Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 8

ആത്മീയ ബിസിനസ് എന്ന യൂറോപ്യന്‍ കച്ചവട പാഠങ്ങള്‍

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി

യൂറോപ്യന്‍ അധിനിവേശം കൊണ്ട് ഇന്ത്യക്ക് സംഭവിച്ചതെന്താണെന്ന് വിശകലനമര്‍ഹിക്കുന്ന വിഷയമാണ്. പുറം പകിട്ടെന്ന നിലയില്‍ ചൂണ്ടിക്കാണിക്കാവുന്ന നിരവധി കാര്യങ്ങള്‍ യൂറോപ്യന്‍ അധിനിവേശത്താല്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്. പ്രായപൂര്‍ത്തി വോട്ടവകാശം ഉദാഹരണം. പക്ഷേ ഇതൊക്കെ തന്നെ അടിസ്ഥാനപരമായി വെളുത്ത സായിപ്പിനെ ശരിവെക്കുന്നതാണു മാന്യത എന്ന വിധത്തില്‍ അന്ധമായൊരു തരം യൂറോപ്യന്‍ അടിമത്തത്തിനല്ലാതെ മറ്റൊന്നിനും കാരണമായിട്ടുണ്ടെന്നു കരുതാനാവില്ല. സംസ്‌കൃതം അറിയാവുന്ന ബ്രാഹ്മണരുടെ ആധിപത്യത്തില്‍ നിന്നു ഇംഗ്ലീഷ് അറിയാവുന്ന ഒരു പുത്തന്‍ വരേണ്യവര്‍ഗത്തിന്റെ ആധിപത്യത്തിലേക്ക് ഇന്ത്യന്‍ മനഃസ്ഥിതിയും വ്യവസ്ഥിതിയും കടന്നു എന്നതിനപ്പുറം മറ്റെന്തെങ്കിലും യൂറോപ്യന്‍ അധിനിവേശംകൊണ്ട് സംഭവിച്ചിട്ടുണ്ടെന്നു കരുതാനാകുമോ....? ഇല്ലെന്ന അഭിപ്രായക്കാരാണ് മഹര്‍ഷി അരബിന്ദോയും മഹാത്മാഗാന്ധിയും.
ഇരുവരും അവരവരുടേതായ വഴിയേ യൂറോപ്യന്‍ നാഗരികതയെ തുറന്നുകാട്ടുകയും ചെയ്തിരുന്നു. പക്ഷേ പൂര്‍ണമായും ഇന്ത്യന്‍ ശരീരമുള്ള സായിപ്പന്മാരായിത്തീര്‍ന്ന നെഹ്‌റുവും കൂട്ടരും മറ്റുപലരെയും എന്നതുപോലെ ഗാന്ധിജിയെയും മഹര്‍ഷി അരബിന്ദോവിനേയും കേള്‍ക്കാന്‍ കൂട്ടാക്കിയിരുന്നില്ല. നെഹ്‌റു മാത്രമല്ല മുഹമ്മദലി ജിന്നയും യൂറോപ്യന്‍ സംസ്‌കാരത്തിനാല്‍ കീഴടക്കപ്പെട്ടവനായിരുന്നു. വീരസവര്‍ക്കര്‍ക്ക് ദേശപ്രേമം എന്നാല്‍ യൂറോപ്യന്‍ വിമര്‍ശനം എന്നതിനേക്കാള്‍ മുസ്‌ലിം വിദ്വേഷം എന്നതായിരുന്നു. ഡോ. അംബേദ്കര്‍ തനിക്ക് ലഭിച്ച ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മുഴുവന്‍ പിന്തുണയോടെ ജാതിവ്യവസ്ഥയിലൂന്നിയ ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയുടെ അടഞ്ഞതും അളിഞ്ഞതുമായ ദുഷ്പ്രവണതകളെ നിശിതമായി വിമര്‍ശനവിധേയമാക്കി. എങ്കിലും അദ്ദേഹം പകരം വെക്കാന്‍ ശ്രമിച്ചത് യൂറോപ്യന്‍ നാഗരികതയായിരുന്നു എന്ന കാര്യം മറക്കാവുന്നതല്ല. അതുകൊണ്ടാണ്, യൂറോപ്യന്‍ നാഗരികതയെ വിമര്‍ശിച്ച ഗാന്ധിജിയോട് എന്നതിനേക്കാള്‍ തനി യൂറോപ്യന്മാരായിരുന്ന നെഹ്‌റുവിനോടും ജിന്നയോടുമൊക്കെ പൊരുത്തപ്പെടുവാന്‍ ഒട്ടേറെ സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തിനു സാധിച്ചിട്ടുള്ളത്. യൂറോപ്പിനെ വിമര്‍ശനാത്മകമായി വിലയിരുത്തിയ മാര്‍ക്‌സിസത്താല്‍ സ്വാധീനിക്കപ്പെട്ടവര്‍ക്കും യൂറോപ്പിനെ തിരുത്താന്‍ യൂറോപ്യനായ മാര്‍ക്‌സ് എന്നതിനപ്പുറം അന്നോ ഇന്നോ ഒരു ചുവടുപോലും മുന്നോട്ടുപോകാനായിട്ടില്ല. ഇതിന്റെയൊക്കെ ഫലം, സായിപ്പ് ശരിവെക്കുന്നതുമാത്രം മഹത്തരവും പുരോഗമനപരവും അനുകരണീയവും എന്നതായി തീര്‍ന്നു ഏതു മേഖലയിലും നമ്മെ നയിക്കുന്നതും ഭരിക്കുന്നതുമായ പൊതുബോധം എന്നതാണ്. നമ്മുടെ നാട്ടില്‍ ഒരാള്‍ മഹാകവിയായി ആദരിക്കപ്പെടണമെങ്കില്‍ അയാള്‍ക്ക് സായിപ്പിന്റെ കൈയൊപ്പ് വേണമെന്നു വന്നിരിക്കുന്നു. ഇങ്ങനെ ഏതു മേഖലയിലും 'സായിപ്പിനെ കണ്ടാല്‍ കവാത്തു മറക്കുന്ന' ഒരവസ്ഥ രൂപപ്പെട്ടിരിക്കുന്നു. വേദങ്ങളും ഭഗവദ്ഗീതയും ശ്രീബുദ്ധനും രാമായണവും മഹാഭാരതവും യോഗദര്‍ശനവും ഒക്കെ മഹത്തരമാണെന്നു പറയുവാന്‍ നാം തയാറാകുന്നത്, മാര്‍ക്‌സ് മുള്ളറും പാള്‍ഡയ്യൂസണും എ.ബി കിത്തും ജാക്കോബിയും ഹന്റര്‍ നിറ്റ്‌സും ബ്ലൂം ഫീല്‍ഡും ജോണ്‍വുഡ് റോഫും മാഡം ബ്ലാവട്‌സ്‌കിയും അതൊക്കെ മഹത്തരമാണെന്നു പറഞ്ഞത് കൊണ്ടാകുന്നു. മേല്‍പറഞ്ഞവര്‍ ഇന്ത്യയെ കുറിച്ച് പഠിക്കാന്‍ നടത്തിയ പരിശ്രമങ്ങളെയൊക്കെ നമസ്‌കരിച്ചുകൊണ്ടുതന്നെ പറയട്ടെ, 'ഇന്ത്യയെ കണ്ടെത്താന്‍' സായിപ്പിന്റെ കണ്ണട ഉപയോഗിക്കുന്നത് അടിമത്താവസ്ഥയാണ്. ഇങ്ങനെ സായിപ്പ് നമ്മുടെ ഒഴിയാബാധയായിരിക്കുന്നു. സ്ത്രീകള്‍ പാന്റ്‌സും ഷോര്‍ട്ടു ഷര്‍ട്ടും ധരിക്കുന്നതില്‍ യാതൊരു കുഴപ്പവുമില്ല. എന്നാല്‍ ഒരു സ്ത്രീക്ക് പര്‍ദ്ദ ധരിച്ചുകൂടാ. എന്തെന്നാല്‍ മദാമമാര്‍ അതു ധരിക്കാത്തതുകൊണ്ട് പര്‍ദ്ദ യാഥാസ്ഥിതിക വസ്ത്രവും പരിഷ്‌കാര വിരുദ്ധവുമാണ്. ഇങ്ങനെ അങ്ങേയറ്റത്തു വേദപഠനം മുതല്‍ ഇങ്ങേയറ്റത്തു വസ്ത്രധാരണം വരെയുള്ള മേഖലകളിലെല്ലാം സായിപ്പും മദാമയും ചെയ്യുന്നതു മാന്യവും അല്ലാത്തതെല്ലാം മ്ലേഛവും എന്നൊരവസ്ഥയാണു നിലവിലുള്ളതെന്നിരിക്കേ നാം എങ്ങനെ സ്വാതന്ത്ര്യം നേടി എന്നു പറയും...?
ഇത്രയും പറഞ്ഞത് യൂറോപ്പില്‍ നിന്ന് പഠിക്കേണ്ടതും പകര്‍ത്തേണ്ടതുമായ യാതൊന്നും ഇല്ല എന്ന നിലപാട് ഉള്ളതുകൊണ്ടല്ല. പക്ഷേ യൂറോപ്പില്‍ നിന്നുമാത്രമേ പഠിക്കാനും പകര്‍ത്താനുമുള്ളൂ എന്ന നിലപാട് തീര്‍ത്തും ശരിയല്ലെന്നു തീര്‍ച്ചയുള്ളതുകൊണ്ടാണ്. നാം ആരെയും മനസ്സിലാക്കാന്‍ ഹൃദയം തുറന്നവരായിരിക്കണം; പക്ഷേ ആര്‍ക്കും അടിമപ്പെട്ടു കൂടാ. പുരുഷന്റെ അടിമയായി സ്ത്രീ മാറുന്നതിന്റെ പേരല്ല 'വിവാഹം' എന്നതുപോലെ യൂറോപ്പിന്റെ അടിമയായി ഇന്ത്യക്കാരന്‍ മാറുന്നതായിരിക്കരുത് ഇന്ത്യന്‍ പുരോഗതി എന്നാണു ഇതുവരെ പറഞ്ഞതിന്റെ താല്‍പര്യം. ഈ പശ്ചാത്തലത്തില്‍ ബ്രിട്ടീഷുകാര്‍ ഉള്‍പ്പെടെയുള്ളവരുടെ അധിനിവേശം കൊണ്ട്, സ്വാതന്ത്ര്യത്തിനു മുമ്പും ഉദാരീകരണത്തിനു ശേഷവുമുള്ള അമേരിക്കന്‍ വിധേയത്വം കൊണ്ട് ഭാരതീയത എന്ന ധ്യാനാത്മകതക്കും നമ്മുടെ സാമൂഹികതക്കും എന്തുനേട്ടമാണ് ഉണ്ടായിട്ടുള്ളതെന്നാണ് ഇനി ഇവിടെ പരിശോധിക്കുന്നത്.
സ്പിരിറ്റുപോലെ സ്പിരിച്ച്വാലിറ്റിയും വിറ്റു കാശാക്കാം എന്നൊരു കച്ചവട പാഠമല്ലാതെ മറ്റൊന്നും യൂറോപ്യന്‍ അധിനിവേശത്താല്‍ ഭാരതത്തിന്റെ ധ്യാനാത്മകതക്ക് സിദ്ധിച്ചിട്ടില്ല. ഈ യൂറോപ്യന്‍ കച്ചവട പാഠം സ്വായത്തമാക്കിയപ്പോഴാണ് അമൃതാനന്ദമയിയും ശ്രീ ശ്രീ രവിശങ്കറും ബാബാരാംദേവും രജനീഷും ഉള്‍പ്പെടെയുള്ള ചെറുതും വലുതുമായ ആദ്ധ്യാത്മിക ബൂര്‍ഷ്വാസികള്‍ നമ്മുടെ രാജ്യത്ത് സര്‍വസാധാരണമായത്. വിശ്വവിശ്രുതമായ സ്വാമിവിവേകാനന്ദന്റെ പ്രതിമ സ്ഥാപിച്ച ശ്രീരാമകൃഷ്ണമഠം അതിന്റെ ശതാബ്ദങ്ങള്‍ പിന്നിട്ട പ്രവര്‍ത്തനത്തിനു ശേഷം സ്വരൂപിച്ച സ്ഥാവര-ജംഗമ സ്വത്തുക്കളുടെ മൊത്തം മതിപ്പുവിലയേക്കാള്‍ എത്രയോ ഇരട്ടി സമ്പത്ത് അമൃതാനന്ദമയിയും രവിശങ്കറും രാംദേവും സത്യസായിബാബയും രജനീഷുമൊക്കെ കഴിഞ്ഞ വര്‍ഷത്തിനിടയില്‍ സമ്പാദിച്ചു കൂട്ടിയിരിക്കുന്നു. ഇതെങ്ങനെ സംഭവിച്ചു...? ആദ്ധ്യാത്മികതയെ റൊക്കം പൈസക്ക് വില്‍ക്കാവുന്ന അന്താരാഷ്ട്ര ചരക്ക് മാത്രമായി കൈകാര്യം ചെയ്തിട്ടെന്നാണ് ഉത്തരം. സ്വാമി വിവേകാനന്ദന്‍ ആദ്ധ്യാത്മികതയെ പ്രചരിപ്പിക്കുന്നതിന് അവശ്യം ആവശ്യമായ മഠസ്ഥാപനവും മറ്റും ഉണ്ടാക്കുന്നതിനുള്ള പണം യാചിതവും അയാചിതവുമായ വഴികളിലൂടെ സ്വദേശത്തുനിന്നും വിദേശത്തുനിന്നും സ്വരൂപിച്ചിരുന്നു. പക്ഷേ വിവേകാനന്ദനും അദ്ദേഹത്തിന്റെ പ്രസ്ഥാനവും ആദ്ധ്യാത്മികതയെ വില്‍പനക്കുവെച്ച് കൊള്ളലാഭം നേടാവുന്ന വഴിയിലൂടെ നിര്‍ലജ്ജം സഞ്ചരിക്കാവുന്നവിധം എന്തും കച്ചവടച്ചരക്കാക്കുന്ന യൂറോപ്യന്‍ അധിനിവേശത്താല്‍ പൂര്‍ണമായും കീഴടക്കപ്പെട്ടിരുന്നില്ല. അതിനാല്‍ തന്നെ സമ്പത്തു കുറവെങ്കിലും വ്യക്തിത്വം വളരെ കൂടുതലുള്ള മാന്യമായ ആധ്യാത്മിക പ്രസ്ഥാനമായി സ്വാമി വിവേകാനന്ദ പ്രസ്ഥാനം ലോകത്തു നിലനിന്നുവരുന്നു.
എന്നാല്‍ പുതിയ കാലത്തെ സഹസ്രകോടീശ്വരന്മാരായ ആള്‍ദൈവങ്ങള്‍ ആദ്ധ്യാത്മികതയെ തീര്‍ത്തും വില്‍പന ചരക്കുമാത്രമായാണ് കൈകാര്യം ചെയ്യുന്നത്. അതിനാല്‍ കച്ചവടപരതയുടെ കണ്ണില്‍ ചോരയില്ലായ്മ അവരുടെ സ്ഥാപനങ്ങളുടെ പൊതുസ്വഭാവമായി തീര്‍ന്നിരിക്കുന്നു. നഴ്‌സുമാര്‍ നടത്തിവരുന്ന സമരങ്ങള്‍ അക്കാര്യം പൊതു സമൂഹത്തിനു മുമ്പാകെ വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. കഴുത്തറപ്പന്‍ കച്ചവടത്തിനു ധരിക്കാനുള്ള പുറന്തോലു മാത്രമായി 'കാരുണ്യം' മാറിയിരിക്കുന്നു. ഇങ്ങനെ കാശിനു വില്‍ക്കാവുന്നതും കാശുള്ളവര്‍ക്ക് വാങ്ങാവുന്നതുമായ മദ്യം പോലൊരു ചരക്കായി ആദ്ധ്യാത്മികത മാറി എന്നതിനോളം അപചയം, ചെങ്കോലും കിരീടവും ഉപേക്ഷിച്ച് ഭിക്ഷാപാത്രം സ്വീകരിച്ച ശ്രീബുദ്ധന്റെ ജന്മഭൂമിയായ ഭാരതത്തില്‍ ആദ്ധ്യാത്മികതക്ക് സംഭവിക്കാനില്ല. ഈ അപചയം ഇന്ത്യന്‍ ആദ്ധ്യാത്മികതക്ക് വരുത്തിയത് ഇസ്‌ലാം അല്ല; മറിച്ച്, യേശു വേണമോ കാശു വേണമോ എന്ന ചോദ്യത്തിന് കാശു മതി എന്നു പറയാന്‍ ഉളുപ്പില്ലാത്ത കച്ചവടാധിഷ്ഠിതമായ യൂറോപ്യന്‍ അധിനിവേശമാണ്. ഇതിലൂടെ ഭാരതം എന്ന ധ്യാനസ്ഥാന്‍ കഴുത്തറപ്പന്‍ കച്ചവടത്തിന്റെ യാങ്കിസ്ഥാനായി മാറുക എന്ന മഹാവിപത്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെയൊന്നും കണ്ടില്ലെന്നു നടിച്ചുകൊണ്ട് ധ്യാനവിചാരങ്ങള്‍ നടത്തുവാന്‍ നാടെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയുടെ മനസ്സുള്ളവര്‍ക്കേ കഴിയൂ.
ധ്യാനത്തെ മദ്യം പോലൊരു വില്‍പനച്ചരക്കാക്കുകയാണു ആള്‍ദൈവങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് പറയുന്നതും മറ്റും തീരെ സഹിക്കാത്ത സഹോദരങ്ങള്‍ ഉണ്ടായേക്കാം. പക്ഷേ യാഥാര്‍ഥ്യം അതാണ്. ഇതു ബോധ്യപ്പെടുത്തുവാന്‍ സുപ്രധാനമായൊരു കച്ചവട തത്ത്വം പറയട്ടെ. ബ്രാഹ്മണര്‍ക്ക് മാത്രം പ്രവേശനമുള്ളൊരു ഹോട്ടല്‍ നടത്തുവാന്‍ കല്യാണ്‍ സില്‍ക്‌സുടമ പോലും ഇന്നു തയാറാവില്ല; ഈഴവര്‍ക്ക് മാത്രം പ്രവേശനമുള്ളൊരു ഹോട്ടല്‍ നടത്തുവാന്‍ ഗോകുലം ഗോപാലനും തയാറാവില്ല. കാരണം കച്ചവടം ലാഭകരമാവില്ല. കച്ചവടം ലാഭകരമാകാന്‍, ജാതി-മത-രാഷ്ട്രീയ ഭേദമന്യേ കാശുള്ളവര്‍ക്കെല്ലാം ഭക്ഷണം വിളമ്പുന്ന സ്ഥാപനമാക്കി ഹോട്ടല്‍ പ്രവര്‍ത്തിപ്പിക്കണം. ഈ കച്ചവട തത്ത്വം തന്നെയാണ് ആധുനിക ധ്യാനഗുരുക്കന്മാരും പയറ്റുന്നത്. ജാതി-മത-ലിംഗ-പ്രായ-ഭാഷാ-ദേശ-രാഷ്ട്രീയ ഭേദമന്യേ കാശുള്ളവര്‍ക്കെല്ലാം കുണ്ഡലിനി ഉണര്‍ത്താവുന്ന ധ്യാനവിദ്യ വശപ്പെടുത്തി കൊടുക്കപ്പെടും എന്നാണവര്‍ പരസ്യം ചെയ്യുന്നത്. കീശയില്‍ കാശുള്ളവര്‍ക്കെല്ലാം ഏതു ഹോട്ടലില്‍ ചെന്നാലും ദോശ കിട്ടും. കീശയില്‍ കാശുള്ളവര്‍ക്കെല്ലാം ഇക്കാലത്തെ ധ്യാനവ്യാപാരികള്‍ ധ്യാനവും കൊടുക്കും. ഇനി പറയുക, ദോശ കച്ചവടത്തെയും ധ്യാനകച്ചവടത്തെയും നയിക്കുന്ന നിയമം ഒന്നല്ലേ? ഒന്നാണെന്നു വന്നിരിക്കുന്നതിനാലാണ് ആധുനിക ആള്‍ദൈവങ്ങള്‍ ധ്യാനം ഉള്‍പ്പെടെയുള്ള ആദ്ധ്യാത്മിക സാധ്യതകളെ കച്ചവടച്ചരക്കാക്കിയിരിക്കുന്നു എന്നു പറഞ്ഞത്.
വയലാറിനെ പോലൊരു കവിയാകാനോ, മുഹമ്മദ് റാഫിയെ പോലൊരു ഗായകനാവാനോ എല്ലാ മനുഷ്യര്‍ക്കും കഴിയുമോ? ആഗ്രഹിച്ചാലും പണം മുടക്കിയാലും എല്ലാ മനുഷ്യര്‍ക്കും കവിത്വമോ ഗായകത്വമോ ലഭിക്കില്ലെന്നേ ആരും പറയൂ. കവിത്വവും ഗായകത്വവും ഉള്‍പ്പെടെയുള്ള സര്‍ഗാത്മക ശക്തികള്‍ പോലും എത്ര കാശു മുടക്കിയാലും എല്ലാവര്‍ക്കും സ്വായത്തമാവില്ലെന്നിരിക്കേ, ചരിത്രഗതിയെ തന്നെ മാറ്റിമറിക്കുവാന്‍ തക്ക ശക്തിയും ബോധവും ശ്രീബുദ്ധനും യേശുക്രിസ്തുവിനും മുഹമ്മദ് നബിക്കും ഗുരുനാനാക്കിനും ശ്രീരാമകൃഷ്ണ പരമഹംസര്‍ക്കും ശ്രീനാരായണ ഗുരുവിനും ബ്രഹ്മാനന്ദ സ്വാമിശിവയോഗിക്കും ജോര്‍ജ് ഗുര്‍ജിഫിനും മറ്റും ഉണ്ടാവുന്നതിനു കാരണമായ 'ധ്യാനം' എന്ന ബൃഹത്തരമായ സര്‍ഗസിദ്ധി, ആയിരമോ പതിനായിരമോ മുടക്കിയാല്‍ ഏതൊരാണിനും പെണ്ണിനും വശഗതമായി തീരുമെന്നു പ്രചരിപ്പിക്കുന്നത് കൊടുംവഞ്ചനയല്ലേ....? ഭാഗ്യദേവത നിങ്ങളെ കടാക്ഷിച്ചേക്കാം എന്നു പറഞ്ഞ് ഭാഗ്യക്കുറി വില്‍ക്കുന്നതിലെ തട്ടിപ്പെങ്കിലും ധ്യാനദേവത നിങ്ങളെ കടാക്ഷിച്ചേക്കാം എന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് ആളുകളില്‍ നിന്നു പണം പിടുങ്ങുന്നതില്‍ ഇല്ലേ...? ഇത്തരമൊരു പണം പിടുങ്ങി പ്രസ്ഥാനമായി ആദ്ധ്യാത്മികതയെ അധഃപതിപ്പിച്ചു എന്നതല്ലാതെ ആഗോളവല്‍ക്കരണ കാലത്തെ ആള്‍ദൈവങ്ങളില്‍ നിന്നും മറ്റെന്തു സംഭാവനയാണ് ഭാരതീയതക്കു ലഭിച്ചിട്ടുള്ളത്....? ഇങ്ങനെയൊക്കെ ചിന്തിക്കാനും എഴുതുവാനും ധൈര്യപ്പെടുന്നത് സത്യം പറയുന്നത് മിണ്ടാതിരിക്കുന്നതിനേക്കാള്‍ വിശിഷ്ടമാണ് (മൗനാദ സത്യം വിശിഷ്യതേ) എന്ന മനു വാക്യത്തെ മാനിക്കുന്നതു കൊണ്ടാണ്.
ധനമല്ല ധ്യാനമാണ് ഭാരതീയതയുടെ അടിസ്ഥാനപരമായ സ്വഭാവമെന്നും യാഗം, യജ്ഞം, വിഗ്രഹാരാധന എന്നീ ആചാര സമ്പ്രദായങ്ങളെ നിരാകരിച്ചിരുന്നവര്‍പോലും ഭാരതത്തില്‍ ധ്യാനത്തെ നിഷേധിച്ചിട്ടില്ലെന്നും അതിനാല്‍ നമ്മുടെ ജന്മഭൂമിയെ വിശേഷിപ്പിക്കുന്നതിന് ഉപയോഗിക്കാവുന്ന സര്‍വ സമ്മതമായൊരു വിശേഷണം ധ്യാനസ്ഥാന്‍ എന്നതാണെന്നും ഭാരതത്തിന്റെ അടിസ്ഥാന സ്വഭാവമായ ധ്യാനാത്മകതക്ക് കഴുത്തറുപ്പന്‍ കച്ചവടപരതയുമായുള്ള സമ്പര്‍ക്കത്തിലൂടെ അപഃക്ഷയം വരുത്തിയത് ഇസ്‌ലാം അധിനിവേശമല്ല യൂറോപ്യന്‍ അധിനിവേശമാണെന്നും, അമേരിക്ക ചുക്കാന്‍ പിടിക്കുന്ന ആഗോളവല്‍ക്കരണം അതിന് ആക്കം കൂട്ടിയെന്നും, അങ്ങനെയാണ് മദ്യം വില്‍ക്കുന്ന വിജയ്മല്ല്യമാരെ പോലുള്ള അബ്കാരി കോടീശ്വരന്മാര്‍ക്ക് സമാനരായ ആള്‍ദൈവകോടീശ്വരന്മാരും ഉണ്ടായതെന്നുമൊക്കെയാണ് ഇതുവരെ പറഞ്ഞത്. എന്നാല്‍ ഇത്രയും പറഞ്ഞിട്ടും എന്താണു ധ്യാനം എന്നു പറഞ്ഞില്ല. ധ്യാനം എന്താണെന്നതിനു ഒറ്റ വാചകത്തില്‍ പറയാവുന്ന മറുപടി ഇതാണ്. ആദ്യത്തെ വേദമന്ത്രം കണ്ടെത്തുവാന്‍ ആദ്യത്തെ ഋഷി ചെയ്തിരിക്കാവുന്ന പ്രവര്‍ത്തനമെന്തോ അതാണു ധ്യാനം. ഇതു സംഭവിക്കുന്നത് എങ്ങനെ...? സംഭവിച്ചവര്‍ എന്താണു ചെയ്തത്? ഇക്കാര്യങ്ങള്‍ കൂടി സൂചിപ്പിക്കുവാനാണ് ഇനി ശ്രമിക്കുന്നത്.
ആദ്ധ്യാത്മികം എന്നു പൊതുവേ വ്യവഹരിക്കപ്പെട്ടുവരുന്ന മേഖലയിലെ ഒരു സംഭവമായിട്ടാണ് ധ്യാനത്തെ പൊതുവെ ആളുകള്‍ പരിഗണിക്കുന്നത്. ഭൗതികതയുടെ നേര്‍വിപരീതമാണ് ആദ്ധ്യാത്മികത എന്ന നിലയിലാണ് ആളുകള്‍ പരക്കെ കാര്യങ്ങള്‍ ഗ്രഹിച്ചു ശീലിച്ചിരിക്കുന്നതും. അതുകൊണ്ടുതന്നെ ധ്യാനത്തെ അഭൗതികമോ അലൗകികമോ ആയൊരു സംഗതിയായാണ് ബഹുഭൂരിപക്ഷവും കരുതുന്നതും. ശരീരം ഭൗതികതയുടെയും ശരീരേതരമായത് അഥവാ ആത്മാവ് ആത്മീയതയുടെയും സ്ഥാനമാണെന്ന കാഴ്ചപ്പാടും നിലവിലുണ്ട്. ഇങ്ങനെയൊക്കെ കേട്ടും ചിന്തിച്ചും ഉറപ്പിച്ചും ശീലിച്ചവര്‍ ശരീരവും അതു സംബന്ധമായ വൃത്തികളും മ്ലേച്ഛമാണെന്നു ഒളിഞ്ഞും തെളിഞ്ഞും അഭിപ്രായമുള്ളവരായിരിക്കുന്നതും കാണാം. നമ്മുടെ തൊഴില്‍ സങ്കല്‍പത്തില്‍ പോലും ശരീരം ഉപയോഗിച്ചു ചെയ്യുന്ന ജോലികള്‍ മ്ലേച്ഛമാണെന്ന ധാരണയുണ്ടല്ലോ. ഇത്തരം ധാരണകള്‍ ചേറില്‍ പണിയെടുക്കുന്ന ചെറുമന്‍ മ്ലേച്ഛനും ഇല്ലത്ത് ഉണ്ടുറങ്ങി മൂന്നും കൂട്ടി മുറുക്കി തുപ്പി കഴിയുന്ന ബ്രാഹ്മണന്‍ ആര്യനും എന്ന പഴയകാല ധാരണയുടെ പുതിയ വേഷപ്പകര്‍ച്ചകള്‍ മാത്രമാണ്. ഇത്തരം ധാരണകളോടെ സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലും ഉടയാട ചുളിയാന്‍ ഇടവരാത്തവിധം കസേരയിലിരുന്നു വല്ലതുമൊക്കെ ചെയ്തുവരുന്ന മാന്യന്മാരാണ് ഇപ്പോഴൊരു സവിശേഷ ബഹുമതി ചിഹ്നം പോലെ ധ്യാനത്തെയും കൊണ്ടാടി വരുന്നത്. എനിക്ക് കാറുണ്ട് എന്നു പറയുന്ന പൊങ്ങച്ചത്തോടെ ഞാന്‍ ധ്യാനം പഠിക്കുന്നുണ്ടെന്നു പറയുന്നവരാണ് ഇക്കൂട്ടര്‍. മണ്ണിനോടും മെയ്യിനോടുമല്ല മറ്റെന്തോ ഉപരിലോകത്തോടാണു താന്‍ ബന്ധപ്പെടുന്നതെന്നു ഇക്കൂട്ടര്‍ കണ്ണടച്ചിരുന്നു സങ്കല്‍പിക്കുന്നു. അതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു. ഇത്തരക്കാരിലൂടെ ധ്യാനം എന്നതു ശരീരേതരവും അതിനാല്‍ അത്യന്ത വിശുദ്ധവുമായ ഒരു തരം മാനം നോക്കി പ്രസ്ഥാനമായി കോലം കെട്ടിരിക്കുന്നു. കാവ്യരംഗത്തു നിന്നു ചങ്ങമ്പുഴ മട്ടിലുള്ള കാല്‍പനികതയുടെ വാനം നോക്കി സഞ്ചാരങ്ങള്‍ മാഞ്ഞൊഴിഞ്ഞു. എന്നാലിപ്പോള്‍ അത്തരം വാനനോക്കി സഞ്ചാരങ്ങളൊക്കെയും ആദ്ധാത്മികരംഗത്തു പ്രബലപ്പെട്ടിരിക്കുന്നു.
എന്നാല്‍ ആദ്ധ്യാത്മികതയോ അതിന്റെ അടിസ്ഥാനമായ ധ്യാനമോ ഭൗതികതയുടെയോ അതിന്റെ കേന്ദ്രസ്ഥാനമായ ശരീരത്തിന്റെയോ വിപരീതമോ വിസ്മരണമോ തിരസ്‌കാരമോ ആണെന്ന വീക്ഷണം ഭാരതീയ പാരമ്പര്യത്തില്‍ എവിടെയും ഇല്ല. ഇന്ദ്രിയങ്ങള്‍ മനുഷ്യനെ വഞ്ചിക്കുന്നു എന്ന പാഠം ശാങ്കരവേദാന്തത്തിലൂടെയാണ് ഭാരതീയ പാരമ്പര്യത്തിലേക്ക് കടന്നുകൂടിയതും ശരീരത്തെ ശത്രുസ്ഥാനത്താക്കി ആദ്ധ്യാത്മികമായ യാഥാര്‍ഥ്യബോധത്തെ കുഴതെറ്റിച്ചതും. ശങ്കരനു മുമ്പുവരെ ഇന്ദ്രിയ വിരോധം അഥവാ ശരീര വിദ്വേഷമായിരുന്നില്ല ഭാരതത്തില്‍ ആദ്ധ്യാത്മികത. വ്യാസമഹര്‍ഷിയുടെ വിശാല പ്രതിഭയിലൂടെ അനാവരണം ചെയ്യപ്പെട്ട ശ്രീകൃഷ്ണന്‍ എന്ന ഭഗവദ്ഗീതാ ഗുരുവായ യോഗ പുരുഷന്‍ മറ്റെന്തായാലും ശരീരവിരോധിയായിരുന്നില്ല. ഉണ്ണരുതെന്നോ ഉറങ്ങരുതെന്നോ ഇണ ചേരരുതെന്നോ പാടരുതെന്നോ ആടരുതെന്നോ കാലി മേയ്ക്കരുതെന്നോ പുല്ലരിയരുതെന്നോ പാലു കറക്കരുതെന്നോ ചാണകം കോരരുതെന്നോ തേര്‍തെളിയിക്കരുതെന്നോ അധര്‍മം ഫണം വിരിച്ചാടുമ്പോഴും അതിനെതിരെ ചെറുവിരല്‍ പോലും അനക്കരുതെന്നോ, ഇങ്ങനെയൊക്കെ ചെയ്താല്‍ ഇല്ലാതാകുന്നതാണ് ആദ്ധ്യാത്മികതയെന്നോ ശ്രീകൃഷ്ണ ജീവിതം നമ്മെ പഠിപ്പിക്കുന്നില്ല. യാതൊരു രാഷ്ട്രീയ പ്രവര്‍ത്തനവും ചെയ്യാത്തവര്‍ക്കായി പ്രത്യേകം സംവരണം ചെയ്യപ്പെട്ടിട്ടുള്ളതാണ് 'ആദ്ധ്യാത്മിക ജ്ഞാനം' എന്നും ശ്രീകൃഷ്ണ ജീവിതം പഠിപ്പിക്കുന്നില്ല. ഭരണസംവിധാനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണു രാഷ്ട്രീയമെങ്കില്‍ കംസ-ജരാസന്ധ-ദുര്യോധനാദി രാജാക്കന്മാരുടെ ഭരണകൂടങ്ങളെ മാറ്റിമറിക്കാന്‍ നേരെയിറക്കി പൊരുതി പ്രവര്‍ത്തിച്ച ധര്‍മ്മജ്ഞാനിയും തന്ത്രശാലിയുമായ ശ്രീകൃഷ്ണനും രാഷ്ട്രീയ പ്രവര്‍ത്തകനാണ്. ഭൂമിയുടെയും സമൂഹത്തിന്റെയും നിലനില്‍പ്പിനെ ബാധിക്കുന്ന കാളീയ സര്‍പ്പവിഷബാധയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാത്ത കര്‍മധീരനായ പൊതു പ്രവര്‍ത്തകനായിരുന്നു ശ്രീകൃഷ്ണന്‍. വ്യാസ പ്രതിഭ അനാവരണം ചെയ്ത ശ്രീകൃഷ്ണന്‍ തന്നെയാണ് ശ്രീബുദ്ധനു ശേഷം ഭാരതജനഹൃദയങ്ങളെ ഒന്നടങ്കം ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ആദ്ധ്യാത്മിക പുരുഷന്‍ എന്നതും യാഥാര്‍ഥ്യമാണ്. ഇതൊക്കെ ശ്രദ്ധാപൂര്‍വം പരിഗണിക്കുന്ന ഒരാള്‍ക്കും ഭൗതികത്തിന്റെ വിപരീതമോ ശരീരനിരാസപരമോ ആയ ഒരു വാനം നോക്കി പ്രസ്ഥാനമാണ്, ഭാരതീയ പാരമ്പര്യം പ്രഖ്യാപനം ചെയ്ത ധ്യാനം ഉള്‍പ്പെടെയുള്ള ആദ്ധ്യാത്മികതയെന്നു തെറ്റിദ്ധരിക്കാനാവില്ല. കലപ്പ സ്വന്തം തോളില്‍ വെച്ചു നിലമുഴുതു കൃഷിയിറക്കി വിളവെടുത്തു ജീവിച്ച അദ്ധ്വാനശാലികളായ മനുഷ്യര്‍ തന്നെയാണ് ഭാരതത്തില്‍ മന്ത്രഭ്രഷ്ടാക്കളായ ഋഷിമാരായിരുന്നതെന്നു വേദങ്ങള്‍ മറിച്ചു നോക്കാനെങ്കിലും കഴിഞ്ഞിട്ടുള്ള ഏതൊരാള്‍ക്കും ബോധ്യപ്പെടും. അതിനാല്‍ പറയട്ടെ കൃഷിയും ഋഷിയും ചേര്‍ന്ന ധ്യാനാത്മകതയാണു യഥാര്‍ഥത്തില്‍ ഭാരതീയതയുടെ മൂല സ്രോതസ്സ്.
ഈ പശ്ചാത്തലത്തില്‍ ധ്യാനത്തെപ്പറ്റിയൊരു വിചാരപ്പുസ്തകം തയാറാക്കുമ്പോള്‍ ആദ്യം പറയേണ്ട കാര്യം ധ്യാനം എന്നത് അശരീരിയോ അജൈവമോ അതിനാല്‍തന്നെ അഭൗതികമോ ആയൊരു പ്രതിഭാസമല്ല എന്നതാണ്. മണ്ണില്‍ ജനിക്കുകയും ജീവിക്കുകയും ചെയ്ത മനുഷ്യരേ കൃഷി ചെയ്യുക ഉണ്ടായിട്ടുള്ളൂ എന്നതുപോലെ ധ്യാനിക്കുകയും ചെയ്തിട്ടുള്ളൂ. ജനിക്കാനും ജീവിക്കാനും ശരീരം കൂടാതെ ഒരാള്‍ക്കും ഇന്നോളം കഴിഞ്ഞിട്ടില്ല. അതിനാല്‍ കണ്ണടച്ച് ഇരുട്ടുണ്ടാക്കുന്ന മട്ടിലും നൂലുപൊട്ടിയ പട്ടത്തിന്റെ സഞ്ചാരഗതിക്കു സമാനമായ ഭാഷയിലും ആരെന്തൊക്കെ എഴുതുകയും പറയുകയും ചെയ്താലും ധ്യാനത്തിനൊരു ശരീരസ്ഥാനം വേണ്ടതുണ്ടെന്ന വാസ്തവം ഇല്ലാതാവുന്നില്ല. അമനസീഭാവ (Non-mindness) ത്തിലായിരിക്കുവാനും അശരീരി യായൊരാള്‍ക്ക് കഴിയില്ല. അതിനാല്‍ ധ്യാനത്തിനെ സംബന്ധിച്ച ആദ്യപാഠം ശരീരമുണ്ടെങ്കിലേ ധ്യാനവും സാധ്യമാകൂ എന്നതാണ്.
ഇപ്പറഞ്ഞതിനോടു ഭാരതീയ സാംസ്‌കാരിക പാരമ്പര്യം യോജിക്കുന്നുണ്ടോ എന്ന് പരിശോധിക്കാം. നേരത്തെ സൂചിപ്പിച്ചതുപോലെ, വേദര്‍ഷിമാര്‍, ആയുസ്സോടും ആരോഗ്യത്തോടും കൂടി ഈ മണ്ണില്‍ നൂറുവര്‍ഷം ജീവിച്ചിരിക്കണം എന്ന ഇച്ഛയോടെ അധ്വാനത്തിന്റെ മണ്ണിനെയും ആത്മവിചാരത്തിന്റെ വിണ്ണിനെയും കൂട്ടിയിണക്കി കഴിഞ്ഞവരാണ്. ശരീരത്തെ ആദ്ധ്യാത്മികതയുടെ ശത്രുപക്ഷത്തു നിറുത്തി അവഗണിക്കുന്ന സമീപനമാണ് വേദര്‍ഷിമാര്‍ക്ക് ഉണ്ടായിരുന്നതെങ്കില്‍ ഭാരതത്തില്‍ ആയുര്‍വ്വേദം ഉണ്ടാകുമായിരുന്നില്ല. ഉപനിഷത്തുകളിലും ആത്മാവ് ബ്രഹ്മമാണെന്നു മാത്രമല്ല അന്നവും ബ്രഹ്മമാണെന്ന പരികല്‍പന നാനാവിധത്തില്‍ പ്രകാശിപ്പിക്കപ്പെട്ടിട്ടുള്ളതായി കാണാം. ധ്യാനബിന്ദുപനിഷത്ത് പറയുന്നു ''എള്ള് എണ്ണക്കും പൂവ് ഗന്ധത്തിനും ആശ്രയമായിരിക്കുന്നതുപോലെ മനഃശ്ചരീരങ്ങള്‍ ആത്മാവിനും ആശ്രയമാണ്''. ഭാരതം കണ്ട ആദ്യത്തെ സംഘടിത മതം ബൗദ്ധമതമായിരുന്നു; ഏറ്റവും മഹത്തരമായ ധ്യാനജീവിതം ശ്രീബുദ്ധന്റേതുമായിരുന്നു. ബുദ്ധനും അദ്ദേഹത്തിന്റെ മതവും ശരീരനിരാസപരമായ ഒരു ആദ്ധ്യാത്മികതയെയും അംഗീകരിച്ചിരുന്നില്ല. അതുകൊണ്ടാണ് ചരകന്‍, സുശ്രുതന്‍ തുടങ്ങിയ ആയൂര്‍വ്വേദാചാര്യന്മാരെ ബുദ്ധമതം ഭാരതത്തിനു സംഭാവന ചെയ്യുവാന്‍ ഇടവന്നത്. സര്‍വോപനിഷത്സാരവും യോഗശാസ്ത്രവും ബ്രഹ്മവിദ്യയും ഒക്കെയായി വാഴ്ത്തപ്പെടുന്ന ഭഗവദ്ഗീതയെ പ്രാമാണികമായ ആദ്ധ്യാത്മിക ശാസ്ത്രമായി ശങ്കരാചാര്യര്‍ക്കുപോലും സമ്മതിക്കേണ്ടിവന്നിട്ടുണ്ട്. ഗീതയില്‍ ധര്‍മത്തിന്റെയും കര്‍മ(കുരു)ത്തിന്റെയും ഇടം അഥവാ ക്ഷേത്രമായാണ് ശരീരത്തെ കണ്ടതെന്നു ''ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതേ-ഈ ശരീരം ക്ഷേത്രമെന്നറിഞ്ഞാലും''-എന്നിങ്ങനെയുള്ള നിരവധി പ്രയോഗങ്ങളാല്‍ വെളിവാക്കപ്പെട്ടിട്ടുണ്ട്. ധ്യാനയോഗം എന്ന ഗീതയിലെ 6-ാം അദ്ധ്യായത്തില്‍ യോഗീലക്ഷണം പറയവെ ''അധികം ഉണ്ണുന്നവനും അധികം ഉറങ്ങുന്നവനും തീരെ ഉണ്ണാത്തവനും തീരെ ഉറങ്ങാത്തവനും തെല്ലുമേ വിനോദിക്കാത്തവനും 'സ്ഥിരബുദ്ധി'യോ സമാധിയോ സംഭവിക്കില്ലെന്നു തെളിയിച്ചു പറഞ്ഞുകൊണ്ട് യുക്തമായ ശരീരപരിരക്ഷണവും പോഷണവും മനുഷ്യന്‍ യോഗപ്രാപ്തനാകുവാന്‍ അത്യാവശ്യമാണെന്നു അനുശാസിക്കുന്നുണ്ട്.'' ശ്രീമദ് ഭാഗവതത്തിലെ ചതുര്‍ത്ഥസ്‌ക്കന്ധം 31-ാം അദ്ധ്യായത്തില്‍ 9-ാം ശ്ലോകത്തില്‍ നാരദമഹര്‍ഷി പ്രചേതസ്സുകളോട് ഇങ്ങനെ ഉപദേശിക്കുന്നു.
''തജ്ജന്മ താ നി കര്‍മ്മാണി തദായുസ്തന്മനോ വചഃ
നൃണാം യേനേ ഹ വിശ്വാത്മ സേവ്യതേ ഹരിരീശ്വരഃ''
വിശ്വാത്മാവായ ഭഗവാന്‍ മനുഷ്യരാല്‍ സേവിക്കപ്പെടുന്നതിന് എന്തൊക്കെ വേണ്ടതുണ്ടോ അതാണു ജന്മവും കര്‍മവും ആയുസ്സും മനസ്സും വാക്കും എന്നതാണു പ്രസ്തുത ശ്ലോക താല്‍പര്യം. ഇതില്‍ നിന്നു ഭാഗവതവും, വിശ്വരൂപിയായ വിഷ്ണുവിന്റെ സേവക്ക് ശരീരാദി ഭൗതികങ്ങള്‍ കൂടിയേ തീരൂ എന്നാണ് ഉപദേശിക്കുന്നതെന്നു സ്പഷ്ടമാണല്ലോ. ഇതൊക്കെ തൊട്ടറിയാനുള്ള പരിണത പ്രജ്ഞയുണ്ടായിരുന്നതിനാലാണ് മഹാകവി കാളിദാസന്‍ ''ശരീരമാദ്യം ഖലുധര്‍മസാധനം-ധര്‍മസാധനമായതിനാല്‍ ശരീരത്തെ ആദ്യം പരിരക്ഷിക്കണം'' എന്നു പറഞ്ഞിട്ടുള്ളത്. അതിനാല്‍ ശരീരമുണ്ടെങ്കിലേ ഏതുവിധ ധ്യാനവും സാധ്യമാകൂ എന്ന ധ്യാനവിചാരത്തിന്റെ ആദ്യപാഠം ഭാരതീയ പാരമ്പര്യത്തിനു തീര്‍ത്തും നിരക്കുന്നതാണെന്നു കരുതാം.
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍