Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 8

ഇസ്‌ലാമിക പ്രസ്ഥാനം പുതിയ അജണ്ടകള്‍ തേടണം

കെ.സി ജലീല്‍ പുളിക്കല്‍

ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ സ്വയം വിമര്‍ശനത്തിനുള്ള പങ്കും സ്ഥാനവും ആവശ്യകതയും വ്യക്തമാക്കുന്ന പി.കെ ജമാലിന്റെ ലേഖനങ്ങളും തുടര്‍ന്നുവന്ന ബഷീര്‍ തൃപ്പനച്ചിയുടെ പ്രതികരണവുമാണ് ഈ കുറിപ്പിന്റെ പ്രചോദനം. ഗുണകാംക്ഷാനിര്‍ഭരമായ ഇത്തരം സ്വയം വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് ഏറെ ഉപകരിക്കുമെന്നുറപ്പാണ്. മാത്രമല്ല പ്രസ്ഥാനത്തിന്റെയും അതിന്റെ പ്രസിദ്ധീകരണങ്ങളുടെയും സമീപനരീതി പ്രചോദനമാകാറുള്ള കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ ഇതില്‍നിന്ന് പാഠമുള്‍ക്കൊണ്ട് സ്വയം വിമര്‍ശനത്തിന് സന്നദ്ധമായാല്‍, അത് കേരള ഇസ്‌ലാമിക സമൂഹത്തിന് തന്നെ വലിയ സൗഭാഗ്യവും വഴിത്തിരിവുമായിരിക്കും.
സ്വയം വിമര്‍ശനം ചുവരുകള്‍ക്കുള്ളില്‍ മാത്രമേ ആകാവൂ എന്ന് വിചാരിക്കുന്നവരുമുണ്ടാകാം. ഗ്രൂപ്പ് തിരിഞ്ഞ് നടുറോട്ടിലിറങ്ങി വാശി തീര്‍ക്കുകയും കുഴപ്പമുണ്ടാക്കുകയും ചെയ്യുന്ന വിമര്‍ശനരീതി ശരിയല്ല. ഇസ്‌ലാം അത് അനുവദിക്കുന്നില്ല. എന്നാല്‍ ഗുണകാംക്ഷാനിര്‍ഭരമായ വിമര്‍ശനവും വിശകലനവും നിരൂപണവും പ്രോത്സാഹിപ്പിക്കുകയാണ് ഖുര്‍ആന്‍ ചെയ്തിട്ടുള്ളത്. ഖുര്‍ആന്‍ മനുഷ്യസമൂഹത്തിന്നാകമാനമുള്ള തുറന്ന പ്രബോധനവും വഴികാട്ടിയുമാണല്ലോ. അതോടൊപ്പം ഖുര്‍ആന്‍ അംഗീകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനമാകുമാറ് വിശ്വാസികളുടെ വീഴ്ചകളും കുറവുകളും നയവൈകല്യങ്ങളും തുറന്നുകാട്ടി ശക്തമായ നിരൂപണം ചെയ്തതു കാണാം. ഉഹ്ദിലും ഹുനൈനിലും സംഭവിച്ച വീഴ്ചകളെ ഖുര്‍ആന്‍ നിശിത വിശകലനത്തിന് വിധേയമാക്കിയിട്ടുണ്ട്. ഇസ്‌ലാമിന് വേണ്ടി നിരന്തര ത്യാഗങ്ങള്‍ സഹിച്ച് നിസ്തുല സേവനമനുഷ്ഠിച്ച സ്വഹാബത്തിന് ബദ്‌റിലേക്കും തബൂക്കിലേക്കും പുറപ്പെടുന്നിടത്ത് ചെറിയ ആലസ്യമുണ്ടെന്ന് വന്നപ്പോള്‍ ശക്തമായ താക്കീതോടെ വിമര്‍ശിച്ചിട്ടുണ്ട്. ഈ വിമര്‍ശനങ്ങള്‍ എന്നും ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് വഴികാണിക്കുന്നതാണ്.
പ്രവാചകന് തന്നെ നയപരമായ നിസ്സാര വീഴ്ചകള്‍ വന്നപ്പോഴും ഖുര്‍ആന്‍ വിമര്‍ശിച്ചിട്ടുണ്ട്. ഇതൊന്നും ഒരിക്കലും പ്രവാചകനെയോ അനുയായികളെയോ വിലകുറച്ചു കാണാനിടയാക്കിയിട്ടില്ല. മറിച്ച് വിശ്വാസ്യതയും വിശ്വാസവും വര്‍ധിപ്പിക്കുകയാണ് ചെയ്തത്.
ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് മാതൃകയാക്കാനും തര്‍ബിയത്ത് നല്‍കാനും ഖുര്‍ആന്‍ ഉന്നതരായ ചില പ്രവാചകന്‍മാരുടെ ജീവിതമാതൃകകള്‍ എടുത്തുദ്ധരിച്ചിട്ടുണ്ട്. അവരില്‍ ചിലര്‍ക്ക് സംഭവിച്ച നയപരമായ വീഴ്ചകളെടുത്തുദ്ധരിച്ച് അതിനവര്‍ക്ക് നല്‍കിയ ശിക്ഷണവും തര്‍ബിയത്ത് പരിപാടിയും വിശദമാക്കിയിട്ടുണ്ട്. യൂനുസ് നബിക്ക് നല്‍കിയ ശിക്ഷണവും മൂസാനബിക്ക് നല്‍കിയ തര്‍ബിയത്തും ഉദാഹരണം.
നേതൃത്വത്തിന് അനുയായികളെ മാത്രമല്ല, സാധാരണക്കാരായ അനുയായികള്‍ക്ക് ഉന്നത നേതൃത്വത്തെ വരെ നേരിട്ട് നിരൂപണം ചെയ്യാന്‍ അധികാരമുണ്ട്. അബൂബക്‌റും ഉമറും ഖലീഫയായിരിക്കെ ജനം അവരെ നേരില്‍ വിമര്‍ശിച്ചതില്‍ നിന്നും ഖലീഫമാര്‍ അതിനെ സ്വാഗതം ചെയ്തതില്‍ നിന്നും അതാണ് മനസ്സിലാകുന്നത്. ഏത് നിസ്സാരക്കാര്‍ക്കും എവിടെ വെച്ചും ഇതിനൊക്കെ ഇസ്‌ലാം അനുമതി നല്‍കിയിട്ടുണ്ടെന്നും ഉമര്‍(റ)നെ മിമ്പറില്‍ നില്‍ക്കവെ ഒരു സ്ത്രീ ചോദ്യം ചെയ്തതില്‍ നിന്ന് മനസ്സിലാക്കാം.
തദടിസ്ഥാനത്തില്‍, ചില പ്രത്യേക സാഹചര്യത്തില്‍ പ്രസ്ഥാനം പൊതുജനങ്ങളിലേക്കിറങ്ങിച്ചെല്ലുന്നതിന് തടസ്സം നിന്ന, എന്നാല്‍ ഇനിയെങ്കിലും ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് ഈ കുറിപ്പുകാരന് തോന്നിയ ചില കാര്യങ്ങള്‍ സൂചിപ്പിക്കുകയാണ്.
അവിഭക്ത ഭാരതത്തില്‍, സ്വാതന്ത്ര്യത്തിന് തൊട്ടു മുമ്പ്, സ്വതന്ത്ര ഭാരതം ഏത് ആദര്‍ശാടിത്തറയില്‍ ഭരിക്കപ്പെടണമെന്ന മൗലിക പ്രധാനമായ ചര്‍ച്ച സജീവമായ ഘട്ടത്തിലാണല്ലോ ഇസ്‌ലാമിക പ്രസ്ഥാനം രംഗത്തുവരുന്നത്. ദൈവിക ജീവിതവ്യവസ്ഥ തന്നെയാണ് രാഷ്ട്രഭരണത്തിനടിസ്ഥാനമാകേണ്ടത് എന്നല്ലാതെ ഒരിസ്‌ലാമിക പ്രസ്ഥാനത്തിന് ഈ ഘട്ടത്തില്‍ മറ്റെന്താണ് സമര്‍പ്പിക്കാനാവുക? ഇത് തന്നെയാണ് പ്രസ്ഥാനം ചെയ്തതും.
എന്നാലിത് സ്വാഭാവികമായും താത്വിക ചര്‍ച്ചയിലധിഷ്ഠിതമായിരുന്നു. ദൈവാധിപത്യം (ഹുകൂമത്തെ ഇലാഹി) മുന്നോട്ട് വെച്ച ഉടനെ വന്ന എതിര്‍പ്പ് ദൈവിക മതം(ഇസ്‌ലാം) ആരാധനാനുഷ്ഠാനങ്ങളില്‍ പരിമിതമല്ലേ, അതിനെങ്ങനെ രാഷ്ട്രത്തെ നയിക്കാനാകും എന്ന ചോദ്യങ്ങളായിരുന്നു. തുടര്‍ന്നങ്ങോട്ട് ഇസ്‌ലാം സമ്പൂര്‍ണ ജീവിത വ്യവസ്ഥയാണെന്ന് സമര്‍ഥിക്കാന്‍ നിരന്തരം ശ്രമം തന്നെ വേണ്ടി വന്നു. തിരിഞ്ഞ് നോക്കുമ്പോള്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ വിജയവും ഈ രംഗത്തു തന്നെ. വെറും ആചാരാനുഷ്ഠാനത്തിലപ്പുറം ജീവിത വ്യവസ്ഥ എന്ന പദം പോലും ഇസ്‌ലാമിന് അന്യമായി ഗണിച്ചിരുന്ന അവസ്ഥ പാടെ മാറി. വിമര്‍ശകര്‍ പോലും ഇസ്‌ലാമിനെ സമ്പൂര്‍ണ വ്യവസ്ഥ എന്നു പറയാന്‍ നിര്‍ബന്ധിതമായി.
വിഭജനത്തെ തുടര്‍ന്നുണ്ടായ മുസ്‌ലിം വേട്ടയും മതപരിത്യാഗവുമെല്ലാം സൃഷ്ടിച്ച ഭീകരാന്തരീക്ഷത്തില്‍, മുസ്‌ലിംകള്‍ക്ക് ആത്മവീര്യവും സ്ഥൈര്യവും നല്‍കാനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതമാകാന്‍ ജമാഅത്തെ ഇസ്‌ലാമി നിര്‍ബന്ധിതമാവുകയായിരുന്നു. ഈ സന്ദിഗ്ധഘട്ടത്തില്‍ ജമാഅത്തെ ഇസ്‌ലാമി മാത്രമായിരുന്നു മുസ്‌ലിംകളുടെ രക്ഷക്കെത്തിയതെന്നും ഇല്ലെങ്കില്‍ ഇന്ത്യയിലെ ഇസ്‌ലാമിക സമൂഹത്തിന്റെ അവസ്ഥ മറ്റൊന്നാകുമായിരുന്നുവെന്നും സമര്‍ഥിച്ചുകൊണ്ട് 1966-ല്‍ അന്നത്തെ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയായിരുന്ന മര്‍ഹൂം ഇബ്‌റാഹീം സുലൈമാന്‍ സേട്ടു ചേന്ദമംഗല്ലൂര്‍ ഇസ്‌ലാമിയാ കോളേജ് വാര്‍ഷികത്തില്‍ നടത്തിയ ഉദ്ഘാടന പ്രസംഗം ഇപ്പോഴും ഓര്‍ക്കുന്നു. 'സന്ദിഗ്ധ ഘട്ടത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകളെ രക്ഷിക്കാനെത്തിയ ഏക സംഘടന, ജമാഅത്തെ ഇസ്‌ലാമിയെ സംബന്ധിച്ച് സേട്ട്' എന്നായിരുന്നു ഇത് റിപ്പോര്‍ട്ട് ചെയ്ത വാരിക നല്‍കിയ തലക്കെട്ട്. മുസ്‌ലിംകളുടെ സാംസ്‌കാരികാസ്ഥിത്വം കൂടി ഇല്ലാതാക്കാനായിരുന്നു ഗവണ്‍മെന്റിന്റെ ആശീര്‍വാദത്തോടെയുള്ള വര്‍ഗീയവാദികളുടെ പിന്നീടുള്ള ശ്രമം. ജമാഅത്തെ ഇസ്‌ലാമിക്ക് ഇതിനെയും ചെറുക്കേണ്ടിവന്നു. അലീഗഢ് പ്രശ്‌നവും ഉര്‍ദുഭാഷ സംരക്ഷണവുമെല്ലാം ജമാഅത്തെ ഇസ്‌ലാമിയുടെ സുപ്രധാന അജണ്ടയായി മാറി. ഇതെല്ലാം ഹിന്ദുസമുദായത്തിന്റെ മുമ്പിലും ഭരണകൂടങ്ങളുടെ മുമ്പിലും ജമാഅത്തെ ഇസ്‌ലാമിക്ക് ലഭിച്ചത് തീവ്ര വര്‍ഗീയ പ്രസ്ഥാനം എന്ന പ്രതിഛായയാണ്.
എന്നാല്‍, ഇസ്‌ലാമിക പ്രസ്ഥാനം ഒരിക്കലും സാമുദായിക പ്രശ്‌നങ്ങളിലൊതുങ്ങിക്കൂടുകയല്ലായിരുന്നു. ദേശീയ-സംസ്ഥാന തലങ്ങളില്‍ നിരവധി പ്രസിദ്ധീകരണങ്ങളുമായി സംഘടന അതിശീഘ്രം മുന്നേറുകയായിരുന്നു. ഉര്‍ദുവില്‍ മാത്രമല്ല, ഹിന്ദിയിലും ബംഗാളിയിലും ഗുജറാത്തി, മറാഠി ഭാഷകളിലുമെല്ലാം പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും ഇറക്കി. മലയാളത്തില്‍ പ്രസിദ്ധീകരണ രംഗത്ത് വന്‍ കുതിച്ചു ചാട്ടം തന്നെയുണ്ടായി.
വ്യവസ്ഥാപിത പ്രവര്‍ത്തനങ്ങളും സ്‌ക്വാഡ് വര്‍ക്കുകളുമായി വീടുകളില്‍ കയറിയിറങ്ങി. ''പുസ്തകങ്ങള്‍ കക്ഷത്ത് വെച്ച് നിങ്ങളെ വഴിതെറ്റിക്കാനൊരു കൂട്ടര്‍ വരും, അവരെ സൂക്ഷിക്കണം'' എന്ന് എതിരാളികള്‍ മുന്നറയിപ്പ് നല്‍കാന്‍ മാത്രം ഈ പുസ്തക സ്‌ക്വാഡുകള്‍ പ്രസ്ഥാനത്തിന്റെ ഐഡന്റിറ്റിയായി മാറി. ഇന്ത്യയിലെ മൊത്തം ജനസംഖ്യ വെച്ചുനോക്കുമ്പോള്‍ ഇതെല്ലാം വളരെ പരിമിതമായ അഭ്യസ്ഥവിദ്യരില്‍ മാത്രമേ എത്തിയുള്ളൂ.
വിഭജനാനന്തര ഭാരതത്തില്‍ മുസ്‌ലിം സമൂഹം ന്യൂനപക്ഷമായി മാറി. ലോകത്തെവിടെയുമില്ലാത്തത്ര നിരവധി ജാതികളും ഉപജാതികളുമുള്ള ബഹുസ്വരസമൂഹത്തില്‍ എങ്ങനെ പ്രവര്‍ത്തനം സംഘടിപ്പിക്കണം എന്നതിനെ സംബന്ധിച്ചായിരുന്നു ചര്‍ച്ചകളും ഹോംവര്‍ക്കുകളുമൊക്കെ ആദ്യമേ വേണ്ടിയിരുന്നത്. തദടിസ്ഥാനത്തില്‍ അടിത്തട്ടിലേക്കിറങ്ങി നടത്തുന്ന പ്രവര്‍ത്തനം സാധാരണക്കാരില്‍ പെട്ടെന്ന് ഫലമുളവാക്കുമായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല, 'ഉപരിവര്‍ഗക്കാരെന്ന്' തോന്നിപ്പിക്കുന്ന ബാഹ്യരൂപവും രീതിയുമാണ് കേരളവും ബംഗാളുമൊഴിച്ചുള്ള സ്ഥലങ്ങളിലെ പ്രവര്‍ത്തകരില്‍ നിന്നുണ്ടായതെന്ന് പരാതിയുണ്ട്. കേരളത്തിലും ബംഗാളിലും 'മധ്യവര്‍ഗക്കാരുടേത്' എന്ന ഇമേജാണുള്ളത്, സാധാരണക്കാരുടെ പ്രസ്ഥാനം എന്ന സ്വീകാര്യത അതിന് ലഭിച്ചില്ല. സാധാരണക്കാരിലേക്കിറങ്ങിച്ചെല്ലാവുന്ന ശൈലിയെക്കുറിച്ചും രീതിയെക്കുറിച്ചും കാര്യമായ ചര്‍ച്ച നടന്നതായും അറിയില്ല.
യുവജനപ്രസ്ഥാനത്തിന്റെ രൂപീകരണം ഏറെ പ്രതീക്ഷയോടെയാണ് നോക്കിയിരുന്നത്. വഴിയറിയാതെ നില്‍ക്കുന്ന യുവാക്കളെയും വഴിതെറ്റുന്നവരെയുമെല്ലാം ആകര്‍ഷിച്ചെടുത്ത്, സാധാരണക്കാരായ യുവാക്കളിലേക്കിറങ്ങിച്ചെന്ന് ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുന്ന വിപ്ലവ യുവജനമുന്നേറ്റമായിരുന്നു സ്വപ്നം കണ്ടിരുന്നത്. എന്നാല്‍ ഏതാനും സമരങ്ങളിലും സേവന പ്രവര്‍ത്തനങ്ങളിലുമല്ലാതെ സ്വന്തം നാടുകളില്‍ മേല്‍പറഞ്ഞ രീതിയില്‍ വ്യാപകമായി യുവജനങ്ങളിലേക്കിറങ്ങുന്ന പ്രവര്‍ത്തനരീതി യുവസംഘടനയില്‍ നിന്നുണ്ടായിട്ടില്ല എന്ന നിരീക്ഷണം അവഗണിക്കേണ്ടതല്ല.
ജനസേവനരംഗത്ത് ഇസ്‌ലാമിക പ്രസ്ഥാനത്തോളം ധനവും അധ്വാനവും ചെലവഴിച്ച സംഘടനകളില്ലെന്ന് ഏവരും സമ്മതിക്കും. എന്നാലിതും ബഹുജനസ്വാധീനത്തിന് കാര്യമായി ഉപകരിച്ചിട്ടില്ല.
സമീപനരീതി മാത്രമാണിവിടെ പ്രശ്‌നമെന്നാണെന്റെ നിഗമനം. ഒരനുഭവം: കോഴിക്കോടിനുത്ത പ്രദേശത്ത് താമസിച്ചിരുന്ന കാലത്ത് പുഴക്കരയില്‍ ജോലിയിലേര്‍പ്പെട്ട ചകിരി തൊഴിലാളികളുടെ അടുത്തേക്ക് ചെന്നു. സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന, തുഛമായ കൂലി ലഭിക്കുന്ന ഈ പാവപ്പെട്ട തൊഴിലാളികളില്‍ നിന്ന് നാലഞ്ചു മാര്‍ക്‌സിസ്റ്റ് പ്രവര്‍ത്തകര്‍ കാശ് പിരിച്ചെടുത്ത് പോകുന്നത് കണ്ടു. ''എന്താണ് ഈ പിരിവ്?'' ഞാന്‍ തൊഴിലാളികളോടന്വേഷിച്ചു. ''പാര്‍ട്ടി ഫണ്ടിലേക്ക്'' അവര്‍ മറുപടി പറഞ്ഞു. ''നിങ്ങള്‍ക്ക് അവര്‍ എന്താണ് ചെയ്തു തരുന്നത്?'' ''അവര്‍ ഞങ്ങളുടെ അടുത്ത് വന്ന് ക്ഷേമാന്വേഷണങ്ങള്‍ നടത്തി ഞങ്ങള്‍ക്ക് പറയാനുള്ളതൊക്കെ കേള്‍ക്കുന്നു.''
''ഇന്നിന്ന ആളുകളെല്ലാം നിങ്ങള്‍ക്ക് സഹായം ചെയ്യാറില്ലേ?'' ''ഉണ്ട്, ധാരാളം. പക്ഷേ അവരൊന്നും ഞങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ വരില്ലല്ലോ?''
ഈ സമീപന രീതിയാണ് പഠിക്കേണ്ടത്. കേരളത്തിലെ ഏറ്റവും സ്വാധീനമുള്ള ബഹുജനപ്രസ്ഥാനമായി കമ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ന്നത് ഈ സമീപനരീതിയിലൂടെയാണ്. അല്ലാതെ, അവരുടെ സമ്പത്ത് പാവങ്ങള്‍ക്ക് നല്‍കിയിട്ടല്ല.
ഇസ്‌ലാമിക പ്രസ്ഥാനം ധാരാളം ചെലവഴിക്കുന്നു; മുസ്‌ലിം സമൂഹവും നിരന്തര ദാനങ്ങള്‍ ചെയ്യുന്നു. കോടികള്‍ ചെലവഴിച്ച് അനാഥകളെ പോറ്റുന്നു. പാവങ്ങള്‍ക്ക് വിദ്യ നല്‍കുന്നു. ഇതിനവര്‍ ബാധ്യസ്ഥരുമാണ്. പക്ഷേ ബഹുജനത്തെ ഒപ്പം നിര്‍ത്താനാവുന്നില്ല. ഇതെന്തുകൊണ്ട് എന്നാണ് പഠിക്കേണ്ടത്. ഈ വഴിക്ക് പഠനം നടത്തി പരിപാടിയാവിഷ്‌കരിച്ച് ജനങ്ങളിലേക്കിറങ്ങിച്ചെന്നാല്‍ ഫലം തീര്‍ച്ച.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍