Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 29

വിസ്മയിപ്പിക്കുന്ന ശിലാഭവനങ്ങള്‍

എം. അഷ്‌റഫ്

പ്രകൃതിയുടെ കരവിരുത് മോഹിപ്പിക്കുന്ന ശില്‍പഭംഗി തീര്‍ത്ത ഈ താഴ്‌വാരത്ത് സഞ്ചാരികള്‍ ധൃതിയിലാണ്. കണ്ടു തീരില്ലെന്ന് കരുതി തിരക്കിട്ടു നടക്കുന്നവരും വേഗം കണ്ടുതീര്‍ത്ത് പുറത്തു കടക്കണമെന്ന് ആഗ്രഹിക്കുന്നവരും.
സുഊദി അറേബ്യയില്‍ മദീനക്കും തബൂക്കിനുമിടയില്‍ മദായിന്‍ സ്വാലിഹിനെ തേടി വരുന്നവര്‍ക്ക് ഇവിടെ അധികനേരം ചെലവഴിച്ച് ഉല്ലസിക്കാന്‍ പാടില്ല. വിശുദ്ധ ഖുര്‍ആനിലെ വിവരണ പ്രകാരം ദൈവിക ശിക്ഷ ഇറങ്ങിയ പ്രദേശമാണ് സ്വാലിഹ് നബിയുടെ നഗരങ്ങള്‍ അഥവാ മദായിന്‍ സ്വാലിഹ്.
ഘോരശബ്ദത്തോടെ ഭൂചലനത്തില്‍ നശിപ്പിക്കപ്പെട്ടുവെന്ന് കരുതപ്പെടുന്ന സ്വാലിഹ് നബിയുടെ ജനതയായ സമൂദ് ഗോത്രത്തിന്റെ ആവാസകേന്ദ്രം ഇതുതന്നെയാണെന്ന് ഉറപ്പിച്ചുപറയാവുന്ന തെളിവുകള്‍ ഇനിയും ലഭിക്കണമെങ്കിലും, ജീവിതത്തില്‍ പ്രവാചക നിര്‍ദേശങ്ങള്‍ പിന്‍പറ്റുന്ന വിശ്വാസികള്‍ ദൈവശിക്ഷ ഇറങ്ങിയ ഇവിടെനിന്ന് വേഗം കടന്നുപോകണമെന്ന പ്രവാചകന്റെ നിര്‍ദേശം അതേപടി അനുസരിക്കുന്നു.
സ്വാലിഹ് നബിയുടെ കാലത്തിനും നൂറ്റാണ്ടുകള്‍ക്ക് ശേഷം ചേക്കേറിയ നബ്ത്തികളുടെ ശവകുടീരങ്ങളാണ് മദായിന്‍ സ്വാലിഹിലുള്ളതെന്ന നിഗമനം ശരിവെച്ചുകൊണ്ട് വരുന്ന ടൂറിസ്റ്റുകള്‍ക്ക് ഈ വിസ്മയ ഭൂപ്രദേശം കണ്ടാല്‍ കൊതി തീരില്ല. പ്രകൃതി തീര്‍ത്ത മനോഹാരിതക്കൊപ്പം പാറകള്‍ തുരന്ന് തീര്‍ത്ത പാര്‍പ്പിടങ്ങളും ശവകുടീരങ്ങളും ആരെയും വിസ്മയിപ്പിക്കുന്നതാണ്.
പത്തു വര്‍ഷത്തിനുശേഷം വീണ്ടും മദായിന്‍ സ്വാലിഹില്‍ എത്തിയപ്പോള്‍ മാറ്റങ്ങള്‍ പ്രകടമാണ്. മാറ്റമില്ലാത്തത് ഗരിമയോടെ നില്‍ക്കുന്ന ചുകന്ന കുന്നുകളും അതിലെ ശിലാഭവനങ്ങളും.
സംരക്ഷണത്തിന് യാതൊരു നടപടികളും സ്വീകരിക്കാതെ തന്നെ ഈ സ്മാരകങ്ങള്‍ നിലനിര്‍ത്തുന്നതിനുള്ള ഉത്തരവാദിത്വം പ്രകൃതി ഏറ്റെടുത്തിരിക്കുകയാണ്. സുഊദി അറേബ്യയിലെ മറ്റു പല സ്ഥലങ്ങളിലും മണ്ണൊലിപ്പ് ചെറുതും വലുതുമായ മലകള്‍ക്ക് രൂപപരിണാമം വരുത്തിയിട്ടുണ്ടെങ്കിലും മദായിന്‍ സ്വാലിഹിലെ ചുകപ്പന്‍ കുന്നുകളില്‍ മണ്ണൊലിപ്പ് അത്ര തീവ്രമല്ല.
കുടീരങ്ങളിലെ ശിലാലിഖിതങ്ങളും പ്രാചീന ചിത്രങ്ങളും നേരത്തെ തന്നെ മാഞ്ഞുപോവുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിലും മദായിന്‍ സ്വാലിഹിന് ഇപ്പോള്‍ പുതമോടി കൈവന്നിട്ടുണ്ട്.
2008-ല്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംനേടിയതാണ് വിശാലമായ ഈ ഭൂപ്രദേശത്ത് ചുറ്റിക്കറങ്ങാന്‍ സഞ്ചാരികള്‍ക്ക് വേണ്ടത്ര റോഡുകളും പുറത്ത് വിശാലമായ കവാടവും ഉയര്‍ന്നു പറക്കുന്ന പതാകകളും സമ്മാനിച്ചത്.
131 സ്മാരകങ്ങളുള്ള ഏക്കര്‍ കണക്കിനു പ്രദേശത്ത് വിവിധ പേരുകളില്‍ അറിയപ്പെടുന്ന അവ തിരിച്ചറിയാനും വഴി കണ്ടെത്താനും ഇപ്പോള്‍ എളുപ്പമാണ്. ഓരോന്നിനെ കുറിച്ചും ചെറുവിവരണങ്ങള്‍ നല്‍കുന്ന ഫലകങ്ങള്‍ ചില്ലിട്ട് സ്ഥാപിച്ചിരിക്കുന്നു.
ഖസ്‌റുല്‍ സനേഹ്, അല്‍ ഖുറൈമത്ത്, ഖസ്‌റുല്‍ ബിന്‍ത്, ഖസര്‍ ഫരീദ്, അല്‍ മഹജര്‍ തുടങ്ങിയ ഈ പേരുകള്‍ നബ്ത്തികളുടെ സംഭാവനയല്ലെന്നാണ് പൊതു നിഗമനം. ആധുനിക അറബിയോട് സാമ്യമുള്ള ഈ നാമങ്ങള്‍ പിന്നീട് ബദുക്കള്‍ സമ്മാനിച്ചതാണെന്ന് കരുതുന്നു.
ജോര്‍ദാനിലെ പെട്ര ആസ്ഥാനമായി സ്ഥാപിക്കപ്പെട്ട നബ്ത്തിയന്‍ രാജ്യത്തിന്റെ രണ്ടാം നഗരമോ കോളനിയോ ആയിരുന്നു ഹിജാസിലെ ഈ ഭൂപ്രദേശമെന്ന നിഗമനമാണ് അംഗീകരിക്കപ്പെട്ടത്. 1880-കളില്‍ ഇവിടം സന്ദര്‍ശിച്ച യൂറോപ്യന്‍ ചാള്‍സ് ഡോട്ടിയുടെ വകയാണ് ഇതിലേക്ക് വെളിച്ചം വീശുന്ന വിവരങ്ങള്‍. രണ്ടാം നഗരമുണ്ടെന്ന് പെട്രയില്‍നിന്ന് ലഭിച്ച വിവരങ്ങളാണ് അദ്ദേഹത്തെ ഇങ്ങോട്ട് നയിച്ചത്.
സമൂദ് ജനതയുടെ ആവാസ കേന്ദ്രവും സ്വാലിഹ് നബിയെയും ദൈവിക കല്‍പനകളെയും ധിക്കരിച്ചതിനാല്‍ ദൈവശിക്ഷ ഇറങ്ങിയ സ്ഥലവും ഇതുതന്നെയെന്ന് ഉറച്ചു വിശ്വസിക്കുന്നതിനാല്‍ സുഊദി അറേബ്യയിലെ തദ്ദേശീയരില്‍നിന്ന് ഇവിടേക്ക് വന്‍തോതിലുള്ള ടൂറിസ്റ്റ് പ്രവാഹമില്ല. ടൂറിസം വികസനത്തിന് കോടികളുടെ പദ്ധതികള്‍ നടപ്പിലാക്കിവരുന്ന സുഊദി ഭരണകൂടം ഇസ്‌ലാമിനു മുമ്പത്തെ ചരിത്ര സ്മാരകങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള ടൂറിസം പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുന്നുമില്ല.
ജിദ്ദയില്‍നിന്ന് 750 കി.മീറ്ററും മദീനയില്‍നിന്ന് 300കി.മീറ്ററും വടക്ക് സ്ഥിതി ചെയ്യുന്ന മദായിന്‍ സ്വാലിഹ് കാണാന്‍ എത്തുന്നവരില്‍ മലയാളികള്‍ ധാരാളമുണ്ട്. സുഊദി അറേബ്യയില്‍ വിശുദ്ധ ഗേഹങ്ങള്‍ക്ക് പുറമേ ഒരേയൊരു സ്ഥലമാണ് കാണാനുദ്ദേശിക്കുന്നതെങ്കില്‍ അത് മദായിന്‍ സ്വാലിഹായിരിക്കണമെന്ന് നിസ്സംശയം പറയാം. പെരുന്നാള്‍ അവധി ദിവസങ്ങളില്‍ മലയാളികളുടെ നിരവധി പഠനവിനോദ യാത്ര സംഘങ്ങള്‍ ഈ ചരിത്ര ഭൂമിയിലെത്തുന്നു.
അല്‍ ഉലാ സിറ്റിയില്‍ എത്തുമ്പോള്‍ തന്നെ പാറകളുടെ രൂപഭാവങ്ങളും വര്‍ണങ്ങളും മനോഹര കാഴ്ചയൊരുക്കി തുടങ്ങും. ജിദ്ദയില്‍നിന്നും രിയാദില്‍നിന്നും തബൂക്കില്‍നിന്നും അല്‍ ഉല സിറ്റിയിലേക്ക് ബസ് സര്‍വീസുണ്ട്. അല്‍ ഉലയില്‍നിന്ന് 23 കി.മീറ്ററാണ് മദായിന്‍ സ്വാലിഹിലേക്കുള്ളത്.
വിശുദ്ധ ഖുര്‍ആനില്‍ ഈ പട്ടണത്തെ അല്‍ ഹിജ്ര്‍ എന്നാണ് വിളിച്ചിരിക്കുന്നത്. അല്‍ അഅ്‌റാഫ്-73 -79, ഹൂദ് 61-68, അല്‍ ഹിജ്ര്‍ 80-84, അല്‍ ഇസ്‌റാഅ് 59, അശ്ശൂറാ 141-159, അന്നംല് 45-53, ഫുസ്സിലത്ത് 17 -18, അല്‍ ഖമര്‍ 23 -32, അശ്ശംസ് 11 -15, എന്നീ സൂക്തങ്ങളിലാണ് ഥമൂദ് ഗോത്രത്തെയും സ്വാലിഹ് നബിയെയും ഇവരുടെ പരിണിതിയെയും പരാമര്‍ശിക്കുന്നത്.
ആദ് സമുദായത്തിനുശേഷം നിങ്ങളെ പ്രതിനിധികളായി നിശ്ചയിച്ചതും ഭൂമിയില്‍ നിങ്ങള്‍ക്ക് ഈ അധിവാസ സൗകര്യം പ്രദാനംചെയ്തതും ഓര്‍ക്കണമെന്ന് ഖുര്‍ആന്‍ സമൂദ് ജനതയോട് പറയുന്നുണ്ട്. നിങ്ങള്‍ അതിലെ സമതലങ്ങളില്‍ ഉന്നത സൗധങ്ങള്‍ പണിയുന്നുവെന്നും പര്‍വതങ്ങള്‍ തുരന്നു ഭവനങ്ങളുണ്ടാക്കുന്നുവെന്നും ഉണര്‍ത്തിയശേഷം ദൈവത്തിന്റെ ശക്തിയുടെ അടയാളങ്ങളെക്കുറിച്ച് അശ്രദ്ധരാകരുതെന്നും ഭൂമിയില്‍ നാശമുണ്ടാക്കരുതെന്നും മുന്നറിയിപ്പ് നല്‍കുന്നു.
അറേബ്യയിലെ അതിപുരാതനമായ രണ്ടാമത്തെ സമുദായമായാണ് സമൂദിനെ കണക്കാക്കുന്നത്. ആദിനുശേഷമുള്ള ഇവരുടെ കഥകള്‍ വിശുദ്ധ ഖുര്‍ആന്റെ അവതരണത്തിന് മുമ്പുതന്നെ അറബികളില്‍ പ്രചാരം നേടിയിരുന്നു.
വലിയ ഒരു നഗരത്തിന്റെ അവശിഷ്ടങ്ങളാണ് ഇവിടെ കാണാന്‍ കഴിയുക. ഖുര്‍ആന്റെ അവതരണകാലത്ത് ഹിജാസിലെ കച്ചവടസംഘങ്ങള്‍ മദായിന്‍ സ്വാലിഹിന്റെ മധ്യത്തിലൂടെയാണ് കടന്നുപോകാറുണ്ടായിരുന്നത്. തബൂക്ക് യുദ്ധവേളയില്‍ പ്രവാചകന്‍ ഈ വഴി യാത്ര ചെയ്തിരുന്നുവെന്നും പുരാവസ്തുക്കള്‍ക്കിടയിലെ കിണര്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സ്വാലിഹ് നബിയുടെ ഒട്ടകം അതില്‍നിന്നാണ് വെള്ളം കുടിച്ചിരുന്നതെന്ന് പറഞ്ഞതായും രേഖപ്പെടുത്തിയിട്ടുണ്ട്. സമൂദിന്റെ നഷ്ടാവശിഷ്ടങ്ങളിലൂടെ ചുറ്റിക്കറങ്ങിയ അനുചരന്മാരോട് അല്ലാഹുവിന്റെ ശിക്ഷക്കിരയായ ഒരു ജനതയുടെ പ്രദേശമാണിതെന്നും ഉല്ലാസ വേദിക്കപ്പുറം വിലാപ വേദിയാണിതെന്നും ചൂണ്ടിക്കാട്ടി അവിടെ നിന്ന് വേഗം കടന്നുപോകാന്‍ പ്രവാചകന്‍ നിര്‍ദേശിക്കുകയുണ്ടായി.
ആദ് സമുദായത്തെ പോലെ സമൂദും വിഗ്രഹാരാധകരായിരുന്നു. ക്രിസ്തുവിനു മുമ്പ് രണ്ടായിരാമാണ്ടില്‍ സ്വാലിഹ് നബി ഇവരിലേക്ക് നിയോഗിതനായപ്പോള്‍ ചുരുങ്ങിയത് 47 ദൈവങ്ങളാണ് ആരാധിക്കപ്പെട്ടിരുന്നത്. ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിച്ചുകൊണ്ട് ദൈവത്തില്‍ ആരെയും പങ്കു ചേര്‍ക്കരുതെന്നാണ് സ്വാലിഹ് നബി ആഹ്വാനം ചെയ്തത്. ഭൂരിഭാഗം ജനതയും സ്വാലിഹിന്റെ വിളി തള്ളിക്കളയുക മാത്രമല്ല, അദ്ദേഹത്തെ വധിച്ചു കളയാന്‍ പോലും മുതിര്‍ന്നു. ഒരു ദൈവമേയുള്ളൂ എന്ന സ്വാലിഹിന്റെ വാദത്തിനു അവര്‍ തെളിവ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഗര്‍ഭിണിയായ ചുവന്ന ഒട്ടകം അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, അവരിലെ പുരോഹിതന്മാര്‍ സ്വാലിഹിന്റെ ദൃഷ്ടാന്തത്തില്‍ വിശ്വസിച്ചാല്‍ ശിക്ഷിക്കുമെന്ന് ജനങ്ങളെ ഭീഷണിപ്പെടുത്തുകയും അവരിലെ സമ്പന്നര്‍ ഒട്ടകത്തെ കൊന്നു കളയാന്‍ ആളുകളെ നിയോഗിക്കുകയുമായിരുന്നു. ഒട്ടകം കൊല്ലപ്പെട്ടപ്പോള്‍ കൊലയാളികളും ദൈവധിക്കാരികളും മൂന്ന് ദിവസം മാത്രമേ ജീവിക്കുകയുള്ളൂവെന്ന് സ്വാലിഹ് നബി പ്രവചിച്ചതുപോലെ ഘോരശബ്ദത്തോടെ ഭൂമി കുലുങ്ങുകയും ഏതാനും വിശ്വാസികള്‍ ഒഴിച്ച് ബാക്കിയുള്ളവര്‍ നാശമടയുകയും ചെയ്തു.
നബ്ത്തികളുടെ രണ്ടാം പട്ടണമായി യുനെസ്‌കോ ഉള്‍പ്പെടുത്തിയിരിക്കുന്ന മദായിന്‍ സ്വാലിഹ് അവരുടെ കാലത്ത് പെട്രയില്‍നിന്നും മക്കയിലേക്കുള്ള വ്യാപാര മാര്‍ഗത്തിലെ സുപ്രധാന കേന്ദ്രമായിരുന്നു. നബ്ത്തികളുടെ തലസ്ഥാനമായ പെട്ര ക്രി. 106-ല്‍ റോമാ സൈന്യത്തോട് അടിയറവു പറഞ്ഞതോടെ മദായിന്‍ സ്വാലിഹിന്റെ പ്രതാപവും അവസാനിച്ചു. ചെങ്കടലില്‍ തുറമുഖങ്ങളുണ്ടാക്കി കരമാര്‍ഗമുള്ള വ്യാപാരത്തിന്റെ പ്രാധാന്യം റോമക്കാര്‍ കുറക്കുകയായിരുന്നു. പില്‍ക്കാലത്ത് ദമസ്‌കസില്‍നിന്ന് മക്കയിലേക്കുള്ള തീര്‍ഥാടകരുടെ യാത്രയില്‍ മദായിന്‍ സ്വാലിഹ് ഒരു കേന്ദ്രമായിരുന്നു. ഹിജാസ് റെയില്‍വേയുടെ പ്രധാന സ്റ്റേഷനായിരുന്ന ഇവിടെ അതിന്റെ കെട്ടിടങ്ങളുടെയും റെയിലിന്റെയും എന്‍ജിന്റെയും അവശിഷ്ടങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. നബ്ത്തികളുടേതായി ഇവിടെ 60 കിണറുകളുണ്ടായിരുന്നത് ഒരു കിണറുള്ള പ്രദേശം പുരാവസ്തു ഗവേഷണത്തിനായി വളച്ചു കെട്ടിയിരിക്കുന്നതായി കാണാം. ഈ കിണറിലേക്ക് വീഴാതിരിക്കാനും സുരക്ഷിതമാക്കാനും ഹിജാസ് റെയിലിന്റെ പാളങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.
നബ്ത്തികള്‍ എവിടെനിന്നു വന്നുവെന്ന് ചരിത്രകാരന്മാര്‍ക്കിടയില്‍ പല അഭിപ്രായങ്ങളുണ്ടെങ്കിലും അവര്‍ ആദിമ അറബികള്‍ തന്നെയാണെന്ന് പൊതുവെ കരുതപ്പെടുന്നു. കാര്‍ഷികവൃത്തിയില്‍ കേന്ദ്രീകരിക്കുന്നതുവരെ നാടോടികളായ ബദുക്കളായിരുന്ന അവര്‍ക്ക് മരുഭൂമിയിലെ ജലസ്രോതസ്സുകള്‍ ഉപയോഗിക്കുന്നതിലുള്ള മികവും വ്യാപാര മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിലുണ്ടായിരുന്ന പ്രാഗത്ഭ്യവുമാണ് മേല്‍ക്കൈ സമ്മാനിച്ചത്. പില്‍ക്കാലത്ത് വാണിജ്യ സംഘങ്ങള്‍ക്ക് സംരക്ഷണം നല്‍കി ചുങ്കം പിരിക്കാനും തുടങ്ങിയെന്ന് ചരിത്രം പറയുന്നു. ശവകുടീരങ്ങളില്‍ കാണുന്ന അരാമിക് ലിഖിതങ്ങളല്ലാതെ നബ്ത്തികളുടേതായി എഴുതപ്പെട്ട ചരിത്രമൊന്നുമില്ല. പെട്രയും മദായിന്‍ സ്വാലിഹും നിലംപൊത്തിയതിനുശേഷം നബ്ത്തികള്‍ക്ക് എന്തു സംഭവിച്ചുവെന്നതിനു ഉത്തരം ലഭിക്കാന്‍ പുരാവസ്തു ഗവേഷണം ഇനിയും നടത്തേണ്ടിയിരിക്കുന്നു.


Comments

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍