Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 8

ക്ഷോഭിക്കുന്ന തെരുവുകള്‍ ആവശ്യപ്പെട്ടതായിരുന്നു ആ മാറ്റങ്ങള്‍

ഡോ. മഹാമൂദ് ഹുസൈന്‍ / സംഭാഷണം

ഈജിപ്തിലെ പുതിയ സംഭവ വികാസങ്ങള്‍ പുതിയ ജനകീയ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയില്‍ കേന്ദ്രീകരിച്ചിരിക്കുകയാണല്ലോ. ഈ പശ്ചാത്തലത്തില്‍ പ്രസിഡന്റിന്റെ വിപ്ളവകരമായ തീരുമാനങ്ങളെയും ചുവടുവെപ്പുകളെയും അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ മീഡിയയിലൂടെ ഒരു ഭാഗത്ത് നടന്നുകൊണ്ടിരിക്കുന്നു. അതിലൂടെ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നത് മുസ്ലിം ബ്രദര്‍ഹുഡാണ്. അതിന്റെ പ്രതിഛായയെ കളങ്കപ്പെടുത്താനാണ് അവരുടെ ശ്രമം.  പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍, സംഘടന എന്ത് പ്രവര്‍ത്തന രീതിയാണ് അവലംബിക്കുന്നത്?  ഈജിപ്തിന്റെ ജനകീയ പ്രസിഡന്റായി മുര്‍സി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
ഈജിപ്തിന്റെ സൈനിക നേതൃത്വത്തെ അഴിച്ചു പണിത് മുര്‍സി നടത്തിയ ഇടപെടലിനെയും അത് ഈജിപ്തിന്റെ പൊതുമണ്ഡലത്തിലും ഉന്നതങ്ങളിലും സൃഷ്ടിച്ച അനുരണനങ്ങളെയും കുറിച്ചാകാം ആദ്യം.ഈജിപ്തിന്റെ പ്രസിഡന്റായി മുഹമ്മദ് മുര്‍സി തെരഞ്ഞടുക്കപ്പെട്ടതു മുതല്‍ ഈജിപ്ഷ്യന്‍ ജനത ആഗ്രഹിച്ചുകൊണ്ടിരുന്ന ഒന്നായിരുന്നു ഈ നടപടി. രാജ്യത്തെ ശത്രുക്കളില്‍നിന്ന് സംരക്ഷിക്കുകയും അതിര്‍ത്തി കാക്കുകയും ചെയ്യുന്ന സൈന്യത്തില്‍ പെട്ടെന്നൊരു ഇടപെടല്‍ നടത്തുന്നത് രാജ്യത്തിന്റെ സുരക്ഷയെ തന്നെ അപായപ്പെടുത്തുന്ന നീക്കമാകുമെന്നതിനാല്‍, ബാഹ്യ ഭീഷണികള്‍ ഇല്ലന്ന് ഉറപ്പുവരുത്തി രാജ്യത്തെ ആഭ്യന്തര സുരക്ഷ ശക്തമാക്കിയ ശേഷമേ സൈന്യത്തില്‍ അഴിച്ചുപണിക്ക് മുതിരാന്‍ പ്രസിഡന്റിന് കഴിയുമായിരുന്നുള്ളൂ. പ്രസിഡന്റിന് പൂര്‍ണമായും അധികാരം കൈമാറണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നതിന്റെ കാരണവും ഇതു തന്നെ. 
പ്രസിഡന്റിെനെ തെരഞ്ഞെടുത്ത ശേഷവും രാജ്യത്തെ ഭരണ കാര്യങ്ങളില്‍ സൈന്യം ഇടപെട്ടുകൊണ്ടിരുന്നത് നാമെല്ലാവരും കണ്ടതാണ്. ഭരണ ഘടനാ വിരുദ്ധമായി രാജ്യത്തിന്റെ പരമാധികാരത്തില്‍ ഇടപെടാനുള്ള ശ്രമങ്ങളാണ് സൈന്യം നടത്തിക്കൊണ്ടിരുന്നത്. തീര്‍ച്ചയായും ജനങ്ങളുടെ ശക്തമായ പ്രതിഷേധങ്ങളും സൈനിക നേതൃത്വത്തെ മാറ്റിക്കൊണ്ടുള്ള പ്രസിഡന്റിന്റെ സമയോചിതമായ ഇടപെടലുമാണ് വലിയൊരപകടത്തില്‍ നിന്ന് രാജ്യത്തെ രക്ഷപ്പെടുത്തിയത്. പ്രസിഡന്റിന്റെ ഈ നടപടിയെ രാജ്യത്തെ പ്രബല കക്ഷികളും ജനങ്ങളുമെല്ലാം പിന്തുണച്ചിട്ടുണ്ട്. ഇത്തരം പോസിറ്റീവായ നടപടികള്‍ രാജ്യത്തെ സാധാരണ നിലയിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രസിഡന്റിന്റെ തീരുമാനം സൈനിക നേതൃത്വത്തെയടക്കം സന്തോഷിപ്പിക്കുകയും പോസിറ്റീവായ പ്രതികരണങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.
സൈനിക നേതൃത്വത്തെ മാറ്റിയ നടപടി സൈന്യത്തെ തന്നെ സന്തോഷിപ്പിച്ചതായി താങ്കള്‍ പറഞ്ഞു. എന്താണ് താങ്കള്‍ ഉദ്ദേശിക്കുന്നത്? 
പ്രതിരോധകാര്യ സഹമന്ത്രി ഡോ. മുഹമ്മദുല്‍ ഇബാറിന്റെ മാധ്യമങ്ങള്‍ക്കു മുമ്പിലെ വെളിപ്പെടുത്തല്‍ അതാണ് സൂചിപ്പിക്കുന്നത്. സൈനിക നേതൃത്വത്തെ മാറ്റാനുള്ള മുര്‍സിയുടെ തീരുമാനം ഏകപക്ഷീയമായിരുന്നില്ല. സൈനിക നേതൃത്വവുമായി കൂടിയാലോചിച്ചെടുത്ത തീരുമാനമായിരുന്നു അത്. മാത്രമല്ല, സൈന്യത്തില്‍ പൂര്‍ണമായ അഴിച്ചുപണി നടത്തിയിട്ടുമില്ല. പലരെയും സ്ഥാനങ്ങളില്‍ മാറ്റി പ്രതിഷ്ഠിച്ചുവെന്ന് മാത്രം. അത്തരമൊരു മാറ്റം സേനയും ആഗ്രഹിച്ചിരുന്നതാണ്. 
പ്രസിഡന്റിന്റെ ഇത്തരം തീരുമാനങ്ങളും നീക്കങ്ങളും നിയമനിര്‍മാണ-നിര്‍വഹണ മേഖലകള്‍ പ്രസിഡന്റിന്റെ കൈകളില്‍ തന്നെ കേന്ദ്രീകരിക്കാനും ഫലത്തില്‍ അത് പുതിയ പ്രസിഡന്റിന്റെ സ്വേഛാധിപത്യത്തിലേക്ക് വഴിയൊരുക്കാനും ഇടയാക്കുമെന്ന പ്രതിയോഗികളുടെ വിമര്‍ശനത്തെകുറിച്ച് എന്ത് പറയുന്നു? 
ഈ വിമര്‍ശനം വസ്തുതാപരമല്ല. പ്രസിഡന്റ് ഇവിടെ ജനപ്രതിനിധിസഭയെ പിരിച്ചു വിട്ടിട്ടില്ല. അതിന്റെ അധികാരങ്ങള്‍ കവര്‍ന്നിട്ടില്ല. ഉന്നത ഭരണഘടനാ കോടതിയാണ് ജനങ്ങള്‍ തെരഞ്ഞെടുത്ത പാര്‍ലമെന്റിനെ പിരിച്ചുവിട്ടതും അതിനെ അസാധുവാക്കി പ്രഖ്യാപിച്ചതും. 'സമ്പൂര്‍ണ ഭരണഘടനാ പ്രഖ്യാപനം' എന്ന പേരില്‍ അധികാരം സൈനിക ജനറല്‍മാരിലേക്ക് കൈമാറ്റം ചെയ്തതും പ്രസിഡന്റല്ല, ഈ സൈനിക കോടതിയാണ്. പുതിയ ഭരണഘടന അടിയന്തരമായി തയാറാക്കുകയും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ അംഗീകാരത്തോടെ അത് രാജ്യത്ത് നിലവില്‍ വരികയുമാണ് വേണ്ടത്. ജനപ്രതിനിധികളില്‍ നിന്ന് അധികാരം കവരാതിരിക്കാനും എക്സിക്യൂട്ടീവ്, ജുഡീഷ്യറി, ലെജിസ്ളേറ്റീവ് എന്നീ ഭരണഘടനാ സംവിധാനങ്ങളെ അതതിന്റെ സ്ഥാനങ്ങളില്‍ സ്വതന്ത്രമായി നിലനിര്‍ത്താനും അതാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗം. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ നീക്കം ചെയ്യാനുള്ള കുത്സിത ശ്രമങ്ങളെ ഈജിപ്ഷ്യന്‍ ജനത തിരിച്ചറിഞ്ഞിട്ടുണ്ട്. അതിന് വേണ്ടി ചില മാധ്യമങ്ങളെയും രാജ്യസംവിധാനങ്ങളെയും ഉപയോഗപ്പെടുത്താന്‍ ചില ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സൈന്യത്തിന്റെ ആശീര്‍വാദത്തോടെ പ്രസിഡന്റിന്റെ നയപരിപാടികള്‍ക്ക് തടയിടാനും അവ നടപ്പിലാക്കുന്നത് വൈകിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. പാര്‍ലമെന്റ് പിരിച്ചുവിട്ട സൈനിക കോടതിയുടെ നടപടി അതാണ് സൂചിപ്പിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാപനങ്ങളെയും അസാധുവാക്കാനോ നിര്‍ജീവമാക്കാനോ ഉള്ള ശ്രമങ്ങള്‍ അണിയറയില്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അതുവഴി പ്രസിഡന്റിന്റെ ജനങ്ങളോടുള്ള വാഗ്ദാനങ്ങള്‍ ഇപ്പോഴും നടപ്പിലാക്കിയിട്ടില്ലെന്ന് പ്രചരിപ്പിക്കാനുമുള്ള അവസരം കാത്തിരിക്കുകയാണവര്‍. എന്നാല്‍, ഈജിപ്ഷ്യന്‍ ജനത കാര്യങ്ങള്‍ നന്നായി മനസ്സിലാക്കികൊണ്ടിരിക്കുന്നുണ്ട്. സംശയമില്ല, മുഹമ്മദ് മുര്‍സിയുടെ വിപ്ളവകരമായ ഭരണപരിഷ്കാരങ്ങള്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കും.  
ഈജിപ്ഷ്യന്‍ സൈന്യത്തിനു മേല്‍ അന്താരാഷ്ട്ര സമൂഹം ചെലുത്തിയ സമ്മര്‍ദം പ്രശ്ന പരിഹാരത്തിന് കാരണമായിട്ടുണ്ടോ? പ്രത്യേകിച്ച് യു.എസ് വിദേശ്യ കാര്യ സെക്രട്ടറി ഹിലരി ക്ളിന്റണ്‍ ഈജിപ്ത് സന്ദര്‍ശിച്ച്, അധികാരം ജനകീയ പ്രസിഡന്റിന് കൈമാറണമെന്ന് സൈന്യത്തോട് ആവശ്യപ്പെടുകയുണ്ടായി. ഇതിനു പുറമെ ഇഖ്വാനും അമേരിക്കയും തമ്മില്‍ രഹസ്യ ഉടമ്പടിയുണ്ടെന്നുള്ള ഒരു പ്രചാരണവുമുണ്ട്. എന്താണ് ഇതിന്റെ നിജസ്ഥിതി? 
ഇവിടെ രണ്ട് ഘട്ടങ്ങള്‍ തമ്മില്‍ വേര്‍തിരിച്ച് മനസ്സിലാക്കേണ്ടതുണ്ട്. ഒന്ന്, തെരഞ്ഞെടുപ്പിന്റെ ഘട്ടം. ഞങ്ങള്‍ മനസ്സിലാക്കിയേടത്തോളം, ചില പാശ്ചാത്യ രാജ്യങ്ങള്‍ തെരഞ്ഞെടുപ്പിന്റെ യഥാര്‍ഥ ഫലങ്ങള്‍ പുറത്തുവരണമെന്ന് സൈനിക നേതൃത്വത്തിന് മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. അത് ഇഖ്വാനോടുള്ള സ്നേഹം കൊണ്ടോ ഇഖ്വാനെ സഹായിക്കാനോ ആയിരുന്നില്ല. മറിച്ച് അങ്ങനെ ചെയ്യാതിരുന്നാല്‍, ഒരിക്കല്‍ കൂടി വിപ്ളവം പൊട്ടിപ്പുറപ്പെടുമോ എന്ന് പേടിച്ചിട്ടാണ്. അങ്ങനെ സംഭവിച്ചാല്‍ അത് അവര്‍ക്ക് ഗുണകരമായിരിക്കില്ല. ഈ പാശ്ചാത്യ രാജ്യങ്ങള്‍ അവരവരുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് തെരഞ്ഞെടുപ്പിന്റെ യഥാര്‍ഥ ഫലം പുറത്ത് വരണമെന്ന് ആഗ്രഹിച്ചത്. എന്നാല്‍, രണ്ടാമത്തെ ഘട്ടത്തില്‍ അഥവാ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രസിഡന്റിനെ നിഷ്ക്രിയനാക്കാനുള്ള ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. പ്രസിഡന്റിന്റെ പരിഷ്കാരങ്ങളെ വിജയിപ്പിക്കാനല്ല, മറിച്ച് അദ്ദേഹത്തെ പരാജയപ്പെടുത്താനാണ് ഇപ്പോള്‍ ശക്തമായ നീക്കങ്ങള്‍ നടക്കുന്നത്. കാരണം, ഇസ്ലാമിക സംരംഭങ്ങള്‍ വിജയിച്ചാല്‍ അത് പാശ്ചാത്യ രാജ്യങ്ങളുടെ താല്‍പര്യത്തിന് എതിരാകുമെന്ന് അവര്‍ കരുതുന്നു. ഹിലരിയുടെ സന്ദര്‍ശനം അവരുടെ പ്രോട്ടോകോള്‍ അനുസരിച്ചുള്ള പതിവ് നടപടിക്രമം മാത്രമാണ്. പൊതുവെ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ഡോ. മുര്‍സിക്ക് ഇല്ലെങ്കിലും, അവരില്‍ നിന്ന് അദ്ദേഹത്തിനെതിരെ ഇതുവരെ നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല.
ലോകത്തെ പ്രബല രാഷ്ട്രങ്ങളായ സുഊദി അറേബ്യയും ഈജിപ്തും സുന്നീ ഭൂരിപക്ഷ രാഷ്ട്രങ്ങളാണെന്നും ഗള്‍ഫ് മേഖലയുടെ സുരക്ഷിതത്വം വളരെ പ്രധാനപ്പെട്ടതാണെന്നുമുള്ള പ്രസിഡന്റ് മുര്‍സിയുടെ പ്രസ്താവന മേഖലയിലെ ശീഈ രാഷ്ട്രമായ ഇറാനുള്ള മുന്നറിയിപ്പായി കരുതുന്നുണ്ടോ? 
പ്രസിഡന്റിന്റെ പ്രസ്താവനകളെ ഇങ്ങനെ വ്യാഖ്യാനിക്കരുത്. ഈജിപ്ത് ഗള്‍ഫിന്റെ തന്നെ ഭാഗമാണ്, ഗള്‍ഫ് ഈജിപ്തിനോട് ചേര്‍ന്ന് നില്‍ക്കുന്നതും. ഗള്‍ഫ് മേഖലയുടെ സുരക്ഷ എന്നു പറഞ്ഞാല്‍ അത് ഈജിപ്തിന്റെ കൂടി സുരക്ഷയാണ്. അതു കൊണ്ട് തന്നെ ഗള്‍ഫിന്റെ സുരക്ഷ വളരെയേറെ ഗൌരവമുള്ളതാണ്. ഈ പ്രസ്താവനയെ മറ്റു രാജ്യങ്ങള്‍ എങ്ങനെ വ്യാഖ്യാനിച്ചാലും ശരി, ഈജിപ്ത് അറബ് ലോകത്തിന്റെ ഭാഗമാണ്. അറബ് ലോകത്ത് ഒറ്റപ്പെട്ടുനില്‍ക്കുകയെന്നത് ഈജിപ്തിന് ഒരു നിലക്കും കഴിയാത്ത കാര്യമാണ്. എന്നാല്‍ മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടല്‍ ഈജിപ്തിന്റെ ഉദ്ദേശ്യവുമല്ല. 
വിപ്ളവം പുതിയ ചക്രവാളങ്ങള്‍ തുറന്നിരിക്കുന്നു. വിപ്ളവത്തിന് പുതിയ മാനങ്ങളും വ്യാഖ്യാനങ്ങളും രൂപപ്പെട്ടിരിക്കുന്നു. ഒരു പ്രസ്ഥാനം എന്ന നിലക്കും ഒരു ആശയം എന്ന നിലക്കും വിപ്ളവത്തില്‍ എന്ത് സ്വാധീനമാണ് ഇഖ്വാന്‍ ചെലുത്തിയത്? 
വിപ്ളവാനന്തരം വിപ്ളവത്തിന്റെ യഥാര്‍ഥ പ്രചോദനമെന്തായിരുന്നു എന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അതിലേക്ക് നയിച്ച ഘടകങ്ങള്‍ പൊതുവായ രാഷ്ട്രീയ സാഹചര്യങ്ങളായിരുന്നുവോ അതല്ല മറ്റു ഘടകങ്ങളായിരുന്നോ തുടങ്ങി പല കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇവിടെ വിപ്ളവത്തിന് അതിന്റെ ശൈലിയിലും തത്ത്വത്തിലും മാറ്റമുണ്ടായിട്ടുണ്ട്. വിപ്ളവത്തിന് ശേഷമുള്ള അന്തരീക്ഷവും തെരഞ്ഞെടുപ്പിന് ശേഷമുള്ള അന്തരീക്ഷവും വ്യത്യസ്തമാണ്. ഇസ്ലാമിക ചിന്തകള്‍ ജനങ്ങള്‍ സ്വീകരിക്കുന്ന വിഷയത്തിലും ഈ അന്തരം ദൃശ്യമാണ്. ജനങ്ങളുടെ കാഴ്ച്ചപ്പാടിനെ സ്വാധീനിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. മീഡിയ ജനങ്ങളില്‍ ഉയര്‍ത്തുന്ന അത്തരം സംശയങ്ങള്‍ യാഥാര്‍ഥ്യമാണെന്ന് ധരിച്ചു പോകന്നതും മനുഷ്യ പ്രകൃതമാണ്. 
ഒരു സംഘടന എന്ന നിലയില്‍ ഇക്കാര്യത്തില്‍ എന്താണ് ഒരു പോംവഴി?  
ഇഖ്വാനെ സംബന്ധിച്ചേടത്തോളം ഇസ്ലാമിന്റെ ആശയാദര്‍ശങ്ങളും തത്ത്വങ്ങളും കേവലം വാചാടോപത്തിനുപരി പൊതുസമൂഹത്തിനും ജനങ്ങള്‍ക്കും പ്രയോജനപ്രദമാകുന്ന തരത്തില്‍ പ്രയോഗവല്‍ക്കരിക്കാനുള്ളതാണ്. ജനങ്ങള്‍ ചോദിച്ചു തുടങ്ങിയിരിക്കുന്നു: പ്രസിഡന്റ് പ്രഖ്യാപിച്ച നൂറിന കര്‍മപരിപാടി പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തിനാവുമോ? ഈ ഘട്ടത്തില്‍ അടിയന്തരമായി പ്രസ്ഥാനം ചെയ്യാന്‍ ആഗ്രഹിക്കുന്നത് ഇസ്ലാമിനെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രയോജനപ്രദമായ ഒന്നായി പ്രയോഗത്തില്‍ വരുത്താനാണ്. മറ്റു ചില പ്രശ്നങ്ങളും പ്രസ്ഥാനം അഭിമുഖീകരിക്കുന്നുണ്ട്. മുന്‍ പ്രസിഡന്റിന്റെ കാലത്ത് നിലനിന്നിരുന്ന പല ദൂഷ്യങ്ങളും ഇന്നും അതു പോലെ നിലനില്‍ക്കുന്നു. അത്തരം പ്രശ്നങ്ങളെ വളരെ യുക്തിയോടെയും തത്ത്വദീക്ഷയോടെയും അവധാനതയോടെയും മാത്രമേ പരിഹരിക്കാന്‍ കഴിയൂ. 
പ്രസിഡന്റിന്റെ നൂറിന പരിപാടിയുടെ പേരില്‍ കക്ഷികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടോ?
ചെറിയ തോതിലുള്ള അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പ്രസിഡന്റിന്റെ പരിപാടികള്‍ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ഗവണ്‍മെന്റ് സംവിധാനങ്ങളുമായി സഹകരിച്ച് എങ്ങനെ പ്രയോഗവല്‍ക്കരിക്കാന്‍ സാധിക്കുമെന്ന് ചര്‍ച്ച ചെയ്യാനായി ഞങ്ങള്‍ യോഗം ചേര്‍ന്നിരുന്നു. ചില പ്രദേശങ്ങളിലെങ്കിലും നമ്മുടെ ചില പ്രവര്‍ത്തകര്‍ അതിനുള്ള പ്രായോഗിക നടപടികള്‍ തുടങ്ങുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ ചില ഔദ്യോഗിക സംവിധാനങ്ങള്‍ ഈ പരിപാടിയുമായി സഹകരിച്ചു. മറ്റു ചിലര്‍ സഹകരിച്ചില്ല.  
സലഫി രാഷ്ട്രീയ പാര്‍ട്ടിയായ നൂര്‍ പാര്‍ട്ടി, ബിനാഅ് വ ത്തന്‍മിയ തുടങ്ങിയ ഇസ്ലാമിക കക്ഷികളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് എന്തു പറയുന്നു? മറ്റു പാര്‍ട്ടികളില്‍ നിന്നുള്ള പ്രതികരണങ്ങളേക്കാള്‍ മികച്ച പ്രതികരണമാണ് ഇസ്ലാമിക പാര്‍ട്ടികളില്‍ നിന്നുള്ളത് എന്ന് കേള്‍ക്കുന്നു. അതിന്റെ കാരണമന്താണ്? 
ഇസ്ലാമിക പാര്‍ട്ടികളുടെ ഉള്ളടക്കം സെക്യുലര്‍ ലിബറല്‍ ആശയങ്ങളല്ലാത്തത് കൊണ്ടാവാം, അവര്‍ക്ക് നമ്മളുമായി സഹകരിക്കാന്‍ വൈമനസ്യമില്ല. എന്നാല്‍ സെക്യുലര്‍ ലിബറല്‍ സ്വഭാവത്തിലുള്ള പാര്‍ട്ടികള്‍ക്ക് ഇസ് ലാമിക സംരംഭങ്ങള്‍ വിജയിക്കുന്നത് വേദനയോടെയല്ലാതെ നോക്കി കാണാനാവില്ല. കാരണം അതവരുടെ അജണ്ടയല്ല. അതുകൊണ്ട് തന്നെ അത്തരം ആളുകള്‍ താല്‍പര്യപൂര്‍വമല്ല ഗവണ്‍മെന്റിെന്റെ സംരംഭങ്ങളില്‍ ഭാഗഭാക്കാവുന്നത്. ഇസ്ലാമിക കക്ഷികളില്‍ പെട്ടവര്‍ ഏറെക്കുറെ സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, അവരുടെ സഹകരണവും പ്രതീക്ഷിച്ചത്രയും ഉണ്ടാകുന്നില്ല. ഇവിടെ പദ്ധതികള്‍ അവയുടെ പ്രാഥമിക ഘട്ടത്തിലാണ്. അതുകൊണ്ട് ആദ്യഘട്ടത്തില്‍ പങ്കാളിത്തം പരിമിതമായിരിക്കും. പിന്നീട് ഘട്ടം ഘട്ടമായി പങ്കാളിത്തം വര്‍ധിക്കും.  
ഇഖ്വാനുല്‍ മുസ്ലിമൂന്‍ ഒരു സംഘടന എന്നതില്‍ നിന്ന് വികസിച്ച് അധികാരം കൈയാളുന്ന ഒരു രാഷ്ട്രീയ കക്ഷിയായി വളര്‍ന്ന സാഹചര്യത്തില്‍,  ഇസ്ലാമിക ശിക്ഷണത്തിനും കര്‍മപരവും ചിന്താപരവുമായ പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കുമോ? 
രാഷ്ട്രഭരണം പൂര്‍ണമായി ഇഖ്വാന്ന് കൈവന്നു എന്ന മട്ടിലുള്ള വര്‍ത്തമാനങ്ങള്‍ അപക്വമാണ്. ഞങ്ങളിപ്പോള്‍ രാഷ്ട്രീയ രംഗത്തുണ്ട്. ഞങ്ങള്‍ രാഷ്ട്രത്തിന്റെ പല സംവിധാനങ്ങളെയും സംസ്കരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍, ഒരു രാജ്യത്തെ മുഴുവനായും മാറ്റിപ്പണിയാന്‍ കഴിയുന്ന ഒരു സാഹചര്യത്തില്‍ ഞങ്ങളിപ്പോഴും എത്തിയിട്ടില്ല. രാജ്യത്തിന്റെ വലിയൊരു ഭാഗത്തും അതിന്റെ സംവിധാനങ്ങളിലും ഇപ്പോഴും പഴയ വ്യവസ്ഥ തന്നെയാണ് നിലനില്‍ക്കുന്നത്. അതിന്റെ ഫലമായി രാജ്യത്ത് ഇപ്പോഴും പലവിധ കൊള്ളരുതായ്മകളും അരങ്ങേറിക്കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസ-ശിക്ഷണ പരിപാടികള്‍ ഈ ഘട്ടത്തില്‍ അനിവാര്യമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. നിരവധി വിദ്യാഭ്യാസ-ശിക്ഷണ പരിശീലന പരിപാടികളുണ്ട്. ചിലത് സൃഷ്ടിയും സ്രഷ്ടാവും തമ്മിലെ ബന്ധം ഊട്ടിയുറപ്പിക്കുന്നവയാണ്. മാതൃകാപരമായ സ്വഭാവ രൂപീകരണ ശിക്ഷണ പരിപാടികളുണ്ട്. ഇവയൊക്കെയും വളരെ പ്രധാന്യമര്‍ഹിക്കുന്നവയാണ്. എത്രയും പെട്ടെന്ന് ചെയ്യേണ്ടവയുമാണ്. ഇഖ്വാനുല്‍ മുസ്ലിമൂന്‍ ഒരു പരീക്ഷണ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഇസ്ലാമിക സംരംഭങ്ങള്‍ വിജയിക്കുമോ പരാജയപ്പെടുമോ എന്ന് വിലയിരുത്തപ്പെടുന്ന പരീക്ഷയാണിത്. ശരിയായ ശിക്ഷണ സംവിധാനങ്ങളിലൂന്നിയ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ഇത്തരം സാഹചര്യത്തെ അഭിമുഖീകരിക്കാനാവൂ. അതിനാല്‍ ഈ സാഹചര്യത്തില്‍ ഞങ്ങള്‍ ഒരേസമയം വിദ്യാഭ്യാസ ശിക്ഷണ പ്രവര്‍ത്തനങ്ങളിലും വിശ്വാസ സ്വഭാവ സംസ്കരണ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.
പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലം ഇഖ്വാനുല്‍ മുസ്ലിമൂന് അതിന്റെ സംഘടനാ തലത്തിലുള്ള പരിഷ്കരണത്തിന് അനുയോജ്യമായ സമയമൊരുക്കിയതായി കരുതുന്നുണ്ടോ? 
സംഘടനാതലത്തിലുള്ള പരിഷ്കരണങ്ങളെ കുറിച്ച് രണ്ട് വര്‍ഷം മുമ്പ് മുതലേ ഞങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ തെരഞ്ഞെടുപ്പ് പോലുള്ള മറ്റു നിരവധി കാര്യങ്ങളില്‍ പ്രസ്ഥാനം വ്യാപൃതമായിരുന്നതിനാല്‍ അത് നടപ്പിലാക്കാനായില്ല. എന്നാല്‍, വരുംകാലങ്ങളില്‍ പരിഷ്കരണ പരിപാടികള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാം.
പ്രസ്ഥാനത്തിന്റെ വ്യത്യസ്ത മേഖലകളെ തരംതിരിച്ച് അതത് മേഖലകളില്‍ പരിഷ്കരണങ്ങള്‍ പൂര്‍ത്തീകരിക്കുന്നതല്ലേ കൂടുതല്‍ ഉചിതം. അങ്ങനെ ചെയ്യുന്ന പക്ഷം ഒരു മേഖലയിലെ പരിഷ്കരണം പൂര്‍ത്തിയാകുന്ന മുറക്ക് അതു നടപ്പിലാക്കുകയും ചെയ്യാമല്ലോ?   
അത് ശരിയാണ്. ചില മേഖലകളില്‍ ഞങ്ങള്‍ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. അവ പ്രയോഗത്തില്‍ വരുത്തുകയും ചെയ്തു. വളരെ വേഗം പൂര്‍ത്തീകരിക്കേണ്ട ഇരുപതോളം പരിഷ്കാരങ്ങള്‍ ഞങ്ങള്‍ നടപ്പിലാക്കി കഴിഞ്ഞു. മറ്റു ചിലത് നടപ്പിലാക്കാന്‍ അല്‍പ്പം സമയമെടുക്കുന്ന പദ്ധതികളാണ്.
വളരെ കാലമെടുത്ത് നടപ്പിലാക്കാന്‍ കഴിയുന്ന പദ്ധതികള്‍ എന്തൊക്കെയാണ്?  
സംഘടനയുടെ ഘടനാപരമായ സംവിധാനം, സംഘടനാ സംവിധാനവുമായുള്ള സ്ത്രീകളുടെ ബന്ധം, സംഘടനയില്‍ അവരുടെ സ്ഥാനം, അവര്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കണോ വേണ്ടയോ തുടങ്ങിയ കാര്യങ്ങള്‍ ഭാവിയില്‍ ചര്‍ച്ച ചെയ്ത് സമയമെടുത്ത് മാത്രം നടപ്പിലാക്കാന്‍ കഴിയുന്ന കാര്യങ്ങളാണ്. 
ഈജിപ്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ പുതിയൊരു മൂന്നാം മുന്നണി രൂപപ്പെട്ടു കഴിഞ്ഞു. ആശയപരമായി ഇഖ്വാനുമായി യോജിക്കുന്ന മുഴുവന്‍ കക്ഷികളെയും ഒരുമിച്ചുകൂട്ടി ഒരു ഇസ്ലാമിക് മുന്നണി. ഇഖ്വാനോടൊപ്പം ചില സലഫി ഗ്രൂപ്പുകളും ചേര്‍ന്നിട്ടുണ്ട്. ഇത്തരം ഇസ്ലാമിക കക്ഷികളുമായി സഹകരണത്തിന്റെ പാലം പണിയുക എന്നത് സംഘടനയുടെ പോളിസിയുടെ തന്നെ ഭാഗമാണോ? 
ഈജിപ്തിന്റെ രാഷ്ട്രീയ ഭൂപടം യഥാര്‍ഥത്തില്‍ നിങ്ങള്‍ പറഞ്ഞതിന്റെ നേര്‍വിപരീതമാണ്. ഇവിടെ ഇസ്ലാമിക മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഇസ്ലാമിക കക്ഷികളുണ്ട്. അവര്‍ക്ക് അവരുടേതായ ശക്തിയും ശേഷിയുമുണ്ട്. ഇഖ്വാനുല്‍ മുസ്ലിമൂന്‍, സലഫികള്‍, അല്‍ജമാഅത്തുല്‍ ഇസ്ലാമിയ തുടങ്ങിയ കക്ഷികള്‍ അക്കൂട്ടത്തില്‍ പെടും. അതുപോലെ തന്നെ മറുഭാഗത്ത് ലിബറലുകളും കമ്യൂണിസ്റുകളും സെക്യുലറിസ്റുകളും നാസറിസ്റുകളുമടങ്ങുന്ന രാഷ്ട്രീയ കക്ഷികളുമുണ്ട്. എന്നാല്‍, ഇവര്‍ക്ക് ഈജിപ്ഷ്യന്‍ തെരുവുകളില്‍ വേണ്ടത്ര ശക്തിയും സ്വാധീനവുമില്ല. മൂന്നാമതൊരു കൂട്ടുമുന്നണിയുണ്ടിവിടെ, അതാണ് നിങ്ങള്‍ പറഞ്ഞ മൂന്നാം കക്ഷി. നേരത്തെ പറഞ്ഞ മുഖ്യധാരാ കക്ഷികളില്‍ നിന്നും ഇസ്ലാമിക കക്ഷികളില്‍ നിന്നും രൂപം കൊണ്ടിട്ടുള്ളതാണ് ഈ മൂന്നാം കക്ഷി. ഈജിപ്തിന്റെ തെരുവുകളില്‍ അവരെ കാണാന്‍ സാധ്യമല്ല. എന്നാല്‍ ഇവരുടെ ശക്തി നിര്‍ണായകമാണ്. പരസ്പര സഹകരണത്തിന്റെയും തിരിച്ചറിയലിന്റെയും വേദികള്‍ ഒരുക്കുന്ന കാലത്തോളം ഇസ്ലാമിന്റെ ശക്തി ഈജിപ്തിന്റെ തെരുവുകളില്‍ നിറസാന്നിധ്യമായിരിക്കും. പരസ്പര സഹകരണത്തിന്റെയും തിരിച്ചറിയലിന്റെയും പാലം പണിയാന്‍ ഇഖ്വാന്‍ എന്തിന് മടിക്കണം, അത് ഞങ്ങളുടെ ബാധ്യതയാണെന്നിരിക്കെ. 
എല്ലാ കക്ഷികളോടും, കമ്യൂണിസ്റുകളോടു പോലും യോജിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് ഇഖ്വാന്റെ രീതി. എന്നാല്‍, ഈ സഹകരണം എന്തിനു വേണ്ടിയുള്ളതാണെന്നതാണ് പ്രധാനം. എന്ത് കാര്യത്തില്‍ പരസ്പരം സഹകരിക്കണം? അത്തരം സഹകരണം എപ്പോഴൊക്കെ ആകാം?  
രാജ്യത്തിന്റെ പരമപ്രധാനമായ പാര്‍ലമെന്റ്െ അസംബ്ളി  രൂപീകരിക്കുമ്പോള്‍, ലിബറുലകളും കമ്യൂണിസ്റുകളും മറ്റു കക്ഷികളുമായെല്ലാം സഹകരിക്കുമെന്നാണ് ഇഖ്വാന്റെ നയം. അഥവാ, സഹകരണം ഒരു തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ്. മറ്റു കക്ഷികളുമായി ഇഖ്വാന് സഹകരിച്ചുകൂടേ എന്ന് അഭിപ്രായം പറയുന്നവരുണ്ട്. ഞാന്‍ ചോദിക്കട്ടെ, പുറത്തുനിന്ന് കക്ഷികളുമായി എന്തിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ സഹകരിക്കേണ്ടത്? അവരുമായി സഹകരിക്കാന്‍ പോന്ന എന്ത് പുതിയ സംഭവവികാസങ്ങളാണ് രാജ്യത്ത് നടന്നത്? അടിസ്ഥാനമില്ലാത്ത നിരുപാധിക സഹകരണമല്ല, തത്ത്വാധിഷ്ഠിത സഹകരണമാണ് ഇഖ്വാന്റെ നയം.  
വിവ: മുനീര്‍ മുഹമ്മദ് റഫീഖ് 

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍