ഓണവും പെരുന്നാളും
ബഹുസ്വര സമൂഹങ്ങളില്‍ ഇതരസ്വരങ്ങളുമായുള്ള മുസ്‌ലിം സമുദായത്തിന്റെ സഹവര്‍ത്തനം എവ്വിധമായിരിക്കണമെന്നത് സംബന്ധിച്ച് വ്യക്തവും ഏകോപിതവുമായ ഒരു കാഴ്ചപ്പാട് ഉണ്ടാവേണ്ടതുണ്ട്. മുസ്‌ലിം സമുദായത്തിലെ എല്ലാ വിഭാഗങ്ങളുടെയും നേതാക്കള്‍ ഒത്തുചേര്‍ന്നാണത് രൂപപ്പെടുത്തിയെടുക്കേണ്ടത്. പോയകാലങ്ങളില്‍ അങ്ങനെയൊരു പൊതുകാഴ്ചപ്പാടിന്റെ അഭാവം അത്ര വലിയ പ്രശ്‌നമായിരുന്നില്ല. ഇന്ന് ഒരു വശത്ത് സാംസ്‌കാരികാധിനിവേശ മോഹത്തിന്റെയും മറുവശത്ത് സാംസ്‌കാരികാധിനിവേശ ഭയത്തിന്റെയും സാന്നിധ്യം അതിന്റെ പ്രസക്തി ഏറെ വര്‍ധിപ്പിച്ചിരിക്കുകയാണ്. പൊതുവായ കാഴ്ചപ്പാടില്ലായ്മ ഇവ്വിഷയകമായി അനാരോഗ്യകരമായ തര്‍ക്കങ്ങള്‍ക്കിടയാക്കുമെന്ന് മുസ്‌ലിംകളുടെ ഓണാഘോഷം സംബന്ധിച്ച് ഈയിടെ ഉയര്‍ന്നുവന്ന വിവാദം ചൂണ്ടിക്കാണിക്കുന്നു.
ബഹുസ്വര സമൂഹത്തില്‍ സ്വന്തം മത-സാംസ്‌കാരിക വ്യക്തിത്വം സംരക്ഷിച്ചുകൊണ്ടു തന്നെ എല്ലാവരും ഇതര സ്വരങ്ങളുമായി സമരസപ്പെടുകയും സഹകരിക്കുകയും ചെയ്യേണ്ടത് ദേശീയ ഐക്യത്തിനും സാമൂഹിക പുരോഗതിക്കും അനിവാര്യമാകുന്നു. പൗരസഞ്ചയങ്ങള്‍ സുഖദുഃഖങ്ങള്‍ പരസ്പരം പങ്കുവെക്കുമ്പോഴാണ് സഹകരണവും സാഹോദര്യവും വളരുന്നത്. രാഷ്ട്രീയാദര്‍ശങ്ങള്‍, കലാ-സാഹിത്യവേദികള്‍, സാമ്പത്തിക സംരംഭങ്ങള്‍, ഭരണ സംവിധാനം എന്നിവയിലൊക്കെ വ്യത്യസ്ത മതവിഭാഗങ്ങള്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. ഏതാണ്ടെല്ലാ പാര്‍ട്ടികളിലും എല്ലാ മതക്കാരും അംഗങ്ങളാകുന്നു. നിശ്ചിത സമുദായങ്ങളുടെ ഉന്നമനം മുഖ്യലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍പോലും തെരഞ്ഞെടുപ്പുകളിലും നിയമനിര്‍മാണ മണ്ഡലങ്ങളിലും ഐക്യമുന്നണികളായി പ്രവര്‍ത്തിക്കുന്നു. ഇതൊക്കെ തീര്‍ച്ചയായും രാജ്യത്തെ ബഹുസ്വരങ്ങളെ കൂട്ടിയിണക്കുന്ന കണ്ണികളാണ്. സ്വരവൈവിധ്യങ്ങള്‍ക്ക് നിമിത്തമായ മത-സാംസ്‌കാരിക പൈതൃകങ്ങളിലും അവയെ പരസ്പരം കൂട്ടിയിണക്കുന്ന ബലിഷ്ഠമായ കണ്ണികളുണ്ട്. അവ കണ്ടെടുത്തു പോഷിപ്പിക്കുന്നതിന് ഇക്കാലത്ത് വലിയ പ്രാധാന്യമുണ്ട്. മതസമുദായങ്ങള്‍ പരസ്പരം മനസ്സിലാക്കുകയും മതങ്ങള്‍ മനുഷ്യരെ പരസ്പരം അകറ്റുകയല്ല, അടുപ്പിക്കുകയാണ് ചെയ്യുന്നതെന്ന വായ്ത്താരി അര്‍ഥവത്താവുകയും ചെയ്യുന്നത് അതുവഴിയാണ്. പരസ്പരം ഉള്‍ക്കൊള്ളാതെ വലിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയതുകൊണ്ടോ ചില ചടങ്ങുകളും പ്രതീകങ്ങളും അടിച്ചേല്‍പിച്ചതുകൊണ്ടോ കാര്യമില്ല. എല്ലാ മതങ്ങളും മനുഷ്യ നന്മക്ക്, എല്ലാ ഇന്ത്യക്കാരും ഒന്ന് എന്നൊക്കെ ഉഛൈസ്തരം ഉദ്‌ഘോഷിച്ചുകൊണ്ടിരിക്കെത്തന്നെ ചില മതവിഭാഗങ്ങളുടെ ദേവാലയങ്ങള്‍ ധ്വംസിക്കപ്പെടുന്നതും ചില മതവിശ്വാസികള്‍ ഇന്ത്യ വിടണമെന്നാവശ്യപ്പെട്ടുകൊണ്ട് വീടുകളില്‍ നിന്ന് ആട്ടിയോടിക്കപ്പെടുന്നതും അതുകൊണ്ടാണ്. മുറ്റത്ത് പൂക്കളമൊരുക്കി നടുവില്‍ സുവര്‍ണ നിറമാര്‍ന്ന നിലവിളക്കു കത്തിച്ചുവെക്കുന്നതില്‍ മനോരജ്ഞകമായ സൗന്ദര്യാനുഭൂതിയുണ്ട്. അതിനേക്കാള്‍ മഹത്തരമായിട്ടുള്ളത് മനസ്സില്‍ സ്‌നേഹത്തിന്റെ വെളിച്ചം തെളിയുകയും മനസ്സൊരു പൂക്കളമാവുകയുമാണ്.
ഓണം മാത്രമല്ല പെരുന്നാളും ക്രിസ്തുമസ്സുമെല്ലാം കേരളത്തിന്റെ ദേശീയോത്സവമാകാന്‍ യോഗ്യമാണ്. എല്ലാ ഉത്സവങ്ങളും എല്ലാവരുടേതുമാകുന്നതാണ് ഏറെ നല്ലത്. ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ദേശീയോത്സവം ഭൂരിപക്ഷ സമുദായത്തിന്റെ ഉത്സവമായ ഓണമാണ്. വിളവെടുപ്പുമായി ബന്ധപ്പെട്ടതാണ് എന്നതും സമത്വവും സമൃദ്ധിയും കളിയാടുന്ന മോഹനമായ സാമൂഹികാവസ്ഥകളുടെ പ്രതീകമായ മഹാബലി എന്ന മിത്ത് അനുസ്മരിക്കപ്പെടുന്നുവെന്നതും അതിന് ഒരു പൊതു മാനവികമാനം നല്‍കുന്നുണ്ട്. അതിനാല്‍ ഓണം ദേശീയോത്സവമാകുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. ഇസ്‌ലാമിലെ രണ്ട് പെരുന്നാളുകള്‍ നല്‍കുന്നതും, ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പരാര്‍ഥത്തിനു വേണ്ടിയുള്ള ത്യാഗത്തിന്റെയും സന്ദേശം തന്നെയാണ്. ഓണം മനോഹരമായ മിത്തിലൂടെ മാനുഷരെല്ലാരും ഒന്നുപോലെ എന്ന സങ്കല്‍പം പ്രകാശിപ്പിക്കുമ്പോള്‍ പെരുന്നാളുകള്‍ കുറച്ചുകൂടി മുന്നോട്ടുപോയി സമഭാവനയും മനുഷ്യസ്‌നേഹവും ത്യാഗസന്നദ്ധതയും, ഫിത്വ്ര്‍ സകാത്തിലൂടെയും ബലിയിലൂടെയും അതിന്റെ വിതരണത്തിലൂടെയും പ്രായോഗിക ജീവിതത്തില്‍ യാഥാര്‍ഥ്യമാക്കുന്നതിന്റെ മാതൃക കാണിക്കുകയാണ്. വര്‍ഷങ്ങളായി ഇസ്‌ലാമിക പ്രസ്ഥാനം പെരുന്നാളിന്റെ ഈ മുഖത്തിന് പ്രത്യേകം ഊന്നല്‍ നല്‍കുന്നുണ്ട്. സംഘടിത ഫിത്വ്ര്‍ സകാത്ത് വിതരണവും ബലിയും അവയുടെ ഗുണഭോക്താക്കളില്‍ സഹോദരസമുദായങ്ങളെക്കൂടി ഉള്‍പ്പെടുത്തുന്ന പ്രവണതയും പ്രചരിപ്പിച്ചു വരുന്നത് അതിന്റെ ഫലമാണ്. ഓണക്കാലത്ത് സാധ്യമായ പ്രദേശങ്ങളില്‍ പ്രസ്ഥാന പ്രവര്‍ത്തകര്‍ ഹിന്ദുസഹോദരന്മാര്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്യുന്നത് മറ്റു സമുദായങ്ങള്‍ അവരുടെ ഉത്സവങ്ങളില്‍ അങ്ങനെ ചെയ്യുന്നുണ്ടോ എന്നു നോക്കിയല്ല. പെരുന്നാളുകളുടെ ഉദാത്തമായ അര്‍ഥതലങ്ങളാണ് അതിന്റെയും പ്രചോദനം.
അലങ്കാരങ്ങള്‍, സദ്യകള്‍, സമ്മാനക്കൈമാറ്റങ്ങള്‍, കൂടിക്കാഴ്ചകള്‍, ആശംസകള്‍ തുടങ്ങി ഏതാഘോഷങ്ങളിലും പൊതുവായി പങ്കുവെക്കാവുന്ന ഘടകങ്ങള്‍ ഏറെയുണ്ട്. അവ സസന്തോഷം പങ്കിട്ടാല്‍ തന്നെ സാഹോദര്യം പുഷ്‌ക്കലമാകും. നിലവിളക്കുകള്‍ പള്ളിയിലും വീട്ടിലും കത്തിക്കുന്നതുപോലെ തന്നെയാണ് ഉദ്ഘാടനം വേദിയിലേക്കും കടന്നുവരുന്നത് എന്ന് ഉപരിപ്ലവമായി വീക്ഷിക്കുന്നവര്‍ അതു കത്തിച്ചുകൊള്ളട്ടെ. ദീപാരാധനയുടെ ഭാഗമായിട്ടാണത് വരുന്നതെന്ന് കരുതി വിട്ടുനില്‍ക്കുന്നവരുടെ വിശ്വാസപ്രതിബദ്ധതയെ മാനിക്കുകയാണ് മര്യാദ. ഉദ്ദേശ്യമനുസരിച്ചാണല്ലോ കര്‍മങ്ങളുടെ മൂല്യം. നിലവിളക്കു കൊളുത്തലും എഴുത്തിനിരുത്തലുമൊക്കെ രാജ്യസ്‌നേഹത്തിന്റെയും ദേശാഭിമാനത്തിന്റെയും അനിവാര്യതയായിത്തീര്‍ന്നാല്‍ നാളെ അത് ഗണപതി പൂജയിലേക്കും സരസ്വതിപൂജയിലേക്കും വികസിച്ചേക്കും. ഇപ്പോള്‍ തന്നെ നിലവിളക്കിനൊപ്പം മുട്ടറുക്കലും (തേങ്ങയുടക്കല്‍) ചില സര്‍ക്കാര്‍ പരിപാടികളില്‍വരെ എത്തിത്തുടങ്ങിയിട്ടുണ്ട്. സമുദായം അങ്ങനെ പുരോഗമിക്കട്ടെ എന്നുതന്നെയാണോ ആഗ്രഹം? അത്തരം സാംസ്‌കാരിക പങ്കുവെപ്പുകളിലൂടെ മുസ്‌ലിം സമുദായത്തില്‍ കടന്നുകൂടിയിട്ടുള്ള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിരവധിയാണ്. ആ കവാടം ഇനിയും വികസിപ്പിക്കേണ്ടതുണ്ടോ?
Comments