Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 8

വ്യാപാര വായ്പകള്‍

മൗലാനാ മൗദൂദി

ഇനി നമുക്ക് വ്യാപാര വായ്പകളെക്കുറിച്ച് ആലോചിക്കാം. ബിസിനസുകാര്‍ക്ക് അത് പലപ്പോഴും ആവശ്യമായി വരുമല്ലോ. ഇപ്പോള്‍ അവര്‍ രണ്ട് രീതിയിലാണ് സാധാരണ കടമെടുക്കുന്നത്. ഒന്നുകില്‍ ബാങ്കില്‍ നിന്ന് നേരിട്ട് ഹ്രസ്വകാല വായ്പയെടുക്കും. അല്ലെങ്കില്‍ മാറ്റ ഹുണ്ടിക എന്നറിയപ്പെടുന്ന എക്‌സ്‌ചേഞ്ച് ബില്ലുകള്‍* മുഖേന. ഈ രണ്ട് രീതിയിലും ബാങ്ക് ഒരു നിശ്ചിത തുക പലിശ ചുമത്തിയിരിക്കും. ഇത്തരം ലോണുകള്‍ ബിസിനസില്‍ ഇന്ന് ഒഴിച്ചുകൂടാനാവാത്തതായി മാറിയിട്ടുണ്ട്. പലിശ നിരോധിക്കാന്‍ പോവുകയാണെന്ന് കേള്‍ക്കുമ്പോള്‍ ഇത്തരം ബിസിനസുകാര്‍ ഉല്‍കണ്ഠയോടെ ചോദിക്കും: പലിശയില്ലെങ്കില്‍ ബാങ്ക് എന്തിന് ഞങ്ങള്‍ക്ക് കടം തരണം? എന്തിന് ഞങ്ങളുടെ എക്‌സ്‌ചേഞ്ച് ബില്ലുകള്‍ കാശായി മാറിക്കൊടുക്കണം?
പലിശയില്ലാ നിക്ഷേപം സ്വീകരിക്കുന്ന ബാങ്കിന് എന്ത്‌കൊണ്ട് പലിശയില്ലാ കടവും കൊടുത്തു കൂടാ എന്ന് നമുക്ക് തിരിച്ചും ചോദിക്കാം. ഇനി ബാങ്ക് അതിന് സ്വമേധയാ സമ്മതിക്കുന്നില്ലെങ്കില്‍ ഉപഭോക്താവിന് ആ സേവനം ലഭ്യമാക്കാനുള്ള നിയമനടപടികള്‍ ഒരു ഇസ്‌ലാമിക സംവിധാനത്തില്‍ പൂര്‍ത്തീകരിച്ചിരിക്കും. ഇക്കാര്യം ബാങ്കിന്റെ ചുമതലകളിലൊന്നായി പുനര്‍നിര്‍ണയിക്കും. ഒരു വ്യക്തി/സ്ഥാപനം പലിശ ചുമത്തുന്നില്ലെങ്കില്‍ അത് കൊടുക്കേണ്ടതുമില്ല എന്നത് തികച്ചും ന്യായമായ യുക്തിയാണല്ലോ. എന്ന് മാത്രമല്ല, മൊത്തം സമ്പദ്ഘടനയെ മുന്‍നിര്‍ത്തി പരിശോധിക്കുമ്പോള്‍ പലിശയില്ലാതെ ബിസിനസുകാര്‍ക്ക് കടം കിട്ടുക എന്നത് തന്നെയാണ് അതിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുക എന്ന് ആര്‍ക്കും മനസ്സിലാക്കാനാവും.
പലിശ ചുമത്തിയില്ലെങ്കില്‍ ബാങ്ക് അതിന്റെ നടത്തിപ്പ് ചെലവിനുള്ള പണം എങ്ങനെ കണ്ടെത്തും എന്നൊരു ചോദ്യം ഇവിടെ ഉയരുന്നു. ബാങ്ക് സ്വീകരിക്കുന്ന നിക്ഷേപങ്ങളും പലിശരഹിതമായിരിക്കുമെന്നതിനാല്‍ അതില്‍നിന്ന് താല്‍ക്കാലിക വായ്പ നല്‍കാന്‍ ബാങ്കിന് പ്രയാസമുണ്ടാകില്ല. ഇവ കടമായി നല്‍കുമ്പോള്‍ ലഭിക്കുന്ന ലാഭത്തില്‍ നിന്ന് തന്നെ ഈ ചെലവുകള്‍ നികത്താനുള്ളതും അതിലപ്പുറവും കണ്ടെത്താനാവും. ഇത് പ്രായോഗികമല്ലെന്ന് കണ്ടാല്‍, കടം വാങ്ങുന്ന ബിസിനസുകാരില്‍ നിന്ന് മാസാന്തമോ മറ്റോ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിനും വിരോധമില്ല. ഏതായാലും ഈ സംഖ്യ പലിശസഹിത സംവിധാനത്തിലുള്ളതിനേക്കാള്‍ എത്രയോ കുറഞ്ഞതായതിനാല്‍, ബിസിനസുകാര്‍ക്ക് അത് സ്വീകാര്യമാവുമെന്ന കാര്യത്തില്‍ സംശയമില്ല.
ഉല്‍പാദനപരമല്ലാത്ത ഗവണ്‍മെന്റ് സംരംഭങ്ങള്‍ക്കുള്ള കടം
യുദ്ധം പോലുള്ള അടിയന്തര ഘട്ടങ്ങളിലും ഉല്‍പാദനപരമല്ലാത്ത ആവശ്യങ്ങള്‍ക്കും ഗവണ്‍മെന്റിന് ആവശ്യമായിവരുന്ന ലോണിനെ സംബന്ധിച്ചാണ് മറ്റൊരു പ്രധാന ചര്‍ച്ച. നിലവിലുള്ള സംവിധാനത്തില്‍ ഇത്തരം ആവശ്യങ്ങള്‍ക്കെല്ലാം പലിശ സഹിതമുള്ള കടം മാത്രമേ ലഭിക്കൂ. എന്നാല്‍, ഇസ്‌ലാമിക സമ്പദ്ഘടന പ്രവര്‍ത്തനക്ഷമമാകുന്ന ഒരു സമൂഹത്തില്‍ ഇത്തരം അടിയന്തര കാര്യങ്ങള്‍ക്ക് സംഭാവനകളിലൂടെയും മറ്റും പണം സമാഹരിക്കാന്‍ വ്യക്തികളും കൂട്ടായ്മകളും രംഗത്ത് വരും. അതിനവര്‍ക്ക് പ്രയാസമുണ്ടാവുകയില്ല. കാരണം പലിശരഹിത ഇടപാട് രീതികളും സകാത്ത് സംവിധാനവും ആ സമൂഹത്തെ അത്രയേറെ ക്ഷേമത്തിലും ഐശ്വര്യത്തിലും എത്തിച്ചിരിക്കും. തങ്ങളുടെ മിച്ചധനത്തില്‍ നിന്ന് ഒരുവിഹിതം ഗവണ്‍മെന്റിന് നല്‍കാന്‍ ജനം ധാര്‍മികമായി സന്നദ്ധരായിരിക്കും. ഇങ്ങനെ സമാഹരിച്ച തുക മതിയാകാതെ വന്നാല്‍ ഗവണ്‍മെന്റ് ജനങ്ങളില്‍ നിന്ന് വായ്പ ആവശ്യപ്പെടുകയും അവരത് സ്വമേധയാ നല്‍കുകയും ചെയ്യും. ഇതൊന്നും ആവശ്യത്തിന് മതിയായില്ലെങ്കില്‍ ഭരണകൂടത്തിന് താഴെ കൊടുത്ത മാര്‍ഗങ്ങള്‍ സ്വീകരിക്കാം.
1) സകാത്തില്‍ നിന്നും ഖുംസി (പൊതുഖജനാവിലേക്ക് നീക്കി വെക്കുന്ന അഞ്ചിലൊന്ന് വിഹിതം) ല്‍ നിന്നും എടുക്കുക.
2) ഓര്‍ഡിനന്‍സ് മുഖേന മുഴുവന്‍ ബാങ്ക് ഡപ്പോസിറ്റുകളില്‍ നിന്നും ഒരു നിശ്ചിത വിഹിതം ലോണായി നല്‍കണമെന്ന് ഉത്തരവിറക്കുക.
അന്താരാഷ്ട്ര കടങ്ങള്‍
ലോക കമ്പോളം മുഴുക്കെ പലിശാധിഷ്ഠിതമാണ്. ഇസ്‌ലാമിക വിധികള്‍ പിന്തുടരുന്ന ഒരു രാഷ്ട്രത്തിന് എങ്ങനെയാണ് ആ കമ്പോളത്തില്‍ നിന്ന് പലിശരഹിത വായ്പകള്‍ കിട്ടുക? നാം ഉദ്ദേശിക്കുന്ന തരത്തിലുള്ള ലോകക്രമവും സമ്പദ്ഘടനയും വന്നു കഴിയുന്നതിന് മുമ്പ് പരമാവധി അന്താരാഷ്ട്ര വായ്പകള്‍ സ്വീകരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുക എന്ന നയമേ കൈകൊള്ളാനാകൂ. മറ്റു രാഷ്ട്രങ്ങള്‍ക്ക് വായ്പ നല്‍കുന്നത് എങ്ങനെയായിരിക്കും എന്ന ചോദ്യവുമുയരും. ഇത്‌വരെ നാം നടത്തിയ ചര്‍ച്ചകളില്‍ നിന്ന് പ്രബുദ്ധരായ വായനക്കാര്‍ ഒരു കാര്യം മനസ്സിലാക്കിയിട്ടുണ്ടാവും. പലിശ ഒഴിവാക്കി സകാത്ത് കേന്ദ്രീകരിച്ച് ഒരു പുതിയ സാമ്പത്തികക്രമം നിലവില്‍ വരുമ്പോള്‍ ഏതൊരു രാഷ്ട്രത്തിന്റെയും സാമ്പത്തിക നില മെച്ചപ്പെടും. ആ രാഷ്ട്രത്തിന് വിദേശ കടം ആവശ്യമായി വരില്ലെന്ന് മാത്രമല്ല, അയല്‍നാടുകള്‍ക്ക് കടം നല്‍കാനുള്ള ശേഷിയും അത് ആര്‍ജിക്കും. തീര്‍ച്ചയായും സമ്പദ്ക്രമത്തിന്റെ ഈ പുതിയ മാതൃക അടിമുടി അഴിച്ച് പണിയുന്ന സമഗ്രമായ രാഷ്ട്രീയ, സാംസ്‌കാരിക, ധാര്‍മിക വിപ്ലവം തന്നെയായിരിക്കും. പലിശയില്ലാതെ ഇതരനാടുകളുമായി സാമ്പത്തിക വിനിമയം സാധ്യമാകുന്ന അന്തരീക്ഷം സംജാതമാവുക അപ്പോഴായിരിക്കും. 1945 ലെ ബ്രിട്ടിംഗ് വുഡ്‌സ് കേസില്‍ ബ്രിട്ടീഷ് പൊതുജനാഭിപ്രായം പലിശക്കെതിരെ തിരിഞ്ഞത്‌പോലെ, ലോകാഭിപ്രായം ഒന്നടങ്കം പലിശക്കെതിരാവുന്ന ഒരു ചരിത്ര സന്ദര്‍ഭം പിറക്കുക എന്നത് അസംഭവ്യമായ കാര്യമൊന്നുമല്ല.
ഇതൊക്കെ വെറും പകല്‍ സ്വപ്നമല്ലേ എന്ന് ചോദിക്കുന്നവരുണ്ട്. പ്രബുദ്ധമായ മനസ്സുകള്‍ ഇതെക്കുറിച്ചൊക്കെ ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. കനത്ത പലിശസഹിതമുള്ള അന്താരാഷ്ട്ര വായ്പകള്‍ ലോകരാഷ്ട്രീയത്തിലും സമ്പദ്ഘടനയിലും ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അവര്‍ തിരിച്ചറിയുന്നുണ്ട്. സമ്പന്ന രാജ്യങ്ങള്‍ അവയുടെ നിലവിലുള്ള സാമ്പത്തിക നിലപാട് തിരുത്തുകയും അവയുടെ അധിക സമ്പത്ത് ദരിദ്ര രാഷ്ട്രങ്ങളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തമാക്കുംവിധം വിനിയോഗിക്കുകയുമാണെങ്കില്‍ ഇരട്ട ബോണസാണ് ലോകത്തിന് ലഭിക്കാന്‍ പോകുന്നത്. ലോക രാഷ്ട്രീയത്തിലും സംസ്‌കാരത്തിലും നിലനില്‍ക്കുന്ന പരസ്പരമുള്ള നിതാന്ത ശത്രുതക്ക് പകരം സൗഹൃദവും ഐക്യവും രൂപപ്പെടും എന്നതാണ് ഒന്നാമത്തെ ഗുണവശം. ഇങ്ങനെയൊരു അവസ്ഥ സംജാതമാവുക എന്നതാണ് ധനികരാഷ്ട്രങ്ങള്‍ക്ക് അവയുടെ ഇടപാടുകളും സംരംഭങ്ങളും വളരെ ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാനുള്ള വഴി. സാമ്പത്തികമായി തകര്‍ന്ന ഒരു ദരിദ്ര രാഷ്ട്രത്തിന്റെ അവസാനത്തെ തുള്ളി ചോരയും ഊറ്റിക്കുടിക്കുന്നത് കൊണ്ട് സാമ്പത്തികമായി തന്നെ അവക്ക് കാര്യമായൊന്നും നേടാനില്ല. ഇക്കാര്യം പല സാമ്പത്തിക ചിന്തകരും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. വിവേകപൂര്‍വം മുന്നോട്ട് നീങ്ങുന്ന രാഷ്ട്രങ്ങള്‍ ഇത്തരമൊരു ദിശാമാറ്റത്തിന് തയാറാവുമെന്നും പലിശയെന്ന തിന്മയെ അന്താരാഷ്ട്ര ഇടപാടുകളില്‍ നിന്ന് ഉന്മൂലനം ചെയ്യാന്‍ മുന്നോട്ട് വരുമെന്നുമാണ് നാം പ്രതീക്ഷിക്കുന്നത്.
കടം ഉല്‍പാദനപരമായ സംരംഭങ്ങള്‍ക്ക്
ഉല്‍പാദനപരമായ ബിസിനസ് ആവശ്യങ്ങള്‍ക്കുള്ള കടത്തെ കുറിച്ചാണ് ഇനി ചര്‍ച്ച ചെയ്യാനുള്ളത്. നേരത്തെ സൂചിപ്പിച്ചത് പോലെ, പലിശ ഉന്മൂലനം ചെയ്യുന്നതോടെ അധ്വാനമോ റിസ്‌കോ കൂടാതെ നിശ്ചിത ശതമാനം പലിശക്ക് പണമിറക്കുക എന്ന പ്രക്രിയ ഇല്ലാതാവും. കുന്നുകൂട്ടി വെച്ച പണത്തിന് മുകളില്‍ ആളുകള്‍ അടയിരിക്കുന്നില്ലെന്ന് സകാത്ത് സംവിധാനവും ഉറപ്പ് വരുത്തും. ഇസ്‌ലാമിന്റെ ധര്‍മനീതി പുലരുന്ന ഒരു സമൂഹവും ഭരണകൂടവുമാണെങ്കില്‍ ജനം അധാര്‍മിക വൃത്തികള്‍ക്കോ ധൂര്‍ത്തുകള്‍ക്കോ പണം ചെലവിടില്ല. അതിനാല്‍ പണം മിച്ചംവെക്കുന്നവന് മുമ്പില്‍ രണ്ട് മാര്‍ഗങ്ങളാണ് ഉണ്ടാവുക:
1. അധിക വരുമാനം ആവശ്യമില്ലാത്തവര്‍ക്ക് അവരുടെ മിച്ചം വരുന്ന തുക പൊതുക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാവുന്നതാണ്. അത് രണ്ട് വിധത്തിലാവാം. ഒന്നുകില്‍ അവര്‍ക്ക് സ്വന്തമായി അത്തരം ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാം, അല്ലെങ്കില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു ദേശീയ കൂട്ടായ്മക്ക് ആ സംഖ്യ സംഭാവനയായി നല്‍കാം. ഇസ്‌ലാമിക ശാസനകള്‍ക്കൊത്ത് പ്രവര്‍ത്തിക്കുന്ന ഒരു ഭരണകൂടമാണെങ്കില്‍ പൊതുക്ഷേമപ്രവര്‍ത്തനങ്ങള്‍ ആ ഭരണകൂടം വളരെ കാര്യക്ഷമമായി നിര്‍വഹിച്ചിരിക്കും. ജനത്തിന് നല്ല വിശ്വാസമുള്ളവരായിരിക്കും ആ ഭരണകൂടത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ എന്നതിനാല്‍, വ്യക്തികള്‍ക്ക് അവരെയും തങ്ങളുടെ പണം ഏല്‍പിക്കാം. ഇങ്ങനെ ദേശീയ പ്രോജക്ടുകള്‍ക്കുള്ള പണം ഗവണ്‍മെന്റിനും സേവനസന്നദ്ധ സംഘടനകള്‍ക്കും വലിയ തോതില്‍ ലഭിച്ചുകൊണ്ടിരിക്കും. പ്രോജക്ടുകള്‍ക്കുള്ള പണം ഇങ്ങനെ വന്നുകൊണ്ടിരിക്കുന്നതിനാല്‍ പലിശ മാത്രമല്ല മൂലധനംപോലും തിരിച്ചടക്കേണ്ട പ്രശ്‌നമുല്‍ഭവിക്കുന്നില്ല. അതിന്റെ പേരില്‍ ജനത്തിന്റെ തലയില്‍ നികുതിഭാരം കെട്ടിയേല്‍പിക്കേണ്ടതായും വരുന്നില്ല.
2. ഇനിയൊരാള്‍ അധികവരുമാനം ആഗ്രഹിക്കുന്നില്ല, എന്നാല്‍ തന്റെ പണം ഭാവിയിലേക്ക് സൂക്ഷിച്ച് വെക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട് - അങ്ങനെയുള്ളവര്‍ക്ക് പണം ബാങ്കില്‍ സൂക്ഷിക്കാനേല്‍പിക്കാം. വായ്പ എന്ന നിലക്ക് ബാങ്ക് അത് സ്വീകരിക്കുകയും നിശ്ചിത സമയം കഴിഞ്ഞ് തിരിച്ചു കൊടുക്കുകയും ചെയ്യുന്നു. ഇതിനിടക്ക് ബാങ്ക് ഈ പണം ലാഭകരമായ ഏതെങ്കിലും പ്രോജക്ടില്‍ നിക്ഷേപിച്ചു എന്നു വരാം. അതില്‍നിന്നു കിട്ടുന്ന ലാഭം ബാങ്കിന് അവകാശപ്പെട്ടതായിരിക്കും. പണം ബാങ്കില്‍ സൂക്ഷിക്കാനേല്‍പിച്ചയാള്‍ക്ക് അതില്‍ വിഹിതമുണ്ടാവുകയില്ല.
ഇമാം അബൂ ഹനീഫ(റ) ഇസ്‌ലാമിക തത്ത്വങ്ങള്‍ മുറുകെ പിടിച്ച് വലിയ തോതില്‍ വ്യാപാര ഇടപാടുകള്‍ നടത്തിയ വ്യക്തിയായിരുന്നു. വിശ്വസ്തത കാരണം ജനങ്ങള്‍ ധാരാളമായി അദ്ദേഹത്തിന്റെ കൈവശം പണം ഏല്‍പിക്കാറുണ്ടായിരുന്നു. അദ്ദേഹമത് കടം എന്ന നിലക്ക് സ്വീകരിക്കുകയും ബിസിനസ് സംരംഭങ്ങളില്‍ മുടക്കുകയും ചെയ്യും. മരണശേഷം അദ്ദേഹത്തിന്റെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ബിസിനസ് മൂലധനവും ജനങ്ങളുടെ പണവുമെല്ലാം ഉള്‍പ്പെടെ അക്കൗണ്ടില്‍ അഞ്ച് കോടി ദിര്‍ഹം ഉണ്ടായിരുന്നതായി അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തുന്നു. മേലപ്പറഞ്ഞ തത്ത്വത്തിന്റെ അടിസ്ഥാനത്തിലുള്ള ഇടപാടായിരുന്നു അത്.
വിശ്വസിക്കാനേല്‍പിച്ച (Trust) ധനമായിട്ടല്ല ഇത് ജനങ്ങളില്‍ നിന്ന് സ്വീകരിക്കുന്നത്. അങ്ങനെയുള്ള ധനം വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും പാടില്ല. സൂക്ഷിപ്പ് മുതല്‍ നഷ്ടപ്പെടുകയോ പാഴാവുകയോ ചെയ്താല്‍ അയാള്‍ ഉത്തരവാദിയുമായിരിക്കില്ല. എന്നാല്‍ ധനം കടമായാണ് നല്‍കിയതെങ്കില്‍ സ്വീകരിക്കുന്നയാള്‍ക്ക് അത് ഉപയോഗിക്കാനും അങ്ങനെ ലാഭമെടുക്കാനും അവകാശമുണ്ട്. എന്ത് തന്നെ സംഭവിച്ചാലും നിശ്ചിത സമയത്തിനുള്ളില്‍ അയാള്‍ ആ കടം തിരിച്ചടച്ചിരിക്കണം. ബാങ്കുകള്‍ക്കും ഈ രീതി സ്വീകരിക്കാവുന്നതാണ്.
3. തങ്ങള്‍ നല്‍കുന്ന പണത്തിന് ലാഭം കിട്ടണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഒരൊറ്റ വഴിയേ ഉള്ളൂ. ലാഭ നഷ്ട പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ്/ഗവണ്‍മെന്റേതര പ്രോജക്ടുകളില്‍ ചേരുക. ലാഭത്തിന്റെ ഇത്ര ശതമാനം എന്നൊക്കെ നേരത്തെ തീരുമാനമായിരിക്കും. ഓഹരി കമ്പോളത്തില്‍ ഷെയറുകള്‍ വാങ്ങിയും പങ്കാളിയാവാം. സ്ഥിര വരുമാനം ലഭിച്ചുകൊണ്ടിരിക്കുന്ന ബോണ്ടുകള്‍ പോലുള്ളവ ഉണ്ടായിരിക്കുകയില്ല.
ഉദാഹരണത്തിന്, ഗവണ്‍മെന്റ് ഒരു ഹൈഡ്രോളിക് പ്രോജക്ട് തുടങ്ങുന്നുവെന്ന് പ്രഖ്യാപിക്കുന്നു. ജനപങ്കാളിത്തം ലക്ഷ്യം വെച്ച് ഒരു സ്‌കീമും പ്രഖ്യാപിക്കുന്നു. ഇതില്‍ ചേരുന്ന വ്യക്തികളും സംഘടനകളും ബാങ്കുകളുമെല്ലാം ഗവണ്‍മെന്റുമായി ഒരു പങ്കാളിത്ത കരാറില്‍ ഏര്‍പ്പെടുകയാണ്. അവര്‍ക്ക് ലഭിക്കുന്ന ലാഭത്തിന്റെ തോത് എത്രയായിരിക്കുമെന്നും വ്യക്തമായിരിക്കും. നഷ്ടം വന്നാല്‍ ആ നഷ്ടവും നിശ്ചിത തോതില്‍ അവര്‍ ഏറ്റടുക്കേണ്ടി വരും. ഗവണ്‍മെന്റിന് വേണമെങ്കില്‍ ക്രമേണ സ്വകാര്യ വ്യക്തികളുടെ ഷെയറുകള്‍ വിലക്ക് വാങ്ങി നാല്‍പ്പതോ അമ്പതോ വര്‍ഷം കൊണ്ട് പ്രോജക്ട് പൂര്‍ണമായും പൊതുഉടമയില്‍ കൊണ്ട്‌വരാവുന്നതാണ്. പക്ഷേ, നിലവിലെ സാഹചര്യത്തില്‍ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രായോഗികം ഇസ്‌ലാമിക ബാങ്കുകള്‍ മുഖേന പണം മുടക്കുക എന്നതാണ്. പലിശരഹിത ബാങ്കിംഗ് എന്താണെന്നും അത്‌വഴി എങ്ങനെയാണ് ലാഭം ലഭിക്കുക എന്നും പലര്‍ക്കും അറിവില്ലാത്തതിനാല്‍ അതിനെക്കുറിച്ച് അല്‍പ്പം വിശദീകരിക്കേണ്ടതുണ്ട്.
(തുടരും)

* സഫാതിജ് എന്ന പേരില്‍ ഈ സമ്പ്രദായം നേരത്തെ ഇസ്‌ലാമിക ഫിഖ്ഹില്‍ ഇടം നേടിയിട്ടുണ്ട്. അതിന്റെ രീതി ഇതാണ്: ഒരേ ബാങ്കില്‍ അക്കൗണ്ട് തുറന്ന രണ്ട് ബിസിനസുകാര്‍ പരസ്പരം വന്‍തോതില്‍ ഉല്‍പ്പന്നങ്ങളുടെ ബിസിനസ് നടത്തുന്നു. പണം റൊക്കം നല്‍കാതെ ക്രഡിറ്റില്‍ ആയിരിക്കും ഇടപാട് നടക്കുക. ഒന്നോ രണ്ടോ മൂന്നോ മാസം പണം നല്‍കാന്‍ കാലാവധി നിശ്ചയിച്ചിരിക്കും. പണം മാറാന്‍ നല്‍കുന്ന രേഖയാണ് ബില്‍ ഓഫ് എക്‌സ്‌ചേഞ്ച്. അതേസമയം നിശ്ചിത കാലാവധിക്ക് മുമ്പ് പണം ആവശ്യമായി വന്നാലും ഈ രേഖ ഉപയോഗിച്ച് പണം കൈപ്പറ്റാന്‍ ബാങ്ക് സൗകര്യം ചെയ്തുകൊടുക്കും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍