Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 29

നാല് ഇമാമുകള്‍ വിയോജിപ്പിന്റെ രീതിശാസ്ത്രം

ശൈഖ് സല്‍മാനുല്‍ ഔദ

ഇമാം അബൂ ഹനീഫ, ഇമാം മാലിക്, ഇമാം ശാഫിഈ, ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍ എന്നീ നാല് ഇമാമുകളുടെ ജീവിതം പഠിക്കുമ്പോള്‍, എതിര്‍ വീക്ഷണക്കാരോടുള്ള അവരുടെ സമീപനം അങ്ങേയറ്റം സഹിഷ്ണുതാപരമായിരുന്നു എന്ന് കാണാന്‍ കഴിയും. തങ്ങളുടെ സമകാലികരും മുന്‍ഗാമികളുമായ പണ്ഡിതന്മാരെയും മുസ്‌ലിം സമൂഹത്തെയും ആദരിക്കുന്നതില്‍ മാതൃകാ സമീപനമാണ് അവര്‍ സ്വീകരിച്ചത്. തങ്ങളുടെ അഭിപ്രായങ്ങളോട് യോജിക്കുന്നവരോടും വിയോജിക്കുന്നവരോടും സ്‌നേഹമസൃണമായ സമീപനമാണ് അവര്‍ അനുവര്‍ത്തിച്ചത്. വിശുദ്ധ ഖുര്‍ആന്‍ നമ്മെ ഇങ്ങനെ പ്രാര്‍ഥിക്കാന്‍ പഠിപ്പിച്ചുവല്ലോ: ''ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും മുമ്പു കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തു തരേണമേ. സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളില്‍ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു'' (ഹശ്ര്‍ 10)
മുന്‍കാല പണ്ഡിതന്മാരുടെ വ്യത്യസ്ത അഭിപ്രായങ്ങളെ വിലകുറച്ചുകാണാനോ, അവര്‍ക്കെതിരില്‍ സംശയം ഉണര്‍ത്തും വിധം സംസാരിക്കാനോ മദ്ഹബിന്റെ നാല് ഇമാമുകള്‍ മുതിര്‍ന്നിട്ടില്ല. തങ്ങളുമായി വിയോജിപ്പുള്ള സമകാലികരായ പണ്ഡിതന്മാരുടെ വീക്ഷണത്തെ വിചാരണ ചെയ്യുവാനോ, തങ്ങളുടെ അഭിപ്രായത്തിന് മേല്‍കോയ്മ ലഭിക്കും വിധം പ്രചാരണം നടത്താനോ അവര്‍ തുനിഞ്ഞിരുന്നില്ല. മദ്ഹബിന്റെ നാല് ഇമാമുകളും വ്യത്യസ്ത അഭിപ്രായങ്ങളും വീക്ഷണങ്ങളും കാഴ്ച്ചപ്പാടുകളുമുളളവരായിരുന്നു. അതുകൊണ്ടാണ് അവര്‍ കര്‍മശാസ്ത്രത്തിന്റെ വ്യത്യസ്ത ധാരകളെ പ്രതിനിധീകരിക്കുന്ന നാല് മദ്ഹബുകളുടെ ഇമാമുമാരായത്. എന്നാല്‍ സംവാദങ്ങളില്‍ എതിര്‍ വീക്ഷണക്കാരെ ആദരവോടെയും സ്‌നേഹത്തോടെയും മാത്രമേ അവര്‍ പരിചരിക്കാറുള്ളൂ. അവരുടെ സംവാദങ്ങളും ആശയസംഘട്ടനങ്ങളും സമൂഹത്തെ ഛിദ്രതയിലേക്കോ കലഹത്തിലേക്കോ നയിക്കുന്നതായിരുന്നില്ല.
നിരവധി സാമൂഹിക രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഒരു കാലത്താണ് അവര്‍ ജീവിച്ചത്. വ്യത്യസ്ത രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിലും അവര്‍ രൂപപ്പെടുത്തിയെടുത്ത ഈ സഹവര്‍ത്തിത്വത്തിന്റെ രീതി ശാസ്ത്രമാണ് ആരോഗ്യകരമായ ഒരു സംവാദ അന്തരീക്ഷത്തിന് അടിത്തറ പാകിയത്. തങ്ങളുടെ കാലത്തെ മാറ്റങ്ങളോടും പ്രവണതകളോടും കൃത്യമായും സക്രിയമായും പ്രതികരിക്കേണ്ടത് അനിവാര്യമാണെന്നവര്‍ മനസ്സിലാക്കി. എന്നാല്‍, തങ്ങളുടെ കാലത്തെ രാഷ്ട്രീയ സംവിധാനങ്ങളില്‍ പങ്കാളികളായിക്കൊണ്ടുമായിരുന്നില്ല അവരുടെ ഇടപെടലുകള്‍. നാലു ഇമാമുമാരും ഭരണകൂടത്തിലെ ന്യായാധിപന്‍ പോലുള്ള ഉന്നത പദവികള്‍ ഒരിക്കലും വഹിച്ചിരുന്നില്ല. അതേസമയം, ഭരണകൂടത്തിന്റെ സ്ഥിരം രാഷ്ട്രീയ പ്രതിയോഗികളുമായിരുന്നില്ല അവര്‍. അവരുടെ കാലത്തെ ഭരണകൂടങ്ങളുടെ പീഡനങ്ങള്‍ക്കവര്‍ ഇരയായിട്ടുണ്ടെങ്കിലും, ഗവണ്‍മെന്റിന്റെ രാഷ്ട്രീയ പ്രതിയോഗികളെ അവര്‍ പിന്താങ്ങുകയോ ഭരണകൂടത്തിനെതിരെ ആയുധമെടുക്കുകയോ ചെയ്തിട്ടില്ല. നാല് ഇമാമുമാരുടെയും ചരിത്രം സൂക്ഷ്മമായി വിശകലനം ചെയ്യുമ്പോള്‍, ഭരണകൂടങ്ങള്‍ അവര്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമായിരുന്നുവെന്ന് കാണാം. 'ഒന്നുകില്‍ ഞങ്ങളോടൊപ്പം നില്‍ക്കുക, അല്ലങ്കില്‍ ഞങ്ങളുടെ ശത്രുക്കളോടൊപ്പം' എന്ന എക്കാലത്തെയും ഭരണകൂട നിലപാടിന്റെ ഇരകളായിരുന്നു അവരും. ബൗദ്ധിക-വൈജ്ഞാനിക രംഗങ്ങളിലെ സ്വതന്ത്രാവിഷ്‌കാരങ്ങള്‍ക്ക് വേണ്ടിയുളള അവരുടെ യത്‌നങ്ങളാണ് ഒരുവേള ഭരണകൂടങ്ങള്‍ അവരെ സംശയിക്കാനിടയാക്കിയത്. മാത്രമല്ല, അവരുടെ പ്രസ്താവനകളെയും നിലപാടുകളെയും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി പലരും വളച്ചൊടിച്ചിട്ടുമുണ്ട്. അധികാരത്തിന്റെ അരികുപറ്റി ആനുകൂല്യങ്ങള്‍ കവരുന്നവരുടെയോ, ഭരണപക്ഷത്തിനെതിരെ കലാപം കൂട്ടുന്ന പ്രതിപക്ഷത്തോടൊപ്പമോ നില്‍ക്കാതെ മൂന്നാമതൊരു വഴിയാണ് ഇമാമുമാര്‍ തെരഞ്ഞെടുത്തത്. വ്യത്യസ്ത അഭിപ്രായങ്ങളും വീക്ഷണങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ജനതയുടെ നേതൃത്വം കൈയാളാന്‍ അവരെ പ്രാപ്തരാക്കിയത് അവരുടെ ഈ നിലപാടാണ്. ഒരു ഭാഗത്ത് ഭരണപക്ഷവും അവരെ എതിര്‍ക്കുന്ന പ്രതിപക്ഷവും, മറുഭാഗത്ത് വ്യത്യസ്ത അഭിപ്രായങ്ങള്‍ വെച്ചുപുലര്‍ത്തുന്ന മതധാരകളുടെ ബഹുസ്വര സമൂഹം. വ്യത്യസ്ത വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമൂഹത്തില്‍ എത്ര സഹിഷ്ണുതയോടെയാണ് അവര്‍ ഈ വൈവിധ്യങ്ങളെ നോക്കിക്കണ്ടത് എന്ന അന്വേഷണം ഇക്കാലത്ത് ഏറെ പ്രസക്തമാണ്. സമൂഹത്തോട് ചേര്‍ന്നു നില്‍ക്കുന്നതോടൊപ്പം തന്നെ സാമൂഹിക ഛിദ്രതക്ക് കാരണമായേക്കാവുന്ന കാര്യങ്ങളില്‍ നിന്ന് അവര്‍ പൂര്‍ണമായും വിട്ടുനിന്നു. ഇസ്‌ലാമിക നാഗരികതയെ അന്തഃഛിദ്രതകളില്‍ നിന്നും സാമൂഹിക ശിഥിലീകരണത്തില്‍ നിന്നും തടഞ്ഞുനിര്‍ത്തുന്നതില്‍ ഇമാമുകളുടെ ഇത്തരം നിലപാടുകള്‍ വലിയൊരളവോളം സഹായകമായിട്ടുണ്ട്.
ഇമാമുമാര്‍ അവരുടെ കാലത്ത് നിര്‍വഹിച്ച അതേ ദൗത്യമാണ്, അന്തഃഛിദ്രതയുടെയും കലഹത്തിന്റെയും അസഹിഷ്ണുതയുടെയും ഇക്കാലത്ത് നമുക്കും നിര്‍വഹിക്കാനുള്ളത്. നീതിക്കും അവകാശങ്ങള്‍ക്കും വേണ്ടി മുഖം നോക്കാതെ സംസാരിക്കുന്നവരെയാണ് ഇന്ന് നമുക്കാവശ്യം. സുശക്തമായ ഭരണകൂടങ്ങളും പൗരസമൂഹങ്ങളുമുള്ള ഒരു ലോകത്താണ് ഇന്ന് നമ്മള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങള്‍ ഗവണ്‍മെന്റിന് വേണ്ടിയും ഗവണ്‍മെന്റ് ജനങ്ങള്‍ക്ക് വേണ്ടിയും സേവനം ചെയ്യുന്നു. എന്നാല്‍ അധിക മുസ്‌ലിം രാജ്യങ്ങളിലും ഭരണകൂടവും പൗരന്മാരും തമ്മില്‍ ഇത്തരം സഹകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. ഒരു രാജ്യത്തിന്റെ സുസ്ഥിരതക്കും ക്ഷേമത്തിനും അത്യന്താപേക്ഷിതമാണ് ഇത്തരം ഘടകങ്ങള്‍.
അഭിപ്രായ ഭിന്നതകളോ മതവൈവിധ്യമോ വിയോജിപ്പിന്റെ മറ്റു ഘടകങ്ങളോ ഇവയൊന്നും തന്നെ അടിസ്ഥാനപരമായി ഒരു സമൂഹത്തെ കലഹത്തിലേക്കോ സംഘര്‍ഷത്തിലേക്കോ നയിക്കുന്നതല്ല. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ''നിങ്ങള്‍ നീതി പൂര്‍വം തൂക്കം ശരിയാക്കുവിന്‍, തുലാസ്സില്‍ നിങ്ങള്‍ കമ്മി വരുത്തരുത്'' (അര്‍റഹ്മാന്‍ 9). സാര്‍വത്രിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലുളള നിയമാനുസൃത ജീവിതത്തെയാണ് ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്നത്. വിയോജിപ്പിലെ കാര്‍ക്കശ്യം മൂലം രണ്ട് കക്ഷികള്‍ തമ്മിലെ തര്‍ക്കം രമ്യതയില്‍ പരിഹരിക്കപ്പെടാത്ത സന്ദര്‍ഭങ്ങളില്‍ പോലും സഹവര്‍ത്തിത്വത്തിന്റെ വിശാല ഭൂമിക അവശേഷിക്കുന്നുണ്ടെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.
''ഹേ, മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളുമാക്കിയിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ട പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു'' (ഹുജുറാത്ത് 13).
പരസ്പരമുള്ള ഈ തിരിച്ചറിയലാണ് സാമൂഹിക ബന്ധത്തില്‍ സദ്‌വിചാരവും നീതിയും അനുകമ്പയും നിലനിര്‍ത്തുന്നത്. ഇങ്ങനെയുള്ള ഒരു സാമൂഹിക ക്രമത്തില്‍ മാത്രമാണ് എന്റെയും എന്നോട് വിയോജിക്കുന്നവരുടെയും താല്‍പര്യങ്ങള്‍ തുല്യമായി പരിഗണിക്കപ്പെടുക. വാണിജ്യ ഇടപാടുകള്‍, വ്യവസായം, പൊതുഭരണം, ആരോഗ്യം, വികസനം തുടങ്ങിയ ജീവിതത്തിന്റെ പല തുറകളിലും അനിവാര്യമായും കാത്തുസൂക്ഷിക്കേണ്ടുന്ന ഒരു ഗുണമാണിത്.
ഇമാമുകളിലേക്ക് തന്നെ തിരിച്ചു വരാം. കര്‍മ്മശാസ്ത്ര വിധികളിലെ അവരുടെ ഭിന്നാഭിപ്രായങ്ങള്‍, അവര്‍ക്ക് ശേഷം വന്ന അവരുടെ ശിഷ്യന്മാരുടെയും അനുയായികളുടെയും ഇടയിലെ അഭിപ്രായ വ്യത്യാസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറുതാണ്. തങ്ങളുടെ കാലഘട്ടത്തില്‍ പുതിയതും മുന്‍ തലമുറകള്‍ക്ക് അപരിചിതവുമായ അഭിപ്രായങ്ങളായിരുന്നു ഇജ്തിഹാദിലൂടെ നാല് ഇമാമുകളും പ്രകടിപ്പിച്ചത്. അതുകൊണ്ടു തന്നെ ഒരു ഇമാമിന്റെ അഭിപ്രായം മറ്റൊരു ഇമാമിന്റെ അഭിപ്രായത്തെ അസാധുവാക്കുന്നു എന്ന വാദം ഒരിക്കലും അംഗീകരിക്കാവതല്ല. തങ്ങളുടെ ഇമാമിന്റെ അഭിപ്രായം മാത്രമാണ് ശരി എന്ന വാദം അതുകൊണ്ട് തന്നെ അംഗീകരിക്കാന്‍ കഴിയില്ല.
ഇസ്‌ലാമിക ലോകത്ത് പിന്നീട് വന്ന പണ്ഡിതന്മാരൊക്കെയും ഈ നിലപാടില്‍ ഏതെങ്കിലും ഒരു ഇമാമിന്റെ സരണിയെ പിന്‍പറ്റുകയാണ് ചെയ്തു പോന്നത്. എന്നാല്‍ വ്യത്യസ്ത ചിന്താ രീതികളും വീക്ഷണങ്ങളും സ്വീകരിച്ച് പുതിയ പാതകള്‍ വെട്ടിത്തെളിക്കാന്‍ അവര്‍ ഒട്ടും മടികാണിച്ചിരുന്നുമില്ല. പ്രഗത്ഭ പണ്ഡിതന്‍ ഇമാം ഇബ്‌നു ഖുദാമ നാല് ഇമാമുമാരില്‍ നിന്ന് വേറിട്ട പുതിയ ഒരു ചിന്താ രീതി സ്വീകരിച്ച ആളാണ്. ഫിഖ്ഹിന്റെ നാല് ഇമാമുമാരുടെയും അഭിപ്രായങ്ങളെ വിശകലനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്തതിന് ശേഷമാണ്, അദ്ദേഹം തന്റേതായ വീക്ഷണം രൂപപ്പെടുത്തുന്നത്.
ഇന്ന് ലോകത്ത് സംഭവിച്ച് കൊണ്ടിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങളുടെ വ്യാപ്തി കാണുമ്പോള്‍, ഇസ്‌ലാമിന്റെ തുടക്ക കാലത്ത് തന്നെ ഭിന്നാഭിപ്രായങ്ങളെയും വ്യത്യസ്ത വീക്ഷണഗതിക്കാരെയും ഉള്‍ക്കൊള്ളാന്‍ വേണ്ടത്ര ഇടം അനുവദിച്ച ആ മാതൃകാ സമൂഹത്തെ നമുക്ക് അഭിനന്ദിക്കാതിരിക്കാനാവില്ല. ഫിഖ്ഹിന്റെ വിശാലമായ അര്‍ഥതലങ്ങള്‍ വിവരിച്ചു തന്ന അവരുടെ പ്രയത്‌നങ്ങള്‍ നിസ്തുലമാണ്.
ഒരു സമൂഹത്തിന്റെ ആരോഗ്യകരമായ പ്രയാണത്തിന് വ്യത്യസ്ത അഭിപ്രായങ്ങളെ നിലനിര്‍ത്തല്‍ അത്രയൊന്നും ആവശ്യമല്ലാതിരുന്ന കാലഘട്ടങ്ങളും ഇസ്‌ലാമിക ചരിത്രത്തില്‍ കടന്നുപോയിട്ടുണ്ട്. എന്നാല്‍ നമ്മുടെ ഈ കാലഘട്ടം അഭിപ്രായ ഭിന്നതകളെ ഉള്‍ക്കൊള്ളുകയും സ്വാംശീകരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെയാണ് തേടുന്നത്.
വിവ: മുനീര്‍ മുഹമ്മദ് റഫീഖ്‌

Comments

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍