Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 29

മറ്റൊരു നന്മ മരം കൂടി....

പി.എ.എം ഹനീഫ്‌

അഗത്തി അബ്ദുല്ല മൗലവി
പ്രസ്ഥാന പ്രസിദ്ധീകരണങ്ങള്‍ക്ക് ഇതര സംഘടനാ പ്രവര്‍ത്തകരില്‍ നിന്നുപോലും വരിസംഖ്യ ചേര്‍ത്തും അഗത്തിയിലും മിനിക്കോയിയിലും പ്രസ്ഥാന സന്ദേശങ്ങള്‍ വിളംബരം ചെയ്തും സകല പ്രതികൂലാവസ്ഥകളെയും ഹൃദയനൈര്‍മല്യങ്ങള്‍ കൊണ്ട് എതിരിട്ടും ജമാഅത്തെ ഇസ്‌ലാമി ഒരു പ്രാണവായു കണക്കെ കരളേറ്റി ജീവിച്ച അഗത്തിയിലെ അബ്ദുല്ല മൗലവി അല്ലാഹുവിങ്കലേക്ക് യാത്രയായി. ഇന്നാലില്ലാ...
ദ്വീപു സമൂഹം അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ആസകലം മുങ്ങിനിന്ന ആ പഴയകാലം തൊട്ടേ അഗത്തി മൗലവി, ഹാജി സാഹിബും കെ.സിയും ടി.കെ അബ്ദുല്ലാ സാഹിബും എ.കെയും അടങ്ങുന്ന മുന്‍തലമുറ കണ്ണീരും ചോരയും ഇറ്റിച്ച് പടുത്തുയര്‍ത്തിയ പ്രസ്ഥാനിക സ്‌കൂളില്‍ നിന്ന് ഇസ്‌ലാമിക സാഹിത്യങ്ങള്‍ നെഞ്ചേറ്റിയ തലമുറയിലെ തികഞ്ഞ വിനീത വിധേയന്‍. കോഴിക്കോട് പള്ളിക്കണ്ടിയില്‍ ഒരു പ്രാസ്ഥാനിക ക്ലാസില്‍ സംസാരിച്ച് തീരവേ ദേഹാസ്വാസ്ഥ്യങ്ങളാല്‍ കുഴഞ്ഞു വീണ് അല്ലാഹുവിന്റെ 'വിളി'കേട്ടു. 'സഫലമീ യാത്ര' എന്നുപറയാവുന്ന ഒരന്ത്യം!
പതിനേഴ് കൊല്ലം മുമ്പ്, ചേന്ദമംഗല്ലൂരില്‍ 'നന്മയുടെ വൃക്ഷം' എന്നൊരു ഡോക്യുമെന്ററി 'ഐ.പിഎച്ച്' വിഷയമാക്കി ഞാന്‍ ഷൂട്ടു ചെയ്യുമ്പോള്‍, പ്രസ്ഥാന സാഹിത്യങ്ങള്‍ തുരുമ്പെടുത്ത സൈക്കിളില്‍ കെട്ടിമുറുക്കി കുന്നും മലകളും താണ്ടി ഓണം കേറാമൂലകളില്‍ അരുണോദയം പ്രകാശിപ്പിക്കുന്ന വന്ദ്യവയോധികന്റെ റോള്‍ അഭിനയിക്കാന്‍ അഗത്തി മൗലവി കുപ്പായമൂരി എന്റെ മുമ്പില്‍ വന്ന ആ രംഗം. ടേക്കുകള്‍ തൃപ്തി ആകാഞ്ഞ് വീണ്ടും വീണ്ടും ക്യാമറ നിലവിളിക്കുമ്പോള്‍ 'എത്ര വേണമെങ്കിലും ഞാന്‍ സൈക്കിള്‍ ചവിട്ടാം...' എന്നു പറഞ്ഞ് യൂണിറ്റംഗങ്ങളെ അമ്പരപ്പിച്ച മൗലവി അതിലൂടെ ഞാനുമായി ഊട്ടിയുറപ്പിച്ച അത്യഗാധ ബന്ധം... കണ്ണംപറമ്പിലെ ആ വിശാലമായ ഖബറിലേക്ക് ഒരു പിടി നനഞ്ഞ മണ്ണിടുമ്പോള്‍ എന്നിലുയര്‍ന്ന തേങ്ങല്‍ 71 പിന്നിട്ട ഒരു വെറും പരിചയക്കാരന്റെ നഷ്ടം കൊണ്ടു മാത്രമായിരുന്നുവോ? ദ്വീപില്‍ നിന്നു വരുമ്പോഴൊക്കെ എന്തെങ്കിലുമൊരു വിശിഷ്ട ദ്വീപുപഹാരം മക്കള്‍ക്ക് കൊടുക്കണം എന്ന് പറഞ്ഞ് ദുആ ചെയ്യാന്‍ കേണു പറയുന്ന ആ പനിനീര്‍ നൈര്‍മല്യത്തെ ഓര്‍ത്തായിരുന്നുവോ? അല്ല; ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ കടഞ്ഞെടുത്ത കാമ്പും കരുത്തും ഉള്‍ക്കൊണ്ടു ജീവിക്കാന്‍ ഇനിയും പക്വമായിട്ടില്ലാത്ത എന്നോടൊക്കെ പ്രസ്ഥാന പാഠം ചെവിയിലോതിയ വലിയൊരു നന്മ മരം വേരറ്റതിലായിരുന്നു. ഇക്കഴിഞ്ഞ റമദാനില്‍ കാണുമ്പോഴും 'പഴയപോലെ ഒന്നിനും കയ്‌യിന്നില്ല ഹനീഫ സാഹിബേ...' എന്നു പറഞ്ഞപ്പോള്‍ ആ മുഖത്ത് നിഴല്‍ പരത്തിയ നഷ്ടബോധങ്ങള്‍ ഞാന്‍ വായിച്ചെടുത്തു. 'നമുക്ക് തനിമയുടെ പലേ പരിപാടികളും ദ്വീപില്‍ ചെയ്യാനുണ്ട്... നിങ്ങളൊക്കെ ഒന്നു വരീ...' എന്നും ക്ഷണിക്കുമായിരുന്നു. കൊച്ചിയില്‍ ദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ആഫീസില്‍ യാത്രക്ക് ഒപ്പിടുവിക്കേണ്ട ചില രേഖകള്‍ പലതവണ എനിക്കു തന്നു. അലസതകള്‍ക്കിടയില്‍ മൗലവിയുടെ കൊതി പൂര്‍ത്തിയാക്കാന്‍ എനിക്കായില്ല.
ഇത്രമേല്‍ സത്യസന്ധനായ ഒരാള്‍... നിഷ്‌കളങ്കനായ ഒരാള്‍... അഗത്തിയിലെ അബ്ദുല്ല മൗലവിയില്‍ ഞാന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ അത്രമേല്‍ നെഞ്ചേറ്റിയ ഒരു മഹദ്മനസ്സിനെ കാണുന്നു. അല്ലാഹു മൗലവിക്ക് സ്വര്‍ഗത്തില്‍ വിശിഷ്ടമായ ഇരിപ്പിടം തന്നെ കരുതിയിരിക്കുന്നു. പ്രാര്‍ഥിക്കാം... നമുക്ക്.

Comments

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍