Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 29

ഇറാനും ഇസ്രയേലും പിന്നെ അമേരിക്കന്‍ തെരഞ്ഞെടുപ്പും

പി.പി അബ്ദുര്‍റസാഖ്‌

ഫ്‌ളോറിഡയിലെ തമ്പയില്‍ നടന്ന റിപബ്ലിക്കന്‍ പാര്‍ട്ടി കണ്‍വെന്‍ഷനില്‍ മിറ്റ് റോംനിയെയും നോര്‍ത്ത് കരോലിനയിലെ ശാര്‍ലറ്റില്‍ നടന്ന ഡെമോക്രാറ്റിക് പാര്‍ട്ടി കണ്‍വെന്‍ഷനില്‍ പ്രസിഡന്റ് ഒബാമയെയും അതതു പാര്‍ട്ടികള്‍ ഔദ്യോഗികമായി 2012-ലെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചതോടെ എട്ട് ആഴ്ച മാത്രം അകലെ നില്‍ക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പിനു വീറും വാശിയും വര്‍ധിച്ചിരിക്കുകയാണ്. രണ്ടു സ്ഥാനാര്‍ഥികളും തങ്ങളുടെ ശക്തിയേക്കാള്‍ അപരന്റെ ദൗര്‍ബല്യത്തില്‍ കേന്ദ്രീകരിച്ചു നടത്തുന്ന പ്രചാരണത്തില്‍, ബുഷ് യുഗത്തില്‍നിന്ന് അനന്തരമെടുത്ത തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും പൂര്‍ണമായി പരിഹരിക്കാന്‍ മറ്റൊരു ഊഴം കൂടി തേടുകയാണ് പ്രസിഡന്റ് ഒബാമ. ഇതുവരെയുള്ള വിശകലനങ്ങളില്‍ റോംനിക്കുമേല്‍ ചെറിയൊരു മുന്‍തൂക്കം ഒബാമ പുലര്‍ത്തുന്നുണ്ടെങ്കിലും, അത് 1980- ലെ സെപ്റ്റംബര്‍ മാസം വരെ റീഗനു മേല്‍ ജിമ്മി കാര്‍ട്ടര്‍ക്കുണ്ടായിരുന്ന മുന്‍തൂക്കം പോലെയാകുമോ എന്ന് കരുതുന്നവരും കുറവല്ല. ഒക്‌ടോബര്‍ മാസത്തില്‍ ഒബാമക്കും റോംനിക്കുമിടയില്‍ നടക്കാനിരിക്കുന്ന മൂന്നു ടെലിവിഷന്‍ ഡിബേറ്റുകള്‍ വിധി നിര്‍ണായകമായേക്കാമെങ്കിലും, രണ്ടാമൂഴത്തിനു വളരെ കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്ന ഒബാമയില്‍ കാര്‍ട്ടര്‍ ആവര്‍ത്തിക്കപ്പെടുമോ എന്ന് സംശയിക്കുന്ന ഡെമോക്രാറ്റുകള്‍ പോലും ഉണ്ടെന്നതാണ് വസ്തുത; കാരണങ്ങള്‍ വ്യത്യസ്തമാകാമെങ്കിലും. ഇനിയുള്ള ദിവസങ്ങളില്‍ അമേരിക്കക്കുള്ളിലും അമേരിക്കയുമായി ബന്ധപ്പെട്ടു പുറംലോകത്തും സംഭവിക്കുന്ന ഓരോ കാര്യവും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. ഇപ്പോള്‍ തന്നെ, മുഹമ്മദ് നബിയെ സ്വഭാവഹത്യ ചെയ്തുകൊണ്ട് അമേരിക്കയില്‍ താമസിക്കുന്ന ഒരു ഇസ്‌ലാമോഫോബിക് നിര്‍മിച്ച സിനിമയും അതിനെതിരെ ഈജിപ്തിലും ലിബിയയിലും ഉണ്ടായ പ്രതിഷേധവും അത് ഇതര മുസ്‌ലിം രാജ്യങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്നതും ബെന്‍ഗാസിയില്‍ യു.എസ് എംബസ്സിയിലെ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതും ഒബാമയുടെ തെരഞ്ഞെടുപ്പ് സാധ്യതകള്‍ക്ക് മങ്ങലേല്‍പിച്ചുകൂടായ്കയില്ല. പ്രത്യേകിച്ചും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരും അവരെ പിന്തുണക്കുന്ന ക്രിസ്ത്യന്‍ നിയോ ഇവാഞ്ചലിസ്റ്റുകളും ജൂത മാധ്യമങ്ങളും ഇതൊക്കെ ഒബാമക്കെതിരായി ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍. ചിക്കാഗോയില്‍ 26,000ത്തോളം വരുന്ന അധ്യാപകര്‍ നടത്തുന്ന സമരം നീണ്ടു പോകുന്നതും അത് ഇതര അമേരിക്കന്‍ സ്റ്റേറ്റുകളിലേക്ക് വ്യാപിക്കുന്നതും ഒബാമ അഭിമുഖീകരിക്കുന്ന ഏറ്റവും പുതിയ ആഭ്യന്തര പ്രശ്‌നമാണ്.
ജിമ്മികാര്‍ട്ടര്‍ അമേരിക്ക കണ്ട നല്ല പ്രസിഡന്റുമാരില്‍ ഒരാളായിരുന്നു. അമേരിക്ക കണ്ട ഏറ്റവും മോശം പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷ് രണ്ടാമനു രണ്ടു അവസരം കൊടുത്ത അമേരിക്കക്കാര്‍, മിഡിലീസ്റ്റിലെ പ്രബല രാജ്യങ്ങളായ ഈജിപ്തിനും ഇസ്രയേലിനും ഇടയില്‍ ക്യാമ്പ് ഡേവിഡ് കരാര്‍ കൊണ്ടുവന്ന് ഇസ്രയേലിന് സുരക്ഷയും മേഖലയില്‍ പൊതുവെ സമാധാനവും ഉണ്ടാക്കിയ ജിമ്മി കാര്‍ട്ടര്‍ക്ക് രണ്ടാമതൊരു അവസരം നല്‍കിയില്ല. അതിനു കാരണം ഇറാന്‍ ഫാക്ടറായിരുന്നു. ജിമ്മി കാര്‍ട്ടറിനും ബറാക് ഒബാമക്കും കുറെ സമാനതകളുണ്ട്. അതിലൊന്ന് രണ്ടു പേരും സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയവരാണെന്നതാണ്. ജിമ്മി കാര്‍ട്ടര്‍ തന്റെ പ്രസിഡന്‍ഷ്യല്‍ കാലാവധി കഴിഞ്ഞു 2002-ലാണ് നോബല്‍ സമ്മാനം നേടിയതെങ്കില്‍ പോലും, തന്റെ ഭരണകാലത്ത് തന്നെ ക്യാമ്പ് ഡേവിഡ് കരാറിനു കാരണക്കാരനായി എന്നതിനാല്‍ അത് അര്‍ഹിച്ചിരുന്നു. പക്ഷേ, അദ്ദേഹവും അപ്പോള്‍ നയതന്ത്രജ്ഞതയുടെ ഭാഗമായി ആഗ്രഹിച്ചിട്ടുണ്ടാവുക, മേനാച്ചം ബെഗിനും അന്‍വര്‍ സാദത്തും ആ സമ്മാനം പങ്കുവെക്കട്ടെ എന്നായിരിക്കും. അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു. രണ്ടാമത്തെ സമാനത രണ്ടുപേരും ഡെമോക്രാറ്റുകളാണ് എന്നതാണ്. അമേരിക്കന്‍ പ്രസിഡന്റുമാരില്‍ നോബല്‍ സമ്മാന ജേതാക്കളായ നാലുപേരില്‍ മൂന്നും ഡെമോക്രാറ്റുകള്‍ ആയിരുന്നു. റിപ്പബ്ലിക്കന്‍ ആയ തിയോഡര്‍ റൂസ് വെല്‍റ്റും ഡെമോക്രാറ്റ് ആയ വുഡ്രോ വില്‍സനും അവരുടെ രണ്ടാം ഊഴത്തിലായിരുന്നു നോബല്‍ സമ്മാനം നേടിയിരുന്നതെങ്കില്‍, ബറാക് ഒബാമ ആദ്യ ഊഴത്തില്‍ ആദ്യ വര്‍ഷം തന്നെ നോബല്‍ സമ്മാനം നേടിയ ഏക അമേരിക്കന്‍ പ്രസിഡന്റാണ്. മൂന്നാമത്തെ സാദൃശ്യം രണ്ടു പേരും പ്രത്യക്ഷത്തില്‍ പൊതു ജനസമൂഹത്തിനു മുമ്പില്‍ സമാധാന പ്രിയരാണെന്നതാണ്. ജിമ്മി കാര്‍ട്ടറിന്റെ കാലത്താണ് ഇറാന്‍ വിപ്ലവം നടന്നതെങ്കില്‍ ഒബാമയുടെ കാലത്താണ് തുനീഷ്യയിലും ഈജിപ്തിലും ലിബിയയിലും യമനിലും അറബ് വസന്തം അടിച്ചു വീശിയതും ഇതര അറബ് മുസ്‌ലിം രാജ്യങ്ങളിലേക്ക് അത് വ്യാപിച്ചുകൊണ്ടിരിക്കുന്നതും. മറ്റൊരു സാദൃശ്യം, രണ്ടു പേര്‍ക്കും ഇറാന്‍ പ്രഹേളിക അഭിമുഖീകരിക്കേണ്ടി വന്നു എന്നതാണ്. വിപ്ലവാനന്തരം 450-ലേറെ ദിവസം നീണ്ട തെഹ്‌റാനിലെ അമേരിക്കന്‍ എംബസി ഉപരോധമായിരുന്നു കാര്‍ട്ടര്‍ അഭിമുഖീകരിച്ചിരുന്നതെങ്കില്‍, ബറാക് ഒബാമക്ക് ഇറാന്റെ ആണവോര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്നത്. ഇറാന്‍ പ്രശ്‌നം കാര്‍ട്ടറിന്റെ രണ്ടാമൂഴ സാധ്യതക്ക് വില്ലനായതു പോലെ ഒബാമയുടെ രണ്ടാമൂഴത്തിനും തടസ്സമായാല്‍ അത് അവര്‍ തമ്മിലെ ഭരണപരമായ സമാനതകള്‍ക്കു പുറമെയുള്ള മറ്റൊരു സമാനത കൂടിയായി ചരിത്രം രേഖപ്പെടുത്തും. പക്ഷേ, ഇറാന്‍ വിഷയത്തെ നേരിടുന്നതില്‍ രണ്ടു പേര്‍ക്കുമിടയില്‍ ശ്രദ്ധേയമായ ചില വ്യത്യാസങ്ങളുമുണ്ട്. കാര്‍ട്ടര്‍ തെഹ്‌റാനിലെ അമേരിക്കന്‍ എംബസ്സിയിലെ തടവുകാരെ മോചിപ്പിക്കുന്നതിനു പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് വര്‍ഷമായ 1980 ഏപ്രിലില്‍ നടത്തിയ മിലിട്ടറി ഓപറേഷന്‍ (Operation Eagle Claw) അവിശ്വസനീയമാംവിധം അതിദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. ഈ പരാജയത്തിനു തൊട്ടുടനെ, തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പായി 'ഓപറേഷന്‍ ക്രെഡിബ്ള്‍ സ്‌പോര്‍ട്ട്' എന്ന പേരില്‍ 1980 സെപ്റ്റംബറില്‍തന്നെ മറ്റൊരു നീക്കവും കൂടി ആസൂത്രണം ചെയ്‌തെങ്കിലും ഫ്‌ളോറിഡയിലെ എഗ്ലിന്‍ എയര്‍ ഫോഴ്‌സ് ബെയ്‌സിലെ പരീക്ഷണ പറക്കലില്‍ തന്നെ ഒരു പൊട്ടിത്തെറിയോടെ അതും വെള്ളത്തിലായി. ഇതിലും പരാജയപ്പെട്ടതോടെയാണ് 1980 സെപ്റ്റംബറില്‍ ഇറാഖിലെ സദ്ദാമിനെ ഉപയോഗിച്ച് വിപ്ലവാനന്തരം ദുര്‍ബലമായിരുന്ന ഇറാനെ ആക്രമിപ്പിച്ചത്. പത്തു വര്‍ഷത്തോളം നീണ്ട ആ യുദ്ധത്തെയും വിപ്ലവാനന്തര ഇറാന്‍ അതിജീവിച്ചു. തുടര്‍ന്ന് സദ്ദാം കുവൈത്ത് അധിനിവേശപ്പെടുത്തിയതും, സുഊദിയെ ആക്രമിച്ചതും അമേരിക്ക ഇടപെട്ടതും സദ്ദാം നിഷ്‌കാസിതനായതും തൂക്കിലേറ്റപ്പെട്ടതും ഇറാഖ് പ്രേത ഭൂമിയായതുമൊക്കെ പില്‍ക്കാല ചരിത്രം. പിന്നെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി റീഗനു 1980-ലെ തെരഞ്ഞെടുപ്പ് ഏറെക്കുറെ ഈസി വാക്കോവര്‍ ആയിരുന്നു എന്നതാണ് വസ്തുത. കാര്‍ട്ടറിനു അദ്ദേഹം മറ്റു നിലക്ക് അര്‍ഹിച്ചിരുന്ന രണ്ടാമൂഴം ലഭിക്കുന്നതിനു ഇറാന്‍ വില്ലനായി നിന്നുവെന്ന് ചുരുക്കം.
കാര്‍ട്ടറിന്റെ ഈ ചരിത്രാനുഭവം മുമ്പിലുള്ളതുകൊണ്ടാവണം ബറാക് ഒബാമ കുറച്ചു കൂടി സൂക്ഷ്മതയോടെയും ശ്രദ്ധയോടെയുമാണ് തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ഇറാന്‍ ന്യൂക്ലിയര്‍ പ്രശ്‌നത്തെ കൈകാര്യം ചെയ്യുന്നത്. ഒരു സൈനിക ഓപ്പറേഷനിലേക്ക് എടുത്തുചാടാനുള്ള ഇസ്രയേലിന്റെ നേര്‍ക്കു നേരെയുള്ള സമ്മര്‍ദത്തെ അദ്ദേഹം ഇതുവരെ അതിജീവിച്ചിട്ടുണ്ട്. ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവും പ്രതിരോധമന്ത്രി എഹൂദ് ബറാക്കും ഇറാനു അന്ത്യശാസനവും റെഡ് ലൈനും ഡെഡ് ലൈനും ഒക്കെ നല്‍കാന്‍ ജൂത മാധ്യമങ്ങളുടെ പിന്തുണയോടെ സമ്മര്‍ദം ചെലുത്തിനോക്കിയിരുന്നു. സെപ്റ്റംബര്‍ അവസാനം ന്യൂ യോര്‍ക്കില്‍ യു.എന്‍ ജനറല്‍ അസംബ്ലിക്ക് വരുന്ന നെതന്യാഹു, പ്രസിഡന്റ് ഒബാമയുമായി കൂടിക്കാഴ്ച്ചക്കുവേണ്ടി അപേക്ഷിച്ചെങ്കിലും അത് തിരസ്‌കരിക്കപ്പെടുകയാണുണ്ടായത്. ഇസ്രയേല്‍ അമേരിക്കയുടെ ഭരണ കാര്യങ്ങളില്‍ ഇടപെടുന്നതിനെ ബഹുഭൂരിപക്ഷം അമേരിക്കക്കാരും എതിര്‍ക്കുന്നുണ്ടെന്ന് സര്‍വേകള്‍ വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് ഇതൊക്കെയും നടക്കുന്നത്. ഇസ്രയേല്‍ ലോബി അമേരിക്കയില്‍ ദുര്‍ബലമാകുന്നതിന്റെ ലക്ഷണം കൂടിയായി ഇതിനെ വായിക്കാമെങ്കിലും, ജൂത മീഡിയക്ക് ഇസ്രയേല്‍ ബാഹ്യമായ സംഭവങ്ങള്‍ സൃഷ്ടിച്ചു ഒബാമ വിരുദ്ധ വികാരം സൃഷ്ടിക്കാനുള്ള കഴിവിനെ കുറച്ചു കണ്ടുകൂടാ. ഒരു പക്ഷേ, ഒബാമ രണ്ടാമതും തെരഞ്ഞെടുക്കപ്പെടുന്നത് അമേരിക്കന്‍ പൊതു ജനങ്ങളില്‍ ഇസ്രയേല്‍ അനുകൂല വികാരം കുറഞ്ഞുവരുന്നതിന്റെ തെളിവായി അവിടത്തെ രാഷ്ട്രീയ നേതാക്കള്‍ വായിച്ചുകൂടായ്കയില്ല. ഇങ്ങനെയൊക്കെയാണെങ്കിലും, ഒബാമയും ഇസ്രയേലും ഇറാന്‍ ന്യൂക്ലിയര്‍ പ്രശ്‌നത്തെ നിസ്സംഗതയോടെ നോക്കിക്കാണുമെന്ന് കരുതുന്നത് അബദ്ധമായിരിക്കും. ഇറാനെ സൈനികമായി ആക്രമിക്കുന്നതും ആക്രമിക്കാതിരിക്കുന്നതും ജൂത ലോബികളും പൊതുജനാഭിപ്രായ ലോബികളും ശക്തമായിരിക്കുന്ന അമേരിക്കയിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. രണ്ടു ലോബികളെയും തൃപ്തിപ്പെടുത്താനുള്ള ഞാണിന്മേല്‍ കളിയാണ് ഒബാമ നടത്തുന്നത് എന്ന് വേണം അനുമാനിക്കാന്‍.
അതേസമയം ഇറാനെതിരെ ഒളിയുദ്ധം വളരെ നേരത്തെ തന്നെ ഒബാമ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഇതില്‍ ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധം വര്‍ഷങ്ങള്‍ക്ക് മുമ്പേ തുടങ്ങിയതാണെങ്കിലും അത് ഇപ്പോള്‍ എണ്ണ ഉപരോധത്തിലേക്ക് കൂടി വ്യാപിപ്പിച്ചു കൂടുതല്‍ കടുപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇറാന്‍ എത്ര തന്നെ നിരസിച്ചാലും വീരസ്യം പറഞ്ഞാലും, ഈ ഉപരോധം നേരത്തെ തന്നെ സാമ്പത്തികമായി ദുര്‍ബലമായ ഇറാനെ കൂടുതല്‍ ദുര്‍ബലപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.
രണ്ടാമത്തെ യുദ്ധമുഖം മാധ്യമങ്ങളുടേതാണ്. ഇറാനെതിരെ ഈ യുദ്ധ മുന്നണിയും മുമ്പ് തന്നെ തുറന്നു കഴിഞ്ഞതാണ്. ഇതിലൂടെയാണ് ലോക പൊതുബോധത്തെ അന്യായമായ യുദ്ധത്തിനു വേണ്ടി സാമ്രാജ്യത്വം എന്നും കണ്ടീഷന്‍ ചെയ്‌തെടുക്കുന്നത്. ഇവിടെയും ഇറാന്റെ പ്രതിരോധം, അത് എത്രതന്നെ ന്യായമാണെങ്കിലും, വളരെ ദുര്‍ബലമാണ്. നേരത്തെയുള്ളതില്‍നിന്ന് വ്യത്യസ്തമായി ഇന്റര്‍നെറ്റും സോഷ്യല്‍ നെറ്റ് വര്‍ക്കുകളും കൂടി പങ്കുവഹിക്കുന്ന ഈ യുദ്ധ മുഖത്തു അമേരിക്കന്‍ ഇസ്രയേലി അനുകൂല ദൃശ്യശ്രാവ്യ മാധ്യമങ്ങളാണ് ആധിപത്യം പുലര്‍ത്തുന്നതും അഭിപ്രായ രൂപീകരണം നടത്തുന്നതും. ആധുനിക യുദ്ധത്തില്‍ ഉപയോഗിക്കുന്ന ഏറ്റവും നൂതനമായ ടൂള്‍ ആണ് സൈബര്‍ വാര്‍ഫെയര്‍. 2012 ജൂണ്‍ 1-ലെ ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്തയനുസരിച്ചു ഒബാമ അധികാരമേറ്റെടുത്ത ആദ്യ മാസം തന്നെ ഇറാന്റെ ന്യൂക്ലിയര്‍ സമ്പുഷ്ടീകരണശാലകളെ ലക്ഷ്യം വെച്ചു കൊണ്ടുള്ള സൈബര്‍ യുദ്ധത്തിനു തുടക്കം കുറിച്ചിട്ടുണ്ടായിരുന്നു. ബുഷിന്റെ കാലത്ത് 'ഒളിമ്പിക് ഗെയിംസ്' എന്ന പേരില്‍ ഇതിനു രൂപം കൊടുത്തിട്ടുണ്ടായിരുന്നെങ്കിലും അത് പ്രവര്‍ത്തിച്ചു തുടങ്ങിയതും ഇസ്രയേലും അമേരിക്കയും കൂട്ടായി വികസിപ്പിച്ചെടുത്ത സ്റ്റക്‌സ്‌നറ്റ് (Stuxnet) വൈറസായി രൂപപ്പെട്ടതുമൊക്കെ 2010-ല്‍ ഒബാമയുടെ നേതൃത്വത്തിലായിരുന്നു. ഈ വൈറസ് തന്നെ ഇറാനിയന്‍ നൂക്ലിയര്‍ പ്ലാന്റുകളില്‍ നാശം വിതച്ചു കൊണ്ടിരിക്കെ തുടര്‍ന്നുള്ള ആഴ്ചകളില്‍ അതിന്റെ തന്നെ പുതിയ അവതാരം, നാതന്‍സ് ന്യൂക്ലിയര്‍ പ്ലാന്റിലെ വൈറസ് ബാധിച്ച 1000 ത്തിലേറെ സെന്റ്രിഫ്യൂജുകളെ നീക്കം ചെയ്യാന്‍ ഇറാനെ നിര്‍ബന്ധിതമാക്കുകയുണ്ടായി. ഇതിനു ശേഷമാണ് ഫ്‌ളെയിം (Flame) എന്ന പേരിലുള്ള മറ്റൊരു കമ്പ്യൂട്ടര്‍ വൈറസ് ഇറാന്റെ ന്യൂക്ലിയര്‍ പ്ലാന്റുകളിലെ കമ്പ്യൂട്ടറുകളെ ആക്രമിച്ചത്. ഈ സൈബര്‍ ആക്രമണത്തെ ഇറാന്‍ തീരെ പ്രതിരോധിക്കായ്കയല്ല. എന്നാല്‍, ഈ മേഖലയില്‍ ശത്രുവിനെ കടന്നാക്രമിക്കാന്‍ മാത്രമുള്ള കെല്‍പ്പൊന്നും ഇറാന് ഇല്ലെന്നതാണ് യാഥാര്‍ഥ്യം.
ഇപ്പോള്‍ സജീവമായ മറ്റൊരു മേഖല ചാര യുദ്ധത്തിന്റേതാണ്. ഇവിടെ ചരിത്രപരമായിത്തന്നെ മൊസാദും സി.ഐ.എയും ആധിപത്യം പുലര്‍ത്തുന്നു. ഈ മേഖലയിലെ പുതിയ ടെക്‌നോളജിയാണ് ഡ്രോണുകള്‍-ആളില്ലാ വിമാനങ്ങള്‍. പാകിസ്താനില്‍ അമേരിക്ക നിത്യേനയെന്നോണം ആക്രമിക്കാന്‍ ഉപയോഗിക്കുന്ന ഡ്രോണുകളെ അമേരിക്ക ഇറാനില്‍ ചാരപ്പണിക്ക് ഉപയോഗിക്കുന്നുവെന്നു ലോകം അറിഞ്ഞത്, ഇറാന്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അത്യാധുനികമായ ആര്‍.ക്യൂ 170 മോഡല്‍ ഡ്രോണിനെ ഒരു പോറലും ഏല്‍പിക്കാതെ പിടികൂടിയപ്പോഴാണ്. റിവേഴ്‌സ് എഞ്ചിനീയറിംഗിലൂടെ അതിന്റെ പിന്നിലെ സാങ്കേതിക വിദ്യ ഇറാന്‍ കൈവശപ്പെടുത്തുമോ എന്ന ആശങ്ക അമേരിക്കന്‍ ഭരണകൂടത്തിനു ഇതിനെ തുടര്‍ന്ന് ഉണ്ടാവുകയും ചെയ്തു. മീഡിയക്ക് മുമ്പില്‍ ഡ്രോണിനെ പ്രദര്‍ശിപ്പിച്ചു ഇറാന്‍ അങ്ങനെയുള്ള അവകാശവാദങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
ഇതോടൊപ്പം തന്നെ പരിശോധിക്കപ്പെടേണ്ടതാണ്, ഒരു സൈനിക ഏറ്റുമുട്ടല്‍ ഉണ്ടാകുമെന്ന് കണക്കിലെടുത്തുകൊണ്ടുള്ള ഇരു പക്ഷത്തിന്റെയും പ്രതിരോധപരമായ മുന്നൊരുക്കങ്ങള്‍. റിസേര്‍വ് സൈന്യത്തോടുപോലും ഒരുങ്ങി നില്‍ക്കാന്‍ ആവശ്യപ്പെട്ട ഇസ്രയേലി പ്രതിരോധ മന്ത്രാലയം ഗ്യാസ് മാസ്‌കുകളും അടിയന്തര ലഘു ലേഖകളും വരെ തങ്ങളുടെ പൗരന്മാര്‍ക്കിടയില്‍ വിതരണം ചെയ്തു തുടങ്ങിയതായി റോയിട്ടര്‍ പോലുള്ള വാര്‍ത്താ ഏജന്‍സികള്‍ സൂചിപ്പിക്കുന്നു. ഇതിനു പുറമേ ഇറാനിയന്‍ മിസൈല്‍ ആക്രമണത്തെ പ്രതിരോധിക്കാനുള്ള ഏറോ, അയേണ്‍ ഡോം തുടങ്ങിയ ആന്റി മിസൈല്‍ സിസ്റ്റത്തിന്റെ വിന്യാസവും, ബങ്കറുകളുടെ സജ്ജീകരണവും തകൃതിയായി ഇസ്രയേലില്‍ നടക്കുന്നുണ്ട്. ഇറാനും ഹിസ്ബുല്ലക്കും ഇടയിലെ പാലമായി വര്‍ത്തിച്ചുക്കൊണ്ടിയിരുന്ന സിറിയ ആഭ്യന്തര കാലുഷ്യത്തില്‍ അകപ്പെട്ടത് ഇസ്രയേലിനു അനുകൂല സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഈജിപ്തില്‍ ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തില്‍ വന്നിരിക്കെ ഇസ്രയേലിന്റെ അയല്‍പക്കത്ത് സിറിയയും കൂടി ഇസ്‌ലാമിസ്റ്റുകളുടെ കീഴില്‍ വരാന്‍ ഇസ്രയേലും അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികളും ഇഷ്ടപ്പെടുന്നില്ല. സിറിയ ഇറാനും ഹിസ്ബുല്ലക്കും ഇടയില്‍ പാലമാകുന്നതിനെയും അവര്‍ ഇഷ്ടപ്പെടുന്നില്ല. പിന്നെയുള്ള ഏറ്റവും നല്ല ഓപ്ഷന്‍ സ്റ്റാറ്റസ്‌കോ നിലനിര്‍ത്തി ആഭ്യന്തര യുദ്ധത്തിലൂടെ ശക്തി ചോര്‍ത്തി ഇറാനും ഹിസ്ബുല്ലക്കും ഇടയില്‍ പാലമാകാന്‍ സിറിയക്ക് സാധിക്കാതിരിക്കുന്ന സാഹചര്യം സൃഷ്ടിക്കുക എന്നതാണ്. അതാണിപ്പോള്‍ ഇറാന്റെ തന്നെ ചെലവില്‍ ഇസ്രയേലും അമേരിക്കയും വളരെ ഭംഗിയായി നടത്തിക്കൊണ്ടിരിക്കുന്നതും.
മധ്യ പൗരസ്ത്യ ദേശത്തെ തങ്ങളുടെ സൈനിക ക്യാമ്പുകളെ സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ നടപടികള്‍ അമേരിക്കയും എടുത്തു തുടങ്ങിയിരിക്കുന്നു. തങ്ങളുടെ സൈനിക സാന്നിധ്യമുള്ള എല്ലാ മധ്യ പൗരസ്ത്യ രാജ്യങ്ങളിലും അമേരിക്ക ആന്റി മിസൈല്‍ സിസ്റ്റം വിന്യസിച്ചിരിക്കുന്നു. 2011-ല്‍ മാത്രം ഇറാന്‍ പ്രശ്‌നം മുന്‍നിര്‍ത്തി അമേരിക്ക തങ്ങളുടെ മധ്യ പൗരസ്ത്യ ദേശത്തെ സമ്പന്ന സഖ്യരാജ്യങ്ങള്‍ക്ക് ആയുധം വിറ്റതിന്റെ കണക്കു ഇസ്രയേലില്‍ ഏറ്റവും പ്രചാരമുള്ള ഹാരെട്‌സ് പത്രം (ആഗസ്റ്റ് 28) പറയുന്നുണ്ട്. 2010-ല്‍ വെറും 21 ബില്യന്‍ ഡോളറിന്റെ ആയുധം വിറ്റ അമേരിക്ക അത് 2011-ല്‍ 64 ബില്ല്യനായി ഉയര്‍ത്തി. ഇതില്‍ മിക്കവയും വിറ്റത് മധ്യ പൗരസ്ത്യ ദേശത്തെ സമ്പന്ന സഖ്യ രാജ്യങ്ങള്‍ക്കായിരുന്നു. റഷ്യയുടെ 2011 ലെ ആയുധ വില്‍പന വെറും 4 ബില്ല്യനായിരുന്നു എന്ന് അറിയുമ്പോഴാണ് ഇറാന്‍ പ്രശ്‌നം എങ്ങനെയാണ് അമേരിക്കയെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടാന്‍ സഹായിക്കുന്നത് എന്ന് മനസ്സിലാവുക. ലോകത്തിലെ ഏതാണ്ട് 45 ശതമാനത്തോളം വരുന്ന എണ്ണ കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് അടക്കാന്‍ ഇറാനെ അനുവദിക്കാതിരിക്കാന്‍ തങ്ങളുടെ അഞ്ചാം നാവികപ്പടയെ അമേരിക്ക തയാറാക്കി നിര്‍ത്തിയിട്ടുമുണ്ട്.
എന്തുതന്നെയായാലും അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് രണ്ടു മാസം മാത്രം അകലെയായിരിക്കെ കാര്‍ട്ടര്‍ ചെയ്ത അബദ്ധം ഒബാമ ചെയ്യില്ലെങ്കില്‍ നവംബര്‍ വരെയെങ്കിലും ഇസ്രയേലിനു മൂക്കുകയറിടാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ജയിക്കുന്നത് ഒബാമയായാലും റോംനിയായാലും ഇസ്രയേല്‍ അതിന്റെ അസ്തിത്വത്തിനു തന്നെ ഭീഷണിയായി കരുതുന്ന ഇറാന്‍ പ്രഹേളികയെ നവംബറിനു ശേഷം നേരിടുമെന്ന് വേണം അവര്‍ നടത്തുന്ന ഒരുക്കങ്ങളില്‍നിന്നും കരുതാന്‍. ഇത് നടക്കുന്നത് ഒബാമയുടെ രണ്ടാം ഊഴത്തിലാണെങ്കില്‍ ഒബാമക്ക് കാര്‍ട്ടറേക്കള്‍ സമാനത വൂഡ്രോ വില്‍സനോട് ആയിരിക്കും. ഒന്നാം ലോക യുദ്ധം നടന്നു കൊണ്ടിരിക്കെ തന്റെ രണ്ടാമൂഴത്തിന് മത്സരിച്ച ഡെമോക്രാറ്റു തന്നെയായിരുന്ന വൂഡ്രോ വില്‍സന്‍ അമേരിക്കയെ താന്‍ യുദ്ധത്തിലേക്ക് വലിച്ചിഴച്ചില്ല എന്ന് പ്രചാരണം നടത്തിയാണ് വിജയിച്ചത്. എന്നാല്‍, 1916-ലെ തെരഞ്ഞെടുപ്പ് ജയിച്ചതില്‍ പിന്നെ അദ്ദേഹം അമേരിക്കക്ക് നിഷ്പക്ഷമായിരിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞുകൊണ്ട് ജര്‍മനിയുമായി യുദ്ധം പ്രഖ്യാപിക്കുവാന്‍ അമേരിക്കന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെടുകയാണ് ഉണ്ടായത്. ഒരു പക്ഷേ, തന്റെ മുന്‍ഗാമി ജോര്‍ജ് ബുഷ് തുടങ്ങിയ ഇറാഖ് യുദ്ധം അവസാനിപ്പിച്ചുവെന്ന പ്രതീതിയും അഫ്ഗാന്‍ യുദ്ധത്തില്‍ നിന്നും പിന്‍വാങ്ങാന്‍ പോകുന്നു എന്ന പ്രതീതിയും സൃഷ്ടിച്ചു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന ഒബാമ തന്റെ രണ്ടാം ഊഴത്തില്‍ ഇറാനുമായി ഒരു പുതിയ യുദ്ധം തുടങ്ങാന്‍ കാരണക്കാരനായിത്തീരുമോ? കാത്തിരുന്നു കാണുക തന്നെ.

Comments

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍