Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 29

'ഉക്കാദ് കവി പട്ടം' റൗദതുല്‍ ഹാജിന്‌

മൂസക്കുട്ടി വെട്ടിക്കാട്ടിരി

എട്ട് അറബ് രാഷ്ട്രങ്ങളില്‍നിന്നായി പ്രഗത്ഭരായ 35 കവികള്‍ മാറ്റുരച്ച ഉക്കാദ് മേളയില്‍ സുഡാന്‍കാരിയായ റൗദതുല്‍ ഹാജ് ഉഥ്മാന്‍ 'ഉക്കാദ് കവി പട്ടം' കരസ്ഥമാക്കി. സെപ്റ്റംബര്‍ 11 മുതല്‍ 20 വരെ സുഊദിയിലെ ത്വാഇഫില്‍ നടന്ന 'സൂഖ് ഉക്കാദ് മേള'യോടനുബന്ധിച്ചാണ് കവിതാ മത്സരം നടന്നത്. 'ഉക്കാദ് കവി പട്ടം' മേളയിലെ ഏറ്റവും വലിയ ബഹുമതിയാണ്. സമ്മാനമായി മൂന്നു ലക്ഷം രിയാല്‍ ലഭിക്കുന്നതിനുപുറമെ മേളയുടെ ഉദ്ഘാടന ചടങ്ങില്‍ കവിത അവതരിപ്പിക്കാനുള്ള അവസരവും ലഭിക്കും. കൂടാതെ മത്സര വിജയിയെ ചടങ്ങില്‍ 'ബുര്‍ദ ഉക്കാദ്' എന്ന പേരിലറിയപ്പെടുന്ന കവി പട്ടം അണിയിച്ച് ആദരിക്കും. കഴിഞ്ഞ അഞ്ച് വര്‍ഷമായി നടക്കുന്ന മത്സരങ്ങളില്‍ ഇതാദ്യമായാണ് ഒരു വനിത 'ഉക്കാദ് കവി പട്ടം' കരസ്ഥമാക്കുന്നത്. അറബ് സാഹിത്യ തറവാട്ടില്‍നിന്നും ഇത്തരമൊരു ബഹുമതി ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും സാഹിത്യത്തില്‍ മൊത്തം അറബ് വനിതകള്‍ക്കുള്ള അംഗീകാരമായാണ് താനിതിനെ കാണുന്നതെന്നും റൗദതുല്‍ ഹാജ് പറഞ്ഞു.
കവിതക്കു പുറമെ നാടന്‍ കലാ രൂപങ്ങള്‍, കരകൗശല പ്രദര്‍ശനം, അറബ് ലിപിയെഴുത്ത്, ക്ലാസിക്കല്‍ പെയ്ന്റിംഗ്, ഫോട്ടോഗ്രഫി തുടങ്ങി വിവിധ കലാ സാഹിത്യ വിഭാഗങ്ങളില്‍ മത്സരം നടക്കുന്നുണ്ട്. പുരാതന അറബ് സാഹിത്യത്തിന്റെ ഈറ്റില്ലമായിരുന്ന സൂഖ് ഉക്കാദിനെ അനുസ്മരിച്ചാണ് ഉക്കാദ് മേള നടത്തുന്നത്.
'അറബ് വസന്തം' അറിയാതെ ഐരിത്രിയ
അറബ് ആഫ്രിക്കന്‍ നാടുകളില്‍ ആഞ്ഞുവീശുന്ന 'അറബ് വസന്തം' കണ്ടതായി നടിക്കാതെ ഏകാധിപത്യ രാഷ്ട്രീയം നടന്നുവരുന്ന ആഫ്രിക്കന്‍ രാജ്യമാണ് ഐരിത്രിയ. വര്‍ത്തമാന ലോകത്തെ ഏറ്റവും സമഗ്രമായ ഏകാധിപത്യ ഭരണ രീതിയാണ് ഐരിത്രിയയില്‍ നിലനില്‍ക്കുന്നതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. പരിഷ്‌കരണത്തിനായുള്ള ഐരിത്രിയന്‍ ജനതയുടെ മുറവിളി പലപ്പോഴായി ഉയരാറുണ്ടെങ്കിലും അന്താരാഷ്ട്ര സമൂഹത്തിന്റെ നിസ്സംഗതയും ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലും കാരണം നിഷ്ഫലമാകുന്നതായി പ്രമുഖ പ്രതിപക്ഷ കക്ഷിയും ഇസ്‌ലാമിക ചിന്താധാരയെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയുമായ 'ഐരിത്രിയന്‍ ഇസ്‌ലാമിക് പാര്‍ട്ടി ഫോര്‍ ജസ്റ്റീസ് & ഡവലപ്‌മെന്റ്' രാഷ്ട്രീയ കാര്യ മേധാവി അലി മുഹമ്മദ് മഹ്മൂദ് പറയുന്നു. സമാന ചിന്താഗതിക്കാരായ പ്രതിപക്ഷ കക്ഷികളുമായി ചേര്‍ന്ന് നിലവിലെ ഏകാധിപതിയില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കാനും ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന ജനാധിപത്യ രീതിയിലുള്ള ഭരണകൂടത്തിനുള്ള ശ്രമവുമായി മുന്നോട്ട് പോകുമെന്ന് കുവൈത്തില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന 'അല്‍മുജ്തമഅ്' വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഐരിത്രിയന്‍ ഭരണകൂടത്തിന്റെ പീഡനവും നീതിനിഷേധവും കാരണം യമന്‍, എത്യോപ്യ, സുഡാന്‍, ഈജിപ്ത് തുടങ്ങിയ അറബ് ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇസ്രയേലിലും മറ്റും അഭയാര്‍ഥികളായി കഴിയുന്നവര്‍ ദശലക്ഷക്കണക്കിന് വരും- അലി മുഹമ്മദ് മഹ്മൂദ് പറഞ്ഞു. പ്രതിപക്ഷത്തെ വിചാരണകൂടാതെ തടവിലിടുന്ന രീതിയാണ് പ്രസിഡന്റ് അഫൂര്‍ഖിയുടെ ഭരണകൂടം സ്വീകരിക്കുന്നത്. 1992 ഉം 1993 ലും ഏകാധിപത്യ ഭരണകൂടം തടവിലാക്കിയ ആയിരക്കണക്കിന് ഇസ്‌ലാമിസ്റ്റുകള്‍ തടവറയില്‍ കഴിയുകയാണ്. ഭരണകൂടത്തിന്റെ നിലപാടുകളെ എതിര്‍ത്ത 13 ഓളം മന്ത്രിമാരും ജയിലിലുണ്ട്. ഇവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും പുറം ലോകത്തിന് അറിയാന്‍ കഴിയുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് മറ്റൊരു രാജ്യത്തും കാണാത്തരീതിയിലുള്ള കടുത്ത സമഗ്രാധിപത്യമാണ് ഐരിത്രിയയിലുള്ളത്. മാധ്യമ സ്വാതന്ത്ര്യമോ അഭിപ്രായ സ്വാതന്ത്ര്യമോ ഇല്ല. സര്‍ക്കാറിന്റെ ഒരേയൊരു പത്രവും ഒരു ടെലിവിഷന്‍ ചാനലും മാത്രമാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ രംഗവും സര്‍ക്കാറിനു താല്‍പര്യമുള്ളവര്‍ക്ക് മാത്രം. രാജ്യത്ത് ഒരേയൊരു നേതാവ് മാത്രം. അദ്ദേഹം തന്നെ പ്രസിഡന്റും പ്രധാന മന്ത്രിയും സര്‍വ സൈന്യാധിപനും. വാണിജ്യ വ്യാവസായിക മേഖലയെല്ലാം സര്‍ക്കാറിന്റെ ആധിപത്യത്തിന്‍ കീഴില്‍. സാമ്പത്തിക സാങ്കേതിക രംഗങ്ങളിലെല്ലാം ഇസ്രയേലിന്റെ ഉപദേഷ്ടാക്കളുമുണ്ട്. 
പരിഷ്‌കൃത ലോകത്ത് വിചിത്രമെന്നു തോന്നുന്ന ഈ രാജ്യത്തെ സമഗ്രാധിപത്യ വ്യവസ്ഥിതിക്ക് അധിക കാലം പിടിച്ചു നില്‍ക്കാനാവില്ലെന്ന് തന്നെയാണ് അലി മുഹമ്മദ് മഹ്മൂദ് വിശ്വസിക്കുന്നത്.
'ഇഖ്‌വാന്‍' ബഹിഷ്‌കരണം പുനരാലോചിക്കണം
തെരഞ്ഞെടുപ്പ് ബഹിഷ്‌കരണ തീരുമാനത്തിലൂടെ ജോര്‍ദാനിലെ മുസ്‌ലിം ബ്രദര്‍ഹുഡ് തെറ്റായ കണക്കുകൂട്ടലുകളാണ് നടത്തുന്നതെന്നും വര്‍ഷാവസാനം നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പങ്കുവഹിക്കണമെന്നും ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ മുസ്‌ലിം ബ്രദര്‍ഹുഡ് നേതാക്കളോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് അംഗീകരിക്കുകയോ 'തെരുവില്‍' അവശേഷിക്കുകയോ രണ്ടിലൊന്ന് തീരുമാനിക്കാമെന്ന രാജാവിന്റെ അഭിപ്രായത്തോട് 'തെരുവില്‍' കാണാമെന്ന് ഇഖ്‌വാന്‍ നേതാക്കള്‍ മറുപടിയും നല്‍കി.
'ഫ്രാന്‍സ് പ്രസ്സിനു' നല്‍കിയ അഭിമുഖത്തില്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ഏറെ മുന്നോട്ടുപോയതായും വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിച്ചുവരുന്നതായും പറഞ്ഞ അബ്ദുല്ല രാജാവ് അടുത്ത വര്‍ഷത്തോടെ പുതിയ പാര്‍ലമെന്റ് നിലവില്‍വരുമെന്ന് വ്യക്തമാക്കി. സമാധാന ആവശ്യങ്ങള്‍ക്കുള്ള ജോര്‍ദാന്‍ ആണവോര്‍ജ്ജ പദ്ധതിക്ക് ഇസ്രയേല്‍ തുരങ്കം വെക്കുന്നതായും ജോര്‍ദാന്‍ രാജാവ് ആരോപിച്ചു. എന്നാല്‍ ആരോപണം ഇസ്രയേല്‍ നിഷേധിച്ചു. 
സിറിയയെ വിഭജിക്കുന്നതിനെ എതിര്‍ത്ത അബ്ദുല്ല രാജാവ് കലാപവും അശാന്തിയും അയല്‍പക്ക രാജ്യങ്ങളിലേക്ക് പടരുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി. തെരഞ്ഞെടുപ്പ് സംബന്ധമായി നിലവിലെ പാര്‍ലമെന്റ് അംഗീകരിച്ച വിചിത്രവും അവ്യക്തവുമായ തെരഞ്ഞെടുപ്പ് നിയമങ്ങള്‍ എടുത്ത് കളയണമെന്നും കൂടുതല്‍ രാഷ്ട്രീയ പരിഷ്‌കരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും മറ്റും ആവശ്യപ്പെട്ടാണ് മുസ്‌ലിം ബ്രദര്‍ഹുഡ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നത്. ഇതേ ആവശ്യം ഉന്നയിച്ച് ചില പ്രതിപക്ഷ പാര്‍ട്ടികളും ബഹിഷ്‌കരണത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ട്.
ഇസ്ലാം വിരുദ്ധത ഡച്ച് എം.പിയെ തുണച്ചില്ല
ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ കടുത്ത വിരോധം വെച്ചുപുലര്‍ത്തുന്ന ഡച്ച് എം.പി ഗേര്‍ട്ട് വില്‍ഡേഴ്‌സിന് കഴിഞ്ഞയാഴ്ച നടന്ന ഡച്ച് പൊതുതെരഞ്ഞെടുപ്പില്‍ കനത്ത പരാജയം. കഴിഞ്ഞ പാര്‍ലമെന്റില്‍ 24 സീറ്റുകളുണ്ടായിരുന്ന വില്‍ഡേഴ്‌സിന്റെ ഫ്രീഡം പാര്‍ട്ടിക്ക് 15 സീറ്റ് മാത്രമാണ് ലഭിച്ചത്. തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയെങ്കിലും ഇസ്‌ലാം വിരുദ്ധ നിലപാട് തുടരുമെന്ന് വില്‍ഡേഴ്‌സ് വ്യക്തമാക്കി. കുടിയേറ്റത്തിനെതിരെയും യൂറോപ്യന്‍ യൂനിയനെതിരെയുമുള്ള നിലപാടുകള്‍ ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് നെതര്‍ലാന്റ് പിന്മാറണമെന്നാണ് ഗേര്‍ട്ട് വില്‍ഡേഴ്‌സിന്റെ വാദം. 
വില്‍ഡേഴ്‌സിന്റെ ഇസ്‌ലാം വിരുദ്ധത നെതര്‍ലാന്റില്‍ കുപ്രസിദ്ധമാണ്. ഇസ്‌ലാം യൂറോപ്യന്‍ മതമല്ലെന്നും ഇസ്‌ലാമിന്റെ എല്ലാ ചിഹ്നങ്ങളും നിരോധിക്കണമെന്നുമാണ് വില്‍ഡേഴ്‌സിന്റെ ആവശ്യം. വിശുദ്ധ ഖുര്‍ആനെ ആക്ഷേപിക്കുന്ന ഡോക്യുമെന്ററിയും അയാള്‍ പുറത്തിറക്കിയിട്ടുണ്ട്. 2006-ല്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചതുമുതല്‍ ഇസ്‌ലാം വിരുദ്ധത മുഖ്യവിഷയമാക്കി പ്രവര്‍ത്തിക്കുന്ന വില്‍ഡേഴ്‌സ് അതിനെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചു വരുന്നുണ്ട്. നെതര്‍ലാന്റിലെ 16 ദശലക്ഷം വരുന്ന ജനസംഖ്യയില്‍ 10 ലക്ഷത്തോളം മുസ്‌ലിംകളാണ്.
മ്യാന്മറില്‍ സഹായ കേന്ദ്രം തുറക്കാന്‍ ധാരണ
മ്യാന്മര്‍ സന്ദര്‍ശിച്ച് റോഹിങ്ക്യ മുസ്‌ലിംകളുടെ സ്ഥിതിഗതികള്‍ നേരിട്ടു വിലയിരുത്തിയ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷന്‍ (ഒ.ഐ.സി) പ്രതിനിധി സംഘം റോഹിങ്ക്യ മുസ്‌ലിംകളുടെ പുനരധിവാസമടക്കമുള്ള സഹായങ്ങള്‍ക്കായി മ്യാന്മറില്‍ ഓഫീസ് തുറക്കാന്‍ തീരുമാനിച്ചു. റോഹിങ്ക്യ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പ്രശ്‌ന പരിഹാരത്തിന് ഈ കേന്ദ്രം സഹായകമാകുമെന്ന് ജിദ്ദയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഒ.ഐ.സി അംബാസഡര്‍ ത്വാരിഖ് ബഖീത്ത് പറഞ്ഞു. ഒ.ഐ.സി പ്രതിനിധി സംഘം മ്യാന്മര്‍ അഭ്യന്തര മന്ത്രിയടക്കമുള്ള ഉന്നത മന്ത്രിമാരുമായി റോഹിങ്ക്യ മുസ്‌ലിം പ്രശ്‌നം ചര്‍ച്ച ചെയ്തിരുന്നു. അടുത്ത് ന്യൂയോര്‍ക്കില്‍ ചേരാനിരിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തില്‍ വിശദമായ റിപ്പോര്‍ട്ട് അവതരിപ്പിക്കുമെന്നും ത്വാരിഖ് പറഞ്ഞു. സെപ്റ്റംബര്‍ ആദ്യവാരത്തിലാണ് മ്യാന്മര്‍ സര്‍ക്കാറുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ ഒ.ഐ.സി ദൗത്യ സംഘം മ്യാന്മറില്‍ സന്ദര്‍ശനം നടത്തിയത്.
സോമാലിയന്‍ തെരഞ്ഞെടുപ്പ് വഞ്ചനയെന്ന് 'യുവജന സഖ്യം'
സോമാലിയയില്‍ പുതിയ പ്രസിഡന്റായി ഹസന്‍ ശൈഖ് മഹ്മൂദ് തെരഞ്ഞെടുക്കപ്പെട്ടത് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ കക്ഷിയായ 'യുവജന പോരാട്ട സഖ്യം' അറിയിച്ചു. സോമാലിയയെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള പടിഞ്ഞാറന്‍ രാഷ്ട്രങ്ങളുടെ തന്ത്രമാണ് ഹസന്‍ മഹ്മൂദിന്റെ തെരഞ്ഞെടുപ്പെന്നും പോരാട്ട സഖ്യം പറഞ്ഞു. 
വിവിധ ഗോത്ര വര്‍ഗ വിഭാഗങ്ങള്‍ പരസ്പരം പോരടിക്കുന്ന സോമാലിയയില്‍ നിലവിലെ പ്രസിഡന്റ് ഷരീഫ് ശൈഖ് അഹ്മദിന്റെ കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് കഴിഞ്ഞാഴ്ചയാണ് പാര്‍ലമെന്റ് അംഗങ്ങള്‍ ചേര്‍ന്ന് ഹസന്‍ ശൈഖ് മഹ്മൂദിനെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തത്. എന്നാല്‍ സോമാലിയന്‍ ജനതയുടെ താല്‍പര്യങ്ങള്‍ പരിഗണിക്കുന്നതല്ല ഹസന്‍ ശൈഖ് മഹ്മൂദിന്റെ തെരഞ്ഞെടുപ്പെന്നും സോമാലിയയുടെ സമ്പത്ത് കൊള്ളയടിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന വിദേശ ശക്തികളുടെ കളിപ്പാവമാത്രമാണ് അദ്ദേഹമെന്നും 'യുവജന പോരാട്ട സഖ്യം' വക്താവ് ശൈഖ് അലി മഹ്മൂദ് പറഞ്ഞു. എണ്ണയും പ്രകൃതിവാതകവും കൊണ്ട് അനുഗൃഹീതമായ സോമാലിയയില്‍ വിദേശ ശക്തികളുടെ ഇടപെടലുകള്‍ വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റായി തെരഞ്ഞെടുത്ത് ഒരാഴ്ചക്കകം തന്നെ ഹസന്‍ ശൈഖ് മഹ്മൂദിന് നേരെ രണ്ട് വധശ്രമങ്ങള്‍ നടന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം 'യുവജന സഖ്യം' ഏറ്റെടുത്തു.
സഹികെട്ട ഫലസ്ത്വീനികള്‍ തെരുവിലിറങ്ങുന്നു
വിലക്കയറ്റം മൂലം ജീവിതം നരകതുല്യമായ പടിഞ്ഞാറെക്കരയിലെ ജനങ്ങള്‍ സലാം ഫയാദ് ഭരണകൂടത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങളുമായി തെരുവിലിറങ്ങി. 'ഫയാദ് പുറത്തുപോകുക', 'ഈ ദുരിതം എത്രകാലം' തുടങ്ങിയ ബാനറുകളുമായാണ് പടിഞ്ഞാറെക്കരയില്‍ ആയിരങ്ങള്‍ നിരത്തിലിറങ്ങിയത്. സര്‍ക്കാറിന്റെ കൊള്ളരുതായ്മ കാരണം പടിഞ്ഞാറെക്കരയില്‍ ജനജീവിതം താളം തെറ്റി. തൊഴില്‍ സാധ്യത കുറഞ്ഞതു കാരണം തൊഴിലില്ലാത്തവരുടെ എണ്ണം കൂടിവരുന്നു. അവശ്യ വസ്തുക്കളുടെ നിയന്ത്രണാധീതമായ വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. സലാം ഫയാദ് ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയാണ് ഈ നിലയിലെത്തിച്ചതെന്നാണ് പ്രക്ഷോഭകരുടെ വാദം. 
സലാം ഫയാദിനെതിരെ 'ഫത്ഹ്' പാര്‍ട്ടിയുടെ നേതൃനിരയിലുള്ളവര്‍ക്കുതന്നെ മുറുമുറുപ്പുണ്ട്. ഫലസ്ത്വീന്‍ അതോറിറ്റിക്ക് വിവിധ ഫലസ്ത്വീന്‍ ബാങ്കുകളില്‍ ശതകോടികളുടെ കട ബാധ്യതയുള്ളതായി ഫലസ്ത്വീന്‍ ടി.വി മുമ്പ് പുറത്തുവിട്ടിരുന്നു. എന്നാല്‍ വന്‍ ശക്തികള്‍ അവഗണിച്ചുപോരുന്ന 'ഹമാസ്' നേതാവ് ഇസ്മാഈല്‍ ഹനിയ്യ നയിക്കുന്ന ഗസ്സ ഭരണകൂടത്തിനാവട്ടെ കടബാധ്യതയൊന്നുമില്ലെന്ന് ഹനിയ്യ തന്നെ വ്യക്തമാക്കുകയുണ്ടായി. 
സ്വബ്റ-ശത്തീല വിശ്വാസ്യതക്ക് കോട്ടമുണ്ടാക്കി 
1982-ല്‍ നടന്ന സ്വബ്‌റ ശത്തീല കൂട്ടക്കുരുതി മധ്യ പൗരസ്ത്യ ദേശത്ത് അമേരിക്കയുടെ സ്വാധീനം ദുര്‍ബലമാക്കുകയും വിശ്വാസ്യതക്ക് കോട്ടം തട്ടിക്കുകയും ചെയ്തതായി ന്യൂയോര്‍ക്ക് ടൈംസ്. കൊളംബിയ യൂനിവേഴ്‌സിറ്റിയിലെ ലേസ് ആന്‍സിക്ക (Lathe anzica) ന്യൂയോര്‍ക്ക് ടൈംസിലെഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രയേല്‍ അമേരിക്കയെ വഞ്ചിക്കുകയായിരുന്നുവെന്നും ലേഖനം പറയുന്നു.
അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന നിരപരാധികളെ കൂട്ടത്തോടെ കൊന്നൊടുക്കിയ സംഭവം ലോക ചരിത്രത്തില്‍തന്നെ തുല്യതയില്ലാത്തതാണ്. ലബനാനിലെ ഫലസ്ത്വീന്‍ അഭയാര്‍ഥി ക്യാമ്പില്‍ നടന്ന സംഭവത്തിന് എക്കാലത്തെയും ക്രൂരനായ ഇസ്രയേല്‍ നേതാവ് എരിയല്‍ ഷാരോണ്‍ നേരിട്ട് നേതൃത്വം നല്‍കുകയായിരുന്നു. 2006 ജനുവരിയിലുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് അബോധാവസ്ഥയിലാണ് ഷാരോണ്‍.
ഇബ്റാഹീമിയുടെ ദൌത്യം പരാജയം, ബോംബു വര്‍ഷം തുടരുന്നു 
കോഫി അന്നാനു പിറകെ അറബ് ലീഗിന്റെ കൂടി പിന്തുണയോടെ നടത്തുന്ന അല്‍അഖ്ദര്‍ അല്‍ഇബ്റാഹീമിയുടെ സിറിയന്‍ ദൌത്യത്തിനും സിറിയയിലെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സാധാരണക്കാരായ നിരപരാധികളുടെ രക്തം ചിന്തുന്നത് തടയാനായില്ല. അല്‍ ഇബ്റാഹീമി-ബശ്ശാര്‍ കൂടിക്കാഴ്ചക്ക് ശേഷവും സര്‍ക്കാര്‍ സേനയുടെ ബോംബുവര്‍ഷം തുടരുകയാണ്. അസദുമായി അല്‍ഇബ്റാഹീമി നടത്തിയ കൂടിക്കാഴ്ചയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിനുള്ള ധാരണയുണ്ടായെങ്കിലും ജനങ്ങള്‍ തെരുവിലിറങ്ങുന്നിടത്തെല്ലാം ബോംബുവര്‍ഷം തുടരുന്ന കാഴ്ചയാണിപ്പോഴും. കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി തുടരുന്ന സിറിയന്‍ പ്രതിസന്ധി സിറിയക്കോ മേഖലയിലോ മാത്രമല്ല ലോകത്തിന് തന്നെ ഭീഷണിയായി മാറിയെന്ന് ബശ്ശാറുല്‍ അസദുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം അല്‍ ഇബ്റാഹീമി പറഞ്ഞു. സിറിയന്‍ പ്രതിപക്ഷവുമായും അദ്ദേഹം ചര്‍ച്ചനടത്തി. 
തികഞ്ഞ ധാര്‍ഷ്ട്യത്തോടെ സിറിയന്‍ ഏകാധിപതി നടത്തിവരുന്ന മനുഷ്യക്കുരുതിക്കെതിരെ അറബ് ഇസ്ലാമിക രാഷ്ട്രങ്ങള്‍ പ്രതിഷേധം ശക്തമാക്കി. സ്വന്തം ജനതയെ നിഷ്കരുണം കൊന്നൊടുക്കുന്ന ബശ്ശാറുല്‍ അസദിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഡോ. മുഹമ്മദ് മുര്‍സി പറഞ്ഞു. സിറിയയെ ഒരു ഭീകര രാഷ്ട്രമാക്കി മാറ്റുകയാണ് ബശ്ശാറുല്‍ അസദെന്ന് തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രതികരിച്ചു. അതിനിടെ സിറിയന്‍ പ്രതിപക്ഷങ്ങളെ യോജിപ്പിക്കുന്നതിന്റെ ഭാഗമായി ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ സമ്മേളനം വിളിച്ചു ചേര്‍ക്കും. കഴിഞ്ഞ മാസം പ്രതിപക്ഷത്തേക്ക് കൂറുമാറിയ സിറിയന്‍ നാഷ്നല്‍ ഡിഫന്‍സ് കോളേജ് മുന്‍ അധ്യക്ഷന്‍ അഹ്മദ് ഹുസൈന്‍ അല്‍ഹാജിന്റെ കീഴിലാണ് ശ്രമം നടക്കുന്നത്. 
ബശ്ശാറുല്‍ അസദ് സിറിയന്‍ പ്രതിസന്ധിയെ കേവല രാഷ്ട്രീയമെന്നാണ് വിലയിരുത്തുന്നത്. രാജ്യത്ത് തീവ്രവാദം വളര്‍ത്താന്‍ വിദേശ ശക്തികള്‍ സാമ്പത്തിക സഹായം നല്‍കുന്നുവെന്നും അസദ് ആരോപിക്കുന്നു. പ്രതിപക്ഷത്തിന് കീഴടങ്ങലാകുമെന്നതുകൊണ്ട് അല്‍ഇബ്റാഹീമിയുടെ ദൌത്യമോ അറബ് രാഷ്ട്രങ്ങളുടെ മധ്യസ്ഥ ശ്രമമോ വിജയിച്ചുകാണാന്‍ ബശ്ശാര്‍ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി ഇസ്രയേലുമായി അതിര്‍ത്തി പങ്കിടുന്ന സിറിയ, ജൂത രാഷ്ട്രത്തിന്റെ രണ്ടു രീതികള്‍ പിന്തുടരുന്നതായി നിരീക്ഷകര്‍ കരുതുന്നു. പ്രതിഷേധക്കാരെ മൃഗീയമായി കൊന്നൊടുക്കുകയും എതിര്‍ ശബ്ദം ഉയരാതിരിക്കാന്‍ ജനങ്ങളെ ഭീതിയിലാഴ്ത്തുകയും ചെയ്യുന്ന രീതിയാണ് അതിലൊന്ന്. സിറിയന്‍ ഗ്രാമങ്ങളും പട്ടണങ്ങളുമടക്കം പ്രതിഷേധം തലപൊക്കുന്നിടങ്ങളിലെല്ലാം ഈ രീതി പ്രയോഗിക്കുന്നതായി കാണാം. 'ചര്‍ച്ചക്ക് വേണ്ടി ചര്‍ച്ച'യെന്ന ടെക്നിക്കാണ് മറ്റൊന്ന്. തന്റെ ക്രൂര കൃത്യങ്ങള്‍ക്ക് സമയം നീട്ടി വാങ്ങുകയല്ലാതെ മറ്റൊരു ലക്ഷ്യവും ഈ ചര്‍ച്ചക്ക് നിന്ന് കൊടുക്കുന്നതിനു പിന്നിലില്ല.
9/11 നെ അതിജീവിച്ച് അമേരിക്കന്‍ മുസ്ലിംകള്‍
അമേരിക്കയില്‍ 9/11 നുശേഷമുണ്ടായ ഇസ്ലാം വിരുദ്ധ പ്രചാരണ കോലാഹലങ്ങളെ വിശ്വാസവും ജീവിതവും കൊണ്ട് പ്രതിരോധിച്ച അമേരിക്കന്‍ മുസ്ലിംകള്‍ പ്രതിസന്ധികളെ അതിജീവിച്ച് പൊതുജീവിതത്തില്‍ കൂടുതല്‍ കരുത്താര്‍ജിച്ചതായി North Carolina State's Muslim Student Association (MSA) പ്രസിഡന്റും സീനിയര്‍ സൈക്കോളജിസ്റുമായ സൈനബ(Zainab Baloch)  പറഞ്ഞു. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന തങ്ങള്‍ക്ക് വിശ്വാസവും രാജ്യ സ്നേഹവും ഒരുമിച്ചുകൊണ്ടുപോകാന്‍ യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല. എന്നാല്‍ 9/11 സംഭവം സ്ഥിതിഗതികള്‍ മാറ്റിമറിച്ചെങ്കിലും വര്‍ഷങ്ങള്‍ നീണ്ട സാമൂഹിക ഇടപെടലുകള്‍ക്ക് ശേഷം പൂര്‍വസ്ഥിതിയിലേക്ക് മടങ്ങിയെത്തിയെന്ന് സൈനബ് പറഞ്ഞു. കാമ്പസുകളില്‍ മുസ്ലിം വിദ്യാര്‍ഥികളെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞ 20 വര്‍ഷംമുമ്പാണ് ങടഅ രൂപീകരിച്ചത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അമേരിക്കന്‍ മുസ്ലിംകളെക്കുറിച്ച തെറ്റിദ്ധാരണ മാറ്റിയെടുക്കാന്‍ ങടഅ വിവിധ തരത്തിലുള്ള ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചുവരുന്നു. സംഘടനക്ക് കാമ്പസിനകത്തും പുറത്തും വന്‍ സ്വീകാര്യതയാണ് ലഭിച്ചുവരുന്നതെന്നും അവര്‍ പറഞ്ഞു.

Comments

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍