത്.
'നാളത്തെ പുലരിയില്‍ പുതു ലോക പ്രഭാപൂരം
പരത്തിക്കൊണ്ടൊരു ഭീതം ഉയര്‍ന്നു നില്‍ക്കും- ചാലെ
പുതുജീവനുയിര്‍ക്കൊണ്ട് വഴിത്താരകളൊക്കെ
പൊലിയാത്ത ദീപ്തിയില്‍ മുങ്ങിനില്‍ക്കും-വീണ്ടും
വിജയത്തിന്‍ കുളമ്പടി കേട്ടുണരും ജനതതി
കുമുദത്താല്‍ ഒരു ഗാനം ആലപിക്കും' തുടങ്ങിയ വരികള്‍ ഈണത്തിന്റെ മധുരിമകൊണ്ടെന്ന പോലെ ഭാഷയുടെ പുതുമകൊണ്ടും ശ്രദ്ധേയമായിരുന്നു.
പുതുപൂക്കള്‍ വിടരുന്നിതാ / നാളേക്കായ് വിടരുന്നിതാ
കാറ്റിലാടുമിപ്പൂക്കള്‍ / മധുചൊരിയും പൂക്കള്‍
നാളേക്കായി വിടരുന്നിതാ എന്ന് കുട്ടികളുടെ നാവിലൂടെ പാടുമ്പോള്‍ പോലും ഈ പുതുമ പ്രകടമായിരുന്നു.
ഏതെങ്കിലും മാപ്പിളപ്പാട്ടിന്റെയോ ചലച്ചിത്രഗാനത്തിന്റെയോ കേട്ടു ചതഞ്ഞ ഈണത്തിലല്ല ഇത്തരം ഗാനങ്ങള്‍ അവര്‍ ഒരുക്കിയത്. വരികള്‍ക്കൊപ്പം ഈണവും അവര്‍ തന്നെ നല്‍കുകയായിരുന്നു. സംഗീതം പഠിച്ചവരായിരുന്നില്ല അവരാരും. എന്നിട്ടും മറക്കാനാവാത്ത ഇമ്പം ആ പാട്ടുകളിലൂടെ പകര്‍ന്നുതരാന്‍ അവര്‍ക്ക് സാധിക്കുകയുണ്ടായി. ഇ.വി അബ്ദു സാഹിബും ടി.എ റശീദ് സാഹിബും നേരത്തെ പരലോകം പൂകി. മറ്റുള്ളവര്‍ അതിലും നേരത്തെ രംഗത്തുനിന്ന് നിഷ്‌ക്രമിക്കുകയും ചെയ്തു. ഇസ്‌ലാമിക ഗാനശാഖക്ക് വലിയ നഷ്ടമാണ് അതുണ്ടാക്കിയതെന്ന് പറയാതിരിക്കാന്‍ വയ്യ.
എണ്‍പതുകളുടെ തുടക്കത്തിലാണ് ഇസ്‌ലാമിസ്റ്റ് ഗാനങ്ങളുടെ പുതിയൊരു തരംഗം ആരംഭിക്കുന്നത്. ഇറാന്‍വിപ്ലവവും അഫ്ഗാന്‍ മുജാഹിദുകളുടെ ധീരമായ ചെറുത്തുനില്‍പും ഹിജ്‌റ പതിനഞ്ചാം ശതകാഘോഷവുമൊക്കെ സൃഷ്ടിച്ച ആവേശത്തിരയിളക്കത്തിന്റെ പശ്ചാത്തലമായിരുന്നു അത്. എന്‍.കെ അബ്ദുസ്സലാമിന്റെ 'ധീരമുജാഹിദീന്‍ ചോരയില്‍ മുക്കി ചരിത്രമെഴുതുന്നു - ഇസ്‌ലാം ചരിത്രമെഴുതുന്നു
നവനൂറ്റാണ്ടിന്‍ രഥം തെളിക്കാന്‍ ഉയിര്‍ത്തെണീക്കുന്നു-ഇസ്‌ലാം ഉയിര്‍ത്തെണീക്കുന്നു' എന്ന വിപ്ലവഗാനം സൃഷ്ടിച്ച ആവേശം അന്നത്തെ തലമുറ ഒരിക്കലും മറക്കുകയില്ല. ശരീഫ് കാരന്തൂര്‍, ഗഫൂര്‍ ചേന്ദര, ടി.കെ.എം ഇഖ്ബാല്‍ തുടങ്ങിയവരുടെ ചില രചനകളും അക്കാലത്തെ ഹിറ്റുകളായിരുന്നു.
'ചെങ്കൊടി പൊക്കിയ ലോകത്തക്കൊടി
ജനതതി താഴെയിറക്കുമ്പോള്‍
പാശ്ചാത്യന്‍ സംസ്‌കാരത്തിന്‍ ശവദാഹചടങ്ങ് നടക്കുമ്പോള്‍
പതിനഞ്ചാം നൂറ്റാണ്ടിസ്‌ലാമിന്‍ നൂറ്റാണ്ടായി പിറക്കുമ്പോള്‍' എന്ന് തുടങ്ങിയ വരികളിലൂടെ ഈയുള്ളവനും പ്രസ്തുത ആവേശത്തില്‍ എളിയതോതില്‍ പങ്കുചേരുകയുണ്ടായി.
ഇസ്‌ലാമിക ലോകത്തെ സംഭവവികാസങ്ങള്‍ ഇസ്‌ലാമിസ്റ്റ് ഗാനങ്ങളില്‍ ഇടം പിടിക്കാന്‍ തുടങ്ങിയത് ഇക്കാലത്തായിരിക്കണം. 'പുരുഷന്റെ കൂടെയിറങ്ങി ഇറാനിലെ ധര്‍മപടക്കളം തന്നില്‍' എന്ന മനോഹര ഗാനവുമായി യു.കെ അതിന് ശക്തമായ പിന്തുണ നല്‍കി. ലബനാനിലെ സ്വബ്‌റ-ശാത്തീല അഭയാര്‍ഥി ക്യാമ്പുകളില്‍ ഫലസ്ത്വീനികള്‍ കൂട്ടക്കൊലക്ക് വിധേയരായ ദാരുണ സംഭവത്തെക്കുറിച്ച് യു.കെ ഒരു പാട്ടെഴുത്ത് മത്സരം തന്നെ സംഘടിപ്പിച്ചു. അതില്‍ പ്രഥമ സ്ഥാനം ലഭിച്ച ഗാനമാണ് 'ഒലിവു കൊമ്പുകളാടിയാടി ശാന്തി തന്‍ ഗീതങ്ങള്‍, ആലപിക്കുന്നാ മനോഹര നഗരമാം ബൈറൂത്തില്‍' എന്ന ഗാനം. ഇന്‍തിഫാദ,ഓ ഇറാഖ് തുടുങ്ങിയ ആല്‍ബങ്ങള്‍ തന്നെ പിന്നീടുണ്ടായി.
കാസറ്റുകളുടെ വരവാണ് ഇസ്‌ലാമിസ്റ്റ് ഗാനങ്ങളെ പൂര്‍ണതയിലെത്തിച്ചത്. എസ്.ഐ.ഒ സര്‍ഗസംഗമത്തിന്റെ 'ശാന്തിഗീതങ്ങള്‍' ആണ് കാസറ്റിലൂടെ ആദ്യം പുറത്ത് വന്നത്. കോഴിക്കോട്ട് റെക്കോര്‍ഡിംഗ് സ്റ്റുഡിയോ ഇല്ലാത്ത കാലത്ത് ഹോട്ടല്‍ മഹാറാണിയില്‍ രണ്ട് മുറികള്‍ വാടകക്കെടുത്താണ് അതിന്റെ റെക്കോര്‍ഡിംഗ് നടത്തിയത്. അഹ്മദ് കൊടിയത്തൂരിന്റെ ഉത്സാഹവും മേല്‍നോട്ടവുമായിരുന്നു അതിന്റെ പിന്നില്‍. ഗായകനും സംഗീത സംവിധായകനുമായ ദേവദാസ് പയ്യോളിയാണ് പാട്ടുകള്‍ക്ക് ഈണം പകര്‍ന്നത്. പി.ടി അബ്ദുര്‍റഹ്മാന്‍, എം.എ കല്‍പറ്റ, യു.കെ അബൂസഹ്‌ല. മുഹമ്മദ് കുട്ടി എളമ്പിലാക്കോട്, അഹ്മദ് കൊടിയത്തൂര്‍, റഹ്മാന്‍ മുന്നൂര് തുടങ്ങിയവരുടെ ഗാനങ്ങളാണ് അതിലുണ്ടായിരുന്നത്. ഇതേ രൂപത്തില്‍ പിന്നെയും ഒന്നുരണ്ട് കാസറ്റുകള്‍ അഹ്മദ് കൊടിയത്തൂരിന്റെ തന്നെ ഉത്സാഹത്തില്‍ പുറത്തിറങ്ങി. യു.കെ ഗാനങ്ങളുടെ സമാഹാരമായ 'മിന്നാമിനുങ്ങ്' ആണ് സ്റ്റുഡിയോവില്‍ വെച്ച് ആദ്യമായി റെക്കോര്‍ഡ് ചെയ്യപ്പെട്ടതെന്നാണോര്‍മ. വെള്ളിമാട് കുന്നിലെ ഷൈന്‍ സ്റ്റുഡിയോവിലായിരുന്നു അതിന്റെ റിക്കാഡിംഗ്. അതിനും മേല്‍നോട്ടം നല്‍കിയത് അഹ്മദ് കൊടിയത്തൂരാണ്. മഞ്ചേരിയിലെ പ്യാരി മുഹമ്മദും കൂരി മൊയ്തീന്‍കുട്ടിയും ചേര്‍ന്നായിരുന്നു സംഗീത സംവിധാനം. ഗായകരെയും സംവിധായകരെയും കണ്ടെത്തുന്നതില്‍ അഹ്മദ് കൊടിയത്തൂരിന് പ്രത്യേക കഴിവും കാഴ്ചപ്പാടും ഉണ്ടായിരുന്നു. മിക്കപ്പോഴും അരികു ചേര്‍ക്കപ്പെട്ട സമുദായക്കാരെയും അവസരങ്ങള്‍ നിഷേധിക്കപ്പെട്ട പ്രതിഭകളെയുമാണ് അദ്ദേഹം തെരഞ്ഞെടുത്തിരുന്നത്. ദേവദാസ് പയ്യോളിയും പ്യാരി മുഹമ്മദും ഡി. ഹസനും ഒക്കെ ഇങ്ങനെയാണ് ഇസ്‌ലാമിസ്റ്റ് ഗാനങ്ങളുടെ സംവിധായകരായെത്തിയത്.
ഇതോടെ ഏറെ സാങ്കേതിക മികവും ഇസ്‌ലാമിസ്റ്റ് ഗാനങ്ങള്‍ നേടിയെടുത്തു. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ച വിദഗ്ധര്‍ ചിട്ടപ്പെടുത്തിയ ഈണങ്ങളും പശ്ചാത്തല സംഗീതവും, ആധുനിക വാദ്യോപകരണങ്ങളുപയോഗിച്ചുള്ള ഓര്‍ക്കസ്‌ട്രേഷന്‍, മാപ്പിളപ്പാട്ടിലും സിനിമാ പിന്നണി ഗാനങ്ങളിലും സുപ്രതിഷ്ഠിതരായ പ്രശസ്ത ഗായകരുടെ അനുഗ്രഹീത ശബ്ദങ്ങള്‍ ഇവയെല്ലാം ഇസ്‌ലാമിസ്റ്റ് ഗാനങ്ങള്‍ക്കും ലഭ്യമായി. ഓരോ ഗാനവും പുതിയ ഈണങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. പഴയ പാട്ടുകള്‍ വരെ കാസറ്റുകളിലൂടെ പുറത്ത് വന്നപ്പോള്‍ പുതിയ ഈണങ്ങളുടെ മാധുര്യം ആസ്വാദകര്‍ അനുഭവിച്ചു. യു.കെയുടെ 'ഇന്ന് ഇസ്‌ലാമിന്റെ', 'ചരിത്രങ്ങള്‍ സ്മരിക്കുമ്പോള്‍', 'റഹ്മാനെ പരമദയാലു', 'പെണ്ണു കെട്ടിനുപാധിയായി' തുടങ്ങിയ ഗാനങ്ങളെല്ലാം ഇവ്വിധം പുതിയ ശീലുകളില്‍ പ്രിയങ്കരങ്ങളായവയാണ്.
പുതിയ ഈണങ്ങള്‍ നല്‍കുകയെന്നത് പലപ്പോഴും ഒരു വെല്ലുവിളിയാണ്. കാരണം വരികള്‍, ഈണം, പശ്ചാത്തല സംഗീതം, ആലാപനം, റെക്കോര്‍ഡിംഗ് തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഒത്തുവന്നാലേ ഒരു പാട്ട് ക്ലിക്കാവുകയുള്ളൂ. നേരത്തെ ജനപ്രീതിയാര്‍ജിച്ചു കഴിഞ്ഞ ഈണങ്ങളില്‍ പാട്ടുകള്‍ എഴുതിയിരുന്ന കാലത്ത് ഇങ്ങനെ ഒരു പ്രശ്‌നം ഉണ്ടായിരുന്നില്ല. പുതിയ തലമുറ ഈ വെല്ലുവിളി ധീരമായി ഏറ്റെടുത്തു. പലപ്പോഴും അതില്‍ വിജയിക്കുകയും ചിലപ്പോഴെല്ലാം പരാജയപ്പെടുകയും ചെയ്തു. അത് സ്വാഭാവികം മാത്രം.
പ്രശസ്തരായ കവികളുടെയും പാട്ടെഴുത്തുകാരുടെയും രചനകള്‍ കൊണ്ട് ഇസ്‌ലാമിസ്റ്റ് ഗാനശാഖയെ സമ്പന്നമാക്കാനുള്ള ശ്രമങ്ങളും വിജയകരമായി നടക്കുകയുണ്ടായി. അങ്ങനെ പി.ടി അബ്ദുര്‍റഹ്മാന്‍, എം.എ കല്‍പറ്റ, പ്രേം സൂറത്ത്, കാനേഷ് പൂനൂര്, ബാപ്പു വെള്ളിപ്പറമ്പ്, ഒ.എം കരുവാരക്കുണ്ട്, സഗീര്‍, പൂവച്ചല്‍ ഖാദര്‍, ബാപ്പു വാവാട്,പി.കെ ഗോപി, സുകുമാര്‍ കക്കാട് തുടങ്ങിയ പ്രഗത്ഭരുടെ നിരവധി നല്ല രചനകള്‍ ലഭ്യമായി. പി.കെ ഗോപി പൂര്‍ണമായും രചന നിര്‍വഹിച്ച 'മിഴിപ്പൂക്കള്‍' ഒരുദാഹരണം. ഈജിപ്തിലെ ഇഖ്‌വാന്‍ പ്രവര്‍ത്തകനായ ഹാശിം രിഫാഈയുടെ അബതാഹ് എന്ന വിഖ്യാത കവിതയുടെ പരാവര്‍ത്തനമാണ് 'ധര്‍മധാര' പുറത്തിറക്കിയ മനോഹരമായ ഈ ആല്‍ബത്തിലെ പാട്ടുകള്‍ എന്നത് അറബ് വസന്തത്തിന്റെ സമകാലീന പരിസരത്ത് സവിശേഷം ശ്രദ്ധേയമാണ്. തനിമ പുറത്തിറക്കിയ 'റസൂല്‍' എന്ന ആല്‍ബം രചനയിലും സംഗീത സംവിധാനത്തിലും ഉന്നത നിലവാരം പുലര്‍ത്തുന്നതാണ്. ഹാജി എസ്.എം ഇസ്മാഈല്‍ സംവിധാനം ചെയ്ത ഈ ആല്‍ബത്തിന്റെ രചന പൂര്‍ണമായും ജമാല്‍ കൊച്ചങ്ങാടിയുടേതാണ്.
പ്രഫഷണല്‍ സംഗീതജ്ഞരാണ് തുടക്കത്തില്‍ ഇസ്‌ലാമിസ്റ്റ് ഗാനങ്ങളുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നത്. ചാന്ദ്പാഷ, ദേവദാസ് പയ്യോളി, സി.എ അബൂബക്കര്‍, ഡി. ഹസന്‍, പ്യാരി മുഹമ്മദ്, കെ.വി അബുട്ടി, എസ്.എം ഇസ്മാഈല്‍,ഗഫൂര്‍ എം ഖയ്യാം തുടങ്ങിയവരെല്ലാം ഈ രംഗത്ത് മുമ്പേ അറിയപ്പെടുന്നവരായിരുന്നു. പിന്നീട് ഇസ്‌ലാമിക പ്രവര്‍ത്തകരുടെ കൂട്ടത്തില്‍നിന്നു തന്നെ സംഗീത പ്രതിഭകള്‍ കടന്നുവന്നു. ശാന്തപുരം ഇസ്‌ലാമിയ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ അമീന്‍ യാസിറും ഉബൈദ് കുന്നക്കാവും നിരവധി ആല്‍ബങ്ങള്‍ക്ക് ഈണവും സംഗീതവും പകര്‍ന്നു. ഗായകനായി കരിയര്‍ തുടങ്ങിയ അമീന്‍ യാസിര്‍ ഗാനരചയിതാവും സംഗീത സംവിധായകനും സൗണ്ട് എഞ്ചിനീയറും സ്റ്റുഡിയോ ഉടമയുമൊക്കെയായി ഉയര്‍ന്നത് ഈ രംഗത്തുള്ള താല്‍പര്യവും ഉത്സാഹവും കൊണ്ട് മാത്രമാണ്.
മികച്ച അനേകം ഗാനകാസറ്റുകള്‍/ സിഡികള്‍ സംഭാവന ചെയ്യാന്‍ ഇതിനകം ഇസ്‌ലാമിക ഗാനശാഖക്ക് കഴിഞ്ഞിട്ടുണ്ട്. ധര്‍മധാര സലാം ചിറ്റാരിപ്പിലാക്കലിന്റെ മേല്‍നോട്ടത്തില്‍ ഹിജാസ്, രിബ, മിഴിപ്പൂക്കള്‍, ശവ്വാല്‍ ശാരിക, തേന്മാവ്, ഹിറാ ഗാനങ്ങള്‍ തുടങ്ങി നിരവധി മികച്ച സി.ഡി.കള്‍ പുറത്തിറക്കി. സര്‍ഗസംഗമത്തിന്റെ ശാന്തിഗീതങ്ങള്‍, സുപ്രഭാതം, ബാബുല്‍ മര്‍അ, മിന്നാമിനുങ്ങ്, തനിമയുടെ റസൂല്‍, തരംഗം കാസറ്റ്‌സിന്റെ ഹിറയില്‍ തെളിഞ്ഞ ദീപം, ഇന്‍തിഫാദ, അരീക്കത്ത്, എസ്.ഐ.ഒ സംവേദന വേദിയുടെ ആദം, അല്ലാഹു, നേരു പൂക്കുന്ന കാലം, ധര്‍മവേദി പാലക്കാടിന്റെ മരിക്കാത്ത സോഫിയ, ഹാജറയുടെ കണ്ണുനീര്‍, ജി.ഐ.ഒയുടെ തെളിനീര്, സോളിഡാരിറ്റിയുടെ സമരഗാനങ്ങള്‍, സരണി സര്‍ഗവേദിയുടെ തിരുനബി തുടങ്ങിയവ മനസ്സിലേക്ക് ഓടിയെത്തുന്ന മറ്റുദാഹരണങ്ങളാണ്. കെ.സി അബ്ദുല്ല മൗലവിയുടെ പരലോകം ഖുര്‍ആന്‍ എന്ന പുസ്തകത്തെ ആധാരമാക്കി സിദ്ദീഖ് ചേന്ദമംഗല്ലൂര്‍ രചിച്ച 'ഇശല്‍ തേങ്കണം', അബ്ദുര്‍റഹ്മാന്‍ ആവാസ്, ടി.കെ അലി പൈങ്ങോട്ടായി, കെ.സി വണ്ടൂര്‍ തുടങ്ങിയവരുടെ സ്വകാര്യ സംരംഭങ്ങളും ശ്രദ്ധേയമാണ്. സൈനബ് ഉമ്മു ബാസിത് (പെരുമ്പിലാവ്), ഖൈറുന്നിസ (പഴയങ്ങാടി), ആഇശാബി (കാസര്‍കോട്), സുനീറ (കൊച്ചി) സുഹ്‌റ ഹംസ തുടങ്ങിയവരുടെ പെണ്‍ സംരംഭങ്ങളും വിസ്മരിക്കാവതല്ല.
എന്നാല്‍, അടുത്തിടെയായി, ഈ രംഗത്ത് ഒരു തളര്‍ച്ച വന്നിട്ടുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ആദ്യകാല ഗാനരചയിതാക്കളില്‍ പലരും ഇന്ന് സജീവമായി രംഗത്തില്ല. പുതിയ പാട്ടുകള്‍ക്ക് പഴയതിന്റെ ഇമ്പമില്ലെന്ന പരാതിയുണ്ട്. പുതിയ പാട്ടെഴുത്തുകാരില്‍ ജമീല്‍ അഹ്മദിന്റെ രചനകള്‍ക്കുള്ള കരുത്തും സൗന്ദര്യവും ശേഷക്കാരില്‍ കാണുന്നില്ലെന്നും ആക്ഷേപമുണ്ട്. മികച്ച കുറേ ഗാനസമാഹാരങ്ങള്‍ സംഭാവന ചെയ്ത 'ധര്‍മധാര' കുറേ വര്‍ഷമായി ഒറ്റ സിഡിയും പുറത്തിറക്കിയിട്ടില്ല. തരംഗം കാസറ്റ്‌സ് ഇപ്പോള്‍ നിലവിലില്ല. ഹോം സിനിമകളുടെയും ഷോര്‍ട്ട് ഫിലിമുകളുടെയും നവതരംഗത്തില്‍ ഇസ്‌ലാമിക ഗാനങ്ങള്‍ക്ക് പ്രാധാന്യം നഷ്ടപ്പെടുകയാണോ?
പിന്‍കുറി: ധര്‍മധാരയുടെ ഷോറൂമില്‍ ചെന്ന് പഴയ ഇസ്‌ലാമിസ്റ്റ് ഗാനങ്ങളുടെ സിഡികള്‍ പരതിയപ്പോള്‍ പലതിന്റെയും പുതിയ പതിപ്പുകളില്‍ ഗാനരചയിതാക്കളുടെയും ഗായകരുടെയും പേരുകള്‍ അച്ചടിച്ചു കണ്ടില്ല. വൈക്കം മുഹമ്മദ് ബഷീര്‍ കുട്ടിക്കാലത്ത് ബാപ്പയോട് ചോദിച്ച പ്രസിദ്ധമായ ആ ചോദ്യമാണ് ഓര്‍മയിലേക്ക് വന്നത്: ആരാണ് പിറകെ വന്ന് കാല്‍പാടുകള്‍ മായ്ച്ചു കളയുന്നത്?

Comments

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍