പലിശരഹിത സംരംഭങ്ങള്‍ക്ക് ശക്തിപകര്‍ന്ന് 'സഹുലത്' സെമിനാര്‍
വിഷന്‍ 2016-നു കീഴിലുള്ള 'സഹുലത്' മൈക്രോ ഫിനാന്‍സ് സൊസൈറ്റി ഈയിടെ ന്യൂദല്‍ഹിയിലെ ഇന്ത്യ ഇന്റര്‍നാഷ്‌നല്‍ സെന്ററില്‍ വെച്ച് 'പലിശ രഹിത മൈക്രോ ഫിനാന്‍സ് കോ-ഓപറേറ്റീവുകളിലൂടെ: വെല്ലുവിളികളും സാധ്യതകളും' എന്ന തലക്കെട്ടില്‍ ചര്‍ച്ച സംഘടിപ്പിക്കുകയുണ്ടായി. പലിശ രഹിത മൈക്രോ ഫിനാന്‍സ് സംവിധാനം കോ-ഓപറേറ്റീവ് സൊസൈറ്റികളിലൂടെ നടപ്പിലാക്കുന്നതിനു ദേശീയ തലത്തില്‍ നയരൂപീകരണം നടത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയായിരുന്നു ചര്‍ച്ച. പലിശരഹിത സംവിധാനത്തിന്റെ സാധ്യതകളും വെല്ലുവിളികളും ചര്‍ച്ച ചെയ്യാനുള്ള വേദി കൂടിയായി അത് മാറി. 'സംഗമം' എന്ന പേരില്‍ കോഴിക്കോട് ഐ.എസ്.ടി കേന്ദ്രമായി ഒരു കോ-ഓപറേറ്റീവ് സൊസൈറ്റിക്ക് രജിസ്‌ട്രേഷന്‍ ലഭിച്ച സാഹചര്യത്തില്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് പ്രാധാന്യമുണ്ട്.
ഹരിത വിപ്ലവത്തിന്റെ പിതാവും രാജ്യസഭാംഗവുമായ പ്രഫ. എം.എസ് സ്വാമിനാഥന്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ച പരിപാടിയില്‍ പ്ലാനിംഗ് കമീഷന്‍ അംഗം ഡോ. സേദ സയ്യിദൈന്‍ ഹമീദ് മുഖ്യ അതിഥിയായിരുന്നു.
ഇന്ത്യയില്‍ വായ്പ സംബന്ധിയായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങളുടെ ചരിത്രപരവും സമകാലികവുമായ വിശകലനം, നിലവിലെ സാഹചര്യത്തില്‍ പലിശരഹിത മൈക്രോ ഫിനാന്‍സ് സംവിധാനത്തിന്റെ സാധ്യത, അത് കോ-ഓപറേറ്റീവുകളിലൂടെ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത, പ്രവര്‍ത്തന ശൈലി, പലിശ രഹിത കോ-ഓപറേറ്റീവുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വെല്ലുവിളികളും തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.
പ്രഫ. എം.എസ് സ്വാമിനാഥന്‍ 2010-ല്‍ ചെന്നൈയില്‍ നടത്തിയ ഒരു പ്രസ്താവനയിലേക്ക് സൂചന നല്‍കികൊണ്ടായിരുന്നു 'സഹുലത്' സി.ഇ.ഒ അര്‍ഷദ് അജ്മല്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. 2010-ല്‍ ആന്ധ്രയിലെ കര്‍ഷക ആത്മഹത്യകളുമായി ബന്ധപ്പെട്ട് പ്രശ്‌നപരിഹാരത്തിന് പലിശ ഈടാക്കാത്ത ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് പ്രഫ. സ്വാമിനാഥന്‍ സൂചിപ്പിച്ചിരുന്നു. പലിശരഹിത മൈക്രോ ഫിനാന്‍സ് സംവിധാനം പ്രസ്തുത പരാമര്‍ശത്തിന്റെ സത്ത ഉള്‍ക്കൊള്ളുന്നുണ്ടെന്നു അര്‍ഷദ് അജ്മല്‍ വിശദീകരിച്ചു.
സഹുലത് ബോര്‍ഡ് അംഗവും ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്ര വിദഗ്ധനുമായ ഡോ. ഔസാഫ് അഹ്മദ് 'സഹുലത്' രൂപീകരിക്കാനുണ്ടായ പശ്ചാത്തലവും പലിശരഹിത മൈക്രോ ഫിനാന്‍സ് കോ-ഓപറേറ്റീവുകളെ കുറിച്ചും വിശദീകരിച്ചു. അടിസ്ഥാന ജീവിത സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവരുടെ, പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തിന്റെ പുരോഗതിക്കായി രൂപീകരിച്ച ഒരു സന്നദ്ധ സാമൂഹിക സേവന സൊസൈറ്റിയാണ് 'സഹുലത്'. പാര്‍ശ്വവത്കരണത്തിന് വിധേയരായവര്‍ക്ക് നീതിയും സമത്വവും ഉറപ്പുവരുത്തുന്നതിനും സാമ്പത്തിക സാമൂഹിക അസ്വമത്വങ്ങള്‍ കുറച്ചു കൊണ്ട് വരുന്നതിനും പലിശരഹിത മൈക്രോ ഫിനാന്‍സ് സംവിധാനത്തെ അത് ഉപയോഗപ്പെടുത്തുന്നു.
2010-ല്‍ സ്ഥാപിതമായ സഹുലതിന്റെ മുഖ്യ ലക്ഷ്യം മൈക്രോ ഫിനാന്‍സ് കോ-ഓപറേറ്റീവ് സെക്ടറില്‍ ഏറ്റവും താഴേക്കിടയില്‍ പലിശ രഹിത സാമ്പത്തിക സഹായം നല്‍കുന്ന സ്ഥാപനങ്ങളെ വളര്‍ത്തികൊണ്ടു വരലും സംഘടിപ്പിക്കലുമാണ്. ഇതുവഴി ഇന്ത്യയിലെ ദാരിദ്ര്യനിര്‍മാര്‍ജന പ്രക്രിയക്ക് അത് കരുത്തുപകരുന്നു.
പത്ത് നഗരങ്ങളില്‍ പലിശ രഹിത മൈക്രോ ഫിനാന്‍സ് സംവിധാനത്തിന് മാതൃക കാണിക്കുന്ന അല്‍ഖൈര്‍ കോ-ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയെ ഡോ. അഹ്മദ് പരിചയപ്പെടുത്തി. കോ-ഓപറേറ്റീവ് ഘടനയിലൂടെ പലിശരഹിത മൈക്രോ ഫിനാന്‍സ് സംവിധാനം എങ്ങനെ നടപ്പാക്കാമെന്ന് അദ്ദേഹം വിശദീകരിച്ചു. കോ-ഓപറേറ്റീവുകളില്‍ താത്ത്വികമായി ഉള്‍ച്ചേര്‍ന്നിരിക്കുന്ന 'ജനാധിപത്യ പ്രവര്‍ത്തന രീതി'ക്കും 'ജനകീയ പങ്കാളിത്ത'ത്തിനുമുപരിയായി പ്രസ്തുത തത്ത്വത്തെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കൂടി അവ കരുത്ത് പകരുന്നുണ്ട്. ഇങ്ങനെ നിയമാനുസൃതമായ ഒരു അസ്തിത്വമായി മാറുന്നതിലൂടെ പലിശരഹിത സ്ഥാപനങ്ങള്‍ക്ക് കോ-ഓപറേറ്റീവ് സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാകാതെ തന്നെ പലിശ രഹിത ഇടപാടുകള്‍ നടത്താന്‍ കഴിയും.
സെന്‍ട്രല്‍ കോ-ഓപറേറ്റീവ് സൊസൈറ്റീസ് ആക്ട് (മള്‍ട്ടി സ്റ്റേറ്റ് കോ-ഓപറേറ്റീവ് സൊസൈറ്റീസ് ആക്ട് 2002), പത്ത് സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന ലിബറല്‍ സ്റ്റേറ്റ് കോ-ഓപറേറ്റീവ് ആക്ട് മുതലായ കോ-ഓപറേറ്റീവുകളുമായി ബന്ധപ്പെട്ട പോളിസികള്‍ നിയമപരമായി പലിശ ഈടാക്കുന്നതിനെ തടയുന്നുമില്ല. അതുകൊണ്ട് തന്നെ പലിശ രഹിത മൈക്രോ ഫിനാന്‍സ് സംരംഭങ്ങള്‍ ഇന്ത്യയില്‍ നടപ്പിലാക്കുന്നതിന് അവ സഹായകരവുമാണ്.
കച്ചവട ഇടപാടുകളെ കേന്ദ്രീകരിച്ച് രൂപംനല്‍കിയ സഹുലത് ബിസിനസ് കോ-ഓപറേഷന്‍ ഗ്രൂപ്പിലൂടെ (എസ്.ബി.സി.ജി) ഇത് നടപ്പിലാക്കാന്‍ സാധിക്കും. എസ്.ബി.സി.ജിക്ക് അതിനുള്ള കഴിവും പ്രാപ്തിയുമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതുപോലുള്ള സംരംഭങ്ങള്‍ കഴിവും പ്രാപ്തിയും തെളിയിച്ചു കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രഫ. എം.എസ് സ്വാമിനാഥന്‍ തന്റെ പ്രഭാഷണം ആരംഭിച്ചത് ഇന്ത്യയില്‍ നിലനില്‍ക്കുന്ന വായ്പ സംബന്ധിയായ പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ടാണ്. നിലവിലെ സാഹചര്യത്തില്‍ പലിശ രഹിത മൈക്രോ ഫിനാന്‍സ് എങ്ങനെ പ്രവര്‍ത്തനപഥത്തില്‍ കൊണ്ടുവരാന്‍ കഴിയും എന്ന് അദ്ദേഹം വിശദീകരിച്ചു.
'ഞാന്‍ ഈ മീറ്റിംഗിനെ കുറിച്ച് കേട്ടപ്പോള്‍ വളരെയധികം ആകാംക്ഷാഭരിതനായിരുന്നു. കാരണം രാഷ്ട്രമൊന്നടങ്കം പാവപ്പെട്ടവര്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് താങ്ങാനുതകുന്ന നിരക്കില്‍ വായ്പ ലഭിക്കുന്ന സംവിധാനങ്ങളെ കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കാരണം കര്‍ഷകരുടെ പ്രശ്‌നങ്ങളിലായാലും ദാരിദ്ര്യ നിര്‍മാര്‍ജനത്തിലായാലും ശക്തമായ ലിംഗ വിവേചനം നിലനില്‍ക്കുന്നുണ്ട്.' ഇതിനു ഉപോല്‍ബലകമായി നബാര്‍ഡിന്റെ ക്രെഡിറ്റ് കാര്‍ഡിലൂടെ വനിതാ കര്‍ഷകര്‍ക്ക് വിതരണം ചെയ്യപ്പെട്ടത് ഒന്നോ രണ്ടോ ശതമാനം മാത്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനുള്ള മുഖ്യ കാരണം അവര്‍ക്ക് അവരുടെ ഭൂമിയുടെ പട്ടയമില്ലത്തതിനാല്‍ ബാങ്കുകള്‍ വായ്പ നല്‍കാത്തതാണ്.
കര്‍ഷകര്‍ ആവശ്യങ്ങള്‍ക്കായി ലോണെടുക്കുന്നു. അത് തിരിച്ചടക്കാന്‍ കഴിയാത്തതിന്റെ പേരില്‍ സാമൂഹികമായ ഒറ്റപ്പെടുത്തലുകളിലേക്കും മറ്റു പീഡന മുറകളിലേക്കും അവര്‍ നയിക്കപ്പെടുന്നു. ഇക്കാരണം കൊണ്ട് തന്നെ അവരില്‍ അധിക പേരും അവസാനം ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു. പാവപ്പെട്ടവര്‍ക്ക് താങ്ങാന്‍ കഴിയുന്ന രൂപത്തില്‍ വായ്പ ലഭിക്കുന്ന രീതിശാസ്ത്രങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ടെന്നാണ് ഇതെല്ലാം വിളിച്ചു പറയുന്നത്.
ഇന്ത്യയില്‍ വ്യത്യസ്തങ്ങളായ വായ്പ രൂപങ്ങള്‍ ഉണ്ടായിരുന്നെന്നും അവ പുനഃപരിശോധിക്കുന്നത് ഫലപ്രദമായിരിക്കുമെന്നും സ്വാമിനാഥന്‍ പറഞ്ഞു. പലിശ രഹിത മൈക്രോ ഫിനാന്‍സിനെ പലിശ ഈടാക്കാതെ വായ്പ നല്‍കുന്ന ഇസ്‌ലാമിക് ബാങ്കിംഗിലൂടെയാണ് അദ്ദേഹം നോക്കികണ്ടത്. അതാകട്ടെ ഇസ്‌ലാമിന്റെ കരുണാദ്രമായ കാഴ്ചപ്പാടില്‍ അധിഷ്ഠിതവുമാണ്. അതിന്റെ ഉത്ഭവം കാരുണ്യത്തില്‍ നിന്നായതുകൊണ്ട് തന്നെ കാരുണ്യമെന്നത് പലിശരഹിത വായ്പയുടെ അടിവേരുമാണ്. ചൈനക്കാര്‍ പോലും തങ്ങളുടെ കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പകള്‍ നല്‍കാറുണ്ട്.
'പലിശ രഹിതം' എന്ന പേര് മാറ്റിക്കൊണ്ട് 'പങ്കാളിത്ത സാമ്പത്തിക ശാസ്ത്രം' (Participatory Finance) എന്നാക്കുന്നത് നന്നായിരിക്കും. ഈ മാറ്റം പ്രവര്‍ത്തന വ്യാപനത്തിനും ജനകീയ പങ്കാളിത്തത്തിനും കാരണമാകുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്‍സള്‍ട്ടേഷനില്‍ ജെ.എന്‍.എല്‍ ശ്രീവാസ്തവ (IFFCO മെമ്പര്‍), ഡോ. ദേവകി ജെയിന്‍ (ഫെമിനിസ്റ്റ് എക്കണോമിസ്റ്റ്), ഡോ. ചാന്‍ ഹൊ ചി (റീജിയണല്‍ ഡയറക്ടര്‍, ഇന്റര്‍നാഷ്‌നല്‍ കോ-ഓപറേറ്റീവ് അലയന്‍സ്), ഡോ. ചിത്ര ഖസാന (വൈസ് ഡീന്‍ ഓഫ് സ്റ്റുഡന്റ് അഫയേര്‍സ്, സിംബയോസിസ് ഇന്റര്‍നാഷ്‌നല്‍ യൂനിവേഴ്‌സിറ്റി), ഡോ. ബി.കെ സാഹു (അസി. പ്രഫ. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറന്‍ ട്രേഡ്), ഫുവാദ് മഹ്മൂദ് (ഐ.ആര്‍.എ.എസ്, ആര്‍.എല്‍.&ഡി.എ), ജി.കെ ഗന്‌ഗോപധ്യായ് (ചീഫ് ഡയറക്ടര്‍, എന്‍.സി.ഡി.സി), ഡോ. നവീന്‍ ആനന്ദ് (മൈക്രോ ഫിനാന്‍സ് കമ്യൂണിറ്റി സോലൂഷന്‍ എക്‌സ്‌ചേഞ്ച്, യു.എന്‍.ഡി.പി), ഡോ. ദിനേശ് (സി.ഇ.ഒ, എന്‍.സി.യു.ഐ.), എല്‍.ഡി അഹൂജ (കണ്‍സള്‍ട്ടന്റ്, എന്‍.സി.യു.ഐ), ശ്രീമതി. പൂനം (ഫ്രീലാന്‍സ് കണ്‍സള്‍ട്ടന്റ്), ശശി ഭൂഷന്‍ (ജനറല്‍ മാനേജര്‍, നന്ദി ഫൗണ്ടേഷന്‍), ഡോ. വീണ നബാര്‍ (ഫോര്‍മര്‍ ചീഫ് എക്കണോമിസ്റ്റ്, എന്‍.സി.ഡി.സി), എസ്.കെ ടക്കര്‍ (ചീഫ് ഡയറക്ടര്‍, എന്‍.സി.ഡി.സി), അനൂപ് കൗള്‍ (ബേസിക്‌സ്) തുടങ്ങിയ പ്രമുഖര്‍ സംസാരിച്ചു. ഇന്ത്യന്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് ഫിനാന്‍സ് ജനറല്‍ സെക്രട്ടറി എച്ച്. അബ്ദുര്‍റഖീബ് നന്ദി പറഞ്ഞു.
[email protected]
ദല്‍ഹിയിലെ ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യയില്‍ കെ.ആര്‍ നാരായണന്‍ ദലിത് & മൈനോരിറ്റി പഠന കേന്ദ്രത്തില്‍ ഗവേഷണ വിദ്യാര്‍ഥിയാണ് ലേഖകന്‍.
Comments