Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 8

സരയാവോയുടെ കഥ ഒരു ഗ്രാഫിക് നോവല്‍

കെ. അശ്‌റഫ്‌

ബോസ്‌നിയ ഒരു സ്വതന്ത്ര രാജ്യമായിട്ട് ഇരുപത് വര്‍ഷം തികയുന്നു. 1992-ല്‍ രൂപീകൃതമായ ബോസ്‌നിയ കടന്നുപോന്ന ദുരിതവഴികളെക്കുറിച്ചു ലോകമിപ്പോള്‍ ഓര്‍ത്തുകൊണ്ടിരിക്കുന്നു. 1992-1995 കാലയളവില്‍ യൂഗോസ്ലാവിയയില്‍ നടന്ന സെര്‍ബിയന്‍ കടന്നാക്രമണവും അതിനെത്തുടര്‍ന്നുണ്ടായ സരയാവോ ഉപരോധവും ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. രണ്ടാം ലോകയുദ്ധത്തിനു ശേഷം ആധുനിക സമൂഹം കണ്ട ഏറ്റവും വലിയ ഉപരോധമായിരുന്നു സരയാവോയില്‍ നടന്നത്. ഒരു നഗരത്തെ വളഞ്ഞ് നാല്‍പത്തിനാല് ദിവസമാണ് ഒരു വംശീയ സൈനിക സന്നാഹം ശ്വാസം മുട്ടിച്ചത്. ബോംബുകളും ഷെല്ലുകളും വര്‍ഷിച്ച് പച്ചക്ക് മനുഷ്യരെ കൊന്നുതള്ളി. ബോസ്‌നിയയില്‍ മൊത്തം വധിക്കപ്പെട്ടത് യു.എന്‍ മനുഷ്യാവകാശ കമീഷന്റെ വെബ് സൈറ്റ് നല്‍കുന്ന കണക്കുപ്രകാരം രണ്ട് ലക്ഷം മനുഷ്യരാണ്. ലോകത്തെ ആദ്യത്തെ ടെലിവിഷന്‍ യുദ്ധമായാണ് ഗള്‍ഫ് യുദ്ധത്തെ മാധ്യമ സൈദ്ധാന്തികര്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ഒരു നഗരത്തെ മുഴുവന്‍ ചുട്ടുചാമ്പലാക്കുന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയായിട്ടാണ് സരയാവോ ഉപരോധം വിശേഷിപ്പിക്കപ്പെട്ടത്.
സ്‌കൂളുകള്‍, ലൈബ്രറികള്‍, വിവാഹ/മരണാനന്തര ചടങ്ങുകള്‍, ഹോസ്പിറ്റലുകള്‍ എല്ലാം തെരഞ്ഞു പിടിച്ച് ആക്രമിക്കപ്പെട്ടു. ബില്‍ഡിംഗിന് മുകളില്‍ പതിയിരുന്ന് വഴിയാത്രക്കാരെ നിഷ്‌കരുണം വെടിവെച്ചു വീഴ്ത്തി. ഇങ്ങനെ നാല്‍പത്തിനാല് മാസം കൊണ്ട് സരയാവോയില്‍ കൊല്ലപ്പെട്ടത് 12,000 ആളുകളാണ്. 50,000 ആളുകള്‍ക്ക് പരിക്കേറ്റു. ജനങ്ങള്‍ പുറത്തേക്ക് രക്ഷപ്പെടാതിരിക്കാന്‍ എല്ലാ കരമാര്‍ഗങ്ങളും അവര്‍ അടച്ചു. രണ്ടാം ലോകയുദ്ധത്തിനു ശേഷം യൂറോപ്പ് ആവര്‍ത്തിക്കില്ല എന്നു കരുതിയ വംശഹത്യകള്‍ ബോസ്‌നിയന്‍ മുസ്‌ലിംകളുടെ കാര്യത്തില്‍ നടപ്പായില്ല. 1992 ഏപ്രില്‍ ആറു മുതല്‍ നാല് വര്‍ഷം കൈയും കെട്ടിനിന്ന 'അന്താരാഷ്ട്ര' സമൂഹം 1995 ആഗസ്റ്റിലാണ് ഇടപെടാന്‍ തയാറായത്. ഇത്തരമൊരു ഇടപെടലാണ് സ്‌ലോബദന്‍ വലോ സെവിച്ചും, റദവന്‍ കരാജിച്ചുമെല്ലാം വെറുക്കപ്പെട്ടവരാവാന്‍ കാരണം.
സരയാവോ യൂറോപ്പിന്റെ ജറൂസലേമാണ്. ഇബ്‌റാഹീമീ പാരമ്പര്യത്തിന്റെ നേരവകാശികളാണ്. മുസ്‌ലിം ക്രൈസ്തവ-ജൂത പാരമ്പര്യത്തിന്റെ നഗരം. ഈ നഗരത്തോടുള്ള അസഹിഷ്ണുത മതപരം എന്നതുപോലെ മതേതരം കൂടിയായിരുന്നു. ഭൂമിയിലെ സോഷ്യലിസ്റ്റ് സ്വര്‍ഗം വാഗ്ദാനം ചെയ്ത ഏകാധിപതി മാര്‍ഷല്‍ ടിറ്റോയാണ് സരയാവോയുടെ സാംസ്‌കാരിക വൈവിധ്യത്തെ ആദ്യം നുള്ളിക്കളയാന്‍ ശ്രമിച്ചത്. ഇത്തരം ഒരു പദ്ധതിയുടെ അനിവാര്യത തന്നെയായിരുന്നു 1992-1995 കാലയളവിലെ കൂട്ടക്കൊലയും വംശഹത്യയും. ഇവിടെ ചര്‍ച്ച ചെയ്യുന്നത് സരയാവോയിലെ ഉപരോധത്തെ കുറിച്ചു ലോക പ്രശസ്ത കോമിക് ആര്‍ട്ടിസ്റ്റായ ജോ സക്കോ ചെയ്ത ഒരു ഗ്രാഫിക് നോവലാണ്, ദ ഫിക്‌സര്‍ - എ സ്റ്റോറി ഫ്രം സരയാവോ (Drawn and Quarterly, 2003). അന്താരാഷ്ട്ര മാധ്യമങ്ങളും മറ്റും റിപ്പോര്‍ട്ട് ചെയ്ത സംഭവമാണിതെങ്കിലും സരയാവോ ഉപരോധത്തിന്റെ അജ്ഞാത ജീവിതത്തെ ജോ സക്കോ പുറത്തെടുക്കുന്നുണ്ട്. Safe Area Gorazde: The War in Eastern Bosnia 1992-1995, War's End: Profiles from Bosnia 1995-1996 എന്നീ രണ്ടു കൃതികളും കൂടി ബോസ്‌നിയയെ കുറിച്ചു ജോ സക്കോ രചിച്ചിട്ടുണ്ട്.
ജോ സക്കോയുടെ
ഗ്രാഫിക് ജീവിതം
സരയാവോയുടെ ഉപരോധത്തെക്കുറിച്ചാണ് ഇവിടെ ചര്‍ച്ച എങ്കിലും ജോ സക്കോയുടെ ആര്‍ട്ടിസ്റ്റിക് കരിയര്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നതാണ്. 1961-ല്‍ മാഗട്ടയില്‍ ജനിച്ച ജോയെ പ്രചോദിപ്പിച്ചത് വിയറ്റ്‌നാം യുദ്ധത്തിനെതിരെ നടന്ന പ്രതിഷേധ സമരങ്ങളായിരുന്നു. 80-കളില്‍ പത്രപ്രവര്‍ത്തകനായ ജോ തൊണ്ണൂറുകളില്‍ ഫലസ്ത്വീന്‍ മിഡ്‌ലീസ്റ്റ് റിപ്പോര്‍ട്ടിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഫലസ്ത്വീനികളുടെ ഒന്നാം ഇന്‍തിഫാദ ജോയെ പിടിച്ചു കുലുക്കി. ഇതാണ് 'ഫലസ്ത്വീന്‍' എന്ന ആദ്യ കോമിക്/ഗ്രാഫിക് പുസ്തകത്തിലേക്ക് നയിച്ചത്. എഡ്വേഡ് സൈദാണ് പുസ്തകത്തിന് ആമുഖമെഴുതിയത്. ''ഒന്നോ രണ്ടോ കവികള്‍, നോവലിസ്റ്റുകള്‍ ഇവരൊഴിച്ച് ആരും ഫലസ്ത്വീനികളുടെ ദുരിതത്തെക്കുറിച്ച് പറഞ്ഞിട്ടില്ല'' എന്നാണ് എഡ്വേഡ് സൈദ് എഴുതിയത്. ''ജോയുടെ സ്വരം ഫലസ്ത്വീനികളുടെ ദുരിതത്തെ കാണിക്കുന്നതില്‍ വിജയിച്ചു'' എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൈദിന്റെ പ്രസ്തുത ആമുഖം ഗ്രാഫിക്/കോമിക് നോവലുകളുടെ മാറിയ വായനയെ കാണിക്കുന്നു. ആദ്യ കാലത്ത് ബാല്യ/കൗമാര വായനയുടെ ഭാഗമായിരുന്ന കോമിക് ബുക്‌സുകള്‍ പിന്നീട് ന്യൂ ജനറേഷന്‍ ജേണലിസം, ദൃശ്യപരമായ പരീക്ഷണങ്ങള്‍, കലാപരമായ സാഹസികതകള്‍ എന്നിവയുടെയൊക്കെ ഭാഗമായി പുതിയൊരു സാഹിത്യ/മാധ്യമ ശാഖയായി മാറുകയായിരുന്നു. പിന്നീട് സംസ്‌കാര പഠനത്തിന്റെ ഭാഗത്തു നിന്ന് 'ജനപ്രിയം' എന്ന് തള്ളിക്കളഞ്ഞ ജനപ്രിയ സിനിമ, സംഗീതം ഇവയെക്കുറിച്ചും തമാശ (Comedy), ദൃശ്യ സംസ്‌കാരം (Visual Culture) , പ്രതിനിധാനത്തിന്റെ പ്രശ്‌നങ്ങള്‍ (Issues of representation) എന്നിവയെക്കുറിച്ചും നടത്തിയ നിരീക്ഷണങ്ങളും ഗ്രാഫിക് നോവലുകളെക്കൂടി വായനയുടെ ഭാഗമാക്കിതീര്‍ത്തു. ഇത്തരമൊരു വായനയുടെ പക്ഷത്തുനിന്നാണ് എഡ്വേഡ് സൈദ് ജോയുടെ കോമിക്‌സുകളെക്കുറിച്ച് പറയുന്നത്. ജോയുടെ കോമിക്‌സുകള്‍ ഫലസത്വീനികളുടെ ജീവിതം പറയുന്ന ശൈലിയെയും ബോധനരീതിയെയും മാത്രമല്ല അതിന്റെ പ്രത്യയശാസ്ത്രത്തെ തന്നെ പുതുക്കുന്നുണ്ട്. ''നാം ജീവിക്കുന്ന ലോകത്ത്, ഒരു പിടി ആളുകള്‍ ലണ്ടനിലും ന്യൂയോര്‍ക്കിലുമിരുന്ന് നാം കാണുന്ന ദൃശ്യങ്ങളെ ചിട്ടപ്പെടുത്തി നമ്മെ ശരിപ്പെടുത്തുമ്പോഴാണ് ജോയുടെ കോമിക്‌സുകള്‍ കാഴ്ചയില്‍ പുതിയ അട്ടിമറികള്‍ കൊണ്ടുവരുന്നത്'' സൈദ് നിരീക്ഷിച്ചു. ''എല്ലാ കോമിക് കഥകളിലും അവസാനം നന്മ തിന്മക്കുമേല്‍ വിജയിക്കും, നീതി അനീതിക്കുമേല്‍ വിജയിക്കും, കാമുകീകാമുകന്മാര്‍ ഒന്നിക്കും. എന്നാല്‍ ജോയുടെ കോമിക്കുകള്‍ നിറയെ തോറ്റു മടങ്ങുന്നവരാണ്. അരികുകളില്‍ നിന്ന് അരികുകളിലേക്ക് തള്ളപ്പെടുന്നവരാണ്. ഇങ്ങനെയുള്ള ജീവിതങ്ങളെ ജോ കാണിക്കുന്നത് ഒരു കാര്യം പറയാനാണ്. വിജയമോ പരാജയമോ അല്ല, അതിനപ്പുറം ദുരിതങ്ങളെക്കുറിച്ച് അവര്‍ക്കും ചിലത് പറയാനുണ്ടെന്ന് ബോധ്യപ്പെടുത്താനാണ്.''
ഫലസത്വീന്‍, ഇറാഖ്, ബോസ്‌നിയ തുടങ്ങിയ 'മുസ്‌ലിം' പ്രശ്‌നങ്ങളെക്കുറിച്ചെഴുതിയാല്‍ 'വസ്തുനിഷ്ഠത' നഷ്ടമാകുമെന്നുറപ്പാണല്ലോ. എന്നാല്‍ വസ്തുനിഷ്ഠതയുടെ ലിബറല്‍ നാട്യത്തെ ജോ പുഛിച്ചുതള്ളുകയാണ്. ഫലസത്വീന്‍ ആക്ടിവിസ്റ്റായ ലൈല ഹദ്ദാദിനു നല്‍കിയ അഭിമുഖത്തില്‍ ജോ തന്റെ ബാല്യകാലാനുഭവം വിവരിക്കുന്നുണ്ട്. സ്ഥിരമായി അമേരിക്കന്‍ വാര്‍ത്താചാനല്‍ കണ്ടിരുന്ന ജോ വിചാരിച്ചത് ഫലസ്ത്വീനികള്‍ ശരിക്കും ഭീകരന്മാരാണെന്നാണ്. നിഷ്‌കളങ്കനായ കൗമാരക്കാരനെ മാനിപുലേറ്റ് ചെയ്‌തെടുക്കുന്നതാണ് ലിബറല്‍ പത്രപ്രവര്‍ത്തകരുടെ വസ്തുനിഷ്ഠതയെന്നാണ് ജോ പരിഹസിക്കുന്നത്. കോമിക്‌സുകളില്‍ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ നല്ല കഥാപാത്രം, മോശം കഥാപാത്രം എന്ന വിഭജനം വളരെ പ്രകടമാണ്. ഇവിടെ മുറിവേറ്റവന്റെ ചരിത്രം ജോ വളച്ചുകെട്ടില്ലാതെ പറയുന്നുണ്ട്. രാഷ്ട്രീയ ശരിയുടെ ഒരു പക്ഷപാതിത്വം നിര്‍ബന്ധ ബാധ്യതയാണെന്നാണ് ജോ സ്വയം കരുതുന്നത്.
സരയാവോയിലെ ഉപരോധ കാലത്തെ കഥപറച്ചിലുകാരന്‍
ഫിക്‌സര്‍ - സ്റ്റോറി ഫ്രം സരയാവോയില്‍, ഒരു ബാഗും തോളിലിട്ട് നോട്ട്പാഡും കൈയില്‍ വെച്ച് ഒരു പത്രപ്രവര്‍ത്തകന്‍ സരയാവോയിലെ തെരുവിലൂടെ നടക്കുകയാണ്. മുസ്‌ലിംകള്‍, ക്രോട്ടുകള്‍, സെര്‍ബുകള്‍ ഒക്കെ ഉള്‍പ്പെട്ട ഒരു ബഹു വംശീയ സംസ്‌കാരമാണ് സരയാവോയുടേത്. സരയാവോയെ വളഞ്ഞ് ശ്വാസം മുട്ടിച്ച കാലത്ത് അക്ഷരങ്ങള്‍ പറയാന്‍ മടിച്ച ഒരു നഗരത്തന്റെ ജീവിതരേഖയാണ് 116 പേജുള്ള ഈ ഗ്രാഫിക് നോവല്‍. അങ്ങനെ നടന്നു പോകുന്ന ആ പത്രപ്രവര്‍ത്തകന്‍ തെരുവിലെ ആളുകളുടെ മുഖഭാവവും വായിച്ചാണ് നടക്കുന്നത്. അവിടെ വെച്ചാണ് നെവെന്‍ എന്ന ഒരു നഗര ഗൈഡിനെ കാണുന്നത്. നെവെനും ഈ പത്രപ്രവര്‍ത്തകനും തമ്മിലുള്ള സംഭാഷണവും സംവാദവുമാണ് ഈ ഗ്രാഫിക് നോവല്‍. നെവെന്‍ നമ്മള്‍ സ്ഥിരം വായിക്കുന്ന കോമിക്‌സുകളിലെ വീരനായകനല്ല. അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചകനുമല്ല. യുദ്ധ മുഖത്തുള്ള വിദേശ പത്രപ്രവര്‍ത്തകര്‍ക്ക് എന്തും സാധിച്ചുകൊടുക്കുന്ന ഒന്നാന്തരം ഇന്‍ഫോര്‍മറാണ് നെവെന്‍. ഇതിനു കിട്ടുന്ന കമീഷന്‍ കൊണ്ടു അന്നം മുട്ടാതെ അയാള്‍ ജീവിക്കുന്നു. ഈ നോവല്‍ മുഴുവന്‍ നെവെന്റെ കഥകളാണ്. അയാള്‍ പറയുന്ന ജീവിതമാണ്. ശരിയും തെറ്റും നെവെന്‍ തന്നെ നിശ്ചയിക്കുന്നു. ഗ്രാഫിക് നോവലിന് രേഖീയമായ ഒരു ഘടനയില്ല. 1991, 1995, 2001 കാലങ്ങളിലെ സംഭവങ്ങള്‍ എപ്പോള്‍ വേണമെങ്കിലും നോവലിന്റെ ഉള്ളടക്കത്തിലേക്ക് കടന്നുവരാം. 2001-ലാണ് ശരിക്കും നോവല്‍ തുടങ്ങുന്നത്. സരയാവോ ഉപരോധത്തെ സൗകര്യപൂര്‍വം മറന്ന് 2001-ലെ പുതിയ കഥയെന്തെന്നാണ് ആ പത്രപ്രവര്‍ത്തകന്‍ അന്വേഷിക്കുന്നത്. എന്നാല്‍ അവിടെ കൂടിയ ചെറുപ്പക്കാര്‍ക്ക് ഇതൊന്നും പറയാന്‍ താല്‍പര്യമില്ല. അതുകൊണ്ടായിരിക്കാം ആ പത്രപ്രവര്‍ത്തകന്‍, നെവെന്‍ പറഞ്ഞ യുദ്ധ സാഹസികതകളും വ്യക്തിഗത അനുഭവങ്ങളും തുന്നിക്കെട്ടി നോവലാക്കുന്നത്. നശിച്ച ഭൂതകാലത്തെ ഓര്‍ക്കാന്‍ താല്‍പര്യമില്ലാത്ത ചെറുപ്പക്കാരില്‍ നിന്ന് വിഭിന്നമായി നെവെന്‍ പലതരത്തിലുള്ള കഥകളുടെ രാവണന്‍ കോട്ടകള്‍ ആ പത്രപ്രവര്‍ത്തകനു മുന്നില്‍ തുറന്നു വെക്കുന്നു. ഒരു സെര്‍ബിയക്കാരനില്‍ ഒരു മുസ്‌ലിം സ്ത്രീയുടെ മകനായി ജനിച്ച നെവെന്‍ 1992-ന് മുമ്പ് അള്‍ജീരിയന്‍ മുജാഹിദുകള്‍ക്ക് ആയുധം എത്തിച്ചുകൊടുക്കുന്ന പണിയിലൊക്കെ ഏര്‍പെട്ട് ജീവിക്കുകയായിരുന്നു. എന്നാല്‍ 1992-ല്‍ യുദ്ധം തുടങ്ങുമ്പോള്‍ നീതിയുടെ പക്ഷം ബോസ്‌നിയന്‍ മുസ്‌ലിംകളുടേതാണെന്ന തിരിച്ചറിവാണ് നെവെനെ സരയാവോയില്‍ തങ്ങാന്‍ പ്രേരിപ്പിക്കുന്നതെന്ന് നോവലിന്റെ ഒരു ഭാഗത്ത് കാണാം. ആസ്തമ രോഗിയായ അമ്മായിയെ ശുശ്രൂഷിക്കാനാണ് അവിടെ തങ്ങുന്നതെന്ന് മറ്റൊരവസരത്തില്‍ പറയുന്നു. നെവെന്‍ നല്‍കുന്ന സൈനിക മുന്നേറ്റങ്ങളുടെ കഥ അമ്പരപ്പിക്കുന്നതാണ്. യഥാര്‍ഥത്തില്‍ 1992-ല്‍ രൂപീകൃതമായ ബോസ്‌നിയക്ക് ഒരു ഏകീകൃത സൈന്യമില്ലായിരുന്നു. പിന്നീട് യുദ്ധം വരുമ്പോള്‍ നഗരത്തിലെ ഗ്യാങ്ങ് ലീഡര്‍മാര്‍ ചെറുപ്പക്കാരെ സംഘടിപ്പിച്ചുകൊണ്ടാണ് ഒരു സൈന്യം ഉണ്ടാക്കുന്നത്. നെവെനും ഇത്തരം ഒരു സൈന്യത്തില്‍ അംഗമായിരുന്നു. എന്നാല്‍ ഇവരില്‍ പലരും യുദ്ധ സാഹചര്യത്തിലെ അരാജകത്വം മുതലെടുക്കുകയായിരുന്നു എന്നാണ് നെവെന്റെ പക്ഷം. അത്തരം ചില ഗ്യാങ്ങ് ലീഡര്‍മാരെ ഒതുക്കാന്‍ അലിജാ ഇസ്സത്ത് ബെഗോവിച്ച് നടത്തുന്ന ശ്രമങ്ങളും നെവെന്‍ കാണുന്നുണ്ട്. ഏതു പ്രതികൂല സാഹചര്യത്തിലും രഹസ്യപോലീസുകാര്‍, ഗ്യാങ്ങുകള്‍ ഇവര്‍ക്കു കിട്ടുന്ന അമിതാധികാരങ്ങള്‍ എങ്ങനെയൊക്കെയാണ് വീണ്ടും പുതിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതെന്നും നോവല്‍ കാണിക്കുന്നു.
സരയോവക്ക് ചുറ്റും സെര്‍ബുകള്‍ നടത്തിയ ആക്രമണമല്ല ഈ നോവലിന്റെ വിഷയം. മറിച്ച് ബോസ്‌നിയക്കുള്ളില്‍, ബഹുവംശീയ സ്വഭാവമുള്ള ഒരു സമൂഹമെന്ന നിലയില്‍, സാധാരണ മനുഷ്യര്‍ എങ്ങനെ പരസ്പരം സ്‌നേഹിച്ചും വെറുത്തും ദുരിതങ്ങള്‍ പങ്കുവെച്ചും പകപോക്കിയും ജീവിച്ചുവെന്നാണ് ജോ സക്കോ കാട്ടിത്തരുന്നത്.
ഈ നോവല്‍ യുദ്ധക്കെടുതികള്‍ വെറുതെ വിശദീകരിക്കുകയല്ല. യുദ്ധത്തിനുള്ളില്‍ എങ്ങനെയാണ് പല തരത്തില്‍ മനുഷ്യര്‍ ജീവിക്കുന്നതെന്ന് കാണിച്ചു തരികയാണ്. ബോസ്‌നിയക്കകത്തും പുറത്തുമല്ലാത്ത നെവെന്‍ മുസ്‌ലിമാണോ അല്ലയോ എന്ന സന്ദേഹവും നോവല്‍ നല്‍കുന്നു. ഇങ്ങനെ അകത്തും പുറത്തുമല്ലാത്ത ജീവിതത്തെയാണ് നോവലില്‍ കാണിക്കുന്നത്. വംശീയത, സാംസ്‌കാരിക വ്യത്യാസം, മതപരമായ ഭിന്നത ഇവയൊക്കെ അലട്ടുന്ന ബോസ്‌നിയയില്‍ ഇത്തരം പരസ്പരം അതിവര്‍ത്തിക്കുന്ന ഒരു കഥാപാത്രം ധാരാളം വായനകളെ സാധ്യമാക്കുന്ന ഒന്നാണ്. സരയാവോ വിടാനാണ് നെവെന്‍ എല്ലാ കാലത്തും ആഗ്രഹിക്കുന്നത്. എന്നാല്‍ അമ്മായി മരിച്ചിട്ടും യുദ്ധം തീര്‍ന്നിട്ടും അയാള്‍ ആ നഗരം വിടുന്നില്ല. താന്‍ മാത്രം ഭാവന നല്‍കിയ ഒരു ലോകത്ത് അയാള്‍ യാത്ര ചെയ്യുന്നുണ്ട്. ഇത്തരം ഏകാന്ത യാത്രകളുടെ കഥപറയാന്‍ ജോ സക്കോ യാത്ര തുടരുകയാണ്.
Fixer: A Story From Sarajevo
Joe Sacco
Drawn and Quarterly 2008

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍