Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 8

റോഹിങ്ക്യ: മൌനം വെടിയണം

നസ്വീര്‍ പള്ളിക്കല്‍, രിയാദ്

എത്ര ജനാധിപത്യ വാദിയായാലും ഏത് മനുഷ്യാവകാശ ദാഹിയായാലും തന്റെ ഹൃദയത്തിനുള്ളില്‍ അല്‍പം ഫാഷിസവും സാഡിസവും കുടികൊള്ളുന്നുവെങ്കില്‍ ബാക്കിയെല്ലാം വെറും കാപട്യങ്ങള്‍ മാത്രമായിരിക്കും. വര്‍ഷങ്ങളോളം കൊടിയ ഏകാധിപത്യ വാഴ്ചയിലും വീട്ടുതടങ്കലിലുമായി ജനാധിപത്യത്തിന്റെ മാധുര്യം നിഷേധിക്കപ്പെട്ടിരുന്ന ബര്‍മയിലെ ഓങ്ങ് സാന്‍ സൂചിയും പാര്‍ട്ടിയും സ്വാതന്ത്യ്രത്തിന്റെ തെളിനീര്‍ 'റോഹിങ്ക്യാ' സമൂഹത്തിനു നിഷേധിക്കുന്നത് ഇതിനുദാഹരണമാണ്.
റോഹിങ്ക്യ മുസ്ലിംകളുടെ കദനകഥകള്‍ക്ക് വര്‍ഷങ്ങളോളം പഴക്കമുണ്ടെങ്കിലും ഇപ്പോള്‍ ഉണ്ടായ പ്രശ്നം 'വഴിയില്‍ തുപ്പിയ ഹേതു' മാത്രമാണ്. ജനിച്ചു വളര്‍ന്ന രാജ്യത്ത് രാജ്യത്തിന്റെ പൌരനല്ല എന്ന അധികാരഫാഷിസത്തിന്റെ അട്ടഹാസം കേട്ട് റോഹിങ്ക്യ സമൂഹം ഞെട്ടിത്തരിച്ചിരിക്കുകയാണ്. റോഹിങ്ക്യ സമൂഹത്തിന്റെ രക്ഷക്കെത്തുന്നതിനും മ്യാന്മര്‍ സര്‍ക്കാര്‍ അവരെ അംഗീകരിക്കുന്നതിനും അന്താരാഷ്ട്ര സമൂഹം ഉടന്‍തന്നെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഒ.ഐ.സിയും അറബ് ലീഗും റാബിത്വയും ഇസ്ലാമിക പ്രസ്ഥാനങ്ങളും റോഹിങ്ക്യ മുസ്ലിംകള്‍ക്കുവേണ്ടി അടിയന്തരമായി വല്ലതും ചെയ്യേണ്ടിയിരിക്കുന്നു. സൂചിയുടെ മൌനവ്രതത്തെ ഇനിയെങ്കിലും ലോക സമൂഹം അപലപിക്കേണ്ടതാണ്.
ബുഷ്റ ബഷീര്‍ , ചെറുപുത്തൂര്‍ 
പ്രബോധനം വാരികയിലെ പ്രകാശവചനത്തില്‍ (ലക്കം 5) അബൂ ഹംദാന്‍ അല്‍ഐന്‍ എഴുതിയ സ്വര്‍ഗം നേടിത്തരുന്ന മാതാപിതാക്കള്‍ ചങ്കിടിപ്പോടെയാണ് വായിച്ചത്. വൃദ്ധരും അവശരുമായ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരിക്കെ അവരെ പരിചരിക്കാന്‍ സമയം കണ്ടെത്താതെ സ്വര്‍ഗം തേടി പാതിരാവോളം മറ്റു ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍ക്കായി വീടുവിട്ടിറങ്ങുന്ന ചിലരെങ്കിലും നമ്മളില്‍ ഇന്നുമില്ലേ! മറ്റെല്ലാ സംഘടനാ പ്രവര്‍ത്തനങ്ങളും കഴിഞ്ഞ ശേഷം ലഭിക്കുന്ന ഇത്തരിനേരം മാത്രം സാന്ത്വനം കൊടുക്കേണ്ടവരാണോ വൃദ്ധരും രോഗികളുമായ മാതാപിതാക്കള്‍. ജിഹാദിന് തയാറായി വന്ന സ്വഹാബിയെ വൃദ്ധരായ മാതാപിതാക്കളുണ്ടെന്ന കാരണത്താല്‍ മടക്കി അയച്ച പ്രവാചക മാതൃക ഇസ്ലാമിക സമൂഹം സൂക്ഷ്മമായി വായിച്ചിരുന്നുവെങ്കില്‍ എന്ന് തോന്നിപ്പോകുന്നു.
ജനകീയതയിലേക്കുള്ള വഴിതടസ്സങ്ങള്‍ 
പി.കെ ജമാലിന്റെ ലേഖനത്തിന് ബഷീര്‍ തൃപ്പനച്ചി എഴുതിയ പ്രതികരണം(ലക്കം 12), പ്രസ്ഥാനത്തിന്റെ തുടര്‍പ്രവര്‍ത്തനത്തിന് ഒരു മാര്‍ഗരേഖയാണ് അവതരിപ്പിച്ചത്. ആദ്യകാല പ്രവര്‍ത്തകരുടെയും സഹയാത്രികരുടെയും ചിന്തയെ തൊട്ടുണര്‍ത്തുന്നതു കൂടിയായിരുന്നു അത്. സമൂഹത്തിലെ അടിസ്ഥാന വര്‍ഗമായ ബീഡി തെറുപ്പുകാരും പെട്ടിക്കടക്കാരും ചുമട്ടുകാരും മദ്റസ അധ്യാപകരുമായിരുന്നു പ്രസ്ഥാനത്തിന്റെ അടിത്തറ. സമഭാവനയുടെയും സഹകരണത്തിന്റെയും എല്ലാം മറന്നുള്ള സഹായത്തിന്റെയും കണ്ണികള്‍ കേര്‍ത്തിണക്കിയ ഒരു സഹൃദയ കൂട്ടമായിരുന്നു അത്. വര്‍ത്തമാന കാലത്ത് അത്തരം സദ്ഗുണങ്ങള്‍ അലിഞ്ഞു പോകുന്നതായിക്കാണുന്നു. വല്ലതും അവശേഷിക്കുന്നുവെങ്കില്‍ തന്നെ പ്രാസ്ഥാനിക പരിപാടികള്‍ നടക്കുന്ന സ്ഥലത്ത് മാത്രം ചുരുങ്ങി പോകുന്നു. '60-'70 കാലത്ത് പ്രസ്ഥാനം വളരെ സജീവമായിരുന്ന ചില പ്രദേശങ്ങള്‍ പിന്നീട് നിര്‍ജീവമാവുകയും ചിലത് കുറ്റിയറ്റുപോവുകയും ചെയ്ത ദുരവസ്ഥയുണ്ടായത് എങ്ങനെയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. പ്രസ്ഥാനത്തിന്റെ ശൈശവാവസ്ഥയില്‍, ഹാജി സാഹിബിന്റെ കാലത്തുതന്നെ ഒരു പ്രസ്ഥാനിക പരിപാടി കഴിഞ്ഞു യാത്രാസൌകര്യം ഇല്ലാതിരുന്നപ്പോള്‍ സാധാരണക്കാരായ പ്രവര്‍ത്തകരെ ഗൌനിക്കാതെ അതില്‍ പങ്കെടുത്ത സമ്പന്നനായ ഒരു വ്യക്തി, അദ്ദേഹത്തിന്റെ നിലക്കൊത്തവരെ മാത്രം സ്വന്തം വാഹനത്തില്‍ കയറ്റി പോയതറിഞ്ഞ ഹാജി സാഹിബ് ആ വ്യക്തി ഉള്‍പ്പെട്ട യൂനിറ്റ് തന്നെ പിരിച്ചുവിട്ടതായിട്ടാണ് അറിവ്. ഈ സംഭവം പ്രവര്‍ത്തകര്‍ക്കുള്ള മുന്നറിയിപ്പും സമഭാവനയുടെ ഉദാത്തമായ സന്ദേശവുമായിരുന്നു. 
അബ്ദുല്‍ മജീദ് അഹ്മദ്, ആഡൂര്‍ 
അനിവാര്യമായ പുനരാലോചനകള്‍
ഇസ്‌ലാമിക പ്രസ്ഥാനം ജനകീയതയിലേക്കുള്ള വഴിദൂരങ്ങള്‍ എന്ന ബഷീര്‍ തൃപ്പനച്ചിയുടെ ലേഖനം (ലക്കം 12) അര്‍ഹിക്കുന്ന ഗൗരവത്തോടെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. അറബ് വസന്തത്തിനു ശേഷം ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ അധികാരത്തില്‍ എത്തിയ ഈ കാലത്ത് ഈ വിഷയകമായി ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനവും ഒരു പുനര്‍വിചിന്തനം നടത്തണം. അകത്തുനിന്നു വീക്ഷിക്കുന്ന പ്രസ്ഥാന ബന്ധുക്കളെക്കാള്‍ അധികം വരും പുറത്തുനിന്നു ഈ പ്രസ്ഥാനത്തെ പ്രതീക്ഷയോടെ വീക്ഷിക്കുന്നവരുടെ അംഗബലം. മാധ്യമത്തിന്റെയും സോളിഡാരിറ്റിയുടെയും രംഗപ്രവേശനത്തോടെ പ്രസ്ഥാനത്തിന്റെ ശബ്ദം ബഹുസ്വര സമൂഹത്തില്‍ എത്തിയത് വേണ്ടവിധത്തില്‍ ഉപയോഗപ്പെടുവാന്‍ പുതിയ കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്.
ഷഫീക്, തലശ്ശേരി 
ആ തെറ്റ് എന്റേതല്ല 
ലക്കം 13-ല്‍ ടി. മുഹമ്മദ് ചേന്ദമംഗലൂര്‍ എഴുതിയ കത്താണ് ഈ എഴുത്തിന് പ്രേരകം. ബാങ്ക് വിളിക്ക് ശേഷവും അത്താഴം തുടരാമെന്നതില്‍ അദ്ദേഹം ഖറദാവിയെ ഉദ്ധരിച്ചത് വായിച്ചു. ഈ വിഷയത്തില്‍ ഖറദാവിയുടെ നിലപാട് കാണുക: "ബാങ്കു വിളിക്കുന്നത് നിശ്ചിത സമയത്തു തന്നെയാണെന്നുറപ്പുണ്ടെങ്കില്‍ ബാങ്കുകേട്ട ഉടനെ തന്നെ ഭക്ഷണം കഴിക്കല്‍ നിര്‍ത്തേണ്ടത് നിര്‍ബന്ധമാണ്. വായില്‍ ഭക്ഷണമുണ്ടെങ്കില്‍ അത് തുപ്പിക്കളയുകയും വേണം. എങ്കിലേ നോമ്പ് ശരിയാവൂ. എന്നാല്‍ നിശ്ചിത സമയത്തിന് അല്‍പം നിമിഷങ്ങള്‍ മുമ്പാണ് ബാങ്ക് വിളിച്ചിരിക്കുന്നത് എന്ന് അറിവുണ്ടെങ്കില്‍ ചുരുങ്ങിയത് സംശയമെങ്കിലുമുണ്ടെങ്കില്‍ ഉഷസിന്റെ ഉദയം ഉറപ്പാകുവോളം ഭക്ഷിക്കാവുന്നതാണ്. ഇക്കാലത്ത് ഇത് പ്രയാസമുള്ള കാര്യമല്ല. ഒരു കലണ്ടറും ഘടികാരവുമില്ലാത്ത വീടുകള്‍ ഉണ്ടാവില്ലല്ലോ'' (ഖറദാവിയുടെ ഫത്വകള്‍ ഭാഗം 1, പേജ്: 252).
പ്രഭാതോദയം നടന്നു എന്നുറപ്പായ ശേഷമാണ് ബാങ്ക് കേള്‍ക്കുന്നതെങ്കില്‍ നോമ്പിന്റെ സമയം ആരംഭിച്ചു എന്നാണ് അര്‍ഥം. നോമ്പിന്റെ സമയം ആരംഭിച്ച സ്ഥിതിക്ക് വീണ്ടും തിന്നുന്നതും കുടിക്കുന്നതും നോമ്പിനെ ബാത്വിലാക്കുമെന്നാണ് പ്രാമാണികരായ പണ്ഡിതന്മാരെല്ലാം വ്യക്തമാക്കുന്നത്. ഇമാം നവവി, ബൈഹഖി തുടങ്ങിയ മഹാരഥന്മാരായ ഫുഖഹാക്കളും ഈ വിഷയം വിശദീകരിച്ചിട്ടുണ്ട്.
അബൂദാവൂദിന്റെ 'വിഖ്യാതമായ' ഔനുല്‍മഅ്ബൂദ് എന്നല്ല ഞാനെഴുതിയിരുന്നത്, 'വ്യാഖ്യാനമായ' എന്നായിരുന്നു. പ്രബോധനത്തിലുള്ളവര്‍ 'വിഖ്യാത'മെന്ന് തെറ്റായി വായിച്ചതായിരിക്കാം.
ആരാണ് മാര്‍വാഡി? 
ലക്കം 10-ല്‍ പ്രസിദ്ധീകരിച്ച 'സമദൂരക്കാരുടെ ഹാലിളക്കം' എന്ന കത്തിലെ 'തനി മാര്‍വാഡി തന്ത്രം' എന്ന പ്രയോഗമാണ് ഈ കത്തിന് പ്രേരകം. മാര്‍വാഡികള്‍ എന്ന ഒരു ജനവിഭാഗം ഇന്ത്യയില്‍ ഉണ്ടായിരിക്കെ അവരെ ഇത്തരത്തില്‍ ആക്ഷേപിക്കുന്നത് ശരിയാണോ? ഏതെങ്കിലും ഒരു സ്വഭാവത്തെ ഒരു ജനവിഭാഗത്തിന്റെ മാത്രം സവിശേഷതയായി ചിത്രീകരിക്കുന്നത് അഭികാമ്യമല്ല. അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: "മനുഷ്യരേ! തീര്‍ച്ചയായും നാം നിങ്ങളെ ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു; നിങ്ങള്‍ അന്യോന്യം തിരിച്ചറിയാന്‍ വേണ്ടി നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു; തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു'' (49:13). 
മുസ്ലിമ, കണ്ണൂര്‍ 
സത്നംസിംഗിന്റെ വധവും മലയാള പത്രങ്ങളും
വാക്കുകള്‍ പ്രയോഗിക്കുന്നിടത്ത് പത്രങ്ങള്‍ പുലര്‍ത്തേണ്ട സൂക്ഷ്മതക്ക് വളരെയേറെ പ്രസക്തിയും ഗൌരവവുമുണ്ട്. എന്നാല്‍, പത്രനടത്തിപ്പുകാരുടെ നയനിലപാടുകള്‍ വാര്‍ത്തകളുടെ അവതരണത്തെ സ്വാധീനിക്കുമ്പോള്‍ ഭാഷാപ്രയോഗങ്ങളില്‍ പത്രങ്ങള്‍ക്ക് അവശ്യം ഉണ്ടായിരിക്കേണ്ട ജാഗ്രത നഷ്ടമാകുന്നു. സത്നംസിംഗിന്റെ ദാരുണമായ വധത്തെക്കുറിച്ചുള്ള വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ അതിനുള്ള സമീപകാല ഉദാഹരണമാണ്.കൊല്ലം ജില്ലയിലെ ഒരു ആള്‍ദൈവ ആശ്രമത്തിലും തുടര്‍ന്ന് തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തിലും നടന്ന നിഷ്ഠുരമായ മര്‍ദനങ്ങള്‍ക്കൊടുവില്‍ സത്നംസിംഗ് വധിക്കപ്പെടുകയായിരുന്നു. ഈ വാര്‍ത്ത നമുക്കെത്തിച്ച പത്രങ്ങളും ചാനലുകളും പക്ഷേ, പിന്നെയും ആവര്‍ത്തിച്ചെഴുതിക്കൊണ്ടിരിക്കുന്നത് 'സത്നംസിംഗിന്റെ മരണം' എന്ന് തന്നെയാണ്. ഇങ്ങനെ പറയാന്‍ കാരണം ഫസല്‍, ശുക്കൂര്‍, അനീഷ്രാജ്, ചന്ദ്രശേഖരന്‍ വിഷയങ്ങളിലൊക്കെ കണിശമായും വധമെന്ന പ്രയോഗം നാം കാണുന്നു. ഈ ശൈലീ മാറ്റത്തിലൂടെ പത്രങ്ങളുടെ അണിയറ ശില്‍പ്പികള്‍ ലക്ഷ്യമിടുന്നതെന്തായാലും അതുവഴി സംഭവിക്കുന്നത് ഭാഷയുടെ സ്വാഭാവിക മരണമല്ല, കരുതിക്കൂട്ടിയുള്ള വധം തന്നെയാണ്.
അബൂ അമീന്‍, ഏലംകുളം  
ഇഫ്ത്വാര്‍ സംഗമങ്ങള്‍ നേതൃതലത്തില്‍ ഒതുങ്ങരുത് 
ജമാഅത്തെ ഇസ്ലാമി കേരള നടത്തിയ ഇഫ്ത്വാര്‍ സംഗമ വാര്‍ത്തകള്‍ വായിച്ചപ്പോള്‍ തോന്നിയ ചിന്തകളാണ് ഈ കുറിപ്പിന്നാധാരം. വിവിധ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് നാട്ടിലും മറുനാട്ടിലും നടത്തിയ ഇഫ്ത്വാര്‍ സംഗമം എന്തുകൊണ്ട് പ്രശംസനീയമാണ്. നേതാക്കളെ മാത്രം വിളിച്ചു നടത്തുന്നതിന് പകരം അവര്‍ക്കൊപ്പം സാധ്യമാകുന്ന സാധാരണക്കാരായ സജീവ പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് പ്രാദേശികമായി ഇത്തരം ഇഫ്ത്വാറുകള്‍ നടത്തുകയാണെങ്കില്‍ അത് കൂടുതല്‍ ഫലം ചെയ്യുമെന്ന് തോന്നുന്നു. വിവിധ സംഘടനകളുടെ സജീവരായ പ്രവര്‍ത്തകര്‍ തമ്മില്‍ അടുക്കാന്‍ ഇത് സഹായകമാകും. മറിച്ച് അണികള്‍ അറിയാതെ പോകുന്ന ഇത്തരം സംഗമങ്ങള്‍ കേവലം കൊല്ലംതോറും നടത്തുന്ന വെറും ആചാരമായി അവശേഷിക്കും.
എന്‍. മുഹമ്മദ് ഒമാന്‍ 

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍